അമൃത്സറിലെ കാഴ്ചകളും വാഗാ അതിർത്തിയിലെ ഫ്ലാഗ് സെറിമണിയും…

യാത്രാവിവരണം – ദീപ്തി ഗോപകുമാർ.

രാവിലെ പ്രാതലും കഴിഞ്ഞ് ഹിമാവാനോട് വിടപറഞ്ഞ് അമൃത്സറിലേക്ക് യാത്ര തിരിച്ചു. ഏകദേശം 295 കിലോമീറ്റർ, ഒരു എട്ട് മണിക്കൂറോളം എടുക്കുന്ന യാത്ര. ഹിമാലയത്തിൽ നിന്നുമുള്ള മടക്കയാത്ര ഒരു ദുഃഖം തന്നെയാണ്, ദിവസങ്ങൾ പോയത് അറിഞ്ഞതേ ഇല്ല. അമൃത്സറിലേക്കുള്ള ഈ യാത്ര പോലും അവധിക്കാലം തീരാറായി എന്ന സൂചനയാണ് എങ്കിലും പോവാതെ തരമില്ല. ഷിംലയിൽ നിന്നും NH3 യിലൂടെ ആണ്‌ പോവുന്നത്. പണ്ടത്തെ പോലെ കൊച്ചു റോഡ് ഒന്നുമല്ല ഇപ്പോൾ. ചിലയിടങ്ങളിൽ ആറ് വരി പാതയുടെ പണി പൂർണ്ണമായിരുക്കുന്നു, ചിലയിടങ്ങളിൽ പണി തകൃതിയിൽ നടക്കുന്നു, നല്ല അടിപൊളി റോഡ്. കൊടും ചൂടാണ് വെളിയിൽ, പുറത്ത് ആ കൊടും ചൂടിൽ വണ്ടി ശരവേഗത്തിൽ അമൃത്സറിലേക്ക് കുതിച്ചുകൊണ്ടിരുന്നു.

പതിയെ പതിയെ ഭൂപ്രകൃതി മാറി തുടങ്ങി. ഹിമവാൻ പിന്നിലേക്ക് ഓടി മറഞ്ഞു. ഇരുവശത്തുമായി ഗോതമ്പ്, സൂര്യകാന്തി, കടുക് പാടങ്ങൾ കണ്ട് തുടങ്ങി. കുണ്ടും കുഴിയുമില്ലാത്ത നല്ല വീതിയുള്ള റോഡ്, കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന കൃഷിയിടങ്ങൾ, ആരോഗ്യത്തോടെ തലയാട്ടുന്ന വിളവുകൾ, തിരക്കിട്ട് കൃഷിയിടങ്ങളിലേക്ക് ഓടുന്ന ട്രാക്റ്ററുകൾ എന്നിങ്ങനെ പോവുന്നു പഞ്ചാബിലെ വഴിയോര കാഴ്ചകൾ. ഉച്ചയായി, നല്ല വിശപ്പും, ഏറ്റവും അടുത്തുള്ള ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു പക്ഷേ, തിരിച്ച് വണ്ടിയിൽ കയറാൻ എല്ലാവർക്കും ഒരു മടി. ഇത്രയും നേരം ചുട്ടുപൊള്ളുന്ന വെയിലത്ത് കിടന്ന വണ്ടിയിൽ എങ്ങനെ ഇരിക്കും? എന്തായാലും വേണ്ടില്ല, ഓരോ ചോക്ലേറ്റ് ഐസ് ക്രീം കൂടി വാങ്ങി വണ്ടിയിൽ കേറി യാത്ര തുടർന്നു. ജലന്ദറിൽ എത്തിയപ്പോൾ ഏകദേശം നാലര ആയി. ഒരു ചായ കുടിക്കാമെന്നും പറഞ്ഞ് ഡ്രൈവർ ഭയ്യ ഹവേലിയിലേക്ക് വണ്ടി കയറ്റി. ഹവേലി പഞ്ചാബി ജീവിതശൈലിയെ ആസ്പദമാക്കിയുള്ള തീമിൽ ഉണ്ടാക്കിയിരിക്കുന്ന ഒരു ഹോട്ടൽ ആണ്. ചുമ്മാതെ കണ്ടു നടക്കാൻ തന്നെ കുറെ ഉണ്ട്, അത്രയും വലിയ ഹോട്ടൽ ആണത്. സമയം അധികമില്ല അതിനാൽ ചായയും കുടിച്ച് പെട്ടെന്നിറങ്ങി.

അമൃത്സറിലെ ബുക്ക് ചെയ്തിരുന്ന ഹോട്ടലിൽ എത്തിയപ്പോഴേക്കും സമയം ആറര – ഏഴ്. റിസപ്ഷനിലെ കലാപരിപാടികൾ എല്ലാം കഴിഞ്ഞ് മുറിയിൽ എത്തി, ഒരു കുളിയും കഴിഞ്ഞ് ഹോട്ടലിന് തൊട്ടപ്പുറത്തുള്ള മാൾ ഓഫ് അമൃത്സറിലേക്ക് നടന്നു. സമയം ഒൻപതായിരുന്നു നല്ലോണം വിശപ്പുമുണ്ട്. മാൾ ഓഫ് അമൃത്സറിലെ മുകളിലത്തെ നിലയിൽ ഫുഡ് കോർട്ട് ഉണ്ട് അവിടുന്ന് കഴിക്കാം എന്ന് കരുതി എങ്കിലും, പഞ്ചാബിൽ വന്നിട്ട് അവിടുത്തെ തനത് രുചി ആണല്ലോ നമ്മൾ അറിയേണ്ടത്. ഒട്ടും അമാന്തിച്ചില്ല, മാളിൽ നിന്നും ഞങ്ങൾ വെളിയിലേക്ക് നടന്നു. കുറെ ദൂരം നടന്ന് നോക്കി, കൊള്ളാവുന്ന ഒരു ഭക്ഷണശാലകളും കാണാൻ സാധിച്ചില്ല. ഇനിയും വൈകിയാൽ ചിലപ്പോൾ മാളും അടച്ചു പോവും. ഞങ്ങൾ തിരക്കിട്ട് മാളിലെ ഫുഡ് കോർട്ട് ലക്ഷ്യമാക്കി നടന്നു. താഴത്തെ നിലകളിലുള്ള കടകൾ ഒക്കെ അടച്ചു തുടങ്ങിയിരുന്നു. ഫുഡ് കോർട്ടിലെ റൊട്ടിയും ആലുഗോപിയും കഴിച്ച് തിരിച്ച് മുറിയിലേക്ക്. എല്ലാ മാളുകളിലെയും ഭക്ഷണങ്ങൾക്ക് ഒരേ രുചിയാണ്. എട്ട് മണിക്കൂറോളം ഉള്ള യാത്രയും ചൂടിന്റെ കാഠിന്യവും കൊണ്ട് കിടന്നതേ ഉറങ്ങി പോയി.

ബ്രദഴ്സ് ദാബയിലെ അമൃത്സരി കുൽച്ച കഴിക്കണം, കാലത്ത് എഴുന്നേൽക്കാൻ ഉള്ള ആദ്യ പ്രചോദനം. പിന്നെ ഗോൾഡൻ ടെംപിൾ, ജാലിയൻവാല ബാഗ്‌ ഇതൊക്കെയാണ് ലിസ്റ്റിൽ ഉള്ളത്. കുളിച്ചൊരുങ്ങി ഹോട്ടലിലെ കോംപ്ലിമെന്ററി ബ്രേക്ഫാസ്റ്റും/പ്രാതലും വേണ്ടാന്നും വെച്ച് വെളിയിൽ ഇറങ്ങി. അമൃത്സറിൽ ഒല മാത്രമേ ഉള്ളു അത് കൊണ്ട് ഒലാ ക്യാബ് ബുക്ക് ചെയ്തു. രാവിലെ ആണെങ്കിലും നല്ല കത്തുന്ന ചൂടാണ്, ഒരു പക്ഷേ ഹിമവാന്റെ അടുത്ത് നിന്നും വന്നത് കൊണ്ട് കുറച്ച് കൂടുതലായി തോന്നുന്നതും ആവാം. എന്തായാലും വേണ്ടില്ല, അധികം കാത്ത് നിറുത്താതെ ഒല വന്നു, അങ്ങനെ ഞങ്ങളുടെ അമൃത്സർ കാഴ്ചകൾക്ക് തുടക്കമായി. ഏകദേശം 6 കിലോമീറ്റർ ദൂരമേ ഉള്ളു എങ്കിലും വല്ലാത്തൊരു ട്രാഫിക് ആണ്. ആരും ഒരു സിഗ്നലും നോക്കുന്നില്ല. അവനവന് ഇഷ്ട്ടമുള്ള പോലെയാണ് വണ്ടി ഓടിക്കുന്നത്. വണ്ടി വരുന്നതും പോവുന്നതും കണ്ട് കണ്ണ് തള്ളി പോയി. ബ്രദഴ്സ് ദാബയിലെ കുൽച്ച വളരെ പ്രസിദ്ധമാണ്, അമൃത്സരി കുൽച്ച അവരാണ് കണ്ടുപിടിച്ചതത്രെ. ദാബയുടെ അടുത്ത് തന്നെയാണ് ഗോൾഡൻ ടെംപിളും, ജാലിയൻവാല ബാഗും, എല്ലാം ഒരു 50 മീറ്ററിനുള്ളിൽ തന്നെ.

വഴികൾ ഇടുങ്ങി തുടങ്ങി. പെട്ടെന്ന് ആരോ വണ്ടിക്കുള്ളിലേക്ക് തലയിൽ കെട്ടുവാനുള്ള തുണി എറിഞ്ഞിട്ടു, എന്നിട്ട് വണ്ടിയെ പിന്തുടർന്ന് ഓടുവാൻ തുടങ്ങി. ദാബ എത്താറായി, കുറച്ച് ഉള്ളിലേയ്ക്ക് കാൽനടയായി പോവണം, അതുകൊണ്ട് ഞങ്ങൾ അവിടിറങ്ങി. തുണിക്കാരൻ ഓടി വന്ന് കാശ് ചോദിച്ചു, അയാൾ എറിഞ്ഞിട്ട തുണി ഞങ്ങൾ തിരിച്ച് കൊടുത്തിട്ട് മുന്നോട്ട് നടന്നു. “വാഗാ ബോർഡർ വാഗാ ബോർഡർ, സർ വാഗാ ബോർഡറിൽ പോണോ? 1500 രൂപ മാത്രം, ഇരിക്കാനുള്ള സീറ്റ് ഉറപ്പാണ്” ഞങ്ങൾ വിശദമായി ചോദിച്ചു, അയാളുടെ നമ്പറും വാങ്ങി മുന്നോട്ട് നടന്നു. ദാബയിൽ എത്തുന്നതിന് ഇടയിലായി ഇത് പോലെ കുറഞ്ഞത് 15 പേരെയെങ്കിലും ഞങ്ങൾ കണ്ടുമുട്ടി. ബ്രദഴ്സിൽ എത്തിയപ്പോൾ നല്ല തിരക്ക്, വല്ല വിധേനയും ഇരിക്കാൻ സ്ഥലം കണ്ടുപിടിച്ച് ഞങ്ങൾ ഇരിപ്പായി. ഓർഡർ എടുക്കാൻ ആരും വരുന്നില്ല, കുറ്റം പറയാൻ പറ്റില്ല തിരക്ക് അത്രയധികമാണ് .

അരമണിക്കൂറോളം കാത്തിരുന്നപ്പോൾ ഓർഡർ എടുക്കാൻ ആള് വന്നു. അമൃത്സരി കുൽച്ച, നിസംശയം പറഞ്ഞു. പത്തിരുപത് മിനിറ്റിൽ കുൽച്ചയെത്തി. സ്റ്റീലിന്റെ വലിയ പ്ലേറ്റ് അതിൽ ചൂട് കുൽച്ച, അതിന് മുകളിൽ നല്ല ഒന്നാന്തരം വെണ്ണ, പുതിനയും പച്ച മുളകും സവോളയുമെല്ലാം ചേർത്തുണ്ടാക്കിയ കുറച്ച് ഗ്രീൻ ചട്ണി, കുറച്ച് കാബൂളി ചന്നാ മസാല. നല്ല ചൂട് കുൽച്ച കഴിക്കാൻ ആ വെണ്ണ ഒന്ന് മാത്രം മതിയാവും. മൈദയിൽ, ഒരൽപ്പം പഞ്ചസാര, ബേക്കിംഗ് പൗഡർ/സോഡാ, തൈര്, ഉപ്പ്, എണ്ണ എന്നിവ ചെറുചൂട് വെള്ളം ഉപയോഗിച്ചു പത്ത് മിനിട്ടോളം കുഴച്ച ശേഷം 2 മണിക്കൂർ മാറ്റി വയ്ക്കുന്ന മാവെടുത്തിട്ടാണ് കുൽച്ച ഉണ്ടാക്കുന്നത്. ഫില്ലിംഗ് വേണ്ടവർക്ക് അതുമാവാം (എവിടെ പോയാലും അവിടുത്തെ തനത് രുചി അറിയുക മാത്രമല്ല അത് എങ്ങനെ ഉണ്ടാക്കുന്നു എന്നുകൂടി അറിയുന്നതും പിന്നീട് ഉണ്ടാക്കി നോക്കുന്നതും ഒരു ശീലമായിരുന്നു). തവയിൽ ചുട്ടെടുക്കുന്ന കുൽച്ച ചൂടോടെ, വെണ്ണയും (വീട്ടിൽ കടഞ്ഞെടുത്ത് ആണെങ്കിൽ കൂടുതൽ കേമം) കൂട്ടി കഴിക്കാൻ നല്ല രുചിയാണ്. കുൽച്ചയും കഴിച്ച് ഒരു ലസ്സിയും കുടിച്ച ശേഷം ബില്ലും കൊടുത്ത് പുറത്തേക്ക് നടന്നു. ഷിംലയിലെ മാൾ റോഡ് മാതിരി ആണ് ഇവിടെയും. വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന വഴികൾ, ഭക്തരുടെയും ടൂറിസ്റ്റുകളുടെയും തിരക്കാണ് എവിടെയും. ലസ്സി വിൽക്കുന്ന കടകൾക്ക് മുന്നിൽ ഇത്തിരി തിരക്ക് കൂടുതൽ ആണ്. ചൂടിനെ തടുക്കാൻ, ശരീരം തണുപ്പിക്കാൻ ആളുകൾ ലസ്സി വാങ്ങി കുടിക്കുന്നു.

ഇനി ലക്ഷ്യം ശ്രീ ഹർമന്ദിർ സാഹിബ് (ഇതാണ് യഥാർത്ഥ നാമം) അഥവാ ഗോൾഡൻ ടെംപിൾ(സ്വർണ്ണം കൊണ്ടുള്ള ക്ഷേത്രമായതിനാൽ പൊതുവെ ഇങ്ങനെ അറിയപ്പെടുന്നു) ആണ്. അമൃത്സറിലെ വളരെ പ്രസിദ്ധമായ ഗുരുദ്വാരയാണ് ഇത്. സ്വർണ്ണത്തിൽ പൊതിഞ്ഞ ഗുരുദ്വാര, അമൃത് സരോവറിന് (meaning pool of immortality Nectar) ഒത്ത നടുക്കാണ് സ്ഥിതിചെയ്യുന്നത്. ഈ സരോവർ അഥവാ മനുഷ്യനിർമ്മിതമായ കുളത്തിലെ ജലം ഇടക്കിടക്ക് സേവകർ മാറ്റും. ഗുരുദ്വാര വേണമെങ്കിൽ മൂന്ന് നിലയാണെന്ന് പറയാം. ഏറ്റവും താഴത്തെ നില ശരിക്കും സരോവർ മൂലം കാണാൻ സാധിക്കില്ല, കരസേവകർ സരോവർ വൃത്തിയാക്കുമ്പോൾ മാത്രമാണ് ഇത് വെളിയിൽ നിന്നും കാണാൻ സാധിക്കുകയുള്ളു. അതിന് മുകളിൽ ഉള്ള നിലയിൽ സിഖ് വേദഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബ്. ഗുരു ഗ്രന്ഥ സാഹിബിനെ വൈകുന്നേരം പല്ലക്കിൽ അകാൽ തഖത്തിലേക്ക് മറ്റും, ഈ ചടങ്ങിന് പൽകി സാഹിബ് എന്ന് പറയും. തൊട്ടുമുകളിലത്തെ നിലയിൽ ഒരു ഗ്യാലറി ആണ്, അവിടേക്ക് പോകുവാൻ സൈഡിൽ കൂടി പടികൾ ഉണ്ട്. ഏറ്റവും മുകളിൽ ശീഷ് മഹൽ. സരോവറിനെ വലം വെയ്ക്കാൻ മാർബിൾ ഉപയോഗിച്ച് ഉണ്ടാക്കിയ നടപാത, ഇവിടെ കാല് പൊള്ളാതിരിക്കാനായ് നീളത്തിൽ ചവിട്ടി ഇട്ടിട്ടുണ്ട്. ഈ നടപാതയിൽ നിന്നും ദർശനദ്വാര വഴിയാണ് ഗുരുദ്വാരയിലേക്ക് പ്രവേശിക്കേണ്ടത്.

നടപാതയ്ക്ക് ചുറ്റുമായി രണ്ട് നിലകെട്ടിടമാണ് ഇതിനെ ദർശനി ദിയോരഹി എന്ന് വിളിക്കുന്നു, ഇവിടെയാണ് ഗുരുദ്വാരയുടെ നടത്തിപ്പിന്റെയും മറ്റും ഓഫീസുകൾ സ്ഥിതി ചെയ്യുന്നത്. ദാഹജലവും ഇവിടെ വിതരണം ചെയ്യുന്നു. താഴത്തെ നിലയിൽ ചെരുപ്പും ബാഗും ഒക്കെ സൂക്ഷിക്കാൻ ഉള്ള ഇടങ്ങളും ഉണ്ട്. ഈ നടപാതയിലേക്ക് എത്തുവാനായി മൂന്ന് കവാടങ്ങൾ ഉണ്ട്. പ്രധാന കവാടത്തിന് ഇരുവശത്തുമായി ക്ലോക്ക് ടവർ. നാലാമത്തെ കവാടം ഗുരു രാംദാസ് ലൻഗറിലേക്ക് ഉള്ളതാണ്. ഇവിടെ സൗജന്യമായി ഭക്ഷണം ദാനം ചെയ്യുന്നു. ഗുരുദ്വാര സന്ദർശിക്കുന്നവർക്ക് ഇവിടുന്ന് ഭക്ഷണം കഴിക്കാം. ഇവിടേക്ക് കേറി ചെല്ലുന്നവരുടെ കയ്യിലേക്ക് ഒരു പ്ലേറ്റും, സ്റ്റീൽ ബൗളും, സ്പൂണും കൊടുക്കും. ഹാളിനുള്ളിൽ തുണി പോലെന്തോ വരിവരിയായി വിരിച്ചിട്ടുണ്ട്, അതിന്മേലാണ് ഭക്ഷണം കഴിക്കാൻ ഇരിക്കേണ്ടത്. ആവശ്യത്തിന് റൊട്ടിയും സബ്ജിയും പായസവും ഒക്കെ തരും ബൗളിൽ കുടിക്കാൻ വെള്ളവും. 1589ൽ പണി തീർന്ന ശ്രീ ഹർമന്ദിർ സാഹിബിന് പിൽക്കാലത്ത് പലതിനും സാക്ഷ്യം വഹിക്കേണ്ടി വന്നു. സിഖ് വംശജരുടെ കഷ്ടപ്പാടിന്റെ കഥ കൂടിയാണത്. ഒരിക്കൽ സരോവറിൽ മണൽ കൊണ്ടിട്ട് മൂടാൻ വരെ മുകൾ ഭരണാധികാരികൾ ശ്രമിക്കയുണ്ടായി, അങ്ങിനെ പലവിധത്തിൽ സിഖ് വംശജരെ ദ്രോഹിക്കാൻ ശ്രെമിച്ചു കൊണ്ടേയിരുന്നു. ഇപ്പോൾ ഉള്ള ഈ ഗുരുദ്വാര 1764ൽ പുതുക്കി പണിതതാണ്.

ശ്രീ ഹർമന്ദിർ സാഹിബ് ദർശനത്തിന് പോവുമ്പോൾ തല മൂടണം (തല മുടി വെളിയിൽ കാണരുത്) എന്നത് നിർബന്ധമാണ്, അവിടെ ആൺ പെൺ ഭേദമില്ല. അടുത്ത് കണ്ട കടയിൽ നിന്നും ഒരു തുണി വാങ്ങി തലയിൽ കെട്ടി ഞങ്ങൾ പ്രധാന കവാടത്തിൽ കൂടി അകത്തേക്ക് കടന്നു. ചെരിപ്പ് സൂക്ഷിക്കാൻ ഡെപ്പോസിറ്റ് കൗണ്ടറിൽ കൊടുത്ത് ടോക്കൺ വാങ്ങി പോക്കറ്റിൽ ഇട്ടു. അവിടുന്ന് ഞങ്ങൾ സ്റ്റെപ് വഴി നടപ്പാതയിലേക്ക് ഇറങ്ങി. അവിടെ കുളത്തിൽ ചിലർ പുണ്യസ്നാനം ചെയ്യുന്നു, ചിലർ വെള്ളത്തിലെ മീനുകളെ കണ്ട് രസിക്കുന്നു. ഞങ്ങൾ കുളത്തിലെ ജലം ഒരു കുപ്പിയിൽ ആക്കി (ഇത് പുണ്യജലമായി കരുതപ്പെടുന്നു) നടപ്പാതയിലേക്ക് കയറി. മുന്നോട്ടു നടക്കുമ്പോൾ കാണാം ദർശന ദ്വാരയിലെ തിരക്കും അവിടേക്ക് എത്തിപ്പറ്റാനുള്ള തിരക്കും. ആ എരിപൊരി വെയിലത്ത് രണ്ട് മണിക്കൂറോളം നിന്നു ദർശനദ്വാരയിൽ എത്താൻ തന്നെ. ദർശനദ്വാര തൊട്ട് ഫോട്ടോ എടുക്കാൻ അനുവാദമില്ല. ഒരു വിധേന ദർശനമൊക്കെ കഴിഞ്ഞ്, പ്രസാദവും കഴിച്ച് ഞങ്ങൾ പുറത്തേക്ക് നടക്കുമ്പോൾ സേവകർ നടപ്പാത മുഴുവൻ കഴുകി വൃത്തി ആക്കുന്ന തിരക്കിൽ ആയിരുന്നു.

ചരിത്രമുറങ്ങുന്ന ജാലിയൻവാല ബാഗ്, ടൗൺ ഹാളിൽ നിന്നും കഷ്ടി 50 മീറ്റർ ദൂരം കാണും. ചൂട് കൊണ്ട് കരുവാളിച്ച ഞങ്ങൾ ഓരോ ലസ്സി വാങ്ങി കുടിച്ചിട്ട് മുന്നോട്ടു നടന്നു. ജാലിയൻവാലാ ബാഗ് മെമ്മോറിയൽ എന്ന് കവാടത്തിൽ എഴുതി വെച്ചിരിക്കുന്നു. ജാലിയൻവാല ബാഗ് ഏഴ് ഏക്കറിൽ പരന്ന് കിടക്കുന്ന, ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തിലെ മറക്കാനാവാത്ത, ഒരു (ഒരു കറുത്ത അധ്യായം )ഉദ്യാനമാണ്. ചുറ്റും മതിലുകളാൽ കെട്ടി അടച്ചിരിക്കുന്നു. എൻട്രി ഫീസ് ഒന്നുമില്ല, അധികം തിരക്കും. പ്രധാന കവാടത്തിൽ കൂടി അകത്തേക്ക് കയറുമ്പോൾ ഒരു ഇടനാഴി ആണ്. ഈ ഇടനാഴിയിൽ കൂടിയാണ് ജനറൽ ഡൈർ അവിടെ കൂടിയിരുന്ന ജനങ്ങളെ വെടിവെച്ച് കൊല്ലാൻ തന്റെ പട്ടാളക്കാരെ കൊണ്ട് വന്നത്. വെളിയിലേക്കുള്ള വഴി അടച്ചിട്ടാണ് ജനറൽ പട്ടാളക്കാരെ അവിടേക്ക് കൊണ്ട് വന്നത്. 1919 ഏപ്രിൽ 13ന് സിഖ് ഉത്സവമായ ബൈശാഖി ആഘോഷിക്കാനായി കൂടിയ ജനങ്ങൾ ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. പ്രധാന കവാടത്തിലേക്ക് ജീവരക്ഷാർത്ഥം ഓടുന്ന ജനങ്ങൾ ആയിരുന്നു അയാളുടെ ലക്‌ഷ്യം. 1650 റൗണ്ട് വെടിയുതിർത്തുവെന്ന് അയാൾ തന്നെ മൊഴിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക കണക്ക് പ്രകാരം അന്ന് 379 പേർ മരിക്കുകയും 1200 പേർക്ക് പരിക്ക് പറ്റുകയും ചെയ്തു. 1920ൽ ശിക്ഷ നടപടിയായി നിർബന്ധിത വിരമിക്കലിന് ഡൈർ വിധേയനായി.

എവിടെ നിന്നാണോ ജനങ്ങൾക്ക് നേരെ വെടിയുതിർത്തത് അവിടെ ത്രികോണാകൃതിയിലെ ഒരു സ്തൂപം കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നു. ഇടത്തോട്ട് തിരിഞ്ഞാൽ കാലത്തിന് മായ്ക്കാനാവാത്ത അടയാളങ്ങൾ കാണാം, നേരെ നടന്നാൽ അവിടെ മരിച്ചവർക്കുള്ള സ്മാരകം‌ കാണാം. ഞങ്ങൾ ഇടത്തോട്ട് തിരിഞ്ഞു, ഇവിടെയാണ് വെടിവെപ്പിൽ പ്രാണരക്ഷാർത്ഥം ജനങ്ങൾ ചാടിയ കിണർ. ഇവിടെ ഇത്തിരി തിരക്കുണ്ട്. കിണർ സംരക്ഷിക്കാനായി കെട്ടിപ്പൊക്കി മേൽക്കൂരയൊക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട്. കിണർ അഴികൾ അകന്ന കട്ടിയുള്ള ഇരുമ്പ് വല കൊണ്ട് അടച്ച് വെച്ചിരിക്കുന്നതിനാൽ ശരിക്കും കാണാൻ സാധിക്കില്ല. ഒരിക്കൽ ആളുകളുടെ മൃതദേഹം കൊണ്ട് നിറഞ്ഞ കിണർ, ഇന്ന് അതിന്റെ അടിത്തട്ടിൽ കാണാൻ വരുന്നവർ എറിഞ്ഞിട്ടിരിക്കുന്ന ചില്ലറകൾ ആണ്. കുറച്ച് കൂടി മുന്നോട്ട് നടക്കുമ്പോൾ വെടിയുണ്ടകൾ മതിലിൽ തുളഞ്ഞുകയറിയ പാടുകൾ കാണാം. അവിടെ കൂടിയിരുന്ന ആ പാവം ജനതയുടെയും, അവർ അനുഭവിച്ച മരണവെപ്രാളവും, മനസ്സിൽ കൂടി ഒരു വിങ്ങലായി കടന്ന് പോയി. അവിടെ സ്ത്രീകളും കുട്ടികളും മുതിർന്നവരുമൊക്കെ ഉണ്ടായിരുന്നു.

വെളിയിലേക്ക് ഇറങ്ങുമ്പോൾ കാണാം ഷഹീദ് ഉദ്ദം സിംഗ് ജി സുനാമിന്റെ കൂറ്റൻ പ്രതിമ, ജാലിയൻവാലാ ബാഗിലെ രക്തം തന്റെ ഉള്ളം കയ്യിലേന്തി പ്രതിജ്ഞ എടുക്കുന്ന ഉദ്ദം സിംഗ് ആണ് പ്രതിമ. ഇന്ത്യയുടെ വീരപുരുഷനാണ് ഉദ്ദം സിംഗ്. 1899 ഡിസംബർ 26ന് ജനിച്ച ഉദ്ദം ഇരുപത് വയസുള്ളപ്പോൾ ജാലിയൻവാല ബാഗിലെ ക്രൂരതയ്ക്ക് സാക്ഷിയായി. അവിടെ കൂടിയിരുന്ന ജനങ്ങൾക്ക് ചായ കൊടുക്കുകയായിരുന്നു അദ്ദേഹം. ജനറൽ ഡൈറുടെ ക്രൂരത കണ്ട അദ്ദേഹം അവിടെ ഒഴുകിയ ചോര കയ്യിൽ എടുത്തു കൊണ്ട് ജനറൽ ഡൈറിനെ വധിക്കുമെന്ന് പ്രതിജ്ഞയെടുത്തു. തന്റെ പ്രതിജ്ഞ നിറവേറ്റുവാനായി അദ്ദേഹം ഒത്തിരി അലഞ്ഞു. ഒടുവിൽ 1934ൽ റാം മുഹമ്മദ് സിംഗ് ആസാദ് എന്ന കള്ളപേരിൽ ലണ്ടനിൽ എത്തിയ ഉദ്ദം 13 മാർച്ച്, 1940ൽ തന്റെ തോക്കിൽ നിന്നും ആറ് തവണ നിറയൊഴിച്ച് ജനറൽ ഡൈറിനെ വധിച്ച് തന്റെ പ്രതിജ്ഞ നിറവേറ്റി, എന്നിട്ട് പറഞ്ഞു “എന്റെ രാജ്യത്തോടുള്ള എന്റെ കടമ ഞാൻ നിറവേറ്റിയിരിക്കുന്നു”. വെടിവെച്ച ശേഷം ഓടി രക്ഷപെടുവാൻ കൂടി കൂട്ടാക്കിയില്ല ഭാരതത്തിന്റെ ഈ ധീരപുത്രൻ. 31 ജൂലൈ, 1940ൽ ബ്രിട്ടീഷുകാർ അദ്ദേഹത്തെ തൂക്കിലേറ്റി.

എല്ലാം കണ്ട് വെളിയിലിറങ്ങിയ ഞങ്ങൾ ചൂട് കൊണ്ട് നന്നേ ക്ഷീണിതരായിരുന്നു ഒപ്പം സമയം ഏകദേശം ആറുമണി ആയിരുന്നു. തിരിച്ച് മുറിയിൽ എത്തി, ഒരു കുളിയും കഴിഞ്ഞ് കിടന്നതേ ഓർമ്മയുള്ളു. എണീറ്റപ്പോൾ രാത്രി ഒൻപത് മണി ആയിരുന്നു. നേരെ മാൾ ഓഫ് അമൃത്സറിലേ ഫുഡ് കോർട്ടിലേക്ക് നടന്നു. ഭക്ഷണം കഴിച്ച ശേഷം ഒരു വിൻഡോ ഷോപ്പിങ്ങും കഴിഞ്ഞ് മുറിയിലേക്ക് പോയി. പിറ്റേന്ന് തിരിച്ച് ഹൈദരാബാദിലേക്ക് യാത്രയാവേണ്ടതുണ്ട്, അധികമൊന്നും ഇല്ലങ്കിൽ കൂടി ബാഗ് ഒരുക്കി വെയ്ക്കണം.

ഫ്ലൈറ്റ് അമൃത്സർ എയർപോർട്ടിൽ നിന്നും രാത്രി ആണെങ്കിലും, രാവിലേ തന്നെ ഞങ്ങൾ റൂം ഒഴിഞ്ഞു. ബാഗും മറ്റും സൂക്ഷിക്കാൻ ഹോട്ടലിൽ തന്നെ ഏൽപിച്ച് ഞങ്ങൾ ബ്രദഴ്സ് ദാബയിലേക്ക് കുതിച്ചു. മെനു അത് തന്നെ, അമൃത്സരി കുൽച്ച. പതിവ് തിരക്കുമെല്ലാം കഴിഞ്ഞ് കുൽച്ചയും അകത്താക്കി ഞങ്ങൾ നേരെ തൊട്ടടുത്തുള്ള പാർട്ടീഷൻ മ്യൂസിയത്തിലേക്ക് നടന്നു. പ്രവേശന ഫീ 10 രൂപ മാത്രം, വിദേശികൾക്ക് 250 ഉം. ഇന്ത്യ പാകിസ്ഥാൻ വിഭജന കാലത്തെ ചരിത്രം നമ്മൾക്ക് മുന്നിൽ തുറന്നിടുന്ന ഈ മ്യൂസിയത്തിൽ ഫോട്ടോ എടുക്കാൻ അനുവാദമില്ല. വിഭജനം നടന്നില്ലായിരുന്നു എങ്കിൽ ലാഹോർ ഒരു പ്രധാന നഗരമായി നിലനിൽക്കുകയും അമൃത്സർ ഇത്രയും വളരുകയും ഇല്ലായിരുന്നു. വിഭജനത്തിന്റെ എല്ലാ വിധ നരക യാതനകളും നേരിടേണ്ടി വന്ന ഒരു ജനത.

മ്യൂസിയം കാഴ്ചകൾക്ക് ശേഷം ടാക്സി പിടിച്ച് ഞങ്ങൾ നേരെ പോയത് വാഗാ ബോർഡറിലേക്കാണ്. 32 കിലോമീറ്റർ ദൂരമുണ്ട് അമൃത്സറിൽ നിന്നും, ലാഹോറിലേക്ക് വെറും 22 കിലോമീറ്ററും. ആദ്യമായി വാഗാ ബോർഡറിലെ പരിപാടി ടിവിയിൽ കണ്ടകാലം തൊട്ടുള്ള ആഗ്രഹമാണ് ഇവിടെ പൂർത്തീകരിക്കപ്പെടുന്നത് . ഇവിടെ അകത്തേക്ക് കൊച്ചു ബാഗുകൾ പോലും അനുവദിക്കില്ല, ഒന്നുകിൽ ഡെപ്പോസിറ്റ് കൗണ്ടറിൽ കൊടുക്കണം അല്ലെങ്കിൽ വന്ന വണ്ടിയിൽ തന്നെ വെയ്ക്കണം. മൊബൈൽ ഫോണുകൾ പ്രവർത്തിക്കുകയില്ല കാരണം, ജാമറുകൾ വെച്ചിട്ടുണ്ട്. അകത്തേക്ക് നടക്കുമ്പോൾ സെക്യൂരിറ്റി ചെക്കിങ് ഉണ്ട്. ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും പ്രത്യേക ക്യു ഉണ്ട്. സെക്യൂരിറ്റി ചെക്കിങ് കഴിഞ്ഞ് അകത്തേക്ക് കുറച്ച് നടന്ന് വേണം ഗ്യാലറിയിൽ എത്താൻ. ചടങ്ങ് നടക്കുന്ന റോഡിന് ഇരുവശത്തുമായിട്ടാണ് ഗ്യാലറികൾ ഉണ്ടാക്കിയിരിക്കുന്നത്. എല്ലാ ദിവസവും സൂര്യാസ്തമയത്തിനു രണ്ട് മണിക്കൂർ മുൻപ് നടത്തുന്ന ഫ്ലാഗ് സെറിമണി ആണിത്. ബോർഡറിൽ രണ്ട് ഗേറ്റുകൾ, ഒന്ന് ഇന്ത്യയുടെ മറ്റേത് പാക്കിസ്ഥാന്റെയും. രണ്ടു രാജ്യത്തെയും ജനങ്ങൾ ബോർഡറിന് അപ്പുറത്തും ഇപ്പുറത്തുമായി ഗ്യാലറിയിൽ ഇരുന്നാണ് ഫ്ലാഗ് സെറിമണി കാണുക, പരേഡ് നടത്തുന്ന തന്റെ രാജ്യത്തെ ജവാന്മാരെ മുദ്രാവാക്യങ്ങൾ മുഴക്കി ആവേശഭരിതരാക്കുക എന്നത് ഒരു പുതിയ അനുഭവമായി.

ഇത് വെറും ഒരു ചടങ്ങായി കാണാൻ ആവില്ല. ഒരു BSF ജവാൻ ചിയർ ലീഡർ ആയി മുദ്രാവാക്യം വിളിച്ച് പറയുമ്പോൾ നമ്മൾക്ക് ഒരു വികാരം മാത്രം, ഭാരതമെന്ന വികാരം. അവിടെ ഒരൊറ്റ ജാതിയെ ഉള്ളു ഭാരതീയർ എന്ന ജാതി. കാൽ ആകാശം മുട്ടെ ഉയർത്തി ചവിട്ടി മുഷ്ടി ചുരുട്ടി പാകിസ്ഥാനെ കാണിക്കുന്ന ജാവാനെ കാണുമ്പോൾ ദേശഭക്തിയാൽ തിളക്കും ചോര. കത്തി ജ്വലിക്കുന്ന സൂര്യന്റെ ചൂടിനെ തോൽപ്പിക്കുന്ന ദേശഭക്തി, ചൂടിനൊപ്പം ഭാരതീയരെന്ന വികാരം തിളച്ചുമറിഞ്ഞു. വാഗാ ബോർഡർ അതൊരു ബോർഡർ അല്ല ഭാരതീയർ എന്ന വികാരമാണ്. ചടങ്ങു കഴിഞ്ഞ് ഇറങ്ങുമ്പോൾ സ്വച്ഛഭാരത യജ്ഞത്തിൽ ഞങ്ങളും ചേർന്നു, അവിടെ ആളുകൾ കുടിച്ച ശേഷം ഉപേക്ഷിച്ച് പോയ കുപ്പികൾ പെറുക്കാവുന്നിടത്തോളം പെറുക്കി ഡസ്റ്റ്ബിന്നിൽ ഇട്ടു. വന്ന വഴി അല്ല തിരിച്ച് പോവേണ്ടത്, താഴെ പരേഡ് നടന്ന റോഡിലേക്ക് ഇറങ്ങി വേണം പോവാൻ. ഞങ്ങൾ ഗേറ്റിന്റെ അടുത്ത് പോകാൻ അനുവാദമുള്ള ഭാഗം വരെ നടന്നു, ചുമ്മാ അപ്പുറത്തേക്ക് നോക്കി. ഇവിടെ ഉള്ള അത്രയും ആളുകൾ അവിടില്ല, സ്ത്രീ ജനങ്ങൾ തീരെ കുറവ്. തിരിച്ച് നടക്കുമ്പോൾ പിന്നിൽ നിന്നും ഉയർന്ന കേൾക്കുന്നത് ലത മങ്കേഷ്‌കർ ആലപിച്ച “വന്ദേ മാതരം“.

ചടങ്ങ് കണ്ടിറങ്ങുമ്പോൾ സമയം ആറുമണി. തിരക്കിട്ട് ഹോട്ടലിലേക്ക് കുതിച്ചു, ബാഗ് എടുക്കണം. മനോഹരമായ ഒരു അവധിക്കാലം തീരുകയാണ്, ഇതോടെ പോയിട്ടുള്ള സ്ഥലങ്ങളുടെ ലിസ്റ്റിൽ അമൃത്സർ കൂടി സ്ഥലം പിടിച്ചു. അടുത്ത അവധിക്കാലം വരെയുള്ള ഊർജ്ജവും നിറച്ച്, മനോഹരമായ ഒരു പിടി ഓർമ്മകളുമായി ഞങ്ങൾ ബാഗുമെടുത്ത് ശ്രീ ഗുരു രാംദാസ് ജീ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് യാത്രയായി..

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply