27 വര്‍ഷം മുമ്പ് അടച്ച എസ്കേപ് റൂട്ടിലൂടെ അംബാസിഡര്‍ കാറില്‍…

വിവരണം; ചിത്രങ്ങള്‍ – ദയാല്‍ കരുണാകരന്‍.

27 വര്‍ഷം മുമ്പ് അടച്ചു പൂട്ടിയ എസ്കേപ് റൂട്ടിലൂടെ അംബാസിഡര്‍ കാറില്‍ പോയ സാഹസികാനുഭവം… ഒരുപക്ഷേ ഇന്ത്യന്‍ ടൂറിസത്തിന് ലോകത്തിനു മുമ്പില്‍ അഭിമാനത്തോടെപ്രദര്‍ശിപ്പിക്കാവുന്ന ഈ ചരിത്രവഴി എന്തിനാവും അടച്ചു പൂട്ടിയത്?

കൊടൈക്കനാലിലേക്ക് വെറും 49 കി.മീ… ഇന്നോ 175 കി.മീറ്റർ! പണ്ട് കേരളത്തിൽ നിന്നും കൊടൈക്കനാലിലേക്ക് ദൂരം വെറും 49 കി.മീറ്റർ ആയിരുന്നു! ഇന്നോ… പളനി വഴി 175 ഉം ബോഡിനായ്കന്നൂർ വഴി 164 കി.മീറ്ററും!! പണ്ടത്തെ ആ 49 കി.മീറ്ററിലൂടെ… മൂന്നാറിലെ ടോപ്സ്റ്റേഷനിൽ നിന്നും കൊടൈക്കനാലിലേക്ക് നടത്തിയ ഒരു യാത്രയെ കുറിച്ചാണ് ഇവിടെ ‍പറഞ്ഞുവരുന്നത്.

ഇത് കേൾക്കുമ്പോൾ ആർക്കും പ്രഥമദൃഷ്ട്യാ ഇതിൽ‍ പ്രത്യേകിച്ചൊരു പുതുമയും തോന്നില്ലായിരിക്കാം. അതുപോലെ കേരളത്തിൽ നിന്നും കൊടൈക്കനാലിലേക്കുള്ള ഒരു സിമ്പ്ൾ യാത്രയില്‍ എന്തു പുതുമയെന്നും ചോദിച്ചേക്കാം. ആൽപ്സ് പർവ്വതത്തിലേക്കോ കിളിമഞ്ചാരോയിലേക്കോ ഒന്നുമല്ലല്ലോ പോയതെന്നും ചോദിച്ചേക്കാം. അതും വെറും 49 കി.മീറ്റർ ദൂരം മാത്രമുള്ള ഒരു യാത്ര… ശരിയാണ് ആ കൊടൈക്കനാൽ യാത്ര വെറും 49 കി. മീറ്റര്‍ മാത്രമുള്ള യാത്രയായിരുന്നു. സാധാരണ ഗതിയിൽ കഷ്ടിച്ച് രണ്ട് മണിക്കൂര്‍ കൊണ്ട് തീർക്കാവുന്ന ഒരു യാത്ര. പക്ഷേ ആ കൊടൈക്കനാൽ യാത്ര എനിക്കും എന്റ്റെ സുഹൃത്തുക്കൾക്കും അങ്ങനെ ആയിരുന്നോ? തീർച്ചയായും അല്ല.

ഈ യാത്ര നടത്തിയത്… ഇന്നല്ല… 27 വർഷങ്ങൾക്ക് മുമ്പ് 1990 ൽ ആണെന്ന് ഓർക്കണം. എന്തായിരുന്നു ആ യാത്രയുടെ പ്രത്യേകതകൾ? ഒന്നാമതായി 1990 ൽ കേരളാ- തമിഴ്നാട് സർക്കാറുകൾ സംയുക്തമായി… നിർത്തലാക്കി… താഴിട്ടുപൂട്ടിയ ഒരു പാതയിലൂടെയായിരുന്നു ആ യാത്ര. ആ യാത്ര വനപാലകരുടെ അനുമതിയോടെ ആയിരുന്നില്ലായെന്നത് ഒരു അപരാധമായി കാണല്ലേ? അന്ന്… വന നിയമങ്ങൾ ഇന്നത്തെ പോലെ കാര്യക്ഷമമായി പാലിക്കപ്പെടാനുള്ളതാണെന്ന ബോധമൊന്നും പരക്കെ ഉണ്ടായിരുന്നില്ല. ഞങ്ങൾക്കുമില്ലായിരുന്നു. റേച്ചല്‍ കാസന്റ്റെ ‘സൈലന്റ്റ് സ്പ്രിംഗി’നെ കുറിച്ച് അന്ന് വലിയ ധാരണയൊന്നുമില്ലായിരുന്നു.

പക്ഷേ കേരളാ ഭാഗത്ത് അനുവാദമില്ലാത്ത ആ യാത്ര എങ്ങനെ അങ്ങ് തമിഴ്നാട് ചെക്പോസ്റ്റിൽ കടത്തിവിട്ടുവെന്നത് പ്രസക്തമായ ഒരു പ്രത്യേകതയായിരുന്നു. വനപാലകരില്ലാതെ കിടന്ന മൂന്നാർ ടോപ്സ്റ്റേഷനിലെ ആ ചെക്പോസ്റ്റിലൂടെ… അതായത് ഇന്നത്തെ പാമ്പാടുംഷോല നാഷണൽ പാർക്ക് ഗേറ്റിലൂടെ… ഞങ്ങൾ അന്ന് കടന്നു പോയത് യാദൃക്ഛികതയുടെ തമ്പുരാൻമാരുടെ കൈയൊപ്പു ചാർത്തിയ തീരുമാനമായിരിക്കണം. അല്ലെങ്കിൽ വെറുമൊരു മൂന്നാർ യാത്രക്ക് പോയ ഞങ്ങൾ എങ്ങനെ മാട്ടുപ്പെട്ടി ഇൻഡോ- സ്വിസ് പ്രൊജക്ടിലെ ജീവനക്കാരുടെ ക്യാന്റ്റിനിൽ ഉച്ചയൂണിന് എത്തപ്പെടുകയും അവിടെ വച്ച് ഒരു തദ്ദേശവാസിയെ പരിചയപ്പെടുന്നതിനും അയാളിൽ നിന്നും ടോപ്സ്റ്റേഷനിൽ നിന്നും കൊടൈക്കനാലിലേക്ക് നടന്നു പോകാവുന്നത്ര ദൂരത്തിലുള്ള ഒരു കാട്ടു പാതയുണ്ടെന്ന് മനസ്സിലാക്കുന്നതിനും അങ്ങനെ അതുവഴി പോകുന്നതിനും ഇടയായി.

അടുത്ത പ്രത്യേകത… ആ പാതയിലെ കുണ്ടും കുഴിയും നിമിത്തം അടച്ചു പൂട്ടുന്നത് വരെ ഗ്രൗണ്ട് ക്ളിയറൻസ് കുറഞ്ഞ ഒരു വാഹനങ്ങളും പ്രത്യേകിച്ച് ഒരു അമ്പാസിഡർ കാർ മൂന്നാറിൽ നിന്നും അതുവഴി കൊടൈക്കനാലിലേക്ക് ഒരു സമ്പൂര്‍ണ യാത്ര നടത്തിയിട്ടില്ലായെന്നതായിരുന്നു. അതും ഫ്യൂവൽ പമ്പ് കേടായ ഒരു അമ്പാസിഡർ കാറും തളളികൊണ്ട്. അന്ന് 49 കി.മീറ്റർ ദൂരവും 17 ഹെയർപിന്നുകളും തള്ളി ഞങ്ങള്‍ കയറി പോയത് ഹിമാലയത്തിന് തെക്കുള്ള ഏറ്റവും ഉയരം ( 8140 അടി ) കൂടിയ മോട്ടോറബ്ൾ പാതയിലൂടെ… ‘വന്തരവി’ലൂടെ (Vandaravu) ആയിരുന്നുവെന്നത് പ്രാധാന്യമർഹിക്കുന്ന മറ്റൊരു വസ്തുതയായിരുന്നു. ആനയും കടുവയും പുലിയുമൊക്കെയുള്ള… തീർത്തും വിജനമായ വനത്തിലൂടെ കേടായ കാറും തളളികൊണ്ടുള്ള ആ യാത്ര അത്ര സിമ്പ്ൾ ആയിരുന്നോ?

അതുപോലെ ഏഷ്യയിലെ ഏറ്റവും വലിയ കാട്ടുപോത്തുകളുടെ നൈസർഗ്ഗികമായ താവളവും ആ പാതയിൽ ആയിരുന്നു. ഈ കാര്യം പ്രശസ്ത വൈൽഡ് ലൈഫ്‌ ഫോട്ടോഗ്രാഫർ എൻ.എ നസീർ ഉൾപ്പെടെയുള്ളവർ സൂചിപ്പിച്ചിട്ടുണ്ടെന്നതിൽ നിന്നും ആ പാതയുടെ സവിശേഷത വ്യക്തമാണല്ലോ? അന്ന് ആ പാത താണ്ടുന്നത്… പാതിരാത്രിയിൽ കൊമ്പ് കുലുക്കി നില്ക്കുന്ന നൂറിലേറെ കാട്ടുപോത്തുകൾക്ക് ഇടയിലൂടെ ആയിരുന്നുവെന്നതും പ്രത്യേകതയായിരുന്നു. അങ്ങനെ എടുത്തു പറയാവുന്ന ധാരാളം സവിശേഷതകളുള്ള ഒരു യാത്രയെ എങ്ങനെ ഞങ്ങള്‍ക്ക് സിമ്പിളെന്ന് പറയാനാവും? സുഹൃത്തുക്കളെ… അന്ന് ഞങ്ങൾ അനുഭവിച്ച കാര്യങ്ങൾ അത്ര നിസ്സാരമൊന്നുമായിരുന്നില്ല. അതൊരു 12 മണിക്കൂർ സസ്പെന്‍സ് ത്രില്ലറായിരുന്നു !!!

1925 ൽ ബ്രിട്ടീഷുകാർ പണിതതും 1942 ൽ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബ്രിട്ടീഷ് മിലിറ്ററി വാഹനങ്ങൾക്കായി ഗതാഗത യോഗ്യമാക്കിയതുമായ ആ മെറ്റൽപാതയുടെ പേരാണ് ‘എസ്കേപ്പ് റോഡ് ‘. ഇനി ഈ പാതയുടെ മറ്റ് സവിശേഷതകൾ എന്തൊക്കെയായിരുന്നെന്ന് കാണുക. ഈ പാതയുടെ നിർമ്മാണ ഉദ്ദേശം തികച്ചും സൈനികമായിരുന്നു. 1942 ൽ ദക്ഷിണേന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടത്തിന്റ്റെ ആസ്ഥാനമായ മദ്രാസ് റസിഡൻസിയിലെ ഉന്നതരായ ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ പ്രൈം പ്രയോറിട്ടി ലിസ്റ്റിൽ പെട്ട പാതയായിരുന്നു ഇത്. കഴിഞ്ഞ നൂറ്റാണ്ടിൽ മൂന്നാറിലെ തോട്ടങ്ങളിൽ നിന്നും തമിഴ്നാട്ടിലേക്കും അവിടെ നിന്നും കിഴക്കനേഷ്യൻ നാടുകളിലേക്കും സുഗന്ധമൊഴുകിയ സ്പൈസ് റൂട്ടായിരുന്നു ഇത്.

1990 വരെ മൂന്നാറിലെ ടോപ്സ്റ്റേഷനിൽ നിന്നും നിശബ്ദ സുന്ദരമായ ബെരിജം തടാകക്കരയിലൂടെ കൊടൈക്കനാലിലേക്ക് നമുക്ക് പോകാമായിരുന്ന ആ ഇൻറ്റർ സ്റ്റേറ്റ് ഹൈവേയ്ക്ക് വെറും 49 കി.മീറ്റർ മാത്രം ദൂരമാണുണ്ടായിരുന്നത്! 1864 ൽ ബ്രിട്ടീഷ് ഇന്ത്യൻ ആർമി ഓഫീസറും സൗത്ത് ഇന്ത്യൻ ഹിൽ സ്റ്റേഷനുകളുടെ സർവെയറുമായിരുന്ന ഡഗ്ളസ് ഹാമിൽട്ടണിന്റ്റെ ആശയങ്ങളുടെ മരണാനന്തര പൂർത്തീകരണമായിരുന്നു ആ പാത. ആ പാത അന്ന് വളരെ സവിശേഷമായതും ഇന്ത്യയിലെ ബ്രിട്ടീഷ് ചരിത്രത്തിന്‍റെ ഭാഗവുമായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇന്നേക്ക് 27 വർഷമായി അടച്ചുപൂട്ടി ബാഹ്യലോകവുമായി ഒരു ബന്ധവുമില്ലാതെ കാടുപിടിച്ച് ചലനമറ്റു കിടക്കുന്ന ആ പാതയിലൂടെയാണ് അന്ന്… 1990 ൽ… ഞങ്ങളുടെ യൗവനത്തിന്റ്റെ ആദ്യപാദങ്ങൾ എരിച്ച് യാത്ര ചെയ്തതെന്നോർക്കുമ്പോൾ… ഇന്ന് മനുഷ്യ സഹജമായ ചെറിയ സന്തോഷം തോന്നുന്നു!

27 വർഷങ്ങൾക്ക് ഇപ്പുറം നിന്നുകൊണ്ട് ആ യാത്രയെ വീക്ഷിക്കുമ്പോൾ സാഹസികമായ ഒരു പ്രായത്തിന്റ്റെ സ്മരണകള്‍ക്ക് മഴവില്ലിന്റ്റെ മാസ്മരികത തന്നെ. എന്തുകൊണ്ടെന്നാൽ അന്നത്തെ ആ 12 മണിക്കൂര്‍ യാത്രയില്‍ ഞങ്ങള്‍ അനുഭവിച്ച ശാരീരിക യാതനയും മാനസിക സംഘര്‍ഷവും വാക്കുകള്‍ക്ക് അതീതമായിരുന്നു. അതിലുപരി അന്ന് ആ പാതയിലൂടെ കടന്നുപോകുമ്പോൾ ഞങ്ങള്‍ക്ക് അഞ്ജാതമായിരുന്ന ആ പാതയുടെ ചരിത്രവും പ്രസക്തിയും എന്തായിരുന്നുവെന്ന് പിന്നീട് അറിഞ്ഞപ്പോഴുണ്ടായ അത്യത്ഭുതവും വിവരണാതീതമാണ്. കാലത്തിന്റ്റെ മൂശയില്‍ യാദൃശ്ചികമായി മെനെഞ്ഞെടുത്ത ചില ബിംബങ്ങള്‍ക്ക് അസാധാരണമായ പൂർണ്ണതയും തിളക്കവും ഉണ്ടാകുന്നതുപോലെ 25 വർഷങ്ങൾക്ക് മുമ്പ്‍ സംഭവിച്ചു പോയ ആ കൊടൈക്കനാൽ യാത്ര എന്റ്റെയും സുഹൃത്തുക്കളുടെയും മനസ്സില്‍, നിലാവൊഴുകുന്ന യാമങ്ങളിൽ സൗരഭ്യം പരത്തിയൊഴുകുന്ന ഇലഞ്ഞി മരങ്ങൾ പോലെ പൂത്തുലഞ്ഞു നില്ക്കുകയാണ്.

കഴിഞ്ഞ കുറച്ചു നാളുകളായി ഞാൻ ഈ പാതയെ കുറിച്ചുളള അന്വേഷണത്തിലായിരുന്നു. ഈ പാത തേടി ഞാന്‍ മൂന്നാറിലെ വട്ടവട- കോവിലൂർ- കൊട്ടക്കാമ്പൂർ മേഖലയിലൂടെ കേരള അതൃത്തിയില്‍ നിന്നും തമിഴ്നാട്ടിലെ ക്ളാവര വഴി കൊടൈക്കനാലിലേക്കുള്ള വ്യത്യസ്ഥ വഴികളിലൂടെയൊക്കെ അലഞ്ഞു. അങ്ങനെയാണ് അന്ന് ഞങ്ങൾ സഞ്ചരിച്ച പാത 25 വർഷങ്ങൾക്ക് മുമ്പ്‍ അടച്ചുപൂട്ടിയ ‘എസ്കേപ്പ് റോഡ് ‘ ആണെന്ന് മനസ്സിലാകുന്നത്. ആ പാത അടച്ചുപൂട്ടി ഏതാനും ആഴ്ചകള്‍ക്കുള്ളിൽ അതുവഴി യാത്ര ചെയ്ത അവസാന യാത്രികരാവാൻ കഴിഞ്ഞത് 25 വർഷങ്ങൾക്ക് ഇപ്പുറം നിന്ന് നോക്കുമ്പോൾ ഒരു ഭാഗ്യമായി എനിക്കും എന്റ്റെ സുഹൃത്തുക്കൾക്കും തോന്നുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇനി ഒരിക്കലും തുറക്കാന്‍ ഇടയില്ലാത്ത ഒരു പാതയാണ് അതെന്ന് ഓർക്കുമ്പോൾ അന്നത്തെ ആ യാത്ര അതിന് ശേഷമുള്ള ഞങ്ങള്‍… സുഹൃത്തുക്കളുടെ ഒരുമിച്ചും അല്ലാതെയുമുള്ള എല്ലാ യാത്രകളുടെയും മാതാവായിത്തീരുകയാണ്.

ആ കൊടൈക്കനാൽ യാത്രയിൽ സംഭവിച്ചത് എന്തായിരുന്നു ? യാത്ര തുടങ്ങുമ്പോൾ ആ വഴിയെ കുറിച്ച് ഞങ്ങൾക്ക് യാതൊരു ധാരണയുമില്ലായിരുന്നു. എല്ലാം വളരെ യാദൃശ്ചികമായിരുന്നെന്ന് നേരെത്തെ സൂചിപ്പിച്ചിരുന്നല്ലോ… ആകെകൂടി അറിഞ്ഞിരുന്നത് കേരള- തമിഴ്നാട് അതൃത്തിയിലെ ടോപ്സ്റ്റേഷന് സമീപത്തുളള ഇന്നത്തെ പാമ്പാടുംഷോല നാഷണൽ പാർക്ക് വനവും കടന്ന് പളനി ഹിൽ വൈൽഡ് ലൈഫ് സാങ്ച്വറിയിലൂടെ കൊടൈക്കനാലിലേക്ക് ഒരു കുറുക്കുവഴി ഉണ്ടെന്നതായിരുന്നു. പക്ഷേ ആ വഴി സർക്കാർ അന്തിമമായി അടച്ചുവെന്നും വനം വകുപ്പ് ജീവനക്കാർ കനിഞ്ഞാൽ അതുവഴി പോകാൻ പറ്റുമെന്നും അറിഞ്ഞു. (അന്ന് പാമ്പാടുഷോല നാഷണൽ പാർക്ക് നിലവിൽ വന്നിട്ടില്ലായിരുന്നു). അങ്ങനെയാണ് അന്ന് ഞങ്ങൾ ടോപ്സ്റ്റേഷനിൽ നിന്നും ഉച്ചയ്ക്ക് യാത്ര തുടങ്ങിയതും ഒടുവിൽ പാതിരാത്രിയിൽ പരിക്ഷീണരായി തണുത്ത് വിറച്ച് കൊടൈക്കനാലിൽ എത്തിയതും!

അന്ന് ഞങ്ങൾ സഞ്ചരിച്ച ആ പാത, 1925 ൽ ബ്രിട്ടീഷുകാർ നിർമ്മിച്ചതും രണ്ടാം ലോക മഹായുദ്ധ കാലത്ത് പരിഷ്ക്കരിച്ച് വാഹന ഗതാഗത യോഗ്യമാക്കിയതും ബ്രിട്ടീഷ് സൈനിക രേഖകളിൽ പ്രതിപാദിക്കപ്പെട്ടതുമായ SH 18 എന്ന പഴയ ഇൻറ്റർ സ്റ്റേറ്റ് ഹൈവേ, എങ്ങനെയാണ് എസ്കേപ്പ് റോഡായത്? രണ്ടാം ലോക മഹായുദ്ധകാലത്ത് 1942 ൽ മദ്രാസിൽ ജപ്പാൻ ബോംബിട്ടതോടെ വീണ്ടുമൊരു ആക്രമണ സാദ്ധ്യത ഉണ്ടായാൽ ബ്രിട്ടീഷുകാർക്ക് കൊടൈക്കനാൽ-ബെരിജം-ടോപ്സ്റ്റേഷൻ-മൂന്നാർ വഴി കൊച്ചി തുറമുഖത്ത് എത്തി അവിടെ നിന്നും ഇംഗ്ളണ്ടിലേക്ക് പോകാനുള്ളതായിരുന്നു ഈ പാത. അക്കാരണത്താലാണ് ആ പാതയ്ക്ക് ‘എസ്കേപ്പ് റോഡ്’ എന്ന നാമധേയം വീഴുന്നത്. മദ്രാസിലെ ബോംബാക്രമണത്തോടെ അവിടെയുളള പ്രമുഖരും ധനികരും കൊടൈക്കനാൽ ഉൾപ്പെടെയുളള ഹിൽസ്റ്റേഷനുകളിലേക്ക് താമസം മാറ്റിയിരുന്നു.

അന്നത്തെ ആ കൊടൈക്കനാൽ- കൊച്ചി 257 കി.മീ. പാതയിൽ ബെരിജം തടാകത്തിന് സമീപത്തുൾപ്പടെ വിവിധയിടങ്ങളിൽ ബ്രിട്ടീഷ് സൈന്യത്തിന് ധാരാളം ട്രാൻസിറ്റ് ബംഗ്ളാവുകൾ ഉണ്ടായിരുന്നത്രേ ! ഇന്ന് ബെരിജത്തെ ആ പഴയ ട്രാൻസിറ്റ് ബംഗ്ളാവ് തമിഴ്നാട് വനംവകുപ്പിന്റ്റെ ഫോറസ്റ്റ് ക്യാമ്പാണെങ്കിലും 1942 ഓടെ ആ ബംഗ്ളാവ് ‘ബ്രിട്ടീഷേഴ്സ് ട്രാൻസിറ്റ് ക്യാമ്പ്’ എന്നാണ് അറിയപ്പെട്ടിരുന്നത്. അന്ന് അത് ചുടുകട്ടയിൽ നിർമ്മിതമായ സുന്ദരമായ ഇരുനില ബംഗ്ളാവായിരുന്നെങ്കിലും 1990 ൽ ഞങ്ങൾ അതുവഴി പോയപ്പോൾ ആ ബംഗ്ളാവ് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. പിന്നീടാണ് തമിഴ്നാട് ഗവൺമെന്റ്റ് അത് പുതുക്കി പണിതു ടൂറിസ്റ്റുകൾക്ക് ഇന്നത്തെ നിലയിൽ ഉപയോഗ്യമാക്കിയത്. എങ്ങനെയായാലും 49 കി.മീ ദൈർഘ്യമുളള ടോപ്സ്റ്റേഷൻ- കൊടൈക്കനാൽ പാത 1990 ഓടെ പൂർണ്ണമായും ഉപേക്ഷിക്കപ്പെട്ടതിനാൽ ഇന്ന് നമുക്ക് ടോപ്സ്റ്റേഷനിൽ നിന്ന് വാഹനയാത്രക്ക് ആ പാതയെ ആശ്രയിക്കാവുന്നതല്ല. എന്നു വച്ചാൽ അന്ന് ഞങ്ങൾ പോയ പാത ഗതകാല ചരിത്രവും പേറി പാമ്പാടുംഷോലയുടെയും പളനി ഹിൽ വൈൽഡ് ലൈഫ് സാങ്ച്വറിയുടെയും ഹരിതനിബിഢതയിൽ എവിടെയോ ഇപ്പോള്‍ മൺമറഞ്ഞു കിടക്കുന്നുവെന്ന് സാരം.

25 വർഷങ്ങൾക്കിപ്പുറം നിന്നുകൊണ്ട് ആ യാത്രയുടെ ഭൂമിശാസ്ത്രത്തെ ഓർത്തെടുക്കാൻ എന്നെ ഏറെ സഹായിക്കുന്നത് ഇൻറ്റർനെറ്റും ഗൂഗ്ൾ മാപ്സുമാണ്. ദൗർഭാഗ്യകരമെന്ന് പറയട്ടെ ഇൻറ്റർനെറ്റിൽ തിരഞ്ഞാൽ 2000 ന് മുമ്പ് ഈ പാതയിലൂടെയുളള ഒരു വിവരണങ്ങളും നമുക്ക് ലഭ്യമല്ല. സ്മാർട്ട് ഫോണുകളുടെ മെഗാ പിക്സൽ ക്യാമറ വിപ്ളവത്തിനും വളരെ മുമ്പ് തന്നെ ഈ പാതയെ കേരള- തമിഴ്നാട് സർക്കാരുകൾ സംയുക്തമായി ചരിത്രത്തിന്റ്റെ നിലവറ പെട്ടിയിലിട്ട് അടച്ചു പൂട്ടിയതിനാൽ ഈ പാതയുടെ 1990 വരെയുളള ചരിത്രം പോലും വിക്കി പീഡിയയുടെ ഇത്തിരി വട്ടത്തിൽ ഒതുങ്ങിയിരിക്കുന്നുവെന്നതാണ് മറ്റൊരു യാഥാർത്ഥ്യം.

ഈ ഇൻറ്റർസ്റ്റേറ്റ് പാതയുടെ അവകാശം സംബന്ധിച്ച് കേരള ഹൈവെ വകുപ്പും- തമിഴ്നാട് വനം വകുപ്പും തമ്മിലുളള അവകാശ തർക്കമാണ് ഈ പാതയുടെ ചരമത്തിന് പ്രധാന കാരണമായതെന്നാണ് ഔദ്യോഗിക ഭാഷ്യങ്ങൾ. എന്നാൽ ഒരു മഴയിൽ താറുമാറാകുന്ന സ്ഥലത്തെ ഈ ദുർഘട പാത സംരക്ഷിക്കുന്നതിൽ കേരള ഹൈവെ വകുപ്പ് ജീവനക്കാരുടെ വിമുഖതയും ഈ ഹൃസ്വ പാത… കൊടൈക്കനാലിൽ എത്തുന്ന സഞ്ചാരികളെ മൂന്നാർ വഴി കേരളത്തിലേക്ക് ആകർഷിക്കപ്പെടുമെന്നുളള തമിഴ്നാട് സർക്കാരിന്റ്റെ ഭയവും ഈ പാതയുടെ അന്ത്യം കുറിക്കുന്നതിൽ രഹസ്യമായ പങ്കു വഹിച്ച ഘടകങ്ങളാണെന്ന് ചില മുൻ ജീവനക്കാർ പറയുന്നു.

ടോപ്സ്റ്റേഷനിൽ നിന്നും കൊടൈക്കനാലിലേക്കുള്ള 49 കി.മീറ്റർ ദൂരവും റിസര്‍വ് ഫോറസ്റ്റായതിനാൽ ഈ വഴിയിൽ സ്വകാര്യ റിസോർട്ടുകൾക്ക് അവസരമില്ലായെന്നുള്ളതും ഈ പാതയുടെ ചരമത്തിന് കാരണമായിട്ടുണ്ട്. ഈ പാതയ്ക്ക് പകരമായി നിർമ്മിക്കുന്ന കോവിലൂർ – കൊട്ടക്കാമ്പൂർ -കൊടൈക്കനാൽ പാതയിൽ ധാരാളം സ്വകാര്യ റിസോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നത് ശ്രദ്ധേയമാണ്. ഈ വക രഹസ്യ അജൻഡകൾ മൂടിവയ്ക്കുന്നതിനായി മറ്റു ചില സദുദ്ദേശപമായ കാരണങ്ങള്‍ ഈ അടച്ചുപൂട്ടലിനെ ന്യായീകരിക്കാനായി അധികാരികൾ എടുത്തു കാട്ടിയിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ഇടുക്കി കഞ്ചാവിന്‍റെ പാത തടയൽ, പശ്ചിമ ഘട്ടത്തിലെ കാട്ടുപോത്തുകളുടെ ഏറ്റവും വലിയ ആവാസ മേഖലയുടെ സംരക്ഷണം എന്നിവയാണ് ആ സദുദ്ദേശ കാരണങ്ങൾ.

കൊടൈകനാലിൽ നിന്നും മൂന്നാറിലെത്താൻ ഇപ്പോൾ പളനി- ഉദുമൽപേട്ട വഴി 175 കി.മീറ്ററും NH 49 ൽ തേനി ബോഡിനായ്കന്നൂർ വഴി 164 കി.മീറ്ററും ആവശ്യമാണെന്ന് അറിയുമ്പോഴാണ് ഈ ഉപേക്ഷിക്കപ്പെട്ട പാതയുടെ വില നാം അറിയുന്നത്. നഷ്ടം മൂന്നാറിന് തന്നെ. എന്തായാലും ഈ പാത അടച്ചതോടെ ദക്ഷിണേന്ത്യയിലെ പ്രമുഖമായ കൊടൈക്കനാൽ ഹിൽ സ്റ്റേഷനെ മൂന്നാറുമായി പെട്ടെന്ന് ബന്ധിപ്പിക്കാമായിരുന്ന തകർപ്പൻ അവസരമാണ് ഇല്ലാതെ പോയത്.

ഇന്നേക്ക് 90 വർഷങ്ങൾക്ക് മുമ്പ് ബ്രിട്ടീഷ് കാലത്ത് തുടക്കമിട്ട പാതയിലൂടെയുളള ആ സാഹസിക യാത്ര 1990 ലെ ഒരു പതിമൂന്നാം തീയതി ഉച്ചയ്ക്ക് 13:00 നാണ് ടോപ്സ്റ്റേഷനിൽ നിന്നും ആരംഭിച്ചത്. ടോപ്സ്റ്റേഷൻ- കോവിലൂർ റോഡ് മെറ്റൽ ഇളകിയ നിലയിലായിരുന്നു. 1.2 കി.മീ. ആയപ്പോൾ ഇന്നത്തെ പാമ്പാടുംഷോല നാഷണൽ പാർക്ക് (2003) തുടങ്ങുന്നിടത്ത് വച്ച് തലയിൽ ചുളളികെട്ടുമായി വന്ന ആദിവാസി ചൂണ്ടിക്കാട്ടിയ ‘രൊമ്പ നല്ല’ വഴിയിലൂടെ ഞങ്ങൾ കൊടൈക്കനാലിലേക്ക് യാത്ര തുടർന്നു. ആ ആദിവാസിക്ക് ആ പാത ‘രൊമ്പ നല്ല’ ആയിരുന്നിരിക്കാം; പക്ഷേ ആ പാത ഞങ്ങൾക്ക് മുമ്പിൽ തുറന്നിട്ടത് ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത പ്രതിബന്ധങ്ങളും അതിജീവിക്കലുമായിരുന്നു.

ടോപ്സ്റ്റേഷനിൽ നിന്നും യാത്ര തുടങ്ങി അല്പം കഴിഞ്ഞപ്പോൾ ചെറുതായി കുണ്ടും കുഴിയും നിറഞ്ഞ വഴികൾ കാണപ്പെട്ടെങ്കിലും മുന്നോട്ടുളള പാത ‘രൊമ്പ നല്ല ‘ ആയിക്കൊളളുമെന്ന് കരുതി ഞങ്ങൾ ആശ്വസിച്ചു. എന്നാൽ പിന്നീട് അങ്ങോട്ടുളള യാത്ര ഒരു കാറും തളളിക്കൊണ്ടുളള ഞങ്ങളുടെ യാത്രയായി. പൂർണ്ണമായും ഒരു കാറിന് സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയിലാണ് കാര്യങ്ങൾ… അതും ഫ്യൂവൽ പമ്പ് കേടായി, പുളളിംഗ് കുറഞ്ഞ കാർ ! ഈ കാര്യങ്ങളൊക്കെ മനസ്സിലാക്കിയപ്പോഴേക്കും മടങ്ങിപ്പോക്ക് പ്രായോഗികമല്ലാത്തത്ര ഉയരങ്ങളിലുളള Vanderavu പീക്കിനടുത്തുളള പാതയിൽ എത്തിക്കഴിഞ്ഞിരുന്നു.

കുത്തനെയുളള കയറ്റങ്ങൾ, നിരവധി ഹെയർ പിന്നുകൾ, വഴിയിൽ കുറുകെ വീണു കിടക്കുന്ന ശിഖരങ്ങൾ എന്തെല്ലാം തടസ്സങ്ങൾ പിന്നിട്ടാണ് അത്രയും എത്തിയത്. ഇനി ഒരു മടങ്ങിപ്പോക്ക് പ്രായോഗികമല്ല. കാർ സ്വന്തം നിലയിൽ ഒരിഞ്ച് മുന്നോട്ട് നീങ്ങുന്നില്ല. തളളിക്കയറ്റാനേ പറ്റുന്നുളളു. എന്തായാലും ഞങ്ങൾ കൂട്ടായ ഒരു തീരുമാനത്തിലെത്തി. എന്തു വന്നാലും യാത്ര തുടരുക. പുതിയ ഡീസൽ അമ്പാസിഡർ കാറിന്റ്റെ കന്നി യാത്രയായിരുന്നു അത്. അമ്പാസിഡറുകൾ ദിനോസറുകളെ പോലെ നമ്മുടെ നിരത്തുകൾ വാണിരുന്ന കാലമായിരുന്നു അത്! വഴിയിൽ ചിലടത്തൊക്കെ കഴിഞ്ഞ കാറ്റിലും മഴയിലും ഒടിഞ്ഞു വീണ മരക്കമ്പുകൾ. കുറുകെ വീണു കിടന്ന ശിഖരങ്ങൾ മുറിച്ചു പോകാൻ ഞങ്ങൾക്ക് പിന്നാലെ കയറിവന്ന ഒരു ബുളളറ്റ് യാത്രികരും തമിഴ്നാട് ഭാഗത്തു നിന്നും വന്നു മടങ്ങുന്ന ഒരു തടി ലോറിയിലെ മല്ലന്മാരും സഹായത്തിന് ഉണ്ടായത് വലിയ ആശ്വാസമായിരുന്നു.

അങ്ങനെ കാർ തളളലും മരക്കൊമ്പ് മാറ്റലുമൊക്ക മുറയ്ക്ക് നടന്നുകൊണ്ടിരുന്നു. അപ്പോൾ സമയം പകൽ മൂന്ന് മൂന്നര ആയിക്കാണണം. കാർ പതിയെ ജീവൻ വച്ചു തുടങ്ങി. എല്ലാവർക്കും കാറിൽ കയറി പതിയെ യാത്ര ചെയ്യാമെന്നായപ്പോൾ അതാ വരുന്നു അടുത്ത മാരണം, കാട്ടുതീ. ഏക്കറു കണക്കിന് വനം നിന്നു കത്തുന്നു. ചെറുജീവികളും പക്ഷികളും കാട്ടുകോഴികളുമൊക്കെ കരിഞ്ഞുകിടക്കുന്നു. കാട്ടുതീ പടർന്നതോടെ നീലഗിരി മാർട്ടിനും മരനായയുമൊക്കെ തീ പടരാത്ത ഭാഗത്തേക്ക് ഓടിപ്പോകുന്നതത് കാണാമായിരുന്നു. അപ്പോഴേക്കും തമിഴ്നാട് ഫോറസ്റ്റ് ജീവനക്കാരെന്ന് അവകാശപ്പെടുന്ന ചിലർ മുന്നോട്ടുളള യാത്ര പാടില്ലെന്നും മടങ്ങി പോകണമെന്നും പറഞ്ഞപ്പോൾ ആ കാട്ടുതീ ഞങ്ങളുടെ നെഞ്ചിലേക്കാണ് പടന്നുകയറിയത്. ഇനി എങ്ങനെ ഒരു മടക്കയാത്ര? ഞങ്ങൾ രഹസ്യമായി ഡിക്കിയിൽ നിന്നും ഒരു കുപ്പിയെടുത്തു ആ ഫോറസ്റ്റ് ഗാർഡുകളെന്നു പറയുന്നവരുടെ കൈയിൽ വച്ചു കൊടുത്തു. എന്തോ അവർ അർദ്ധ സമ്മതം മൂളി.

കാട്ടുതീക്ക് ഇടയിലൂടെ പോകുമ്പോൾ മനസ്സിൽ കത്തിയമരുന്ന ഡീസൽ കാറിന്റ്റെ ചിത്രം പലകുറി തെളിഞ്ഞുവന്നു. ഏകദേശം അരമണിക്കൂർ കഴിഞ്ഞപ്പോൾ ഞങ്ങള്‍ കാട്ടുതീ കുറഞ്ഞ ഭാഗത്തെത്തി. അപ്പോൾ അതാ കാറിന്റ്റെ പുളളിംഗ് വീണ്ടും കുറഞ്ഞു വരുന്നു. ഞങ്ങൾക്ക് വീണ്ടും ഇറങ്ങി നടക്കേണ്ടതായി വന്നു. അങ്ങനെ കാറും തളളി നടക്കുമ്പോൾ അതാ എതിരെ കുറച്ചാളുകൾ കൈയിൽ നീളൻ കത്താളുമായി വരുന്നു. അവരുടെ കൈയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ നീളമുളള ആയുധങ്ങൾ പോലെ മറ്റെന്തൊക്കെയോ ഉണ്ട്. അപ്പോൾ മനസ്സിൽ തോന്നിയത് സത്യമംഗലത്തു നിന്നും വീരപ്പനും സംഘവും പഴനി ഹിൽ ഫോറസ്റ്റിലെത്തിയോ എന്നായിരുന്നു.

അന്ന് കുപ്രസിദ്ധ വനം കൊള്ളക്കാരൻ വീരപ്പന്‍ തമിഴ് കർണ്ണാടക വനമേഖല വിറപ്പിക്കുന്ന സമയമായിരുന്നു. അവരുടെ ഭാവങ്ങൾ അത്ര പന്തിയല്ലായെന്ന് തോന്നിപ്പിച്ചിരുന്നു. അവർ ഞങ്ങളെയും കാറിനെയും മാറി മാറി നോക്കി. എന്തോ അസ്വാഭാവികതയോടെ. എങ്ങനെ ഒരു കാർ അവിടെ എത്തപ്പെട്ടുവെന്നതായിരുന്നു അവരുടെ അസ്വാഭാവികതയുടെ കാരണമെന്ന് പാതിരാത്രിയിൽ ചെക്പോസ്റ്റിൽ എത്തുംവരെ ഞങ്ങൾക്ക് മനസ്സിലായിരുന്നില്ല. അവരുടെ മുഖ്യനെന്ന് തോന്നിപ്പിക്കുന്ന കൊമ്പൻ മീശക്കാരൻ രൂക്ഷസ്വരത്തിൽ ‘തണ്ണിയിരിക്കാ’ എന്ന് ചോദിച്ചപ്പോൾ എന്റ്റെ സുഹൃത്ത് ഒരു കുപ്പി ബിയർ തന്നെ എടുത്തു കൊടുത്തു. പരിഭ്രമിച്ച സുഹൃത്തിന് തമിഴന്റ്റെ തണ്ണി ആവശ്യം മദ്യമാണെന്ന് തെറ്റിദ്ധരിച്ചിരുന്നു. അയാൾ ശരിക്കും വെളളം ആണ് ആവശ്യപ്പെട്ടിരുന്നതെന്ന് പിന്നീടുളള അയാളുടെ മുഖഭാവത്തിൽ നിന്നും മനസ്സിലായിരുന്നു.

കട്ടി സ്വർണ്ണമാലയും വിലയേറിയ വിദേശനിർമ്മിത വാച്ചും ക്യാമറയും തൂക്കി നില്ക്കുന്ന ഞങ്ങളുടെ സുഹൃത്തുക്കളിൽ ഒരുവനെ അയാളുടെ കണ്ണിൽ പെടാതിരിക്കാൻ ഞങ്ങൾ പരമാവധി ശ്രദ്ധിച്ചിരുന്നു. സത്യത്തിൽ എല്ലാവരും അസ്വസ്ഥരായിരുന്നു. എങ്കിലും ഒരു തരം കൂസലില്ലായ്മ ഞങ്ങൾ അവരോട് കാട്ടിയിരുന്നു. എന്തോ അവർ കുറേനേരം ഞങ്ങളെ വീക്ഷിച്ച് നിന്നിട്ട്, ദൂരെ നിന്നും വരുന്ന ഒരു വാഹനത്തിന്റ്റെ ശബ്ദം ശ്രവിച്ച് പെട്ടെന്ന് കാട്ടിലേക്ക് മറഞ്ഞു.

അതുവരെ ധൈര്യം സംഭരിച്ച് നിന്നിരുന്ന ഞങ്ങളുടെ ശ്രദ്ധ പുതുതായി വരുന്ന വാഹനത്തിന്റ്റെ ദിശയിലേക്കായി. അപ്പോഴേക്കും നേരം വൈകിത്തുടങ്ങിയിരുന്നു. ഇനിയും എന്താണ് സംഭവിക്കാൻ പോകുന്നതെന്ന ഉൽക്കണ്ഠയുണ്ടായിരുന്നു. അതൊരു ഫോർ വീൽ ഡ്രൈവ് ജീപ്പായിരുന്നു. ഷോർട്സും ക്യാപ്പുമണിഞ്ഞ ഒരു പരിഷ്കൃതനായ മധ്യവയസ്കൻ. മുൻ സീറ്റിൽ കുത്തിച്ചാരിയ നിലയിൽ ഡബ്ൾ ബാരൽ ഗണ്ണുമുണ്ടായിരുന്നു. അയാൾ ജീപ്പ് നിർത്തി ചെറു ചിരിയോടെ ഞങ്ങളോട് പരിചിത ഭാവം കാട്ടി. കൈയിൽ കത്താളുമായി കാട്ടിലേക്ക് മറഞ്ഞ കൊമ്പൻ മീശ സംഘത്തെ കുറിച്ച് ഞങ്ങൾ അയാളോട് സൂചിപ്പിച്ചു. അവർ വനപാലകരായിരിക്കില്ലെന്നും ആ സ്ഥലം അത്ര പന്തിയല്ലെന്നും അയാൾ പറഞ്ഞു. ഇത് ഞങ്ങളെ ചെറുതായി ഭയചകിതരാക്കി. എല്ലാവരും കാറിനുളളിൽ കയറി. കാറിന്റ്റെ ഉളള പുളളിംഗിൽ ഞങ്ങൾ വീണ്ടും യാത്ര ആരംഭിച്ചു.

വനത്തിൽ ഇരുട്ട് പരന്നു തുടങ്ങി. മാനുകളും മയിലുകളും കാറിന് കുറുകെ ചാടുവാൻ തുടങ്ങി. ആനകളും കാട്ടിയും കാട്ടുപോത്തും കടുവയും പുളളിപ്പുലിയുമുളള മേഖല ആയിരിക്കുമെന്ന് സ്വയം ഊഹിച്ചു. മനസ്സിലേക്ക് ഭയം അലിഞ്ഞുചേരുന്നു. അതുവരെ കളം കീഴടിക്കിയിരുന്ന വാചാലത എല്ലാവരിലും നിന്നും പതിയെ നിഷ്ക്രമിച്ചുകൊണ്ടിരിന്നു. എല്ലാവരുടെയും ഭയത്തിന് കാരണം എന്തെങ്കിലുമൊരു അടിയന്തിര സാഹചര്യം വന്നാൽ ഇഴയുന്ന കാറുമായി എന്തു ചെയ്യുമെന്ന ഉൽക്കണ്ഠയായിരുന്നു. വീണ്ടും വണ്ടി തള്ളേണ്ട സാഹചര്യം വന്നാൽ എന്ത് ചെയ്യും? ആകെയുളള ഒരു ആയുധം എന്റ്റെ കൈവശമുളള ഒരു സ്വിസ് നൈഫാണ്. കാട്ടിക്കും കാട്ടാനയ്ക്കും മുമ്പിൽ ഒരു സ്വിസ് നൈഫിന് എന്ത് സാദ്ധ്യത? രാത്രി കനത്തതോടെ കാറിന്റ്റെ പുളളിംഗ് കുറയുമ്പോൾ എൻജിൻ ഓഫ് ചെയ്ത് ഞങ്ങൾ കാറിനകത്ത് തന്നെ ഇരിപ്പായി. എൻജിൻ തണുക്കുമ്പോൾ വീണ്ടും യാത്ര തുടങ്ങും. എന്റ്റെ മനസ്സിലും ആധി കൂടി വന്നു. ഭക്തനായ ഒരു സുഹൃത്ത് താനൊരു എളിയവനാണെന്നും ദൈവത്തിന്റ്റെ സഹായം ഉണ്ടാകണമേ എന്നുമുളള പ്രാർത്ഥന ‘ … താണനിലത്തേ നീരോടു, അവിടെ ദൈവം തുണയുളളൂ’… എന്ന ഗാനാലാപനത്തിലൂടെ വെളിപ്പെടുത്തി കൊണ്ടിരുന്നു.

ഇരുട്ടിന് മീതെ നിലാവ് പതഞ്ഞൊഴുകാൻ തുടങ്ങി. മനുഷ്യവാസമുളള പോലെ തോന്നിക്കുന്ന ഒരു സ്ഥലമെത്തി. അവിടെ രണ്ട് നാല്ക്കാലി മൃഗങ്ങൾ നില്ക്കുന്നതായി കണ്ടു. ജനവാസ സ്ഥലമെത്തിയതിൽ ആശ്വാസം പൂണ്ട ഒരു സുഹൃത്ത് പറഞ്ഞു, “ഏതോ ഗ്രാമം എത്തി, അതാ പശുക്കൾ നില്ക്കുന്നു”. എന്തായാലും ഇത്തിരി മുന്നോട്ട് മാറി ഞങ്ങൾ കാർ നിർത്തി. അതൊരു ചെറിയ വെളിമ്പ്രദേശമായിരുന്നു. ഇടതു ഭാഗത്ത് ഉയർന്ന തിട്ടയിൽ ഇരുണ്ട ഒരു കെട്ടിടത്തിന്റ്റെ അവശിഷ്ടങ്ങൾ നിലാവിൽ തെളിഞ്ഞുകാണാം. അതിന് മുന്നിലായി കൂടുതൽ തിളങ്ങുന്ന കണ്ണുകൾ. എല്ലാവരും ശ്വാസമടക്കി പിടിച്ച് നോക്കുകയാണ്. അവിടെ തിളങ്ങുന്ന കണ്ണുകളുടെ എണ്ണം കൂടി വരികയാണ്, ഒപ്പം കൊമ്പുകളും. ആ പ്രദേശമാകെ തിളങ്ങുന്ന കണ്ണുകളുംകരുത്തുറ്റ കൊമ്പുകളുമുളള കൂറ്റൻ കാട്ടുപോത്തുകൾ. അവ ഞങ്ങളെ അക്ഷരാർത്ഥത്തിൽ വളഞ്ഞിരിക്കുകയാണ്. ഭയം എല്ലാവരെയും നിശബ്ദരാക്കി.

അങ്ങനെ പത്ത് മിനിറ്റോളം കടന്നു പോയി. ദൂരെ നിന്നും എന്തൊക്കെയൊ ഓടി വരുന്നതിന്റ്റെ ശബ്ദം കേട്ടു തുടങ്ങി. അടുത്തു നിന്ന കാട്ടുപോത്തുകൾ കൊമ്പുകളുയർത്തി ചെവി പിടിച്ചു. മുകളിലെ തിട്ടിൽ നില്ക്കുന്ന കാട്ടുപോത്തുകൾ ഞങ്ങളുടെ കാറിന്റ്റെ മീതെ ചാടുമോ? ഭീമാകാരികളായ കാട്ടുപോത്തുകൾ ! അവ കൂട്ടമായി കാറിനെ മുട്ടി ഓടിയാലും മതി. കാർ വലതു ഭാഗത്തെ ആഴത്തിലേക്ക് പതിക്കും. മനസ്സിലെ ഭയം ഇരട്ടിച്ചു. കാരണം അത്രയ്ക്ക് വീതിയില്ലാത്ത ഒരിടത്താണ് ഞങ്ങളുടെ കാർ നില്ക്കുന്നത്. പെട്ടെന്ന് ഞങ്ങളുടെ അടുത്തു നിന്ന കാട്ടുപോത്തുകളും ഓടാൻ തുടങ്ങി. ചിലതൊക്കെ ഓടുമ്പോൾ കാറിന്റ്റെ വശങ്ങളിൽ മുട്ടുന്നുണ്ടായിരുന്നു. കടുത്ത ദൈവഭക്തനായ സ്നേഹിതൻ സകല മത ദൈവങ്ങളെയും വിളിച്ചപേക്ഷിച്ചു; എന്തൊക്കെയോ മന്ത്രങ്ങളും നേർച്ചകളും ഉരുവിട്ടു. 5- 10 മിനിറ്റ് എല്ലാവരും ശ്വാസമടക്കിയിരുന്നു. കാട്ടുപോത്തുകൾ എങ്ങോട്ടോ ഓടിമറഞ്ഞിരിക്കുന്നു. അവ ഓടാനുളള കാരണവും വ്യക്തമല്ല. അവയ്ക്ക് പിന്നാലെ മറ്റെന്തെങ്കിലും ഉണ്ടായിരുന്നോ എന്നും അറിഞ്ഞു കൂടാ. ഞങ്ങൾ വീണ്ടും യാത്ര തുടങ്ങി. മിക്കവാറും ഇത് സംഭവിച്ചത് ബാൻഡർ- ബെരിജം ട്രെയ്ൽ പാതയിലായിരിക്കണം. എന്തായാലും അന്ന് ഇടതു ഭാഗത്ത് കണ്ട ഇരുണ്ട കെട്ടിടം 1942 കാലത്തെ ബ്രിട്ടീഷേഴ്സ് ട്രാൻസിറ്റ് ബംഗ്ളാവിന് മുമ്പുള്ള ഏതോ കെട്ടിടം ആയിരിക്കാനാണ് സാധ്യത.

കുറച്ചുകൂടി യാത്ര ചെയ്തപ്പോൾ ഒരു ചെക്പോസ്റ്റായി. അത് ബെരിജം ആയിരിക്കണം. ഞങ്ങൾ കാർ നിർത്തി. ആയുധധാരികളായ വനപാലകർ പെട്ടെന്ന് കാറിന് മുമ്പിലേക്ക് ചാടി വീണു. ഞങ്ങൾ വീണ്ടും പരിഭാന്തരായി. രാത്രി അസമയത്ത് അവിടെ എത്തിയ ഞങ്ങളെ സംശയത്തോടെയാണ് അവർ ചോദ്യം ചെയ്തത്. നേരം വെളുക്കാതെ ഞങ്ങളെ കടത്തി വിടില്ലായെന്ന് പറഞ്ഞു. ഞങ്ങളുടെ ടീമിലെ ഇന്റ്റർ സ്റ്റേറ്റ് യാത്രാ വിദഗ്ദനായ സുഹൃത്തിന്റ്റെ നയപരമായ ഇടപെടൽ അന്തരീക്ഷത്തെ തണുപ്പിച്ചു. അതോടെ അവർ ഞങ്ങളോട് കൂടുതൽ സൗഹൃദത്തിലായി. കുറെ നേരം ഞങ്ങൾ അവിടെ ഇരുന്ന് വിശ്രമിച്ചു. ഇനി കുഴപ്പമില്ലാത്ത പാതയാണെന്ന് ആ വനപാലകർ പറഞ്ഞത് ഞങ്ങളെ വല്ലാതെ ആശ്വസിപ്പിച്ചു. അങ്ങനെ ഞങ്ങൾ കൊടൈക്കനാലിലേക്കുളള യാത്ര വീണ്ടും തുടർന്നു.

അന്നത്തെ ആ യാത്രയുടെ ഏറ്റവും വലിയ പ്രത്യേകത ചെറിയ കുഴികളിൽ പോലും അടിതട്ടുന്ന ഒരു അമ്പാസിഡർ കാർ ടോപ്സ്റ്റേഷനിൽ നിന്നും അതീവ ദുർഘടമായ 17 ഹെയർപിന്നുകളും ഹിമാലയത്തിന് തെക്ക് ഏറ്റവും ഉയരം കൂടിയ വാഹന പാതയായ 8170 അടി ഉയരമുളള vandaravu pass ഉം താണ്ടി കൊടൈക്കനാലിലെത്തി എന്നതായിരുന്നുവെന്ന് ഞങ്ങൾ അറിയുന്നത് ചെക്പോസ്റ്റിൽ എത്തിയതിന് ശേഷമാണ്. പാതിരാത്രിയിൽ അവിടെ എത്തുമ്പോൾ അത്ഭുതത്തോടെയും സംശയത്തോടെയും വനപാലകരിലൊരുവൻ പറഞ്ഞ കമന്റ്റാണ്, ” ജീവിതത്തിൽ ആദ്യമായാണ് ഒരു അമ്പാസിഡർ കാർ ടോപ്സ്റ്റേഷനിൽ നിന്നും ഇവിടം വരെ എത്തി കൊടൈക്കനാലിലേക്ക് പോകുന്നത്”. ഇത് ആ വനപാലകരുടെ ആദ്യ അത്ഭുതം. പിന്നീടാണ് അവർ ഞങ്ങളുടെ അന്നത്തെ യഥാർത്ഥ സംഭവകഥകൾ കേട്ടു തലയിൽ കൈവച്ചു പോയതും കാക്കി മുറയൊക്കെ കളഞ്ഞ് അവശരയായ ഞങ്ങളെ മനുഷ്യ പറ്റോടെ കാണാൻ തുടങ്ങിയതും.

ആദ്യത്തെ കയറ്റത്തിൽ വച്ച് തന്നെ എന്തോ കാരണത്താൽ പുളളിംഗ് നഷ്ടപ്പെട്ട കാറിനെ കിലോമീറ്ററുകളോളം അതായത് ചെക്പോസ്റ്റ് എത്തുംവരെ ഞങ്ങൾ കയറ്റങ്ങളിൽ തളളിയാണ് വന്നിരുന്നത്. അതും വിജനമായ വഴിയിലൂടെ, കാട്ടു തീയിലൂടെ, കാട്ടാനയുടെയും കാട്ടു പോത്തിന്റ്റെയും പുളളിപുലിയുടെയും ഭയത്തിലൂടെ ! ഇതൊക്കെ അറിഞ്ഞതോടെ പരിക്ഷീണരായ ഞങ്ങളെ ആ വനപാലകർ മുറ്റത്തെ ക്യാമ്പ് ഫയർ കൊളളാൻ ക്ഷണിച്ചു. തണുപ്പകറ്റാൻ ചുക്കിട്ട പനംകരുപ്പട്ടി കാപ്പി വച്ചു നീട്ടി. പാതിരാത്രിയിൽ ദുരൂഹ സാഹചര്യത്തിലെത്തിയ ഞങ്ങളെ തെറ്റിദ്ധരിച്ച് തോക്കുമായി ചാടി വീണ് പേടിപ്പിച്ചതിന് മാപ്പു പറഞ്ഞു. അക്കാലത്ത് തമിഴ്നാടിന്റ്റെ അതൃത്തികളിലെ ഫോറസ്റ്റ് ചെക്പോസ്റ്റുകളിൽ തമിഴ്നാട് സ്പെഷ്യൽ ടാസ്ക് ഫോഴ്സുമായി ചേർന്നുളള ആൻറ്റി വീരപ്പൻ എക്സർസൈസുകൾ പതിവായിരുന്നു. അതിന്റ്റെ ഭാഗമായിട്ടായിരുന്നു അവർ ഞങ്ങളെ ആദ്യം കർശനമായി നേരിട്ടത്.

എന്തായാലും 25 വർഷങ്ങൾക്ക് മുമ്പുളള ആ യാത്ര ഇന്നും അവിസ്മരണീയമാണ്. അസാദ്ധ്യമായതെന്തും തലയിലേററ്റുന്ന യൗവനത്തിന്റ്റെ കൂസലില്ലായ്മയായിരുന്നു ആ യാത്ര. ആ യാത്രയിലെ പ്രതിബന്ധങ്ങൾ, പരിഭ്രമങ്ങൾ, നിശ്ചയദാർഢ്യം, അതിജീവിക്കലുകൾ എല്ലാം പിൽക്കാല യാത്രകൾക്ക് സഹായകരമായിട്ടുണ്ട്. ആ യാത്ര കാടിനെ നിസ്സാരമായി കണ്ട അന്നത്തെ അറിവില്ലാ പൈതങ്ങളെ പാമ്പാടുംഷോലയും ദക്ഷിണ പളനി മല വനവും ആദ്യം വല്ലാതെ പേടിപ്പിക്കുകയും പിന്നെ നിലാവിൽ നീരാടുന്ന കാട്ടുപോത്തു കൂട്ടങ്ങളെയും കാറിന്റ്റെ ഇത്തിരിവെട്ടത്തിൽ വിളിപ്പാടകലെ പുളളിപുലികളെയും കാട്ടിതന്ന് വിസ്മയത്തിന്റ്റെ പരകോടിയിലെത്തിക്കുകയും ചെയ്തു. ആ യാത്രയുടെ ഓരൊ ഏടുകളും 25 വർഷങ്ങൾക്ക് ശേഷം… ഇപ്പോഴും മനസ്സിനെ ഉന്മത്തഭരിതമാക്കികൊണ്ടിരിക്കുകയാണ്.

അന്നത്തെ സഹയാത്രികർ : വിജയൻ, അനില്‍കുമാര്‍, കുമാര്‍, വി.വി ഉദയകുമാര്‍, വിജയനുണ്ണിത്താൻ, കെ.ആര്‍ സലിം.

എസ്കേപ്പ് റോഡ് : ടോപ്സ്റ്റേഷൻ- പാമ്പാടുംചോല വഴി വന്തരവ് റിഡ്ജ് സമ്മിറ്റ്- ബാന്ഡർ ബെരിജം ട്രെയ്ൽ- ബെരിജം റോഡ്- കൊടൈക്കനാൽ

27 വർഷങ്ങൾക്ക് മുമ്പ് ഞങ്ങള്‍ സഞ്ചരിച്ച പാത വീണ്ടും കാണുന്നു. അവിടെ എനിക്ക് കാണാന്‍ കഴിഞ്ഞത് ഇതാണ്‌. ബെരിജം ലേക്കിൽ വച്ച് ചങ്ങലയാൽ ബന്ധിതയായി എസ്കേപ്പ് റോഡ് രക്ഷകരെയും കാത്തുകിടക്കുന്നു. ആ പാതയിലൂടെ ആരെയും കടത്തി വിടുന്നില്ല. ആ പാതയിൽ ചിലയിടങ്ങളിൽ വാഹനങ്ങൾ കടന്നു പോകാത്തവിധം ട്രഞ്ചുകൾ നിർമ്മിച്ചിരിക്കുന്നു. ഈ ചലനമറ്റു കിടക്കുന്ന പാത എന്നെ വല്ലാതെ വേദനിപ്പിക്കുന്നു

ഈ ജനുവരിയുടെ ആദ്യദിനങ്ങളൊന്നിൽ ഊട്ടിയില്‍ നിന്നും ഉദുമൽപേട്ട വഴി മൂന്നാറിലേക്ക് യാത്ര ചെയ്തു. ഈ ഉദുമൽപേട്ട വഴി തന്നെയാണ് കൊടൈക്കനാലിൽ നിന്നും ഇപ്പോള്‍ മൂന്നാറിലേക്കുള്ള ഒരു മാർഗ്ഗവും! ഈ ദൂരം എത്രയോ കൂടുതലും പൊട്ടിപ്പൊളിഞ്ഞതുമാണ്. ഉദുമൽപേട്ടയില്‍ നിന്നും തന്നെ 85 കി.മീറ്റർ വനയാത്ര. 1990 വരെ മൂന്നാറിലെ ടോപ്സ്റ്റേഷനിലേക്ക് കൊടൈക്കനാലിൽ നിന്നും വെറും 49 കി.മീറ്റർ യാത്ര മാത്രമേ മതിയായിരുന്നൂ…. ! ഇപ്പോള്‍….? ഈ ഉദുമൽപേട്ട വഴി ഇങ്ങനെ പൊളിച്ചിട്ടിരിക്കുന്നതിൽ തമിഴ്നാടിന് കൃത്യമായ അജൻഡയുണ്ട്. തമിഴ്നാട് സന്ദർശിക്കാനെത്തുന്ന ഒരു ടൂറിസ്റ്റുകളും മൂന്നാറിനെ കാണരുത്. അതുവഴി ആരും കേരളത്തിന്റ്റെ ഹരിതാഭയിലേക്ക് എത്തപ്പെടരുത്. കേരളത്തിലേക്ക് വരുന്ന എല്ലാ വഴികളും വികസിപ്പിക്കാതെ ഇടുന്നത് തമിഴ്നാടിന്റ്റെ ആവശ്യമാണ്. ഇവിടെയാണ് എസ്കേപ്പ് റോഡിന്റെ അടച്ചു പൂട്ടൽ തമിഴ്നാട് എത്രമാത്രം ആഗ്രഹിച്ചിരുന്നുവെന്ന് നാം തിരിച്ചറിയേണ്ടത്.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply