യാത്രികർ ഒഴിവാക്കിയ സ്വർഗ്ഗം. ചിത്രദുർഗ്ഗ കോട്ടയുടെ അങ്ങേയറ്റത്തേക്ക് ഒരു സാഹസിക യാത്ര

വിവരണം – അനീഷ് കൃഷ്ണമംഗലം.

രണ്ടു ദിവസങ്ങൾ, ഇരവും പകലും കല്ലുകൾ പറഞ്ഞ കാലത്തിന്റെ കഥകേട്ട്‌ “കിഷ്കിന്ധയിലും ഋഷ്യമൂകാചല”ത്തിലും അലയുകയായിരുന്നു. കർണാടകയിലെ ഹംപിക്ക്‌ സമീപം കമലാപുരയിലെ റൂമിലിരുന്ന് ഇനിയെങ്ങോട്ട് എന്ന ചർച്ചയിൽ “ചിത്രദുർഗ”യും “ബദാമി”യും ഞങ്ങളെ ചുറ്റിപ്പറ്റിനിന്നു. പഴമയോടും ചരിത്രത്തോടുമുള്ള അടങ്ങാത്ത അഭിനിവേശത്തിൽ തിരഞ്ഞെടുപ്പ് വിഷമമേറിയതായിത്തീർന്നു. ഒടുവിൽ മടക്കയാത്രയിൽ കിട്ടിയേക്കാവുന്ന ദൂരലാഭം ചിത്രദുർഗ്ഗയെ കൂടെ നിർത്തി.

ചിത്രദുർഗയിൽ ഒാട്ടപ്രദിക്ഷണത്തിന് കയറുന്നവർ ആണ് കൂടുതൽ. ഹംപി മനസിൽ കിടക്കുമ്പോൾ ഇവിടെ സമയം കളയാൻ എല്ലാവരും മടിക്കും. അതിനാൽ ഒരു ദിവസം ചിത്രദുർഗക്കായി മാറ്റി വയ്ക്കുകയായിരുന്നു. രാവിലെ “ഹംപി” എന്ന വീഞ്ഞു പാത്രത്തിലെ അവസാന ലഹരിയും നുണഞ്ഞ് തീർത്ത് ഉച്ചയോടെ ചിത്രദുർഗ്ഗയിലേക്ക്. ചിത്രദുർഗ്ഗയിൽ എത്തുമ്പോൾ വൈകിട്ട് 7 മണി ആയിരുന്നു. 1500 ഏക്കറിൽ പരന്നുകിടക്കുന്ന സങ്കീർണ്ണതയും നിർമ്മാണചാതുര്യവും നിറഞ്ഞ, മനോഹരവും ചരിത്രപരമായ വിശേഷണങ്ങളാൽ അലങ്കൃതവുമായ ഒരു കോട്ടയാണ് ചിത്രദുർഗ. രാത്രിയായത്തോടെ ഒരു ചെറിയ കാഴ്ചപോലും തരാതെ ഇരുട്ട് കോട്ടയെ മറച്ചുപിടിച്ചു.

കർണാടക ടൂറിസം കോർപ്പറേഷന്റെ മയൂർ യാത്രി നിവാസിൽ ആയിരം രൂപയ്ക്ക് കിട്ടിയ ഡോർമിറ്ററിയിൽ ഞങ്ങൾ നാലുപേർക്ക് കൂട്ടായി 12 കട്ടിലുകൾ. എല്ലാ സമയത്തെയും ഭക്ഷണം സ്വയം തയ്യാറാക്കി കഴിക്കുകയാണ് പതിവ്. ഇന്ന് രാത്രി തെരുവോരങ്ങളിലെ രുചി പരീക്ഷിക്കാമെന്നു കരുതി ടൗണിലേക്കിറങ്ങി. രാത്രി വൈകുവോളം നഗരത്തിൽ നല്ല തിരക്കാണ്. ഷോപ്പിങ്ങിനും മറ്റുമായി എല്ലാവരും കുടുംബസമേതം കറങ്ങി നടക്കുന്നു. ഭക്ഷണശാലകൾക്ക്‌ ചുറ്റിലും ആളുകൾ പൊതിഞ്ഞു നിൽക്കുകയാണ്. വാഴയിലയിൽ വിളമ്പുന്ന ഇഡ്ഡലി പോലെയൊരു വിഭവത്തിലേക്ക്‌ ശ്രദ്ധയാകർഷിച്ചു. ദോശയുടെ വലിപ്പമുണ്ട്.. കഴിച്ചു നോക്കി. ഉഴുന്നും മുളകും ചേർത്ത ചമ്മന്തിയും കൂടി ആയപ്പോൾ പറഞ്ഞറിയിക്കാനാവാത്ത രുചി. 11 മണി വരെ നഗരത്തിലെ വർണവെളിച്ചത്തിൽ അലഞ്ഞു നടന്നു. രാത്രി കിടക്കുമ്പോൾ ഉറങ്ങാതെ ചർച്ചകളായിരുന്നു. ചിത്രദുർഗ്ഗ എന്ന വിചിത്ര ദുർഗ്ഗത്തിന്റെ ചരിത്രങ്ങളിലേക്ക് ഊളിയിട്ടു കൊണ്ട്.

രാവിലെ ഹോട്ടലിന് പുറത്തിറങ്ങിയപ്പോൾ തൊട്ടുമുന്നിൽ വിശാലമായി നിറഞ്ഞു നിൽക്കുകയാണ് കോട്ടമതിൽ. വെള്ളമില്ലെങ്കിലും വലിയ കിടങ്ങുകൾ ചുറ്റിലുമുണ്ട്. പ്രധാന വാതിലിലൂടെ കോട്ടയ്ക്കുള്ളിൽ എത്തണമെങ്കിൽ 30 അടിയോളം ഉയരമുള്ള വലിയ മതിലിന്റെ ഇടയിലൂടെ ചുറ്റിവളഞ്ഞ് കുറേ ദൂരം സഞ്ചരിക്കേണ്ടിവരും. ശത്രുക്കൾ ഏതായാലും അത്ര എളുപ്പത്തിൽ അകത്ത് എത്തില്ല. അഥവാ എത്തിയാൽ വെടി വച്ചിടാനുള്ള രഹസ്യ അറകൾ സജ്ജമാക്കിയിട്ടുണ്ട്. മതിലിനുള്ളിൽ കടന്നുകഴിഞ്ഞാൽ ഇടതുവശത്ത് പാറയിൽ കൊത്തിയുണ്ടാക്കിയ വലിയൊരു കുളം കാണാം. ഒറ്റപ്പാറ തുരന്നാണ് നിർമ്മിച്ചിരിക്കുന്നത്. ചുറ്റിലും പ്രലോഭിപ്പിച്ചു കൊണ്ടിരുന്ന ഗൈഡുകളിൽ നിന്നും ഒഴിഞ്ഞുമാറി മുന്നോട്ട് നടന്നു. മതിവരുവോളം ചുറ്റിനടക്കുകയായിരുന്നു പ്രധാനം. ഗൈഡുകൾ ചിലപ്പോൾ ബാധ്യതയായേക്കാം.

പ്രധാന കവാടം പിന്നിട്ടുകഴിഞ്ഞു. വിജനമായ പടവുകൾക്ക് ചുറ്റിലും വലിയ പാറകളും കുറ്റിക്കാടുകളും കാണാം. ഏപ്രിൽ മാസത്തിലെ കൊടുംചൂട് കോട്ടയിലെ പച്ചപ്പിനെ തങ്കം പൊതിഞ്ഞു. പല ഭാഗങ്ങളിലായി നിരവധി ക്ഷേത്രങ്ങൾ കോട്ടയ്ക്കുള്ളിലുണ്ട്. ഇടതുവശത്ത് വലിയൊരു പാറയുടെ മുകളിൽ ഒരു കൊച്ചുക്ഷേത്രം കണ്ടു. കുത്തനെയുള്ള പടവുകൾ കയറി വേണം മുകളിലെത്താൻ. ഇരുവശത്തും കൈവരിയുണ്ട്. അവിടെ നിന്നാൽ പ്രധാന കവാടത്തിലൂടെ വരുന്നവരെയും കോട്ടയ്ക്കുള്ളിൽ ചുറ്റിത്തിരിയുന്നവരെയും കാണാം.

തൊട്ടു താഴെ കൂടി വരുന്ന ആറ് പെൺകുട്ടികളെ ഞങ്ങൾ ശ്രദ്ധിച്ചു. ജീൻസും ടോപ്പും ഒക്കെ ധരിച്ച് ഏതോ കോളേജിൽ നിന്നും കോട്ട കാണാൻ വന്നതാവണം. പാറമുകളിലെ ക്ഷേത്രം കാണാൻ മുകളിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് ഞങ്ങളെ അവിടെ കാണുന്നത്. അതോടെ മുകളിലേക്ക് കയറാതെ ശങ്കിച്ചു നിന്ന ശേഷം അവർ മറ്റൊരു ഭാഗത്തേക്ക് പോയി.

ദൂരെയായി കാണുന്ന ഒരു കുന്നിനു മുകളിൽ ഒരു നിരീക്ഷണതറ കാണുന്നുണ്ട്. അതിനു താഴെയാണ് പ്രധാന ക്ഷേത്രങ്ങളെല്ലാം. നിരീക്ഷണ ഗോപുരത്തിൽ കയറണമെങ്കിൽ കുത്തനെയുള്ള പാറയിലൂടെ കയറിചെല്ലണം. പാറയിലെങ്ങും ഇപ്പോൾ താഴെ വീഴും എന്ന നിലയിൽ വലിയ കല്ലുകൾ ഇരിക്കുന്നു. അതിനിടയിലൂടെ ഒരു നടവഴി മുകളിലേക്ക് പോകുന്നു. ചുവട് ഉറപ്പിക്കാനും കൈ പിടിക്കാനുമുള്ള ചെറിയ കുഴികൾ കൊണ്ട് വഴി തിരിച്ചറിയാം. ആ വഴിയിലൂടെ അള്ളിപ്പിടിച്ച് കൂക്കി വിളികളുമായി സ്ത്രീകളടങ്ങുന്ന ഒരു സംഘം താഴേക്ക് ഇറങ്ങി വരുന്നുണ്ട്. അവരുടെ ഭാവം കണ്ടാലറിയാം എത്രത്തോളം ദുഷ്കരമാണ് ആ വഴിയെന്ന്. മറ്റൊന്നും ആലോചിക്കാതെ ഞങ്ങൾ അവിടേക്ക് ഓടിയെത്തി.

ചെരുപ്പ് ഇട്ടു കൊണ്ട് കയറുക അസാധ്യം. നോക്കുമ്പോൾ നേരത്തെ കണ്ട ആറ് പെൺകുട്ടികൾ പാറയിൽ കയറാൻ ഉത്സാഹത്തോടെ നിൽക്കുന്നു. അവരോടൊപ്പം ഞങ്ങളും മുകളിലേക്ക് കയറി. ഒരു 50 അടി കയറിയപ്പോഴേക്കും മുകളിലേക്കും താഴേക്കും പോകാൻ വയ്യ എന്ന അവസ്ഥയിലായി. പേടിച്ചരണ്ട പെൺകുട്ടികൾ കന്നഡ ഭാഷയിൽ എന്തൊക്കെയോ ഒച്ച വച്ചു. ഒടുവിൽ ഞങ്ങൾ എല്ലാവരെയും വലിച്ചു മുകളിൽ കയറ്റേണ്ടതായി വന്നുവെന്ന് പറഞ്ഞാൽ മതിയല്ലോ. മുകളിൽ എത്തിയതോടെ എല്ലാവരുമായും നല്ല ചങ്ങാത്തത്തിലായി.

ചിത്രദുർഗയിലെ പ്രശസ്തമായ ഒരു എൻജിനീയറിങ് കോളേജിൽ പഠിക്കുന്നവരാണ്. കൂട്ടത്തിൽ നേതാവെന്ന് തോന്നിയ ശില്പയെ എല്ലാവരും “ഡോക്ടറക്ക” എന്നാണ് വിളിക്കുന്നത്. സീനിയറായ പക്വമതിയായ ഡോക്ടറക്ക, ടീച്ചേഴ്സിന്റെ സമ്മതത്തോടെ ജൂനിയേഴ്സിനെ അഡ്വഞ്ചർ ട്രിപ്പിന് കൊണ്ടുവന്നതാണ്. അറിയാത്ത ഭാഷയിൽ പരസ്പരം സംസാരിച്ചു പരിചയപ്പെട്ടത് രസകരമായ ഒരു അനുഭവം തന്നെയായിരുന്നു. ഇംഗ്ലീഷും ഹിന്ദിയും തമിഴും കന്നഡവും മലയാളവും കൂടിച്ചേർന്ന് ഒരു “അവിയൽ ഭാഷ” മിനിറ്റുകൾ കൊണ്ട് ഈ ഭൂമുഖത്ത് പിറവിയെടുത്തു.

നിരീക്ഷണ ടവറിന് മുകളിൽ നിന്നാൽ കോട്ടയുടെ ഏതാണ്ട് പകുതിഭാഗം കാണാം. ടവർ എന്നുവച്ചാൽ ഉയരത്തിൽ ഒരു തറ. അതിന്മേൽ ചില കൽത്തൂണുകളുടെ അവശിഷ്ടങ്ങൾ. അത്രയുമേയുള്ളൂ… മല കയറി വന്ന ചില തമിഴ്സ്ത്രീകൾ അഖിലിന്റെ കൈയ്യിലെ കുപ്പി കണ്ട് അല്പം വെള്ളം ചോദിച്ചു. കരുണാമയനായ അഖിൽ വെള്ളം മുഴുവൻ അവർക്ക് നൽകി. തുള്ളി ബാക്കിവയ്ക്കാതെ അവർ നന്ദി കാണിക്കുകയും ചെയ്തു.(ശേഷം ഒരു മണിക്കൂർ സമയത്തേക്ക് വെള്ളത്തിനായുള്ള നിലവിളി ശബ്ദം മാത്രം).

ചുറ്റിലും നിരവധി കുന്നുകളിലൂടെ കോട്ടയുടെ വൻമതിൽ ചുറ്റി വളഞ്ഞു കിടക്കുന്നു. നേരെ കാണുന്ന ഒരു കുന്നിനു മുകളിൽ കുത്തനെ നാട്ടി നിർത്തിയ പോലെ കുറെ കല്ലുകൾ. ഇംഗ്ലണ്ടിലെ പ്രശസ്തമായ “സ്റ്റോൺ ഹെഞ്ച്” പോലെ തോന്നി അത് കണ്ടപ്പോൾ. ഞങ്ങൾ നിന്ന സ്ഥലത്തിനും ആ കുന്നിനും ഇടയിലായി പായൽ നിറഞ്ഞ് പച്ചനിറമാർന്ന ഒരു വലിയ ജലസംഭരണി ഉണ്ട്. അതിലെ ജലം നിറഞ്ഞൊഴുകുമ്പോൾ ശേഖരിക്കുവാനായി താഴെ മറ്റൊരു സംഭരണിയും ഉണ്ട്. മഴയില്ലാതെ വന്നാൽ വർഷങ്ങളോളം ഉപയോഗിക്കുവാനുള്ള ജലം കോട്ടയ്ക്കുള്ളിൽ തന്നെ ശേഖരിച്ചു വച്ചിരിക്കുന്നു. തറകെട്ടി സംരക്ഷിച്ച വലിയൊരു അരയാൽ വൃക്ഷവും മനോഹരമായ ഒരു ക്ഷേത്രവും ആ കുന്നിൻ ചെരുവിൽ ഉണ്ട്. കുന്നിറങ്ങി അവിടേക്ക് പോകാൻ തീരുമാനിച്ചു.

വളരെ ദൂരെയായി കോട്ടയിലെഏറ്റവും ഉയരമുള്ള ഒരു നിരീക്ഷണ കൊത്തളം അപ്പോഴാണ് ശ്രദ്ധയിൽപ്പെട്ടത്. രണ്ട് കിലോമീറ്ററെങ്കിലും അകലെയുള്ള ഒരു കുന്നിന് മുകളിലാണ് പ്രദേശം. അവിടേക്കുള്ള വഴി കോട്ടമതിലിന്റെ ഓരം ചേർന്ന് കിടക്കുന്നത് കാണാം. എല്ലാവരും സതീശന്റെ മുഖത്തേക്ക് നോക്കി.സ്വതവേ മടിയനായ സതീശൻ സമ്മതം അറിയിച്ചതോടെ പോകാൻതന്നെ തീരുമാനിച്ചു. കുടിവെള്ളം കരുതാതെ പോകാൻ സാധ്യമല്ല. വരുന്ന വഴി കുടിവെള്ളം കിട്ടുന്ന ഒരു ടാപ്പ് കണ്ടിരുന്നു. അതിനടുത്താണ് “ഒനകെ ഒബ്ബവ്വ കിണ്ടി” എന്നറിയപ്പെടുന്ന കോട്ടയുടെ ഒരു രഹസ്യവാതിൽ. അവിടവും കണ്ട് വെള്ളവുമെടുത്ത് മുകളിലേക്ക് പോകാൻ തീരുമാനിച്ചു.

ഇപ്പോൾ നിൽക്കുന്ന പാറയുടെ നേരെ എതിർ വശത്ത് കൂടി താഴേക്ക് ഇറങ്ങണം. കാലു തെറ്റിയാൽ താഴെ ജലാശയത്തിൽ വീഴും. പെൺകുട്ടികൾ എല്ലാവരും ആവേശത്തിലാണ്. പരസ്പരം സഹായിച്ചു താഴേക്ക് ഇറങ്ങാൻ തുടങ്ങി. ദുർഘടമായ ഇറക്കങ്ങളിൽ എന്റെ ഒപ്പം കൂട്ടത്തിലെ ഏറ്റവും ചെറിയ കുട്ടിയായിരുന്ന ഷഹാന ആയിരുന്നു. തന്റെ ജീവൻ കാത്തോളണേ എന്ന് പറയുന്ന പോലെ അവൾ എന്റെ കൈയിൽ മുറുക്കെ പിടിച്ചിരുന്നു. ഒരു വിധം എല്ലാവരെയും താഴെയിറക്കി.

“ഒനകെ ഒബ്ബവ്വ കിണ്ടി”യുടെ മുന്നിലെ മണ്ഡപത്തിൽ എല്ലാവരും വട്ടം കൂടിയിരുന്നു. രാജേഷ് പോണാടിന്റെ സ്വതസിദ്ധമായ തമാശകളും പെൺകുട്ടികളുടെ പൊട്ടിച്ചിരികളും കേട്ട് അതു വഴി പോയവരെല്ലാം എത്തി നോക്കുന്നുണ്ടായിരുന്നു. അവിടെയിരുന്ന് അവിയൽഭാഷയിൽ ഡോക്ടറക്ക ആ കഥ പറഞ്ഞു. “ഒബ്ബവ്വ കിണ്ടി” എന്നറിയപ്പെടുന്ന ഇൗ രഹസ്യ വാതിൽക്കൽ കാവൽ നിന്നിരുന്ന ഒബ്ബവ്വ എന്ന വീട്ടമ്മയുടെ കഥ. ഡോക്ടറക്കയുടെ ചരിത്രബോധത്തിലും വിശദീകരണമികവിലും ഞങ്ങൾ അന്ധാളിച്ച് പോയ നിമിഷം.

പതിനൊന്നാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട കോട്ട, ചാലൂക്യ_ഹൊയ്സാല_വിജയനഗര സാമ്രാജ്യങ്ങൾ വിവിധ കാലങ്ങളിൽ നിയന്ത്രണത്തിലാക്കി. ബ്രിട്ടീഷുകാരോട് പരാജയപ്പെടുന്നത് വരെ ഹൈദരലിയും ടിപ്പുസുൽത്താനും കോട്ട കീഴടക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. നീണ്ട 30 വർഷത്തോളമാണ് ചിത്രദുർഗ്ഗ കോട്ട ഹൈദരലിക്ക് മുന്നിൽ അടിയറവ് പറയാതെ നിന്നത്. സ്വതന്ത്ര ഭാരതത്തിൽ പുരാവസ്തു വകുപ്പിന് കീഴിൽ ഇന്ന് സഞ്ചാരികൾക്കായി കാത്തിരിക്കുന്നു.

“കല്ലിന കോട്ട” എന്ന് ഗ്രാമീണരുടെ ഇടയിൽ അറിയപ്പെടുന്ന ചിത്രദുർഗ 7 കോട്ടകളുടെ ഒരു സമുച്ചയമാണ്. വേദവതി നദിയും തുംഗഭദ്രാ നദിയും ചിത്രദുർഗയുടെ അടുത്തുകൂടി ഒഴുകുന്നു. 1758 മുതൽ ഇവിടം ഭരിച്ചിരുന്ന മടക്കര നായകരുമായി ഹൈദരാലിയുടെ സൈന്യം വർഷങ്ങളോളം യുദ്ധം ചെയ്തിട്ടും കോട്ട കീഴടക്കാൻ കഴിയാതിരുന്ന കാലം. കോട്ടയ്ക്ക്‌ ചുറ്റുമായി 18 വാതിലുകളുണ്ട്. എന്നാൽ അധികമാർക്കും അറിയാതിരുന്ന ഒരു രഹസ്യ മാർഗവും അവിടെയുണ്ട്. അതിലൊന്നാണിത്.
ഡോക്ടർക്ക ചൂണ്ടി കാണിച്ചു.

കല്ലുകൾക്കിടയിലൂടെ ഒരാൾക്ക് കഷ്ടിച്ച് നൂണ്ട് കടക്കാവുന്ന ഒരു തുരങ്കം. സത്യത്തിൽ തുരങ്കമല്ല, പാറയുടെ വിടവ്. ശത്രു സൈന്യം എങ്ങിനെയോ വഴി മനസ്സിലാക്കി. കാവലിന് ഒരാൾ മാത്രമേ അവിടെ കാണുകയുള്ളു. അയാൾ ഉച്ചഭക്ഷണത്തിന് പോകുന്ന സമയം കോട്ടയിൽ കടക്കാവുന്ന വിധം ശത്രുക്കൾ പുറത്ത് പതിഞ്ഞിരുന്നു.

“കഹലെ മുദ്ദ ഹനുമ” ആയിരുന്നു അന്നത്തെ കാവൽക്കാരൻ. ഉച്ചഭക്ഷണ സമയത്ത് ഭാര്യയായ ഒബ്ബവ്വയെ വാതിൽക്കൽ നിർത്തിയിട്ട് അയാൾ ഭക്ഷണം കഴിക്കാൻ പോയി. ഇൗ സമയം ശത്രുക്കൾ ഓരോരുത്തരായി തുരങ്കത്തിലൂടെ വരാൻ തുടങ്ങി. ഇത് മനസ്സിലാക്കിയ ഒബ്ബവ്വ ഒരു ഉലക്കയുമായി മറഞ്ഞിരുന്നു. വിടവിന് പുറത്തുവന്ന ഓരോ ശത്രുവിനെയും തലയിൽ ഉലക്ക കൊണ്ട് അടിച്ചു കൊന്ന് മൃതദേഹം വലിച്ചു മാറ്റിയിട്ടു. മുന്നിൽപോയ പടയാളിയുടെ അവസ്ഥ അറിയാതെ പിന്നാലെ വന്ന എല്ലാവരെയും അവൾ കാലപുരിക്കയച്ചു. കാവൽക്കാരൻ തിരികെ വന്നപ്പോൾ കണ്ടത് ശവശരീരങ്ങളുടെ കൂമ്പാരം. അതോടെ ധീരയായ ഒബ്ബവ്വയും തുരങ്കവും ചിത്രദുർഗ്ഗയുടെ ചരിത്രത്തിന്റെ മഹത്തായ അധ്യായമായി മാറി. ഒനകെ എന്നാൽ ഉലക്ക എന്നർത്ഥം.കിണ്ടി എന്നാൽ ദ്വാരം എന്നും.

ശത്രുക്കൾ കടന്നതുപോലെ ഒന്ന് കയറിനോക്കാൻ ഞങ്ങൾക്കും തോന്നി. അടുത്തടുത്ത് രണ്ട് വിടവുകൾ ആണ് പാറയിൽ. വലിയ വിടവിലൂടെ ആദ്യം അകത്തേക്ക് ഇറങ്ങി. പരന്ന ഒരു വലിയ കല്ലിലൂടെ കമിഴ്ന്നുകിടന്ന് ഇഴഞ്ഞു വേണം ചെറിയ വിടവിലൂടെ പുറത്തേക്ക് എത്താൻ. അഖിലും സതീശനും ആദ്യം പുറത്തെത്തി. ഉലക്കക്ക് പകരം കൈയിലൊരു കുടയുമായി തലക്ക് അടിക്കാൻ തയ്യാറായി രാജേഷ് പോണാട് നിന്നു. എല്ലാം കൃത്യം. കടന്നുവരുന്ന ശത്രുക്കൾക്ക് അപകടം മനസ്സിലാക്കാൻ സാധിക്കുന്നതിന് മുൻപ് പണി തീരും. അഞ്ച് പെൺകുട്ടികളും കടന്നതിന് ശേഷമാണ് ഡോക്ടർക്ക പരീക്ഷണത്തിന് മുതിർന്നത്. സ്വതവേ തടിയുള്ള ശില്പ കല്ലിനിടയിൽ കുടുങ്ങി. അവസാനം എല്ലാവരും കൂടി വലിച്ചു പുറത്തെടുക്കുകയായിരുന്നു.

നടപ്പും നൂഴലും എല്ലാംകൂടി നല്ല ക്ഷീണവും വിശപ്പുമായി. കൈയിലുണ്ടായിരുന്ന ഭക്ഷണവും പഴങ്ങളും അവർക്കുകൂടി നൽകുവാൻ തുടങ്ങിയപ്പോൾ ഡോക്ടറക്ക തടഞ്ഞു. കോട്ടയിൽ നിന്നും ശേഖരിച്ച വെള്ളമല്ലാതെ മറ്റൊന്നും ഞങ്ങളുടെ കയ്യിൽ നിന്നും വാങ്ങി കഴിക്കുവാൻ ഡോക്ടറക്ക ആരെയും അനുവദിച്ചില്ല. അവരുടെ വിശ്വാസവും സുരക്ഷിതത്വബോധവും കളയണ്ട എന്നുകരുതി ഞങ്ങൾ കൂടുതൽ നിർബന്ധിച്ചതും ഇല്ല.

ദൂരെയുള്ള കുന്നിലെ നിരീക്ഷണഗോപുരം ആണ് അടുത്ത ലക്ഷ്യം. പക്ഷേ വിജനമായ അങ്ങോട്ടേക്ക് പെൺകുട്ടികളെ കൊണ്ടുപോകുന്നത് ഒട്ടും സുരക്ഷിതമല്ല. ഞങ്ങൾ പോകുന്ന കാര്യം പറഞ്ഞാൽ ആ സാഹസികകുതുകികൾ കൂടെ വരുമെന്ന് ഉറപ്പാണ്. ഒടുവിൽ അവരോട് പറയാതെ പോകാൻ തീരുമാനിച്ചു.

അവരുമായുള്ള സൗഹൃദം ഇവിടെ അവസാനിക്കുകയാണ്. ഫോട്ടോയെടുക്കാനെന്ന വ്യാജേന ഞങ്ങൾ നാലുപേരും അല്പമകലെയുള്ള മതിലിന്റെയും ഗോപുരത്തിന്റെയും മുകളിലേക്ക് മാറി. കുറെ മുകളിലെത്തി തിരിഞ്ഞുനോക്കുമ്പോൾ താഴെ നിൽക്കുന്ന പെൺകുട്ടികൾ ഞങ്ങൾക്കുവേണ്ടി കാത്തുനിൽക്കുകയാണ്. അവരെ നോക്കി കൈവീശി യാത്ര പറഞ്ഞു ഞങ്ങൾ മുകളിലേക്ക് നടന്നു. ഒന്നും മനസ്സിലാകാതെ ഞങ്ങളെ തന്നെ നോക്കി നിൽക്കുകയാണവർ. ഒരു യാത്ര പോലും പറയാതെ ഞങ്ങൾ പോയത് എന്താണെന്ന് മനസ്സിലാവാതെയുള്ള അവരുടെ നിൽപ്പു കണ്ട് എല്ലാവരുടെയും ഉള്ളിൽ ഒരു നൊമ്പരം കിനിഞ്ഞു. എങ്കിലും അതിവേഗം അവരിൽനിന്നും ദൂരേക്ക് മാറാൻ ശ്രമിച്ചു കൊണ്ട് എല്ലാവരും മുന്നോട്ട് നടന്നു.

ജലസംഭരണിയുടെ അങ്ങേ കരയിലാണ് ഞങ്ങളിപ്പോൾ. ഇവിടെ കല്ല് കൊണ്ടുള്ള ഒരു ക്ഷേത്രവും തറകെട്ടി സംരക്ഷിച്ച വലിയൊരു ആൽമരവും മനോഹരമായ പശ്ചാത്തലമൊരുക്കുന്നു. ആൽതറയിൽ നിന്ന് താഴേക്ക് നോക്കിയപ്പോൾ അവർ ആറു പേരും തിരിച്ചുപോകാൻ തയ്യാറെടുക്കുന്നത് ഒരു പൊട്ടു പോലെ കണ്ടു. പോകുമ്പോൾ അവരെല്ലാം ഇടക്കിടക്ക് ഞങ്ങൾ പോയ വഴിയെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. മണിക്കൂറുകൾ മാത്രം നീണ്ടു നിന്ന സൗഹൃദം ഇത്രമേൽ മധുരതരവും വേദനപ്പെടുത്തുന്നതും ആയത് എങ്ങനെയെന്ന് ആർക്കും മനസ്സിലായില്ല. സൗഹൃദങ്ങളുടെ ആഴമളക്കാൻ കാലയളവുകൊണ്ട് സാധിക്കില്ലല്ലോ. ജീവിതകാലം മുഴുവനുമുള്ള ചില സൗഹൃദങ്ങൾ നമ്മളിൽ യാതൊരു ചലനവും ഉണ്ടാക്കാതെ ഇരിക്കുമ്പോളാണ് ഇങ്ങനെയുള്ള ചില ആകസ്മിക കണ്ടുമുട്ടലുകൾ.

നേരത്തെ കണ്ട “സ്റ്റോൺ ഹെഞ്ച്” പോലെ കുത്തനെ നിൽക്കുന്ന വലിയ പാറകളുടെ നേരെ അടിയിലാണ് ഞങ്ങളിപ്പോൾ. 50 അടിയെങ്കിലും ഉയരമുണ്ട് പ്രകൃതിയുടെ ഇൗ ശില്പത്തിന്. മുകളിലേക്കുള്ള വഴി അതിന്റെ താഴെക്കൂടി കടന്ന് പോകുന്നു. മതിലിന്റെ മുകളിൽ കൂടിയാണ് കുറേദൂരം നടക്കേണ്ടത്. ദൂരെ നിന്ന് കണ്ടപ്പോൾ ചെറിയ പടവുകൾ ആണെന്ന് തോന്നുമെങ്കിലും അടുത്തുചെന്നപ്പോൾ ഓരോന്നിനും 4_ 5 അടി എങ്കിലും വീതിയുണ്ട്. ഏകദേശം പത്തടിയോളം നീളവും.

കോട്ടമതിൽ അവസാനിക്കുന്ന ഭാഗത്ത് വലിയൊരു പാറയുടെ അടിയിൽ വഴി അവസാനിക്കുകയാണ്. അതിനുശേഷം ഉള്ള വഴി താഴെ നിന്ന് മനസ്സിലാക്കിയെടുക്കാൻ കഴിയുന്നില്ല. ഏതായാലും നോക്കാം എന്ന് കരുതി മുന്നോട്ട് തന്നെ നടന്നു. മതിൽ അവസാനിക്കുന്ന ഭാഗത്തുനിന്നും ചെരിഞ്ഞുകിടക്കുന്ന ഒരു പാറയിലൂടെ വേണം മുകളിലേക്ക് പോകാൻ. കുത്തനെയുള്ള പാറ കയറിപ്പോകുവാൻ പടവുകൾ കൊത്തി ഉണ്ടാക്കിയിട്ടുണ്ട്. പഴയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ ഈ ഭാഗത്ത് അനവധിയാണ്. എല്ലാം പണ്ടുകാലത്ത് താമസിക്കാൻ ഉപയോഗിച്ചിരുന്നതാവണം.

പാറയിലെ പടവുകൾ കയറി ചെല്ലുമ്പോൾ നിരനിരയായി വലിയ കല്ലുകൾ ഇരിക്കുന്നു. മറ്റൊരിടത്തേക്കും വഴി കാണാത്തതിനാൽ കല്ലുകളുടെ ഇടയിലൂടെ മുന്നോട്ട് നടന്നു. ഭയപ്പെടുത്തുന്ന ഏകാന്തത അവിടെ ചൂഴ്ന്നു നിൽക്കുന്നു. ചുറ്റിലും കീഴ്‌ക്കാംതൂക്കായ താഴ്‌വരയും ചിതറിക്കിടക്കുന്ന കല്ലുകളും മാത്രം. അതിനുമപ്പുറം വഴി പൂർണമായി അവസാനിച്ചതായി തോന്നി.

ഒന്നിനുമുകളിൽ മറ്റൊന്നായി അടുക്കിവെച്ചിരിക്കുന്ന വലിയ കല്ലുകളുടെ മുന്നിൽ വഴി പൂർണമായും ഇല്ലാതായി. ഒരുവശം കനത്ത കുറ്റിക്കാടുകളും മറുവശം ഉയരമുള്ള മതിലും. ഇനിയങ്ങോട്ട് മുകളിലേക്ക് കയറാൻ ഒരു മാർഗ്ഗവും കാണുന്നില്ല. കല്ലുകൾക്കിടയിൽ ചെറിയൊരു വിടവു മാത്രം ശ്രദ്ധയിൽപ്പെട്ടു. അതേതായാലും വഴി ആവാൻ സാധ്യതയില്ല. കുറ്റിക്കാടിന്നുള്ളിലൂടെയും പാറയുടെ ചെരുവിലും കോട്ടമതിലിന്റെ മുകളിലും ഒക്കെ ചുറ്റിക്കറങ്ങിയെങ്കിലും മുകളിലേക്ക് പോകാൻ യാതൊരു മാർഗവും കണ്ടില്ല. നിരാശയോടെ എല്ലാവരും കല്ലുകൾക്കിടയിൽ മലർന്ന് കിടന്നു. സമയം ധാരാളമുണ്ട്. ഏറ്റവും മുകളിൽ കയറാതെ പോകാൻ മനസ്സ് അനുവദിക്കുന്നില്ല. സാഹസികനായ അഖിൽ ചാടി എഴുന്നേറ്റ് പ്രഖ്യാപിച്ചു.

“മറ്റൊരു വഴിയുമില്ലെങ്കിൽ ആ വിടവ് തന്നെയായിരിക്കും വഴി. ഞാനതിലൂടെ കടക്കാൻ പോകുന്നു. നിങ്ങൾ തയ്യാറാണോ..?” എല്ലാവരും പരസ്പരം നോക്കി. “പോയാലോ പോണാടേ….?….പോയേക്കാം. മറുപടി പെട്ടന്നായിരുന്നു. പിന്നെ ഒന്നും ആലോചിച്ചില്ല. ആ വിടവിലൂടെ അകത്തേക്ക് കടന്നു. ഉള്ളിൽ പേടി തോന്നിയെങ്കിലും കുറച്ചുദൂരം പോയതോടെ മറുവശത്ത് എത്താൻ കഴിഞ്ഞു. അവിടെനിന്ന് ഏറ്റവും മുകളിലേക്ക്. പിന്നെയുള്ള കാഴ്ച വിവരിക്കാൻ കഴിയുന്നില്ല. കല്ലുകൾക്കിടയിൽ വലിയൊരു പ്രദേശം. തറ മുഴുവൻ കല്ലുകൾ അടുക്കി ഇട്ടതുപോലെ. അവിടം മുഴുവൻ വെളുത്ത പൂക്കൾ നിറഞ്ഞ ചെമ്പക മരങ്ങൾ നിറഞ്ഞുനിൽക്കുന്നു. മരത്തിന്റെ അടിവശം നിൽക്കുന്നത് അഗാധതയിലാണ്. ചവിട്ടിനിൽക്കുന്ന കല്ലുകൾ മേൽക്കൂര പോലെ നിർത്തിയിരിക്കുകയാണ്. ഇടയിലൂടെ നോക്കിയാൽ അഗാധമായ ഗർത്തങ്ങളാണ്. കാലുകൾ വിറക്കാൻ തുടങ്ങി. സുരക്ഷിതമായ ഭാഗത്തേക്ക് വേഗം മാറി നിൽക്കാൻ ഒരു വ്യഗ്രത ഉള്ളിലുണ്ടായി.

അല്പം കൂടി മാറി മുകളിൽ വലിയൊരു കല്ല് ആകാശത്തേക്ക് തല നീട്ടി നിൽക്കുന്നു. അതിന്റെ തണലിൽ കിടന്നു വിശ്രമിച്ചു. അത്രയും സമയത്തിന്നിടക്ക് ഒരു സഞ്ചാരിയെയും അവിടെങ്ങും കണ്ടില്ല. തിരക്ക് കൂട്ടാതെ ഇവിടം വരെ നടക്കാൻ തയ്യാറായാൽ മനോഹരമായ ഒരു കാഴ്ച കൂടി ഡയറിയിൽ ചേർക്കാം. കല്ലിന്റെ തണലിൽ ഇരുന്ന് കടന്ന് വന്ന വഴിയിലേക്ക് നോക്കി. അങ്ങ് ദൂരെ ആദ്യം കയറിയ പാറയിൽ കയറാൻ പുതിയ ആളുകൾ തയ്യാറെടുക്കുന്നു.” ഇവിടെ വരൂ, ഇൗ സുന്ദര ദൃശ്യം കൂടി കണ്ടിട്ട് പോകൂ…”അവരോട് വിളിച്ച് പറയാൻ മനസ്സ് വെമ്പി.

തിരികെ നടക്കുമ്പോൾ ഡോക്ടറക്കയെയും കുട്ടികളെയും കണ്ടേക്കാമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. നഗരതിരക്കുകളിൽ അവരുടെ മുഖം തിരഞ്ഞുവെങ്കിലും കണ്ടതേയില്ല. ഇനി 600 കി മീ താണ്ടി വീട്ടിലേക്ക്…
ബാംഗ്ലൂർ പുണെ എക്സ്പ്രസ് ഹൈവേയിലൂടെ…. അടുത്ത യാത്രയുടെ ചേരുവകൾ പാകമാകുന്നത് വരെ……

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply