പാലക്കാട് നിന്നും ബെംഗലൂരുവിലേക്ക് ഇതാ ഒരു എളുപ്പവഴി..!!

മലയാളികൾ ധാരാളം ജീവിക്കുന്ന സ്ഥലമാണ് കർണാടകയുടെ തലസ്ഥാനമായ ബെംഗളൂരു. മുൻപ് ബാംഗ്ലൂർ എന്നറിയപ്പെട്ടിരുന്ന ഇന്ത്യയിലെ മൂന്നാമത്തെ ജനനിബിഡമായ നഗരവും അഞ്ചു വലിയ തലസ്ഥാന നഗരങ്ങളിലുമൊന്നായ ഇവിടെ മലയാളികളടക്കം ഏകദേശം 65 ലക്ഷം പേർ വസിക്കുന്നു. ജോലി, പഠന സംബന്ധമായ ആവശ്യങ്ങൾക്കല്ലാതെ ചുമ്മാ ട്രിപ്പ് പോകുന്നവർക്കും ബെംഗളൂരു പ്രിയപ്പെട്ടതാണ്. സാധാരണ ഗതിയിൽ ആളുകൾ ട്രെയിനോ ബസ്സോ ഒക്കെയാണ് ബെംഗളൂരുവിലേക്ക് പോകുന്നതിനായി ആശ്രയിക്കുന്നത്. പ്രൈവറ്റ്, ട്രാൻസ്‌പോർട്ട് അടക്കം നിരവധി ബസ്‌സർവ്വീസുകൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടേക്ക് ലഭ്യമാണ്. പിന്നീട് എയർ ഏഷ്യ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് മുതലായ ബഡ്ജറ്റ് എയർലൈനുകളുടെ വരവോടെ ഒരുവിഭാഗം ആളുകൾ വിമാനമാർഗ്ഗവും ബെംഗളൂരുവിലേക്ക് പോകുവാൻ തുടങ്ങി. വിമാനത്തിന്റെ ടിക്കറ്റ് ചാർജ്ജ് വോൾവോ ബസ്സിനോളമേ ചില സമയങ്ങളിൽ വരാറുള്ളൂ. ചിലപ്പോൾ അതിലും കുറയും. പക്ഷെ എല്ലാവർക്കും ഇപ്പോഴും ഫ്‌ളൈറ്റ് യാത്ര സാധ്യമാകണം എന്നില്ലല്ലോ. അതുകൊണ്ട് സ്വന്തം വാഹനത്തിൽ അടിച്ചുപൊളിക്കാനായി ബെംഗളൂരിവിലേക്ക് പോകുന്നവർക്കു വേണ്ടിയാണീ പോസ്റ്റ്.

ബെംഗളുരുവിലേക്ക് കേരളത്തിൽ നിന്നും പ്രധാനമായും ആളുകൾ പോകുന്നത് രണ്ടു വഴികളിലൂടെയാണ്. ഒന്ന് മൈസൂർ വഴിയും രണ്ട് സേലം വഴിയും. ഇതിൽ സേലം വഴി പോകുവാനാണ് പ്രത്യക്ഷത്തിൽ എളുപ്പം. അതായത് പാലക്കാട് – കോയമ്പത്തൂർ – സേലം വഴി. കോയമ്പത്തൂരിൽ നിന്നും ഏകദേശം 364 കിലോമീറ്ററാണ് ബെംഗളുരുവിലെത്താന്‍ സഞ്ചരിക്കേണ്ടത്. നല്ല കിടിലൻ റോഡ് ആണെങ്കിലും പുറംകാഴ്ചകൾ ഒന്നും തന്നെയില്ലാത്തതിനാൽ ഈ റൂട്ടിലൂടെയുള്ള യാത്ര എല്ലാവരെയും മുഷിപ്പിക്കുന്നതാണ്. എന്നാൽ ഈ റൂട്ട് ഒന്ന് മാറ്റിപ്പിടിച്ചാലോ? കോയമ്പത്തൂരിൽ നിന്നും ബെംഗളുരുവിലേക്ക് ഒരു എളുപ്പവഴിയുണ്ട്. സാധാരണഗതിയിൽ അധികമാരും ഈ വഴി തിരഞ്ഞെടുക്കാറില്ല. നഗരത്തിരക്കുകളിൽ നിന്നും ഹൈവേയിൽ നിന്നുമൊക്കെ മാറി ഗ്രാമങ്ങളിലൂടെ ഒരു യാത്ര.. ടൂവീലറിൽ പോകുന്നവർക്ക് പരീക്ഷിക്കാൻ പറ്റിയ ബെസ്റ്റ് റൂട്ടാണിത്.

ആദ്യം പാലക്കാട് വഴി കോയമ്പത്തൂരിൽ എത്തിയാൽ പിന്നെ അവിടെ നിന്നും സത്യമംഗലം റൂട്ട് പിടിക്കുക. ഏകദേശം 70 കിലോമീറ്ററോളം ദൂരം കോയമ്പത്തൂരില്‍ നിന്നും അന്നൂര്‍-പുളിയമ്പെട്ടി വഴി സത്യമംഗലത്തെത്താന്‍ സഞ്ചരിക്കേണ്ടി വരും. സേലം റൂട്ടിൽ നിന്നും വ്യത്യസ്തമായി ഈ റൂട്ടിൽ ധാരാളം തണൽമരങ്ങളും പച്ചപ്പുമൊക്കെ നിങ്ങളെ ആകർഷിക്കും. കൂടാതെ പോകുന്ന വഴിയിൽ ധാരാളം തമിഴ് ക്ഷേത്രങ്ങളും സ്ഥിതിചെയ്യുന്നുണ്ട്. നിങ്ങൾക്ക് വേണമെങ്കിൽ ഇവിടെയൊക്കെ ഒന്നു കയറുകയോ വിശ്രമിക്കുകയോ ചെയ്യാവുന്നതാണ്.

അങ്ങനെ സത്യമംഗലത്തു എത്തിച്ചേർന്നാൽ പിന്നെ നിങ്ങൾ പോകേണ്ട അന്തിയൂർ ആണ്. വഴി വലിയ നിശ്ചയം പോരെങ്കിൽ ആ സമയത്ത്‌ ഗൂഗിൾ മാപ്പ് ഉപയോഗിച്ചാൽ മതിയാകും. സത്യമംഗലത്തു നിന്നും അന്തിയൂരിലേക്ക് ഏകദേശം 45 ഓളം കിലോമീറ്റർ ദൂരമുണ്ട്. ഈ റൂട്ടിലൂടെ പോകുന്നവർക്ക് തമിഴ്‌നാട്ടിലെ പ്രശസ്തമായ ഭവാനി സാഗർ അണക്കെട്ടും സന്ദർശിക്കാവുന്നതാണ്. ഭവാനി നദിയുടെ സമീപത്തുള്ള ഭവാനീശ്വര ക്ഷേത്രം, മുനേശ്വര്‍ ക്ഷേത്രം, ശ്രീ രാമ ക്ഷേത്രം,പരമേശ്വരി ക്ഷേത്രം,കല്ലിപ്പാട്ടി പെരുമാള്‍ കോവില്‍, അന്തിയൂര്‍ ഭദ്രകാളിഅമ്മന്‍ കോവില്‍, ഗുരുനാഥസ്വാമി ക്ഷേത്രം തുടങ്ങി മുൻപ് പറഞ്ഞതുപോലെ ഈ റൂട്ടിലും ധാരാളം ക്ഷേത്രങ്ങളുണ്ട്.

അന്തിയൂർ എത്തിയാൽ ഇനി അടുത്ത പ്രയാണം അമ്മപ്പേട്ട എന്ന സ്ഥലത്തേക്ക് ആണ്. അന്തിയൂരിൽ നിന്നും അമ്മപ്പേട്ടയിലേക്ക് ഏകദേശം 25 കിലോമീറ്ററോളം ദൂരമുണ്ട്. തികച്ചും ഗ്രാമീണത നിറഞ്ഞ നിഷ്കളങ്കരായ ആളുകൾ വസിക്കുന്ന ഒട്ടും ബഹളങ്ങൾ ഇല്ലാത്ത ഒരു റൂട്ടാണിത്. ദയവുചെയ്ത് നിങ്ങളുടെ യാത്ര ഈ ഗ്രാമങ്ങൾക്കോ അവിടെ വസിക്കുന്നവർക്കോ ബുദ്ധിമുട്ട് ഉണ്ടാകാതെ നോക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണേ. അമ്മപ്പേട്ടയിൽ നിന്നും പിന്നെ മേട്ടൂരേക്ക് വണ്ടി തിരിക്കണം. 20 കിലോമീറ്റർ ദൂരമേയുള്ളൂ ഇവിടുന്നു മേട്ടൂർക്ക്. മേട്ടൂർ ഡാം ഇവിടത്തെ പ്രധാന ആകർഷണമാണ്. തീർച്ചയായും നിങ്ങൾ ഡാം സന്ദർശിച്ചിരിക്കണം. അല്ലെങ്കിൽ വലിയൊരു നഷ്ടമാകും അത്. ഇനി ഇപ്പോൾ നിങ്ങൾ സഞ്ചരിക്കുന്നത് നാഷണൽ ഹൈവേയിലൂടെയാണ്. മേട്ടൂരിൽ നിന്നും 40 കിലോമീറ്റർ ഓടി തൊപ്പൂരിലേക്ക് പോകണം. സേലത്തെയും ധര്‍മ്മപുരിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സ്ഥലമായ തൊപ്പൂരിൽ നിന്നും വെറും 40 കിലോമീറ്റർ ദൂരമേയുള്ളൂ സേലത്തേക്ക്.

തൊപ്പൂരിൽ നിന്നും ധർമപുരിയിലേക്കാണ് ഇനി പോകേണ്ടത്. വീരപ്പൻ വെടിയേറ്റു മരിച്ച സ്ഥലം കൂടിയാണ് ധർമപുരി. ധർമപുരിയിൽ എത്തിയശേഷം ഇനി ഹൊസൂരിലേക്കാണ് യാത്ര. ധർമ്മപുരിയിൽ നിന്നും പാലക്കോട്, മറന്തഹള്ളി, റായക്കൊട്ടെ, ഹാലസിവം വഴി 90 കിലോമീറ്ററാണ് ഹൊസൂരിലേക്ക്. ഹൊസൂർ എന്നത് തമിഴ്‌നാട് – കർണാടക അതിർത്തി പ്രദേശമാണ്. അങ്ങനെ നമ്മുടെ യാത്ര അതിന്റെ അവസാന ഘട്ടത്തിൽ എത്തിയിരിക്കുകയാണ്. ഹൊസൂരിൽ നിന്നും 40 കി.മീ. സഞ്ചരിച്ചാൽ ബെംഗളൂരുവിൽ എത്തിച്ചേരും.

എങ്ങനെയുണ്ട് അധികമാരും പരീക്ഷിക്കാത്ത ഈ റൂട്ട്? നാഗരികതയുടെ തിരക്കിൽ നിന്നും വീർപ്പുമുട്ടലിൽ നിന്നും ശബ്ദകോലാഹലങ്ങളിൽ നിന്നും രക്ഷ നേടുവാൻ ഈ റൂട്ട് വളരെ ബെസ്റ്റാണ്. കഴിവതും പകൽ സമയത്ത്‌ ഇതുവഴി പോകുവാൻ ശ്രദ്ധിക്കണം. ഗ്രാമപ്രദേശമല്ലേ ഇരുട്ട് വീണു തുടങ്ങുമ്പോൾ മിക്കവാറും അവിടമൊക്കെ ഉറങ്ങിത്തുടങ്ങും. അതുക്കൊണ്ട് രാത്രിയിലെ കാര്യം നോ ഗ്യാരണ്ടി.. ഇനി അടുത്ത തവണ സ്വന്തം വാഹനത്തിൽ പാലക്കാട് വഴി ബെംഗളുരുവിലേക്ക് പോകുമ്പോൾ തീർച്ചയായും ഈ റൂട്ട് ഒന്നു പരീക്ഷിച്ചു നോക്കുക.

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply