വധൂവരന്മാരെ കണ്ടക്ടർമാരാക്കി പുത്തൻ ട്രെൻഡുമായി വെഡ്ഡിംഗ് ഫോട്ടോഗ്രഫി..

പണ്ടൊക്കെ കല്യാണ ഫോട്ടോ എടുക്കുക എന്ന് പറഞ്ഞാൽ അത് വളരെ ഒതുക്കത്തിൽ ചെയ്യുന്ന ഒന്നായിരുന്നു. ചിലർ സ്റ്റുഡിയോയിൽ പോയി പിന്നിൽ വെള്ളച്ചാട്ടവും മാലയും പുഴയുമെല്ലാം സെറ്റ് ചെയ്തിട്ട് ഫോട്ടോസ് എടുത്ത് ഫ്രയിമി ചെയ്ത് വെക്കുമായിരുന്നു. എന്നാൽ കാലം മാറിയതോടെ വിവാഹ ഫോട്ടോഗ്രഫിയിലെ അനന്ത സാധ്യതകൾക്ക് വഴി തെളിഞ്ഞു. ഫോട്ടോഗ്രാഫർമാർക്ക് തങ്ങളുടെ എല്ലാ കഴിവുകളും പുറത്തെടുക്കുവാനുള്ള അവസരവും കൂടിയായി അത് മാറി.

കയ്യിൽ കാശുള്ളവർ പ്രീ/ പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോഗ്രഫിയ്ക്കായി വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ കിടിലൻ ലൊക്കേഷനുകളിൽ ചെല്ലുവാനും തുടങ്ങി. എന്നാൽ ഇത്തരം ഫോട്ടോകൾ എങ്ങനെ വ്യത്യസ്തമാക്കാം എന്നാണു ഫോട്ടോഗ്രാഫർമാർ ചിന്തിച്ചു തുടങ്ങിയത്. കഴിഞ്ഞയിടയ്ക്ക് വളരെ സിമ്പിളായി ഒരു പ്രീ വെഡ്ഡിംഗ് ഫോട്ടോ ഷൂട്ട് കോട്ടയത്ത് നടന്നു, അത് സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയും ചെയ്തു. കാരണവും വേറൊന്നുമല്ല ഫോട്ടോഷൂട്ടിനായി തിരഞ്ഞെടുത്ത സ്ഥലം കോട്ടയത്തെ തിരക്കേറിയ കെഎസ്ആർടിസി സ്റ്റാൻഡും പ്രൈവറ്റ് സ്റ്റാൻഡും ഒക്കെയായിരുന്നു. വധൂവരന്മാരാകട്ടെ കാക്കി ഡ്രെസ്സൊക്കെയിട്ട് ബസ് കണ്ടക്ടർമാരുടെ വേഷത്തിലും.

ഇത്തരത്തിൽ വ്യത്യസ്തമായ ഒരു വെഡ്ഡിംഗ് ഫോട്ടോഗ്രാഫി പരീക്ഷിച്ചത് ക്യാമറാമാനായ അർജ്ജുൻ തോമസാണ്. വിവാഹ ഫോട്ടോഗ്രാഫിയുടെ പുത്തൻ ട്രെൻഡുകൾ ആയ മരത്തിനു മുകളിൽ തൂങ്ങിക്കിടന്നുള്ള വവ്വാൽ ഫോട്ടോഗ്രാഫിയും വെള്ളത്തിനടിയിലെ ഫോട്ടോഗ്രാഫിയും എല്ലാം സോഷ്യൽ മീഡിയയിൽ വൻ പ്രചാരം നേടിയിരുന്നു. അതിനിടയിലേക്കാണ് വളരെ സിമ്പിളായി അർജ്ജുൻ തൻ്റെ ക്യാമറ തിരിച്ചത്. വെഡ്ഡിംഗ് ഫൊട്ടോഗ്രഫിയിലെ ലക്ഷക്കണക്കുകൾ കേട്ട് കണ്ണ് തള്ളുന്ന വീട്ടുകാരുടെ മുന്നിലേക്കാണ് അർജുൻ തന്റെ ചെലവു കുറഞ്ഞ ഈ പുതിയ ഐഡിയ അവതരിപ്പിക്കുന്നത്.

ഇത്തരമൊരു ആശയം മനസ്സിലുദിച്ചത് വധൂവരന്മാരായ ജെയിംസിനോടും ടിഷയോടും പറഞ്ഞപ്പോൾ അവർ ധൈര്യമായി ഒക്കെ പറഞ്ഞതോടെയാണ് കാര്യങ്ങളുടെ തുടക്കം. പുലർച്ചെ അഞ്ചു മണിയോടെ കാക്കി കുപ്പായമെല്ലാം അണിയിച്ച് യുവമിഥുനങ്ങളെ കോട്ടയം ബസ് സ്റ്റാൻഡിൽ എത്തിച്ചു.  സ്റ്റാൻഡിനുള്ളിലെ ആവി പറക്കുന്ന പലഹാരങ്ങൾ നിറഞ്ഞിരിക്കുന്ന ചായക്കടയുടെ മുന്നിൽ നിന്നുകൊണ്ട് ചെക്കനും പെണ്ണും ചായകുടിക്കുന്ന സീനായിരുന്നു ആദ്യം എടുത്തത്. ആദ്യത്തെ സീൻ തന്നെ ഓക്കേയായതോടെ എല്ലാവരുടെയും ടെൻഷനും പേടിയും ഒക്കെ പമ്പ കടന്നു. എത്രയോ പ്രണയങ്ങൾക്ക് ആനവണ്ടി എന്നു വിളിക്കുന്ന കെഎസ്ആർടിസി ബസും സ്റ്റാൻഡും ഒക്കെ പശ്ചാത്തലമൊരുക്കിയിരിക്കുന്നു. ആ ചിന്തയിൽ നിന്നുമായിരുന്നു ആനവണ്ടി പശ്ചാത്തലമായിട്ടുള്ള ക്ലിക്കുകൾ. ബസ്സിന്റെ മുൻവശവും പിൻവശവും സൈഡുകളും ഉൾവശവും സീറ്റുകളും എന്തിനേറെ പറയുന്നു ചവിട്ടുപടി വരെ ഈ വെഡ്ഡിംഗ് സ്റ്റോറിയ്ക്ക് പശ്ചാത്തലമായി.

ഈ കെഎസ്ആർടിസി വെഡ്ഡിംഗ് കഥയിലെ നായകനും നായികയുമായ ജെയിംസും ടിഷയും വളരെ കൂളായിട്ടാണ് എല്ലാ ചിത്രങ്ങൾക്കും പോസ് ചെയ്തിരിക്കുന്നത്. ഒരിക്കലും ഇതൊരു ഫോട്ടോഷൂട്ട് ആണെന്നോ പോസ് ചെയ്തതാണെന്നോ തോന്നിക്കാത്ത രീതിയിലാണ് ദൃശ്യങ്ങൾ അർജ്ജുൻ പകർത്തിയിരിക്കുന്നത്. വിദേശ ലൊക്കേഷനിൽ മാത്രമല്ല നമ്മുടെ കൺമുന്നിലും ജീവിതമുണ്ടെന്ന് സിനിമകളിലൂടെ വരച്ച് കാട്ടിയ രാജീവ് രവിയും ആഷിഖ് അബുവുമൊക്കെയാണ് അർജുന്റെ റോൾ മോഡൽസ്. ഇത്തരത്തിൽ എടുത്ത ഒരു ചിത്രം ‘ഞാനെടുത്ത ഫോട്ടൊകൾ’ എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതോടെയാണ് ചിത്രവും അർജ്ജുനും ഫേമസ് ആയത്. നിരവധിയാളുകളാണ് ഈ ചിത്രം ഷെയർ ചെയ്തത്. പിന്നീട് എടുത്ത എല്ലാ ചിത്രങ്ങളും വീഡിയോയും ‘Tuesday Lights’ ൻറെ പേജിലും കൂടി വന്നതോടെ ഇത് സോഷ്യൽ മീഡിയ ആഘോഷമാക്കുകയായിരുന്നു. കെഎസ്ആർടിസിയെ പ്രണയ പശ്ചാത്തലമാക്കിയ അർജുന്റെ ഐഡിയക്ക് മനസു നിറഞ്ഞ ആശംസയുമായി കെഎസ്ആർടിസിയിലെ ഉന്നത ഉദ്യോഗസ്ഥരും ആനവണ്ടിപ്രേമികളും എത്തിയിട്ടുണ്ട്.

ചിത്രങ്ങൾക്ക് കടപ്പാട് – അർജ്ജുൻ (Tuesday Lights).

കൂടുതൽ ചിത്രങ്ങൾ താഴെ കാണാം…

ചിത്രങ്ങൾക്ക് കടപ്പാട് – അർജ്ജുൻ (Tuesday Lights).

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply