ചരിത്രത്തിൽ ഇടം പിടിച്ച ഒരു ബലൂൺ യാത്ര..

ഈ ലേഖനം എഴുതി തയ്യാറാക്കിയത് – Sujith Kumar (https://mashitthand.blogspot.com/).

കിഴക്കൻ ജർമ്മനിയിലെ പോസ്നെക്ക് നഗരം (Pößneck / Poessneck). 1979 സെപ്തംബർ 14. നേരം അർദ്ധരാത്രിയോട് അടുത്തിരിക്കുന്നു. നഗരവാസികൾ ഭൂരിപക്ഷവും ഉറക്കം പിടിച്ചിരുന്നു. എന്നാൽ നഗരപ്രാന്തത്തിലെ ഒരു പണിശാലയിൽ ഗുന്തർ വെറ്റ്സെൽ എന്ന കൽപ്പണിക്കാരൻ മാത്രം ഉറക്കമിളച്ച് എന്തോ ജോലിയിലായിരുന്നു. അരണ്ട വെളിച്ചത്തിൽ ഒരു പഴയ തയ്യൽ മെഷീന്റെ കലപില ശബ്ദത്തോടൊപ്പം അയാൾ തന്റെ അധ്വാനം തുടർന്നുകൊണ്ടിരുന്നു.

ഗുന്തർ വെറ്റ്സെലും സുഹൃത്തായ പീറ്റർ സ്ട്രെൽസിക്കും അവരുടെ കുടുംബാംഗങ്ങളും മാത്രം ഉൾപ്പെട്ട ഒരു ചെറുസംഘം കഴിഞ്ഞ ഒന്നര വർഷമായി അത്യധികം അപകടകരവും അതീവ രഹസ്യവുമായ ഒരു പദ്ധതിയുടെ പണിപ്പുരയിലായിരുന്നു. തങ്ങളുടെ പദ്ധതിയെപ്പറ്റി അയൽക്കാർക്ക് എന്തെങ്കിലും സൂചന കിട്ടിയിട്ടുണ്ടോ എന്ന കാര്യത്തിൽ അവർക്ക് ആശങ്കയുണ്ടായിരുന്നു. കാര്യങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെങ്കിൽ തങ്ങളെ അന്വേഷിച്ച് ഏതു നിമിഷവും പോലീസ് എത്താം. സമയം തീരെക്കുറവാണ്. ഉടനേ എന്തെങ്കിലും ചെയ്തില്ലെങ്കിൽ തങ്ങളുടെ ഒന്നര വർഷത്തെ അധ്വാനം വൃഥാവിലാകുമെന്നു മാത്രമല്ല, ഇനിയൊരിക്കലും പുറംലോകം കാണാൻ പോലും കഴിയാത്തവിധം നിയമക്കുരുക്കിൽ അകപ്പെടാനും സാധ്യതയുണ്ട്. ജോലിസ്ഥലത്ത്, തനിക്ക് സുഖമില്ലെന്ന് കള്ളം പറഞ്ഞ് ഗുന്തർ വെറ്റ്സെൽ അഞ്ചാഴ്ച അവധിയെടുത്തിരുന്നു. ആ ദിവസങ്ങളിൽ പകൽ മുഴുവൻ, ആവശ്യമായ സാധന സാമഗ്രികൾ ശേഖരിക്കുന്നതിനുവേണ്ടിയും രാത്രിയിൽ അവ കൂട്ടിയോജിപ്പിച്ച് തങ്ങളുടെ പദ്ധതിയുടെ സഫലീകരണത്തിനു വേണ്ടിയുമായാണ് അവർ പരിശ്രമിച്ചത്.

മറ്റു നഗരവാസികളെ സംബന്ധിച്ചിടത്തോളം വലിയ പ്രത്യേകതളില്ലാത്ത ഒരു പകൽ ദിനംകൂടി കടന്നുപോയി. ഗുന്തർ വെറ്റ്സെലും കൂട്ടരും തങ്ങളുടെ പദ്ധതിക്കുവേണ്ട തയ്യാറെടുപ്പുകൾ ഏറെക്കുറേ പൂർത്തിയാക്കിയിരുന്നു. അന്നു പകൽ നേരത്തെ കാറ്റിന്റെ ദിശ നിരീക്ഷിച്ച വെറ്റ്സെലിന് തങ്ങളുടെ പദ്ധതി പ്രാവർത്തികമാക്കുന്നതിന് തികച്ചും അനുകൂലമായ സമയം സമാഗതമായതായി തോന്നി. രാത്രി ഏകദേശം പത്തുമണിയോടുകൂടി ഗുന്തർ വെറ്റ്സെലും ഭാര്യ പെട്രയും രണ്ടു മക്കളും, പീറ്റർ സ്ട്രെൽസിക്കും ഭാര്യ ഡോറിസും അവരുടെ രണ്ടു മക്കളും അടങ്ങുന്ന എട്ടംഗ സംഘം ഒരു യാത്രയ്കുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. ഏകദേശം രണ്ടുമണിക്കൂറിനു ശേഷം അവർ അത്യാവശ്യം വേണ്ടുന്ന സാധന സാമഗ്രികളും പദ്ധതിയുടെ പൂർത്തീകരണത്തിനാവശ്യമായ സജ്ജീകരണങ്ങളുമായി ഒരു പഴയ കാറിലും, ഒരു മോട്ടോർ സൈക്കിളിലുമായി യാത്ര പുറപ്പെട്ടു. നഗരപ്രാന്തത്തിലുള്ള വിജനമായ ഒരു കുന്നിൻ ചെരിവായിരുന്നു അവരുടെ ലക്ഷ്യസ്ഥാനം. കാറിന്റെ പിന്നിൽ ബന്ധിപ്പിച്ചിരുന്ന ഒരു ട്രെയിലറിൽ ഒരു വലിയ ഫാൻ, ഏതാനും ഗ്യാസ് സിലിണ്ടറുകൾ, ഒരു ഗ്യാസ് ബർണ്ണർ, ഒരു ഇരുമ്പ് തൊട്ടിൽ എന്നിവയാണുണ്ടായിരുന്നത്. അത്യധികം അപകടകരവും അതീവ ശ്രമകരവുമായ ഒരു പലായനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നൂ ആ കുടുംബങ്ങൾ…

ഗുന്തർ വെറ്റ്സെലും പീറ്റർ സ്ട്രെൽസിക്കും സുഹൃത്തുക്കളും സഹപ്രവർത്തകരുമായിരുന്നു. സോവിയറ്റ് അധിനിവേശ പ്രദേശമായ കിഴക്കൻ ജർമ്മനിയിലെ പോസ്സ്നെക്ക് പട്ടണത്തിലാണ് ഇരുവരും താമസ്സിച്ചിരുന്നത്. സ്ട്രെൽസിക്ക് ഒരു മെക്കാനിക്കും ഇലക്ട്രീഷ്യനുമായിരുന്നു. വെറ്റ്സെൽ കൽപ്പണിക്കാരനും തറയോട് പാകുന്ന ജോലിക്കാരനുമായിരുന്നു.

രണ്ടാം ലോക മഹായുദ്ധാനന്തരം സോവിയറ്റ് അധീനതയിലായ കിഴക്കൻ ജർമ്മൻ പ്രദേശങ്ങളിൽ സോവിയറ്റ് നിയന്ത്രിത ഭരണകൂടമായിരുന്നു അധികാരത്തിലുണ്ടായിരുന്നത്. ജർമ്മൻ ജനതയോട് യാതൊരു അനുകമ്പയുമില്ലാത്ത സോവിയറ്റ് ഭരണത്തിൻകീഴിൽ കിഴക്കൻ ജർമ്മൻ ജനത നരകയാതനകൾ അനുഭവിച്ചുകൊണ്ടിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം തീരെ അനുവദിച്ചിരുന്നില്ല. ദൃശ്യ-ശ്രവ്യ-പത്ര മാധ്യമങ്ങൾക്കെല്ലാം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. വിദേശ രാജ്യങ്ങൾ സന്ദർശിക്കാനോ, രാജ്യാതിർത്തിക്ക് പുറത്തേക്ക് കടക്കാനോ ആരേയും അനുവദിച്ചിരുന്നില്ല. രാജ്യത്ത് ദാരിദ്ര്യവും തൊഴിലില്ലായ്മയും വർദ്ധിച്ചു. കാർഷിക വ്യാവസായിക മേഘലകൾ വളർച്ച മുരടിച്ചു. അവശ്യസാധനങ്ങൾക്ക് കടുത്ത ക്ഷാമം അനുഭവപ്പെട്ടുതുടങ്ങി. ഇതോടെ ഗതികെട്ട ജനങ്ങൾ പ്രതിഷേധിക്കാൻ ആരംഭിച്ചു. എന്നാൽ ഇത്തരം പ്രതിഷേധങ്ങളെ ക്രൂരമായി അടിച്ചമർത്തിക്കൊണ്ടാണ് ഭരണകൂടം പ്രതികരിച്ചത്. ഒപ്പം കലാപമുണ്ടാക്കാൻ ശ്രമിക്കുന്നവരെ കയ്യോടെ പിടികൂടാൻ നാടെങ്ങും ചാരന്മാരെയും നിയോഗിച്ചു. അതോടെ കാര്യങ്ങൾ കൂടുതൽ പരിതാപകരമായി. ശത്രുവാര്, മിത്രമാര് എന്നുപോലും തിരിച്ചറിയാനാവാതെ ജനങ്ങൾ നട്ടംതിരിഞ്ഞു. സ്വന്തം അയൽക്കാരെപ്പോലും വിശ്വസിക്കാനാവത്ത അവസ്ഥയിലായിരുന്നു പലരും.

അക്ഷരാർത്ഥത്തിൽ കിഴക്കൻ ജർമ്മനി സോവിയറ്റ് ഇരുമ്പ് മറയ്ക്കുളളിലായിരുന്നു. ഈ നരകത്തിൽ നിന്നും രക്ഷപെട്ട് പശ്ചിമ ജർമ്മനിയിലേക്ക് പലായനം ചെയ്യുന്നതിനെപ്പറ്റി കിഴക്കൻ ജർമ്മൻ ജനത സ്വപ്നങ്ങൾ കാണാൻ തുടങ്ങിയിരുന്നു. വെറ്റ്സെലും സ്ട്രെൽസിക്കും ഇതേ ആഗ്രഹങ്ങൾ മനസ്സിൽ സൂക്ഷിച്ചിരുന്നു. അവസരം കിട്ടുമ്പോഴെല്ലാം ഇക്കാര്യങ്ങൾ അവർ ചർച്ചചെയ്തിരുന്നു. പശ്ചിമ ജർമ്മനിയിൽ കാര്യങ്ങൾ ഏറെ മെച്ചമായിരുന്നു. കാർഷിക – വ്യാവസായിക വികസനത്തിന്റെ ഫലമായി പശ്ചിമ ജർമ്മൻ പ്രദേശം വൻ സാമ്പത്തിക കുതിപ്പിലായിരുന്നു. ധാരാളം തൊഴിലവസരങ്ങളും മെച്ചപ്പെട്ട സാമൂഹികാന്തരീക്ഷവുമുള്ള പശ്ചിമ ജർമ്മനിയിലേക്ക് കടക്കാൻ കിഴക്കൻ ജർമ്മൻ ജനത എല്ലാശ്രമങ്ങളും നടത്തിയിരുന്നു. എന്നാൽ ഇത്തരത്തിൽ ജനങ്ങൾ അഭയാർത്ഥികളായി അതിർത്തികടന്ന് പശ്ചിമ ജർമ്മനിയിലേക്ക് പലായനം ചെയ്യുന്നതിനെ സോവിയറ്റ് ഭരണകൂടം ശക്തമായി എതിർത്തിരുന്നു.

അതിർത്തികളിൽ ഉടനീളം മുള്ളുവേലികളും കിടങ്ങുകളും നിർമ്മിച്ചും, കുഴി ബോംബുകൾ പാകിയും, കൂറ്റൻ കോൺക്രീറ്റു മതിലുകൾ നിർമ്മിച്ചും അവർ ഇരു ജർമ്മനികളേയും വേർതിരിച്ചു. എന്നാലും ജനങ്ങൾ സാഹസത്തിനു മുതിരുമെന്നറിയാവുന്നതിനാൽ അതിർത്തിവേലികളിൽ ഓട്ടോമാറ്റിക്ക് ഫയറിങ്ങ് തോക്കുകൾ സ്ഥാപിച്ചും നീരീക്ഷണ ഗോപുരങ്ങളിൽ ശക്തിയേറിയ സെർച്ച് ലൈറ്റുകളുമായി സായുധ സേനയെ വിന്യസിപ്പിച്ചും അതിർത്തി ചാട്ടത്തിന്റെ ചെറു നീക്കങ്ങളെപ്പോലും അടിച്ചമർത്തിയിരുന്നു. അതിർത്തി കടക്കാൻ ശ്രമിച്ച് പരാജയപ്പെട്ട് പിടിയിലായാൽ അതി ക്രൂരമായ ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്ന ഭീതി ഭൂരിപക്ഷം കിഴക്കൻ ജർമ്മൻ ജനതയേയും അതിസാഹസങ്ങൾ ചെയ്യുന്നതിൽ നിന്നും പിൻതിരിപ്പിച്ചു. എങ്കിലും വെറ്റ്സെലിനേയും സ്ട്രെൽസിക്കിനേയും പോലുള്ള ചിലരെങ്കിലും തങ്ങളുടെ സ്വപ്നസാക്ഷാത്ക്കാരത്തിനായി ഏതറ്റം വരെയും പോകാൻ തയ്യാറായിരുന്നു. അവർ താമസിച്ചിരുന്ന പോസ്നെക്ക് നഗരം അതിർത്തിയിൽ നിന്നും അധികം ദൂരെയല്ലാത്തതും അവരുടെ ശ്രമങ്ങൾക്ക് അനുകൂല ഘടകമായിരുന്നു.

എന്നാൽ കുറച്ചുനാളുകൾക്ക് മുൻപ് നടന്ന ഒരു സംഭവം ഇരുവർക്കും ഒാർമ്മയുണ്ടായിരുന്നു. അന്ന് സ്ട്രെൽസിക്കും വെറ്റ്സെലും പരിചയക്കാരായ കെല്ലർ കുടുംബത്തോടൊപ്പം ചെറിയൊരു ഉല്ലാസയാത്ര പോയതായിരുന്നു. പോസ്നെക്ക് നഗരപ്രാന്തത്തിൽ സന്ദർനം കഴിഞ്ഞ് ഒരു പാർക്കിൽ വിശ്രമിക്കുന്ന വേളയിൽ ഈസ്റ്റ് ജർമ്മൻ പോലീസ് അവിടെയെത്തി. കെല്ലർ കുടുംബത്തിലെ സന്തതിയായ ലൂക്കാസ് ഒരു ബുൾഡോസർ തട്ടിയെടുത്ത് അതിർത്തിവേലി തകർത്ത് രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ വെടിയേറ്റുമരിച്ചു എന്ന് പോലീസ് അവരെ അറിയിച്ചു. തുടരന്വേഷണത്തിനെന്ന് പറഞ്ഞ് കെല്ലർ കുടുംബത്തെ മുഴുവൻ പോലീസ് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. അതിനുശേഷം അവരെക്കുറിച്ച് യാതൊരു വിവരവും അറിയാൻ കഴിഞ്ഞിരുന്നില്ല. ഈ സംഭവം സ്ട്രെൽസിക്കിനേയും വെറ്റ്സെലിനേയും തെല്ലൊന്നുമല്ല ഭയപ്പെടുത്തിയത്. രക്ഷപെടുവാനുള്ള എന്തെങ്കിലും ശ്രമം ആരുടെയെങ്കിലും ഭാഗത്തുനിന്നുമുണ്ടായാൽ കുടുംബം മുഴുവൻ അതിന്റെ വരുംവരായ്കകൾ അനുഭവിക്കേണ്ടിവരുമെന്നതിനാൽ കൃത്യമായ ആസൂത്രണമില്ലാതെ എന്തെങ്കിലും ചെയ്യുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് ഈ സംഭവത്തോടു കൂടി അവർക്ക് ബോധ്യമായി.

അങ്ങനെയിരിക്കേയാണ് തികച്ചും അവിചാരിതമായി ഒരു പദ്ധതിയുടെ ആശയം അവർക്ക് വീണുകിട്ടുന്നത്. വെറ്റ്സെലിന്റെ വീട്ടിൽ വിരുന്നുവന്ന ബന്ധുക്കൾ സാധനങ്ങൾ പൊതിഞ്ഞുകൊണ്ടുവന്ന ചില പത്രക്കടലാസ്സുകളിൽ ഒന്നിൽ, ന്യൂ മെക്സിക്കോയിൽ നടന്ന ഒരു ഹോട്ട് എയർ ബലൂൺ പറപ്പിക്കൽ മത്സരത്തിന്റെ വാർത്തയും ചിത്രങ്ങളുമുണ്ടായിരുന്നു. ജീവിതത്തിൽ ഒരിക്കൽപ്പോലും ഒരു ഹോട്ട് എയർ ബലൂൺ കണ്ടിട്ടില്ലെങ്കിലും ഈ വാർത്തയും അതിൽ നിന്നും കിട്ടിയ ആശയവും ഇരുവരും പങ്കുവെച്ചു. വലിയ ഒരു ഹോട്ട് എയർ ബലൂൺ നിർമ്മിക്കാൻ കഴിഞ്ഞാൽ ഒരുപക്ഷേ രണ്ടു കുടുംബങ്ങൾക്കും സുരക്ഷിതമായി അതിർത്തി കടക്കാൻ കഴിഞ്ഞേക്കുമെന്ന് അവർ പ്രത്യാശിച്ചു.

ബലൂൺ പദ്ധതിയുമായി മുന്നോട്ടുപോകാൻ തന്നെ അവർ തീരുമാനിച്ചു. ഇക്കാര്യം തങ്ങളുടെ കുടുംബാംഗങ്ങളെ അറിയിച്ച് അവരുടെ പിൻതുണ ഉറപ്പാക്കുക എന്നതായിരുന്നു ആദ്യ കടമ്പ. സ്ട്രെൽസിക്കിന്റെ പത്നി ഡോറിസും, വെറ്റ്സെലിന്റെ പത്നി പെട്രയും പദ്ധതിയ്ക്ക് പൂർണ്ണ പിൻതുണ വാഗ്ദാനം ചെയ്തതോടെ ആ പ്രശ്നം പരിഹരിക്കപ്പെട്ടു.

അടുത്ത പ്രശ്നം എങ്ങനെ അവരുടെ പദ്ധതി എങ്ങനെ പ്രാവർത്തികമാക്കും എന്നതായിരുന്നു. അവരിൽ ആരുംതന്നെ മുൻപ് ഒരു ഹോട്ട് എയർ ബലൂൺ കാണുകയോ അതിന്റെ വിശദാംശങ്ങൾ മനസ്സിലാക്കുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല. എത്ര വലിപ്പമുള്ള ബലൂൺ നിർമ്മിക്കണം, ഏതുതരം നിർമ്മാണ വസ്തുക്കൾ ഉപയോഗിക്കണം എന്നീ വിഷയങ്ങളിലും അവർക്ക് ധാരണയില്ലായിരുന്നു. ഒടുവിൽ ആ പഴയ പത്രക്കടലാസിൽ കണ്ട ചിത്രത്തെ മാതൃകയാക്കി അവർ കണക്കുകൂട്ടി. ഏകദേശം 1800 ക്യുബീക്ക് മീറ്ററിൽ കുറയാത്ത വലിപ്പമുള്ള ഒരു ബലൂൺ നിർമ്മിച്ചാൽ തങ്ങളുടെ പദ്ധതി പ്രാവർത്തികമാക്കാൻ കഴിഞ്ഞേക്കുമെന്ന് അവർക്കുതോന്നി.

അടുത്ത വെല്ലുവിളി ബലൂൺ നിർമ്മിക്കുന്നതിന് ആവശ്യമായ തുണി ശേഖരിക്കുക എന്നതായിരുന്നു. ഭാരം കുറഞ്ഞതും എന്നാൽ ബലമേറിയതുമായ തുണി വേണമെന്ന കാര്യത്തിൽ അവർക്ക് സംശയമില്ലായിരുന്നു. സുഹൃത്തുക്കൾ ഇരുവരും ചേർന്ന് ജാക്കറ്റ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന തരം തുണി ഏകദേശം 900 സ്ക്വയർ മീറ്ററോളം സംഘടിപ്പിച്ചു. ഇത്ര കൂടിയ അളവിൽ തുണി വാങ്ങിക്കൂട്ടുന്നത് അസ്വഭാവികമായതിനാൽ കച്ചവടക്കാർക്ക് സംശയമൊന്നും തോന്നാതിരിക്കാൻ പലപല കള്ളങ്ങൾ പറഞ്ഞായിരുന്നു തുണി ശേഖരണം.
ക്യാമ്പിങ്ങ് ക്ലബ്ബുകൾക്ക് വേണ്ടി കൂടാരങ്ങൾ നിർമ്മിക്കുന്ന കരാറുകാരാണ് തങ്ങളെന്ന് പറഞ്ഞായിരുന്നു അവർ കടകൾ തോറും കയറിയിറങ്ങിയത്.

ശേഖരിച്ച തുണി കൃത്യമായ ആകൃതിയിലും അളവിലും മുറിച്ച് ബലൂൺ തുന്നുക എന്ന ദുഷ്കരമായ ദൗത്യം വെറ്റ്സെൽ ഏറ്റെടുത്തു. തുകൽ സഞ്ചികൾ തയ്ക്കുന്നതിന് ഉപയോഗിക്കുന്ന തരം ബലമേറിയ നൂലുകൾ കൊണ്ട് രണ്ട് വരിവീതമുള്ള തുന്നലിലൂടെ വെറ്റ്സെൽ തുണി കഷണങ്ങളെ ഒന്നിച്ചുചേർത്തുകൊണ്ടിരുന്നു. ഒരു പഴഞ്ചൻ തയ്യൽ മെഷീൻ ഉപയോഗിച്ചായിരുന്നു ഈ അത്യധ്വാനം. അതിനാൽ തന്നെ പണിപൂർത്തിയാക്കാൻ അവർക്ക് രാപ്പകലോളം അധ്വാനിക്കേണ്ടി വന്നു. അതോടൊപ്പം ബലൂണിൽ ചൂട് വായു നിറയ്ക്കുന്നതിനാവശ്യമായ ഒരു പ്രൊപ്പെയ്ൻ ഗ്യാസ് ബർണ്ണറും വെറ്റ്സെൽ നിർമ്മിച്ചിരുന്നു. ബലൂണും ഗ്യാസ് ബർണ്ണറും ഒരുവിധം പൂർത്തിയായി. ഇനി വേണ്ടത് യാത്രക്കാർക്ക് ഇരിക്കാനുള്ള ബാസ്കറ്റാണ്. അതിനായി സ്റ്റീൽ പൈപ്പുകൾ വെൽഡ് ചെയ്ത് ചേർത്ത് ഒരു ചട്ടക്കൂട് നിർമ്മിച്ചശേഷം നൈലോൺ കയറുകൾ വലിച്ചു കെട്ടി വശങ്ങൾ ബലപ്പെടുത്തി, ഏകദേശം ഒരു ബോക്സിങ്ങ് റിങ്ങിന്റെ മാതൃകയിൽ അവർ ഒരു ലോഹത്തൊട്ടിൽ നിർമ്മിച്ചു.

1978 ഏപ്രിൽ മാസത്തിലെ ഒരു രാത്രിയിൽ വെറ്റ്സെലും സ്ട്രെൽസിക്കും അവരുടെ കുടുംബാംഗങ്ങളുമൊത്ത് നഗരത്തിനു പുറത്തുള്ള വിജനമായ ഒരു കുന്നിൻ മുകളിൽ ഒത്തുകൂടി. തങ്ങൾ നിർമ്മിച്ച ബലൂൺ സഞ്ചാരയോഗ്യമാണോ എന്ന് പരിശോധിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. പോലീസിന്റെ കണ്ണുവെട്ടിച്ച് അതീവ രഹസ്യമായാണ് അവർ ബലൂണും അനുബന്ധ സാമഗ്രികളും കുന്നിൻ മുകളിലെത്തിച്ചത്. എന്നാൽ പരീക്ഷണം അധിക സമയം നീണ്ടില്ല. നിരന്തരം പരിശ്രമിച്ചിട്ടും ബലൂണിൽ അൽപ്പം പോലും കാറ്റുനിറയ്ക്കാൻ അവർക്കായില്ല. എവിടെയാണ് തങ്ങൾക്ക് പിഴവു പറ്റിയതെന്ന് അവർക്ക് ഒരു എത്തും പിടിയും കിട്ടിയില്ല. എങ്കിലും പ്രായോഗിക ബുദ്ധിയിൽ തോന്നിയ കാര്യങ്ങൾ വിലയിരുത്തി അവർ ഒരു നിഗമനത്തിലെത്തി. ബലൂണിലുള്ളിലേക്ക് ചൂടുവായു അടിച്ചുയറ്റുന്നതിൽ അവർ പരാജയപ്പെട്ടിരിക്കുന്നു. പോരാത്തതിന്, തയ്യലുകൾക്കിടയിലൂടെ വായു ചോർന്നു പോവുകയും ചെയ്യുന്നു. ബലൂൺ മടക്കുകൾ നിവർത്തി, അൽ്പ്പം ഉയരമുള്ള എവിടെയെങ്കിലും തൂക്കിയിട്ടശേഷം വായുനിറച്ചാൽ കാര്യങ്ങൾ മെച്ചപ്പെട്ടേക്കുമെന്ന് അവർക്കുതോന്നി.

പിന്നീട് പ്രശ്നപരിഹാരത്തിനുള്ള തീവ്ര പരിശ്രമങ്ങളുടെ ദിനങ്ങളായിരുന്നു. ഒരുതരം കെമിക്കൽ സീലന്റ് ഉപയോഗിച്ച് തുന്നലുകൾക്കിടയിലുള്ള സുഷിരങ്ങൾ അവർ അടച്ചു. ഇതുമൂലം ബലൂണിന്റെ ഭാരം ഗണ്യമായി കൂടിയെങ്കിലും ചോർച്ച യ ഇല്ലാതായതിനാൽ അതൊരു പ്രശ്നമാകാൻ ഇടയില്ലെന്ന് അവർ കരുതി.

കുറച്ചു ദിവസത്തിനു ശേഷം പരിഷ്കരിച്ച ബലൂണുമായി സ്ട്രെൽസിക്കും വെറ്റ്സെലും രണ്ടാം പരീക്ഷണത്തിനായി പുറപ്പെട്ടു. നഗര പ്രാന്തത്തിലെ ഉപേക്ഷിക്കപ്പെട്ട ഒരു പാറമടയിലായിരുന്നു പരീക്ഷണ സ്ഥലം. ഇത്തവണ കുടുംബാംഗങ്ങളെ കൂട്ടാതെ അവർ രണ്ടുപേരും മാത്രമാണ് പുറപ്പെട്ടത്. പാറക്കൂട്ടത്തിലെത്തി ബലൂൺ പുറത്തെടുത്ത് വായു നിറയ്ക്കാൻ ഒരുങ്ങുന്നതിനിടയിൽ, തൊട്ടടുത്ത മരക്കൂട്ടത്തിനിടയിൽ ചില നിഴലനക്കങ്ങൾ കണ്ടതായി വെറ്റ്സെലിനു തോന്നി. ആരോ തങ്ങളെ പിൻതുടരുന്നുണ്ടെന്നും തങ്ങളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നെണ്ടെന്നും അവർക്ക് തോന്നിത്തുടങ്ങി. കൂടുതൽ സമയം അവിടെ ചെലവഴിക്കുന്നത് അപകടകരമാണ്. പരീക്ഷണം പാതിവഴിയിൽ ഉപേക്ഷിച്ച് അവർ വേഗംതന്നെ ബലൂണും മറ്റും വാരിക്കെട്ടി ട്രെയിലറിലിട്ട് അവിടെ നിന്നും രക്ഷപെട്ടു. (അങ്ങനെ ആരും അവരെ പിൻതുടർന്നിരുന്നില്ല എന്ന യാഥാർത്ഥ്യം പീന്നീട് അവർക്ക് ബോധ്യപ്പെട്ടു ).

തിടുക്കത്തിൽ സാധനങ്ങൾ വാരിക്കെട്ടി വണ്ടിയിൽ കയറ്റുന്നതിനിടയിൽ ബലൂണിന്റെ ഒരുഭാഗം ട്രെയിലറിന് പുറത്തേക്ക് നീണ്ടുകിടന്നിരുന്നു. രക്ഷപ്പെടാനുള്ള വെപ്രാളവും , ഇരുട്ടും കാരണം ഇക്കാര്യം അവരുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. തിരികെ വീട്ടിലേക്കുള്ള യാത്രയിൽ വണ്ടിയിൽ നിന്നും പുറത്തേക്ക് നീണ്ടുകിടന്നിരുന്ന ബലൂണിന്റ അറ്റം റോഡിൽ ഉരഞ്ഞ് ഛിന്നഭിന്നമായിപ്പോയി. വീട്ടിലെത്തി ബലൂൺ പരിശോധിച്ച അവർക്ക് അതിനി കേടുപാടുകൾ പരിഹരിച്ച് ഉപയോഗിക്കാൻ കഴിയില്ലെന്ന് ബോധ്യമായി. ഇനിയൊന്നും ചെയ്യാനില്ല. എത്രയും പെട്ടന്ന് ബലൂൺ കത്തിച്ചു കളഞ്ഞ് തെളിവുകൾ നശിപ്പിച്ചില്ലെങ്കിൽ അപകടമാണെന്ന് അവർക്ക് അറിയാമായിരുന്നു. തങ്ങളുടെ ഒരു വലിയ സ്വപ്നം തീനാളങ്ങൾ ഭക്ഷിക്കുന്നത് നിർന്നിമേഷരായി അവർ നോക്കിനിന്നു.

രണ്ടു പരീക്ഷണങ്ങൾ പരാജയപ്പെട്ടെങ്കിലും അവർ പല പാഠങ്ങളും അതിൽ നിന്നും പഠിച്ചിരുന്നു. പുതിയ ഒരു ബലൂൺ നിർമ്മിക്കുക എന്ന തീരുമാനത്തിലേക്ക് കാര്യങ്ങൾ എത്തി. ആദ്യ ബലൂണിന്റെ പരാജയത്തന് ഒരു കാരണം തുണിയുടെ ഭാരക്കൂടുതലാണെന്ന് അവർക്കറിയാമായിരുന്നു. അതിനാൽ തന്നെ പുതിയ ബലൂണിന്റെ നിർമ്മാണത്തിനുള്ള തുണി ഏതായിരിക്കണമെന്ന കാര്യം ഉറപ്പുവരുത്താൻ അവർ പല പരീക്ഷണങ്ങളും നടത്തി. ഒടുവിൽ കുട നിർമ്മാണത്തിനുപയോഗിക്കുന്ന നൈലോൺ തുണി ഈടും ബലവുമുള്ളതാണെന്നും താരതമ്യേന ഭാരം കുറഞ്ഞതാണെന്നും അവർ കണ്ടുപിടിച്ചു. ഏതെങ്കിലും സാഹചര്യത്തിൽ നൈലോൺ തുണി തികയാതെ വന്നാൽ പകരം പരിഗണയിൽ വന്നത്, മുന്തിയതരം വസ്ത്രങ്ങൾ തുന്നുന്നതിന് ഉപയോഗിക്കുന്ന ടഫേറ്റ തുണിയും കിടക്ക വിരികൾ നിർമ്മിക്കുന്ന ലിനൻ തുണിയുമായിരുന്നു. എന്നാൽ ടഫേറ്റ തുണി കാറ്റും ഈർപ്പവുമുള്ള കാലാവസ്ഥയിൽ പ്രശ്നക്കാരനാകുമെന്നതിനാലും, ലിനൻ ഭാരക്കൂടുതൽ കാരണവും ബലൂൺ നിർമ്മാണത്തിന് അത്ര ഫലപ്രദമായിരുന്നില്ല.

രണ്ടു കുടുംബങ്ങളിലേയും ആകെ എട്ടുപേരെ വഹിച്ചുകൊണ്ട് പറക്കുന്നതിനാവശ്യമായ വലിപ്പം ബലൂണിന് ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. എന്നാൽ അത് എത്ര വലുതായിരിക്കണമെന്ന കാര്യത്തിൽ അവർക്ക് കൃത്യമായ ധാരണയില്ലായിരുന്നു. ഇക്കാര്യത്തെപ്പറ്റി കൂടുതൽ പഠിക്കാൻ ഗുന്തർ വെറ്റ്സെൽ പുസ്തകശാലകൾ തോറും കയറിയിറങ്ങി ധാരാളം പുസ്തകങ്ങൾ സംഘടിപ്പിച്ചു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കണക്കുകൂട്ടിയ അവർക്ക് തങ്ങൾ വിചാരിച്ചതിലും വളരെ വലിയ ബലൂണാണ് നിർമ്മിക്കേണ്ടത് എന്ന യാഥാർത്ഥ്യം അത്ര വേഗം ഉൾക്കൊള്ളാനായില്ല. ബലൂണിന് ചുരുങ്ങിയത് 2000 ക്യുബിക്ക് മീറ്റർ വലിപ്പമെങ്കിലും ഇല്ലെങ്കിൽ പദ്ധതി നടക്കില്ലെന്ന് അവർ മനസ്സിലാക്കി. ഇനി വേറെ പോംവഴിയൊന്നുമില്ല. എത്രയും വേഗം ആവശ്യമുള്ളത്ര തുണി സംഘടിപ്പിച്ച് പുതിയ ബലൂൺ നിർമ്മിക്കണം. തുണി വാങ്ങുന്നതിനായി വെറ്റ്സെലും സ്ട്രെൽസിക്കും Leipzig നഗരത്തിലേക്ക് യാത്രതിരിച്ചു. നിരവധി കടകൾ കയറിയിറങ്ങിയെങ്കിലും കുടത്തുണി തീരെ കിട്ടാനില്ലായിരുന്നു. എന്നാൽ അവരുടെ രണ്ടാം പരിഗണനയിലുള്ള Taffeta തുണി യഥേഷ്ടം ലഭ്യവുമായിരുന്നു. മറ്റു പോംവഴികളൊന്നും മുന്നിൽ ഇല്ലാതിരുന്നതിനാൽ അവർ ടഫേറ്റ വാങ്ങുവാൻ തീരുമാനിച്ചു. ഇത്രയധികം ടഫേറ്റ ആവശ്യപ്പെടുന്നത് കടക്കാർക്ക് സംശയമുണ്ടാക്കുമെന്ന് അറിയാവുന്നതിനാൽ പായ് വഞ്ചി നിർമ്മാതാക്കൾക്ക് കപ്പൽപ്പായകൾ നിർമ്മിച്ചു നൽകുന്ന കരാറുകാരാണ് തങ്ങളെന്ന നാട്യത്തിലായിരുന്നു ഇത്തവണ തുണി ശേഖരിച്ചത്.

കിട്ടിയ തുണിയുമായി വെറ്റ്സെൽ ബലൂൺ നിർമ്മാണം ആരംഭിച്ചു. ചവിട്ടി പ്രവർത്തിപ്പിക്കുന്ന ആ പഴഞ്ചൻ തയ്യൽ മെഷീനിൽ വെറ്റ്സെൽ അത്യധ്വാനം ചെയ്തിട്ടും ബലൂൺ പണി ഇഴഞ്ഞുനീങ്ങിക്കൊണ്ടിരുന്നു. കാര്യങ്ങൾ ഇങ്ങനെ ഇഴഞ്ഞുനീങ്ങുന്നത് അത്ര നന്നല്ല എന്ന് സ്ട്രെൽസിക്ക് അഭിപ്രായപ്പെട്ടു. അയൽക്കാരിൽ ചിലരെങ്കിലും തങ്ങളുടെ നീക്കങ്ങളെ സംശയ ദൃഷ്ടിയോടെ വീക്ഷിക്കുന്നതായി അയാൾക്ക് തോന്നിത്തുടങ്ങിയിരുന്നു. പ്രശ്നത്തിന് ഒരു പരിഹാരവും സ്ട്രെൽസിക്ക് തന്നെ കണ്ടുപിടിച്ചു. ഒരു പഴയ മോട്ടോർ ഫിറ്റുചെയ്ത് അവർ ആ തയ്യൽ മെഷിന്റ കാര്യക്ഷമത വർദ്ധിപ്പിച്ചതോടെ ബലൂൺ നിർമ്മാണം ദ്രുതഗതിയിലായി. വിചാരിച്ചതിലും രണ്ടാഴ്ച നേരത്തേ ബലൂൺ പൂർത്തിയായി.

ആദ്യ ബലൂണിൽ ഉപയോഗിച്ച ബാസ്കറ്റും ഗ്യാസ് ബർണ്ണറും ചില്ലറ പരിഷ്കാരങ്ങൾ വരുത്തി പുതിയ ബലൂണുമായി കൂട്ടിയിണക്കുക കൂടി ചെയ്തതോടെ ബലൂൺ പരീക്ഷണത്തിന് സജ്ജമായി. ആദ്യ രണ്ടു പരീക്ഷണങ്ങൾ നടത്തിയ സ്ഥലങ്ങൾ ഇനി സുരക്ഷിതമല്ല. പരീക്ഷണത്തിന് പറ്റിയ പുതിയ സ്ഥലം കണ്ടുപിടിക്കണം. പല സ്ഥലങ്ങൾ പരിഗണിച്ചെങ്കിലും അവയൊന്നും തന്നെ പൂർണ്ണമായും സുരക്ഷിതമായിരുന്നില്ല. ഒടുവിൽ നഗരത്തിന് പുറത്തുള്ള ഒരു കുന്നിൻ ചെരിവിലെ വിജനമായ ഒരു വെളിമ്പ്രദേശം അവർക്ക് സ്വീകാര്യമായി തോന്നി. അങ്ങോട്ടേയ്ക്ക് എത്തിപ്പെടാൻ വീതി കുറഞ്ഞ ഒരൊറ്റ വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ അത്ര പെട്ടന്ന് ആരും അവിടേക്ക് കടന്നുവരില്ല എന്ന മെച്ചവും ഉണ്ടായിരുന്നു.

തയ്യാറെടുപ്പുകൾ ഇത്രയൊക്കെ നടത്തിയെങ്കിലും ഇത്തവണയും പരീക്ഷണം നിരാശ്ശാജനകമായിരുന്നു. നിരന്തരം പരിശ്രമിച്ചിട്ടും ബലൂണിനുള്ളിലേക്ക് ചൂട് വായു നിറയ്ക്കാൻ അവർക്കു കഴിഞ്ഞില്ല. ഒരു ഫാനോ മറ്റോ ഉപയോഗിച്ച് വായു ശക്തിയായി അടിച്ചു കയറ്റിയാൽ ഒരു പക്ഷേ മെച്ചപ്പെട്ട ഫലം ലഭിച്ചേക്കുമെന്ന് വെറ്റ്സെലിന് തോന്നി. മോട്ടോർ സൈക്കിൾ എഞ്ചിനോടൊപ്പം കാറിന്റെ റേഡിയേറ്റർ ഫാൻ കൂട്ടിച്ചേർത്ത് പ്രവർത്തിപ്പിച്ച് ബലൂണിനുള്ളിലേക്ക്കുടുതൽ വായുസഞ്ചാരം സാധ്യമാക്കിയതോടെ ബലൂണിന് അനക്കം വെച്ചു. ബർണ്ണറുകൾ വായുവിനെ ചൂടുപിടിപ്പിക്കുംതോറും ബലൂൺ വായുവിൽ ഉയരാനും തുടങ്ങി. അധികം വൈകാതെ പൂർണ്ണമായും കാറ്റുനിറഞ്ഞ ബലൂൺ ആകാശത്തേക്ക് കുതിക്കാൻ തയ്യാറായി അവരുടെ തലയ്ക്ക് മുകളിലായി വായുവിൽ ഉയർന്നുനിന്നു. വെറ്റ്സെലും സ്ട്രെൽസിക്കും സന്തോഷം കൊണ്ട് തുള്ളിച്ചാടി. തങ്ങളുടെ പരീക്ഷണം വിജയിച്ചിരിക്കുന്നു. പക്ഷേ ആ സന്തോഷത്തിനും അൽപ്പായുസ്സായിരുന്നു.

അവർ സ്വന്തമായി നിർമ്മിച്ച പ്രൊപ്പെയ്ൻ ഗ്യാസ് ബർണ്ണർ ഒട്ടും ഇന്ധനക്ഷമത ഉള്ളതായിരുന്നില്ല. ഏതാനും മിനിറ്റുകൾ മാത്രം ജ്വലിച്ച ശേഷം ബർണ്ണറുകൾ അണഞ്ഞതോടെ നിറച്ചിരുന്ന വായു തണുത്ത് ബലൂൺ നിലം പതിച്ചു. ഈ അവസ്ഥയിൽ സുരക്ഷയെപ്പറ്റി യാതൊരു ഉറപ്പുമില്ലാതെ ബലൂൺ യാത്രയ്ക്കു ശ്രമിക്കുന്നതിന്റെ അപകട സാധ്യത പറയേണ്ടതില്ലല്ലോ. ഏറെ നാളത്തെ കഠിന പ്രയത്നം അവസാന നിമിഷം പരാജയത്തിലേക്ക് വഴുതിയത് അവർക്ക് താങ്ങാവുന്നതിലും കൂടുതൽ നിരാശ്ശയാണ് ഉണ്ടാക്കിയത്. പ്രൊപ്പെയ്ന് പകരം LPG – ഓക്സിജൻ എന്നിവ സംയുക്തമായി ഇന്ധനമായി ഉപയോഗിച്ചാൽ ഒരു പക്ഷേ കൂടുതൽ ചൂട് ഉത്പ്പാദിപ്പിക്കാനും, കൂടുതൽ ഇന്ധനക്ഷമത കിട്ടാനും സാധിച്ചേക്കുമെന്ന് സ്ട്രെൽസിക്ക് അഭിപ്രായപ്പെട്ടു. എന്നാൽ അതിന്റ അപകട സാധ്യതകൾ നിരവധിയായിരുന്നതിനാൽ വെറ്റ്സെൽ ഈ നിർദ്ദേശത്തെ എതിർത്തു.

ഇനി ആകെയുള്ള പോംവഴി പ്രൊപ്പെയ്ൻ ബർണ്ണറുകളുടെ ഇന്ധനക്ഷമത വർദ്ധിപ്പിക്കുക എന്നതുമാത്രമാണ്. അക്കാര്യത്തിൽ ധാരണയായതോടെ പരീക്ഷണം മതിയാക്കി അവർ അവിടം വിട്ടു. അവസാന നിമിഷം വന്നുഭവിച്ച തിരിച്ചടി വെറ്റ്സെലിനും സ്ട്രെൽസിക്കിനും കടുത്ത നിരാശ്ശയാണ് ഉണ്ടാക്കിയത്. ഇത് പദ്ധതിയുടെ മുന്നോട്ടുള്ള പോക്കിനെ കാര്യമായി ബാധിച്ചു. ഉള്ളിലുള്ള നിരാശ്ശ പലപ്പോഴും തർക്കങ്ങളിലേക്കും പഴിചാരലുകളിലേക്കും നീങ്ങി. സ്ട്രെൽസിക്കിന്റെ പ്ലാനുകൾ യാത്രക്കാരുടെ ( പ്രത്യേകിച്ച് സ്ത്രീകളുടേയും കുട്ടികളുടേയും ) സുരക്ഷയ്ക് തീരെ പ്രാധാന്യം നൽകാത്തതാണെന്ന പരാതി വെറ്റ്സെലിന്റെ ഭാര്യ പെട്രയ്ക്ക് ആദ്യംമുതലേ ഉണ്ടായിരുന്നു. തർക്കങ്ങൾ ഇതിലേക്ക് കടന്നതോടെ കാര്യങ്ങൾ വഷളായി. കിഴക്കൻ ജർമ്മനിയുടെ ഉരുക്കുമുഷ്ടിക്കുള്ളിൽ നിന്നും പുറത്തുകടക്കണമെന്ന അടങ്ങാത്ത ആവേശം കെടാതെ സൂക്ഷിക്കുന്ന അവസ്ഥയിൽപ്പോലും ഇനി ഒന്നിച്ചുള്ള ശ്രമങ്ങൾ വേണ്ടെന്ന് ഇരുവരും ഉറപ്പിച്ചു. പൊലീസൊ മറ്റൊ സംശയിക്കാതിരിക്കാൻ ഇനി കുറേ കാലത്തേക്ക് പരസ്പരം സമ്പർക്കവും വേണ്ടെന്ന് കുടുംബങ്ങൾ തമ്മിൽ ധാരണയായി.

പങ്കാളിയെ നഷ്ടമായെങ്കിലും സ്ട്രെൽസിക്കിന് ബലൂൺ പദ്ധതി പൂർണ്ണമായും ഉപേക്ഷിക്കാൻ മനസ്സുവന്നില്ല. തന്റേയും കുടുംബത്തിന്റേയും ഭാവി സുരക്ഷിതമാക്കാൻ എത്രയും പെട്ടന്ന് പശ്ചിമ ജർമ്മനിയിലേക്ക് പലായനം ചെയ്തേ മതിയാകൂ എന്ന് അയാൾ മനസ്സിലുറപ്പിച്ചു. പൂർണ്ണമായും തന്റേതെന്ന് പറയാവുന്ന ഒരു ബലൂണും ബർണ്ണറും നിർമ്മിക്കുക എന്ന ശ്രമകരമായ ദൗത്യമായിരുന്നു അയാൾക്കു മുൻപിലുണ്ടായിരുന്നത്.
മൂത്ത മകൻ ഫ്രാങ്കിനെ സഹായിയായി കൂടെ കൂട്ടിയതോടെ ബലൂൺ പദ്ധതിയ്ക്ക് വീണ്ടും അനക്കം വെച്ചു.

കുറച്ചുനാളത്തെ കഠിന പരിശ്രമങ്ങൾക്കൊടുവിൽ കടകളിൽ നിന്നും ശേഖരിച്ചതും പഴയ ബലൂണിൽ നിന്നും മിച്ചം വന്നതുമായ തുണിക്കഷണങ്ങൾ തുന്നിച്ചേർത്ത് പുതിയ ഒരു ബലൂൺ സ്ട്രെൽസിക്കും കുടുംബവും നിർമ്മിച്ചെടുത്തു. ബർണ്ണറുകളിൽ ചില്ലറ പരിഷ്ക്കാരങ്ങൾ കൂടി നടത്തിയതോടെ ഇന്ധനക്ഷമതയിൽ ആശാവഹമായ പുരോഗതി ഉണ്ടായതായി അവർക്കു തോന്നി. ഇനി ഒരു പരീക്ഷണത്തിനു നിൽക്കുന്നതിൽ അർത്ഥമില്ല. എത്രയും വേഗം യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ പുർത്തിയാക്കുക എന്ന തീരുമാനത്തിലേക്ക് കാര്യങ്ങൾ നീങ്ങി.

1978 ജൂലൈ മൂന്നാം തീയ്യതി രാത്രിയിൽ പീറ്റർ സ്ട്രെൽസിക്ക്, ഭാര്യ ഡോറിസ്, മക്കളായ ഫ്രാങ്ക്, ആന്ദ്രേസ് എന്നിവർ പോസ്നെക്ക് നഗരപ്രാന്തത്തിലുള്ള ഒരു കുന്നിൻ മുകളിൽ സമ്മേളിച്ചു. തങ്ങളുടെ പുതിയ ബലൂൺ കാറ്റു നിറക്കുക, ഫലം അനുകൂലമാണെങ്കിൽ അപ്പോൾ തന്നെ യാത്ര പുറപ്പെടുക എന്നതായിരുന്നു അവരുടെ ഉദ്ദേശം. അതിനുള്ള എല്ലാ സന്നാഹങ്ങളും അവർ ഒപ്പം കരുതിയിരുന്നു.

ആദ്യ രണ്ടു പരീക്ഷണങ്ങളിൽ നിന്നും ആർജ്ജിച്ച അനുഭവ സമ്പത്തുകൊണ്ട് ഇത്തവണ ബലൂണിൽ വേഗം തന്നെ കാറ്റു നിറയ്ക്കാൻ സ്ട്രെൽസിക്കിനു കഴിഞ്ഞു. പൂർണ്ണമായും വികസിച്ച ബലൂൺ, അതിനെ ഭൂമിയിൽ ബന്ധിച്ചിരുന്ന കയറുകൾ മുറിച്ച് മുകളിലേക്കുയർന്ന് പറക്കാൻ സജ്ജമായി നിന്നു. പിന്നീട് സമയം പാഴാക്കാതെ ആ നാലംഗ കുടുംബം ബലൂണിന്റെ തൊട്ടിലിലേക്ക് കയറി. ബലൂണും ബാസ്കറ്റും ഭൂമിയുമായി ബന്ധിച്ചിരുന്ന കയറുകൾ മുറിച്ചതോടെ അവരേയും വഹിച്ചുകൊണ്ട് ആ ബലൂൺ ആകാശത്തേക്ക് ഉയർന്നു.

കാലാവസ്ഥയും കാറ്റിന്റെ ദിശയും യാത്രയുടെ തുടക്കത്തിൽ അവർക്ക് അനുകൂലമായിരുന്നു. എന്നാൽ മുകളിലേക്ക് പോകുംതോറും അന്തരീക്ഷ താപനില കാര്യമായി താഴുകയും ബലൂണിനുചുറ്റും മഞ്ഞുതുള്ളികൾ രൂപപ്പെടാൻ തുടങ്ങുകയും ചെയ്തു. ഈർപ്പവും തണുപ്പും കൂടിയതോടെ ബർണ്ണർ പ്രവർത്തനവും താറുമാറായി. മഞ്ഞിൽ കുതിർന്ന ബലൂണിന്റെ ഭാരം ഗണ്യമായി വർദ്ധിക്കുക കൂടി ചെയ്തതോടെ ബലൂൺ താഴാൻ തുടങ്ങി. അങ്ങു ദൂരെയായി അതിർത്തിവേലി കാണാം. എന്നാൽ ആത്ര ദൂരം താണ്ടി അപ്പുറം കടക്കാനാവുമോ എന്ന് അവർക്ക് ഉറപ്പില്ലായിരുന്നു. അണഞ്ഞുപോയ ബർണ്ണറുകൾ വീണ്ടും ജ്വലിപ്പിക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു സ്ട്രെൽസിക്ക്. എന്നാൽ നനഞ്ഞുകുതിർന്ന് ഭാരം കൂടിയ ബലൂണിനെ വീണ്ടും ആകാശത്തേക്കുയർത്താൻ തക്ക ചൂട് പ്രദാനം ചെയ്യാൻ ആ ബർണ്ണറുകൾക്ക് ശേഷിയില്ലായിരുന്നു. അതിർത്തി വേലികൾക്കും യന്ത്രത്തോക്കുകൾക്കും മീറ്ററുകൾ മാത്രം അകലെ കിഴക്കൻ ജർമ്മൻ അതിർത്തിക്കുള്ളിൽ തന്നെ അവരുടെ ബലൂൺ ഇടിച്ചിറങ്ങി. യാത്രക്കാർ നാലുപേരും സുരക്ഷിതരായിരുന്നു. ആരുടേയും കണ്ണിൽ പെടുന്നതിന് മുൻപേ അവർ ബലൂൺ ഉപേക്ഷിച്ച് കടന്നു. ബലൂൺ കാറ്റിൽ എങ്ങോട്ടോ പറന്നുപോവുകയും ചെയ്തു.

പിറ്റേന്ന് പ്രഭാതത്തിൽ നിരീക്ഷണ ഗോപുരങ്ങളിൽ ഉണ്ടായിരുന്ന സൈനികരാണ് അതിർത്തിയിലെ മുളളുവേലിയിൽ കുരുങ്ങിയ നിലയിൽ ആ ബലൂൺ ആദ്യം കാണുന്നത്. അവർ വളരെ വേഗം ഈ വിവരം മേജറിനെ അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ തന്നെ അതൊരു അതിർത്തി ചാട്ട ശ്രമമാണെന്ന് അവർക്ക് മനസ്സിലായി. അതാരാണെന്നും എന്താണെന്നും അന്വേഷിച്ച് നടപടിയെടുക്കാൻ പോലീസ് അന്വേഷണം ആരംഭിച്ചു. ഒരു ശ്രമം നടത്തിയവർ എന്തായാലും വീണ്ടും ശ്രമിച്ചുകൂടായ്കയില്ലെന്ന് മേജർ ഊഹിച്ചിരുന്നു. അതുകൊണ്ട് സംശയകരമായ സാഹചര്യത്തിൽ എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ അക്കാര്യം പ്രത്യേകം അന്യേഷിക്കണമെന്ന് അയാൾ ഉത്തരവിട്ടു. ഇത്രയധികം തുണി സംഘടിപ്പിച്ച് ഒരു ബലൂൺ നിർമ്മിക്കുക ശ്രമകരമായതിനാൽ കൂടിയ അളവിൽ തുണി വാങ്ങിയ ആളുകളെ പ്രത്യേകം നിരീക്ഷിക്കാനും കടക്കാരോട് അത്തരം ശ്രമങ്ങൾ ഉടനടി റിപ്പോർട്ടുചെയ്യാനും ഉത്തരവിട്ടതൊടുകൂടി സ്ട്രെൽസിക്കിന്റേയും വെറ്റ്സെലിന്റെയും ചുറ്റും ഒരു വല സാവധാനം രൂപപ്പെട്ടു തുടങ്ങി..

സ്ട്രെൽസിക്കുമായി തെറ്റിപ്പിരിഞ്ഞതിനുശേഷം അവരുടെ കുടുംബത്തെക്കുറിച്ചോ, പദ്ധതികളെ കുറിച്ചോ വെറ്റ്സെലിന് തീരെ അറിവുണ്ടായിരുന്നില്ല. ബലൂൺ യാത്രയെന്ന മനോഹരമായ നടക്കാത്ത സ്വപ്നം ഉപേക്ഷിച്ച്, താരതമ്യേന സുരക്ഷിതമെന്ന് വെറ്റ്സെൽ വിശ്വസിച്ച ഗ്ലൈഡർ, ചെറു വിമാനങ്ങൾ എന്നിവ ഉപയോഗിച്ച് അതിർത്തി കടക്കാനാവുമോ എന്നായിരുന്നു അയാളുടെ അന്വേഷണം. എന്നാൽ അതിർത്തിവേലിയ്ക്ക് സമീപം ഒരു ബലൂൺ വെടിവെച്ചു വീഴ്ത്തിയെന്നമട്ടിലുള്ള വാർത്തകളും ചിത്രങ്ങളും പ്രാദേശിക പത്രമാധ്യമങ്ങളിൽ നിറഞ്ഞതോടെ അത് സ്ട്രെൽസിക്കും കുടുംബവുമായിരിക്കുമെന്ന് വെറ്റ്സെൽ ഊഹിച്ചു. വാർത്തളും ഊഹാപോഹങ്ങളും ശരിയാണെങ്കിൽ സ്ട്രെൽസിക്ക് കുടുംബം ഇപ്പോൾ പിടിയിൽ ആയിട്ടുണ്ടാവാം. ആശങ്കകൾ വർദ്ധിപ്പിച്ചുകൊണ്ടുള്ള വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. രഹസ്യമായി അന്വേഷിച്ചെങ്കിലും അടുത്ത ആറുമാസത്തേക്ക് സ്ട്രെൽസിക്ക് കുടുംബത്തെക്കുറിച്ച് വിവരങ്ങളൊന്നും അയാൾക്ക് കിട്ടിയില്ല.

ഈ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് 1979 ജനുവരി മാസത്തിൽ തികച്ചും അപ്രതീക്ഷിതമായി സ്ട്രെൽസിക്ക് വെറ്റ്സെലിനെ തേടിയെത്തി. ദീർഘകാലത്തെ ഇടവേള അവരുടെ ഇടയിലുണ്ടായിരുന്ന തർക്കത്തിന്റെ മഞ്ഞുരുക്കിയിരുന്നു. സുഹൃത്തുക്കൾ ഇരുവരും ദീർഘനേരം സംസാരിച്ചിരുന്നു. കൂടുതൽ ബൃഹത്തായ ഒരു പദ്ധതിയുടെ രൂപരേഖയുമായാണ് സ്ട്രെൽസിക്ക് എത്തിയത്. ഇരുവരും ചേർന്ന് നാലാമതൊരു ബലൂൺ കൂടി നിർമ്മിക്കുക. അത് വഴി രണ്ടുകുടുംബങ്ങൾക്കും പശ്ചിമ ജർമ്മനിയിലേക്ക് കടക്കാൻ കഴിയുമെന്ന് സ്ട്രെൽസിക്ക് ഉറപ്പിച്ചു പറഞ്ഞു. എന്നാൽ പെട്ടന്നൊരു മറുപടി പറയാൻ വെറ്റ്സെലിനു കഴിയുമായിരുന്നില്ല. ഏകദേശം ആറു മാസത്തെ കാത്തിരിപ്പിനൊടുവിൽ സ്ട്രെൽസിക്കിനെത്തേടി വെറ്റ്സെൽ എത്തി. പദ്ധതിയുടെ പൂർത്തീകരണത്തിനുള്ള പൂർണ്ണ പിൻതുണ വാഗ്ദാനം ചെയ്തു.

പിന്നീട് തിരക്കുപിടിച്ച ദിനങ്ങളായിരുന്നു. വെറ്റ്സെൽ ചില്ലറ കള്ളങ്ങളൊക്കെ പറഞ്ഞ് സംഘടിപ്പിച്ച മെഡിക്കൽ സർട്ടിഫിക്കറ്റിന്റ ബലത്തിൽ ജോലിയിൽ നിന്നും അഞ്ചാഴ്ച അവധി തരപ്പെടുത്തിയെടുത്തു. ഈ ദിവസങ്ങളിൽ അവർ തങ്ങളുടെ പദ്ധതിയുടെ പൂർത്തീകരണത്തിനുള്ള മുഴുവൻ സമയ പരിശ്രമത്തിലായിരുന്നു.

ഒരു ദിവസം രാവിലെ പത്രം തുറന്ന അവർക്ക് ഞെട്ടലുണ്ടാക്കുന്ന ഒരു വാർത്തയായിരുന്നു വായിക്കാനുണ്ടായിരുന്നത്. സ്ട്രെൽസിക്കിന്റ ബലൂൺ ഇടിച്ചിറങ്ങിയ സ്ഥലം ഇതിനകം പോലിസ് കണ്ടുപിടിച്ചിരുന്നു. അവിടെ നിന്നും ചില ഉപകരണങ്ങളും മറ്റുചില തെളിവുകളും കിട്ടിയെന്നും ബലൂൺ യാത്രികരെ ഇനി വൈകാതെ കണ്ടെത്താനാകുമെന്നും വാർത്തയിലുണ്ടായിരുന്നു. ഇപ്പോൾ തന്നെ അയൽക്കാർക്ക് സംശയങ്ങളുണ്ട്. ഈ വാർത്തയും കൂടിയാകുമ്പോൾ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാവുകയേ ഉള്ളൂ. ബലൂൺ പണി എത്രയും വേഗം പൂർത്തിയാക്കി രക്ഷപെടാൻ കഴിഞ്ഞില്ലെങ്കിൽ തങ്ങൾ പോലീസിന്റെ പിടിയിലാവുമെന്ന് അവർ ഭയന്നു.

നാലാമത്തെ ബലൂണിന്റെ നിർമ്മാണത്തിനു മുൻപ് അവർ കാര്യമായ ഗൃഹപാഠങ്ങൾ ചെയ്തിരുന്നു. പ്രധാനമായും ബലൂണിന്റെ വലിപ്പവും ഭാരം വഹിക്കാനുള്ള ശേഷിയും കൃത്യമായി കണക്കാക്കേണ്ടിയിരുന്നു. രണ്ടു കുടുംബങ്ങളിലേയും ആകെ എട്ടുപേരെ വഹിച്ചുകൊണ്ട് സുഗമമായി പറക്കുന്ന ഒരു ബലൂൺ നിർമ്മിക്കാൻ ചുരുങ്ങിയത് രണ്ടായിരം ചതുരശ്ര മീറ്റർ തുണിയെങ്കിലും വേണമെന്ന് അവർ കണക്കുകൂട്ടി. ഇത്രയും കൂടിയ അളവിൽ തുണി വാങ്ങിക്കൂട്ടുകയെന്നത് തികച്ചും അപകടകരമായ ഒരു ദൗത്യമായിരുന്നു. ഒരു ബലൂൺ, പോലീസിന്റ കയ്യിൽ കിട്ടിയിരുന്നതിനാലും അത്തരം ശ്രമങ്ങൾ ഇനിയുമുണ്ടാകുമെന്ന വിശ്വാസത്തിലും നാടെങ്ങും ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. അസാധാരണമാം വിധം കൂടിയ അളവിൽ തുണി വാങ്ങാനെത്തുന്നവരെ ഉടനടി പോലിസിൽ ഏൽപ്പിക്കാൻ കട ഉടമകൾക്കും കർശ്ശന നിർദ്ദേശങ്ങൾ നൽകിയിരുന്നു. ഇക്കാര്യങ്ങളെല്ലാം നല്ലതുപോലെ അറിയാമായിരുന്നതിനാൽ ഒറ്റയടിക്ക് കൂടുതൽ തുണി വാങ്ങാതെ കുറച്ചു തുണി വീതം വിവിധ പട്ടണങ്ങളിലെ വിവിധ കടകളിൽ നിന്നും പലപ്പോഴായി വാങ്ങുക എന്ന ക്ലേശകരമായ മാർഗ്ഗമാണ് അവർ തെരഞ്ഞെടുത്തത്.

കുടുംബാംഗങ്ങളെല്ലാം ഈ ദൗത്യത്തിൽ പങ്കാളികളായി. ഇങ്ങനെ പകൽ സമയങ്ങളിൽ ശേഖരിക്കുന്ന തുണികൾ രാത്രിസമയങ്ങളിൽ, ആവശ്യമായ അളവിലും ആകൃതിയിലും മുറിച്ച് കൂട്ടിത്തയ്ച്ച് ബലൂൺ നിർമ്മിക്കുക എന്ന ദൗത്യം വെറ്റ്സെലിനായിരുന്നു. നാളുകൾ നീണ്ട അധ്വാനത്തിനൊടുവിൽ സെപ്തംബർ 14 ആയപ്പോഴേക്കും ബലൂൺ പണി പൂർത്തിയായി. ഏകദേശം ഇതേ സമയത്തുതന്നെ മികച്ച ഇന്ധന-താപ ക്ഷമതയുള്ള ഒരു ബർണ്ണർ സ്ട്രെൽസിക്ക് നിർമ്മിച്ചെടുത്തിരുന്നു. യാത്രയ്ക്കാവശ്യമായ ബലൂൺ- തൊട്ടിൽ (balloon basket), ഇന്ധനമായ പ്രൊപ്പെയ്ൻ സിലിണ്ടറുകൾ, സ്വന്തമായി നിർമ്മിച്ചെടുത്ത ഒരു Altimeter, അഗ്നിശമനി, മറ്റ് അത്യാവശ്യ ഉപകരണങ്ങൾ എന്നിവ കൂടി സംഘടിപ്പിച്ചതോടെ ബലൂൺ യാത്രാസജ്ജമായി. കാലാവസ്ഥയും കാറ്റിന്റെ ദിശയും ഈ സമയം അവർക്ക് അനുകൂലമായ നിലയിലായിരുന്നു. ഇനി യാത്ര അധികം വൈകരുതെന്ന് വെറ്റ്സെലും സ്ട്രെൽസിക്കും നിശ്ചയിച്ചു.

1979 സെപ്തംബർ 15 രാത്രിയിൽ . ഗുന്തർ വെറ്റ്സെൽ, ഭാര്യ പെട്ര, മക്കളായ പീറ്റർ, ആന്ദ്രേയാസ് എന്നിവരും പീറ്റർ സ്ട്രെൽസിക്ക്, ഭാര്യ ഡോറിസ്, മക്കളായ ഫ്രാങ്കും, ഇളയ മകനും (name unknown) ഉൾപ്പെട്ട എട്ടംഗ സംഘം പോസ്നെക്ക് നഗരപ്രാന്തത്തിലുള്ള ഒരു കുന്നിൻ പ്രദേശം ലക്ഷ്യമാക്കി യാത്രതിരിച്ചു. വെറ്റ്സെലും ഫ്രാങ്കും ഒരു പഴയ ജാവാ മോട്ടോർ സൈക്കിളിലും ബാക്കിയുള്ളവർ ഒരു പഴയ കാറിലുമായിരുന്നു യാത്ര. കാറിനു പിന്നിൽ ഘടിപ്പിച്ച ട്രയിലറിൽ ബലൂണും അനുബന്ധ ഉപകരണങ്ങളും കയറ്റിയിരുന്നു. കാറിൽ പോയവർ ആദ്യം തന്നെ കുന്നിൻ മുകളിലെത്തിയെങ്കിലും വെറ്റ്സെലും ഫ്രാങ്കും നേരം ഏറെക്കഴിഞ്ഞിട്ടും എത്തിയില്ല. അവർക്കെന്തെങ്കിലും ആപത്തു പിണഞ്ഞതാണോ എന്ന് മറ്റുള്ളവർ സംശയിച്ചു. എന്നാൽ യാത്രയിലുടനീളം പണിമുടക്കിയ ആ പഴഞ്ചൻ ബൈക്ക് തള്ളിയും ശരിയാക്കിയും ഒരുവിധം വെറ്റ്സെലും ഫ്രാങ്കും കുന്നിൻ മുകളിൽ എത്തിച്ചേർന്നു. തങ്ങളെ ആരും പിൻതുടരുന്നില്ല എന്ന് ഉറപ്പുവരുത്തുകയായിരുന്നു അവരുടെ മുന്നിലുള്ള ആദ്യകടമ്പ. കുറേയേറെ സമയം അവർ ക്ഷമയോടെ പരസര നിരീക്ഷണം നടത്തി. അവിടെയെങ്ങും ആരുമില്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷം അവർ വേഗം ബലൂൺ കാറ്റു നിറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

ഇതേ സമയം നഗരത്തിൽ പോലീസ് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. സ്ട്രെൽസിക്ക് കുടുംബത്തിന്റ പരാജയപ്പെട്ട ബലൂൺ യാത്രയുടെ അവശിഷ്ടങ്ങളിൽ നിന്നും തെളിവുകൾ ശേഖരിച്ച അവർ ഒടുവിൽ സ്ട്രെൽസിക്ക് കുടുംബത്തെ തേടിയെത്തി. ഡോറിസ് ഉപയോഗിച്ചിരുന്ന, രക്തസമ്മർദ്ദം കുറയ്ക്കുന്നതിനുള്ള ഗുളികകൾ അടങ്ങിയ സഞ്ചി അന്ന് അവരുടെ ബലൂൺ ഇടിച്ചിറങ്ങിയ സ്ഥലത്ത് നഷ്ടപ്പെട്ടുപോയിരുന്നു. അതിനെ പിൻതുടർന്ന പൊലീസ്, അത്തരം ഗുളികകൾ നിർദ്ദേശിക്കപ്പെട്ടിരുന്ന രോഗികളുടെ വിവരങ്ങൾ ഫാർമ്മസികളിൽ നിന്ന് ശേഖരിച്ചിരുന്നു. വിശദമായ അന്വേഷണത്തിനൊടുവിൽ അയൽക്കാരുടെ മൊഴി കൂടി അവർക്കെതിരായതോടെ പോലീസ് സ്ട്രെൽസിക്കിന്റെ വീടു വളഞ്ഞു. പോലീസ് എത്തുന്നതിനും മിനിറ്റുകൾ മാത്രം മുൻപെ അവിടെ നിന്നും പുറപ്പെട്ടതിനാൽ എല്ലാവരും കഷ്ടിച്ചു രക്ഷപെടുകയായിരുന്നു.

വാതിൽ തകർത്ത് അകത്തുകയറിയ പോലീസിന് ബലൂണിന്റെ അവശിഷ്ടങ്ങളും മറ്റു തെളിവുകളും കണ്ടെടുക്കാനായി. അതോടെ കാര്യങ്ങളുടെ ഏകദേശരൂപം മനസ്സിലായ അവർ അതിർത്തിയിലുടനീളം അതീവ ജാഗ്രതാ നിർദ്ദേശം നൽകി. കൂറ്റൻ സെർച്ചു ലൈറ്റുകൾ ആകാശത്തേക്ക് മിഴിതുറന്നു. സായുധ സംഘങ്ങൾ നഗരപ്രാന്തങ്ങൾ അരിച്ചുപെറുക്കി. ഏതു നിമിഷവും ഒരു ബലൂണിന്റെ വരവും പ്രതീക്ഷിച്ച് സർവ്വ സന്നാഹങ്ങളുമായി പോലീസ് കാത്തിരുന്നു. ഇതേ സമയം ഈ ബഹളങ്ങൾ ഒന്നുമറിയാതെ വെറ്റ്സെലും, ഫ്രാങ്കും, സ്ട്രെൽസിക്കും ബലൂൺ വീർപ്പിക്കുന്നതിന്റെ തിരക്കിലായിരുന്നു. ഏകദേശം അഞ്ചുമിനിറ്റു നേരത്തെ പരിശ്രമം കൊണ്ട് ബലൂൺ വിജയകരമായി കാറ്റുനിറയ്ക്കാൻ അവർക്കുകഴിഞ്ഞു. ശാന്തമായ അന്തരീക്ഷമായിരുന്നതിനാൽ കാറ്റത്ത് ഉലയാതെ ആ കൂറ്റൻ ബലൂൺ ആകാശത്ത് തലയുയർത്തിനിന്നു.

പിന്നീട് ഒട്ടും സമയം പാഴാക്കാതെ എല്ലാവരും ബലൂണിന്റെ ബാസ്കറ്റിലേക്ക് കയറി ഇരിപ്പുറപ്പിച്ചു. സ്ട്രെൽസിക്ക് ബർണ്ണറുകൾ ജ്വലിപ്പിക്കുന്ന ജോലി ഏറ്റെടുത്തപ്പോൾ വെറ്റ്സെലും ഫ്രാങ്കും ബലൂണിനെ ഭൂമിയുമായി ബന്ധിപ്പിച്ചിരുന്ന കയർ മുറിച്ചുമാറ്റുന്ന തിരക്കിലായിരുന്നു. ഒരു വശത്തെ കയർ വെറ്റ്സെൽ ക്ഷണനേരം കൊണ്ട് മുറിച്ചുവിട്ടു. എന്നാൽ മറുഭാഗത്ത് ഫ്രാങ്കിന് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ഒരു വശത്തെ കയർ മുറിഞ്ഞതോടെ ബലൂൺ മറുഭാഗത്തേക്ക് ചാഞ്ഞു. അതോടെ തീജ്വാലകളുടെ നിയന്ത്രണവും കൈവിട്ടുപോയി. വശം ചരിഞ്ഞ ബലൂണിൽ തീ നാളങ്ങൾ തട്ടിയതോടെ ബലൂണിന് തീ പിടിച്ചു. ഇത്രയുമായപ്പോൾ ബലൂണിനുള്ളിലെ വായു കൂടുതൽ ചൂടുപിടിക്കുകയും കയറിനെ ബന്ധിച്ചിരുന്ന കുറ്റിയും പിഴുതുകൊണ്ട് ബലൂൺ ആകാശത്തേക്ക് കുതിക്കുകയും ചെയ്തു. ശക്തിയായി വായുവിലേക്ക് ചുഴറ്റി എറിയപ്പെട്ട കുറ്റി വന്നു പതിച്ചത് ഫ്രാങ്കിന്റെ മുഖത്തായിരുന്നു. അയാൾക്ക് കാര്യമായ പരിക്കും പറ്റി. ഇങ്ങനെയൊക്കെ സംഭവിച്ചെങ്കിലും ബലൂൺ ആകാശത്തേക്ക് ഉയർന്നുകൊണ്ടേയിരുന്നു. ഉയരുന്നതിനൊപ്പം ബലൂൺ കറങ്ങുന്നുമുണ്ടായിരുന്നു. അതോടെ തങ്ങൾ ഏതു ദിശയിലേക്കാണ് പോകുന്നത് എന്ന കാര്യത്തിൽ അവർക്ക് യാതൊരു ധാരണയുമില്ലാതായി. ബർണ്ണറുകളിലെ ജ്വാല അൽപ്പമൊന്ന് കുറച്ച് സ്ട്രെൽസിക്ക് ബലൂണിനെ വരുതിയിലാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നപ്പോൾ അഗ്നിശമന ഉപകരണം ഉപയോഗിച്ച് വെറ്റ്സെൽ ബലൂണിൽ പടർന്ന തീയണച്ചു. ചുരുങ്ങിയ നേരം കൊണ്ട് തീനാളങ്ങൾ ബലൂണിൽ കാര്യമായ കേടുപാടുകൾ വരുത്തിയിരുന്നു. ഇനി ഒരിക്കൽക്കൂടി നിലത്തിറങ്ങി ബലൂണിന്റെ തകരാറുകൾ പരിഹരിച്ച് യാത്രതുടരുക എന്നത് ചിന്തിക്കാൻ പോലുമാകാത്ത കാര്യമായതിനാൽ ബർണ്ണറുകൾ പൂർണ്ണ ശേഷിയിൽ ജ്വലിപ്പിച്ച് യാത്ര തുടരുക എന്ന തീരുമാനത്തിലായിരുന്നു അവർ.

അപ്പോഴേക്കും അവരുടെ ബലൂൺ തറ നിരപ്പിൽ നിന്നും രണ്ടു കിലോമീറ്ററോളം ഉയരത്തിലെത്തിയിരുന്നു. കാര്യങ്ങൾ ഏറെക്കുറെ അനുകൂലമായി നീങ്ങുന്നതിനിടയിലാണ് അടുത്ത പ്രതിസന്ധി നേരിടുന്നത്. രണ്ടു കിലോ മീറ്റർ ഉയരത്തിൽ അന്തരീക്ഷ താപനില നന്നേ താഴ്ന്നിരുന്നു. അതോടെ ബർണ്ണറുകൾ പണിമുടക്കാൻ ആരംഭിച്ചു. തുടർച്ചയായ പരിശ്രമത്തിനൊടുവിൽ ബർണ്ണറുകൾ വീണ്ടും ജ്വലിപ്പിക്കാൻ അവർക്കുകഴിഞ്ഞങ്കിലും അപ്പോഴേക്കും ഏറെക്കുറെ കാലിയായിരുന്ന ഗ്യാസ് സിലിണ്ടറുകൾക്ക് വളരെ ദുർബ്ബലമായ തീ ജ്വാലകളേ നൽകാൻ കഴിഞ്ഞുള്ളൂ. അതോടെ ബലൂൺ താഴാൻ തുടങ്ങി. തങ്ങൾ എത്ര ദൂരം താണ്ടിയെന്നോ ഏതു ദിശയിലാണെന്നോ ഉള്ള കാര്യങ്ങളിൽ തികഞ്ഞ ആശങ്കകളുമായി അവർ ബാസ്ക്കറ്റിൽ മുറുകെ പിടിച്ചിരുന്നു. മുകളിൽ വീശിയിരുന്ന കാറ്റ് തങ്ങളെ ഇതിനോടകം പശ്ചിമ ജർമ്മൻ പ്രദേശത്ത് എത്തിച്ചിട്ടുണ്ടാകുമെന്ന ശുഭാപ്തി വിശ്വാസത്തിലായിരുന്നു അവർ. ദിശ നിയന്തിച്ച് ബലൂൺ സുരക്ഷിതമായി നിലത്തിറക്കാനുള്ള സംവിധാനങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ അനിവാര്യമായ ഒരു ക്രാഷ് ലാന്റിങ്ങ് പ്രതീക്ഷിച്ച് അവർ കാത്തിരുന്നു. നിമിഷങ്ങൾക്കുള്ളിൽ വൃക്ഷത്തലപ്പുകൾ ദൃശ്യമായി. പിന്നീട് ഒട്ടും വൈകാതെ വിജനമായ ഒരിടത്ത് ബലൂൺ ഇടിച്ചിറങ്ങി. അങ്ങനെ ഏകദേശം അരമണിക്കൂർ നീണ്ട സംഭവ ബഹുലമായ ഒരു യാത്ര കാര്യമായ അപകടങ്ങളൊന്നും കൂടാതെ അവസാനിച്ചു.

ലാന്റിങ്ങ് അൽപ്പം കഠിനമായിരുന്നെങ്കിലും ആർക്കും കാര്യമായ പരിക്കൊന്നും പറ്റിയിരുന്നില്ല. എല്ലാവരും വേഗം ബലൂൺ ഉപേക്ഷിച്ച് കുറ്റിക്കാടുകൾക്ക് പിന്നിലൊളിച്ചു. തങ്ങൾ എവിടെയാണ് എത്തിപ്പെട്ടതെന്ന് ഉറപ്പുവരുത്തണം. സ്ട്രെൽസിക്കും വെറ്റ്സെലും ഒരു ചെറിയ ടോർച്ചുമായി പരിസര നിരീക്ഷണത്തിനായി പുറപ്പെട്ടു. തങ്ങളുടെ അടയാള സൂചന കിട്ടുന്നതുവരെ ഒളിച്ചിരിക്കാൻ മറ്റുള്ളവർക്ക് നിർദ്ദേശം നൽകിയശേഷമാണ് അവർ പോയത്.

കുറച്ചുദൂരം നടന്നപ്പോൾ കാട്ടു പ്രദേശത്തിനു പുറത്തായി കൃഷിയിടങ്ങൾ ദൃശ്യമായി. അതിലൂടെ സഞ്ചരിച്ച് അവർ ഒരു ചെറിയ ജനവാസ കേന്ദ്രത്തിൽ എത്തിച്ചേർന്നു. അവിടെയെങ്ങും ആരെയും കണ്ടെത്താൻ അവർക്കു കഴിഞ്ഞില്ല. എന്നാൽ അടുത്ത് ഒരു ഷെഡ്ഡിൽ സൂക്ഷിച്ചിരുന്ന കാർഷിക ഉപകരണങ്ങളും വാഹനങ്ങളും ശ്രദ്ധിച്ച അവർക്ക് പ്രതീക്ഷ നൽകുന്ന സൂചനകളാണ് കാണാൻ കഴിഞ്ഞത്. ആ ഉപകരണങ്ങൾ നിർമ്മിച്ച കമ്പനികളൊന്നും കിഴക്കൻ ജർമ്മൻ പ്രദേശത്ത് പരിചയമുള്ളവ ആയിരുന്നില്ല. വർദ്ധിച്ച ആവേശത്തോടെ അവർ തൊട്ടടുത്തുള്ള റോഡിലേക്ക് നടന്നു. അപ്പോൾ അകലെ നിന്നും അവർ നിൽക്കുന്നിടത്തേക്ക് ഒരു വാഹനം വരുന്നതിന്റെ വെളിച്ചം കാണാമായിരുന്നു. അവർ ധൈര്യം സംഭരിച്ച് റോഡിൽ തന്നെ നിന്നു. ആ വാഹനം അവർ നിൽക്കുന്നതിന്റെ ഏതാനും വാര അകലെയായി വന്നുനിന്നു. അതൊരു പൊലീസ് വാഹനമായിരുന്നു. അതിൽ നിന്നും രണ്ട് പൊലീസ് ഉദ്യോഗസ്ഥർ പുറത്തിറങ്ങി.

”ഞങ്ങളിപ്പോൾ പശ്ചിമ ജർമ്മനിയിലാണോ നിൽക്കുന്നത്” അൽപ്പം ആശങ്കയോടെ വെറ്റ്സെൽ പോലീസ് ഉദ്യോഗസ്ഥരോട് ചോദിച്ചു. ചോദ്യം അവരെ തെല്ലൊന്ന് അതിശയിപ്പിച്ചെങ്കിലും അവർ മറുപടി നൽകി. “തീർച്ചയായും അതേ” സുഹൃത്തുക്കൾ ഇരുവരും സന്തോഷം കൊണ്ട് തുള്ളിച്ചാടി. തങ്ങളുടെ സ്വപ്നം സഫലമായിരിക്കുന്നു. കിഴക്കൻ ജർമ്മനിയുടെ ഇരുമ്പുമറയ്കുള്ളിൽ നിന്നും പശ്ചിമ ജർമ്മനിയുടെ സുരക്ഷിതത്ത്വത്തിലേക്ക് തങ്ങളെത്തിയിരിക്കുന്നു.. അവർ വേഗം തന്നെ തങ്ങളുടെ കുടുംബാംഗങ്ങൾക്ക് സൂചനാ സന്ദേശം നൽകി. അതോടെ അവരും ഇരുട്ടിൽ നിന്നും വെളിയിൽ വന്ന് കുടുംബനാഥന്മാരുടെ സന്തോഷത്തിൽ പങ്കുചേർന്നു.

ഏകദേശം അരമണിക്കൂർ നേരം നീണ്ട ബലൂൺ യാത്ര അവരെ ഇരുപത്തിയഞ്ച് കിലൊമീറ്റർ ഇപ്പുറം എത്തിച്ചിരുന്നു. പശ്ചിമ ജർമ്മൻ നഗരമായ Naila യ്ക് സമീപമാണ് അവർ ലാന്റു ചെയ്തത്. രണ്ടു കുടുംബങ്ങൾക്കും പശ്ചിമ ജർമ്മൻ സർക്കാർ ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. ലാന്റിങ്ങിനിടെ മിക്കവർക്കും സംഭവിച്ച ചില്ലറ പരിക്കുകളും ഫ്രാങ്കിന്റെ മുഖത്തേറ്റ പരിക്കും ഏതാനും ദിവസത്തെ ആശുപത്രി വാസം കൊണ്ട് സുഖപ്പെട്ടു. താമസിക്കാതെ വെറ്റ്സെലിനും സ്ട്രെൽസിക്കിനും അവർക്കിഷ്ടപ്പെട്ട തൊഴിലുകൾ തന്നെ കണ്ടെത്താനായി. അങ്ങനെ അവരും പശ്ചിമ ജർമ്മൻ സമൂഹത്തിന്റ ഭാഗമായി.

വെറ്റ്സെലിന്റെയും സ്ട്രെൽസിക്കിന്റേയും ഐതിഹാസിക യാത്രയ്ക്ക് ഒരു പതിറ്റാണ്ടിനുശേഷം കിഴക്കൻ യൂറോപ്പിൽ ആകമാനം കമ്മ്യുണിസ്റ്റ് ഭരണകൂടങ്ങൾ അധികാരത്തിൽ നിന്നും പുറംതള്ളപ്പെടുകയും ബർലിൻ മതിലടക്കമുള്ള നിർമ്മിതികൾ തകർക്കപ്പെടുകയും ചെയ്തു. 1990 ൽ പശ്ചിമ-പൂർവ്വ ജർമ്മനികൾ ഒന്നായി. വെറ്റ്സെലും സ്ട്രെൽസിക്കും കുടുംബവും അടക്കം ഏകദേശം അയ്യായിരം പേരാണ് വിഭജന കാലയളവിൽ കിഴക്കൻ ജർമ്മനിയിൽ നിന്നും രക്ഷപെട്ട് പശ്ചിമ ജർമ്മനിയിലേക്ക് വിജയകരമായി കുടിയേറിയത്. എന്നാൽ രക്ഷപെടാൻ ശ്രമിച്ച് പരാജയപ്പെട്ടവർ അതിന്റ മൂന്നിരട്ടിയെങ്കിലും വരുമായിരുന്നു. അവരെയൊന്നും പിന്നീടാരും കണ്ടിട്ടില്ലാത്തതിനാൽ അവർക്കെന്തു സംഭവിച്ചു എന്നകാര്യം ദുരൂഹതയായി അവശേഷിക്കുന്നു.

സ്ട്രെൽസിക്കിന്റെയും വെറ്റ്സെലിന്റെയും ബലൂൺ യാത്ര താമസ്സിക്കാതെ വൻ മാധ്യമ ശ്രദ്ധ നേടി. ധാരാളം പുസ്തകങ്ങളും ചലച്ചിത്രങ്ങളും ഈ വിഷയത്തെ അധികരിച്ച് പുറത്തുവരികയുണ്ടായി. 1982 ൽ വാൾട്ട് ഡിസ്നി പ്രൊഡക്ഷൻസ് നിർമ്മിച്ച്, Delbert Mann സംവിധാനം ചെയ്ത Night Crossing എന്ന ചിത്രം ഏറെ ശ്രദ്ധനേടി.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply