ഗവിയിലേക്ക് ആനവണ്ടിയിൽ നിന്നുകൊണ്ടൊരു യാത്ര..!!

യാത്രാവിവരണം – AF Sah AFz.

ഗവി.. ഒരുപാട് കേട്ടിട്ടുണ്ടങ്കിലും പോകാൻ മടിച്ച ഒരു സ്ഥലമായിരുന്നു ഗവി.. കാരണം വേറൊന്നും അല്ല.. ബൈക്കും ആയി ഗവിയിലേക്ക് കടത്തി വിടില്ല എന്നത് തന്നെ.ട്രിപ്പ്‌ ആണെങ്കിൽ നമുക്ക് ബൈക്ക് വിട്ട് ഒരു കളിയും ഇല്ലാ…അതും പോരാത്തതിന് കാർ ആയിട്ട് പോകാനാണെങ്കിൽ തന്നെയും നേരത്തെ പോയി Q ഒക്കെ നിന്ന് പാസ്സ് എടുത്തു വേണം പോകാൻ.പിന്നെ ആകെ ഉള്ളത് നമ്മടെ ആനവണ്ടി ആണ് . അതൊക്കെ കാരണം ഒരു മടി ആയിരുന്നു ഗവിയിലേക് ഒരു യാത്ര നടത്താൻ..അങ്ങനെ ഇരിക്കുമ്പോൾ ആണ് സൗദി അറേബിയയിലെ സുഡാനികളുടെ വലം കയ്യ് എന്നും കഞ്ഞിപ്പുഴയുടെ മുത്ത്‌ എന്നും അറിയപ്പെടുന്ന മുഹൈമിൻ മുഹമ്മദ്‌ കുഞ്ഞ് അൽ മക്ക വൽ മദീന മൽ മൊത്തം സൗദിയ്യ ഒരു ദിവസം വൈകിട്ട് ഗവിയിലേക്ക് ഒരു ട്രിപ്പ്‌ പ്ലാനുമായി വരുന്നത്.. അതും നമ്മടെ സ്വന്തം അനവണ്ടിയിൽ..

പ്ലാൻ കേട്ടപ്പോൾ തന്നെ വേണ്ടാന്ന് തീരുമാനിച്ചു.. എവിടുന്നു.. പുള്ളിക്കാരൻ വിടാൻ തയാറല്ല.. വീണ്ടും വീണ്ടും ഇതേ ആവശ്യം തന്നെ.. പോരാത്തതിന് ഷാൻ ഷമീം അമീൻ എന്ന മറ്റു സുഹൃത്തുക്കളെയും അളിയൻ സെറ്റ് ചെയ്തു..പിന്നെ ആലോചിച്ചപ്പോൾ കൂടിപ്പോയാൽ 500 രൂപയുടെ കാര്യമല്ലേ ഉള്ളു.. എന്തായാലും വലിയ പെരുന്നാൾ ഒക്കെ കഴിഞ്ഞു എവിടെങ്കിലും പോവുകയും വേണം.. അപ്പോൾ അനവണ്ടിയിൽ ഗവി യാത്ര ഒന്ന് ട്രൈ ചെയ്യാൻ തന്നെ തീരുമാനിച്ചു.. അപ്പോഴും മനസ്സിൽ ഉള്ള മടി തുറന്നു പറഞ്ഞപ്പോൾ മുഹൈമിൻ ഞങ്ങൾ ബാക്കി 4 പേരോടും ആയി പറഞ്ഞ ഒരു കാര്യം ഇപ്പോഴും ഓർമയുണ്ട്..

“അളിയാ ഞാൻ എല്ലാം തിരക്കി.. ഒരു കുഴപ്പവും ഇല്ലാ.. നൈസ് ആണെന്നാണ് പറയുന്നത്.. നമ്മടെ ശരീഫ് ഇക്ക ഒക്കെ പോയതാ ബസിൽ.. (പ്രായം കുറെ ആയിട്ടും 3 പിള്ളേരുടെ വാപ്പ ആയിട്ടും ഇപ്പോഴും ഫ്രീക്കൻ ആണ് എന്ന് പറഞ്ഞു ട്രിപ്പും പോയി നടക്കുന്ന, എന്റെ ജ്യേഷ്‌ഠനും കാഞ്ഞിപ്പുഴയിലെ ഏറ്റവും പ്രായമുള്ള ട്രിപ്പറും ആണ് ഷരീഫ് ഇക്ക 😁😁).. പുള്ളി എന്നോട് പറഞ്ഞത് കൂടിപ്പോയാൽ ബസിൽ നിങ്ങൾ പോകുന്നവരും പിന്നെ ഡ്രൈവറും കണ്ടക്ടറും മാത്രമേ കാണുള്ളൂ.. സുഖ യാത്ര ആയിരിക്കും ഒരു കുഴപ്പവുമില്ല പോരാത്തതിന് നാളെ വർക്കിംഗ്‌ ഡേ കൂടി ആയോണ്ട് തിരക്ക് വളരെ കുറവായിരിക്കും..” എന്നാണ്.. എന്തായാലും മുഹൈമിന്റെ വാക്കുകൾ വിശ്വസിച്ചു അടുത്ത ദിവസം തന്നെ പോകാം എന്ന് തീരുമാനിച്ചു.. പത്തനംതിട്ട ബസ് സ്റ്റാൻഡിൽ നിന്നാണ് ബസ് രാവിലെ 5:30 ക് തുടങ്ങുന്നത്.. അങ്ങനെ ഞങ്ങൾ കാഞ്ഞിപ്പുഴ യിൽ നിന്ന് അതിരാവിലെ 4 മണിക്ക് ബൈക്കുകളിൽ ബസ് സ്റ്റാണ്ടിലേക് യാത്രയായി.. ഒരു 5 മണി കഴിഞ്ഞപ്പോളെക് പത്തനംതിട്ട എത്തി.. ബൈക്കുകൾ അവിടെ ഉള്ള ഏതോ ഒരു കടയുടെ മുൻപിൽ സൈഡ് ആക്കി ഞങ്ങൾ ബസ് സ്റ്റാൻഡിൽ ഒരു ചായക്കടയിൽ കയറി ചായേം വടേം ഒക്കെ തിന്നോണ്ട് ഇരിപ്പായി..

ആളൊഴിഞ്ഞ ഗവി ബസ് വരുന്നതും കാത്താണ് ഇരിപ്പ്.. ഇടക് ഞങ്ങളിൽ ആരോ ഒരാൾ ചായക്കടക്കാരൻ ചേട്ടനോട് ചേട്ടാ ഗവി ബസ് എപ്പോഴാ വരുന്നത് എന്ന് ചോദിച്ചപ്പോൾ ദോ ആ കിടക്കുന്നതാണ് ഇപ്പോൾ പോകും വേഗം പോയി കയറിക്കോ എന്ന് പറഞ്ഞു കൊണ്ട് നീലയും വെള്ളയും കളർ അടിച്ച ഒരു ആനവണ്ടി കാണിച്ചു തന്നത്.. വണ്ടി കണ്ട ഷോക്കിൽ തന്നെ ചൂട് ചായ ഒറ്റ വലിക് ഇറങ്ങിപ്പോയി..എമ്മാതിരി തിരക്കാണ് എന്റെ റബ്ബേ… ഇരിക്കാൻ പോയിട്ട് മര്യാദക്ക് ഒന്ന് നിക്കാൻ പോലും ഉള്ള സ്ഥലം ആ ബസിൽ ഇല്ല..പ്രതിഷേതം അറിയിച്ചു ഞങ്ങൾ ഒരേ രീതിയിൽ മുഹൈമിനെ ഒന്ന് നോക്കി.. ആ പതിവ് വളിച്ച ചിരിയും മുഖത്തു ഫിറ്റ്‌ ചെയ്തു മച്ചാൻ പിന്നെയും ധൈര്യം തന്ന് ആളെ കൊല്ലാനായി പറഞ്ഞു.. “ചിലപ്പോ വർക്കിംഗ്‌ ഡേ ആയോണ്ട് ആയിരിക്കും.. കുറച്ചു ദൂരം കഴിയുമ്പോൾ തിരക്ക് കുറയും അളിയ..നമ്മൾ എന്തായാലും പോകുന്നു “.. അല്ലേലും പോകാൻ തീരുമാനിച്ചു ഇറങ്ങിയാൽ പിന്നെ അത് മുടങ്ങുന്നതിലും വലിയ വേദന വേറെ ഇല്ലാത്തോണ്ട് കുറച്ചു ദൂരം ബുദ്ധിമുട്ട് സഹിക്കാം പിന്നെ ശെരി ആകുമല്ലോ എന്നോർത്ത് വണ്ടിയിൽ ഉള്ള സ്ഥലത്തൊക്കെ ചാടി കയറി നിന്നു..അങ്ങനെ ഒരു 5 മിനിറ്റ് അതിൽ കയറി നിന്നു..

നിർത്തിയിട്ടിരിക്കുന്ന ബസിൽ കേറി ഇങ്ങനെ നികുന്നതിലും വലിയ മിനക്കെട്ട പരിപാടി വേറെ ഇല്ല.. വീണ്ടും ഒരു 5 മിനിറ്റ് നിന്നപ്പോഴാണ് വണ്ടി സ്റ്റാർട്ട്‌ ആയി അനങ്ങി തുടങ്ങിയത്. അങ്ങനെ ഒരു 97 കിലോമീറ്റർ യാത്രയ്ക് തുടക്കം ആവുകയാണ് സുഹൃത്തുക്കളെ… ബസിൽ ആയോണ്ടും നിക്കുക ആയതു കൊണ്ടും ബസ് എങ്ങനൊക്കെ ഏതൊക്കെ റൂട്ടിലൂടെ ആണ് ഓടിയത് എന്ന് വലിയ പിടുത്തമില്ല.. പക്ഷെ ഓരോ സ്ഥലത്തു ബസ് നിർത്തുമ്പോഴും ആളുകൾ കയറുന്നു എന്നല്ലാതെ ഇറങ്ങുന്നില്ല എന്ന് മാത്രം മനസ്സിലായി.. അങ്ങനെ ഒരു ഒരു മണിക്കൂർ എടുത്തു എന്ന് തോന്നുന്നു.. ബസ് ആങ്ങമുഴി എന്ന ചെക്ക് പോസ്റ്റിനു സമീപം സൈഡ് ആക്കി… ഇനി ബ്രേക്ഫാസ്റ് കഴിക്കേണ്ടവർക് കഴിക്കാം.. ഇനി അങ്ങോട്ട്‌ ഹോട്ടൽ ഒന്നുമില്ല.. അര മണിക്കൂർ കഴിഞ്ഞേ ബസ് പുറപെടുള്ളൂ എന്ന അറിയിപ്പ് കണ്ടക്ടർ തന്നു.. കേട്ടപാടെ ബസിൽ നിന്ന് ചാടി ഇറങ്ങി കുറച്ചു ശുദ്ധവായു ശ്വസിച്ചു..

7:30 ഓ 8:00 മണിയോ മറ്റോ ആയി അപ്പോഴേക്കും.. അങ്ങനെ നിന്ന് ചുറ്റും നോക്കിയപ്പോൾ ആണ് വീണ്ടും ഒരു വലിയ സത്യം മനസ്സിലായത്.. കുറച്ചു ആളുകൾ കാറിൽ പോകാൻ കഴിയാഞ്ഞിട് ബസിൽ വരാനായി വീണ്ടും നിക്കുകയാണ്.. സന്തോഷമായി.. എന്ത് ചെയ്യാൻ പറ്റും.. സർക്കാരിന്റെ വണ്ടി അല്ലേ.. നിങ്ങൾ ഇന്ന് വരണ്ട എന്ന് പറയാൻ പറ്റുമോ??.. അപ്പോൾ ഏതാണ്ട് കാര്യങ്ങളൊക്കെ തീരുമാനമായതോടെ എന്തായാലും എന്തെങ്കിലും കഴിച്ചിട്ട് കഷ്ടപെടാം എന്ന് തീരുമാനിച്ചു.. അവിടെ രണ്ടു മൂന്ന് ഹോട്ടൽ ഉണ്ട്.. അതിൽ കുറച്ചു തിരക്ക് കുറഞ്ഞ ഒരു ഹോട്ടലിൽ കയറി പൊറോട്ടയും ദോശയും മുട്ടക്കറിയും തട്ടി.. കൊള്ളാം.. ഫുഡ്‌ ഒക്കെ സൂപ്പർ.. ഇനി യാത്ര.. അങ്ങനെ ബസ് വിടാൻ സമയമായി.. സീറ്റ്‌ൽ ഇരുന്നവർ ഒന്നും അതിൽ നിന്ന് ഒന്ന് എണീറ്റിട് പോലും ഇല്ല.ഭക്ഷണം കഴിക്കാൻ പോലും.. . 🤣.. സീറ്റ്‌ പോയ പിന്നേ അതിലും വലിയ കഷ്ടപ്പാടല്ലേ.. അങ്ങനെ എങ്ങനൊക്കെയോ കേറി നിലയുറപ്പിച്ചു.. ബസ് വീണ്ടും അനങ്ങി തുടങ്ങി..

ആങ്ങമുഴി നിന്നും ഗവിക്ക് പോകുന്ന ഇനിയുള്ള റൂട്ടിന് ഒരു പ്രത്യേകത ഉണ്ട്.. ഇവിടെ മുതൽ പാസ്സ് ഇല്ലാത്ത പ്രൈവറ്റ് വാഹനങ്ങളും ബൈക്കുകളും ഒന്നും അനുവദിക്കില്ല.. മാത്രമല്ല മൊബൈലിൽ റേഞ്ചും ഇല്ല ഇനി തിരിച്ചു ആങ്ങമുഴി എത്തുന്നത് വരെയും.. ചുരുക്കി പറഞ്ഞാൽ.. പുറം ലോകവുമായി ഉള്ള എല്ല ബന്ധവും നഷ്ടപ്പെട്ടു എന്ന് അർത്ഥം.. ഇനി നമുക്ക് കൂട്ടു ഈ ബസും ബസിലുള്ളവരും ഒക്കെ ആണ്.. റോഡിന്റെ വീതി എന്ന് പറയാൻ കഷ്ടിച്ച് ബസിന്റെ ടയർ മാത്രം നിൽക്കും.. അത് കഴിഞ്ഞുള്ള ബോഡി ഒക്കെ റോഡിനു കടക്കുപുറത് ആണ്.. പോരാത്തതിന് മരങ്ങൾ റോഡിനോട് വളരെ ചേർന്നും ആണ് വളർന്നു നില്കുന്നത്.. സൈഡിൽ വിന്ഡോ സീറ്റിൽ ഇരിക്കുന്നവർ സൂക്ഷിച്ചില്ലെങ്കിൽ മരക്കൊമ്പും ചെടികളും ഒക്കെ വന്നു മോന്തയ്ക്ക് തലോടാൻ ഉള്ള ചാൻസ് ഉണ്ട്.. കാറിൽ പോയാൽ കാറിന്റെ ബോഡിയിൽ മിനിമം ഒരു സ്ക്രച് എങ്കിലും കിട്ടിയിരിക്കും.. റോഡും മോശം.. പലയിടത്തും പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ.. എന്തായാലും നമുക്ക് അതൊന്നു പേടിക്കണ്ട.. വിന്ഡോ സീറ്റ്‌ പോയിട്ട് കാല് തന്നെ കുത്തി നില്കുന്നത് ഭാഗ്യം.. അതിനിടക്ക് അടുത്ത നിക്കുന്ന ഒരാൾ ഇടകിടക് കാലിലും ചവിട്ടുന്നു.. കുറെ ആയപ്പോൾ ദേഷ്യം വന്നിട്ട് ഞാനും ഒരു ചവിട്ടു കൊടുത്തു.. ഒന്നും വിചാരിക്കരുത്.. ദേഷ്യം വന്നിട്ടാണ്..

എങ്ങനെയെങ്കിലും ഒന്നു ഗവി എത്തിയാൽ മതിയായിരുന്നു എന്നും പറഞ്ഞു ഹെഡ്സെറ്റ് കുത്തി പാട്ടും കേട്ട് നിന്നപ്പോളാണ് ചെറിയ ഒരു തണുപ്പും നല്ല ശുദ്ധവായുവും ഒക്കെ കിട്ടുന്നത് പോലെ ഒരു തോന്നൽ ഉണ്ടായത്.. പാട്ട് ഓഫ് ചെയ്തു തല ഒന്ന് കുനിച്ചു വിന്ഡോ ലുടെ പുറത്തേക്കു നോക്കിയപ്പോൾ ആണ് എന്ത് കൊണ്ടാണ് ഗവി യാത്ര ഇത്രയും ആളുകൾക്ക് ഇഷ്ടപ്പെടാൻ കാരണം എന്ന് മനസിലായത്.. കാടെന്നു പറഞ്ഞാൽ നല്ല ഒന്നാംതരം കാട്.. ഒരു തരത്തിലുള്ള മനുഷ്യന്റെ ഒരു അക്രമവും കൊണ്ട് പോറൽ ഏറ്റിട്ടില്ലാത്ത 100% ശുദ്ധമായ കാട്..സത്യം പറഞ്ഞാൽ കണ്ണെടുക്കാൻ തോന്നില്ല.. അത്രക്ക് മനോഹരമായ കാഴ്ചകളാണ്.. കണ്ടിട്ട് പോലുമില്ലാത്ത പലതരം മരങ്ങളും സസ്യങ്ങളും കിളികളും ഒക്കെ കൊണ്ട് സമ്പുഷ്ടമായ ഒരു അടിപൊളി കാട്.. പെരിയാർ വന്യ ജീവി സങ്കേതത്തിന്റെ ഭാഗമാണ് എന്നാണ് എന്റെ ഓർമ.. കുറച്ചു കൂടെ ദൂരം ചെല്ലുമ്പോൾ കുറേച്ചേ കേറ്റവും കയറി തുടങ്ങും.. എപ്പോൾ കേറ്റം കേറി തുടങ്ങിയാലും കാഴ്ചകൾ കൂടുതൽ മനോഹരം ആയി തുടങ്ങാറേയുള്ളു.. എമ്മാതിരി ഒരു ഫീൽ ആണ്… കുറച്ചു സ്ഥലങ്ങളിൽ പുൽമേടുകളും താഴ്‌വരകളും ഒരു സൈഡിൽ മരങ്ങളും.. ചിലയിടങ്ങളിൽ ഉയരമുള്ള മലകളും ഒക്കെ ആയി ഒരു കാഴ്ച വിരുന്നു തന്നെയാണ് ഗവി യാത്രയിൽ ഉടനീളം.. ചിലയിടങ്ങളിൽ മരങ്ങളൊക്കെ ഒരുപാടു ഉയരത്തിൽ ഒരു പാട് താഴ്ചയിൽ നിന്നും വളർന്നു നികുന്നതൊക്കെ ഒന്ന് കാണണം മച്ചാനെ.. എല്ലാവരും കാഴ്ചകൾ കാണുകയും മൊബൈലിൽ പകർത്തുകയും ചെയുന്ന തിരക്കിൽ ആണ്.. ആർക്കും ഇപ്പോൾ ഒരു അസ്വസ്ഥതയും ഇല്ല ഒരു ക്ഷീണവും ഇല്ല.. എല്ലാർക്കും നല്ല സന്തോഷം..

അങ്ങനെ ഞങ്ങളും ക്ഷീണങ്ങൾ ഒക്കെ മറന്നു നിക്കുകയാണ് എന്നത് പോലും ഒരു പ്രശ്നമല്ലാതെ പോയ്‌കൊണ്ടിരിക്കുകയാണ്.. പെട്ടെന്നാണ് ബസിന്റെ അടി പോയി ഇടിക്കുന്ന സൗണ്ട് കേട്ടത്.. സംഭവം വേറൊന്നുമല്ല… ഓവർ ലോഡ് കാരണം വളവു തിരിയുമ്പോൾ ഫൂട്ബോർഡ്‌ പോയി റോഡിൽ തട്ടിയതാണ്.. അങ്ങനെ ആ സൈഡിൽ നിന്ന കുറച്ചു പേർക്ക് ഇറങ്ങേണ്ടി വന്നു ബസ് ഒന്ന് കേറാനായിട്ട്.. അവിടുന്നങ്ങോട് ഇടിയോട് ഇടി ആരുന്നു.. പിന്നീടുള്ള എല്ലാ വളവിലുകളിലും പോയി ബസിന്റെ അടി ഇടിച്ചു കൊണ്ടിരിക്കുന്നു.. കൂടുതൽ ഉയരത്തിലേക് കയറുകയാണ് എന്നതിന്റെ തെളിവാണ്.. ഉയരം കൂടട്ടെ.. കാഴ്ചകൾ ഒക്കെ ഇനിയും മനോഹരമാകട്ടെ.. അങ്ങനെ ഇരിക്കുമ്പോൾ പെട്ടെന്നാണ് മഞ്ഞു വരുന്നത്.. ആഹഹാ അടിപൊളി.. ഇപ്പോൾ ബസ് ഉള്ളിടത് മഞ്ഞു ഇല്ല. ഡ്രൈവർ സൈഡീന്നു വലതു വശത്തുള്ള കൊക്കയിൽ നിന്നും മഞ്ഞു പൊങ്ങി വരികയാണ്.. ഇംഗ്ലീഷ് സിനിമകളെ വെല്ലുന്ന മാരക സീനറി.. മഞ്ഞു മൂടി മരങ്ങൾ ഒക്കെ ഒരു ചെറിയ വെള്ളപുതച്ചപ്പോൾ നമ്മടെ ഇംഗ്ലീഷ് ഹൊറർ സിനിമകളിൽ കാണുന്ന ഡാർക്ക്‌ ഫോറെസ്റ്റ് ന്റെ ഒരു ലുക്ക്‌.. ആദ്യമായാണ് അങ്ങനെ ഒരു കാഴ്ച. 😍

കുറച്ചു കൂടി കഴിഞ്ഞപ്പോൾ റോഡിലും ബസിന്റെ ഉള്ളിലും ഒക്കെ മഞ്ഞു.. എന്താ രസം.. എന്റെ ബൈക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയ നിമിഷങ്ങൾ.. എല്ലാം ആസ്വദിച്ചു അങ്ങനെ പോവുകയാണ്.. കുറച്ചു കഴിഞ്ഞപ്പോൾ മഞ്ഞു മാറി.. കാടിൽ നിന്നും കുറച്ചു അകന്ന വഴിയിലൂടെ ആണ് ഇനിയുള്ള യാത്ര.. അത്കൊണ്ട് തന്നെ മുമ്പുള്ളതിനേക്കാൾ കുറച്ചുകൂടി ചൂട് ഒക്കെ കൂടുതലായിരിക്കും.. എന്നിരുന്നാലും ഒരു വിധം തണുത്ത കാലാവസ്ഥ.. ഇവിടെ മുതലാണ് ഡാമുകളുടെ തുടക്കം.. ഒരു ഡാം രണ്ടു ഡാം.. ചറപറാ ഡാം..ഡാമുകളുടെ പേരൊന്നും ഓർക്കുന്നില്ല.. ഇടുക്കി ഡാമിന്റെ പദ്ധതിയിൽ പെട്ട ചെറു ഡാമുകൾ ആണ് ഇതൊക്കെ എന്റെ ഓർമ ശെരി ആണെങ്കിൽ. എന്തായാലും രസം അതല്ല.. ഈ ഡാമുകളുടെ മുകളിലൂടെ ആണ് റോഡുകൾ പണിഞ്ഞു വെച്ചേക്കുന്നത്.. ഡാമിന് മുകളിലൂടെ ബസിൽ പോകുമ്പോൾ നല്ല രസമാണ്.. അങ്ങനെ കുറെ ഏറെ കാഴ്ചകൾ ഒക്കെ കണ്ടു ഇടകിടക് ബസ് നിർത്തി വിശ്രമിച്ചും അവസാനം 12:30/1:00 മണിയോടെ നമ്മൾ ഗവിയിൽ എത്തിയിരിക്കുകയാണ്.. ആദ്യമായി ചുരം കയറുന്ന ഒരു ബസിൽ 90 കിലോമീറ്റർ ഫുൾ നിന്നു എന്നുള്ള ഒരു ജീവിതകാല റെക്കോർഡ് ഓട് കൂടി 😪😎..

ഗവി എന്നും പറഞ്ഞു നമ്മൾ ഇറങ്ങുന്നത് സത്യത്തിൽ വേറൊരു ഡാമിന് മുകളിൽ ആണ്.. ഓർഡിനറി സിനിമയിൽ കാണുന്ന പോലെ ഒന്നും ഉള്ള ഒരു സ്ഥലം അല്ല.. ഒരു ടൂറിസ്റ്റ് സ്പോട് എന്നതിലുപരി അവിടെ പ്രത്യേകിച്ച് കാണാൻ ഒന്നുമില്ല എന്ന നഗ്ന സത്യം ഞങ്ങൾ മനസിലാക്കി.. ഗവിയിലേക് ഉള്ള യാത്ര ആണ് ത്രില്ല്.. ഗവിയിൽ എത്തിക്കഴിഞ്ഞ പിന്നെ അവിടെ പ്രത്യേകിച്ച് ഒന്നുമില്ല.. പാക്കേജ് ഓകെ എടുത്തു വേറുന്നവർക് ബോട്ടിങ്ങും ക്യാമ്പിങ്ങും ട്രെക്കിങ്ങും പോലെ ഉള്ള കാര്യങ്ങൾ ലഭ്യമാണ്.. അല്ലാതെ ഒരു ഡാമിനോട് ചേർന്ന പാർക്ക്‌ മാത്രം.. ഞങ്ങൾ അങ്ങനെ പോസ്റ്റ്‌ അടിച്ചു നീക്കുകയാണ്.. 4:30 ഓടെ ഇനി ബസ് തിരിച്ചു വരൂ.. അത് വരെ ഈ വെയിലത്തു എന്തോ ചെയ്യും ??.. ഫുഡ്ഡടിക്കാം എന്ന തീരുമാനിച്ചു.. അപ്പോഴാണ് വേറൊരു നഗ്ന സത്യം മനസിലായത്.. ഹോട്ടലും തട്ടുകടയും ഒന്നും ഇല്ല ഗവിയിൽ.. പാകജ് എടുത്തു വേരുന്നവർക് മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനനുസരിച് ഉള്ള ഭക്ഷണം മാത്രമേ ഉള്ളു.. പിന്നെ നമ്മൾ ഭക്ഷണം കൊംടുവന്നാൽ അത് ഇരുന് കഴിക്കാൻ ഒരു പ്രത്യേക സ്ഥലവും.. ഇതാണ് ഗവി.

ഓർഡിനറിയിലെ പോലെ ബിജുമേനോൻ പോകുന്ന ചായക്കട ഒന്നും ഇല്ല.. വരുന്ന വഴിക്ക് കുടിൽ പോലെ കുറച്ചു വീടുകൾ അല്ലാതെ വേറൊന്നും കണ്ടതുമില്ല.. പണികിട്ടിയ സന്തോഷത്തിൽ ചുമ്മാ നടക്കാം എന്ന് വിചാരിച്ചു.. അങ്ങനെ നടന്നു.. ഡാമിന്റെ അപ്പുറത്തെ സൈഡിൽ എത്തി.. അവിടെ താമസിക്കാൻ ഒക്കെ ഉള്ള സൗകര്യം പോലെ എന്തോ ഒരു സംഭവം.. ടെന്റ് ചെറിയ ക്യാബിൻ റൂം ഒക്കെ അവൈലബിൾ ആണ്.. പ്രൈവറ്റ് ആണോ സർക്കാർ ആണോ നടത്തുന്നത് എന്ന് ഓർക്കുന്നില്ല.. എന്തായാലും ചുമ്മാ അതിന്റെ ഉള്ളിൽ കേറി കൊറേ ഫോട്ടോയും എടുത്തു.. പേരക്കയും അവിടുള്ളവർ കാണാതെ പറിച്ചു തിന്നു.. പിന്നെ ഒരു മരത്തിന്റെ മുകളിൽ പണിഞ്ഞു വെച്ച വാച്ച് ടവർ പോലത്തെ സംഭവത്തിൽ നിന്ന് ഫോട്ടോ എടുത്തോണ്ടിരുന്നപ്പോൾ സെക്യൂരിറ്റി വന്നു അന്യർക് പ്രവേശനമില്ല എന്ന് അറിയിച്ചത്.. അങ്ങനെ തിരിച്ചു ഇറങ്ങിയ വഴിക്ക് അവിടെ ഉണ്ടായിരുന്ന ഊഞ്ഞാലിൽ ഇരുന് ഒന്ന് ആടി സെക്യൂരിറ്റിയോട് ഒരു ചെറിയ പ്രതിഷേധവും രേഖപ്പെടിത്തി…അതിൽ നിന്ന് പുറത്തു ഇറങ്ങി അവിടെ മരത്തിൽ കണ്ട സിംഹവാലൻ കുരങ്ങന്മാരുടെ പോക്രിത്തരവും നോക്കി കുറച്ചു നേരം നിന്നു അവിടെയും കുറച്ചു സമയം കളഞ്ഞു..

അധികം വൈകാതെ തന്നെ എല്ലാവർക്കും വിശപ്പിന്റെ പിടി വീണു.. ഈ അവസ്ഥയിൽ ബസിൽ പിന്നെയും പോയൽ അത് നരകയത്ര ആരിക്കും എന്ന് മനസിലായത്കൊണ്ട് എവിടുന്നെങ്കിലും കഴിച്ചേ പറ്റുള്ളൂ എന്നങ് തീരുമാനിച്ചു.. അങ്ങനെ രണ്ടുമൂന്നു പേരോട് ചോദിച്ചപ്പോൾ ഒരു അമ്മാവൻ ഒരു രണ്ടു കിലോമീറ്റർ നേരെ നടന്നാൽ അവിടെ ഭക്ഷണം കിട്ടും എന്ന് പറഞ്ഞു.. എന്തായാലും പോയി നോക്കാൻ തന്നെ തീരുമാനിച്ചു.. വന്നവഴി തിരിച്ചു നടക്കുകയാണ്.. ആ ഒരു നടത്തം ഒരിക്കലും മറക്കാൻ പറ്റില്ല.. ഞങ്ങൾ ഞങ്ങളുടേതായ ഒരു ലോകത്തിലുടെ കാര്യങ്ങൾ ഒക്കെ പറഞ്ഞു കാടും ഒക്കെ കണ്ടു ഒരു നടത്തം.. കൊള്ളാം.. മനസ്സ് അങ് ഫ്രഷ് ആയി.. അങ്ങനെ കുറച്ചു നടന്നപോലേക്ക് നമ്മടെ അമ്മാവൻ പറഞ്ഞ സ്ഥലം എത്തി.. ഹോട്ടലോ തട്ടുകടയോ ഒന്നും അല്ല..കുറെ കൊച്ചു കൊച്ചു വീടുകൾ.. അതിൽ ഒരു കൊച്ചു വീട്ടിൽ ഒരു റൗണ്ട് ടേബിൾ ഉം രണ്ടു കസേരയും പുറത്തു ഇട്ടിരിക്കുന്നു.. നമ്മൾ പറയുമ്പോൾ ദോശ ഉണ്ടാക്കി തെരും.. ടേബിളിൽ രണ്ടു പേര് ഉള്ളോണ്ട് ഞങ്ങൾ ദോശ യും മുളക് ചമ്മന്തിയും സാമ്പാറും ആയി ആ വീടിന്റെ വരാന്തയിൽ ഇരുന് കഴിക്കാൻ തുടങ്ങി.. വിശപ്പ് പാരമ്യത്തിൽ ആയിരുന്നത് കൊണ്ടും നല്ല അടിപൊളി ഫുഡ്‌ ആയിരുന്നത് കൊണ്ടും ഒരുപാട് ഇഷ്ടമായി.. 5/6 ദോശയും 2 ഓംലെറ്റും ഓരോരുത്തരും കഴിച്ചു വയറു നിറച്ചു.. ചോറൊന്നും ഇവിടെ കിട്ടില്ല.. ദോശ മാത്രമേ കിട്ടു.. എന്തായാലും വിശപ്പ് മാറി.

ഞങ്ങൾ അവരോടു അവരെ കുറിച്ച് തന്നെ ചോദിച്ചപ്പോൾ അവർ പറഞ്ഞത് അവരുടെ ഓകെ പൂർവികരെ ബ്രിട്ടീഷുകാർ ഇവിടെ കൃഷി ചെയ്യാനായി ശ്രീലങ്കയിൽ നിന്നും പിന്നെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഒക്കെ കൊണ്ടുവന്നവർ ആണ്.. അവിടെ ജീവിക്കുന്ന മിക്കവരും അങ്ങനെയാണ് എന്നാണ് പറഞ്ഞത്.. അതായത് അവർ ഗവികാർ അല്ല.. അവർ താമസിക്കുന്ന വീടുകൾ പോലും അവരുടെ അല്ല എന്നൊക്കെ എന്തൊക്കെയോ പറഞ്ഞതായി ഒരു ചെറിയ ഓർമ ഉണ്ട്.. എന്തായാലും മാന്യമായ ഒരു റേറ്റ് മാത്രമേ ഫുഡിന് ആയുള്ളൂ.. അതൊക്കെ കഴിഞ്ഞു ഞങ്ങൾ നേരെ പിന്നെയും പഴേപോലെ നടന്നു ബസ് കേറണ്ട സ്പോട്ടിൽ എത്തി.. അവിടെ വെച്ചു കുറച്ചു മലപ്പുറം ചെക്കന്മാരെയും പരിചയപെട്ടു.. അവർക്കെല്ലാം പറയാനുള്ളത് വരാൻ ഉണ്ടായ കഷ്ടപ്പാടും വരുന്ന വഴിയിലെ കാഴ്ചകളെ കുറിച്ചും ഒക്കെ ആയിരുന്നു.. അങ്ങനെ സമയം മെല്ലെ മെല്ലെ മണിക്കൂർകൾ ആയി ഇഴഞ്ഞു നീങ്ങി.. ബസ് വരാൻ 1:30 മണിക്കൂറോളം പിന്നെയും ലേറ്റ് ആയി.തിരിച്ചു പോകുമ്പോൾ എങ്കിലും ഒന്ന് ഇരിക്കാൻ പറ്റിയാൽ മതിയായിരുന്നു എന്നാരുന്നു പ്രാർത്ഥന .

അങ്ങനെ ഒരു 5 മണിയോടെ അടുപ്പിച്ചു ബസ് എത്തി.. പക്ഷെ നോ രക്ഷ.. ബസ് വീണ്ടും ഫുൾ.. നിക്കുക അല്ലാതെ വേറെ വഴി ഇല്ല. എന്നാലും കുറച്ചു തിരക്ക് കുറവുണ്ട് എന്നൊരു ചെറിയ ആശ്വാസം ഉണ്ട്.. വണ്ടി ഓടിതുടങ്ങി.. രാവിലത്തേക്കാൾ കൂടുതൽ തണുപ്പ് വൈകിട്ട് ഉണ്ടായിരുന്നു.. എങ്കിലും സഹിക്കാവുന്ന തണുപ്പേ ഉള്ളു.. ഇരുട്ടുന്നതിനു മുന്പായിട് ഡ്രൈവർ വണ്ടി പിസ് പാസിനായി നിർത്തി. ആ സമയത്തു അവിടെയും ഇവിടെയും ഒക്കെ ആയി നടന്നപ്പോൾ ആരുടെയോ ഒക്കെ കാലിൽ കുളയട്ട കടിച്ചെന്നൊക്കെ പറയുന്നുണ്ടാരുന്നു.. എന്തായാലും ഒള്ള ചോര കളയണ്ടാന്ന് വെച്ചു ബസിൽ തന്നെ കേറി.. ബസ് പിന്നേം അനങ്ങി.. വരുന്ന വഴിക്ക് ഒരു ആനയും വഴിമുടക്കി നില്കുന്നുണ്ടാർന്നു.. ബൈക്കേഴ്‌സ് അലോട് അല്ലാത്തത് എന്താണെന്നു അപ്പോൾ മനസിലായി.. എന്തായാലും കറുപ്പ് ആന അല്ല.. പൊടി ഒക്കെ ആയിട്ട് ഒരു മങ്ങിയ കളർ ആരുന്നു പുള്ളിക്ക്.. കുറച്ചു കഴിഞ്ഞു പുള്ളി വഴിമാറിയപ്പോൾ ആണ് ഡ്രൈവർ വീണ്ടും വണ്ടി എടുത്തത്.. രാവിലത്തെ അപേക്ഷിച്ചു മലഞ്ചെരുവിൽ കാട്ടുപോത്തുകളും മ്ലാവുകളും അങ്ങനെ കുറച്ചു ജീവികളെ വൈകിട്ട് കാണാൻ പറ്റും.. അങ്ങനെ ഇരുട്ടി തുടങ്ങി.. കാഴ്ചകൾ മങ്ങി തുടങ്ങി.. ഒപ്പം ബോറടിയും തുടങ്ങി.. പട്ടുമെത്തയിൽ ഒക്കെ കിടന്നു ഉറങ്ങിക്കൊണ്ടിരുന്നവന്മാർ ബസിൽ നിലത്തും സ്റ്റെപ്പിനി ടയറിന്റെ മുകളിലും ഒക്കെ ഇരുന്നു മയങ്ങുന്നത് കണ്ടപ്പോൾ ചിരി ആണ് വന്നത്.. കണ്ടാ… ഒരു യാത്ര മതി മനുഷ്യനെ മാറ്റി മറിക്കാൻ..

അവിടെ ഇരിക്കുന്നതിലും നല്ലത്‌ നിക്കുന്നത് ആണെന്ന് തോന്നിയൊണ്ട് ഞാൻ പിന്നേം നിന്നു.. പുറത്തു ഇരുട്ട് മാത്രം.. അങ്ങനെ കുറെ ദൂരം കഴിഞ്ഞപ്പോളെക് ഒരു വാൾ ടെൻഡൻസി പോലെ തോന്നി.. ഫുൾ വളവും തിരിവും ഓകെ ആണ്.. ഇറങ്ങുകയായുണ്ട് സ്പീഡും കുലുക്കവും കുടുതലും ആയിരിക്കും.. പുറത്തു ഒന്നും കാണാനും പറ്റാത്തോണ്ട് വന്ന ടെൻഡൻസി ആണ്.. പക്ഷെ എങ്ങനൊക്കെയോ കണ്ട്രോൾ ചെയ്തു.. അവസാനം ഞാനും ഇരുന്നു ടയറിന്റെ മണ്ടക്ക്.. ആങ്ങമുഴി എത്തിയപ്പോൾ കുറച്ചുപേർ ഇറങ്ങി ഒരു സീറ്റ്‌ കിട്ടി.. അപ്പോൾ ആണ് ഒന്ന് മര്യാദക്ക് പിന്നെയും ഇരുന്നത്.. എന്റെ ഒപ്പം ഇരുന്ന ഒരു മുസ്ലിയാര് അപ്പോൾ എന്നോട് ചോദിക്കുവാ.. “എന്ത് നല്ല സ്ഥലമാണ്.. നല്ല ഒരു യാത്ര ആരുന്നു.. ഈ ബസ് വലിയ കുഴപ്പമില്ല.. നല്ല സുഖ യാത്ര ആരുന്നു” എന്നൊക്കെ.. കൂടുതൽ സംസാരിക്കാൻ പറ്റാത്ത ഒരു അവസ്ഥയിൽ അപ്പോഴേക്കും എത്തിയത് കൊണ്ട് കൂടുതൽ ഒന്നും പറയാതെ ഞാൻ പുള്ളി പറഞ്ഞത് ശെരിവെച്ചു ഫ്രണ്ടിലെ കമ്പിയിലേക് തലവെച്ചു ഒന്ന് മയങ്ങാൻ നോക്കി.. എന്തായാലും സക്സസ് ആയി.. പത്തനംതിട്ട എത്തിയത് വരെ നല്ലൊലെ ഉറങ്ങി.. അപ്പോൾ ആണ് കുറച്ചു ഉഷാർ വീണത്.. അങ്ങനെ സ്റ്റാൻഡിന്റെ അടുത്ത് വെച്ച ബൈക്കും എടുത്തു വീട്ടിലേക്…

വാൽകഷ്ണം :എങ്ങനെ യാത്ര ചെയ്യുന്നു എന്നതിലല്ല കാര്യം.. എങ്ങനെ ചെയ്താലും അത് എങ്ങനെ ആസ്വദിക്കാൻ കഴിയും എന്നതിലാണ് കാര്യം എന്നത് മനസ്സിലാക്കാൻ ഈ ഗവിയാത്ര തന്നെ വേണ്ടി വന്നു.. ഓരോ വിവരണം എഴുതുമ്പോളും 1/10 പോലും എഴുതാൻ പറ്റുന്നില്ലല്ലോ എന്ന ഒരു വിഷമം ഉണ്ട്.. എന്തായാലും മറക്കാൻ കഴിയാത്ത ഒരു എടു കൂടി ജീവതത്തിലേക് എഴുതി ചേർക്കപ്പെട്ടു… ഈ ട്രിപ്പിന്റെ മെയിൻ സൂത്രധാരൻ ആയ മുഹൈമിനും യാത്രയെ മനോഹരമാക്കിയ ഷമീം അമീൻ ഷാൻ എന്നിവർക്കും ഈ അവസരത്തിൽ ഞാൻ നന്ദി രേഖപെടുത്തുന്നു അനന്തര ഫലം.:വയറു മൊത്തം കലങ്ങി ജ്യൂസ്‌ പരുവം ആയതിനാൽ പിറ്റേന്ന് രാവിലെ കഴിച്ച വലിയ പെരുന്നാളിന് കിട്ടുന്ന ബീഫിന്റെ കറിയും പറോട്ടയും അതേ പോലെ തന്നെ വാള് വെക്കേണ്ടി വന്നത് ഒരു നൊമ്പരത്തോടെ മാത്രമേ ഓർക്കാൻ കഴിയുള്ളു…

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply