ഇന്ത്യൻ എയർ ഫോഴ്സ്; നിങ്ങൾ അറിയേണ്ട ചരിത്രവും വിശേഷങ്ങളും…

ഇന്ത്യൻ സേനയിലെ മൂന്നു പ്രമുഖ വിഭാഗങ്ങളിൽ ഒന്നാണ് ഭാരതീയ വായുസേന അഥവാ ഇന്ത്യൻ വ്യോമസേന. കരസേന, നാവികസേന എന്നിവയാണ് മറ്റു രണ്ടുവിഭാഗങ്ങൾ. ഇന്ത്യയുടെ വ്യോമസൈനികപ്രവർത്തനങ്ങളുടെ ചുമതലയുള്ള സേനാവിഭാഗമാണ്‌ ഇന്ത്യൻ വായുസേന. ഏകദേശം 1,70,000 അംഗബലമുള്ള ഇന്ത്യൻ വായുസേന, ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വായുസേനയാണ്‌.

ഇന്ത്യൻ എയർഫോഴ്സ് ആക്ട് അനുസരിച്ച് 1932 ഒക്ടോബർ 8 – ന് ഇന്ത്യൻ വ്യോമസേന രൂപീകൃതമായി. തുടക്കത്തിൽ 6 ആഫീസർമാരും 19 ഭടന്മാരും (Airmen) മാത്രമേ ഉണ്ടായിരുന്നുള്ളു. വളരെ എളിയ രീതിയിൽ ആയിരുന്നു തുടക്കമെങ്കിലും അഞ്ചു വർഷത്തിനുള്ളിൽ (1938) ഫ്ലൈറ്റുകളുടെ എണ്ണം മൂന്നായി ഉയരുകയും ഒരു സ്ക്വാഡ്രൻ നിലവിൽ വരികയും ചെയ്തു. 1937 – ൽ വടക്കുപടിഞ്ഞാറൻ അതിർത്തിയിലും 1939 – ൽ ബർമാമുന്നണിയിൽ ഗോത്രവർഗങ്ങൾക്കെതിരായും വ്യോമസേന പ്രവർത്തനനിരതമാവുകയുണ്ടായി. ഇവയായിരുന്നു യുദ്ധരംഗത്ത് ഭാരതീയവായുസേനയുടെ ആദ്യകാലത്തെ പ്രായോഗികാനുഭവം. രണ്ടാംലോക മഹായുദ്ധത്തിലെ സജീവ പങ്കാളിത്തത്തോടെ ഇന്ത്യൻ വ്യോമസേന ഏറെ പ്രായോഗികാനുഭവങ്ങൾ നേടുകയും വികാസം പ്രാപിക്കുകയും ചെയ്തു. രണ്ടാം ലോകയുദ്ധം അവസാനിക്കുമ്പോൾ ഭാരതീയ വായുസേനക്ക് 9 സ്ക്വാഡ്രനുകൾ നിലവിൽ വന്നുകഴിഞ്ഞിരുന്നു. ഇതിനും പുറമേ ഒരു ചരക്കു കയറ്റിറക്കു സ്ക്വാഡ്രനും (Transport squadron) രൂപംകൊണ്ടു വരുന്നുണ്ടായിരുന്നു.

രണ്ടാം ലോകയുദ്ധത്തിൽ വഹിച്ച ധീരമായ പങ്കു കണക്കിലെടുത്ത് ഈ സേനയ്ക്ക് റോയൽ എന്ന ബഹുമതിപദം നൽകിയതോടെ ഇതിന്റെ പേര് റോയൽ ഇന്ത്യൻ എയർഫോഴ്സ് എന്നായി മാറി. ആദ്യകാലത്ത് സേനയുടെ പ്രധാന ഔദ്യോഗികസ്ഥാനങ്ങളിലെല്ലാം ബ്രിട്ടീഷുകാർ ആയിരുന്നു നിയമിക്കപ്പെട്ടിരുന്നത്. ക്രമേണ ഇന്ത്യാക്കാരെ പ്രധാന സ്ഥാനങ്ങളിൽ നിയമിക്കാൻ തുടങ്ങി. പരിശീലകരായും സാങ്കേതികവിദഗ്ദ്ധരായും കൂടുതൽ കൂടുതൽ ഇന്ത്യാക്കാർ നിയമിക്കപ്പെടുകയും ചെയ്തതോടെ സേനയിലെ ഇന്ത്യാക്കാരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. ഇന്ത്യ റിപ്പബ്ലിക്ക് ആയതോടെ സേനയുടെ പേർ ഇന്ത്യൻ വ്യോമസേന എന്നു മാറ്റി. പുതിയ പ്രതീകങ്ങളും ചിഹ്നങ്ങളും പ്രത്യക്ഷപ്പെട്ടു. എയർമാർഷൽ സുബ്രതോ മുഖർജി ഇന്ത്യൻ വ്യോമസേനാ മേധാവിയായി 1954 – ൽ നിയമിതനായതോടെ വ്യോമസേനയിലെ ഭാരതവൽക്കരണം പൂർണമായി.

സ്വാതന്ത്ര്യപ്രാപ്തിയെ തുടർന്നുള്ള ആദ്യവർഷത്തിൽ അഭയാർഥികളെ രക്ഷിക്കുന്ന പ്രവൃത്തികളിൽ ഏർപ്പെട്ടു. 1950 – ൽ ആസമിൽ ഉണ്ടായ ഭീകരമായ ഭൂകമ്പത്തെതുടർന്ന് രക്ഷാപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിലും കശ്മീർ പ്രതിരോധത്തിലും വായുസേന പ്രധാന പങ്കു വഹിക്കുകയുണ്ടായി. അതിർത്തി പ്രദേശത്ത് ഗോത്രവർഗക്കാരുടെ നുഴഞ്ഞുകയറ്റത്തെയും ശത്രുതാപ്രവർത്തനങ്ങളെയും തകർക്കുന്നതിലും ഭാരതീയ വായുസേന പ്രമുഖമായ പങ്കു വഹിച്ചു. ശത്രുസേനയാൽ വളയപ്പെട്ട പൂഞ്ച് പട്ടണത്തിൽനിന്നും 30,000 അഭയാർഥികളെ ഒഴിപ്പിച്ച് രക്ഷപ്പെടുത്താനും ഭാരതീയ വായുസേനയ്ക്ക് കഴിഞ്ഞു. ഉന്നതനിലവാരമുള്ള യന്ത്രോപകരണങ്ങളോ, നല്ലയിനം വിമാനങ്ങളോ ഇല്ലാതിരുന്നിട്ടും ഇന്ത്യൻ വ്യോമസേന അക്കാലത്തു കൈവരിച്ച നേട്ടങ്ങൾ വിസ്മയജനകങ്ങളാണ്.

ഐക്യരാഷ്ട്രസഭയുടെ നിയോഗങ്ങളനുസരിച്ചുള്ള ചില പ്രവർത്തനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ വളർച്ചയ്ക്ക് സഹായകമായിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ നിർദ്ദേശാനുസരണം 1960 ജൂലായ് മാസത്തിൽ കോംഗോയിലേക്ക് ഏതാനും വ്യോമസൈനികരെ ഇന്ത്യയിൽ നിന്നും അയക്കുകയുണ്ടായി. മികച്ച വൈദഗ്ദ്ധ്യവും ശ്രദ്ധയും ആവശ്യമുള്ള ജോലികളായിരുന്നു ഇന്ത്യൻ സൈനികർക്ക് അവിടെ നിർ‌‌വഹിക്കേണ്ടി വന്നത്. ഇരുൾമൂടിയ വനപ്രദേശങ്ങളിലും ചതുപ്പുനിലങ്ങളിലും കുടുങ്ങിപ്പോയവർക്ക് ഭക്ഷണം ഇട്ടുകൊടുക്കുക, അവരെ രക്ഷാകേന്ദ്രങ്ങളിൽ എത്തിക്കുക. തുടങ്ങിയ പ്രവർത്തനങ്ങൾ ഇന്ത്യൻ സൈനികർ കോംഗോയിൽ നിർ‌‌വഹിക്കുകയുണ്ടായി. തുടർന്നു കൊറിയയിലും ഇന്തോചൈനയിലും ഇന്ത്യൻ വ്യോമസേനയിലെ വൈമാനികർ ഐക്യരാഷ്ട്രസഭയുടെ നിർദ്ദേശാനുസരണമുള്ള സമാധാനദൗത്യങ്ങൾ ഏറ്റെടുക്കുകയുണ്ടായിട്ടുണ്ട്.[4] വ്യോമസേന 1962 – ൽ മുന്നണിപ്പോസ്റ്റുകളിൽ കരസേനയ്ക്കും സിവിൽഭരണകൂടത്തിനും ചെയ്തുകൊടുത്ത സേവനങ്ങൾ നിരവധിയാണ്. നേഫയിൽ സേവനമനുഷ്ഠിച്ച വ്യോമസേനാ അഫീസർ ഫ്ലൈറ്റ് ലഫ്. എസ്.എസ്. യാദവയ്ക്ക് സംഘടനാസാമർഥ്യവും നേതൃഗുണവും കണക്കിലെടുത്ത് പദ്മശ്രീ ബഹുമതി നൽകപ്പെട്ടു.

1965 – ലെ പാകിസ്താൻറെ ആക്രമണം ഇന്ത്യൻ വ്യോമസേനയെ സംബന്ധിച്ചിടത്തോളം ഒരഗ്നിപരീക്ഷണം ആയിരുന്നു. 1965 സെപ്റ്റംബർ 1 – ന് പാകിസ്താൻസേന അന്തർദേശീയ അതിർത്തി ലംഘിച്ച് ഇന്ത്യയിലേക്കു തള്ളിക്കയറുകയുണ്ടായി. പാകിസ്താന്റെ കവചിത സേനാവിഭാഗമായിരുന്നു ഈ ആക്രമണത്തിൽ പ്രധാന പങ്കു വഹിച്ചത്. മണിക്കൂറുകൾക്കകം തന്നെ ഇന്ത്യൻ വ്യോമസേന ഈ കടന്നാക്രമണത്തിനു ശക്തമായ തിരിച്ചടി നൽകുകയുണ്ടായി. പാകിസ്താന്റെ 25 ടാങ്കുകൾ പ്രവർത്തനരഹിതം ആക്കാനും 73 പാക്ക് വിമാനങ്ങൾ നശിപ്പിക്കാനും ഇന്ത്യൻ വ്യോമസേനയ്ക്ക് ഒറ്റദിവസംകൊണ്ട് കഴിഞ്ഞു. ഇന്ത്യയ്ക്കു നഷ്ടപ്പെട്ടതാകട്ടെ രണ്ട് വാമ്പയർ വിമാനങ്ങൾ മാത്രമായിരുന്നു. ഛംബ് (Chhamb) യുദ്ധ മേഖലയിൽ വച്ച് ഇന്ത്യൻ വ്യോമസേനയിലെ സ്ക്വാഡ്രൻ ലീഡർ ട്രിവോർ കീലർ (Trevor Keeler), സെപ്റ്റംബർ 3 – ന് അന്തർദേശീയ അതിർത്തി ലംഘിച്ച് ഇന്ത്യയിലേക്ക് കടന്നു കയറിയ ഒരു പാകിസ്താൻ സാബർ യുദ്ധവിമാനത്തെ വെടിവച്ചു വീഴ്ത്തി. അടുത്ത 20 ദിവസങ്ങൾക്കകം പാകിസ്താനു കനത്ത നാശനഷ്ടങ്ങൾ വരുത്തിക്കൊണ്ട് വ്യോമസേനാ മേധാവിത്വം തങ്ങൾക്കാണെന്ന് ഇന്ത്യ അസന്ദിഗ്ധമായി തെളിയിച്ചു. ശത്രുരാജ്യത്തിലേക്കു കടന്നുചെന്നു പ്രത്യാക്രമണങ്ങൾ സംഘടിപ്പിക്കുന്നതിലും ഇന്ത്യൻ വ്യോമസേന അതുല്യ ശക്തിയാണെന്ന് 1965 – ലെ യുദ്ധം തെളിയിച്ചു. ഈ യുദ്ധത്തിനു ശേഷം ഇന്ത്യൻ വ്യോമസേന അത്യാധുനിക യുദ്ധമുറകളിൽ പ്രത്യേക പരിശീലനം നേടി.

1971 – ലെ ഇന്ത്യാ – പാക്ക് യുദ്ധം ഇന്ത്യൻ വ്യോമസേനക്ക് മറ്റൊരഗ്നിപരീക്ഷണം ആയിരുന്നു. അവിചാരിതമായി പാകിസ്താൻ ഒരു മിന്നലാക്രമണമാണ് അന്നു നടത്തിയതെങ്കിലും കനത്ത തിരിച്ചടി നൽകാൻ ഇന്ത്യൻ വ്യോമസേനക്ക് ഏറെനേരം വേണ്ടിവന്നില്ല. ഉടനടി ആകാശ പ്രത്യാക്രമണങ്ങൽ സംഘടിപ്പിക്കുന്നതിലും കിഴക്കൻ മേഖലയിൽ ഇന്ത്യൻ കരസേനക്ക് ഫലപ്രദമായ സഹായ സഹകരണങ്ങൾ നൽകുന്നതിലും പാകിസ്താൻ വ്യോമസേനയെ കിഴക്കൻ മേഖലയിൽ തടഞ്ഞു നിറുത്തുന്നതിലും പടിഞ്ഞാറൻ മേഖലയിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളുടെ വ്യോമപ്രതിരോധം നിർ‌‌വഹിക്കുന്നതിലും പാകിസ്താൻ വ്യോമസേനയുടെ പ്രവത്തന പരിധി ചുരുക്കി കൊണ്ടുവരുന്നതിലും ശത്രുസേനയുടെ വിതരണ സജ്ജീകരണങ്ങളും വർത്താവിനിമയ സൗകര്യങ്ങളും തകർക്കുന്നതിലും ഫലപ്രദമായ വ്യോമനിരീക്ഷണം നിർ‌‌വഹിക്കുന്നതിലും ശത്രുക്കളുടെ നവീനനീക്കങ്ങൾ അറബിക്കടലിൽ ഉടനീളം നിരീക്ഷിക്കുന്നതിലുമെല്ലാം ഇന്ത്യൻ വ്യോമസേന പ്രകടിപ്പിച്ച പ്രാഗൽഭ്യം അൽഭുതാവഹം തന്നെയായിരുന്നു.

1971 നവംബർ 22 – ന് നാലു പാകിസ്താൻ സാബർജെറ്റ് യുദ്ധവിമാനങ്ങൾ ഭാരതത്തിൻറെ കിഴക്കേ അതിർത്തി കടന്ന് മിന്നലാക്രമണം നടത്തുകയും, അവയെ ഇന്ത്യൻ നാറ്റ് (Gnat) വിമാനങ്ങൾ വെടിവച്ചു വീഴ്ത്തുകയും ചെയ്തതോടെയാണ് സംഘർഷം മൂർച്ഛിച്ചത്. വെടിയേറ്റ വിമാനത്തിൽനിന്നും പാരച്യൂട്ടുപയോഗിച്ചു ചാടി രക്ഷപെടാൻ ശ്രമിച്ച രണ്ടു പകിസ്താൻ പൈലറ്റുകളെ പിടികൂടി തടവുകാരാക്കുകയും ചെയ്തു. പാകിസ്താൻ 1971 ഡിസംബർ 3 – ന് അതിരൂക്ഷവും മുൻ‌‌കൂട്ടി പ്ലാൻ ചെയ്തതുമായ മിന്നൽ ആക്രമണങ്ങൾ നടത്തുകയുണ്ടായി. ശ്രീനഗർ, അവന്തിപൂർ, പത്താൻ‌‌കോട്, ജോഡ്പൂർ, അംബാല, ആഗ്ര മുതലായ സ്ഥലങ്ങളിൽ ഒരേസമയം പാകിസ്താൻ ആക്രമണം നടത്തി. അന്നു രാത്രിതന്നെ ഇന്ത്യൻ വ്യോമസേന പാകിസ്താനു ശക്തമായ തിരിച്ചടി നൽകി. പാകിസ്താനിലെ ചന്തേരി, ഷെർക്കോട്ട്, സർഗൂജ, മറി, കറാച്ചി, റാവൽ‌‌പിണ്ടി മുതലായ സ്ഥലങ്ങളിൽ ബോംബാക്രമണം മൂലം ഭീമമായ നാശനഷ്ടങ്ങൾ. ഉദ്ദേശം 25 പാക്ക് വിമാനങ്ങളും നശിപ്പിക്കപ്പെട്ടു. എണ്ണത്തിൽ രണ്ടു സൈന്യങ്ങളും ഏകദേശം തുല്യമായിരുന്നിട്ടും ഇന്ത്യൻ സൈനികരുടെ സാമർഥ്യവും ധീരതയുംകൊണ്ടാണ് ഇന്ത്യയ്ക്കു വ്യോമാധീശത്വം സ്ഥാപിക്കാൻ കഴിഞ്ഞത്. 1971 – ലെ യുദ്ധത്തിൽ പാകിസ്താൻ ഉപയോഗിച്ചിരുന്നത് 104-സ്റ്റാർ ഫൈറ്റർ, മിഗ്-19, സാബർജെറ്റ്, മിറാഷ് മുതലായ യുദ്ധവിമാനങ്ങൾ ആയിരുന്നു. ഇന്ത്യൻ യുദ്ധവിമാനങ്ങളിൽ പ്രധാനപ്പെട്ടവ വളരെ വേഗതയും നിയന്ത്രണക്ഷമതയുമുള്ള എഛ്.എഫ്.-24, ഹണ്ടർ, മിഗ്, നാറ്റ് മുതലായവ ആയിരുന്നു.

ഇന്ത്യൻ വ്യോമസേന 45 സക്വാഡ്രനുകളുള്ള (1975) സുസജ്ജമായ ഒരാധുനീക വ്യോമ ശക്തിയായി വളർന്നു കഴിഞ്ഞിട്ടുണ്ട്. പഴഞ്ചൻ വാപിറ്റീസ് (Wapitis) യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ചെറിയ തോതിൽ പ്രവർത്തനം ആരംഭിച്ച ഇന്ത്യൻ വ്യോമസേന ഇന്ന് അത്യാധുനിക ജറ്റ് യുദ്ധവിമാനങ്ങളാണ് അധികമായി ഉപയോഗിക്കുന്നത്. 1948 – ൽ ജറ്റ്നോദനംകൊണ്ടു പ്രവർത്തിക്കുന്ന വാമ്പയേഴ്സ് (Vampires) ഇന്ത്യൻ വ്യോമസേനയ്ക്കു ലഭിക്കുന്നതിനു മുമ്പ് പിസ്റ്റൺ എഞ്ജിൻ കൊണ്ടു പ്രവർത്തിക്കുന്ന ഹാർട്ട് (Hart), ഹരിക്കേയിൻ (Harricane), ഡെക്കോട്ട (Dakota), വെൻ‌‌ജിയൻസ് (Vengeance), സ്പിറ്റ് ഫയർ (Spit fire) മുതലായ യുദ്ധവിമാനങ്ങളാണ് ഉപയോഗിച്ചിരുന്നത്. ലോക നിലവരത്തിൽ തന്നെ ഒന്നാം കിടയിൽ പെട്ടതെന്ന് വിഖ്യാതമായ യുദ്ധവിമാനങ്ങളിൽ ചിലതും മികച്ച ബോംബർ വിമാനങ്ങളും സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യയ്ക്കു കഴിഞ്ഞിട്ടുണ്ട്. ഇന്ത്യൻ നിർമ്മിതമായ നാറ്റ് (Gnat) യുദ്ധവിമാനം ഉന്നത നിലവാരമുള്ളതാണ്. എസ്. യൂ. – 7 ബോംബർ വിമാനങ്ങളും ഹണ്ടറുകളും ഇന്ത്യൻ വ്യോമസേന സ്വന്തമാക്കിയിട്ടുണ്ട്. മിഗ് – 21. അതിൻറെ പരിഷ്കരിച്ച രൂപമായ മിഗ് – 21 എം, മാരുത് (HF – 24) എന്നീ യുദ്ധവിമാനങ്ങളും ഇന്ത്യയിൽ നിർമിച്ചിട്ടുണ്ട്. ആധുനിക സൂപർസോണിക് യുദ്ധവിമാനങ്ങളും ഇന്ത്യക്കു സ്വന്തമായുണ്ട്.

ഹിമാലയൻ പോസ്റ്റുകളിലും സമതല പ്രദേശങ്ങളിലും ഏതു കാലാവസ്തയേയും അതിജീവിച്ചുകൊണ്ട് സൈനികാവശ്യങ്ങൾക്കുള്ള വിതരണ ശൃംഖല നിലനിർത്താൻ കഴിവുള്ളവയാണ് ഏ.എൻ. – 12 വിമാനങ്ങൾ. ഇന്ത്യൻ വ്യോമസേനയുടെ കയറ്റിറക്കു വിമാനങ്ങളായ് ഇവ പറക്കും കോട്ടകൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. മുന്നണി പ്രദേശങ്ങളിൽ ചരക്കു കയറ്റിറക്കിന് ഉപയോഗിക്കുന്ന ഫെയർ ചൈൽഡ് വിമാനങ്ങളാകട്ടെ പറക്കും കാറുകൾ എന്ന പേരിലും അറിയപ്പെടുന്നു. വളരെ കുറഞ്ഞ വിസ്തീർണമുള്ള താവളങ്ങളിൽനിന്നുപോലും ഉയർന്നു പൊങ്ങാൻ കാരീബസ് (Caribous) വിമാനങ്ങളോടൊപ്പം മലമ്പ്രദേശങ്ങളിൽ സൈനിക കയറ്റിറക്കു വിമാനമായി പഴയ ഡെക്കോട്ട വിമാനങ്ങളും ഉപയോഗപ്പെടുത്തി വരുന്നു. സൈനിക ആവശ്യങ്ങൾക്കുള്ള കയറ്റിറക്കിന് എലൗട്ടെ ഹെലികോപ്റ്ററുകളും, M1 – 4 ഹെലികോപ്റ്ററുകളും, ഓട്ടേഴ്സ് (Otters) വിമാനങ്ങളും ഉപയോഗിച്ചു വരുന്നു. എച്ച്. എസ്. – 74B കയറ്റിറക്കു വിമാനവും എലൗട്ടെ ഹെലികോപ്റ്ററുകളും ഇന്ത്യയിൽ തന്നെ നിർമിച്ചു വരുന്നു. തങ്ങൾ ഉപയോഗിച്ചുവരുന്ന് വിദേശ നിർമിതങ്ങളായ വിമാനങ്ങളുടെ അറ്റകുറ്റപണികൾക്കുള്ള മിക്ക സജ്ജീകരണങ്ങളും ഇന്ത്യൻ വ്യോമസേന ആവിഷ്ക്കരിച്ചിട്ടുണ്ട്. 1971 – ലെ യുദ്ധകാലത്ത് സ്വന്തം വിമാനങ്ങളുടെയും ആയുധങ്ങളുടെയും അറ്റകുറ്റപ്പണികൾ ചുരുങ്ങിയ സമയത്തിനുള്ളിൽ നിർ‌‌വഹിക്കാൻ ഇന്ത്യൻ വ്യോമസേനയ്ക്കു കഴിയുകയുണ്ടായി.

വ്യോമസേനയ്ക്ക് ആവശ്യമുള്ള ക്യാമറാ, അഡാപ്റ്റേഴ്സ്, റഡാർസ്റ്റേഷനുകളിലേക്ക് ആവശ്യമുള്ള റെക്ടിഫയറുകൾ മുതലായവ ഡിസൈൻ ചെയ്തു നിർമ്മിക്കുന്നതിലും പരിഷകരിക്കുന്നതിലും ഇന്ത്യ വിജയം കൈവരിച്ചിട്ടുണ്ട്. ചില പ്രത്യേക ആവശ്യങ്ങൾക്കുള്ള വിമാനങ്ങൾ വിവിധ ആവശ്യങ്ങൾക്ക് അനുസൃതമായി പരിഷ്കരിക്കുന്നതിനും ഇന്ത്യൻ വ്യോമസേനയ്ക്കു കഴിഞ്ഞിട്ടുണ്ട്. ഹാർ‌‌വാർഡ് എന്ന പരിശീലന വിമാനം ആകാശത്തുനിന്നും ഭൂമിയിലേക്കു റോക്കറ്റ് എയ്തു വിടുന്നതിനും, എ. എൻ. – 12 എന്ന കയറ്റിറക്കു വിമാനം ബോംബിങ്ങിനു പറ്റിയ വിധത്തിൽ പരിഷ്കരിച്ചതും ഇതിൻറെ ഉദാഹരണങ്ങളാണ്.

ആവശ്യം വരുമ്പോൾ ഉപയോഗപ്പെടുത്തും വിധം മനുഷ്യശക്തി റിസർ‌‌വിസ്റ്റ് ആയി നിറുത്താനുള്ള ഏർപ്പാടുകൾ വ്യോമസേനയ്ക്കുണ്ട്. മൂന്നു യുദ്ധ മേഖലകളിലായി 650 ആഫീസർമാരെയും, 5,000 വ്യോമ സൈനികരേയും 72 മണിക്കൂറുകൾക്കകം യുദ്ധരംഗത്തിറക്കാനും, റിസർ‌‌വിസ്റ്റുകളിൽനിന്ന് 9 ആഫീസർമാരെയും 235 വ്യോമസൈനികരെയും ഇത്രയും സമയത്തിനകം തന്നെ പ്രവർത്തന രംഗത്തെത്തിക്കാനും 1971 – ലെ യുദ്ധത്തിൽ ഇന്ത്യൻ വ്യോമസേനയ്ക്കു കഴിഞ്ഞു.

വ്യോമസേനയ്ക്കു വേണ്ടി പുതിയ വിമാനത്താവളങ്ങൾ നിർമ്മിക്കുന്നതിലും, നിലവിലുള്ള വിമാനത്താവളങ്ങൾ മെച്ചപ്പെടുത്തുന്നതിലും വളരെയധികം പുരോഗതി ഉണ്ടായിട്ടുണ്ട്. പശ്ചിമ-പൂർ‌‌വ മേഖലകളിലാണ് പുതിയ വിമാനത്താവളങ്ങൾ കൂടുതലും നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ജയ്സാൽമർ, ഉത്തർലായ്, അമൃത്‌‌സർ തുടങ്ങിയ സ്ഥലങ്ങളിൽ ഇത്തരത്തിൽ പുതിയ വിമാനത്താവളങ്ങൾ നിർമിച്ചിട്ടുണ്ട്. കരുതൽ താവളങ്ങളായാണ് ഇവയിൽ പലതും കരുതപ്പെട്ടിട്ടുള്ളത്. ആധുനിക സാങ്കേതിക മാർഗങ്ങൾ ഉപയോഗിച്ച് പ്രധാനപ്പെട്ട സൈനിക വിമാനത്താവളങ്ങൾ ശത്രുക്കൾക്ക് എളുപ്പം കണ്ടുപിടിക്കാൻ ആവാത്തവിധം മറച്ചുവൈക്കുന്നതിലും (camouflage) ഇന്തൻ വിദഗ്ദ്ധന്മാർ വിജയിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളുടെയും വിമാനങ്ങളുടെയും വ്യോമായുധങ്ങളുടെയും അറ്റകുറ്റപ്പണികൾ അടിയന്തരമായി നിർ‌‌വഹിക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഇത്തരം വിമാനത്താവളങ്ങളിൽ ഒരുക്കിയിട്ടുണ്ട്. 1971-ലെ അനുഭവങ്ങൾ വച്ചുകൊണ്ട് ഇലക്ട്രോണിക് വർത്താവിനിമയ സം‌‌വിധാനങ്ങൾ വിപുലമായ തോതിൽ വിമാനത്താവളങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ളതും ഭാവിയിൽ ഏറെ പ്രയോജനപ്പെടുമെന്ന് കരുതേണ്ടിയിരിക്കുന്നു.

സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷം പ്രധാനപ്പെട്ട നാലു യുദ്ധങ്ങളിൽ പങ്കെടുക്കുകയും അതിവിശാലമായ ഇന്ത്യയുടെ വൈവിധ്യമാർന്ന അതിർത്തികളിലും വിഭിന്ന കാലാവസ്ഥകളിലും ദൈനംദിന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തതിൻറെ ഫലമായി ഇന്ന് ഇന്ത്യൻ വ്യോമസേന ശക്തിയിലും കഴിവിലും സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നതിലും ഒരു വൻശക്തിയായി വളർന്നിട്ടുണ്ട്. ഇന്ത്യൻ വ്യോമസേനയിലെ പൈലെറ്റുകൾ തികച്ചും പ്രതികൂല സാഹചര്യങ്ങളിൽ പോലും അതിസൂക്ഷ്മത നിറഞ്ഞതും അത്യാധുനികവുമായ യുദ്ധവിമാനങ്ങൾ പറത്തുന്നതിലും അവ ശത്രുരാജ്യങ്ങൾക്കു നേരെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിലും എല്ലാം പരിശീലനം നേടിക്കഴിഞ്ഞിരിക്കുന്നു. യുദ്ധവിമാനങ്ങളുടെ അറ്റകുറ്റ പണികൾ തീർക്കുന്നതിലും യുദ്ധവിമാന നിർമ്മാണരംഗത്തും ഇന്ത്യൻ വിദഗ്ദ്ധൻ‌‌മാർ ഏറെ മുന്നോട്ടു പോയിട്ടുണ്ട്. വിമാനത്തിൻറെ അഭികല്പന, വികസനം, നിർമ്മാണം എന്നിവ സുദീർഘമായ ഒരു പ്രക്രിയയാണ്. വളരെയേറെ മുതൽമുടക്കും അതിനാവശ്യമാണ്.. വ്യോമസേനയുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് വിഭവങ്ങളുടെ ലഭ്യതയ്ക്കനുസരിച്ച് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ തേജസ് ,സുഖോയ് 30 എംകെഐ ,ഹോക് എജെടി ,സിതാര ഐജെടി ,തുടങ്ങിയ വിമാനങ്ങളും എഎൽഎച്ച്ധ്രുവ് ,രുദ്ര , എൽസിഎച്ച് തുടങ്ങിയ ഹെലികോപ്റ്ററുകളും നിർമിച്ചു കൊണ്ടിരിക്കുന്നു.

എയര്‍ ഫോഴ്‌സ് മ്യൂസിയം, ദില്ലി : ദില്ലിയിലെ പലം എയര്‍ഫോഴ്‌സ് സ്‌റ്റേഷനിലാണ് ഈ മ്യൂസിയം സ്ഥിതിചെയ്യുന്നത്. ഇന്ത്യന്‍ മിലിട്ടറി ഏവിയേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കന്നത്.ഇന്ത്യന്‍ വ്യോമസേനയുടെ ആയുധങ്ങള്‍, യൂണിഫോമുകള്‍, ഫോട്ടോകള്‍ തുടങ്ങിയകാര്യങ്ങളാണ് കെട്ടിടത്തിനുള്ളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. 1932ല്‍ ഐഎഎഫ് തുടങ്ങിയകാലം മുതലുള്ളവസ്തുക്കളാണ് ഇവയെല്ലാം. 1971ലെ ഇന്തോ-പാക് യുദ്ധവുമായി ബന്ധപ്പെട്ട ഫോട്ടോകള്‍ പ്രദര്‍ശനവസ്തുക്കള്‍ ഏറെ ശ്രദ്ധേയമായതാണ്. തോക്കുകളുള്‍പ്പെടെ സേന ഉപയോഗിച്ചിരുന്ന പതിനഞ്ച് തരത്തിലുള്ള ആയുധങ്ങള്‍ എന്നിവയും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. റഡാര്‍ ഉപകരണങ്ങള്‍, പിടിച്ചെടുത്ത സൈനിക വാഹനങ്ങള്‍, വാര്‍ ട്രോഫികള്‍ തുടങ്ങിയവയെല്ലാമാണ് പുറത്തെ പ്രദര്‍ശനവേദിയിലുള്ളത്. പരംവീര്‍ ചക്ര ജേതാവായ ഫ്‌ളൈയിങ് ഓഫീസര്‍ നിര്‍മല്‍ജിത്ത് സിങ് സിഖോണിന്റെ പ്രതിമയും ഇവിടെയുണ്ട്. വിവിധ രൂപത്തിലുള്ള ടാങ്കുകള്‍, റൈഫിളുകള്‍, പിസ്റ്റള്‍, തുടങ്ങിയവയും ഇവിടെ പ്രദര്‍ശനത്തിന് വച്ചിട്ടുണ്ട്. ബുധനാഴ്ച മുതല്‍ ഞായറാഴ്ചവരെയുള്ള ദിവസങ്ങളില്‍ കാലത്ത് 10 മണി മുതല്‍ വൈകീട്ട് 5വരെയാണ് മ്യൂസിയത്തിലെ പ്രദര്‍ശനസമയം.

കടപ്പാട് – വിക്കിപീഡിയ.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply