കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം. കേരളീയ ജീവിതത്തിന്‍്റെ എല്ലാ മേഖലകളിലും സ്വാധീനംചെലുത്തുന്നവയാണ് നമ്മുടെ പത്രങ്ങള്‍. പത്രങ്ങളുടെ പേരില്‍ അറിയപ്പെടുന്ന ധാരാളം സാംസ്കാരികനായകരും സാമൂഹ്യപരിഷ്കര്‍ത്താക്കളുമുള്ള നാടാണ് കേരളം. കേസരി ബാലകൃഷ്ണപ്പിള്ള, സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള, പത്രാധിപര്‍ കെ. സുകുമാരന്‍, കൗമുദി ബാലകൃഷ്ണന്‍, സഹോദരന്‍ അയ്യപ്പന്‍ അങ്ങനെ ധാരാളം പേരുണ്ട്.

ഇന്ത്യയിലെ ആദ്യത്തെ വർത്തമാനപത്രമായ ബംഗാൾ ഗസറ്റ് ( കൊൽക്കത്ത 1780) പുറത്തുവന്നു 67 വർഷം കഴിഞ്ഞാണു് മലയാളത്തിലെ ഒന്നാമത്തെ പത്രം ആരംഭിച്ചത്. സര്‍ക്കസ്സിനും ക്രിക്കറ്റിനും ബേക്കറിക്കും പേരുകേട്ട തലശ്ശേരി തന്നെയാണ് കേരളത്തിലെ പത്ര പ്രവര്‍ത്തനത്തിന്റെയും ഉത്ഭവ കേന്ദ്രം. മലയാളഭാഷക്ക് ഏറെ സംഭാവനകൾ നൽകിയിട്ടുള്ള ജർമ്മൻ പാതിരിയായിരുന്ന ഹെർമൻ ഗുണ്ടർട്ട് തലശ്ശേരിക്കടുത്തു് ഇല്ലിക്കുന്നിൽനിന്നും പ്രകാശനം ചെയ്ത രാജ്യസമാചാരം ആയിരുന്നു ആ പത്രം. മൂന്നുമാസത്തിനകം തന്നെ, അദ്ദേഹം പശ്ചിമോദയം എന്ന പേരിൽ മറ്റൊരു ആനുകാലികം കൂടി തുടങ്ങിവെച്ചു. വളരെ മന്ദഗതിയിൽ തുടങ്ങിവെച്ച മലയാളപത്രസാഹിത്യപ്രവർത്തനം അടുത്ത അര നൂറ്റാണ്ടിനിടയിൽ അമ്പതോളം പ്രസിദ്ധീകരണങ്ങൾക്കു സാക്ഷ്യം വഹിച്ചു. എന്നാൽ ഇവയിൽ പലതും ഏറെ വർഷം ആയുസ്സെത്താതെത്തന്നെ നിലച്ചുപോവുകയും ചെയ്തു. എങ്കിലും അവയിൽ മിക്കതിനും കേരളചരിത്രപഠനത്തിൽ ശ്രദ്ധേയമായ സാംഗത്യം അവകാശപ്പെടാം.

ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തോടെ ദിവസേന വാർത്തകൾ വായിച്ചറിയുന്ന ഒരു സംസ്കാരം മലയാളികൾക്കിടയിൽ ക്രമേണയായി രൂപം കൊണ്ടു. കഥകൾ, കവിതകൾ, ലേഖനങ്ങൾ തുടങ്ങിയ ബൗദ്ധികോൽപ്പന്നങ്ങൾ പതിവായി വായിച്ചാസ്വദിക്കുന്ന ശീലവും ഇതോടെ വ്യാപകമായി. നൂറുകണക്കിനു പ്രസിദ്ധീകരണങ്ങളാണു് ആ കാലഘട്ടത്തിനുശേഷം മലയാളത്തിൽ ഉരുത്തിരിഞ്ഞതു്. എന്നാൽ വിരലിലെണ്ണാവുന്ന ചിലതിനു മാത്രമാണു് ദശകങ്ങളോളം നിലനിന്നുപോവാൻ കഴിഞ്ഞത്. കേരളത്തിലെ പ്രശസ്തമായ ചില വർത്തമാന പത്രങ്ങൾ (ഇന്നും നിലനിൽക്കുന്ന) ഏതൊക്കെയെന്നും അവയുടെ വിശേഷങ്ങളും താഴെ കൊടുത്തിരിക്കുന്നു…

മലയാള മനോരമ : മലയാള ഭാഷയിൽ പ്രസിദ്ധീകരിക്കപ്പെടുന്ന പ്രമുഖ ദിനപ്പത്രങ്ങളിലൊന്നാണ് മലയാള മനോരമ (Malayala Manorama). വായനക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും പ്രചാരമേറിയ മലയാളപത്രവും ഇന്ത്യയിലാകമാനമുള്ള കണക്കെടുത്താൽ പ്രചാരമേറിയ നാലാമത്തെ പത്രവുമാണ് മലയാളമനോരമ. കോട്ടയം ആസ്ഥാനമായ മലയാള മനോരമ കമ്പനിയാണ്‌ പത്രത്തിന്റെ പ്രസാധക‌ർ. ദീപിക കഴിഞ്ഞാൽ കേരളത്തിൽ പ്രവർത്തനം തുടരുന്ന ഏറ്റവും പഴയ പത്രവും മലയാള മനോരമ തന്നെ.

കോട്ടയം സി.എം.എസ് ഹൈസ്കൂളിൽ അസിസ്റ്റന്റ് മലയാളം മുൻഷിയായി പ്രവർത്തിച്ചിരുന്ന കണ്ടത്തിൽ വറുഗീസ് മാപ്പിളയാണ് മലയാള മനോരമ ദിനപ്പത്രത്തിന്റെ സ്ഥാപകൻ. തന്റെ ചിരകാല സ്വപ്നമായിരുന്ന ഒരു പത്ര പ്രസിദ്ധീകരണം തുടങ്ങുവാനായി നൂറു രൂപ വീതം നൂറോഹരികളായി പതിനായിരം രൂപ അധികൃത മൂലധനമുള്ള ഒരു ഏകീകൃത മൂലധന സ്ഥാപനം (ജോയിന്റ് സ്റ്റോക്ക്‌ കമ്പനി) ഇദ്ദേഹം രൂപീകരിക്കുകയും 1888 മാർച്ച്‌ 14നു് ഈ സ്ഥാപനം മലയാള മനോരമ എന്ന പേരിൽ രജിസ്റ്റർ നടത്തുകയും ചെയ്തു. ബ്രിട്ടീഷ്‌ ഇന്ത്യയിൽ ആദ്യമായാണ്‌ പ്രസിദ്ധീകരണ രംഗത്തേക്ക്‌ ഇത്തരം ഒരു സ്ഥാപനം കടന്നുവരുന്നത്‌. വറുഗീസ്‌ മാപ്പിളയായിരുന്നു പ്രഥമ പത്രാധിപർ. 1890 മാർച്ച്‌ 22-ന്‌ കോട്ടയത്തു നിന്ന് മലയാള മനോരമ പ്രസിദ്ധീകരണം ആരംഭിച്ചു. കേരളവർമ്മ വലിയകോയിത്തമ്പുരാനായിരുന്നു ഈ പേര്‌ നിർദ്ദേശിച്ചത്‌. രാജമുദ്ര തന്നെ ചെറിയ വ്യത്യാസങ്ങളോടെ പത്രത്തിന്റെ ആദർശമുദ്രയായി ഉപയോഗിക്കുവാൻ അന്നത്തെ തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന ശ്രീമൂലം തിരുനാൾ മഹാരാജാവ് അനുവാദം നൽകി. തുടക്കത്തിൽ സാഹിത്യത്തിനു പ്രാമുഖ്യം നൽകുന്ന പ്രതിവാരപ്പതിപ്പായാണ് മനോരമ പുറത്തു വന്നത്‌.

1904 ജൂലൈ 6-ന്‌ വറുഗീസ്‌ മാപ്പിള മരണമടഞ്ഞതിനെ തുടർന്ന് കെ.സി. മാമ്മൻ മാപ്പിള പത്രാധിപത്യം ഏറ്റെടുത്തു. ഈ കാലഘട്ടത്തിൽ മനോരമയുടെ ഉള്ളടക്കത്തിൽ കാതലായ മാറ്റം വന്നു. തിരുവിതാംകൂറിൽ ശക്തിപ്രാപിച്ചു തുടങ്ങിയ സ്വാതന്ത്ര്യ സമര പ്രസ്ഥാനവുമായി ബന്ധപ്പെട്ട വാർത്തകൾക്ക് മനോരമ പ്രാധാന്യം നൽകി. 1928 ജൂലൈ 2 മുതൽ മനോരമ ദിനപ്പത്രമായി പ്രസിദ്ധീകരിച്ചു തുടങ്ങി. എന്നാൽ പത്രവും അതിന്റെ പത്രാധിപരും അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യരുടെ അപ്രീതിയ്ക്കു കാരണമാവുകയും 1938 സെപ്റ്റംബർ 9-ന് സർക്കാർ മനോരമയുടെ പ്രസ് അടച്ചു പൂട്ടി മുദ്ര വെയ്കുകയും പത്രാധിപരായ കെ.സി. മാമ്മൻ മാപ്പിളയെ ജയിലിലടക്കുകയും ചെയ്തു. സ്വാതന്ത്ര്യ സമരത്തിന് മനോരമ നൽകിയ പിന്തുണയും ജനാധിപത്യഭരണത്തിനു വേണ്ടിയുള്ള ആശയപ്രചരണവുമാണ് ദിവാനെ ക്രുദ്ധനാക്കിയതെന്ന് കരുതപ്പെടുന്നു.

എറണാകുളത്തെ മനോരമ ജംഗ്‌ഷൻ-വലത്തു വശത്തെ വെളുത്ത കെട്ടിടത്തിലാണ് മനോരമ പ്രവർത്തിക്കുന്നത്. കോട്ടയത്തെ മുദ്രണാലയം അടച്ചു പൂട്ടപ്പെട്ടതിനെ തുടർന്ന് കൊച്ചി രാജ്യത്തിൽ ഉൾപ്പെട്ട കുന്നംകുളത്തു നിന്നും പത്രം അച്ചടിച്ച്‌ തിരുവിതാംകൂറിൽ കൂടി വിതരണം ചെയ്തു വന്നു. എന്നാൽ തിരുവിതാംകൂറിൽ മനോരമയുടെ വിതരണം ദുഷ്കരമാകുകയും പരസ്യങ്ങൾ നിലയ്ക്കുകയും സാമ്പത്തിക ബാദ്ധ്യത ഏറുകയും ചെയ്തതിനാൽ ഒൻപതുമാസത്തിനു ശേഷം കുന്നംകുളത്ത് നിന്നുമുള്ള പ്രസിദ്ധീകരണവും നിർത്തലായി.

ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ദിക്ക് ശേഷം 1947 നവംബർ 29-ന് കെ.സി. മാമ്മൻ മാപ്പിള തന്നെ പത്രാധിപരായി മനോരമയുടെ പ്രസിദ്ധീകരണം പുനരാരംഭിച്ചു. 1954 മുതൽ 1973 വരെ കെ.എം. ചെറിയാനും 1973 മുതൽ 2010 വരെ കെ.എം. മാത്യുവും മുഖ്യ പത്രാധിപരായിരുന്നു. 1966-ൽ കോഴിക്കോട്‌ ആസ്ഥാനമാക്കി മലബാർ പതിപ്പ് പുറത്തിറങ്ങിയതോടെയാണ്‌ പത്രത്തിന്റെ വളർച്ച ദ്രുതഗതിയിലായി. 1980-കളിൽ പ്രചാരം അടിക്കടി ഉയർന്നു. 1997 നവംബറിൽ പത്രം പൂർണ്ണമായും കമ്പ്യൂട്ടർവത്കരിച്ചു. കേരളത്തിലും പുറത്തുമായി 17 കേന്ദ്രങ്ങളിൽ നിന്നും ഇപ്പോൾ മനോരമ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്‌. മാമ്മൻ മാത്യുവാണ് ഇപ്പോഴത്തെ മുഖ്യപത്രാധിപർ.

മാതൃഭൂമി : മലയാള ഭാഷയിലെ പ്രമുഖ ദിനപ്പത്രമാണ്‌ മാതൃഭൂമി. സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ഭാഗമായി ഉത്തരകേരളത്തിലെ കോഴിക്കോട്ട്‌ 1923 മാർച്ച്‌ 18-ന്‌ ജന്മമെടുത്ത പത്രമാണ്‌. സ്വാതന്ത്ര്യസമരസേനാനികളിൽ പ്രമുഖനായ കെ.പി. കേശവമേനോൻ ആയിരുന്നു ആദ്യ പത്രാധിപർ. പത്രപ്രസാധനത്തിനായി ജനങ്ങളിൽ നിന്ന്‌ ഓഹരി പിരിച്ച്‌ രൂപവൽക്കരിച്ച “മാതൃഭൂമി പ്രിന്റിങ്ങ്‌ ആന്റ്‌ പബ്‌ളിഷിങ്ങ്‌ കമ്പനിയുടെ” ആദ്യ മുഖ്യാധിപൻ കെ. മാധവൻ നായർ ആയിരുന്നു .മാധവൻനായരുടെ മരണത്തെതുടർന്ന് കേളപ്പജി മാതൃഭൂമിയുടെ സാരഥ്യം ഏറ്റെടുത്തു. കൂറൂർ നീലകണ്‌ഠൻ നമ്പൂതിരിപ്പാട്‌, പി. അച്യൂതൻ, കെ. കേശവൻ നായർ തുടങ്ങിയവരും മാതൃഭൂമിയുടെ സ്ഥാപനത്തിൽ സുപ്രധാന പങ്കുവഹിച്ചു.

സ്വാതന്ത്ര്യസമരത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ രൂപം കൊണ്ട പത്രത്തിന്‌ അധികാരികളുമായി നിരന്തരം ഏറ്റുമുട്ടേണ്ടി വന്നിട്ടുണ്ട്‌. ഇതിനെത്തുടർന്ന് പത്രാധിപരും മറ്റും പലപ്പോഴും തടവിലാക്കപ്പെടുകയും ചെയ്തു. പലപ്പോഴും പത്രം നിരോധനത്തേയും നേരിട്ടു. തിരുവിതാംകൂറിൽ ഏകാധിപത്യത്തിനെതിരെ നിലപാടെടുത്തതിന്‌ ഒമ്പതു വർഷക്കാലം നിരോധിക്കപ്പെട്ടിരുന്നു. സ്വാതന്ത്ര്യസമരത്തിന്‌ ആവേശം പകരുന്നതിന്‌ ഒപ്പം മലയാളികളുടെ ഏകീകരണവും സംസ്‌കാരികമായ വളർച്ചയും സമൂഹ്യമായ ഉച്ചനീചത്വങ്ങളുടെ നിർമാർജ്ജനവും മാതൃഭുമിയുടെ ലക്ഷ്യങ്ങളിൽ പ്രാധാന്യമുള്ളവയായിരുന്നു. അവർണരുടെ ക്ഷേത്രപ്രവേശനത്തിന്‌ വേണ്ടിയുള്ള വൈക്കം സത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം എന്നിവയിൽ മാതൃഭൂമി നിർണായകമായ പങ്ക്‌ വഹിച്ചു. സാമൂഹ്യപ്രസ്ഥാനങ്ങളിലും സ്വാതന്ത്ര്യസമരത്തിലും പങ്ക്‌ വഹിച്ച പി. രാമുണ്ണി നായർ, കെ. കേളപ്പൻ, സി. എച്ച്‌. കുഞ്ഞപ്പ, കെ. എ. ദാമോദരമേനോൻ,എൻ.വി. കൃഷ്ണവാരിയർ, എ. പി. ഉദയഭാനു, വി.പി.രാമചന്ദ്രൻ, വി.കെ.മാധവൻകുട്ടി, എം.ഡി.നാലപ്പാട്, കെ.കെ.ശ്രീധരൻ നായർ, കെ.ഗോപാലകൃഷ്ണൻ, എം.കേശവമേനോൻ എന്നിവർ മാതൃഭൂമിയുടെ പത്രാധിപത്യം വഹിച്ചിട്ടുണ്ട്‌.

ഇപ്പോൾ കോഴിക്കോടിനും, കൊച്ചിക്കും പുറമെ തിരുവനന്തപുരം, തൃശ്ശൂർ, കോട്ടയം, കൊല്ലം, കണ്ണൂർ, മലപ്പുറം, പാലക്കാട്‌, ആലപ്പുഴ എന്നിവിടങ്ങളിൽ കേരളത്തിലും ചെന്നൈ, ബംഗളൂർ, മുംബൈ, ന്യൂദൽഹി എന്നിവിടങ്ങളിൽ കേരളത്തിന്‌ പുറത്തും യൂണിറ്റുകളുള്ള മാതൃഭൂമി മലയാളത്തിലെ രണ്ടാമത്തെ വലിയ പത്രമാണ്‌. എം.പി. വീരേന്ദ്രകുമാർ മാനേജിങ്ങ്‌ ഡയറക്‌റ്ററും പി.വി.ചന്ദ്രൻ മാനേജിങ്ങ്‌ എഡിറ്ററും പി.ഐ.രാജീവ് എക്‌സിക്യൂട്ടീവ് എഡിറ്ററുമാണ്.

ദേശാഭിമാനി : സി.പി.ഐ.(എം)-ന്റെ മലയാളത്തിലുള്ള മുഖപത്രമാണ് ദേശാഭിമാനി. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, തൃശൂർ, മലപ്പുറം, ആലപ്പുഴ എന്നീ എട്ട‌് കേന്ദ്രങ്ങളിൽ നിന്ന് അച്ചടിക്കുന്നു. കൂടാതെ ഒരു ഇന്റർനെറ്റ് പതിപ്പും ദേശാഭിമാനിക്കുണ്ട്. 60-ലേറെ വർഷത്തെ ഈ പത്രത്തിന്റെ ചരിത്രം സ്വാതന്ത്ര്യ സമരത്തോടും, അനേകം തൊഴിലാളി-കർഷക സമരങ്ങളോടും ഇഴചേർന്ന് കിടക്കുന്നു. ശബ്ദമില്ലാത്തവരുടെ ശബ്ദമായും പാവപ്പെട്ടവരുടെ പടവാളായും ഈ പത്രം അറിയപ്പെടുന്നു. ക്രിയേറ്റീവ് കോമൺസ് അനുമതി പ്രകാരം ഇന്റർനെറ്റ് പതിപ്പ് ഇറക്കുന്ന ഒരേയൊരു മലയാള ദിനപത്രവും ദേശാഭിമാനിയാണ്.

1942 സെപ്റ്റംബർ 6-ന് ദേശാഭിമാനി പ്രസിദ്ധീകരണമാരംഭിച്ചു. ക്വിറ്റ് ഇന്ത്യാസമരകാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി കൈക്കൊണ്ട ബ്രിട്ടിഷ് അനുകൂല നിലപാട് കാരണം 1942-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ള വിലക്കു ബ്രിട്ടീഷ് ഭരണാധികാരികൾ നീക്കി. ഇക്കാരണത്താൽ ദേശീയമുഖ്യധാരയിൽ നിന്ന് ഒറ്റപ്പെട്ടുപോയ കമ്മ്യൂണിസ്റ്റു പാർട്ടിക്ക് സ്വന്തം നിലപാട് വിശദീകരിക്കാനും ന്യായീകരിക്കാനും ഒരു മാദ്ധ്യമം ആവശ്യമായിത്തീർന്നു. പാർട്ടിയുടെ നിലപാടുകൾ പ്രസിദ്ധീകരിക്കുവാൻ ഒരു പത്രം വേണമെന്ന ആവശ്യം മുൻനിർത്തിയാണ് ദേശാഭിമാനി ആരംഭിച്ചത്.

1935ൽ പ്രസിദ്ധീകരിച്ച്‌ തുടങ്ങിയ “പ്രഭാതം” എന്ന പ്രസിദ്ധീകരണമാണ്‌ ദേശാഭിമാനിയുടെ മുൻഗാമി. ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ സോഷ്യലിസ്റ്റ് ഗ്രൂപ്പിന്റെ പത്രികയായിരുന്നു അത്. ശ്രീ ഇ. എം.എസ് നമ്പൂതിരിപ്പാടായിരുന്നു പ്രഭാതം പ്രസിദ്ധീകരണത്തിന്റെ പത്രാധിപർ. ചൊവ്വര പരമേശ്വരന്റെ “ആത്മനാദം” എന്ന കവിത പ്രസിദ്ധീകരിച്ചതോടെ അന്നത്തെ സർക്കാറിന്റെ ഹാലിളകി. സർക്കാർ രണ്ടായിരം രൂപയുടെ കൂലി പത്രത്തിനുമേൽ ചുമത്തി. അങ്ങനെയിരിക്കെ 1942ൽ എ. കെ. ഗോപാലന്റേയും ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റേയും ശ്രമഫലമായി ദേശാഭിമാനി എന്ന പ്രസിദ്ധീകരണം നിലവിൽ വന്നു.

ഇന്ന് ദേശാഭിമാനിക്ക് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, തൃശൂർ, മലപ്പുറം എന്നിവിടങ്ങളിലായി ഏഴ് എഡിഷനുകളുണ്ട്. 2018 ലെ കണക്ക് അനുസരിച്ച് 6 ലക്ഷത്തോളം കോപ്പികളുമായി ദേശാഭിമാനി കേരളത്തിൽ മൂന്നാം സ്ഥാനത്താണ്‌. ഇപ്പോൾ എം.വി. ഗോവിന്ദൻ മാഷ് (സെക്രട്ടേറിയറ്റ് അംഗം, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ മാർക്സിസ്റ്റ് – കേരള ഘടകം) മുഖ്യ പത്രാധിപരും കെ.ജെ. തോമസ് (സെക്രട്ടേറിയറ്റ് അംഗം, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ മാർക്സിസ്റ്റ് – കേരള ഘടകം) ജനറൽ മാനേജരും, പി.എം. മനോജ് റസിഡന്റ് എഡിറ്ററുമാണ്‌. അറിയപ്പെടുന്ന പത്രപ്രവർത്തകരുടെ ഒരു വലിയ നിര തന്നെ ദേശാഭിമാനി ദിനപത്രത്തിനുണ്ട്. പി. ഗോവിന്ദപിള്ള, ഏഴാച്ചേരി രാമചന്ദ്രൻ, പ്രഭാവർമ്മ, ഗോവിന്ദൻകുട്ടി, പി. എം. മനോജ്, എ. വി. അനിൽകുമാർ എന്നിവർ അവരിൽ ചിലർ മാത്രമാണ്‌.

കേരള കൗമുദി : 1911-ൽ സ്ഥാപിച്ച മലയാളത്തിലെ ദിനപത്രമാണ് കേരള കൗമുദി. 1911-ൽ സി.വി. കുഞ്ഞുരാമനും കെ. സുകുമാരൻ. ബി.എ. യും ചേർന്നാണ് കേരള കൗമുദി ആരംഭിച്ചത്. സ്ഥാപക പത്രാധിപരായിരുന്നു കെ.സുകുമാരൻ. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,​ ആലപ്പുഴ, കോട്ടയം,​ കൊച്ചി, തൃശ്ശൂർ,​ കോഴിക്കോട്, കണ്ണൂർ എന്നീ സ്ഥലങ്ങളിൽ നിന്നും ബാംഗ്ലൂരിൽ നിന്നും കേരള കൗമുദി പ്രസിദ്ധീകരിക്കുന്നു. പ്രചാരത്തിന്റെ കാര്യത്തിൽ കേരളത്തിൽ മൂന്നാം സ്ഥാനത്താണ് കേരള കൗമുദി. കൗമുദിയുടെ ഇന്റർനെറ്റ് പതിപ്പുകൾ മണിക്കൂറുകൾക്കിടയിൽ പുതുക്കുന്നു. പി.ഡി.എഫ് രൂപത്തിൽ ഇലക്ട്രോണിക് പതിപ്പുകൾ തിരുവനന്തപുരത്തുനിന്നും പ്രസിദ്ധീകരിക്കുന്നു. ഓൺലൈൻ പതിപ്പുകൾ ലണ്ടൻ, ന്യൂയോർക്ക്, സിംഗപ്പൂർ എന്നീ സ്ഥലങ്ങളിൽ നിന്നും പ്രസിദ്ധീകരിക്കുന്നു. ഇപ്പോൾ കേരളകൗമുദിടെ ഓൺലൈൻ പതിപ്പ് യുണികോഡിൽ ആക്കിയിട്ടുണ്ട് ഗ്നൂ സാർവ്വജനിക അനുവാദപത്രം അനുപാലിക്കുന്ന കൗമുദി ഫോണ്ടാണ് ഉപയോഗിക്കുന്നത്. രാഹുൽ വിജയ് ആണ് യുണികോഡ് 6.1 അനുപാലിക്കുന്ന ഫോണ്ട് രൂപകൽപ്പന ചെയ്തത്. ഇന്ത്യയിലാദ്യമായ അച്ചടി പ്രസിദ്ധീകരണങ്ങൾ ഉൾപ്പെടെ പൂർണ്ണമായും യുണികോഡിൽ ആയ ഏക പത്രമാണിത്. യുണികോഡിൽ പൂർണ്ണമായും രൂപകൽപ്പന ചെയ്ത ഫോണ്ടുകളാണ് കൗമുദി ഉപയോഗിക്കുന്നത്.

ജനയുഗം : മലയാളത്തിലെ ഒരു ദിനപ്പത്രമാണ് ജനയുഗം. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ കേരള ഘടകത്തിന്റെ മുഖപത്രമാണിത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ കൊല്ല൦എന്നീ അഞ്ച് എഡീഷനുകൾ നിലവിലുണ്ട്. 1947-ൽ കൊല്ലത്ത് നിന്ന് വാരികയായി തുടക്കം കുറിച്ചു. എൻ. ഗോപിനാഥൻ നായരായിരുന്നു പ്രഥമ പത്രാധിപർ. 1953 നവംബർ 16 മുതൽ ദിനപ്പത്രമായി പ്രസിദ്ധീകരിക്കുവാൻ തുടങ്ങി. 1993-ൽ പ്രസിദ്ധീകരണം നിലച്ചുവെങ്കിലും 2007 മേയ് 31 മുതൽ വീണ്ടും പ്രസിദ്ധീകരണം ആരംഭിച്ചു. പ്രസിദ്ധീകരണം നിർത്തിയപ്പോൾ കൊല്ലത്തുനിന്നും കോഴിക്കോട്ടു നിന്നും മാത്രം പുറത്തിറങ്ങിയിരുന്ന ജനയുഗം ഇപ്പോൾ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ, കൊല്ലം എന്നീ അഞ്ചു കേന്ദ്രങ്ങളിൽ നിന്ന് പ്രസിദ്ധീകരിക്കുന്നുണ്ട്.മലയാളത്തിലെ ആദ്യത്തെ ബോക്സ് കാർട്ടൂൺ ജനയുഗത്തിലെ കിട്ടുമ്മാവനാണ്.

ജന്മഭൂമി : ഹൈന്ദവ ആശയങ്ങളോടും സംഘടനകളോടും ആഭിമുഖ്യം പ്രകടിപ്പിച്ചുകൊണ്ട് മലയാളത്തിൽ പ്രസിദ്ധീകരണമാരംഭിച്ച പത്രമാണ്‌ ജന്മഭൂമി.കോഴിക്കോടുനിന്നുമാണ് ആദ്യമായി പത്രം പ്രസിദ്ധീകരിക്കുന്നത്.1975 ൽ തുടങ്ങിയ ഈ പത്രത്തിന്റെ ആദ്യ പത്രാധിപർ പി.വി.കെ നെടുങ്ങാടിയാണ്‌. ഹിന്ദു ഐക്യവേദി നേതാവായ കുമ്മനം രാജശേഖരനാണ് മാനേജിംഗ് ഡയറക്ടർ. പ്രശസ്ത പത്രപ്രവർത്തകൻ ഹരി എസ്. കർത്താ ചീഫ് എഡിറ്ററും എം.രാധാകൃഷ്ണൻ മാനേജിംഗ് എഡിറ്ററുമാണ്. ബി.ജെ.പിയോട് ആഭിമുഖ്യം പുലർത്തുന്ന പത്രമാണ്‌ ജന്മഭൂമി. തിരുവനന്തപുരം, കോട്ടയം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിങ്ങനെ അഞ്ച് എഡീഷനുകളാണ് ജന്മഭൂമിക്കുള്ളത്.

മാധ്യമം : ജമാഅത്തെ ഇസ്‌ലാമി കേരളക്ക് കീഴിലുള്ള ഐഡിയൽ പബ്ളിക്കേഷൻ ട്രസ്റ്റാണ് മാധ്യമത്തിന്റെ പ്രസാധകർ. വായനക്കാരുടെ എണ്ണത്തിൽ കേരളത്തിൽ നാലാം സ്ഥാനമുള്ളതും ഏറ്റവും ഉയർന്ന വളർച്ചാനിരക്ക് രേഖപ്പെടുത്തപ്പെട്ടതുമായ പത്രമാണ് മാധ്യമം.കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം, കൊച്ചി, മലപ്പുറം, കണ്ണൂർ, തൃശ്ശൂർ, ബെംഗളൂരു, മാംഗളൂർ , മുംബൈ എന്നീ 10 ഇന്ത്യൻ എഡിഷനുകളും ഒമ്പത് ഗൾഫ് എഡിഷനുകളുമായി മലയാളത്തിൽ 19 എഡിഷനുകളുള്ള ദിനപത്രമാണിപ്പോൾ മാധ്യമം.

1987 ജൂൺ ഒന്നിന്‌ കോഴിക്കോട്‌ വെള്ളിമാട്‌ കുന്നിൽ നിന്നും പി.കെ. ബാലകൃഷ്ണൻ‌ പത്രാധിപരായി പ്രസിദ്ധീകരണം ആരംഭിച്ചു. ഒ. അബ്ദുറഹ്‌മാനാണ് ഇപ്പോഴത്തെ പത്രാധിപർ. മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന മാധ്യമപ്രവർത്തനമാണ് തങ്ങളുടെതെന്നും അതിനാലാണ് മദ്യ-ചൂതാട്ട-പുകയില പരസ്യങ്ങൾ തങ്ങൾ പ്രസിദ്ധീകരിക്കാത്തതെന്നും മാധ്യമം പത്രാധിപർ ഒ. അബ്ദുറഹ്‌മാൻ പറയുന്നു. കേരളത്തിലെ ആദിവാസി പ്രശ്നങ്ങൾ, വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ അവകാശങ്ങൾ തുടങ്ങി മുഖ്യധാരാ പ്രസിദ്ധീകരണങ്ങൾ തമസ്ക്കരിക്കുന്ന വിഷയങ്ങൾക്ക് മാധ്യമം മുന്തിയ പരിഗണന നൽകി വരുന്നതായി അവകാശപ്പെടുന്നു. ഗൾഫ്-അന്താരാഷ്ട്ര വാർത്തകൾക്കും അർഹമായ പ്രാധാന്യം കൽപ്പിക്കുന്നു. മലയാളത്തിലെ മുഖ്യധാരാ ദിനപത്രങ്ങളെ പോലും തിരുത്തുന്ന സമ്മർദ്ദ ശക്തിയായി മാധ്യമത്തിന് മാറാൻ സാധിച്ചുവെന്ന് കമൽറാം സജീവ് ആവകാശപ്പെടുന്നു. മാധ്യമരംഗത്തെ ഈ മുന്നേറ്റം ദേശീയ തലത്തിൽ തന്നെ മാതൃകയാണെന്ന് നിരീക്ഷിക്കുന്നു.

ചന്ദ്രിക : കോഴിക്കോട്‌ ആസ്ഥാനമായുള്ള മുസ്‌ലിം പ്രിന്റിംഗ്‌ ആന്റ്‌ പബ്ലിഷിംഗ്‌ കമ്പനി പുറത്തിറക്കുന്ന മലയാള ദിനപത്രമാണ്‌ ചന്ദ്രിക. മുസ്ലിം ലീഗിന്റെ ഔദ്യോഗിക പത്രമാണ്‌. 1934-ൽ തലശ്ശേരിയിൽ നിന്ന് സ്വതന്ത്ര വാരിക എന്ന നിലയിലാണ് ‘ചന്ദ്രിക’യുടെ തുടക്കം. 1938-ൽ ദിനപത്രമായി.‍ 1948-ൽ കോഴിക്കോട്ടുനിന്നായി പ്രസിദ്ധീകരണം.1950 ൽ ചന്ദ്രിക ആഴ്ചപതിപ്പ് തുടക്കം കൊണ്ടു.നൂറു പേരിൽ നിന്ന് അഞ്ചുരൂപ വീതം ഓഹരി വാങ്ങി ഫണ്ട് സ്വരൂപിച്ചായിരുന്നു ആദ്യം പത്രം തുടങ്ങാനുള്ള മൂലധനം സ്വരൂപിച്ചത്. തലശ്ശേരി കടപ്പുറത്തെ മുസ്‌ലിംകളുടെ ഒത്തുചേരൽ കേന്ദ്രമായിരുന്ന മുസ്‌ലിംക്ലബിൽ പത്രത്തിനായി നിരവധി കൂടിലാലോചനകൾ നടന്നു. ഇത്തരമൊരു യോഗത്തിലാണ് പത്രത്തിന് ചന്ദ്രിക എന്ന പേരിടാൻ തീരുമാനമായത്. മുസ്‌ലിം പ്രസിദ്ധീകരണങ്ങൾ അറബി പേരുകളിൽ പ്രസിദ്ധീകരിക്കപ്പെട്ടു കൊണ്ടിരുന്ന കാലത്താണ് അണിയറ ശിൽപ്പികൾ ചന്ദ്രിക എന്ന മലയാള പദം പേരായി തിരഞ്ഞെടുത്തത്.

അൽ അമീൻ, യുവലോകം, പ്രഭാതം എന്നീ പത്രങ്ങളുടെ തലശ്ശേരി ലേഖകനായിരുന്ന തൈലക്കണ്ടി സി. മുഹമ്മദാണ് ചന്ദ്രികയുടെ ആദ്യ പത്രാധിപർ. സാമ്പത്തിക പരാധീനതയെ തുടർന്ന് 1935 ഫെബ്രുവരിയിൽ തന്നെ പത്രം നിർത്തിയെങ്കിലും അടുത്തമാസം തന്നെ പുനഃപ്രസിദ്ധീകരണം ആരംഭിക്കുകയും ചെയ്തു. ഒരു വർഷവും നാലുമാസവും കൊണ്ട് ആയിരത്തോളം വരിക്കാരും 1400 രൂപയോളം ആദായവുമുണ്ടായി. കേരളത്തിൽ മുസ്‌ലിംലീഗിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് മുമ്പായിരുന്നു ചന്ദ്രിക ജനങ്ങളുടെ കൈകളിലെത്തിയത്. കേരളത്തിൽ കോഴിക്കോട്‌, കണ്ണൂർ, മലപ്പുറം, കൊച്ചി, തിരുവനന്തപുരം, കോട്ടയം എന്നീ നഗരങ്ങളിൽ നിന്നും അറേബ്യൻ ഗൾഫിൽ ദുബൈ, ബഹ്‌റൈൻ , ഖത്തർ എന്നിവിടങ്ങളിൽ നിന്നും പ്രസിദ്ധീകരിക്കുന്നു. ഗൾഫിൽ ‘മിഡിലീസ്റ്റ്‌ ചന്ദ്രിക’ എന്ന പേരിലാണ്‌ പുറത്തിറങ്ങുന്നത്‌. ടി.പി ചെറൂപ്പയാണ്‌ നിലവിൽ മുഖ്യപത്രാധിപർ.

ദീപിക : ഇന്ത്യയിലെ ഏറ്റവും പഴയ പത്രങ്ങളിലൊന്നും, മലയാളത്തിലെ ആദ്യത്തെ ദിനപത്രവുമാണ്‌ ദീപിക. നിധീരിക്കൽ മാണിക്കത്തനാർ എന്ന കത്തോലിക്കാ പുരോഹിതനാണ് ഒരു നൂറ്റാണ്ടിനു മുൻപ് നസ്രാണി ദീപിക എന്ന പേരിൽ ഈ പത്രം ആരംഭിച്ചത്. കേരള ക്രൈസ്തവരുടെ ഇടയിലെ പഴയകൂർ-പുത്തൻകൂർ വിഭാഗങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട നസ്രാണി ജാത്യൈക്യസംഘം എന്ന സംഘടനയാണ് വിവിധ നസ്രാണി വിഭാഗങ്ങൾക്കെല്ലാം കൂടി പൊതുവായി ഒരു മുഖപത്രം എന്ന ആശയം മുന്നോട്ട് വെച്ചത്. ‘പൊതുവായ പത്രം’ എന്ന പദ്ധതി നടപ്പായില്ലെങ്കിലും സംഘത്തിലെ കത്തോലിക്കർ 30-ലധികം വൈദികരുടെയും അത്മായ പ്രതിനിധികളുടെയും നേതൃത്വത്തിൽ അന്നത്തെ വരാപ്പുഴ മെത്രാനായിരുന്ന മാർ സലീനോസിനെ സന്ദർശിച്ച് ഒരു പത്രം തുടങ്ങുന്നതിനുള്ള അനുമതി നേടിയെടുത്തു. 1887 ഏപ്രിൽ 15-നാണ് പത്രത്തിന്റെ ആദ്യ പ്രതി പുറത്തിറങ്ങിയത്. കോട്ടയത്തിനടുത്തുള്ള മാന്നാനത്തെ സെന്റ്. ജോസഫ് അച്ചടിശാലയിലെ തടികൊണ്ട് ഉണ്ടാക്കിയ ഒരു അച്ചിലായിരുന്നു ആദ്യകാലത്ത് പത്രം അച്ചടിച്ചിരുന്നത്. ഇപ്പോൾ കോട്ടയം, കൊച്ചി, കണ്ണൂർ, തൃശ്ശൂർ, തിരുവനന്തപുരം, കോഴിക്കോട് എന്നീ സ്ഥലങ്ങളിൽ നിന്നും പ്രസിദ്ധീകരിക്കുന്നു.

മംഗളം : എം.സി. വർഗ്ഗീസ് സ്ഥാപിച്ച മംഗളം ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ദിനപ്പത്രമാണ് മംഗളം ദിനപ്പത്രം. കോട്ടയം ആസ്ഥാനം ആക്കി ആണ് പത്രം പ്രവർത്തിക്കുന്നത്. മംഗളം വാരിക, ബാലമംഗളം, ബാലമംഗളം ചിത്രകഥ, കന്യക ദ്വൈവാരിക, സിനിമാമംഗളം , ടിക്-ടിക് ദ്വൈവാരിക എന്നിവയും മംഗളം ഗ്രൂപ്പിന്റെ മറ്റു പ്രസിദ്ധീകരണങ്ങളാണ്. കൂടാതെ ബാലമംഗളം, ബാലമംഗളം ചിത്രകഥ എന്നിവ കന്നഡയിലും പ്രസിദ്ധീകരിക്കുന്നുണ്ട്

വീക്ഷണം : കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗികമുഖപത്രമാണ് വീക്ഷണം. മുപ്പത്തിമൂന്ന് വർഷങ്ങൾക്ക് മുമ്പ് ഇന്ദിരാഗാന്ധിയാണ് വീക്ഷണം ദിനപ്പത്രം ഉദ്ഘാടനം ചെയ്തത്. എന്നാൽ ആദ്യദശകത്തിനുശേഷം അച്ചടിരംഗത്തുണ്ടായ ആധുനികവത്ക്കരണത്തെ സ്വായത്തമാക്കി മത്സരിച്ചു മുന്നേറാൻ കഴിയാതെ വന്നത് വീക്ഷണത്തിന് ബലക്ഷയമുണ്ടാക്കി. ആ ക്ഷീണം പിന്നീട് പൂർണ്ണമായ സ്തംഭനത്തിനുവരെ വഴിവെച്ചു. ഒരു ചെറിയ ഇടവേളയിലെ അസാന്നിധ്യത്തിനുശേഷം 2005-ൽ വീക്ഷണം പുനഃപ്രസിദ്ധീകരണമാരംഭിച്ചു. ആധുനിക അച്ചടിസംവിധാനങ്ങളോടെ ഒരേസമയം കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ മൂന്ന് കേന്ദ്രങ്ങളിൽ നിന്നും എഡിഷനുകൾ പുറത്തിറങ്ങി. തുടർന്ന് ആറുമാസത്തിനുള്ളിൽ കണ്ണൂരും കോട്ടയത്തുംകൂടി എഡിഷനുകൾ തുടങ്ങി.

ഇന്ന് 100 കോടിയിലേറെയാണ്ലോകത്തിലെ പത്രവായനക്കാരുടെ എണ്ണം. 400 കൊല്ലം കൊണ്ടുണ്ടായ വര്‍ധന അവിശ്വസനീയം. അതുകൊണ്ട് പത്രവായനയ്ക്ക് 400 വയസ്സിന്‍റെ പ്രായാധിക്യമല്ല ചെറുപ്പാമാണുള്ളതെന്ന് ഇത്രയും കാലം ആരോഗ്യം കൂടിവരികയാണ്. എന്തൊക്കെയായാലും അച്ചടിപ്പത്രങ്ങളുടെ വായനക്കാര്‍ ഇപ്പോഴും കൂടുകതന്നെയാണെന്ന് പത്രങ്ങള്‍ ആറു മാസം കൂടുമ്പോള്‍ പുറത്തിറക്കുന്ന പരസ്യങ്ങള്‍ കണ്ടാല്‍ മനസ്സിലാക്കാം.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply