Home / Travel & Travelogues / മലയാളീ ഡാ ! യാത്രകളിൽ നമ്മൾ കാട്ടിക്കൂട്ടുന്നത്!

മലയാളീ ഡാ ! യാത്രകളിൽ നമ്മൾ കാട്ടിക്കൂട്ടുന്നത്!

ലേഖകൻ – ബൈജു എൻ. നായർ.

മലയാളികൾ ഒരു പ്രത്യേക ജനുസ്സിൽ പെടുന്ന സമൂഹമാണ് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ചില നേരങ്ങളിൽ ഏതു സായിപ്പിനെയും തോൽപ്പിക്കുന്ന International Outlook പ്രകടിപ്പിക്കുന്ന മലയാളി ചില നേരങ്ങളിൽ വെറും കൂതറയായും മാറും. വിദേശ യാത്രകളിലാണ് മലയാളികളുടെ സ്വഭാവ വൈശിഷ്ശ്യങ്ങളും സ്വഭാവ വൈചിത്ര്യങ്ങളും ഞാൻ ഏറെയും ശ്രദ്ധിക്കാറുള്ളത്. കുറച്ചു കാലം മുൻപ് ജോർദാൻ,,ഇസ്രായേൽ ,പാലസ്തീൻ,ഈജിപ്ത് എന്നീ രാജ്യങ്ങളിലേക്ക് മലയാളി സംഘത്തോടൊപ്പം നടത്തിയ യാത്രയിൽ അറിഞ്ഞതും അനുഭവിച്ചതുമായ കുറച്ചു തമാശകൾ പങ്കുവെക്കാം.

ജോർദാന്റെ തലസ്ഥാനമായ അമ്മാനിൽ ഒരാഴ്ച മുൻപേ എത്തിയ ഞാൻ പെട്ര,ജറാഷ്,അജ്‍ലൂൺ തുടങ്ങിയ ചരിത്ര പ്രാധാന്യമുള്ള പല സ്ഥലങ്ങളും സന്ദർശിച്ച ശേഷം ഒരു രാത്രി ഹോട്ടലിൽ തിരിച്ചെത്തുമ്പോൾ മലയാളികളുടെ ശബ്ദകോലാഹലങ്ങൾ കേട്ടു. കേരളത്തിൽ നിന്നുള്ള സംഘം എത്തിക്കഴിഞ്ഞിരിക്കുന്നു! നാല്പതോളം പേരുണ്ട് സംഘത്തിൽ.അതിൽ 20 പേർ കേരളത്തിൽ നിന്ന് നേരിട്ട് വന്നവരാണ് . മറ്റുള്ളവർ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും അമ്മാനിലെത്തിയ വിദേശ മലയാളികളും . ഞാനാണ് കൂട്ടത്തിൽ താരതമ്യേന ചെറുപ്പക്കാരൻ. ബാക്കിയെല്ലാവരും മിനിമം 70 വയസു പ്രായമുള്ളവർ.കൂട്ടത്തിൽ ക്രിസ്ത്യാനി അല്ലാത്തതും ഞാൻ മാത്രം!

 

ആദ്യ ദിവസം രാവിലെ യാത്ര തുടങ്ങി. വാഗ്ദത്ത ഭൂമി താണ്ടി ജോർദാന്റെ അതിർത്തി പിന്നിട്ട് ബസ് ഇസ്രായേൽ അതിർത്തിയിലെത്തി. ലോകത്തിലേറ്റവുമധികം സുരക്ഷാ സന്നാഹങ്ങളുള്ള രാജ്യമാണല്ലോ ഇസ്രായേൽ. എവിടെ നോക്കിയാലും മെഷിൻ ഗൺ പിടിച്ച പട്ടാളക്കാർ മാത്രം. ഗൈഡ് ഞങ്ങളെ ഇമിഗ്രേഷൻ ഹാളിലെത്തിച്ചു. അവിടെ രണ്ടു ക്യൂകളുണ്ട്. ഒന്ന് അമേരിക്കൻ പൗരന്മാർക്കു വേണ്ടി മാത്രമുള്ളത്. അടുത്ത ക്യൂ മറ്റു ‘കൂതറ’ രാജ്യക്കാർക്കു വേണ്ടിയുള്ളതും .(അമേരിക്കയും ഇസ്രയേലും ഭായി ഭായി ആണല്ലോ).

ഞങ്ങൾ കൂതറകൾക്കുള്ള ക്യൂവിൽ സ്ഥാനം പിടിച്ചു. കൂടെയുള്ളവരിൽ ഏതാനും അപ്പൂപ്പന്മാരും അമ്മൂമ്മമാരും ദിശയറിയാതെയാവാം,അമേരിക്കക്കാരുടെ ക്യൂവിലാണ് പോയി നിന്നത് . വയസ്സായവരല്ലേ ഏതു ക്യൂവാണെന്നൊന്നും കണ്ടുപിടിക്കാൻ പറ്റില്ലല്ലോ.’നിങ്ങൾ അറിയാതെ പോയി നിന്നത് അമേരിക്കക്കാരുടെ ക്യൂവിലാണെന്നു’ പറഞ് അവരെയൊന്നു ‘നേർ വഴി ‘ കാട്ടാമെന്നു കരുതി അവരുടെ അടുത്തേക്ക് ഞാൻ നടക്കുമ്പോഴേക്കും പട്ടാളക്കാർ അവരെ വളഞ്ഞു കഴിഞ്ഞിരുന്നു. ‘വായിക്കാനറിയില്ലേ,ഇത് അമേരിക്കൻ പൗരന്മാർക്കുള്ള ക്യൂവാണ്.’ അമേരിക്കക്കാരുടെ ക്യൂ വിൽ കയറി നിന്ന ഇന്ത്യക്കാരെ പരിഹസിച്ചുകൊണ്ട് അതിലൊരു പട്ടാളക്കാരി പറഞ്ഞു.

അതു കേട്ടവരെല്ലാം ആകെ വല്ലാതെയായി.എന്തൊക്കെ പറഞ്ഞാലും ഇന്ത്യക്കാർ നാണം കെടുന്നത് നമുക്ക് ഇഷ്ടമാവില്ലല്ലോ. പ്രത്യേകിച്ച് നമ്മുടെ അപ്പൂപ്പന്മാരെയും അമ്മൂമ്മമാരെയും ആരും പരിഹസിക്കുന്നത് ശരിയല്ലല്ലോ. പക്ഷെ അമേരിക്കൻ ക്യൂവിൽ നിന്ന അപ്പൂപ്പന്മാർക്കും അമ്മൂമ്മമാർക്കും യാതൊരു കുലുക്കവുമില്ല. ഇംഗ്ലീഷ് അറിയാത്തതുകൊണ്ടായിരിക്കാം എന്ന് ഞാൻ കരുതി .എന്നാൽ ഇതിനിടെ അമേരിക്കക്കാരുടെ ക്യൂവിൽ നിന്ന ഒരു മലയാളി അമ്മൂമ്മ ഒരു ചുവന്ന പാസ്പോര്ട്ട് ഉയർത്തിക്കാട്ടി പ്രഖ്യാപിച്ചു:’I am American’ . പട്ടാളക്കാർ ഒന്നു ഞെട്ടി,കൂടെ ഞാനും. തൊട്ടു പിന്നാലെ ക്യൂവിൽ നിന്ന സകലമാന മലയാളികളും തങ്ങളുടെ പാസ്സ്പോര്ട്ട് പുറത്തെടുത്ത് ,കോറസായി പറഞ്ഞു:’We are all American citizens..’ ഇസ്രായേലുകാരൊക്കെ അമേരിക്ക എന്ന് കേൾക്കുന്നതിന് മുൻപേ അമേരിക്കയിലെത്തി ജീവിതം തുടങ്ങിയ മലയാളികളാണ് അവർ! 40 -50 വർഷമായി അമേരിക്കയിൽ ജീവിക്കുന്നവർ! പട്ടാളക്കാർ ഒന്നും മിണ്ടാതെ തലകുനിച്ച് പിൻവലിഞ്ഞു. ഇസ്രായേലിനു മേൽ മലയാളികൾ നേടിയ വിജയം!

യാത്ര തുടരുന്നു. ഇതിനിടെ സഹയാത്രികരുമായി ഞാൻ സൗഹൃദത്തിലായി. എല്ലാവരും വലിയ ജീവിതവിജയം നേടിയവർ.ഇപ്പോൾ ജീവിത സായാഹ്നം യാത്ര ചെയ്തും മറ്റും ആസ്വദിക്കുന്നവർ. അമേരിക്കയിൽ നിന്ന് വന്നവരെ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു.നാട്ടിൽ നിന്ന് വന്നവരേക്കാൾ സംസ്കാരമതികളാണവർ. വലിയ സംസാരമൊന്നുമില്ല. പെരുമാറ്റത്തിലും പ്രവൃത്തികളിലുമെല്ലാം ആഢ്യത്വം പുലർത്തുന്നവർ.ലോകം കണ്ടതിന്റെ ഗുണമായിരിക്കുമെന്നു ഞാൻ ഉറപ്പിച്ചു.

ബസ് ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിലെത്തി.യേശുദേവന്റെ ജീവിതം ലോകമെമ്പാടുമെത്തിക്കാനായി 12 ശിഷ്യന്മാർ പലരാജ്യങ്ങളിലേക്ക് കപ്പൽ കയറിയ കടൽ തീരമാണ് ഇവിടെ പ്രധാനമായും കാണാനുള്ളത് . ബസ് നിർത്തി എല്ലാവരും പുറത്തിറങ്ങി.കടൽ തീരത്ത് കുറെ നേരം ചിലവഴിച്ച ശേഷം ഞാൻ ബസിൽ കയറി ഇരുന്നു.ഇരുപതു പേരോളം തിരിച്ച് ബസിൽ എത്തിയിട്ടുണ്ട്.മറ്റുള്ളവർ പതിയെ നടന്നു വരുന്നതേയുള്ളൂ. എന്റെ നേരെ പിന്നിലെ സീറ്റിൽ അമേരിക്കയിൽ നിന്നെത്തിയ ദമ്പതിമാർ ഇരിപ്പുണ്ട്.

അപ്പോഴേക്കും മറ്റൊരു അമേരിക്കൻ അപ്പൂപ്പനും അമ്മൂമ്മയും ബസിനുള്ളിലെത്തി. അവർ എന്റെ പിന്നിലിരുന്നവരോട് സൗമ്യമായി പറഞ്ഞു:’ഇത് ഞങ്ങൾ ഇരുന്ന സീറ്റാണ് ‘. ‘ഇഷ്ടം പോലെ സീറ്റ് വേറെയുണ്ടല്ലോ.’-മറുപടി. ‘ഞാൻ ഒരു കർചീഫ് സീറ്റിൽ ഇട്ടിരുന്നു.’-ആദ്യത്തെ അപ്പൂപ്പൻ. ‘ഇതാ നിങ്ങളുടെ കർചീഫ് ‘-സീറ്റിൽ ഇരുന്ന അപ്പൂപ്പൻ കർചീഫ് എടുത്തു നീട്ടി. ‘ഈ സീറ്റ് പോകാതിരിക്കാനാണ് ഞാൻ കർചീഫ് ഇട്ടിട്ടു പോയത്;’ ‘എന്നാൽ ഒരു ബെഡ്ഷീറ് എടുത്ത് ബസിന്റെ മേലെ വിരിക്ക്.അപ്പൊ ബസിൽ എവിടെ വേണേലും ഇരിക്കാമല്ലോ ..’- ഹു ഹു ഹു എന്ന് സലിം കുമാറിനെപ്പോലെ ചിരിച്ചു കൊണ്ട് സീറ്റിലിരുന്ന അപ്പൂപ്പൻ ഉറക്കെ പറഞ്ഞു.

അതോടെ മറ്റേ അപ്പൂപ്പന്റെ പിടി വിട്ടു പോയി. ‘നായിന്റെ മോനെ,നീ എന്നെ പഠിപ്പിക്കാൻ വരണ്ടടാ ..മര്യാദ കെട്ടവൻ..സീറ്റിൽ കയറി ഇരുന്നിട്ട് ന്യായം പറയുന്നോടാ..’-അപ്പൂപ്പൻ അലറി. പിന്നെ നടന്നത് നാട്ടിലെ കള്ളുഷാപ്പിൽ പോലും കേട്ടിട്ടില്ലാത്ത നാടൻ തെറിപ്രയോഗങ്ങളാണ്. ‘എനിക്ക് അറിയാമെടാ..നീ അമേരിക്കയിൽ കോ……ൽ അല്ലേടാ താമസം..നിന്റെ മോൾ സായിപ്പിന്റെ കൂടെപ്പോയി വയറ്റിലുണ്ടാക്കിയതൊക്കെ എനിക്കറിയാമെടാ..’ ‘അറിയാമെങ്കിൽ കണക്കായിപ്പോയി.നീ അമേരിക്കയിൽ വരുന്നതിനു മുൻപ് നിന്റെ ഭാര്യ ലീലാമ്മയ്ക്ക് എന്നതായിരുന്നു അവിടെ പണി എന്ന് അമേരിക്കക്കാർക്ക് മുഴുവൻ അറിയാം..ഫൂ ..’ ‘നാട്ടുകാരുടെ തേങ്ങാ മോഷ്ടിച്ച് പാതിരായ്ക്ക് നാടുവിട്ടേൽപ്പിന്നെ നീ നാട്ടിൽ പോയിട്ടുണ്ടോടാ അയർക്കുന്നംകാരൻ തെണ്ടീ..അവൻ കൊണ……രം പറയാൻ വന്നേക്കുന്നു.ഭ!’

ഇതിനിടെ അമ്മച്ചിമാരും വാക് യുദ്ധം ആരംഭിച്ചു കഴിഞിരുന്നു. അമ്മച്ചിമാരുടെ തെറിപ്രയോഗങ്ങൾ അപ്പച്ചന്മാരുടേതിനേക്കാൾ മ്യാരകവും കർണാനന്ദകരവുമായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ! അമേരിക്കക്കാരൻ അച്ചായൻ പഴയ കുന്നുമ്മേൽ അവറാനായും അമ്മച്ചി ചാളമേരിയായും മാറുന്നത് ഞങ്ങൾ,പച്ചമലയാളികൾ, അത്ഭുതത്തോടെയാണ് കണ്ടു നിന്നത്! എന്തിനേറെപ്പറയുന്നു,സംഭവം കൈയ്യാങ്കളിയിലെത്തി. ഏറെ പണിപ്പെട്ടാണ് വാദികളെയും പ്രതികളെയും പിടിച്ചു മാറ്റിയത്.

എല്ലാം കഴിഞ്ഞപ്പോൾ ഏറ്റവും മുന്നിലിരുന്ന പാലാക്കാരൻ അച്ചായൻ ബസിലെ മൈക്ക് ഗൈഡിന്റെ കൈയ്യിൽ നിന്ന് പിടിച്ചു വാങ്ങിയിട്ട് അനൗൺസ് ചെയ്തു:’വര്ഷങ്ങളായി മറന്നിരുന്ന പച്ചത്തെറികളെല്ലാം ഓർക്കാൻ അവസരമുണ്ടാക്കിത്തന്ന നമ്മുടെ അമേരിക്കൻ സഹോദരങ്ങൾക്ക് നന്ദി.അമേരിക്ക പോലൊരു രാജ്യത്തുപോയി ഇത്ര വർഷം ജീവിച്ചിട്ടും ഇ ത്ര വലിയവരായിട്ടും നിങ്ങളുടെയൊക്കെ ഉള്ളിൽ ആ പഴയ മലയാളിയുണ്ടെന്നറിഞ്ഞതിൽ സന്തോഷം…കർത്താവിനു സ്തോത്രം..’ എന്തായാലും ഈ സംഭവത്തിനു ശേഷം അമേരിക്കക്കാരുടെ ഗമയൊക്കെ പോയി തനി മലയാളികളായി മാറി!

ഒരാഴ്ച കഴിഞ്ഞു. ബസ് ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോയിലെത്തി. ഇവിടെയാണ് ആ ലോകമഹാത്ഭുതം ഞങ്ങളെ കാത്തിരിക്കുന്നത്-ഗ്രേറ്റ് പിരമിഡ്.
4600 വർഷം മുൻപ് മനുഷ്യൻ നിർമിച്ച വിസ്മയ ശിൽപ്പം.യന്ത്ര സഹായമില്ലാതെ കൂറ്റൻ പാറകൾ വെട്ടിയെടുത്ത് ക്രെയ്‌നുകളൊന്നുമില്ലാതെ അവ മേൽ മേൽ കയറ്റി വെച്ച് 147 മീറ്റർ ഉയരത്തിൽ നിർമിച്ച അത്ഭുത നിർമിതി. എന്നെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നാണ് സാധിക്കാൻ പോകുന്നത്. ഹൃദയം പട പടാ മിടിക്കുന്നു. വിറയ്ക്കുന്ന ഹൃദയത്തോടെ,ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ട് ഗ്രേറ്റ് പിരമിഡ് ഉച്ചയോടെ കണ്ടു തീർത്ത് ബസിലെത്തുമ്പോൾ മിക്കവാറുമെല്ലാവരും തിരിച്ചെത്തിയിട്ടുണ്ട്.

ഒരു പാലാക്കാരൻ അച്ചായനും ഭാര്യയുമാണ് എന്റെ അടുത്തിരിക്കുന്നത്. രസികനാണ്‌ അച്ചായൻ.ഇസ്രായേലിൽ വെച്ച് ‘ഇവിടെയാണ് കന്യാ മറിയത്തെ അടക്കിയത്’ എന്ന് പറഞ്ഞ ഗൈഡിനോട് ‘ഇത്ര ഉറപ്പിച്ചു പറയാൻ താൻ ഇവിടെ ഉണ്ടായിരുന്നോ ‘ എന്ന് പാലാക്കാർക്ക് മാത്രം പറ്റുന്ന ടോണിൽ അച്ചായൻ ചോദിക്കുന്നത് ഞാൻ കേട്ടതാണ് !

‘എങ്ങനുണ്ടായിരുന്നമ്മച്ചീ,പിരമിഡ്?’ ക്ഷീണിച്ചിരിക്കുന്ന അമ്മച്ചിയോടു ഞാൻ ചോദിച്ചു. ‘ഓ …ഈ കല്ലടുക്കി വെച്ചിരിക്കുന്നത് കാണാനാണോ മനുഷ്യനെ കെടക്കപ്പായീന്നെഴുനേൽപ്പിച്ച് കൊണ്ടു വന്നത്? ഈ സമയത്ത് വല്ല ഷോപ്പിംഗ് മാളിലും കൊണ്ടു പോയിരുന്നെങ്കിൽ കൊച്ചുങ്ങൾക്ക് തുണിയോ മറ്റോ വാങ്ങാരുന്നു..ഇനിയിപ്പം പിള്ളാരോട് എന്ത് പറയുമോ എന്തോ..’ ഞാൻ തലതല്ലിക്കരഞ്ഞു. 4600 വർഷം പഴക്കമുള്ള പിരമിഡ് എന്റെ മുന്നിൽ തകർന്നു വീണു. ഫറോവമാർ കുഴിമാടത്തിൽ നിന്ന് ഇറങ്ങിയോടി. സ്തോത്രം കർത്താവേ!

Check Also

KSRTC യിലെ ‘തൊരടി പിടിച്ച’ ഹോട്ട് സീറ്റും പാവം കണ്ടക്ടറുടെ പെടാപ്പാടും…

പ്രണയത്തിനു കണ്ണും മൂക്കും ഇല്ലെന്നാണ് പറച്ചിൽ. അപ്പോൾ പ്രണയിക്കുന്നവർക്ക് സ്ഥലകാലബോധം ഇല്ലാതായാലോ? പറഞ്ഞു വരുന്നത് യഥാർത്ഥ പ്രണയത്തെക്കുറിച്ചല്ല, പൊതുസ്ഥലങ്ങളിൽ വെച്ച് …

Leave a Reply