പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായി തലശ്ശേരി – കശ്മീര്‍ കാർ യാത്ര !!

27 Days, 15 States , 10000 Km & One Family… പാത്തുമ്മയും, കുട്ടിപട്ടാളവും പിന്നെ ഞാനും. നന്ദി ഉണ്ട് പലരോടും, പടച്ചവനോടും മാതാപിതാക്കളോടും കൂട്ടുകാരോടും എല്ലാം.. എന്നാലും എത്ര നന്ദി പറഞ്ഞാലും മതിയാകാത്തതു എന്റെ ഈ കേട്ടിയോളോടും മൂന്ന് കുട്ടിയോളോടും ആണ്. എന്റെ ഈ സ്വപ്ന സഞ്ചാരത്തിൽ എത്തി ചേരാൻ സഹായിച്ചതിനും കൂടെ നിന്നതിനും.

Leh പോകണം എന്ന ആഗ്രഹുമായി എത്തിച്ചേർന്നത് പഴയെ ഒരു സിംഹത്തിന്റെ മുന്നിൽ, പീ കേ നസീർ ഹാജ്ജി, എന്റെ ഉപ്പ !!! ആവശ്യം അറിയിച്ചു, നല്ലൊരു കാരണം കാണിക്കാൻ പറഞ്ഞു, പിന്നെ ഒന്നും നോക്കിയില്ല, എല്ലാ സഞ്ചാരികളെയും മനസ്സിൽ ധ്യാനിച്ച് ഫേസ്ബുക്കിലെ സഞ്ചാരി ഗ്രൂപ്പിലെ എല്ലാ പോസ്റ്റും കാണിച്ചു കൊടുത്തു, അതോടേ ഉപ്പ ഫ്ലാറ്റ്. അന്ന് തുടങ്ങിയ യാത്ര ആയിരുന്നു… ഇങ്ങു തലശ്ശേരിയിൽ നിന്നും അങ്ങ് ഇന്ത്യയുടെ വടക്കേ അറ്റം വരെ പോയി വന്ന യാത്ര.. 27 ദിവസവും 15 സംസ്ഥാനങ്ങളും താണ്ടി 10252 കിലോമീറ്റർ കടന്ന ഒരു മഹാ യാത്ര…. കൂടെ എന്റെ സഹചാരി ആയി Renault Duster ഉം…

രണ്ടു ദിവസം കഴിഞ്ഞാൽ ചെറിയ പെരുനാൾ ആണ്, എല്ലാവരും അത് ആഘോഷിക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്, ഞാൻ ആകട്ടെ വലിയൊരു യാത്രക്കുള്ള ഒരുക്കത്തിലും. ദുബൈയിൽ നിന്നും വരുന്നതിന് മുൻപേ തന്നെ ഉപ്പ കാർ സർവീസ് ഒക്കെ ചെയ്‌തു വെച്ചിരുന്നു, നാട്ടിൽ വന്നാൽ ലേഹ് ലഡാക് പോകുന്ന കാര്യം ആദ്യമേ സൂചിപ്പിച്ചിരുന്നു, അതോണ്ട് ഉപ്പ പറഞ്ഞു എന്നാൽ ആ ടയർ നാലും മാറിയേക്കാം എന്ന്, അങ്ങനെ വണ്ടി ഫുൾ കണ്ടിഷൻ ആക്കി വെച്ചിരുന്നു.

കാറിൽ സ്റ്റിക്കർ ഒട്ടിക്കാം എന്ന ഐഡിയ കെട്ടിയോള് പാത്തു ആണ് പറഞ്ഞു തന്നെ, അങ്ങനെ സ്റ്റിക്കർ ഒട്ടിക്കാൻ തലശ്ശേരിയിൽ ഒന്നുരണ്ടു സ്ഥലത്തു പോയി നോക്കി, ഒന്നും നടന്നില്ല, അങ്ങനെ എന്റെ കൂട്ടുകാരൻ Nabeel gazzali നെ വിളിച്ചു നോക്കി, അവൻ പറഞ്ഞത് അനുസരിച്ചു കണ്ണൂരിലെ തെക്കി ബസാറിൽ ഉള്ള ഒരു ഷോപ്പിൽ എത്തി, ഞാനും പാത്തുവും കൂടി ഐഡിയ പറഞ്ഞു കൊടുത്തു, പിന്നെ കുറച്ചു ലോഗോവും സെലക്ട് ചെയ്തു,

അങ്ങനെ അവർ നമ്മൾ പോകുന്ന റൂട്ട് പ്ലാൻ മുഴുവൻ വണ്ടിയിൽ സ്റ്റിക്കർ ചെയ്തു, പിന്നെ ലേഹ് ലഡാക് ഏസ്പീഡിഷൻ എന്ന ലോഗോവും ബോണറ്റിൽ ഒട്ടിച്ചു, വരുന്ന വഴിക്കു renault ഷോറൂമിൽ കേറി കാർ ഒന്നുടെ ചെക്ക് ചെയ്യിപ്പിച്ചു, തലശ്ശേരിയിൽ എത്തി കാർ ന്റെ മേലെ ഒരു എക്സ്ട്രാ ലൈറ്റ് ഉം ഫിറ്റ് ചെയ്യിപ്പിച്ചു,

വൈകീട്ട് വീട്ടിൽ എത്തിയപ്പോ ഉപ്പ കാർ കണ്ടിട് ചോദിച്ചു. ” നീ എന്താടാ വല്ല കാർ റാലിക്കും പോകുന്നതാണോ? ” , കാരണം ഞാൻ പല ട്രിപ്പുകൾ പോയിട്ടുണ്ടെങ്കിലും ഇങ്ങനെ ആദ്യമായിട്ട് ആയിരുന്നു. മൂപ്പർക്ക് സംഭവം നല്ലോണം പിടിച്ചു, അതിന്റെ പിക്ചർ ഒക്കെ എടുത്തു എന്റെ ദുബായിൽ ഉള്ള പെങ്ങൾക്ക് അയച്ചു കൊടുത്തു.

അന്ന് രാത്രി റൂട്ട് പ്ലാൻ ഒക്കെ നോക്കി ഇരികുന്നേരം ഒരു ഫോൺ വന്നു, അത് നമ്മുടെ മച്ചാൻ nikhil premraj ആയിരുന്നു, എന്നോട് പറഞ്ഞു ” എടാ ഞാൻ ഇപ്പൊ ഒരു ഫിലിമിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി വർക്ക് ചെയുവാ, നിനക്കു അറബി പറയാൻ അറിയോ? അങ്ങനെ ആണെങ്കിൽ ഒരു റോൾ ഉണ്ട് ചെയാൻ, ഓഡിഷന് കൊച്ചി വരാൻ പറ്റുമോ എന്ന്”. ഞാൻ ചോദിച്ചു, “അളിയാ ഇത് കാലിഫോർണിയ ക്കു ചരക്കു കൊണ്ട് പോകുന്ന ഉരു വല്ലതും ആണോ എന്ന്.. ”

അവൻ പറഞ്ഞു “അല്ലേടാ ശെരിക്കും പറഞ്ഞതാ, ഒരു ഇറാനി ന്റെ റോൾ ആണ് ” , ഞാൻ അവനോടു യാത്ര പോകുന്നതിനെ പറ്റി പറഞ്ഞു, അപ്പോൾ അവൻ പറഞ്ഞു എന്തായാലും പോയിട്ട് വാ, നമ്മൾ പാലക്കാട് ഉണ്ടാകും, തിരിച്ചു വന്നാൽ കാണാമെന്നു. ഞാൻ മനസ്സിൽ ഓർത്തു, എന്നെ എടുതെങ്കിൽ അവര് ലാസ്‌റ് എൽദോ നെ സിനിമേല് എടുത്ത് പോലെ ആകുമായിരുന്നു..!!!

അങ്ങനെ പെരുനാൾ ദിവസം വന്നെത്തി, മനസ്സിൽ കുറച്ചു പേടി ഉണ്ടായിരുന്നു, കാരണം എല്ലാരും ഈ യാത്രക് എതിരായിരുന്നു, സഞ്ചാരിയിലെ ലേഹ് പോയ പല ആളുകളെയും വിളിച്ചു നോക്കിയിരുന്നു,അവരൊക്കെ ഫാമിലി ആണെന്ന് പറഞ്ഞപോയെ എതിർത്തിരുന്നു , ഫാമിലി ഫ്രണ്ട്‌ലി അല്ല എന്നാണ് എല്ലാരും പറഞ്ഞേ, പിന്നെ ഒരുപാട് സെക്യൂരിറ്റി പ്രോബ്ലെംസും…

അങ്ങനെ ഷിംലയിൽ ഉള്ള എന്റെ കൂട്ടുകാരൻ Shelbin Digo യെ വിളിച്ചു, അവൻ പറഞ്ഞു “ധൈര്യമായി ഇങ്ങോട്ടേക്ക് പോന്നോളൂ പക്ഷെ കാശ്മീർ ടച്ച് ചെയാൻ നിക്കേണ്ട റിസ്ക് ആണ്, അതോണ്ട് ഷിംല വഴി പൊയ്ക്കോ, ജൂലൈ ഒന്നിന് നമ്മൾ ഇവിടെ നിന്നും ഒരു ഗ്രൂപ്പ് പോകുന്നുണ്ട് നമ്മളെ കൂടെ കൂടിക്കോ എന്ന് ”

കെട്ട്യോള് പാത്തുനോടു ഒന്നുടെ ഡിസ്‌കസ് ചെയ്തു, അവസാനം പോകാൻ തന്നെ തീരുമാനം എടുക്കുക ആയിരുന്നു, സെക്യൂരിറ്റി ഇഷ്യൂ ഉള്ളത് കൊണ്ട് കശ്മീർ പോകേണ്ടാ എന്നും തീരുമാനിച്ചു,അതോണ്ട് കാർ സ്റിക്കറിൽ കാശ്മീർ ഇല്ലായിരുന്നു. തറവാട്ടിൽ ചെന്നിട്ടു പോകുന്ന കാര്യം പറഞ്ഞപോയെ എല്ലാരും ചോദിച്ചു, ” അല്ല മോനേ നിനക്കു ഈ മൂന്ന് മക്കളെയും കൊണ്ട് പോകാൻ പ്രാന്ത് ആണോ എന്ന് ,അതും നോർത്ത് ഇന്ത്യയിൽ?” “അവിടെ ഒക്കെ ഒരുപാട് പ്രശ്നങ്ങൾ നടക്കുന്ന സ്ഥലങ്ങൾ അല്ലേ..?”

ഞാൻ പറഞ്ഞു , ” നമ്മുടെ കണ്ണൂരിനെ പറ്റി പുറമെ ഉള്ളവർക്ക് വെട്ടും കുത്തും നടക്കുന്ന നാട് അല്ലെ, പക്ഷെ നമ്മുടെ ഈ കണ്ണൂർ എത്ര നല്ലത് ആണെന് നമ്മുക്കല്ലേ അറിയുള്ളു , അത് പോലെ തന്നെയാ എല്ലാ നാടും”, എന്തായാലും പോയിട്ടു വരാം എന്നും പറഞ്ഞു എല്ലാരോടും അനുഗ്രഹവും വാങ്ങിച്ചിട്ടു അവിടുന്നു ഇറങ്ങി..

രാവിലെ പെരുനാൾ നിസ്കാരം കഴിഞ്ഞു വീട്ടിൽ എത്തി, എല്ലാം ഒന്നുടെ ചെക്ക് ചെയ്തു, പഞ്ചർ കിറ്റ്, ഫസ്റ്റ് എയിഡ് കിറ്റ് , എയർ കമ്പ്രെസ്സോർ , ടോർച്, അത്യാവശ്യം വേണ്ട മരുന്നുകൾ എല്ലാം, പിന്നെ ബോണറ്റിന്റെ മേലെ ഗോപ്രോ ആക്ഷൻ ക്യാമറയും ഫിക്സ് ചെയ്തു, ഉച്ചക് എല്ലാവരുടേം കൂടെ ഇരുന്നു ഉമ്മ ഉണ്ടാക്കിയ നല്ല ബിരിയാണി ഒക്കെ തിന്നു,പാത്തു അപ്പോയെക്കും മക്കളെ ഒക്കെ റെഡി ആക്കിയിരുന്നു,

ഹാ… മക്കളെ പരിചയപ്പെടുത്താൻ മറന്നു .. (കുട്ടൂസൻ , ഡാകിനി , ലുട്ടാപ്പി ) ഇവരാണ് എന്റെയും പാത്തൂന്റെയും മക്കൾ, മൂന്നാളും ഒന്നിനൊന്നു മെച്ചമാണ് കുരുത്തക്കേടിന്റെ കാര്യത്തിൽ… അങ്ങനെ ജൂൺ 26 വൈകീട്ട് 4 മണിക് എല്ലാം പാക്ക് ചെയ്തു കാറിൽ കേറി ഇരുന്നു, ഉമ്മ പറഞ്ഞു “മോനേ രാത്രി അധികം ഡ്രൈവ് ചെയ്യേണ്ട കേട്ടോ..” ,

എല്ലാരോടും സലാം പറഞ്ഞു നമ്മൾ പുറപ്പെട്ടു, ഗോകർണ ആയിരുന്നു ഫസ്റ്റ് ഡേ എത്താൻ ഉദേശിച്ചത്, തലശ്ശേരിയിൽ നിന്നും 400 കിലോമീറ്റർ ആയിരുന്നു അവിടെ എത്താൻ വേണ്ടത്. കുട്ടിപ്പട്ടാളം നല്ല ത്രില്ലിൽ ആയിരുന്നു, കുറെ ദിവസം ആയെലോ ഇതിന്റെ ഒരുക്കങ്ങൾ അവരും കാണുന്നു.കുറച്ചു ദൂരം എത്തിയപ്പോ പാത്തു ചോദിച്ചു.. ” അല്ല സഹോ SLR Camera വേണ്ടേ? ഞാൻ പറഞ്ഞു ” എടുക്കുന്നതൊക്കെ ശെരി ആര് ഹാൻഡിൽ ചെയ്യും?

അപ്പോൾ തന്നെ കുട്ടൂസൻ ചാടി എണീച്ചു പറഞ്ഞു അത് ഞാൻ എടുക്കാം..!!! അങ്ങനെ പോകുന്ന വഴി തളിപ്പറമ്പിൽ എത്തിയപ്പോ ബന്ധു ആയ safeer eppi നെ വിളിച്ചു കാമറ കൊണ്ട് വരാൻ ആവശ്യപ്പെട്ടു, അവൻ വന്നു കാമറ തന്നു, അവൻ മൊബൈലിൽ നമ്മുടെ കാറിന്റെ കുറച്ച ഫോട്ടോസ് എടുത്തു കൊണ്ട് പറഞ്ഞു, “ഇത് നമ്മുടെ ഒരു ഗ്രൂപ്പിൽ ഇടാൻ വേണ്ടിയാ, ചിലപ്പോ അവരും പോകാനുള്ള പ്ലാൻ ഉണ്ടെന്ന്.”

അങ്ങനെ നമ്മൾ മുന്നോട്ടേക് കുതിച്ചു ഗോകർണാ ലക്‌ഷ്യം വെച്ച് കൊണ്ട്, കാസർഗോഡ് എത്തിയപ്പോൾ തന്നെ നല്ല മഴ പെയ്യാൻ തുടങ്ങി, ഏകദേശം 8 മണി ആയപ്പോ നമ്മൾ മംഗലാപുരം എത്തി, എലാവർക്കും ചെറുതായിട്ടു വിശക്കാന് തുടങ്ങി, കാർ അവിടെ തൊക്കോട്ട് എന്ന സ്ഥലത് നിർത്തി ഒരു ചെറിയ ഹോട്ടൽ കേറി,

തൊക്കോട്ട് പണ്ട് പഠിക്കുന്ന ടൈമിൽ വന്നിരുന്നു, അപ്പോൾ ആ പണ്ടത്തെ കൂട്ടുകാരെയൊക്കെ ഓർമ്മ വന്നു, ഹോട്ടലിൽ നിന്നും നല്ല ഫുഡ് ഒക്കെ കഴിച്ചു വെള്ളം കുടിക്കാൻ പോയപ്പോ അതിന്റെ ഓണർ പറഞ്ഞു, ” നിങ്ങൾ യാത്ര പോകുന്നലേ, ബോട്ടിൽ വെള്ളം കുടിക്കുന്നതാണ് നല്ലത്, കാരണം വെള്ളം മാറി കുടിച്ചാൽ ചിലപ്പോ മക്കൾക്കു അസുഖം വരും” ആ ചേട്ടൻ പറഞ്ഞത് ഉപദേശം നമ്മൾ യാത്രയിൽ ഉടനീളം അനുസരിച്ചു…

ആ ചേട്ടനോട് നന്ദിയും പറഞ്ഞു നമ്മൾ നേരെ ഗോകർണ വെച്ച് പിടിച്ചു, അപ്പോഴും മഴ തിമിർത്തു പെയ്യുകയാണ്, പാത്തു പോകുന്ന വഴിയുടെ വീഡിയോ ഒക്കെ മൊബൈലിൽ പകർത്തി അതിൽ എന്തൊക്കെയോ എഴുതുന്നുണ്ടായിരുന്നു, ഞാൻ ചോദിച്ചു “അല്ലാ പാത്തു നീ എന്താ ഈ എഴുതുന്നത് “? അപ്പോൾ പാത്തു മറുപടി തന്നു.. “ഇത് ഇൻസ്റ്റ സ്റ്റോറി ആണ് സഹോ…ഇങ്ങനെ വീഡിയോ എടുത്തു അപ്പോൾ തന്നെ ഡീറ്റൈൽ എഴുതി പോസ്റ്റ് ചെയ്യുന്നതാ”… ഇൻസ്റ്റാഗ്രാമിൽ ഉള്ള എന്തോ കുന്തം ആണെന്നു മനസിലായി, നമ്മൾ പക്ഷെ ഈ പോളിടെക്‌നിക്കിൽ ഒന്നും പോകാത്തൊണ്ടു അധികമൊന്നും മനസിലായിലാ..

രാത്രി 11 മണി ആയാപ്പോ നമ്മൾ ഗോകർണ ഓം ബീച്ചിൽ എത്തി, ഞാൻ ഒറ്റക് ഇതിനു മുൻപ് ഗോകർണാ പോയിട്ടുള്ളത് ആണ് ( “എന്റെ പൊന്നു ചങ്ങായിമാരെ വെറുതെ രത്‌നഗിരി പോകുന്ന വഴിക്കൊന്നു കേറി നോക്കിയതാ”) കുട്ടിപ്പട്ടാളം നല്ല ഉറക്കത്തിൽ ആയിരുന്നു, നേരെ അടുത്ത കണ്ട ഒരു ലോഡ്‌ജിൽ റൂം എടുത്തു, അയാൾ 1500 പറഞ്ഞെങ്കിലും അവസാനം 1000 നു റൂം കിട്ടി, രണ്ടാം നിലയിൽ ആണ് റൂം, ലിഫ്റ്റ് ഒന്നും ഇല്ലാ, ഞാനും പാത്തുവും കൂടി മക്കളെ എടുത്തു മേലെ എത്തി, ഞാൻ അവരോടു ഉറങ്ങാൻ പറഞ്ഞിട്ട് താഴെ പോയിട്ടു ഐഡി ഒക്കെ കൊടുത്തു, പിന്നെ കാറിലുള്ള അതായ്‌വശ്യം ബാഗ് മാത്രം എടുത്തു റൂമിൽ തിരിച്ചെത്തി, ആ തിമിർത്തു പെയ്യുന്ന മഴയുടെ തണുപ്പിൽ കിടന്നുറങ്ങി….

രാവിലെ എഴുനേറ്റു എല്ലാരും റെഡി ആയി, ഞാൻ ബാഗ് ഒക്കെ കാറിൽ കൊണ്ട് വെച്ചു, എല്ലാവരും കൂടി മുന്നിൽ കണ്ട ചെറിയ ഒരു ഹോട്ടലിൽ കേറി ചായ കുടിച്ചു, ഭക്ഷണം കഴിച്ചോണ്ടും ഇരിക്കുന്നപ്പോ മുന്നിൽ കുറച്ചു അവിടത്തെ ആദിവാസികളെ പോലെ തോന്നിക്കുന്ന സ്ത്രീകൾ വന്നു, അവരുടെ വസ്ത്രധാരണം ഏകദേശം നമ്മുടെ വായനാട്ടിലെ ആദിവാസികളെ പോലെ തന്നെ, അവരെ നോക്കികൊണ്ട്‌ നിന്ന ഡാകിനി എന്നോട് ചോദിച്ചു, “ഉപ്പാ.. ഇവർക്കെന്താ ഡ്രസ്സ് ഒന്നും ഇല്ലാതെ”?

ഞാൻ എനിക്ക് അറിയാവുന്നത് പോലെ അവൾക്കു പറഞ്ഞു കൊടുത്തു, അത് കണ്ടിട്ട് ആവണം അവർ ഡാകിനിയെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. ഗോകർണ, സഞ്ചാരികളും തീർത്ഥാടകരും ഒരുപോലെയേ വരുന്ന സ്ഥലം ആണ്, തെരുവിൽ ഒരു വലിയ രഥം കണ്ടു, അവിടെ ഉത്സവത്തിന് ഉപയോഗിക്കുന്നത് ആണെന്നു പറഞ്ഞു. തെരുവിൽ മുഴുവൻ പല തരത്തിലുള്ള മസാല പൊടികളും,ജപ മാലകളും, ഓട്ടു പാത്രങ്ങളും, വസ്ത്രങ്ങളും വിൽക്കുന്നത് കണ്ടു, പാത്തു ഒരു ഷോപ്പിൽ കേറാൻ തുടങ്ങിയപ്പോ ഞാൻ കൈ പിടിച്ചു വെച്ചിട്ടു പറഞ്ഞു, “എന്റെ പൊന്നു പാത്തു, നീ ഇപ്പോയെ ഷോപ്പിംഗ് തുടങ്ങല്ലേ… നമുക്കിനിയും ഒരുപാട് സ്ഥലത്ത് പോകാൻ ഉള്ളതല്ലെ… അതുമല്ല,ഡൽഹിയിലൊക്കെ എല്ലാം വളരെ കുറഞ്ഞ വിലയിൽ കിട്ടും” ( ഇങ്ങനെ ഒക്കെ അല്ലേ കെട്ടിയോളെ പറ്റിക്കാൻ പറ്റുള്ളൂ..)

അങ്ങനെ നമ്മൾ കാറിൽ കേറാൻ പോകുന്നേരം അവിടെ ഇരുന്നു കുറച്ചു സ്വാമിമാർ ഒരു കുഴലിൽ നല്ല വെളുത്ത പുക വലിച്ചു വിടുന്നത് കണ്ടു, പാത്തു ചോദിച്ചു “എന്താ അവര് ഈ വലിക്കുന്നത് ..”? ഞാൻ പറഞ്ഞു.. ” അതാണ് സാക്ഷാൽ പരമശിവൻ മുതൽ ചെഗുവേര വരെ വലിച്ചിരുന്ന സാദനം..ഇടുക്കി ഗോൾഡ് ” കാറിന്റെ ഡോർ അടച്ചോണ്ടും പാത്തു പറഞ്ഞു ” ഹോ.. കഞ്ചാവാണ് അല്ലേ…” (“കാണാൻ ലുക്ക് ഇല്ലെങ്കിലും ഭയങ്കര ബുദ്ദിയാ പാത്തുന്, ആള് നാട്ടിൽ വക്കീൽ ആയിരുന്നു, കോട്ടൊക്കെ ഉണ്ട്, ഇപ്പൊ ജഡ്ജിയാണ് മൂന്ന് മക്കളുടെ”)

അങ്ങനെ ഗോകർണയോടു വിടപറഞ്ഞു നമ്മൾ ഗോവൻ റോഡിൽ കേറി.. കുറച്ചു ദൂരം എത്തിയപ്പോ പാത്തു ഒരു ചോക്ലേറ്റ് എടുത്തു എനിക്ക് നേരെ നീട്ടികൊണ്ടു പറഞ്ഞു “ഹാപ്പി ബെർത്തഡേ..” അപ്പോഴാ ഞാനും ഓർത്തത്, എന്റെ ജന്മദിനം ആയിരുന്നു അന്ന്, ഞാൻ പാത്തുനോട് ചോദിച്ചു, “അല്ലാ, ഈ ചോക്ലേറ്റ് മാത്രമേ ഉള്ളു, ഗിഫ്റ്റ് ഒന്നും ഇല്ലേ എന്ന്? അപ്പോൾ പാത്തു മറുപടി പറഞ്ഞു, “ഈ യാത്ര തന്നെയല്ലേ ഏറ്റവും വലിയ ഗിഫ്റ്റ് എന്ന്” (അല്ലെങ്കിലും ഈ പെണ്ണുങ്ങൾ എല്ലാം ഇങ്ങനെയാ…ഇതെങ്ങാനും നമ്മൾ ഗിഫ്റ്റ് കൊടുക്കാതെ നിന്നാൽ… എന്റെ പൊന്നോ.. പിന്നെ പടക്കകട ഖുദാ ഗവാ… )

അങ്ങനെ സൈക്കോളജിക്കൽ മൂവേമെന്റിലൂടെ ഉള്ള ഒരു മറുപടിയിൽ എന്നെ ഒതുക്കി കളഞ്ഞിട്ടു, നമ്മൾ യാത്ര തുടർന്നു..ഗോവ വഴി മുംബൈയിൽ എത്താൻ.. മഴ അപ്പോഴും നല്ലോണം പെയ്യുന്നുണ്ടായിരുന്നു, ഉച്ച ആയാപ്പോ ഗോവയുടെ ഹൈവേയിൽ നിന്നും ലഞ്ച് കഴിച്ചു,ഇതിനു മുൻപ് നമ്മൾ ഗോവ മുംബൈ പോയത് കൊണ്ട് അവിടെയൊന്നും അധികം കറങ്ങി സമയം കളയേണ്ടെന്നു തീരുമാനിച്ചിരുന്നു, അതുകൊണ്ടു നമ്മൾ പെട്ടെന്നു തന്നെ ഏഷ്യൻ ഹൈവേ പിടിച്ചു. ടോളുകളുടെ ബഹളം ആയിരുന്നു ഈ റോഡ് മുഴുവൻ, രാത്രി 11 മണിയോടെ മുംബൈ എത്തുമെന്ന് ഗൂഗിൾ അമ്മാവൻ കാണിക്കുണ്ടായിരുന്നു,

അങ്ങനെ ആ 6 ട്രാക്ക് ഉള്ള ഏഷ്യൻ ഹൈവേ കൂടെ പോയികൊണ്ടിരുന്നപ്പോ, പാത്തു ചോദിച്ചു” ഇനി കുറച്ച നേരം ഞാൻ ഓടിച്ചാലോ” ? ഞാൻ മനസ്സിൽ ഓർത്തു, “ഹാ ദുബൈയിൽ നിന്നൊക്കെ ഡ്രൈവ് ചെയ്യുന്നതല്ലെ, പിന്നെ ഈ റോഡും അവിടെ ഉള്ളത് പോലെ തന്നെ, പിന്നെ അവിടെ മാനുവൽ ഗിയർ അല്ല ഓടിച്ചത്, ഓട്ടോമാറ്റിക് ആയിരുന്നു” (നാട്ടിലെ ലേണേഴ്‌സ് ലൈസൻസ് എടുത്തിന് കേട്ടോ )

ഞാൻ കാർ ഒതുക്കി നിർത്തി വളയം പാത്തുന് കൈമാറി, എന്നിട്ട് ഗിയറിന്റെ പ്രവത്തന രീതി പറഞ്ഞു കൊടുത്തു.. പാത്തു എല്ലാം കേട്ട് തലയാട്ടി മനസ്സിലായെന്നു പറഞ്ഞു, അങ്ങനെ ആ ഏഷ്യൻ ഹൈവേയിൽ കൂടെ പാത്തു കാർ പായിക്കാൻ തുടങ്ങി. നാട്ടിലെ ലോറികാർക്കു എന്ത് ട്രാക്ക് വന്നിരിക്കുന്നു, 6 ട്രാക്ക് ഉണ്ടായാലും അതൊന്നും നോക്കാതെ അവരുടെ ഇഷ്‌ടത്തിന് ആണെന് തോനുന്നു ഓടിക്കുന്നത്, പാത്തുന്നുണ്ടോ ഇതൊക്കെ മനസിലാകുന്നു.. ഞാൻ ഇടക് ഗിയർ മാറ്റേണ്ടത് പറഞ്ഞുകൊടുത്തു കൊണ്ടിരുന്നു, അപ്പോൾ പാത്തു ശ്രീനിവാസൻ ചോദിച്ചത് പോലെ “ക്ലച്ച് എവിടെ ക്ളച്ച് എവിടെ” എന്ന് ചോദിക്കുണ്ടായിരുന്നു…”

ഇതൊക്കെ കണ്ടിട്ട് ഡാകിനി ചിരി തുടങ്ങി… കുട്ടൂസൻ ആകട്ടെ അങ്ങനെ അല്ലാ ഉമ്മാ.. ഗിയർ മാറ്റുനേരം മാത്രം ക്ലച്ച് ചവിട്ടിയാൽ മതി എന്നൊക്കെ പറയുണ്ടായിരുന്നു… ലുട്ടാപ്പി ആണെങ്കിൽ ഒന്നും മനസിലാക്കതെ കുന്തവും പിടിച്ചു നിന്നിന്… അതിന്റെ ഇടക്ക് ട്രാക്ക് ചെയ്‌ജിങ്‌ ഒക്കെ കട്ട പോക.. കാർ ഇങ്ങനെ പറ പറക്കുകയാണ്.. ഏതു..നമ്മളെ ഏറോപ്ലെയിന് വിട്ട മാതിരി… ഒരു കടുക്മണി തെറ്റിയാൽ നമ്മളും കാറും തവിടു പൊടി.. ഞാൻ പടച്ചോനേ ഇങ്ങള് കാത്തോളീ എന്നും പറഞ്ഞു ഒറ്റ വിളിയാ…. “എന്റെ പാത്തു…” എന്ന്…. കാർ അപ്പൊ തന്നെ നിന്നു… എന്നിട്ട് കാറിൽ നിന്നും ഇറങ്ങീട്ടു പാത്തു പറഞ്ഞു, “ഇത് പോലെ ഈസി ആയിട്ടുള്ളതൊന്നും എനിക്ക് പറ്റൂലാ.. നമ്മുക് കുറച്ചു ടഫ് ആയിട്ടുള്ളത് വേണം…എന്നാലേ ഓടിക്കാൻ പറ്റൂ എന്ന് ” ഞാൻ ഡ്രൈവിംഗ് സീറ്റിൽ ചാടി കേറി ഇരുന്നു ഒരു ദീർഘ ശ്വാസം വിട്ടു…

കാർ മഹാരാഷ്ട്ര ബോർഡർ എത്തി, കണ്ണാടിയിൽ കൂടെ പുറകിൽ നോക്കിയപ്പോ, പുറകിലെ സീറ്റിൽ കുരുക്ഷേത്ര യുദ്ധം നടക്കുക ആയിരുന്നു… (അതിന്റെ പാടുകൾ ഒക്കെ മൂന്നിന്റെയും മുഖത്തു കാണാം ) ഞാനും പാത്തുവും അല്ലെങ്കിൽ തന്നെ അവരുടെ യുദ്ധത്തിൽ മൈൻഡ് ചെയ്യാറില്ല. അവര് തന്നെ തുടങ്ങി അവര് തന്നെ സമാദാന കൊടി കാട്ടി നിർത്തിക്കോളും.

രാത്രി ആയപ്പോ റോഡരികിൽ ഉള്ള ഒരു പഞ്ചാബി ധാബയിൽ കേറി രമണന്റെ ഇഷ്‌ടാഹാരം ആയ റൊട്ടിയും അച്ചാറും കഴിച്ചു, പിറ്റേന്നു രാവിലെ മുംബയിലെ ട്രാഫിക്കിൽ നിന്നും രക്ഷപെടാൻ വേണ്ടി നമ്മൾ സിറ്റി കഴിഞ്ഞിട്ടു താനേ എന്ന സ്ഥലത്തു ഹൈവേയിൽ ആണ് റൂം എടുത്തത്, നല്ല മഴ കാരണം അവിടെ എത്തിയപ്പോൾ രാത്രി 12 മണി ആയിരുന്നു, യുദ്ധമൊക്കെ കഴിഞ്ഞു കുട്ടിപട്ടാളവും നല്ല ഉറക്കിൽ ആയിരുന്നു…

ബോറി വിഭാഗക്കാർ നടത്തുന്ന ഒരു ഹോട്ടൽ ആയിരുന്നു അത്, അവരോടു സംസാരിച്ചിട് 1000 നു റൂം കിട്ടി, അവിടെ നല്ല തിരക്കുള്ള ഒരു ഹോട്ടൽ ആയിരുന്നു, എന്തോ തീർത്ഥാടനവും ആയി ബന്ധപ്പെട്ടു ഒരുപാട് ആളുകൾ അവിടെ ഉണ്ടായിരുന്നു, അവിടെ ഉള്ള ഒരു ജോലിക്കാരനെ ഞാൻ കാർ കഴുകാൻ ഏല്പിച്ചു, പാത്തു തന്റെ ഇൻസ്റ്റാഗ്രാം ഒക്കെ അപ്ഡേറ്റ് ചെയ്തു, വീട്ടിൽ എത്തിയതിന്റെ മെസ്സേജും അയച്ചു…. ഉറങ്ങാൻ കിടന്നപ്പോൾ പാത്തു പറഞ്ഞു , “ഇന്ന് നമ്മൾ 800 കിലോമീറ്റർ യാത്ര ചെയ്തു കേട്ടോ…” ഞാൻ മനസ്സിൽ ഓർത്തത് പാത്തു ഓടിച്ച ആ 8 കിലോമീറ്ററും…..തുടരും….

പടച്ചോനേ… ഇത്രയും എഴുതീട്ടു ആകെ മുംബൈ വരെ മാത്രമേ എത്തിയുള്ളു? കൂട്ടുകാരെ… കത്തി ആണെകിൽ പറയുക.. അടുത്ത ഭാഗം നമ്മൾക്ക് ലൈറ്റ് ആക്കാം..

By: ‎ Bani Zadar

https://www.facebook.com/love.to.traavel/posts/1627549230652938

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply