ആനയടിക്കുത്ത്/ആനച്ചാടിക്കുത്ത് – പ്രകൃതിയുടെ ഇന്ദ്രജാലം

വിവരണം – ദിവ്യ.ജി.പൈ.

കഴിഞ്ഞയാഴ്ച വരെ ആ വലിയ കറുത്തപാറയിലെ വെള്ളിക്കൊലുസായിരുന്നു അവൾ … മോഹിപ്പിക്കുന്ന slim beauty … ആനച്ചാടിക്കുത്ത്/ ആനയടിക്കുത്ത് എന്നു പറയുന്നത് ഇടുക്കി തൊടുപുഴയ്ക്കു സമീപം സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ്. ഇടുക്കിയിലെ പുറംലോകം അറിയപ്പെടാതെ കിടക്കുന്ന ഒരു സ്ഥലമാണ് ഇത്. തൊടുപുഴയിൽ നിന്നും 20 km അകലെ ഒളിഞ്ഞിരിക്കുന്ന കാട്ടാറിൻ കിടുക്കാച്ചി സൗന്ദര്യം. മഴക്കാലത്തു യൗവ്വനയുക്തയാകുന്നവളാണ് ആനച്ചാടികുത്തി വെള്ളച്ചാട്ടം. അടിപൊളി. വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ആനയെ പോലെ വലിയ പാറക്കല്ല് അതിനെ തഴുകി മുണ്ടൻ മുടിയുടെ നെറുകയിൽ നിന്നും പെയ്യുന്ന വെള്ളം മീറ്ററുകളോളം വിസ്തൃതിയിൽ പാറയിലൂടെ കളകളാരവമായി താഴെ പതിക്കുന്നു. ആ ഭാഗങ്ങളിൽ അരവരെ മാത്രമേ വെള്ളം ഉള്ളൂ. അവിടെ നിന്ന് സുഖമായി സ്നാനം ചെയ്യാം. കുട്ടികൾ വരെ നീരാടാറുണ്ട്. അത് കണ്ട് ഉന്മത്തായി നീരാടാൻ പോയ ഞാൻ ഇന്നത്തെ മഴയിലെ ശക്തിക്കു മുന്നിൽ പകച്ചുപോയി. അവസാനം കാൽ മുങ്ങി നിന്ന് മഴയിൽ കുളിച്ച് തൃപ്തിപ്പെട്ടു.

ആനച്ചാടിക്കുത്ത് വെള്ളച്ചാട്ടത്തിന് ഈ പേരു വന്നതിനു പിന്നില്‍ രസകരമായ ഒരു കഥയുണ്ടത്രെ. ഒരിക്കല്‍ രണ്ട് ആനകള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാന കാല്‍വഴുതി ഇവിടെ വീണു മരിച്ചുവത്രെ. ആന ചാടിയതിനാല്‍ ഈ വെള്ളച്ചാട്ടം ആനച്ചാടികുത്ത് എന്നാണത്രെ പിന്നീട് അറിയപ്പെട്ടത്. ആനയടിക്കുത്ത് എന്നും ഈ വെള്ളച്ചാട്ടം അറിയപ്പെടുന്നു. ആന കാല്‍വഴുതി വീണ് മരിച്ചെന്നാണ് പേരിനു പിന്നിലെ കഥയെങ്കിലും നൂറുശതമാനം സുരക്ഷിതമാണ് ആനച്ചാടികുത്ത് വെള്ളച്ചാട്ടം. കുട്ടികളുള്‍പ്പെടെയുള്ളവര്‍ക്ക് ധൈര്യത്തില്‍ ഇറങ്ങാവുന്ന അപകടമില്ലാത്ത ഒരു വെള്ളച്ചാട്ടമാണിത്. അതിനാല്‍ത്തന്നെ ഒന്നും പേടിക്കാതെ ഇവിടെ കുട്ടികളെയും കൂട്ടി സമയം ചെലവഴിക്കാം.

രൗദ്രഭാവത്താൽ വരുന്നത് കണ്ട് പകച്ചുപോയി എന്നിലെ ബാല്യം … ഒരു വടി എടുത്ത് കാൽ വച്ചയിടത്ത് നിന്നും കുത്തി നോക്കിയപ്പം പലയിടത്ത് പല ആഴം … ഒരിടത്ത് അരഭാഗം വരെ മറുഭാഗത്ത് നെഞ്ച് വരെയും …. ഞങ്ങൾ മൂന്നുപേരും മഴയും വെള്ളച്ചാട്ടവും മാത്രം .. ഒഴുക്കും .. പരിചയമില്ലാത്ത സ്ഥലമായതിനാലും താഴത്തെ വെള്ളം നന്നായി കലങ്ങിയതിനാലും മകൾ കൂടെയുള്ളതിനാലും risk ഒട്ടും ഇഷ്ടമില്ലാത്ത ഞാൻ വെള്ളച്ചാട്ടം നിരുപദ്രവകാരിയാണെന്ന് നാട്ടുക്കാരിൽ നിന്ന് ഉറപ്പ് വരുത്തിയെങ്കിലും മുങ്ങി പൊങ്ങാൻ പോയില്ല …വലിയ പാറയിൽ നിന്നവൾ അലസതയേതുമില്ലാതെ കഴിഞ്ഞയാഴ്ചയിലെ നാണത്തോടുള്ള കുണുക്കമില്ലാതെ പ്രണയാർദയായപ്പോൾ മഴയും നനഞ്ഞ് കിന്നാരം ചൊല്ലി ഞാനും ഒത്തിരി നേരം അവൾക്കൊപ്പം അവളുടെ പ്രണയതാളത്തിൽ തരളിതയായി മനസ്സ് ലയിപ്പിച്ചിരുന്നു. അവളിൽ ചേർന്നലിയാൻ ഞാൻ വീണ്ടും വരും എന്ന് മന്ത്രിച്ച് ഞാൻ മനസ്സിലാ മനസ്സോടെ പാറ കയറുവാൻ തുടങ്ങി ..

മഴ പെയ്ത് കുറച്ച് നേരം കഴിഞ്ഞാൽ വെള്ളത്തിന്റെ ഒഴുക്കും കുറയും . Route: തൊടുപുഴയില്‍ നിന്നും കരിമണ്ണൂര്‍ വഴി തൊമ്മന്‍കുത്ത് ടൗണ്‍ വഴിയാണ് ആനക്കുത്തിചാടി വെള്ളച്ചാട്ടത്തിലേക്കുള്ള വഴി. തൊമ്മന്‍കുത്ത് ടൗണില്‍ ജംഗ്ഷനിൽ തൊമ്മൻക്കുത്ത് അക്ഷയ സെൻറർ ബോർഡ് കാണാം. അവിടെനിന്നും ഇടത്തേക്ക് തിരിഞ്ഞ് 100 മീറ്റർ കഴിയുമ്പോൾ Alphonsa convent board വലത്തേക്ക് ഇടുങ്ങിയ വഴി കാണാം. കാർ ഒരു 300-400 മീറ്റർ പോകും. പിന്നെ അവിടെ പാർക്കിംഗ് സൗകര്യവും ഉണ്ട് . അവിടെ നിന്നും നേരെ നടന്ന് ഇടതു വശത്ത് പാറ കയറാം. അവിടെയാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഈയിടെയായി സഞ്ചാര പ്രേമികൾ എളുപ്പമുള്ള പാറയുടെ മുകളിലേക്ക് നേരിട്ടെത്തുന്ന മറ്റൊരു വഴി തയ്യാറാക്കിയിട്ടുണ്ട്. തൊമ്മൻകുത്തിൽ നിന്നും തിരിക്കുന്നവർക്ക് ഒരു കിലോമീറ്ററിൽ താഴെ മാത്രമേ സന്ദർശിക്കേണ്ടതുള്ളൂ.  ഞങ്ങൾ പോയപ്പോൾ നല്ല മഴയായതിനാൽ അടുത്തുള്ള കാറ്റാടിക്കടവ് സന്ദർശനം ഒഴിവാക്കി. തൊമ്മൻക്കുത്ത് ട്രക്കിംഗ് കഴിഞ്ഞ് ക്ഷീണിച്ച മകളെ അവിടേം കൂടിയുള്ള മലകയറ്റം നടത്തിക്കണ്ട എന്നു കരുതിയാണ് അത് ഒഴിവാക്കിയത്. പറ്റുന്നവർ അതുംകൂടി സന്ദർശിക്കുക …

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply