Home / Travel & Travelogues / പത്തനംതിട്ടയില്‍ നിന്നും ഗവിയിലേക്ക് ആനവണ്ടിയില്‍ ഒരു സോളോ ട്രിപ്പ്…

പത്തനംതിട്ടയില്‍ നിന്നും ഗവിയിലേക്ക് ആനവണ്ടിയില്‍ ഒരു സോളോ ട്രിപ്പ്…

സമയം : 26 മണിക്കൂർ, ദൂരം :800 km, ചെലവ് :1000 (എല്ലാം ഏകദേശം). ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു #ഗവി. ഒടുവിൽ വലിയ പ്ലാനിങ് ഒന്നും ഇല്ലാതെ പോകാൻ തീരുമാനിച്ചു.. എന്നും യാത്രകൾ കൂടുതലും ഒറ്റക്കായിരുന്നു.. അതാവുമ്പോ തോന്നിയ പോലെ ചെയ്യാലോ.. (ഏറെക്കുറെ സോളോ യാത്രക്കാരെല്ലാം അങ്ങിനെ തന്നെയാണ്.. അല്ലേ !?).

ബൈക്ക് അല്ലാത്ത ഒന്നും ഓടിക്കാനറിയാത്തത് കൊണ്ടും, സ്വന്തമായി അത് മാത്രം ഉള്ളത് കൊണ്ടും യാത്ര ksrtc യിൽ തന്നെ ആയിക്കോട്ടേന്നു ഉറപ്പിച്ചു.. രാവിലെ കുമളിയിൽ നിന്നു പോവാനാണ് വിചാരിച്ചതെങ്കിലും ബസ് സമയം ഒത്തു വരാത്തതിനാൽ നേരെ പത്തനംതിട്ട യിലേക്ക് വിടാമെന്നായി..

പത്തനംതിട്ടയിലെ രാവിലത്തെ ബസ് ഉം മിസ്സായി പോവുമെന്ന് അധികം വൈകാതെ എനിക്ക് മനസിലായി.. കോഴിക്കോട് നിന്നു രാത്രി 12നു ശേഷം ഉള്ള ഒരു ബസും കുമളിയിലോ പത്തനംതിട്ടയിലോ ഗവി ബസ് പുറപ്പെടുന്നതിനു മുൻപ് എത്തുന്നില്ല 🙄!. അതോടെ പ്ലാൻ മാറ്റി.. കോഴിക്കോട്ട് നിന്നു കോട്ടയത്തേക്കുള്ള മിന്നൽ നു ബുക്ക്‌ ചെയ്തു.. 12. 30എന്ന് പറഞ്ഞ ബസ് കൃത്യം ഒരു മണിക്ക് ഹാജരായി.. ഗവി കാണലും കാട്ടിലൂടെയുള്ള യാത്രയും ലക്ഷ്യം ആയതിനാൽ പത്തനംതിട്ട ടു കുമളി ബസ് യാത്ര മാത്രമായിരുന്നു ഉദ്ദേശം.

അങ്ങിനെ കോട്ടയം ബസ്സ്റ്റാൻഡിൽ 6മണിക്ക് മുൻപ് എത്തി.. സുബ്ഹി നമസ്കാരം കഴിഞ്ഞ ശേഷം ഒന്ന് കോട്ടയം ചുറ്റികാണാമെന്നു കരുതി ഒന്ന് കറങ്ങാൻ തുടങ്ങി.. രണ്ടു ഇടറോഡുകളിൽ കയറിയിറങ്ങിയതോടെ നടത്തം തീരുമാനമായി.. വഴിതെറ്റി.. പിന്നെ നടന്ന വഴികളൊക്കെ അത് പോലെ തിരിച്ചും നടന്നു.. ! ഭക്ഷണം കഴിച്ചിട്ട് നേരെ സ്റ്റാന്റിലെത്തിയപ്പോൾ പത്തനംതിട്ട യ്ക്ക് എസിയില്ലാത്ത ലോ ഫ്ലോർ കാത്തുനില്കുന്നു.. 7. 45നു ബസ് യാത്ര തുടങ്ങി..

തുടക്കത്തിൽ ആരുമില്ലായിരുന്നെങ്കിലും ഒന്ന് രണ്ട് സ്റ്റോപ്പ്‌ കഴിഞ്ഞതോടെ ആള് ഫുള്ളായി.. കൂടുതലും ആ ബസിലെ സ്ഥിര യാത്രക്കാരായിരുന്നു.. ബസ് ചാർജ് കൂടിയതായിരുന്നു കണ്ടക്ടറുമായും ഒപ്പമുള്ളവരുമായും അവരുടെ അന്നത്തെ പ്രധാന ചർച്ചകൾ.. (ഇരുന്നത് സ്ത്രീകളുടെ സീറ്റിന്റെ പിന്നിലായതിനാൽ അവരുടെ ചർച്ചകളെ കേൾക്കാൻ പറ്റിയുള്ളൂ 😶-അല്ലേലും ഇത്തരം ചർച്ചകൾ കൂടുതലും അവരെ നടത്താറുള്ളൂ ), കൂടുതലും ടീച്ചർമാരോ ഉദ്യോഗസ്ഥരോ ആണ് എന്ന് തോന്നി. ! ബസ് 10. 30നു പത്തനംതിട്ട സ്റ്റാന്റിലെത്തി.. കോട്ടയത്തു ചെയ്ത പോലെ കറങ്ങാനിറങ്ങിയെങ്കിലും ആഞ്ഞു കത്തികൊണ്ടിരുന്ന സൂര്യൻ എന്നെ പെട്ടെന്ന് തന്നെ സ്റ്റാൻഡിലേക്ക് തിരിച്ചു കയറ്റി..

സ്റ്റാൻഡിന്റെ ഒരു മൂലയിൽ ഗവി ബസ് എന്നെയും കാത്തു നില്കുന്നത് കണ്ടു. കുറച്ചു നേരം നോക്കി നിന്നിട്ട് വേഗം പോയി ബസിൽ കയറി.. രണ്ടു പേരും കണ്ടക്ടറും ഡ്രൈവറും അതിൽ ഉണ്ട്.. കേരളത്തിലെ വർധിക്കുന്ന പലതരം സാമൂഹിക പ്രശ്നങ്ങളെ പറ്റിയുള്ള അവരുടെ ചർച്ചയും കേട്ടു ഞാൻ ബസ് എടുക്കുന്ന സമയത്തിനായി കാത്തിരുന്നു.. മുൻപിൽ ഡോറിന്റെ അടുത്ത് തന്നെയിരുന്നെങ്കിലും സൈഡ് സീറ്റ് ആരോ ബുക്ക് ചെയ്തിട്ടുണ്ടെന്നു കണ്ടക്ടർ പറഞ്ഞു.

ബസ് പുറപ്പെടാൻ തുടങ്ങിയപ്പോൾ തന്നെ ബുക്ക്‌ ചെയ്ത ആൾ ഓടിവന്നു ബസിൽ കയറി. സോജോ (പേരിൽ ചെറിയ സംശയമുണ്ട്.. ഞാൻ മറക്കാൻ പാടില്ലായിരുന്നു). പെരുമ്പാവൂർ കാരനാണ്.. കൊച്ചി നഗരസഭയിൽ ഉദ്യോഗസ്ഥൻ. അദ്ദേഹം രാവിലെ കുമളിയിൽ നിന്നു ഇതേ ബസിൽ പത്തനംതിട്ടയ്ക്ക് വന്നതാണ്.. ഇനി കുമളിയിലെത്തി അവിടെ താമസിച്ചു നാളെ രാവിലെ നാട്ടിലേക്കു പോകണം.. എന്റെ യാത്രയെ കുറിച്ചറിഞ്ഞപ്പോൾ തിരഞ്ഞെടുത്ത സമയം തെറ്റിപ്പോയെന്നു അദ്ദേഹം പറഞ്ഞു.. ഇതിനു മുൻപ് അദ്ദേഹം വന്നപ്പോൾ കണ്ട സമൃദ്ധമായ കാഴ്ചകളൊന്നും ഇത്തവണ അദ്ദേഹത്തിന് കാണാൻ കഴിഞ്ഞിട്ടില്ല.. വേനൽ തുടങ്ങിയതും ഉച്ചക്ക് നല്ല ചൂടുള്ളത് കൊണ്ടും മൃഗങ്ങളെയൊന്നും കാണാൻ സാധ്യത ഇല്ല പോലും.. (അത് ഞാൻ ആദ്യമേ പ്രതീക്ഷിച്ചതാണ്).

അദ്ദേഹത്തിന്റെ അനുഭവങ്ങളും അറിവുകളും എന്നോടും സംശയങ്ങൾ പിറകിലിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരോടും പങ്കു വെച്ച്, എല്ലാ സീറ്റിലും ആളുകളുമായി ബസ് യാത്ര തുടർന്നു. ഒരു സായിപ്പും ബസിലുണ്ടായിരുന്നു..

ബസ് ചിറ്റാർ ലേക്കാണ് ആദ്യം പോവുന്നത്.. അവിടെ നിന്ന് വീണ്ടും കറങ്ങി ഗവിയിലേക്കുള്ള വഴിയിലേക്ക് കയറും. ആങ്ങമൂഴിയാണ് ഭക്ഷണം കഴിക്കാനായി ബസ് നിർത്തുന്നത്.. ലഘുഭക്ഷണം യാത്രകളിൽ പതിവാക്കിയതിനാൽ വെള്ളവും ലേസ് ഉം കൊണ്ട് അഡ്ജസ്റ്റ് ചെയ്തു. ഭക്ഷണം കഴിച്ചിറങ്ങിയ സോജോച്ചായൻ അത്ര നല്ല അഭിപ്രായമല്ല പറഞ്ഞത്.. അത്രയും പച്ചപ്പുകൾക്കിടയിലൂടെയും നല്ല ചൂട് അനുഭവപെട്ടു..

വിശ്രമത്തിനു ശേഷം യാത്ര തുടർന്നു.അപ്പഴേക്കും ബസിൽ യാത്രക്കാർ കുറഞ്ഞിരുന്നു. നാട്ടുകാരെല്ലാം ഇടയിലുള്ള സ്റ്റോപ്പുകളിൽ ഇറങ്ങി കൊണ്ടിരുന്നു.. ഞാനും സോജോച്ചായനും സായിപ്പും മാത്രമേ പതിവുകാരല്ലാത്തവരായി ഉണ്ടായിരുന്നുള്ളൂ.. മറ്റെല്ലാം kseb യിലെയും ഫോറെസ്റ്റ് ലെയും ഉദ്യോഗസ്ഥർ ആയിരുന്നു.. ഫോണിന്റെ റേഞ്ച് പോയതോടൊപ്പം തന്നെ റോഡ് വെറും ഉരുളൻകല്ലുകളുടെ പാതയായി മാറുന്നുണ്ടായിരുന്നു..  ആനവണ്ടി ഒരു കിലുക്കാംപെട്ടി പോലെ കുലുങ്ങി തുടങ്ങിയിരുന്നു.. കുലുക്കം കാരണം സീറ്റിൽ ഇരിപ്പുറപ്പിക്കാൻ പാടുപെട്ടതോടെ മുൻസീറ്റ് ഒഴിവാക്കി പിറകിലേക്കിരുന്നു.. (കാടിനുള്ളിലേക്ക് കയറി കഴിഞ്ഞാൽ ഒരു സീറ്റിൽ ഒരാൾ ഇരിക്കുന്നതാണ് സുഖം). അതിനിടയിലും ഒരാൾ കഷ്ടപ്പെട്ട് ഉറങ്ങാൻ ശ്രമിക്കുന്നത് കണ്ടു.

ആടിയുലഞ്ഞു ആനവണ്ടി ഓടിക്കൊണ്ടിരുന്നു. ആനകൾ വലിച്ചിട്ട മുളങ്കമ്പുകളും മരച്ചില്ലകളും ബസിൽ ആഞ്ഞടിച്ചു കൊണ്ടേയിരുന്നു. കക്കിഡാം, മൂഴിയാർ ഡാം, ആനത്തോട് ഡാം എന്നിവയൊക്കെ ബസ് മറികടന്നു കഴിഞ്ഞിരുന്നു.. ഇടയ്ക്കിടെ ജലസംഭരണികൾ ഫ്രെയിമിലേക്ക് കയറി വരും.. വീതി വളരെ കുറഞ്ഞ റോഡാണ്.. ഇടക്ക് ഒരു സൂപ്പർഫാസ്റ് എതിരെ വന്നു.. (അതിനെ പറ്റി ഒരിടത്തും കേട്ടിട്ടില്ല).

എല്ലായിടത്തും കാട് മാത്രമേ ഉള്ളൂ.. തുള്ളിച്ചാടി പോവുന്നത് കൊണ്ട് ഫോട്ടോ എടുക്കൽ നടക്കുന്നുമില്ല.. ക്യാമെറയൊക്ക ആദ്യമേ എടുത്തു ബാഗിൽ പൂട്ടിവെച്ചിരുന്നു.. കുറെ ഓടി ഒടുവിൽ കൊച്ചുപമ്പ എത്തിയപ്പോൾ ബസ് ചായകുടിക്കാൻ നിർത്തി.. Kseb യുടെ കാന്റീൻ ആണ് അവിടെ ഉള്ളത്.. ഓരോ ചായ എല്ലാരും കുടിച്ചു.. അവിടെ വെച്ച് സായിപ്പിനെ പരിചയപ്പെട്ടു.. റുമേനിയക്കാരൻ സോറിൻ.. അറിയാവുന്ന ഇംഗ്ലീഷിൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞു.. ഗവിയിൽ ട്രെക്കിങ്നും താമസിക്കാനും വന്നതാണ്.. ഞാൻ എവിടെയും താമസിക്കാതെയാണ് ഗവി കാണാൻ വരുന്നതെന്നറിഞ്ഞപ്പോൾ സായിപ്പിന് അത്ഭുതം.. അവരൊക്കെ അവധിക്കാലത്താണ് യാത്ര പോവുന്നതത്രെ !

ഗവിയെത്തിയപ്പോൾ സോറിൻ യാത്ര പറഞ്ഞ് ഇറങ്ങി.. പക്ഷെ ഇറങ്ങിയതിലും വേഗത്തിൽ തിരിച്ചു കയറ്റി.. ആദ്യമേ ബുക്ക്‌ ചെയ്യാതെ അവിടെ താമസിക്കാൻ പറ്റില്ലല്ലോ.. ! സോറിനെ സഹായിക്കാൻ വിചാരിച്ചപ്പോയേക്കും ഗവിയിൽ നിന്ന് കയറിയ ഗവി എക്കോ സെന്റർ ലെ ജോലിക്കാരൻ അയാളുടെ സഹായത്തിനെത്തി… പിറ്റേ ദിവസം ടൂർ പ്ലാനുകളിൽ ആവശ്യമുള്ളത് സെലക്ട്‌ ചെയ്ത് ബുക്ക്‌ ചെയ്യാൻ അദ്ദേഹം സോറിനെ പഠിപ്പിച്ചു കൊടുത്തു.  ബസിലെ യാത്രക്കാരായ ഫോറെസ്റ്റ്, KSEB ഉദ്യോഗസ്ഥരെല്ലാം ഓരോ സ്ഥലങ്ങളിലായി ഇറങ്ങിപ്പോയി.. ഒറ്റക്ക് കാട്ടു വഴികളിലൂടെ അവർ നടന്നു നീങ്ങി.. ആ കാട്ടിൽ അവർ ആസ്വദിച്ചു ജീവിക്കുണ്ടാവുമോ.. അല്ലെങ്കിൽ ബുദ്ധിമുട്ടിയാണോ.. ?എന്നൊരു സംശയം.

വണ്ടിപ്പെരിയാറിനു മുൻപ് രണ്ടിടത്തു ചെക്കിങ് ഉണ്ടായിരുന്നു.. ഗവിക്ക് മുൻപുള്ള ഏതോ സ്റ്റോപ്പിൽ നിന്ന് കയറിയ രണ്ടു തമിഴരും ബസിൽ ഉണ്ടായിരുന്നു.. എല്ലാവരെയും പരിശോധിച്ചു.. സോറിനെ നല്ലവണ്ണം നോക്കി. ചെക്ക്പോസ്റ്റ് എത്തുന്നതിനു മുൻപ്, പലയിടത്തും ഗ്രാമീണർ കുന്നുകളിലും മലമടക്കുകളിലും ഉണങ്ങി കിടക്കുന്ന പുല്ലിനും കുറ്റിചെടിക്കും തീയിട്ട് കത്തിക്കുന്നത് കണ്ടു.. (എന്തിനാണെന്ന് ഒരു പിടിയും കിട്ടിയില്ല). ചെറിയ അശ്രദ്ധ ഉണ്ടായാൽ മൊത്തം നിന്നു കത്തും.

ഒടുവിൽ വണ്ടിപ്പെരിയാറും കടന്നു ബസ് 6.40നു കുമളിയിലെത്തി.. സോജോച്ചായനോടും ഡ്രൈവറോടും കണ്ടകടറോടും യാത്ര പറഞ്ഞു ബസിൽ നിന്നിറങ്ങി.. അവിടെ നിന്ന് 7. 30നുള്ള എയർ ഡീലക്സ് ബസിൽ ടിക്കറ്റ് ബുക്ക്‌ ചെയ്തിരുന്നു. ഒരു പക്ഷെ ഏറ്റവും കൂടുതൽ ദൂരം കാട്ടിലൂടെ ഓടുന്ന ksrtc ഓർഡിനറി ബസ് ഇതായിരിക്കും.

കൃത്യസമയത്ത് തന്നെ നാട്ടിലേക്കുള്ള ബസ് പുറപ്പെട്ടു.. പെരുമ്പാവൂർ എത്തിയപ്പോൾ എയർ ലീക് ഉണ്ടെന്നും പറഞ്ഞ് കുറച്ചു നേരം സ്റ്റാൻഡിൽ നിൽക്കേണ്ടി വന്നു.. എങ്കിലും പുലർച്ചെ 3.30നു ബസ് കോഴിക്കോട് എത്തി.. അങ്ങിനെ എന്റെ ആദ്യത്തെ ഗവി യാത്ര ഒരു അവസാനത്തിലെത്തി..

കണ്ട കാഴ്ചകളുടെ കണക്കു നോക്കിയാൽ യാത്ര പരാജയമാണെന്ന് പലർക്കും തോന്നിയേക്കാം.. ഒരു കാട്ടുകോഴി, ഒരു കാട്ടുപോത്ത്, ഒരു കാട്ടു പന്നി, ഒരു മലയണ്ണാൻ (ആണെന്ന് തോന്നുന്നു -വലിയ വാലൊക്കെ ആയിട്ട് ചാരനിറത്തിൽ മരത്തിൽ കിടക്കുന്നു). പക്ഷെ കാട്ടിലൂടെയുള്ള യാത്ര, അതൊരു അനുഭവം ആയിരുന്നു.. പുതിയ ആൾക്കാരെ കണ്ടു, പരിചയപ്പെട്ടു, വേനൽ എങ്ങിനെ നമ്മുടെ കാടുകളിലും ജലസ്ത്രോതസുകളെയും ബാധിക്കുന്നുവെന്നു കാണാനായി.. ഡാമുകളിലല്ലാതെ എവിടെയും വെള്ളം നിറഞ്ഞ അവസ്ഥ കണ്ടില്ല.. നീർചാലുകളെല്ലാം വറ്റിക്കഴിഞ്ഞു.. കുന്നുകളും മരങ്ങളും ഉണങ്ങിത്തുടങ്ങി.. കാടിനുള്ളിൽ പോലും നല്ല ചൂട് അനുഭവപ്പെടുന്നു.. മാർച്ച്‌ തുടങ്ങുമ്പോൾ തന്നെ ഇങ്ങനെയാണെങ്കിൽ ഏപ്രിൽ, മെയ്‌ മാസങ്ങളിൽ എന്താവും അവസ്ഥ ?..

കോഴിക്കോട് -കോട്ടയം (മിന്നൽ)=305രൂപ , കോട്ടയം -പത്തനംതിട്ട (nonAC ലോഫ്‌ളോർ)=57,
പത്തനംതിട്ട -ഗവി -കുമളി =149, കുമളി -കോഴിക്കോട് (super delux air bus)=396. ഇതയുമായിരുന്നു എനിക്ക് യാത്രയ്ക്കായി ചെലവായ തുക. ഗവി സന്ദർശിക്കാൻ മുൻകൂട്ടി ബുക്ക്‌ ചെയ്യുന്നത് നല്ലതായിരിക്കും. ksrtc തിരഞ്ഞെടുക്കുന്നവർ രാവിലെ കുമളി യിൽ നിന്ന് വരുന്നതാണ് നല്ലത് സമയം 5.30. വൻ പ്രതീക്ഷകളോടെ വരുന്നവർ ശ്രദ്ധിക്കുക, എല്ലാവർക്കും ഗവി ആസ്വദിക്കാൻ കഴിയണമെന്നില്ല..

Check Also

വന്യമൃഗങ്ങള്‍ക്കിടയിലൂടെ ഒരു മുത്തങ്ങ ,ഗുണ്ടൽപേട്ട്, ബന്ദിപൂർ യാത്ര…

സെപ്റ്റംബർ 13 പെരുന്നാൾ പിറ്റേന്ന് ആയിരുന്നു ഈ യാത്ര……. പ്രകൃതി സ്നേഹിയും സാമൂഹ്യ സേവകനുമായ ഹിദായത്ത്,രാഷ്ട്രീയ നേതാവായ മുഹമ്മദ് പാക്യാര,എഞ്ചിനീയർ …

Leave a Reply