ജലസന്നിധി തേടിയൊരു യാത്ര ; നീർപുത്തൂർ ശിവക്ഷേത്രത്തിലേക്ക്…

ഈ യാത്ര വിവരണം നമുക്കായി എഴുതി തയ്യാറാക്കിയത് – ഹരി എൻ.ജി.

ഉച്ചയുറക്കം കഴിഞ്ഞെഴുന്നേറ്റപ്പോൾ സമയം വൈകീട്ട്‌ നാലര കഴിഞ്ഞിരുന്നു. നാലുമണിക്കെങ്കിലും എഴുന്നേൽക്കണം എന്ന് വിചാരിച്ചതായിരുന്നു. ഇതിപ്പോ ആകെ വൈകിയല്ലോ! ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ ഇരുണ്ടുകൂടിനിൽക്കുന്ന കാർമേഘങ്ങൾ “ഇപ്പൊ പെയ്യും” എന്നു പറഞ്ഞെന്നെ ഭീഷണിപ്പെടുത്തുന്നതായി തോന്നി. ലക്ഷണം കണ്ടിട്ട്‌ ആർത്തലച്ചു പെയ്തപോലുണ്ട്‌. മഴവന്നതും പോയതുമൊന്നും ഞാനറിഞ്ഞില്ല. മണ്ണാകെ നനഞ്ഞു കുതിർന്നു കിടക്കുന്നു. മനസ്സിൽകണ്ട അന്തരീക്ഷം ഇതുതന്നെയായിരുന്നു. അൽപം പച്ചപ്പും ജലസാന്നിധ്യവുമുള്ള സ്ഥലത്തേക്ക് പോകുമ്പോൾ മഴപെയ്തു തോർന്നതും അടുത്ത മഴക്ക്‌ മുൻപുള്ളതും ആയ ആ മൂടിക്കെട്ടിയ അന്തരീക്ഷം തന്നെയാണ്‌ അത്യുത്തമം. കഴിഞ്ഞവർഷം മാണിയൂരിൽ നിന്ന് നയനമനോഹരങ്ങളായ ചിത്രങ്ങൾ പകർത്തിയതിനുശേഷം ഇനിയുമൊരു മഴക്കാല ചിത്രങ്ങൾക്കായി വേഴാമ്പലിനെ പോലെ കാത്തിരിക്കുകയായിരുന്നു ഞാൻ.

കുളികഴിഞ്ഞ്‌ പുറത്തിറങ്ങി. കുട വയ്ക്കാൻ ഉപയോഗിക്കാം എന്ന് കരുതി തുണി സഞ്ചി എടുത്ത്‌ തോളിൽ തൂക്കി. പോകേണ്ടത്‌ ഒരു ഉൾഗ്രാമത്തിലേക്കാണ്‌. ഗൂഗിൾമേപ്പ്‌ നോക്കി ഏകദേശരൂപം തയ്യാറാക്കി വച്ചിരുന്നെങ്കിലും അവിടേക്ക്‌ എത്തിപ്പെടാനുള്ള യാത്രാ സാധ്യതകളെക്കുറിച്ച്‌ തീരെ ഗ്രാഹ്യമില്ലായിരുന്നു. പോകുന്ന സ്ഥലം അത്രമേൽ അറിയപ്പെടുന്ന ഒന്നല്ലാത്തതിനാലായിരിക്കാം ചോദിച്ച ആർക്കും വലിയ രൂപമുണ്ടായിരുന്നില്ല. പിന്നെ കൂടുതൽ അന്വേഷിക്കാനും നിന്നില്ല. സ്വന്തമായി വഴികൾ തേടി കണ്ടെത്തുന്നതിന്റെ സുഖം അത് വേറെത്തന്നെയല്ലേ! ഒറ്റക്കാണ്‌ യാത്ര, സ്വന്തം വാഹനമില്ല, വഴി രൂപമില്ല, അവിടെ എത്തിപ്പെട്ടാൽത്തന്നെ എങ്ങനെ ആയിരിക്കും എന്നും അറിയില്ല, പരിചയക്കാരുമില്ല. എത്രതന്നെ ഏകാന്തതയും അനിശ്ചിതത്വവും സാഹസികതയും ഇഷ്ടമാണെന്ന് പറഞ്ഞാലും കിട്ടാവുന്നത്രയും വിവരങ്ങൾ ലഭ്യമായ എല്ലാ സ്രോതസ്സുകളിൽ നിന്നും നമ്മൾ ശേഖരിച്ചിരിക്കുമല്ലോ. എന്നാൽ ഇവിടെ ലഭ്യമായ വിവരങ്ങൾ വളരെ പരിമിതമായിരുന്നു. അവിടേക്ക്‌ ബസ്സ്‌ കിട്ടുമോ എന്നുപോലും അറിയാതെയാണ്‌ യാത്രക്ക്‌ പുറപ്പെട്ടത്‌.

പോകുന്നത്‌ ഒരു ക്ഷേത്രത്തിലേക്കായതിനാൽ പരിമിതമായ സമയമാണ്‌ കയ്യിലുള്ളത്‌. അങ്ങാടിപ്പുറത്തു നിന്ന് ബസ്സ്‌ കയറി പെരിന്തൽമണ്ണ കെ എസ്‌ ആർ ടി സി സ്റ്റാന്റിൽ എത്തിയപ്പോൾ സമയം അഞ്ചേകാൽ ആവാറായിരുന്നു. ബസ്സ്‌ കാണാത്തതിനാൽ മുന്നിലെ പെട്ടിക്കടയിൽ നിന്ന് ഒരു ചൂട്‌ ചായയും പരിപ്പുവടയും കഴിച്ച് നിൽക്കുന്നതിനിടയിൽ പാലക്കാട്‌ ബസ്സ്‌ വന്നു. മാനം ഇരുണ്ടു നിൽക്കുകയാണെങ്കിലും ഇത്രനേരവും പെയ്തിട്ടില്ല. തണുത്ത കാറ്റേറ്റുള്ള യാത്ര സുഖകരമായി തോന്നി. ഒരു വശത്ത്‌ മലനിരകൾ ഭംഗിയായി കോടപുതച്ച്‌ ഉറങ്ങാൻ കിടക്കുന്നു. ബസ്സ്‌ കരിങ്കല്ലത്താണി കഴിഞ്ഞപ്പോൾ ഞാൻ മേപ്പ്‌ എടുത്ത്‌ നോക്കി. നാട്ടുകല്ലിലേക്ക്‌ ഇനി നാല്‌ കിലോമീറ്റർ കൂടിയേ ഉള്ളൂ. അവിടെയാണ്‌ എനിക്കിറങ്ങേണ്ടത്‌. യാത്രയുടെ അനിശ്ചിതത്വം തുടങ്ങുന്നതും അവിടെ നിന്നുതന്നെ.

സമയം ആറുമണിയോടടുക്കുന്നു. എന്റെ കണക്കുകൂട്ടലുകൾ പ്രകാരം പുത്തൂർ എന്ന സ്ഥലത്തേക്കാണ്‌ ഇനി പോകേണ്ടത്‌. വല്ലപ്പോഴും മാത്രം ബസ്സുള്ള ഒരു വഴിയാണത്‌ എന്ന് നാട്ടുകല്ലിൽ ഇറങ്ങിയപ്പോൾ അറിയാൻ കഴിഞ്ഞു. ഓട്ടോറിക്ഷ വല്ലതും കിട്ടുമോ എന്ന് നോക്കി. പരിസരത്തെങ്ങും ഒന്നുപോലുമില്ല. പിന്നെ നടക്കാൻതന്നെ തീരുമാനിച്ചു. നാല് കിലോമീറ്ററിലധികം ദൂരമുണ്ടെന്ന് ഗൂഗിൾ മേപ്പിൽ നിന്ന് മനസ്സിലായി. എന്നാൽ എനിക്ക്‌ പോകേണ്ടത്‌ പുത്തൂരിൽ നിന്ന് പിന്നേയും ഉള്ളിലേക്കാണ്‌, നീർപുത്തൂർ ക്ഷേത്രത്തിലേക്ക്. വഴിയിൽകണ്ട ഒന്നുരണ്ടുപേരോട്‌ ക്ഷേത്രത്തെക്കുറിച്ച്‌ ചോദിച്ചെങ്കിലും അവർക്കങ്ങനെയൊരു ക്ഷേത്രത്തെക്കുറിച്ച്‌ അറിയുമായിരുന്നില്ല. ഏകദേശം ഒരു കിലോമീറ്റർ നടന്നുകാണും. ഞാൻ നിരാശനാകാൻ തുടങ്ങി. നടന്ന് ഇരുട്ടുവീഴുന്നതിനു മുൻപ്‌ അവിടെ എത്തിച്ചേരുക എന്നത്‌ അസാധ്യമാണെന്ന് തിരിച്ചറിയാൻ തുടങ്ങിയിരുന്നു.

ഈ സമയം എതിരേനിന്നു വന്നൊരു ഓട്ടോറിക്ഷക്ക്‌ കൈകാണിച്ചു. ഭാഗ്യം! അയാൾ നിർത്തി. ഞാൻ പറഞ്ഞ സ്ഥലത്തെക്കുറിച്ച്‌ അയാൾക്കും വലിയ പിടിയില്ല. മാത്രമല്ല അയാൾ വേറെ ഒരു ആവശ്യത്തിന്‌ നാട്ടുകല്ലിലേക്ക്‌ പോകുകയുമായിരുന്നു. വണ്ടി മുന്നോട്ടെടുത്തു പോയശേഷം അയാൾ ഒരു നിമിഷം ഒന്നുനിർത്തി എന്നെ കൈകൊട്ടി വിളിച്ചു ചോദിച്ചു “ആ തോട്ടിൻ കരയിലുള്ള ക്ഷേത്രമാണോ?” എനിക്കറിയില്ല ക്ഷേത്രത്തിനു സമീപം തോടുണ്ടോ എന്ന്. ഒരു നിമിഷം ആലോചിച്ചു നിന്ന് ആ ഓട്ടോക്കാരൻ പറഞ്ഞു. “അതുതന്നെയായിരിക്കും വെള്ളത്തിനു നടുവിലുള്ള ക്ഷേത്രം”. വെള്ളത്തിനു നടുവിൽ എന്നുകേട്ടപ്പോൾ എന്റെ മനസ്സിൽ പ്രതീക്ഷയുടെ പുതുനാമ്പുകൾ തളിർത്തു. അതേ, അതുതന്നെ….ഞാൻ പറഞ്ഞു. എന്നാ പോന്നോളീ നടന്ന് അവിടെത്താൻ പ്രയാസാണ്‌. സന്ധ്യായില്ലേ…എന്നു പറഞ്ഞ്‌ ആ ഓട്ടോക്കാരൻ വണ്ടിതിരിച്ചു.

വിജനമായ വഴിയാണ്‌ പുത്തൂർ എത്തുന്നത്‌ വരെ. പുത്തൂർ കവലയിൽ കുറച്ച്‌ കടകളും ഒരു ഓട്ടോറിക്ഷാ സ്റ്റാന്റുമുണ്ട്‌. അവിടെ നിന്ന് വലത്തോട്ട്‌ തിരിഞ്ഞുവേണം നീർപുത്തൂർ ക്ഷേത്രത്തിലേക്ക്‌ പോകാൻ. വീണ്ടും വിജനമായ വഴികൾ എന്നാൽ ഒന്നുകൂടി പച്ചപ്പ്‌ നിറഞ്ഞ പ്രദേശങ്ങളായിരുന്നു പിന്നീടങ്ങോട്ട്‌. സ്ഥലവും പശ്ചാത്തലവും കണ്ടപ്പോൾ അഥർവം സിനിമയിൽ മന്ത്രവാദിയെ അന്വേഷിച്ചുപോകുന്ന മകനും കൂട്ടുകാർക്കും അച്ഛൻനമ്പൂതിരി സ്ഥല ലക്ഷണം പറഞ്ഞുകൊടുക്കുന്ന ഡയലോഗ്‌ ആണ്‌ ഓർമ്മ വന്നത്‌. “അനന്തൻ വസിക്കുന്നിടം തികച്ചും വിജനമാണ്‌. ജലത്താൽ ചുറ്റപ്പെട്ടത്‌. പർവ്വത മധ്യത്തിലായിരിക്കും ഇരിപ്പിടം. വാസസ്ഥലം പഴക്കം ചെന്നതായിരിക്കും, ഇടഞ്ഞ്‌ പൊളിഞ്ഞത്.”

അങ്ങനെയൊരു പ്രദേശത്തേക്കാണ്‌ ആ ഓട്ടോക്കാരൻ എന്നേയും കൊണ്ട്‌ പോകുന്നത്‌. ഏതാണ്ട്‌ ആറേമുക്കാലോടെ ഞാൻ നീർപുത്തൂർ ക്ഷേത്രത്തിലെത്തി. ഓട്ടോക്കാരനോട്‌ ഒരു പത്തുമിനിട്ട്‌ കാത്തുനിൽക്കുമോ എന്ന് ചോദിച്ചു. നോമ്പ്‌ തുറക്കാനുള്ളതിനാൽ മൂപ്പർക്ക്‌ അപ്പോൾ തന്നെ തിരിച്ചുപോകണം എന്നു പറഞ്ഞു. കുറച്ച്‌ ആളനക്കമുള്ള സ്ഥലത്ത്‌ എത്തണമെങ്കിൽ രണ്ട്‌ കിലോമീറ്ററെങ്കിലും നടക്കേണ്ടിവരും. എന്നാലും സാരമില്ല. “ഇക്കാ നിങ്ങളെ കണ്ടില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഞാൻ ഇവിടെ എത്തില്ലായിരുന്നു. നന്ദി.”
ഓട്ടോ പറഞ്ഞുവിട്ട്‌ ഞാൻ ക്ഷേത്രത്തിലേക്ക്‌ നടന്നു.

മലപ്പുറം ജില്ലയിൽ മലപ്പുറം-പാലക്കാട്‌ ജില്ലകളുടെ അതിർത്തിയിലായാണ്‌ നീർപുത്തൂർ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്‌. ക്ഷേത്രത്തിനു മുന്നിലായി ഒരു വശത്തുകൂടെ ഒരു തോട്‌ ഒഴുകുന്നു. മഴ പെയ്തതിനാലാവാം വെള്ളം കുത്തിയൊലിക്കുന്നുണ്ട്‌. ക്ഷേത്രത്തിനു നേരെ മുന്നിൽ തന്നെ ഒരു കുളമുണ്ട്‌. പുരാതനമായ ആനപ്പള്ളമതിൽ പലയിടങ്ങളിലും പൊട്ടിപ്പൊളിഞ്ഞിരിക്കുന്നു. ഈ മതിലിനു പുറത്തായി മറ്റൊരു കുളം കൂടിയുണ്ട്‌. ക്ഷേത്രത്തിനകത്തും പുറത്തും ഓരോ കിണറുകൾ കാണാം. അകത്തെ കിണർ ചതുരാകൃതിയിലുള്ളതും മുകൾതട്ടുവരെ ജലം നിറഞ്ഞതുമായ മനോഹരമായ ഒന്നാണ്‌. ഈ പ്രദേശത്ത്‌ നിൽക്കുമ്പോൾ തന്നെ മണ്ണിന്‌ ജലാംശമുണ്ടെന്ന് മനസ്സിലാകും. ഒരുപക്ഷേ ഭൂമിക്കടിയിൽ അധികം ആഴത്തിലല്ലാതെ തന്നെ സമൃധമായ ജലസ്രോതസ്സ്‌ ഉണ്ടായിരിക്കാം.

തകർന്നുപോയ ഏതോ പുണ്യപുരാതന ക്ഷേത്രസങ്കേതത്തെ സൂചിപ്പിക്കുന്നതാണ്‌ ക്ഷേത്രത്തിലേക്കുള്ള പ്രവേശനകവാടം. മൂന്ന് വശങ്ങളിലും കവാടങ്ങളുണ്ട്‌. അതിൽ കിഴക്കുവശത്തേയും പടിഞ്ഞാറുവശത്തേയും കവാടങ്ങൾ പ്രാചീനകാലത്ത്‌ ഈ ക്ഷേത്രത്തിനുണ്ടായിരുന്ന പ്രൗഡഗാംഭീര്യം വിളിച്ചോതുന്നവയാണ്‌. കവാടങ്ങളുടെ മുകളിലെ കൽപാളികളിൽ ഗജലക്ഷ്‌മിയോ എന്തോ, വ്യക്തമല്ലാത്ത കൊത്തുപണികൾ കാണം. ക്ഷേത്രപരിസരമാകെ പുല്ല്‌ വന്ന് മൂടിയിയിരുന്നു. ചുറ്റുപാടും നിശബ്‌ദത തളം കെട്ടിനിൽക്കുന്നു. അതിനുനടുവിൽ തപസ്സിലെന്നപോലെ മഹാദേവൻ വസിക്കുന്നു. മൂവായിരം വർഷത്തെ പഴക്കമുണ്ടാകാം ക്ഷേത്രത്തിനെന്ന് അനുമാനിക്കപ്പെടുന്നു. പ്രാചീനത വിളിച്ചോതുന്നതാണ് ബലിക്കൽ പുരയും ഊട്ടുപുരയും.

ഇവിടുത്തെ പ്രത്യേകത എന്തെന്നാൽ ജലത്തിനു നടുവിലാണ്‌ ശിവലിംഗവും ശ്രീകോവിലും നമസ്‌കാരമണ്ഡപവും സ്ഥിതിചെയ്യുന്നത്‌ എന്നതാണ്. ശ്രീകോവിലിനുള്ളിലുള്ള ഉറവപൊട്ടിയാണ് ഇവിടം ജലത്തിനടിയിലായതെന്ന് കരുതപ്പെടുന്നു. ഇത്‌ ഗംഗാദേവിയാണെന്നാണ് വിശ്വാസം. പുണ്യതീർത്ഥജലമായി വിശ്വസിക്കപ്പെടുന്നതിനാൽ ഈ ജലത്തിൽ ചവിട്ടാൻ പാടില്ല എന്നുണ്ട് . മേൽശാന്തിമാത്രമാണ്‌ ഇവിടെ ജലത്തിലിറങ്ങി നടക്കുക, അതും പൂജാ ആവശ്യങ്ങൾക്ക്‌ മാത്രമായി. ഈ ജലം ബലിക്കൽ പുരയിലേക്കും ക്ഷേത്രത്തിനു ചുറ്റും ഒരു ചാലുപോലെയും വ്യാപിച്ചതായി കാണപ്പെടുന്നു. മഴക്കാലത്ത്‌ ക്ഷേത്രമതിൽക്കെട്ടിനുള്ളിലാകെ വെള്ളം നിറയും. പ്രതിഷ്ഠാ ഭാവം ഉഗ്രകോപത്തിലിരിക്കുന്ന ശിവനാണെന്നും കോപം ശമിപ്പിക്കാൻ ശിവജഡയിൽ നിന്ന് ഉറവപൊട്ടി പ്രവഹിക്കുന്ന ഗംഗാദേവിയാൽ ക്ഷേത്രം ചുറ്റപ്പെട്ടു എന്നുമെല്ലാമാണ്‌ ഐതിഹ്യങ്ങൾ. സ്വതവേ ജലസമൃധമായ പ്രദേശത്ത് നീരുറവ കാണപ്പെട്ട സ്ഥലത്തിനു ചുറ്റും ആഴം കുറഞ്ഞ ഒരു കുളം നിർമ്മിച്ച്‌ പ്രതിഷ്ഠ നടത്തിയതായിരിക്കാമെന്ന് ഞാൻ കരുതുന്നു. വെള്ളത്തിനടിയിൽ ബലിക്കല്ലുകൾ കാണാം.

സ്ഥിരമായി ഒരു ശാന്തിക്കാരൻ ഇല്ലാത്തതിനാലും അധികം ആളുകൾ ഇല്ലാത്തതിനാലും കാരണമാകാം രാവിലെ മാത്രമേ ക്ഷേത്രത്തിൽ പൂജകളുള്ളൂ. ഉള്ളിൽ പ്രവേശിക്കാനും രാവിലേയേ പറ്റൂ എന്ന് ഞാൻ അറിഞ്ഞത്‌ അവിടെ എത്തിയപ്പോഴായിരുന്നു. ജലത്തിനു നടുവിലുള്ള പ്രതിഷ്ഠയും ശ്രീകോവിലും മണ്ഡപവും എന്ന പ്രത്യേകത തേടിവന്നതിനാൽ അത്‌ ദർശ്ശിക്കാതെ മടങ്ങിയാൽ ഉദ്ദേശിച്ച കാര്യം അപൂർണ്ണമാകും എന്നുള്ളതിനാൽ പിറ്റേന്ന് രാവിലെ ഒന്നുകൂടി ഇവിടം സന്ദർശിക്കാനായി നിശ്ചയിച്ചുകൊണ്ട് ഞാൻ മടങ്ങി.

തോടിനുമുകളിലുള്ള പാലത്തിനു സമീപത്തായി കുറച്ച്‌ ചെറുപ്പക്കാർ ഇരിക്കുന്നുണ്ടായിരുന്നു. അവരോട്‌ തിരിച്ചു പോകേണ്ടകാര്യത്തെ കുറിച്ച്‌ സംസാരിച്ചു. ഓട്ടോ വല്ലതും കിട്ടണമെങ്കിൽ രണ്ട്‌ കിലോമീറ്ററെങ്കിലും നടക്കേണ്ടിവരും. ഇരുട്ടുവീണുതുടങ്ങിയ ആ നേരത്ത്‌ വഴിയറിയാത്ത സ്ഥലങ്ങളിലൂടെ നടക്കുന്നത്‌ ആലോചിക്കാൻ വയ്യ. പോരാത്തതിന്‌ ചെറുതായി മഴ പെയ്യാനും തുടങ്ങിയിരിക്കുന്നു. അവിടെകണ്ട ചെറുപ്പക്കാരിൽ ഒരാൾ 55ആം മൈലിൽ കൊണ്ടുവിടാം എന്നും പറഞ്ഞ്‌ ഒരു ഓട്ടോറിക്ഷയുമായി വന്നു. കോഴിക്കോട്‌ – പാലക്കാട്‌ പാതയിലെ ഒരു ബസ്‌ സ്റ്റോപ്പാണ്‌ 55ആം മൈൽ. അവിടെ നിന്ന് പെരിന്തൽമണ്ണയിലേക്കുള്ള ലോക്കൽ പ്രൈവറ്റ്‌ ബസ്സ്‌ കിട്ടും.

പിറ്റേന്ന് അതിരാവിലെ ഞാൻ വീണ്ടും നീർപുത്തൂരിലേക്ക്‌ യാത്രയായി. ജലത്താൽ ചുറ്റപ്പെട്ട ക്ഷേത്രത്തെ നാലമ്പലത്തിനുള്ളിൽ പ്രവേശിച്ച്‌ നേരിൽ കണ്ടറിഞ്ഞു. അനുവാദത്തോടെ കുറച്ച്‌ ചിത്രങ്ങൾ പകർത്തി. ഇവിടെ പാർവ്വതീ പ്രതിഷ്ഠയില്ല എന്നത് ശ്രദ്ധേയമാണ്‌. ഗണപതിയാണ്‌ ഉപദേവത. വൈകീട്ട്‌ ഇവിടം വിജനമെങ്കിൽ രാവിലെ രണ്ടോ മൂന്നോപേരിൽ ഒതുങ്ങി നിന്നു ഇവിടുത്തെ ജനത്തിരക്ക്‌. മലബാർ ദേവസ്വത്തിനു കീഴിൽ വരുന്ന ക്ഷേത്രമാണിത്. ഒരുകാര്യം ഈ അവസരത്തിൽ ഇവിടെ പറയേണ്ടതായുണ്ട്‌. വരുമാനമുള്ള ക്ഷേത്രങ്ങളെ മാത്രമേ ദേവസ്വം ബോർഡ്‌ ഏറ്റെടുക്കൂ എന്നും ഏതെങ്കിലും ഒരു ക്ഷേത്രത്തിന്‌ വരുമാനമുണ്ടായി വരുമ്പോൾ ദേവസ്വം ബോർഡ്‌ വന്ന് തട്ടിയെടുക്കുമെന്നൊക്കെ പറഞ്ഞ്‌ അസ്വസ്ഥത പ്രചരിപ്പിക്കുന്നവർ ഇവിടെ വന്ന് ഒന്ന് കാണണമെന്ന് നിർദ്ദേശിക്കുകയാണ്‌. ഇതുപോലെയുള്ള പലക്ഷേത്രങ്ങളും പലദേവസ്വം ബോർഡുകൾക്കു കീഴിലുമുണ്ട്‌. അവിടങ്ങളിൽ അന്തിത്തിരി കത്തുന്നത്‌ ദേവസ്വം ബോർഡുകൾക്ക്‌ കീഴിലുള്ള വരുമാനമുള്ള ക്ഷേത്രങ്ങളെ ആശ്രയിച്ചാണെന്നുള്ള വസ്തുത മറന്നുകൂടാ.

ഇവിടെ ചില ജീർണ്ണോദ്ധാരണങ്ങൾ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയുണ്ടെന്ന് തോന്നുന്നു. കേടുപാടുകൾ തീർത്ത്‌ പഴയ നിർമ്മിതികൾ തനതുരൂപത്തിൽ നിലനിർത്താൻ ഇവിടുത്തുകാർക്ക് കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു. പലസ്ഥലങ്ങളിലും ജീർണ്ണോദ്ധാരണത്തിന്റെ ഭാഗമായി പ്രാചീന നിർമ്മിതികളുടെ സ്ഥാനത്ത്‌ കോൺക്രീറ്റ്‌ കെട്ടിടങ്ങൾ ഉയരുകയാണ്‌ കണ്ടുവരുന്നത്‌. ഭക്തിക്ക്‌ കോൺക്രീറ്റ്‌ ആയാലും മതിയാകുമായിരിക്കും എന്നാൽ ചരിത്രാന്വേഷണങ്ങൾക്ക്‌ പുരാതന സ്‌മാരകങ്ങൾ തനതുരൂപത്തിൽ നിലനിർത്തുക തന്നെവേണം. പെരിന്തൽമണ്ണയിൽ നിന്ന് 20 കിലോമീറ്ററാണ്‌ നീർപുത്തൂർ ശിവക്ഷേത്രത്തിലേക്കുള്ള ദൂരം.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply