കുടുംബവുമൊത്ത് ഒരു സാധാരണക്കാരന്‍റെ ഗള്‍ഫ് യാത്ര…!!

ഈ എളിയ സഞ്ചാരിയുടെ യാത്രാവിവരണം , ഞാൻ റോമിസേവ്യർ എറണാകുളം, ഏഴു വർഷമായി ടാക്സി ഓടിക്കുന്നു ,കാശു വാങ്ങിയുള്ള സഞ്ചാരം മാസ് ആണെങ്കിൽ കാശു മുടക്കിയുളള സഞ്ചാരം കൊലമാസ് ആയിരിക്കണമല്ലോ?. ഗോവയ്ക്കപ്പുറം ഇന്ത്യ കാണാത്ത ,.. പാസ്പോർട്ട് ഇല്ലാത്ത,… ഒരു വിദേശയാത്ര സ്വപ്നം പോലും കാണാത്തടുത്തുനിന്ന് ഞാൻ തുടങ്ങട്ടെ,….

സ്പൈസ്ജെറ്റ് എയർവെയ്സിൽ ജോലി ചെയുന്ന അനിയൻ ( ഫസ്റ്റ് കസിൻ ) ഫാമിലി മെബർ എന്ന ഒരു ഏർപ്പാടിനെ പറ്റിയും ഏകദേശം 75% കുറവിൽ വിമാനയാത്ര നടത്താമെന്നുമുള്ള വിവരം അറിഞ്ഞപ്പോ മനസിൽ ഒരു തീപ്പൊരി വീണു ,അതു നന്നായി ആളിക്കത്തിക്കാൻ എവിടെത്തെയും പോലെ എന്റെ ”വാരിഎല്ലിന്റെ” ബാക്കിയും അവളുടെ ഭാഗം നന്നായി ചെയ്തു ,പിന്നെ ഞാൻ എവിടെ പോയാലും എന്റെ അമ്മയെ ഒഴിവാക്കാറില്ല, പിന്നെ 3 വയസുള്ള മോളെ ഒരിക്കലും ഒഴിവാക്കാൻ പറ്റില്ലല്ലോ അങ്ങിനെ എന്റെ സുഹൃത്തിന്റെ ഫ്ലാറ്റിൽ താമസം അവൻ പണ്ടേ ഓഫർ തന്നിരുന്നു, 2 വയസു കഴിഞ്ഞതിനാൽ മകൾക്കും എന്റെ അമ്മയ്ക്കും ഏറ്റവും കുറവ് റേറ്റുള്ള ദിവസം നോക്കി എന്റെയും ഭാര്യയുടെയും ഓഫർ ടിക്കറ്റും എടുത്തു.

പാസ്പോർട്ട് എടുക്കാൻ ചെന്നപ്പോൾ അവൻമാർക്ക് മാരേജ് സർട്ടിഫിക്കറ്റ് വേണമത്ര ,അതുമായി ചെന്നപ്പോ അമ്മയ്ക്ക് സ്ക്കൂൾ സർട്ടിഫിക്കറ്റ് വേണം. ഇതിനെല്ലാം ഞാൻ ട്രിപ്പ് പോകുന്നത് കൊണ്ട് എന്നെ അത്ഭുതപെടുത്തി കൊണ്ട് ഭാര്യ ഓടി നടന്നു നേടി .കാരണം യാത്രകളോടുള്ള ഞങ്ങളുടെ ആഗ്രഹം തന്നെ !

പാസ്പോർട്ട് കിട്ടിയതും ,വീസ വന്നതും ,ടിക്കറ്റ് കോപ്പി കിട്ടിയതും എല്ലാം ഒരു വലിയ സ്വപ്ന യാത്രയ്ക്കു മുൻപുള്ള വലിയ വലിയ സന്തോഷങ്ങളായിരുന്നു, കൂട്ടുകാരന് വേണ്ടിയുള്ള മുയലിറച്ചിയും ,നാടൻ കോഴിക്കറിയും ,വരിക്കച്ചക്കയും സഞ്ചിയിലാക്കി പുതുതായി വാങ്ങിയ ട്രാവൽ ബാഗിൽ വയ്ക്കുന്ന നേരത്തുണ്ടായ അതേ നെഞ്ചിടിപ്പ് ഇതഴുതുമ്പോളും ഞാൻ ചെറുതായി അറിയുന്നുണ്ട്.

കാത്തിരുന്ന ആ ദിനം ഒടുവിൽ വന്നെത്തി – ഒരു ടാക്സി ഡ്രൈവർ എന്ന നിലയിൽ ഒരഞ്ഞൂറ് തവണ വന്നു ആളെ ഇറക്കി പോയ അതേ എയർപോർട്ടിലേക്ക് കൂട്ടുകാരന്റെ ടാക്സി കാറിൽ ഞാനും എന്റെ കുടുബവും ,എന്റെ ജിവിതത്തിലെ മറക്കാനാവാത്ത യാത്രയുടെ ആരംഭം ,എയർപോർട്ടിൽ ഒരു പത്ത് പരിചയക്കരെങ്കിലും ഞങ്ങളെ കാണണേ എന്ന എന്റെ ഭാര്യയുടെ പ്രാർഥന ഫലം കാണാതെ ഞങ്ങൾ ചെക്ക് ഇൻ ചെയ്യാനായി ക്യൂവീലേക്ക് ,വെട്ടിയും തിരുത്തിയും അടുത്തുനിന്നവന്റെ കോപ്പി അടിച്ചുമൊക്കെ ഒരു വിധം ബാഗ് അവര് ഏറ്റെടുത്തു , ” ആശ്വസം. ”

പിന്നെ കസ്റ്റംസ് ചെക്കിങ്ങ് ആ ചെക്കിങ്ങ് ,ഈ ചെക്കിങ്ങ് ,ഉച്ചയ്ക്ക് ഇടിക്കാൻ തുടങ്ങിയ നെഞ്ചിന് ഒരു മാതിരി മതിയായി തുടങ്ങി വെയ്റ്റിങ്ങ് ലോഞ്ചിലിരിക്കുമ്പോ കുട്ടിക്കാലം മുതലുള്ള ഒരാവശ്യവുമില്ലാത്ത എന്റെ ആ പഴയ സംശയം വീണ്ടും ”ഫ്ലെയ്റ്റ് എങ്ങിനെ ആകാശത്ത………് ” ദൈവമെ ശക്തി തരണെ ,അനൗൺസ്മെന്റ്’ കേട്ട് എഴുന്നേറ്റ മറ്റു യാത്രക്കാരോടൊപ്പെം ഞങ്ങളും ഫ്ലെയ്റ്റിനകത്തേക്ക് ……. അവരു എന്തൊക്കയോ പറയുന്നു ,ഞാൻ ഒന്നും കേൾക്കുന്നില്ല’ അല്ല ,കേൾക്കാന്നുള്ള മനസിക അവസ്ഥയിലല്ല. ഇനി കഥ തുടങ്ങുന്നത് ആ മണലാരണ്യങ്ങളിൽ നിന്നാണ് ……..

താഴ്ന്ന് പറക്കുന്ന വിമാന ജാലകത്തിലൂടെ ജീവിതത്തിൽ ആദ്യമായ് ഞാൻ മരുഭൂമി കണ്ടു, ഒട്ടകങ്ങളെയും ഫാമ്ഹൗസുകളെന്ന് തോന്നിക്കുന്ന ചെറു വീടുകളും കണ്ടു , വളരെ താഴ്ന്ന് പറക്കുന്നതിന്റെ ഗുണഫലമെന്നോണം എന്റെ ലൂമിയ 640 യിൽ ഒരു ടവർ ലൊക്കേഷൻ ഒമാൻ എന്നു തെളിഞ്ഞു ,പിന്നെ വീണ്ടും ഗിയർ മാറ്റി മുകളിലേക്ക് ,എന്റെ കാഴ്ച്ചയ്ക്കും മരുഭൂമിയുടെ വശ്യതയ്ക്കുമിടയിൽ മേഘങ്ങൾ കർട്ടനിട്ടു., ഒമാനി വീസയില്ലത്ത ഞാൻ ഓസിനാ കാഴ്ച്ച കാണേണ്ടന്ന് ദൈവത്തിന് തോന്നി കാണും., ബ്ലഡ് പ്രെഷർ വേരിയേഷൻ കൊണ്ടാകണം അമ്മയ്ക്കും മോൾക്കും അസഹ്യമായ ചെവിവേദന തുടങ്ങിയിരുന്നു. അതെന്നെ കുറച്ച് ആകുലനാക്കി ,അത് ഒരു വിധം മാനേജബിളായപ്പോ കറക്റ്റായി അവൾക്ക് വിശപ്പ് , ഒരാഴ്ച്ച തിന്നാനുള്ളത് ചെക്ക് ഇൻ ലഗേജിൽ കുത്തി കേറ്റിയ ഞങ്ങൾ ഹാൻഡ്‌ ബാഗിലോ ,ബാക്ക്പാക്കിലോ ഒരു കുഞ്ഞു കപ്പലണ്ടി മിട്ടായി പോലും വച്ചില്ല ,” ആദ്യ പരാജയം” 100 രൂപയ്ക്ക് 4 ബിസ്ക്കറ്റ് വാങ്ങിയപ്പോ പ്രതീക്ഷിക്കാതെ ഒരു ഇരയെ കിട്ടിയ സന്തോഷം എയർ ഹോസ്റ്റസ് ചേച്ചിയുടെ ചിരികൾക്കിടയിൽ ഞാനറിഞ്ഞു.

അങ്ങിനെ ഫ്ലൈയ്റ്റ് വീണ്ടും താഴേയ്ക്ക് സഞ്ചാരികളുടെ പറുദീസയിലേക്ക്…അങ്ങു താഴെ നീണ്ടു നിവർന്നു കിടക്കുന്ന 8ഉം 12 ഉം വരി ഹൈവേകൾ …., ഏതൊരു ശരാശരി മലയാളി ഡ്രൈവറേയും പോലെ എന്റെ മനസും കൊതിച്ചു നമ്മുടെ നാട്ടിലെന്നാ ഇങ്ങനെയൊക്കെ ആവുകയെന്ന് ??? ..

എയർപോർട്ടിന്റെ ആകാശകാഴ്ച്ച വിവരിക്കാൻ ഞാൻ ഇനിയും വളർന്നിട്ടില്ല. ചെറുതല്ലാത്തൊരു കുലുക്കത്തോടെ ഞങ്ങളാ യാഥാർഥ്യത്തിലേക്ക് ,ഏകദേശം 4 മണിക്കൂറുകളായി എന്റെ ഭാര്യയുടെ കൈകളിൽ ചേർത്ത് പിടിച്ചിരുന്ന കൊന്ത മണികളും ഇങ്ങു നാട്ടിലെ യൂദാ തഥേവൂസ് പുണ്യവാളനും ഒരുമിച്ച് വിശ്രമം. ടേക്കോഫിന് കാത്തു കിടക്കുന്ന വിമാനങ്ങൾ മറൈയ്ൻ ഡ്രൈവിലെ കാർ പാർക്കിനെ അനുസ്മരിപ്പിക്കും. അവസാന നമസ്കാർ വാങ്ങി പുറത്തേക്ക്

” ദുബായ് ” ആ എയർപോർട്ട് ഒരറ്റത്ത് നിന്ന് നടന്ന് മറ്റേ അറ്റത്ത് എത്തുമ്പോൾ ആരായാലും ഒരു ദീർഘദൂര നടത്തക്കാരനായിട്ടുണ്ടാകും. അടുത്ത ടെൻഷൻ അറബികൾ ഹാൻഡിൽ ചെയ്യുന്ന ഇമിഗ്രഷൻ കൗണ്ടറുകളിയിരുന്നു. എല്ലാ ഹൈ ഫൈ ബിസ്നസ് മാഗനറ്റുകൾക്കും പിന്നിൽ ഒട്ടും മാച്ചിങ്ങ് ആവാതെ ഞങ്ങളും പോയി നിന്നു…നേർച്ച പായസ കൗണ്ടറിൽ നിൽക്കുന്ന അതേ ലാഘവത്തോടെ.

പക്ഷെ കണ്ണും തള്ളവിരലും സ്ക്യാൻ ചെയ്ത് 2 മിനിറ്റിനുള്ളിൽ അറബി എന്നെ ഞെട്ടിച്ചു , പുറത്ത് ഞങ്ങളെ കത്തു നിന്ന കൂട്ടുകാരനെ കണ്ട എനിക്ക് ഉത്സവ പറമ്പിൽ കൂട്ടം തെറ്റി പോയി വീണ്ടും അമ്മയെ കണ്ട ഫീലായീരുന്നു … പുറത്തിറങ്ങുന്ന വഴിയിൽ ടാക്സി ഇന്നോവകൾ വരുന്നതും ആളു കയറി പോകുന്നതും വളരെ യാന്ത്രികമായി എനിക്ക് തോന്നി ,ഒരു പാക്കിസ്ഥാനി ഓടിക്കുന്ന കാറിൽ ഞങ്ങളും കയറി പറ്റി ,ഒട്ടോമാറ്റിക്ക് ഇന്നോവ അണ്ടർ പാസിലൂടെ പറക്കുകയാണ് ,..ഞാൻ എന്റെ കൂട്ടുകാരനോട് സംശയ നിവരണത്തിലേക്കും……,

‘ ക്യുസയ്സ് ‘- ദുബായിലെ  ‘പനമ്പിള്ളി നഗർ’ എനിക്ക് അങ്ങിനെ തോന്നി. റോഡുകളുടെ നിലവാരം മികവ് പറയാതെ വയ്യ ,പക്ഷെ വീടുകളുടെ ഭംഗി നമ്മുടെ തന്നെ.. എയർ കണ്ടീഷൻ ചെയ്ത ബസ്സ് സ്റ്റോപ്പുകൾ ,മെട്രോ സ്റ്റേഷനുകൾ , എലിവേറ്റഡ് പെഡസ്ട്രിയൻസ് വേ ,എണ്ണിയാൽ തീരാത്ത ഹൈറേയ്സ് ബിൽഡിങ്ങ്സ് , ഷോപ്പിങ്ങ്മാളുകൾ, ഓഫീസുകൾ , ഹോട്ടലുകൾ…

കാറുകൾ ഏതാണ്ട് നമ്മുടെ മിനിലോറികളുടെ വലിപ്പം വരും ,നിസാൻ GMC ഇപ്പോഴും എന്റെ ഉറക്കം കെടുത്തി കൊണ്ടിരിക്കുന്നു. അതുപോലെ പേരറിയുന്നതും അറിയാത്തതുമായ ഒരു പാട് വാഹനങ്ങൾ ,എയർപോർട്ടിൽ നിന്ന് 20 മിനിറ്റിൽ അവന്റെ ഫ്ലാറ്റിലെത്തുമ്പോൾ ഞങ്ങൾ വണ്ടറഡിച്ച് ഫ്ലാറ്റായിരുന്നു. ഗ്രാൻഡ് ഹോട്ടലിനു മുൻപിലുള്ള സൺറൈസ് സൂപ്പർമാർക്കറ്റ് ബിൽഡിങ്ങിലെ രണ്ടാം നിലയിൽ ഞങ്ങൾ ദുബായ് ജീവിതം ആരംഭിച്ചു ,അവൻ ടെലികോം ഫീൽഡിലും , ഭാര്യ ബാങ്കിലും. വന്ന ഉടൻ തുറന്ന ചക്കയുടെ മണം അവന്റെ മുഖത്തു വന്ന ചിരി ഞങ്ങളുടെ അതുവരെയുയുള്ള എല്ലാ കഷ്ടപടുകളെയും ഒറ്റയടിക്ക് ഇല്ലാതാക്കി. അതിനിടയ്ക്ക് അവൻ ഓർഡർ ചെയ്ത ഫിഷ് കുഴിമന്തിയും ചിക്കനും കൊണ്ട് പാക്കിസ്ഥാനി വന്നു ,അപ്പോ പിന്നെ ഇനി എന്ത് ദുബായ്.. ഇനി ഇത് തീർത്തിട്ട് ബാക്കി ……feeling വിശപ്പിന്റെ വിളി…….

ദുബായിൽ ഇറങ്ങി അബുദാബിക്ക് ടൂറ് പോയതിന്റെ പ്രധാന കാരണം യാത്രയ്ക്കായി ലാൻഡക്രൂയിസർ പ്രാഡോ അറേഞ്ച് ചെയ്ത് എന്നെ ഞെട്ടിച്ച എന്റെ പ്രിയപ്പെട്ട കൂട്ടുകാരനാണ് ., നൂറ്റമ്പതോളം കി.മി അകലെയാണ് യു എ ഇ ക്കാരുടെ മാത്രം സ്വകാര അഹങ്കാരവും വർണ്ണനകൾക്ക് അതീതവുമായ അബുദാബി ഷെയ്ക്ക് സായിദ് മോസ്ക്ക്.,അവിടേക്കാണ് ആദ്യ യാത്ര. തുടക്കം എപ്പോഴും ദൈവസനിധിയിൽ നിന്നാകുന്നതാണ് നല്ലത് .,,

പ്രാഡോയുടെ മുൻ സീറ്റിൽ ഇരുന്നപ്പോ ഞാൻ മമ്മുക്കയെ ഓർത്തു ,വെറുതേ ! ഈ നാട്ടിൽ ആദ്യ റോഡ് അനുഭവം ആകാഷയോടെ ഞാൻ ആസ്വദിക്കുകയായിരുന്നു. കണ്ണൂരുകാരൻ ഒരു സമർട്ട് ഇക്കയാണ് കാറിന്റെ ഉടമയും,സാരഥിയും. നല്ല മനുഷ്യൻ.അടുത്ത നാലു ദിവസം കൊണ്ട് ഇക്ക എന്റെ അടുത്ത സുഹൃത്തായി മാറുമെന്ന് എനിക്ക് ഉറപ്പായി. 9 മണിക്ക് ഞങ്ങൾ ഇറങ്ങി ദുബായ് നഗര വഴികൾ രാവിലെ തന്നെ തിരക്കിലേക്ക് , നഗരത്തെ പുറകിലേക്ക് തള്ളി വാഹനം അബുദാബി ലക്ഷ്യമാക്കി പറന്നു ,ഇക്ക നാട്ടിലെ വിശേഷങ്ങൾ ഞങ്ങളോടും ,ഞങ്ങൾ തിരിച്ചും ,അമ്മയുണ്ടാക്കിയ ഉണ്ണിയപ്പം ഒരു നിമിഷം ഇക്കയെ നാട്ടിലെത്തിച്ച പോലെ എനിക്ക് തോന്നി ,അതുപോലെ തന്നെ ഞങ്ങൾക്കിടയിലെ അപരിചിതതവും പെട്ടന്ന് ഇല്ലാതാക്കാൻ ഉണ്ണിയപ്പത്തിന് സാധിച്ചു .

അങ്ങു ദൂരെ ബുർജ് ഖലീഫ മഹാമേരു പോലെ ഉയർന്നു കാണം ,ദുബായിൽ ഏതാണ്ടെവിടെ നിന്നാലും ആ അത്ഭുതം കാണനാകുമെന്ന് എനിക്ക് തോന്നി റോഡിൽ പ്രധാനമായും എടുത്ത് പറയേണ്ടത് ഡ്രൈവിങ്ങ് മര്യദകൾ തന്നെയാണ് ,ഏതാണ്ടെല്ലാ വേൾഡ് ബ്രാൻഡഡ് കാറുകളും അനുസരണയോടെ പോകുമ്പോ ആ നാട്ടിലെ നിയമത്തെ നമ്മൾ തീർച്ചയായും ഓർമിക്കും.പ്രധാന പള്ളിക്കും നഗര മധ്യത്തിലുള്ള റോഡിനുമെല്ലാം പേര് Res .ഷെയ് സായിദ് എന്നായത് കൊണ്ട് അദ്ദേഹം മഹാത്മാഗാന്ധിയുടെ റോൾ ഭംഗിയായി കൈകാര്യം ചെയ്യുന്നതായി നമ്മുക്ക് വേണമെങ്കിൽ പറയാം , നാട്ടിലെ എംജി റോഡും എംജി യൂണിവേഴ്സിറ്റിയും പോലെ ഇവിടെ പ്രധാനപ്പെട്ടതെല്ലാം ഇദ്ദേഹത്തിന്റെ പേരിലാണ് .,
മുന്നോട്ടു പോകുന്തോറും ബാക്ക് ഗ്ലാസിൽ കൂടി ബുർജ് ഖലീഫയുടെ അഹങ്കാരം കുറഞ്ഞു കുറഞ്ഞു വന്നു … പക്ഷെ നമ്മുടെ ഓട്ടോയും , ടൂവീലറും, നമ്മുടെ സ്വകാര്യ ബസുകളുമില്ലാത്തതത് കൊണ്ടാവണം ഇക്ക 23 വർഷമായി ഇവിടെ തന്നെ കാറോടിക്കുന്നത്, പാവം!! (5 വർഷം ജോലി ചെയ്തിട്ട് തിരികെ നാട്ടിൽ പോയി സെറ്റിലാക്കാം എന്നു കരുതി വന്നതാണത്ര !).

പതിയെ ,പതിയെ ,….. റോഡിനിരുവശവുമുള്ള മരുഭൂമികളായി,. കാഴ്ച്ച കൂടുതൽ കൂടുതൽ ഗംഭീരമാവുകയാണ്…. ഒട്ടകങ്ങൾ ആരെയും മൈൻഡാതെ ജാഡയിട്ട് അവിടിവിടെ നിൽപുണ്ട് , എന്നെ പോലെ മോൾക്കും പക്ഷിമൃഗാദികളോട് വലിയ കാര്യമാണ് .പെട്ടന്ന് റോഡ് ടാറിങ്ങ് ഒരു ചെറു ചുവപ്പ്കലർന്ന പോലെ…. കൂടാതെ മീഡിയനിലും ഇരുവശത്തും നല്ലത്
പോലെ വളർത്തിയ ചെടികൾ ,..പിന്നിട്ട വഴികളെ അപേക്ഷിച്ച് കുറച്ചൊരു പച്ചപ്പ്, അബുദാബിയുടെ ആരംഭം അങ്ങിനെ നമുക്ക് തിരിച്ചറിയാം, ഈ മരുഭൂമിഹൈവേ ഇങ്ങിനെയാക്കിയവനെ സമ്മതിക്കണം . ഒടുവിൽ ആ പള്ളി മുറ്റത്തിന്റെ വിശാലതയിലേക്ക് … അത് എന്നെ നമ്മുടെ പാർലമെന്റ് മുൻവശം ഓർമിപ്പിച്ചു. സ്വർണ്ണ കെട്ടിയ തൂണുകൾ നൂറുകണക്കിന് ,വലിയ മാർബിൾ നിർമിതിയെ മനോഹരമാക്കാൻ സ്വർണ്ണ കൊണ്ടുള്ള അലങ്കാരങ്ങൾ, ‘ അകത്ത് കയറാൻ സ്ത്രീകൾ പർദ ധരിക്കണം കയ്യിലുള്ള എതെങ്കിലും ID കൊടുത്ത് വാങ്ങുന്ന പർദ കാഴ്ച്ച കണ്ട് തിരികെ പോരുമ്പോൾ മടക്കി കൊടുത്ത് ID തിരികെ വാങ്ങാം . അമ്മയ്ക്കും ഭാര്യയ്ക്കും സന്തോഷമായി കുറച്ചു നേരത്തേക്കെങ്കിലും അറബിവസ്ത്രം ധരിക്കാമല്ലോ, പുരുഷപ്രജകൾക്ക് അവിടെയും ഇളവുണ്ട്.

ഞങ്ങൾ ചെന്നിറങ്ങിയ ഉച്ചവെയിൽ തൂവെള്ളമർബിളിൽ തട്ടിയുള്ള റിഫെളക്ഷൻ നമ്മുടെ കണ്ണുകളെ നന്നായി വേദനിപ്പിക്കും. പക്ഷെ കണ്ണടച്ചാൽ നഷ്ടപെടുന്നത് ലോകത്തേറ്റവും മനോഹരമായ ദേവാലയങ്ങളിൽ ഒന്നാണെന്ന് എനിക്കറിയാമായിരുന്നു , ചെരുപ്പ് അഴിച്ചു വച്ച് ഞങ്ങൾ അകം മുഴുവൻ ചുറ്റി കണ്ടു ഭീമാകാരമായ അലങ്കാര ലൈറ്റുകളും സ്വർണ്ണവർണ്ണങ്ങളായതൂണുകളും മികച്ച കർപ്പെറ്റുകളും മതിലുകളിലെ മാർബിൾ ചിത്രപണികളും നമ്മളെ കാഴ്ച്ചയുടെ മറ്റൊരു ലോകത്തെത്തിക്കും തീർച്ച. അവിടുത്തെ നിശബ്ദയ്ക്ക് പോലും ഒരു ഭംഗിയുണ്ടെന്ന് എനിക്ക് തോന്നി .തിരിച്ചു പോരുമ്പോഴും
ആ പള്ളിയും അവിടുത്തെ ശാന്തതയും നമ്മളെ തിരിച്ചുവിളിച്ചു കൊണ്ടേയിരിക്കും …

തിരികെപോരുമ്പോൾ എനിക്കുണ്ടായ കുഞ്ഞു സങ്കടം മാറിയത് ഫെറാരി പാർക്ക് സന്ദർശനമാണ് , ലോകത്ത് അത്ഭൂർവമായ ഫെറാരി ബ്രാൻഡ്കൾക്ക് മാത്രമായി ഒരിടം., ആ കോംപ്ലെക്സിന്റെ നിർമ്മിതി തന്നെ ഒരു ഫോർമുലവൺ കാറിന്റെ ആകൃതിയിലാണ് .കാറ് ഭ്രാന്തനായ ‘ എനിക്ക് വേറെന്തു വേണം , വീഗാലാന്റിലെ പോലെ കാശു കൊടുത്ത് തല കറങ്ങി കുടലു മറഞ്ഞ് വാളു വെച്ച് ചാകാൻ ലോകത്തേറ്റവും വേഗം കൂടിയ റൈഡ് ഈ ഫെറിരി പാർക്കിലാണ് ,ഊഞ്ഞലാടിയാൽ തല കറങ്ങുന്ന എനിക്കവിടെ ഒരു റോളുമില്ല. ഫെറാരിയുടെ ഹൃദയമായ രണ്ട് മൂന്ന് എഞ്ചിനുകൾ അടുത്ത് കാണാമെന്നത് ഒരു ഭാഗ്യമായി, മൈക്കൽ ഷൂമാക്കറെ മനസിൽ ഓർത്തുകൊണ്ട് ഞാൻ ആ പാർക്ക് മുഴുവൻ അലഞ്ഞു.

തിരിച്ചുപോരുമ്പോ അബുദാബി – ദുബായ് ഹൈവേ ഹൈമാസ്സ് ലൈറ്റണിഞ്ഞ് മണവാട്ടിയെ പോലെ കൂടുതൽ സുന്ദരിയായ് നിന്നു.വീണ്ടും ദുബായ് നഗരതിരക്കിലേക്ക് ,ഷാർജയിലെ റോഡിലേക്കുള്ള ടോൾ റോഡ് ഒഴിവാക്കി യൂ ടേൺ എടുക്കാൻ നിൽക്കുന്നവരിലധികവും നമ്മുടെ മലയാളികളാണെന്ന് ഇക്ക പറഞ്ഞപ്പോ ഞാൻ അഭിമാന പുളകിതനായി ,എവിടെ പോയാലും ടോൾ കൊടുക്കരുതെന്ന പ്രഖ്യപിത നയം നാം അന്യനാട്ടിലും തുടരുന്നു ‘ജയ് കേരള ‘
ദുബായ് ഉണരുന്ന ആ സായംസന്ധ്യയിൽ Al-quises grand hotel ന്റെ Groundfloor ലുള്ള നാലുകെട്ട് റെസ്റ്റോറന്റിൽ എന്റെ പ്രിയപ്പെട്ട കൂട്ടുകാരനോടൊപ്പം വീണ്ടുമൊരു class dinner. നാളെ PalmJumera….

മത്സ്യ ബന്ധനം മുഖ്യ ഉപജീവനമായിരുന്ന നാട്ടിലെ എണ്ണയുടെ കണ്ടെത്തലോടെയാണ് ഇന്ന് കാണുന്ന യു എ ഇ യുടെ വളർച്ച . നമ്മുടെ മുൻ തലമുറ ആദരപൂർവ്വം ‘പേർഷ്യ ‘ എന്ന് വിളിച്ചിരുന്ന അലാവുദിൻ കഥകളെ അനുസ്മരിപ്പിക്കുന്ന ഈ അത്ഭു ദ്വീപ്, ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച എയർപോർട്ട് സീപോർട്ട് കണക്ടിവിറ്റിയും ഫ്രീ സോണുകളും ഷോപ്പിങ്ങ് മാളുകളും മികച്ച റോഡ് ,മെട്രോ മുതലായതെല്ലാം നമ്മെ വല്ലാതെ ഭ്രമിപ്പിക്കും….. തീർച്ച …

ഈ കൊടുംചൂടിൽ ക്യത്യസമയത്ത് എത്തി കാറിൽ ഏസിയിട്ട് കസ്റ്റമറെ കാത്തിരിക്കുന്ന ഡ്രൈവറുടെ വേദന ആരെക്കാളും നന്നായറിയാവുന്ന ഞങ്ങൾ ഫ്ലാറ്റിന് താഴെയുള്ള നോർത്ത് ഇന്ത്യൻ ദാബയിലെ പാർസൽ വേഗം കഴിച്ച് യാത്രയ്ക്കിറങ്ങി.., ലീവെടുത്ത് കൂടെ വന്ന എന്റെ കൂട്ടുകാരൻ ദുബായ് നഗരത്തെ ഞങ്ങൾക്ക്കൂടുതൽ പരിചയപെടുത്തി കൊണ്ടിരുന്നു., ഇടയ്ക്ക് കടലിനടിയിലെ ടണലും മരുഭൂമിക്കടിയിലെ അണ്ടർ പാസുകളും താണ്ടി കാഴ്ച്ചയുടെ പറുദീസയായ ”പാംജുമേരയിലേക്ക് ” മുന്നിലും പിന്നിലുമായി പോകുന്ന കാറുകളെല്ലാം അത്യാ ആഡംബരങ്ങളാകുമ്പോ എനിക്ക് മനസിലായി പാംജുമേര ചില്ലറക്കാരിയല്ലെന്ന് ”’

പേരുപോലെ തന്നെ കടലിലേക്ക് കടപുഴകി വീണ പനമരത്തിന്റെ ആകൃതിയിൽ കടൽ നികത്തി വാട്ടർഫ്രൻഡ് ആയി ,അല്ല കടൽ ഫ്രൻഡ് ആയി തന്നെ പണികഴിപ്പിച്ച ആയിരക്കണക്കിന് വില്ലകളും ഫ്ലാറ്റുകളും. ഏറ്റവും അവസാനമായി സെവൻ സ്റ്റാർ ഹോട്ടലായ അറ്റ്ലാന്റിസും ഇതിനു മധ്യത്തിൽക്കൂടി റോഡും തൂണിൽ ഉറപ്പിച്ച പ്ലാറ്റ്ഫോമിൽ രണ്ടു വരിയിൽ മോണോ റെയിൽ ., മരുഭൂമിയിൽ പണിതുവച്ചത് പോരാഞ്ഞിട്ടാവും കടലിനോടും ഇമ്മാതിരിപ്പണി കാട്ടി നമ്മെ വിസ്മയിപ്പിക്കുന്നത്. താഴെ ഒരു പാട് ആക്ടിവിറ്റിസ് ഉണ്ടെങ്കിലും സാമ്പത്തിക ഭദ്രതയെ ഓർത്ത് ”ദർശനപുണ്യം സ്പർശന പാപം” എന്ന കേരള ടൂറിസം ഡിപ്പാർട്ട്മെന്റ് വാക്യം ഓർമിച്ച് ഞാൻ സ്വയം സമധാനിച്ചു ., തിരിച്ചുപോരുമ്പോ കണ്ട ബുർജ് അൽ അറബ് ഹോട്ടൽ ഒരു വിസ്മയമായി തോന്നി, നല്ല കടൽതീരം പക്ഷെ ഉച്ചവെയിലും വിശപ്പും ഞങ്ങളെ കാലിക്കറ്റ് പാരഗൺ ൽ എത്തിച്ചു… യേത് ‘.’….മ്മട കോയികോടൻ തന്നെ …. സെയിം.

എമിറേറ്റ്സ് മാൾ – ലോകത്തിലെ ഏതാണ്ടെല്ലാ എസ്ക്ലൂസീവ് ബ്രാൻഡുകളും വളരെ ഭംഗിയായി നമ്മെ കൊല്ലുന്ന വിലകളുമായി കാത്തിരിക്കുന്നു, പക്ഷെ എനിക്ക് കണേണ്ടത് ആ മാളിലെ അത്ഭുതമായ 22500 sq മീറ്ററിലായി പരന്നു കിടക്കുന്ന ഇൻഡോർ ഐസ് റിസോർട്ടും, ഐസ്ഗെയ്മകളും റൈഡുകളും, ഐസ് ക്ലൈയ്മ്പുകളും , താഴെ നിന്ന് മുകളിൽ പോയി തിരികെ വരുന്ന റോപ്പ് വേ-യുമാണ് . ഇതെല്ലാം മഞ്ഞുമലകളിൽ ഉപയോഗിക്കുന്ന ഡ്രസ്സ് ധരിച്ചു വേണം എൻജോയ് ചെയ്യാൻ ., ഇത് എഴുതി എത്രമാത്രം ഭംഗിയായി നിങ്ങളിലെത്തിക്കാനാവുമെന്ന് എനിക്കറിയില്ല. സൈബിരിയൻ മഞ്ഞുമലകൾക്കിടയിലെ അനുഭവമാണിവിടെ ഒരോ സഞ്ചാരിക്കും……

ദുബായ് മാൾ – ബുർജ് ഖലീഫയുടെ മുന്നിലാണ് ഈ ഷോപ്പിങ്ങ് മാൾ , ഒരു പാട് പാശ്ചാത്യ ഭക്ഷണ ബ്രാൻഡുകൾ കൊണ്ട് സമ്പന്നമാണിവിടം , ഏറ്റവും പ്രധാന ആകർഷണം അവിടുത്തെ റെക്കോർഡ് വലിപ്പത്തിലുള്ള അക്വാറിയമാണ്, നമ്മുടെ വലിപ്പമുള്ള സ്രാവുകളും ഒട്ടുമിക്ക കടൽ ജീവികളും നമ്മെ അത്ഭുതപ്പെടുത്തും ,പ്രത്യേകം തയ്യാറാക്കിയ കമ്പി കൂട്ടിൽ കയറി ഓക്സിജൻ മാസ്ക് ധരിച്ച് വെള്ളത്തിലിറങ്ങി നമുക്കും മത്സ്യങ്ങൾക്ക് തീറ്റ നല്കാം …., സമയം 6 മണി പുറത്ത്എല്ലാവരേയും പോലെ ഞങ്ങളും ആ വിസ്മയം കാണാൻ കാത്തു നിന്നു ലോകത്ത് എറ്റവും വലിയ മ്യൂസിക് ഫൗണ്ടൻ , തുടങ്ങിയാൽ അവസാനിക്കുന്നത് വരെ ക്യാമറാ ക്ലിക്കുകളുടെ പെരുന്നാളാണ് ,ബുർജ് ഖലീഫയിൽ കയറുന്നതിന് 400 ദിർഹം അല്പം കൂടുതൽ ആയി എനിക്ക് തോന്നിയതിനാൽ പുറത്ത് നിന്ന് കണ്ട് മടങ്ങി.

Al ain – യു എ ഇ യുടെ ഗാർഡൻസിറ്റി അങ്ങോട്ട് പോകുന്ന വഴിയ്ക്ക് 1 to 10 Shop അവിടെ കരിമ്പിൻകാട്ടിൽ ആന കയറയതു പോലെ നമ്മുടെ നാട്ടുകാർ…..ദിർഹത്തിൽ നിന്ന് രൂപയിലേക്ക് കൺവർട്ട് ചെയ്ത് മടുത്തിട്ടാവണം …എല്ലാ കൗണ്ടറിലും കാൽകുലേറ്റർ വച്ചിട്ടുണ്ട് … അവിടുന്നിറങ്ങി ഐക്ക എന്ന കെട്ടിട നിർമാണ സാമഗ്രികൾ , തുടങ്ങി സർവ്വതും വീട് വയ്ക്കാൻ നിൽക്കുന്നവന്റെ ഉറക്കം കളയുന്ന സകലതും ഇവിടുണ്ട് ,അടുത്തത് ഡ്രാഗൺമാർട്ട് , ഒരു അസാമാന്യ വലുപ്പത്തിൽ ഒറ്റ നിലയിലായി പരന്നു കിടക്കുന്ന ചൈനീസ് ഷോപ്പിങ്ങ് , ഏതാണ്ട് കലൂർ സ്റ്റേഡിയത്തിന്റെ മൊത്തം പറമ്പിന്റെ നീളം വരും.,അമ്മ കാലുകഴച്ച്ഒരിടത്ത് ഇരുപ്പായി, ഞാൻ പിന്നെയും ഒരു പകുതി കവർ ചെയ്തു….

അൽ അയ്ൻ യാത്രയ്ക്കിടെ വണ്ടി ഒരു മലമുകളിലുള്ള ജബേൽ ഹഫീത്തിലേക്ക് ഏതൊരു ഡ്രൈവറെയും കൊതിപ്പിക്കുന്ന റോഡ് ,നല്ല കയറ്റമാണ് മുകളിൽ ചെറിയൊരു കോഫി ഷോപ്പ് മാത്രം ,പക്ഷെ പ്രധാന ആകർഷണം ഒരു ചൂടു നീരുറവയാണ് ,, അടുത്തത് Al ain
Zoo ,സിംഹവും ,പുലിയും ജിറാഫുമുതൽ ഏതാണ്ടെല്ലാ മൃഗങ്ങളുമുണ്ട് ,ഏക്കറുകണക്കിന് വരുന്ന കാഴ്ച്ചകൾ മുഴുവൻ കണ്ടു തീർക്കാൻ ട്രെയിൻ മാത്യകയിൽ രണ്ട് ഓപ്പൺ വണ്ടികൾ അതിൽ യാത്രയ്ക്കൊപ്പം അനൗൺസ്മെന്റും സംഗതി ഉഷാർ ,പച്ചപ്പും വൃത്തിയും എടുത്തു പറയണം ,ചില ഫ്രയ്മുകളിൽ കേരളത്തെ ഓർമിപ്പിക്കും അത്രയ്ക്ക് പച്ചപ്പാണ് തിരികെ ഫ്ലാറ്റിലെത്തി ഇക്കയോട് യാത്ര പറഞ്ഞു നാട്ടിൽ കാണാമെന്ന ഉറപ്പോടെ …

ഞങ്ങൾ ഇവിടെ എത്താൻ കാരണമായ കോ-ബ്രദറിന്റെ മമ്മിയോടൊപ്പം ഡിന്നറിന് പോകുമ്പോൾ കണ്ട ഫ്ലോട്ടിങ്ങ് ഇരട്ടവരി ബ്രിഡ്ജ് രാത്രിയിൽ ബോട്ടുകൾക്കായി വഴിമാറികൊടുക്കുമത്ര ……, അന്നത്തെ സ്പെഷൽ ഡിന്നർ അതും അവിടുത്തെ പ്രശസ്ത മലയാളി റസ്റ്റോറന്റിൽ ” അടുക്കള ”യിൽ തകർത്തു… സെന്റ് മേരീസ് കത്തീഡ്രലിൽ പ്രാർഥനയ്ക്ക് ശേഷം ജബലഅൽനൂറിലെ ഐസ്ക്രീം നുണഞ്ഞു ആ നട്ടപാതിരായ്ക്കും , രാത്രി ദുബായ് കൂടുതൽ ഭംഗിയുള്ളതായ് തോന്നി… മമ്മിയുടെ നിസാൻ അൾട്ടിമയിൽ ഫ്ലാറ്റിലേക്ക് ….

” അവസാന ദിവസം ” അന്ന് എങ്ങും പോയില്ല ഫ്ലാറ്റിൽ തന്നെ കൂടി. അവൻ തന്ന സമ്മാനങ്ങളും ഞങ്ങൾ വാങ്ങിയതുമെല്ലാം പെറുക്കിയടുക്കുബോൾ ആർക്കും ഒരു സന്തോഷവുമില്ല ,മോളും സങ്കടത്തിലാണ്. സാധനങ്ങളെല്ലാം കാറിൽ എയർപോർട്ടിലേക്ക് അയച്ച് ഞങ്ങൾ ഫ്ലാറ്റിൽ നിന്നും ഇറങ്ങി ക്യുസൈസിനോട് വിട പറഞ്ഞു .,ദുബായ് വന്നിട്ട് മെട്രോയിൽ കയറാതെ പോകാൻ പാടില്ലന്ന അവന്റെ സ്നേഹ നിർബന്ധത്തിലാണ് ഞങ്ങൾ ആദ്യ മെട്രോ യാത്ര നടത്തിയത്. ഇടയ്ക്ക് ഭൂമിക്കടിയിലൂടെയും ബാക്കി മുകളിലൂടെയും ആ ട്രെയിൻ എയർപോർട്ടിലേയ്ക്ക് ..

അവനോട് യാത്ര പറയുമ്പോ ഉള്ളിലൊരു വേദന …… സ്പൈസ്ജെറ്റ് ഞങ്ങളെയും കാത്ത് കിടക്കുന്നുണ്ടായിരുന്നു .പോരാൻ തുടങ്ങുമ്പോൾ മുതൽ എന്തോ അവിടെ മറന്ന് വച്ചത് പോലെ തോന്നിയിരുന്നു…. ഓർമ്മിച്ചെടുക്കാൻ കഴിയുന്നില്ല കാരണം അതെന്റെ ”’ മനസായിരുന്നു.”’

വിവരണം – റോമി സേവ്യര്‍.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply