വാക്കോടൻ മലമുകളിലേക്ക് ഒരു സാഹസിക ട്രെക്കിംഗ്…

യാത്രാവിവരണം – Muhammed Rafeeq Anamangad.

കഴിഞ്ഞ വർഷം ഡിസംബറിൽ കസിൻ ബ്രോ റിശാലിന്റെ കൂടെ കാഞ്ഞിരപ്പുഴ പോയപ്പോൾ ആണ് ഞാൻ അവളെ ആദ്യം കണ്ടത്, കാഞ്ഞിരപ്പുഴ ഡാമിലേക്ക് കണ്ണും നട്ട് ഇരിക്കുന്ന അവളെ “കണ്ട നേരം ഖൽബിനുള്ളിൽ മോഹമുധിച്ച്” അവളുടെ പേരും നാടും ഒന്നും അറിയില്ലെങ്കിലും അന്ന് മനസ്സിൽ ഉറപ്പിച്ചതാണ് അടുത്ത വരവ് അവളുടെ അടുത്തേക്ക് ആണെന്ന്.

അങ്ങനെ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നിലമ്പൂർ ഉള്ള ഫാഹിസ് ഒരു യാത്ര ഗ്രൂപ്പിൽ ഒരു പോസ്റ്റ് ഷെയർ ചെയ്തു, വാക്കോടൻ മലയുടെ മുകളിൽ നിന്നും കാഞ്ഞിരപ്പുഴ ഡാം വ്യൂ ഉള്ള ഒരു കിടില്ലൻ പോസ്റ്റ്, അങ്ങനെ മനസ്സിൽ കൊണ്ടു നടന്ന അവളുടെ അടുത്തെത്താൻ പടച്ചോൻ കൊണ്ട് തന്ന വഴികാട്ടി “Fahiz” ഉടനെ വാട്ട്സ്ആപ്പിൽ കോൺടാക്ട് ചെയ്തു വിവരങ്ങൾ അന്വേഷിച്ച്, അവന് ഒരു തവണ കൂടി അവിടെ പോകാൻ താൽപ്പര്യം ഉണ്ട്, അത് കൊണ്ട് നീ പോകുമ്പോൾ വിളിക്കണം എന്നും കാഞ്ഞിരപ്പുഴ യുടെ വടക്കേ കിഴക്കേ അറ്റത്തുള്ള അവളുടെ അടുത്തെത്താൻ നല്ല പാടാണ്, പോകുന്ന വഴിക്ക് കുറെ വള്ളികളും, കുത്തനെ ഉള്ള പാറ കെട്ടുകളും , കാട്ടു തേനീച്ച കളും ഒക്കെ ഉണ്ട് വഴികാട്ടിയുടെ ഉപദേശം തെല്ലൊന്നു അവേശത്തിലാഴ്ത്തി.

അങ്ങനെ ഞങ്ങൾ രണ്ട് പേര് പോകാൻ ഉദ്ദേശിച്ച യാത്ര ഒരു ഇവന്റ് ആക്കി മാറ്റി, *_Team Gallivanters_* ന്റെ 12th പ്രോഗ്രാം _”വാക്കോടൻ മല ട്രെക്കിങ്ങ് “_ അങ്ങനെ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം May 06 ഞായർ starting point ആയ പെരിന്തൽമണ്ണയിലേക്ക് ഞങ്ങൾ പുറപ്പെട്ടു, പെട്രോൾ അടിക്കാൻ നേരം വഴികാട്ടി ഫാഹിസ്‌ വിളിക്കുന്നു, അവൻ ട്രെയിനിൽ ആണ് വരുന്നത്, അങ്ങനെ അങ്ങാടിപ്പുറം ഇറങ്ങിയ അവനേം എടുത്ത് പെരിന്തൽമണ്ണ പാലക്കാട് ബൈപ്പാസിൽ രാവിലെ 8 മണിക്ക് ഞങ്ങൾ എത്തി ചേർന്നു, 14 പേരാണ് പോകുന്നത്, അതിൽ പുത്തനത്താണി ഉള്ള ജുറൈജിനും സ്വാലി ക്കും എത്താൻ കഴിയില്ല എന്ന് പറഞ്ഞു, വയനാട് നിന്നും മുർഷി വരുന്നുണ്ട്, അവൻ ലേറ്റ് ആകും എന്ന് പറഞ്ഞിരുന്നു, പിന്നെ കുറ്റിപ്പുറം ടീം ശാക്കിർ, ജൗഹർ വളാഞ്ചേരി ടീം അനസ്,ഉസ്മാൻ,ശഹൽ, താജു , മങ്കടയിൽ നിന്ന് അജിഷ് പിന്നെ ചങ്ക് ബ്രോ അസ്സിപ്പ, പുള്ളി രാവിലത്തെ “Run Perinthalmanna Run” മാരത്തോൺ 10 km finish ചെയ്താണ് മല കയറാൻ വരുന്നത്…

അങ്ങനെ ഒമ്പത് മണിക്ക് ഞങ്ങൾ 11 പേര് 6 ബൈക്കിൽ ആയി വാക്കോടൻ മല ലക്ഷ്യമാക്കി നീങ്ങി,
മണ്ണാർക്കാട് കഴിഞ്ഞ് നെല്ലിപ്പിഴയിൽ നിന്ന് ഇടത്തോട്ട് തിരിയാൻ ഗൂഗിൾ അണ്ണൻ പറഞ്ഞപ്പോൾ അ വഴിക്ക് കയറി, നേരായ വഴി നെല്ലിപ്പുഴയിൽ നിന്ന് 3 km മുമ്പോട്ട് ചെന്ന് കൊട്ടിയോടിൽ നിന്നും ഇടത്തോട്ട് ആണ്, എന്തായാലും ഗൂഗിൾ അണ്ണന്റെ വഴി നല്ല കിണ്ണം കാച്ചി വഴി ആയിരുന്നു, ഗൂഗിൾ അണ്ണൻ പണി തന്നോ എന്ന് വരെ ഒരു നിമിഷം ആലോചിച്ചു, കാരണം വീടിന്റെ മുന്നിലൂടെ ഉള്ള ഇട വഴികളാണ് പുള്ളി കാണിച്ച വഴി… ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ ആണെങ്കിൽ അത് തൊട്ടറിയാൻ കൂടെ ഗൂഗിൾ അണ്ണൻ ഉണ്ടായാൽ മതി.

ഇടവഴികളും കനാലുകളും താണ്ടി ഞങ്ങൾ കാഞ്ഞിരപ്പുഴ ഡാമിന്റെ മുൻവശം എത്തി, അവിടെ നിന്ന് ഒരു 100 മീറ്റർ മുമ്പോട്ട് പോയി ഇടത്തോട്ട് തിരിഞ്ഞു പോകണം. അവിടെ വണ്ടി നിറുത്തി ഒരു കട്ടൻ അടിക്കാൻ നോക്കി പക്ഷെ കിട്ടിയില്ല… ഇത് വരെ ഞാനായിരുന്നു റൈഡ് ലീഡ് ചെയ്തത്, ഇനിയങ്ങോട്ട് എനിക്ക് വഴി അറിയില്ല അത് കൊണ്ട് മ്മടെ വഴികാട്ടി ഫായിസ് നേ മുമ്പിൽ വിട്ട് യാത്ര തുടങ്ങി. അങ്ങനെ പാലക്കയം എത്തി ഇവിടെ നിന്ന് ഇടത്തോട്ട് പോയാൽ ശിരുവാണി ഡാം വലത്തോട്ട് പോയാൽ വാക്കോടൻ മല. കാഞ്ഞിരപ്പുഴ യിൽ നിന്നും മിസ്സ് ആയ കട്ടൻ പാലക്കയം തന്നു, അതും കുടിച്ച് വീണ്ടും യാത്ര തുടർന്നു…

അടുത്ത പോയിന്റ് ഇരുമ്പമുട്ടി ആണ്, അവിടെ നിന്നും കയ്യിലുള്ള വാട്ടർ ബോട്ടിൽ വെള്ളം നിറച്ച് ഇടത്തോട്ട് കയറി , കുത്തനെ ഉള്ള വഴി ആണ് , മലഞ്ചെരുവിലൂടെ വളഞ്ഞു പുളഞ്ഞ് ഞങ്ങൾ മുമ്പോട്ട് പോയി കൊണ്ടിരുന്നു, ദെ മുമ്പിൽ ഓഫ് റോഡ്, കുറച്ച് കയറിയപ്പോൾ ഫാഹിസ്‌ വണ്ടി സൈഡ് ആക്കി, ഭാഗ്യം അതികം ഓഫ് റോഡ് കയറ്റിയില്ല. ഇനിയങ്ങോട്ട് നടക്കണം, പോകുന്ന വഴിക്ക് ഇടക്കിടെ കുരിശുകൾ ഉണ്ട്, ഓരോന്നിലും നമ്പർ ഇട്ടിട്ടുണ്ട്, അങ്ങനെ 13 മത്തെ കുരിശ് എത്തി, ഇവിടെ നിന്നും ഇനി വാഴ തോട്ടത്തിൽ കൂടി ആണ് പോകേണ്ടത്, താഴെ ഒരു തരം വള്ളികൾ പന്തലിച്ചു കിടക്കുന്നുണ്ട്, ഇടക്കിടെ ഓരോരുത്തരായി വള്ളിയിൽ കാൽ കുടുങ്ങി വീഴുന്നു, അഡ്വഞ്ചർ ലെവൽ 1 അതായിരുന്നു. അങ്ങനെ ഏക്കർ കണക്കെ നീണ്ടു കിടക്കുന്ന വാഴ തോട്ടം ഞങ്ങൾ മാറി കടന്നു, വരുമ്പോൾ വാങ്ങിയ രണ്ടു ഗ്ലൂക്കോസ് പൗഡർ പാക്കറ്റ് ഒന്നു വാഴ തോട്ടം കഴിഞ്ഞതോടെ തീരുമാനം ആയി.

കുറച്ച് നേരം വിശ്രമിച്ച് വീണ്ടും മല കയറി, മുന്നിൽ കുത്തനെ നിൽക്കുന്ന വാക്കോടൻ മല, മലയുടെ സൈഡിൽ കാട്ടു തേനീച്ചകളുടെ ആവാസ കേന്ദ്രങ്ങൾ, ഇനിയങ്ങോട്ട് വളരെ സൂക്ഷിച്ചു വേണം പോകാൻ, കാരണം തേനീച്ചകൾ ധാരാളം ഉണ്ട്, മുന്നിൽ നിന്നും വഴിക്കട്ടിയുടെ നിർദ്ദേശം ” ശബ്ദമുണ്ടാക്കാതെ വരിക, വള്ളികളിൽ ഒന്നും പിടിച്ച് വരരുത്, തേനീച്ചകൾ ഇളകാൻ സാധ്യത ഉണ്ട്” വീണ്ടും മുന്നോട്ട് നീങ്ങി, മുന്നിൽ അടുത്ത കടമ്പ എത്തി, രണ്ട് പാറയിടുക്കിന്നുള്ളിലൂടെ കയറി പോകണം, ഫഹിസും അസിപ്പയും ആദ്യം കയറി, വാട്ടർ ബോട്ടിൽ ബാഗും മുകളിൽ കയറ്റിയ ശേഷം ഞങ്ങൾ ഓരോരുത്തരും കയറാൻ തുടങ്ങി, ഷഹൽ കയറാൻ കുറച്ച് ബുദ്ധിമുട്ടി എങ്കിലും അവനും കയറി.

ഇനി ഇരു വശത്തും കുത്തനെ ഉള്ള പാറയാണ്, ഞങ്ങൾ ആദ്യം ഇടതു വശത്തുള്ള പാറയിൽ കയറാൻ തുടങ്ങി, ആലിന്റെ വള്ളിയിൽ തൂങ്ങി ഒരു വിധം കയറി കൂടി, പിടിച്ചെതിലും വലുതാണ് മടയിൽ എന്ന് പറഞ്ഞ പോലെ, ഇനിയങ്ങോട്ട് സാഹസികതയുടെ അങ്ങേതല ആയിരുന്നു , എന്തായാലും ഇൗ സ്പോട്ടിൽ ശഹൽ കീഴടങ്ങി, ഞങ്ങൾ പത്ത് പേര് വീണ്ടും മല കയറി , അടുത്ത കയറ്റത്തിൽ ഉസ്മാനും അടിയറവ് പറഞ്ഞ്, അങ്ങനെ ബാക്കി ഒമ്പത് പേര് വാക്കോടൻ മലയുടെ മുകളിൽ വെന്നിക്കൊടി പാറിച്ച്, ഇത്രെയും അഡ്വഞ്ചർ ആയി മുമ്പ് ഒരു മലയും കയരീട്ടില്ല, മല മുകളിൽ നിന്നും താഴെ കാഞ്ഞിരപ്പുഴ ഡാം മിന്റെ ദൃശ്യം… കിഴക്ക് പക്ചിമഘട്ട മല നിരകൾ…നാല് മാസങ്ങൾക്ക് മുമ്പ് എന്റെ മനസ്സിൽ കയറി കൂടിയ അവളുടെ അടുത്ത് എത്തിയ നേരം ഇൗ ലോകത്തിൽ അസാധ്യമായി ഒന്നുമില്ല എന്ന് എന്റെ മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു. ഓരോ മലയിടുക്ക്‌ കയറുമ്പോഴും കയറാൻ നമ്മെ സഹായിക്കുന്ന പിടിവള്ളികൾ, ഒളിഞ്ഞിരിക്കുന്ന ഇൗ പിടിവള്ളികൾ കണ്ടെത്തി മുകളിലോട്ട് കയറുമ്പോൾ കിട്ടുന്ന പോസിറ്റീവ് തരംഗങ്ങൾ ഒന്നു വേറെ ആണ്.

അങ്ങനെ ഫോട്ടോ എടുക്കലും വിശ്രമവും കഴിഞ്ഞ് ഞങ്ങൾ മല ഇറങ്ങാൻ തുടങ്ങി, മല കയറ്റം പാതി വഴിയിൽ നിറുത്തിയ ഉസ്മാൻ താഴെ ഇരിക്കുന്നുണ്ട്, മല കയറ്റം തുടക്കത്തിലേ അടിയറവ് പറഞ്ഞ ശഹൽ നേ കാണാനില്ല, നോക്കിയപ്പോ ദെ പുള്ളി അപ്പുറത്തെ മലയുടെ പകുതിക്ക് നിക്കുന്ന്… ഞങ്ങൾ മലയിറങ്ങി കുറച്ച് നേരം അവിടെ ഇരുന്നു. അനസ് ഇറങ്ങിയ പാടെ ശഹൽ കയറിയ മല കയറാൻ പോയി,പിന്നാലെ ഞാനും താജുവും വിട്ടു, അദ്യ മലയേക്കാൾ അഡ്വഞ്ചർ കുറഞ്ഞ മലയാണ് ഇത്, പക്ഷേ ഒരു പോയിന്റിൽ ശെരിക്കും പെട്ട്. പാറയിടുക്കിൽ ഒരു മരം ഉണ്ട് അതിൽ കയറി വേണം മുകളിൽ എത്താൻ, താജു ഷൂ മരത്തിൽ കെട്ടി തൂക്കി നഗ്ന പാദനായി കയറി പോയി, അടുത്തത് എന്റെ ഊഴമാണ് ഷൂ അഴിച്ചു മരത്തിൽ കയറി, പടച്ചോനെ പെട്ട് ഇനി എങ്ങനെ കയറും… കുറെ ശ്രമിച്ചു, പറ്റുന്നില്ല… അപ്പോഴേക്കും ശാക്കിരും ജൗഹറും എത്തി, അങ്ങനെ കുറെ തല പുകച്ചപ്പോൾ കിട്ടിയ പിടിവള്ളി പിടിച്ച് കയറി… എന്നാലും ആദ്യ മല കയറിയപ്പോൾ എന്നെ കൊണ്ട് പറ്റില്ല എന്ന് പറഞ്ഞ ശഹൽ ഇത് എങ്ങനെ കയറി എന്ന് ഞാൻ കുറെ ആലോചിച്ചു…

മുകളിലെ ആദ്യ കാഴ്ച്ച ഒരു ഫ്രെയിം ആയിരുന്നു, നാല് പാറ കെട്ടുകൾ ക്കിടയിലൂടെ കാഞ്ഞിരപ്പുഴ ഡാമിൻെറ ദൃശ്യം, വളരെ മനോഹരമായിരുന്നു. അവിടെ നിന്നും മലയുടെ മുനമ്പിലൂടെ ഉള്ള നടത്തം, പപ്പു പറഞ്ഞ പോലെ ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ പോയാൽ തീർണ്.. ഒരു കട്ട സാഹസികം ആയിരുന്നു അത്. അങ്ങനെ ഒരുപാട് പുതിയ കാഴ്ചകളും ,അനുഭവങ്ങളും കുറെ പുതിയ ചെങ്ങായിമാരേം സമ്മാനിച്ച് വാക്കോടൻ മലയോടു ഞങ്ങൾ വിട വാങ്ങി, തിരിച്ച് കാഞ്ഞിരപ്പുഴ ഡാം പരിസരത്തെ ഒരു ഹോട്ടലിൽ കയറി ചിക്കൻ ബിരിയാണി അകത്താക്കി വീട്ടിലേക്ക് തിരിച്ചു.

കുറച്ഛ് ഹെവി അഡ്വഞ്ചർ ആണ്, എല്ലാവരും കായിക ക്ഷമത ഉള്ളവർ ആയിക്കോളണം എന്നില്ല പറഞ്ഞ് വിട്ട് വല്ല അപകടവും പറ്റിയാൽ അതിന്റെ പാപ ഭാരം ചുമക്കാൻ വയ്യാഞ്ഞിട്ടാണ്. പോവുന്നുവെങ്കിൽ സൂക്ഷിക്കുക, മഴ പെയ്യുന്നത് കൊണ്ട് സ്ലിപ്പ് ആവനുള്ള സാധ്യതകൾ ഉണ്ട്. സേഫ്റ്റി നോക്കണം. ഒരുപാട് സ്ഥലങ്ങൾ ഇനിയും കാണാനുണ്ട്, റോപ്പും മറ്റു സദാന സമഗ്രഹികൾ ഒക്കെ കരുതിക്കോ. റൂട്ട് : പെരിന്തൽമണ്ണ – മണ്ണാർക്കാട് – കാഞ്ഞിരപ്പുഴ – പാലക്കയം – ഇരുമ്പമുട്ടി – വാക്കോടൻ മല.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply