ഒരു മാസവും 7 ദിവസവും – തണുത്ത് വിറച്ച ഒരു ഹിമാചൽ ഓർമ..

യാത്രാവിവരണം – മീലു മോഹനൻ.

തണുത്ത് വിറച്ച ഒരു ഹിമാചൽ ഓർമ.. ഞാൻ ഒരു യാത്ര നടത്തി കഴിഞ്ഞ മാസം.. ഹിമാചൽ പ്രദേശ് വരെ. തീർത്തും ഒറ്റയ്ക്ക്. അത് ഒരു ഒന്നൊന്നര പോക്ക് ആയിരുന്നു .കാരണം ഒന്നാമത് എനിക്ക് ഹിന്ദി അക്ഷരമാല പോലും അറിയില്ല. രണ്ട്, കേരളതിന് പുറത്ത് ഇന്നേ വരെ ഒറ്റയ്ക്ക് യാത്ര ചെയ്തിട്ടുമില്ല. എന്നിട്ടും എന്ത് ധൈര്യത്തിൽ പോയെന്ന് ചോദിക്കല്ല്. ഒരു മാസവും 7 ദിവസവും (ഞാൻ പോയി വരാൻ എടുത്ത സമയം) ഉറങ്ങാതിരുന്ന എന്റമ്മയും എവിടെ പോയാലും ഞാൻ തിരിച്ച് വീട്ടിൽ എത്തും എന്ന് പരിപൂർണ്ണമായി വിശ്വസിച്ച അപ്പായും ആണ് എന്നെ സംബന്ധിച്ചിടത്തോളം മരണ മാസ്…

ടിക്കറ്റ് എടുക്കാൻ വൈകിയതു കൊണ്ട് ഈറോഡിൽ നിന്നാണ് ഞാൻ ട്രെയിൻ കേറിയത്.. അവിടം മുതൽ പഠാൻകോട്ട് വരെയുള്ള തീവണ്ടിയാത്ര അടിപൊളി ആയിരുന്നു . ബോഗിയിൽ നിറയെ തമിഴർ ആയിരുന്നു. അത്യാവശ്യം തമിഴ് അറിയാവുന്ന തോണ്ട് മൂന്ന് ദിവസത്തെ യാത്ര കൊണ്ട് അവരൊക്കെ എന്റെ സ്വന്തം അണ്ണൻമാർ ആയി മാറി. രണ്ട് ചങ്ക് മലയാളി പയ്യൻമാരെയും കിട്ടി കേട്ടോ…

Naddi എന്ന ഗ്രാമത്തിലേക്കാ ഞാൻ ആദ്യം പോയേ.. അങ്ങോട്ട് എപ്പഴും ബസ് ഒന്നുമില്ല. പകുതി ബസും ഓട്ടോയും ഒക്കെ എന്റെ ദയനീയമായ ഹിന്ദിയിൽ ഞാൻ എങ്ങനെ ഒക്കെയോ ഒപ്പിച്ചെടുത്ത് കൂടണഞ്ഞപ്പോഴേക്കും രാത്രിയായി .. പിറ്റേന്ന് നേരം വെളുത്ത് ഞാൻ ആദ്യം ജനലിൽകൂടെ കാണുന്ന കാഴ്ച മഞ്ഞുപുതച്ച് കിടക്കുന്ന ഹിമവാൻ ആയിരുന്നു .. തീവണ്ടിയാത്രയുടെ എല്ലാ ക്ഷീണവും ആ ഒരു കാഴ്ചയിൽ ഇല്ലാതായി..

സത്യം പറയാല്ലോ.. ആദ്യത്തെ രണ്ട് മൂന്ന് ദിവസം നന്നായി കഷ്ടപ്പെട്ടു.. മൂന്ന് കമ്പിളി ഒക്കെ പുതച്ച് കിടന്നെങ്കിലും ഒരു തരി ഉറങ്ങാൻ പറ്റിയിരുന്നില്ല .. ഫോൺ വൈബ്രേറ്റ് ചെയ്യുന്ന പോലെ കിടന്ന് വിറച്ചു.. ഞാൻ നിന്ന വീട്ടിലെ ആന്റി അവരുടെ മകളുടെ ഒരു സ്വെറ്ററും ഹോട്ട് വാട്ടർ ബാഗും ഒക്കെ തന്നതിനു ശേഷമാണ് ഉറങ്ങി തുടങ്ങിയത്. ആ സമയത്ത് അവിടെ താപനില പൂജ്യത്തിനും താഴെ ആയിരുന്നു .. ആ സ്വെറ്റർ ഇപ്പോഴും എന്റെ കൈയ്യിൽ ഉണ്ട്. അവരത് തിരികെ നൽകാൻ സമ്മതിച്ചില്ല.. ഞാൻ അവിടെ Survive ചെയ്യാനുള്ള ഒരു കാരണം ആ അമ്മ ആണ്.

McLeod Ganj പോവാൻ കുറച്ച് കാത്തിരിക്കേണ്ടി വന്നു.. ബസ് സർവ്വീസ് കുറവായത് കൊണ്ട് ടാക്സി എടുക്കണമല്ലോ എന്ന് ആലോചിച്ച് ഇരിക്കുമ്പോ ആണ് ഒരു ഫ്ളോറിഡക്കാരി സുഹൃത്തിനെ കിട്ടുന്നത് .. അവസാനം ഞങ്ങൾ രണ്ടും കുടി ഒരു കാട്ടിൽ കൂടെ നടന്ന് അങ്ങ് ചെന്നു. ദലെലാമയെ കാണാൻ പറ്റിയില്ലേലും അത്രടം വരെ ചെന്ന് ഒപ്പു വെച്ചിട്ടുണ്ട് ..

മണാലി പോയത് അതിലും കേമം ആരുന്നു. 9 മണിക്കൂർ നീണ്ട യാത്രയ്ക്ക് ശേഷം അവിടെ ചെന്നിറങ്ങിയത് വെളുപ്പാൻ കാലത്ത് 2-3 നും ഇടക്ക്. ഒരു ബാക്ക് പാക്കർ ഹോസ്റ്റലിൽ രണ്ട് ബെഡ് ബുക്ക് ചെയ്തിരുന്നു.. [കൂടെ ഒരു മംഗോളിയൻ സുഹൃത്തും ഉണ്ടായിരുന്നു ]. പക്ഷേകഷ്ടകാലം നോക്കണേ.. ഹോട്ടൽ ആ സമയത്ത് കണ്ട് പിടിക്കാൻ കഴിഞ്ഞില്ല.. ആ തണുപ്പത്ത് തണുത്ത് വിറച്ച ആത്മാക്കളെ പോലെ ഞങ്ങൾ രണ്ടും കുറച്ച് പട്ടികളും കൂടെ മണാലി തെരുവിൽ കൂടി നടന്നു… അവസാനം വേറൊരു ഹോസ്റ്റലിൽ ചെന്ന് കയറി.. അവിടെ ഗസ്റ്റ് അല്ലാതെ ആ സമയം വേറെ ആരുമില്ല. അവിടെ കണ്ട നമ്പറിൽ വിളിച്ചിട്ടാണേൽ ഫോൺ ഓഫ് . ഞങ്ങടെ ഭാഗ്യം മൂലം ഒരു റൂം അവിടെ തുറന്ന് കിടക്കാരുന്നു. ഞങ്ങൾ അതിൽ കയറി ഹീറ്ററും ഓണാക്കി കിടന്ന് ഉറങ്ങി..

നേരം വെളുത്ത് എണീറ്റ് ഫ്രെഷ് ആയിട്ടും ഉത്തരവാദിത്വപ്പെട്ടവർ ആരും വന്നില്ല. കുറച്ച് നേരം കൂടി കാത്തു. പിന്നെ അവസാനം ഒരു രാത്രി ആ റൂം സംരക്ഷിച്ച ചാരിതാർത്ഥ്യത്തോടെ ഞങ്ങൾ അവിടന്ന് ഇറങ്ങി .. അന്ന് പിന്നെ അവിടം മൊത്തം കറങ്ങി. സൊളാഗ് വാലിയിൽ നിന്നും തിരിച്ച് വരുന്ന വഴിക്ക് ബസ് മിസ് ആയി. ടാക്സി എടുക്കുന്ന കാര്യം എന്റെ നിഘണ്ടുവിൽ ഇല്ലാത്ത കാരണം ഹിച്ച് ഹൈക്കിംഗ് പരീക്ഷിച്ചു .. അവസാനം ഞാൻ വിജയിച്ചു. ഒരു കാർ കിട്ടി.. തിരിച്ച് വീണ്ടും 9 മണിക്കൂർ യാത്ര ചെയ്ത് ധർമശാലയിൽ എത്തിയപ്പോ 2 മണി .. ബസ് ഇല്ല ആ സമയത്ത് .. ടാക്സിക്കാരൻ കത്തി റേറ്റും പറഞ്ഞു.. അവസാനം പിന്നെ ബസ് സ്റ്റാന്റിൽ കേറി കിടന്നുറങ്ങി.. 4:30ക്ക് വന്ന ബസിന് കേറി വീട്ടിൽ എത്തി.. പിന്നേയ് അവിടെ സ്ത്രീകൾക്ക് 25% ഇളവ് ഉണ്ട് ബസ് ഫെയറിൽ..

ഞാൻ അവിടെ ഒരു മാസം മുഴുവനും കറങ്ങാൻ മാത്രം പോയതല്ലാട്ടോ.. പoന സംബന്ധമായി ഒരു ഇന്റേൺഷിപ്പ് ചെയ്യാൻ പോയതാ.. ഇന്ത്യയിൽ എവിടെ വേണേലും പോവാരുന്നു. സുഹൃത്തുക്കൾ എല്ലാം തമിഴ്നാട്, ബാംഗ്ലൂർ ഒക്കെ തിരഞ്ഞെടുത്തു. പക്ഷേ ഞാൻ എനിക്ക് തന്നെ സ്വയം നൽകിയ വെല്ലുവിളി ആയിരുന്നു ഹിമാചൽ പ്രദേശ്. ഭാഷ അറിയാതെ, ഒറ്റയ്ക്ക് യാത്ര ചെയ്ത് പരിചയം ഇല്ലാതെ, സഹായത്തിന് ആരുമില്ലാതെ…ഒരു ശ്രമം ആയിരുന്നു.’ ഭാഗ്യമെന്നോണം ഞാൻ വിജയിക്കുകയും ചെയ്തു..

ഒരു പാട് പേരോട് നന്ദി പറയാൻ ഉണ്ട്, എല്ലാവരും എതിർത്തിട്ടും കട്ടയ്ക്ക് കൂടെ നിന്ന അപ്പായോടും അമ്മയോടും,
എന്നെ മനസിലാക്കി സപ്പോർട്ട് ചെയ്ത ചുരുക്കം ചില സുഹൃത്തുക്കൾക്ക് .. മണാലി യാത്രയിൽ എനിക്ക് ജാക്കറ്റ് ഇല്ലെന്നറിഞ്ഞ്, സ്വന്തം ജാക്കറ്റ് നൽകി യാത്രയാക്കിയ റഷ്യൻ സുഹൃത്ത് അലക്സിക്ക്…. തളരാതെ പിടിച്ച് നിൽക്കാൻ സഹായിച്ച പേരറിയാത്ത ഒരു പാട് ആൾക്കാരോട് .. ഒറ്റയ്ക്ക് ഒരു വീട്ടിൽ ഭക്ഷണം സ്വയം ഉണ്ടാക്കി കഴിച്ച് താമസിച്ചപ്പോൾ എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവരോടും … ഒരുപാട് സ്നേഹം.. നന്ദി..

അവസാനമായി, സ്വപ്നം കാണുന്നവരോടും യാത്രകളെ സ്നേഹിക്കുന്നവരോടും… ഒരിക്കലും സ്വന്തം പരിധി നിശ്ചയിക്കരുത്.. ചെറിയ സ്വപ്നങ്ങൾ കാണരുത് .. ആഗ്രഹങ്ങൾക്ക് അതിരുകളും ഉണ്ടാവരുത് .. ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ ആരേയും വിശ്വസിക്കരുത് എന്ന് പറയുന്നവരാണധികവും. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം എതിർ വശത്ത് ഇരിക്കുന്ന ആളെ വിശ്വസിക്കാതെ, അയാളെ നോക്കി ആത്മാർത്ഥമായി പുഞ്ചിരിക്കാതെ ആ യാത്ര മുഴുമിപ്പിക്കാൻ കഴിയില്ല.. പേടിയുടെ പേരിൽ നിങ്ങളുടെ മകളെയോ, പെങ്ങളേയോ, ഭാര്യയെയോ, അമ്മയെയോ യാത്ര ചെയ്യുന്നതിൽ നിന്നും വിലക്കാതിരിക്കുക. വീടിനുള്ളിൽ സംഭവിക്കാവുന്ന അപകടങ്ങൾ മാത്രമേ പുറത്തും സംഭവിക്കാൻ സാധ്യതയുള്ളൂ.. അവരും ചിത്രശലഭങ്ങളെപ്പോലെ വർണങ്ങൾ വാരി വിതറി പാറിപ്പറന്ന് നടക്കട്ടെ.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply