ആനവണ്ടിയിലെ അന്തിയുറക്കങ്ങൾ; രസകരമായ ചില കാഴ്ചകള്‍…

സാധാരണക്കാരന്റെ ദിവാസ്വപ്നങ്ങൾക്കു നിറം ചാർത്തിയ ആനവണ്ടിയുടെ ജനൽ സീറ്റിൽ ഇരുന്നു മിഴികളെ തലോടി ഇളംതെന്നൽ കടന്നു പോകവേ യാത്രയുടെ ആഴങ്ങളിൽ ഉറങ്ങിവീഴാത്തവർ വളരെ ചുരുക്കം. ഞാൻ എന്റെ യാത്രയിൽ ഉടനീളം ആളുകൾ ഇത്ര മനോഹരമായ രീതികളിൽ ഉറങ്ങി വീഴുന്ന മറ്റൊരു വാഹനം കണ്ടിട്ടില്ല.

ആനവണ്ടി ഉറക്കങ്ങൾ പലവിധം ഉണ്ട്. രാവിലെകളിൽ പൊതുവെ വിൻഡോ സീറ്റിൽ കാറ്റും കൊണ്ട് പുറത്തേക്കു നോക്കുന്ന പോലെ ഇരുന്ന് ഉറങ്ങുക, അതേ സീറ്റിൽ ഇരുന്നു ഉറങ്ങി തൂങ്ങി അടുത്തുള്ള ആളുടെ തോളിൽ തല ചായ്ച്ചു ഉറങ്ങുക, പട്ടാളച്ചിട്ടയിൽ അറ്റെൻഷൻ സ്റ്റൈലിൽ ഉറങ്ങുക, വലതു കൈ ഇടതു കയ്യുടെ ചിരട്ട ഭാഗത്തും ഇടതു കൈ വലതു കൈയുടെ ചിരട്ട ഭാഗത്തും വെച്ചു കഴിയുമ്പോൾ ഉള്ള ചതുരരൂപത്തിൽ ആവുന്ന നമ്മളെ കൈ മുന്നിലെ സീറ്റിന്റെ കമ്പിയിൽ ഇറക്കി വെച്ചു നാല് എന്നു എഴുതും പോലെ വളഞ്ഞിരുന്നു ഒരു ഉറക്കവും പലപ്പോഴും കാണാം.

എന്നാൽ ഇതൊന്നും അല്ല യഥാർത്ഥ ആനവണ്ടി ഉറക്കം..!!സ്വന്തം വീട്ടിലെ സോഫയിൽ കിടന്നാൽ പോലും ഉറങ്ങാത്തവർ വളരെ മനോഹരമായി, സാഹസികമായി നമ്മുടെ കിടുകിടാച്ചി റോഡിലൂടെ കുതിച്ചു പായുന്ന ആനവണ്ടിയിൽ കിടന്നു ഉറങ്ങുന്ന ഉറക്കം ഉണ്ടല്ലോ അതാണ് മക്കളെ ഉറക്കം.

മൂന്നുപേരുടെ സീറ്റ് മിക്കവാറും കാലി ആയിരിക്കുന്ന സമയം ആണ് രാത്രി. രാവിലെകളിൽ രണ്ടു പേരുടെ സീറ്റിനാണ് എല്ലാവർക്കും ഡിമാൻഡ് എങ്കിൽ രാത്രി അതു നേരെ തിരിച്ചു മൂന്ന് പേരുടെ സീറ്റിനാകും.

കയ്യിൽ ഉള്ള ബാഗോ ട്രെയിനിൽ ലഭിക്കുന്ന ഊതി വീർപ്പിച്ച തലയിണയോ ഉണ്ടങ്കില് കാര്യം കുശാൽ. ബസ്സിന്റെ ബോഡി സൈഡിൽ തല ഭാഗം വെച്ചു കാലുകൾ അവസാന സീറ്റിന്റെ കൈ സപ്പോർട്ടിൽ ലോക് ആക്കി വെച്ചു ഉറങ്ങുന്നവർ ആണ് കൂടുതലും. കുണ്ടും കുഴിയും ബ്രെക്കും എപ്പോഴും പ്രതീക്ഷിക്കാവുന്ന നമ്മളെ റോഡിൽ ഈ രീതിയാണ് കൂടുതൽ അഭികാമ്യം.

ഈ രീതിൽ നിങ്ങൾക്ക് സിൽമാ നടന്മാർ സ്വപ്നം കാണാൻ കിടക്കുന്ന സ്റ്റൈലിൽ വരെ കിടക്കാം. ( ഈ രണ്ടും കയ്യും ക്രോസ് ആക്കി തലയുടെ അടിയിൽ വെച്ചുള്ള ഒരു കിടപ്പില്ലേ ലോ ലത്…) മലർന്നോ, ചരിഞ്ഞോ, കാലുകൾ ഉയർത്തി ത്രികോണാകൃതിയിൽ ആക്കി വെച്ചു വരെ നിങ്ങൾക്ക് കിടക്കാം എന്നാണ് അനുഭവസ്ഥൻ കൂടെ ആയ എനിക്ക് പറയുവാൻ ഉള്ളത്. ഞമ്മളെ സ്വന്തം ബസ്സ്‌ ആയതു കൊണ്ട് ചീത്തവിളിക്കാണോ ശല്യപ്പെടുത്താനോ അധിക സന്ദർഭങ്ങളിലും ആരും വരാറില്ല.

ഇനി രണ്ടു പേരുടെ സീറ്റിൽ ആണെങ്കിൽ കാലുകൾ ചമ്രം പടിഞ്ഞു ഇരുന്ന് ഉറങ്ങുന്നവർ, പുതച്ചു മൂടി ഉറങ്ങുന്നവർ, അടുത്തു ആരും ഇല്ലെങ്കിൽ ക്രോസ് ആയി വര വരച്ചപോലെ ഇരുന്ന് ഉറങ്ങുന്നവർ എന്നിവരെ കൂടാതെ മടങ്ങി കിടന്നു ഉറങ്ങുന്നവരെ വരെ നിങ്ങൾക്ക് പല യാത്രയിലും കാണുവാൻ സാധിക്കും. ആ ടെക്നിക് എനിക്ക് ഇതു വരെ പഠിക്കാൻ കഴിഞ്ഞിട്ടില്ല. കൂടുതൽ മനോഹരമായ ഉറക്ക രീതികൾ നിങ്ങളുടെ അനുഭവത്തിൽ ഉണ്ടെങ്കിൽ പറയൂ…. യാത്രകൾ തുടരട്ടെ….!!!!

കടപ്പാട്  – ഷിജു കെ ലാല്‍.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply