ഉത്തര കൊറിയയും കിം ജോങ് ഉന്നിൻ്റെ ഭ്രാന്തൻ രീതികളും…

20-ാം നൂറ്റാണ്ടിന്റെ ആരംഭകാലം വരെ നിരവധി രാജ്യങ്ങള്‍ ഏകാധിപത്യത്തിന്റെ കാല്‍ച്ചുവടുകളില്‍ അടിമയാക്കപ്പെട്ടിട്ടുണ്ട്. ജനാധിപത്യമൂല്യങ്ങളുടെ ആവശ്യകതയും സോഷ്യലിസ്റ്റ് ചിന്താഗതിയുടെ വളര്‍ച്ചയും ജനങ്ങളുടെ ഇടയില്‍ ഉണ്ടായതിനെ തുടര്‍ന്ന് ലോകരാജ്യങ്ങളില്‍ മിക്കതും ജനാധിപത്യവ്യവസ്ഥയിലേയ്ക്ക് നീങ്ങി. ഇന്ന് ലോകത്ത് പല രാജ്യങ്ങളിലായി 50 സേച്ഛാധിപതികള്‍ ഉണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 21 പേരും, ഏഷ്യന്‍ രാജ്യങ്ങളില്‍ 19 പേരും , യുറോപ്യന്‍ രാജ്യങ്ങളില്‍ ഒരാളും, കരിബീയന്‍ രാജ്യത്തില്‍ ഒരാളും, മിഡിലിസ്റ്റ് രാജ്യത്തില്‍ 8 പേരും, തങ്ങളുടെ ഏകാധിപത്യ ഭരണം തുടരുന്നു. ഓരോ നൂറ്റാണ്ടിലും ലോകരാജ്യങ്ങളെ വിറപ്പിച്ചിട്ടുള്ള രാജ്യങ്ങളുടെ സേച്ഛാധിപതികള്‍ ഉണ്ടായിട്ടുണ്ട്.

1950 ന് മുമ്പ് ഇറ്റലിയിലെ ദേശീയ ഫാസിസ്റ്റ് പാര്‍ട്ടിയുടെ തലവനായ ബെനിറ്റോ മുസോളിനിയും, ജര്‍മ്മനിയിലെ നാസി പാര്‍ട്ടിയുടെ തലവനായ അഡോള്‍ഫ് ഹിറ്റ്‌ലറും ലോകത്തെ ക്രൂരതകള്‍ കൊണ്ടും മനുഷ്യരെ നിഷ്ഠൂരമായി കൊന്നൊടുക്കിയത് കൊണ്ടും ലോകത്തെ വിറപ്പിച്ചിട്ടുണ്ട്. ഒരു പക്ഷേ 1950 വരെ ഹിറ്റ്‌ലര്‍ ആയിരിക്കും ക്രൂരതകളില്‍ സന്തോഷം അനുഭവിച്ച സേച്ഛാധിപതി. 1950 ന് ശേഷം ഉഗാണ്ടയുടെ മൂന്നാമത്തെ പ്രസിഡന്റായ ഇദിഅമീന്‍ ആയിരുന്നു മറ്റൊരു സേച്ഛാധിപതി. ഇദ്ദേഹത്തിന്റെ ക്രൂരതകളെ കണ്ട് ലോകം ഞെട്ടുകയായിരുന്നു. 2000ന് ശേഷം ലോകം കണ്ട് വേവലാതിപ്പെടുകയും വിറയ്ക്കുകയും ചെയ്യുന്ന ഒരു രാജ്യമാണ് ഉത്തര കൊറിയ. ഈ രാജ്യത്തിന്റെ സുപ്രീം തലവനും പ്രസിഡന്റുമായ കിങ് ജോങ് ഉന്‍ എന്ന വ്യക്തിയുടെ ക്രൂരതകളും വ്യത്യസ്ഥമായ നടപടികളും എടുക്കുന്ന തീരുമാനങ്ങളും ലോകരാജ്യങ്ങള്‍ക്ക് തലവേദനയായിട്ടുണ്ട്.

ഉത്തര കൊറിയ, ഏകാധിപത്യത്തിന്റെ ഉരുക്കുമറയില്‍ അടച്ചിട്ടിരിക്കുന്ന രാജ്യം. എന്നാല്‍ ആ രാജ്യത്ത് നിന്നുള്ള പുറത്ത് വന്ന വിവരങ്ങള്‍ അറിഞ്ഞാല്‍ നിങ്ങള്‍ ചിരിച്ചു ചിരിച്ച് മണ്ണു തിന്നും അല്ലെങ്കിൽ ഞെട്ടിത്തരിച്ചു നിന്നു പോകും. സ്വകാര്യതയ്ക്ക് യതൊരു വിലയുമില്ലാത്ത ഉത്തര കൊറിയയില്‍ ഇന്റര്‍ നെറ്റ് സൌകര്യമുള്ള കമ്പ്യൂട്ടര്‍ ഉണ്ടെങ്കില്‍ അയാള്‍ അവിടെ വിലയേറിയ വ്യക്തിയാണ്. കാരണം കംപ്യൂട്ടര്‍ ഉപഭോക്താക്കളുടെ എണ്ണം 11.2 കോടിയില്‍ അധികമണെങ്കിലും ഇന്റര്‍നെറ്റ് സൌകര്യമുള്ള കമ്പ്യൂട്ടറുകളുടെ എണ്ണം വെറും ആയിരം മാത്രമാണ്.

അതുപോട്ടെ അത്രയെങ്കിലുമുണ്ടല്ലൊ എന്ന് സമാധാനിക്കാം. എന്നല്‍ സ്വന്തം കമ്പ്യൂട്ടറില്‍ ഏത് സ്ക്രീന്‍ സേവര്‍ ഇടണം, ഏത് വാള്‍ പേപ്പര്‍ ഇടണം എന്നുള്ളവ തീരുമാനിക്കുന്നത് സര്‍ക്കാരാണ്. പോരാത്തതിന് ഇപ്പോഴത്തെ പ്രസിഡന്റ് കിം ജോങ് യുന്‍ എന്ന ഏകാധിപതിയുടെ പേര് എവിടെയെങ്കിലും എഴുഇതുന്നുണ്ടെങ്കില്‍ അത് മറ്റുള്ള അക്ഷരങ്ങളേക്കള്‍ 20 ശതമാനം വലുതായിരിക്കണം എന്നതും നിര്‍ബന്ധമാണ്. മെയ്ല്‍ ഓണ്‍ലൈന്‍ പത്രമാണ് ഉത്തരകൊറിയക്കാരുടെ കംപ്യൂട്ടര്‍ ജീവിതത്തിലേക്കു നുഴഞ്ഞുകയറി ഈ വിവരങ്ങള്‍ സമ്പാദിച്ചത്.

ഉത്തരകൊറിയയ്ക്കു സ്വന്തമായി ഒരു ഡെസ്ക്ടോപ് ഓപ്പറേറ്റിങ് സിസ്റ്റമുണ്ട്. പേര് റെഡ് സ്റ്റാര്‍. മറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം‌പോലെ തന്നെ ഉപയോഗിക്കാമെങ്കിലും ഇതില്‍ ഇടേണ്ട വാള്‍പേപ്പറും സ്ക്രീന്‍ സേവറുമെല്ലാം മുന്‍‌കൂറായി സേവ ചെയ്ത് വച്ചിട്ടുണ്ട്. അതില്‍ പെടാത്തത് കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കാന്‍ ഉത്തരകൊറിയക്കാര്‍ക്ക് അനുമതിയില്ല. ഉത്തരകൊറിയന്‍ കമ്പനികള്‍ക്ക് ഇ-മെയില്‍ സൌകര്യമുണ്ട്. പക്ഷേ, എല്ലാ ജീവനക്കാര്‍ക്കുംകൂടി ഒരേയൊരു വിലാസം മാത്രം! ഏകാധിപത്യത്തിനു കീഴില്‍ സ്വകാര്യതയ്ക്ക് എന്തു കാര്യം?

അതേസമയം വേള്‍‌ഡ്‌വൈഡ് വെബിനു പകരം തനത് ഇന്‍ട്രാനെറ്റ് സംവിധാനമാണ് ഉത്തരകൊറിയയുടെ കരുത്ത്. ക്വാങ്മ്യോങ് എന്നാണ് പേര്. ആയിരത്തിനും അയ്യായിരത്തിനുമിടയിലാണ് ഇതിലെ വെബ്സൈറ്റുകളുടെ എണ്ണം. ഏറെയും ഭരണാനുകൂല വാര്‍ത്താപ്രചാരണത്തിനു പ്രാമുഖ്യം നല്‍കുന്നവ. സോണി പിക്ചേഴ്സിലെ ഹാക്കര്‍ ആക്രമണത്തിന്റെ പ്രതികാരനടപടിയെന്ന നിലയില്‍ രാജ്യത്തെ ഇന്റര്‍നെറ്റ് ബന്ധം യുഎസ് താല്‍ക്കാലികമായി വിച്ഛേദിച്ചത് ജനജീവിതത്തെ കാര്യമായി ബാധിക്കാതിരുന്നതിനു പിന്നില്‍ ക്വാങ്മ്യോങ്ങുണ്ട്.

2011 ല്‍ അന്നത്തെ പ്രസിഡന്റായിരുന്ന കിം ജോങ്-11 ന്റെ മരണത്തിന് ശേഷം അധികാരം കൈകളിലാക്കിയ വ്യക്തിയാണ് കിങ് ജോങ് ഉന്‍. അന്ന് അദ്ദേഹത്തിന് 25 വയസ്സ് പ്രായം മാത്രമായിരുന്നു. അധികാരം ഏറ്റതിന് ശേഷം രാജ്യത്ത് വ്യത്യസ്ഥമായ തീരുമാനങ്ങളും നിയമങ്ങളും നടപ്പിലാക്കി. ലോക രാജ്യങ്ങള്‍ക്കെതിരെ മിസൈലുകളുടേയും ആറ്റംബോംബുകളുടേയും പരീക്ഷണങ്ങള്‍ നടത്തി ഭീഷണി മുഴക്കി.ആണവായുധ നിര്‍മ്മാണത്തിന്റെ തുടക്കവും അമേരിക്കക്കെതിരായ പ്രതിരോധവുമാണ് ഈ പരീക്ഷണം എന്ന് കിം ജോങ്ഉന്‍ എന്ന് അന്ന് അവകാശപ്പെട്ടിരുന്നു. എന്നാലും ഇദ്ദേഹത്തിന്റെ ലോകത്തെ ഞെട്ടിക്കുന്ന തീരുമാനങ്ങള്‍ അവസാനിച്ചിട്ടില്ല. ലോകത്തില്‍ വച്ച് മിലിറ്റിറിയുടെ അനുഭവങ്ങളോ ക്ലാസുകളോ മറ്റ് മിലിട്ടിറി ഞ്ജാനമോ ഇല്ലാത്ത സേച്ഛാധിപതിയാണ് കിംജോങ് ഉന്‍. ഇദ്ദേഹത്തിന്റെ മുത്തച്ഛനായ കിം 2 സങ് എന്ന സേച്ഛാധിപതിയുടെ മുഖ സാമ്യം തനിക്കും ലഭിക്കുവാന്‍ വേണ്ടി പ്ലാസ്റ്റിക് സര്‍ജറി നടത്തിയ വ്യക്തിയും കൂടിയാണ് ഇദ്ദേഹം.

ലോകത്തിലെ തന്നെ ഏറ്റവും കടുപ്പമേറിയ റോഡ് നിയമങ്ങളുള്ള രാജ്യമാണ് ഉത്തര കൊറിയ. അതിശയവും, ഭീതിജനകവുമായ ഉത്തര കൊറിയന്‍ റോഡ് നിയമങ്ങള്‍ ഇങ്ങനെ – ഉത്തര കൊറിയയില്‍ അങ്ങനെ എല്ലാവര്‍ക്കും കാര്‍ വാങ്ങാന്‍ സാധിക്കില്ല. കേട്ടാല്‍ ഒരല്‍പം അതിശയം തോന്നാം. പക്ഷെ യാഥാര്‍ത്ഥ്യമാണ്.ഔദ്യോഗിക പദവി വഹിക്കുന്നവര്‍ക്ക് മാത്രമാണ് ഉത്തര കൊറിയയില്‍ കാര്‍ വാങ്ങാന്‍ സാധിക്കുക. ഇതിന് പിന്നിലുള്ള കാരണവും വിചിത്രമാണ്. ഏതാനും ചില രാജ്യങ്ങളുമായി മാത്രമാണ് ഉത്തര കൊറിയ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത്. അതിനാല്‍ സ്വന്തം ജനതയ്ക്ക് ആവശ്യമായ ഭക്ഷണം പോലും നല്‍കാന്‍ പലപ്പോഴും രാജ്യം ബുദ്ധിമുട്ടുകയാണ്. തത്ഫലമായി കാറുകള്‍ എന്നാല്‍ ആഢംബരത്തിന്റെ പ്രതീകമായാണ് ഉത്തര കൊറിയ കണക്കാക്കുന്നത്. ഉത്തര കൊറിയയില്‍ ഉള്ളതാകട്ടെ ഭൂരിപക്ഷം ഇറക്കുമതി ചെയ്ത കാറുകളുമാണ്. ആയതിനാല്‍ വളരെ ഉയര്‍ന്ന നിരക്കിലാണ് കാറുകള്‍ ഇവിടങ്ങളില്‍ വില്‍ക്കപ്പെടുന്നതും. 10000 കാറുകള്‍ വരെ ഉത്പാദിപ്പിക്കാം എന്നിരിക്കെ, നിലവില്‍ 300 മുതല്‍ 400 കാറുകള്‍ വരെ മാത്രമാണ് പ്രതിവര്‍ഷം ഉത്തര കൊറിയയില്‍ നിര്‍മ്മിക്കപ്പെടുന്നത്. ഉപഭോക്താക്കളുടെ അഭാവമാണ് ഇതിനുള്ള കാരണവും.

ഉത്തര കൊറിയയില്‍ സാധാരണക്കാര്‍ക്ക് കടക്കാന്‍ അനുവാദമില്ലാത്ത റോഡുകളും ഉണ്ട്. ഹൈവേകളിലും സിറ്റി റോഡുകളിലും സാധാരണക്കാര്‍ക്ക് പ്രവേശനം നിഷേധിച്ചുള്ള കിം ജോങ് ഉന്നിന്റെ നടപടി രാജ്യ പുരോഗതിക്ക് വേണ്ടിയെന്നാണ് ഭാഷ്യം. സമൂഹത്തിലെ ഉന്നതര്‍ക്കും, രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ക്കും, വിശിഷ്ട വ്യക്തികള്‍ക്കും മാത്രമായാണ് ഉത്തര കൊറിയയില്‍ ഇത്തരം റോഡുകള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. ഭൂരിപക്ഷം വരുന്ന സാധാരണ ജനതയ്ക്കായി പ്രത്യേക റോഡുകളും ഉത്തര കൊറിയയില്‍ ക്രമീകരിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയം.

മറ്റ് രാജ്യങ്ങള്‍ എവിടേയും കാണാന്‍ സാധിക്കാത്ത ക്രൂരതകള്‍ നിറഞ്ഞ ശിക്ഷകളാണ് തടവുകാര്‍ക്ക് ഈ ഏകാധിപതി നല്‍കുന്നത്. നടുറോഡില്‍ വച്ചും , പൊതു സ്ഥലങ്ങളില്‍ വച്ചും തടവുകാരെ കെട്ടിയിട്ട് വെടിയുതിര്‍ത്ത് കൊല്ലുന്നതാണ് ഇദ്ദേഹത്തിന്റെ ശിക്ഷകളില്‍ ഒന്ന്. ഉത്തരകൊറിയയില്‍ തടവുകാര്‍ക്ക് വേണ്ടി നിരവധിയായ ക്യാമ്പുകള്‍ ഇദ്ദേഹം നിര്‍മ്മിച്ചു. നിലവില്‍ ആറോളം വരുന്ന തടവുകാരുടെ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. ഈ ക്യാമ്പുകളിലെ തടവുകാര്‍ അനുഭവിക്കുന്ന ശിക്ഷകള്‍ അതിക്രൂരമാണ്. കിംജോങ് ഉന്‍-ന്റെ കര്‍ക്കശമായ നിലപാടുകള്‍ പ്രാകൃതമായ ശിക്ഷാരീതിയിലേയക്കാണ് നീങ്ങിയത്. സ്വന്തം അമ്മാവനെ വരെ വേട്ടയാടിയ ഈ ഭരണാധികാരി ഒരാള്‍ കുറ്റം ചെയ്താല്‍ കുടുംബത്തിലെ മുഴുവന്‍ പേരേയും തടങ്കലിലാക്കും. നരക തുല്യമായ ക്യാമ്പിലാണ് പിന്നീട് ആ കുടുംബത്തിലെ മൂന്ന് തലമുറകള്‍ കഴിയേണ്ടത്. ഇന്ന് ഏകദേശം എണ്‍പതിനായിരം മുതല്‍ ഒരു ലക്ഷത്തി ഇരുപതിനായിരം പേര്‍ ജയിലില്‍ കഴിയുന്നു. 50 വര്‍ഷത്തിനുള്ളില്‍ ആയിരങ്ങളെ തൂക്കിലേറ്റിയും വെടിയുതിര്‍ത്തും കൊന്നൊടുക്കിയിട്ടുണ്ട്.

തടവുകാര്‍ക്ക് 16 മണിക്കൂര്‍ ജോലി സമയം നല്‍കി പീഡിപ്പിക്കുന്നു. എലികളെയാണ് പ്രത്യേകമായ ഭക്ഷണമായി ഇദ്ദേഹം തടവുകാര്‍ക്ക് നല്‍കുന്നത്. ഇദ്ദേഹത്തിന്റെ അനുവാദത്തോടുകൂടി മാത്രമെ എലികളെ ഭക്ഷിക്കാവു. മുതിര്‍ന്ന സൈനികര്‍ക്ക് സ്ത്രീതടവുകാരെ തെരെഞ്ഞെടുത്ത് ഉപയോഗിക്കുവാന്‍ പ്രത്യേക അനുമതിയും നല്‍കിയിട്ടുണ്ട്. ഗര്‍ഭം ധരിക്കുന്ന സ്ത്രീകളെ നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് വിധേയമാക്കുകയും ചെയ്യും. കഠിന ശിക്ഷകളുടെ ഫലമായിആരെങ്കിലും മരണപ്പെട്ടാല്‍ അവരെ എലികള്‍ക്ക് ഭക്ഷണമായി നല്‍കുകയും ചെയ്യും. സ്ത്രീകളെ മണിക്കൂറുകളോളം മേശയില്‍ കയറ്റി നിര്‍ത്തുകയും, പൂര്‍ണ്ണ നഗ്നരാക്കി മരത്തില്‍ കെട്ടിയിട്ട് വയറ്റില്‍ കത്തി കുത്തിയിറക്കുന്നത് ഇദ്ദേഹത്തിന്റെ ശീലമാണ്. അങ്ങനെ നിരവധി നിരവധിയായ ക്രൂരതകളുടെ കഥകളാണ് തടവുകാരുടെ ക്യാമ്പുകളില്‍ നടക്കുന്നത്. ഇതിനെതിരെ ലോകമെമ്പാടും മനുഷ്യാവകാശ സംഘടനകളും ആംനെസ്റ്റി ഇന്റര്‍നാഷണല്‍, ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്, യുറോപ്യന്‍ യൂണിയന്‍ എന്നിവയും , ഐക്യരാഷ്ട്രസഭയും ശക്തമായി അപലപിക്കുകയും രാജ്യത്തിനെതിരെ സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ ശബ്ദമുയത്തുകയും ചെയ്തിട്ടുണ്ട്.

മനുഷ്യര്‍ക്കെതിരെ നടത്തുന്ന അതിക്രൂരമായ ശിക്ഷകളും മനുഷ്യാവകാശ ലംഘനങ്ങളും നിര്‍ത്തിവയ്ക്കുവാന്‍ ഐക്യരാഷ്ട്ര സഭ ആവശ്യപ്പെടുകയും അന്താരാഷ്ട്രക്രിമിനല്‍ കോടതിയുടെ മുമ്പ് വിഷയം ഉന്നയിക്കാന്‍ പ്രത്യേക പ്രമേയം പാസ്സാക്കുകയുമുണ്ടായി. എന്നാലും കിംജോങ് ഉന്നിന് ഈ പ്രമേയങ്ങളും നിയമങ്ങളും പുല്ലുവിലയാണ്. നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി അദ്ദേഹം തന്റെ ഏകാധിപത്യഭരണം തുടരുകയാണ്. ലോക രാജ്യങ്ങളിലെ മനുഷ്യാവകാശ കാംക്ഷികള്‍ ഇദ്ദേഹത്തിന്റെ സേച്ഛാധിപത്യ ഭരണം അവസാനിപ്പിക്കണമെന്ന് ജനാധിപത്യഭരണം ഏര്‍പ്പെടുത്തണമെന്നും ശബ്ദിക്കുന്നുണ്ടെങ്കിലും ഉത്തരകൊറിയയിലെ ജനങ്ങള്‍ ഇന്നും ദുരിതങ്ങളടങ്ങിയ ജീവിതമാണ് അനുഭവിക്കുന്നത്. ഏത് നിമിഷവും മരണത്തിന്റെ ഗന്ധം നുകരുവാന്‍ ജനങ്ങള്‍ തയ്യാറായി നില്‍ക്കുന്നു.

കടപ്പാട് – ജന്മഭൂമി, വെബ് ദുനിയ, drivespark.com/

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply