ആദ്യമായി പഴനിയിലേക്ക് വരുമ്പോൾ പറ്റിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ടവ…

പഴനിയെക്കുറിച്ച് കേള്‍ക്കാത്തവര്‍ ആരുമുണ്ടാകില്ല. ഒരിക്കലെങ്കിലും ഇവിടെ വന്നു ദര്‍ശനം നടത്തണം എന്ന് തോന്നിയിട്ടുണ്ടോ? കൂട്ടിനു മുന്‍പരിചയം ഉള്ളവര്‍ ഇല്ലയെന്ന കാരണത്താല്‍ നിങ്ങളുടെ പഴനിയാത്ര മുടങ്ങരുത്. അങ്ങനെയുള്ളവര്‍ക്കു വേണ്ടിയാണീ പോസ്റ്റ്‌. അതുപോലെതന്നെ ഇവിടെ ആദ്യമായി വരുന്ന മലയാളികള്‍ പറ്റിക്കപ്പെടാന്‍ സാധ്യതകള്‍ വളരെയേറെയാണ്. അത്തരം തട്ടിപ്പുകളില്‍ നിന്നും രക്ഷപ്പെടാനും നിങ്ങള്‍ക്ക് സഹായകമാകും ഈ പോസ്റ്റ്‌.

ആദ്യമായി പഴനിയെപ്പറ്റിയുള്ള ചില ചരിത്രങ്ങളും ഐതിഹ്യങ്ങളും എന്തെന്ന് അറിയാം. തമിഴ്നാട്ടിലെ ദിണ്ടിഗല്‍ ജില്ലയിലാണ് പഴനി എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്. ശിവപാർവതിമാരുടെ പുത്രനായ സുബ്രഹ്മണ്യന്റെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് പഴനിയിലുള്ള പഴനി മുരുകൻ ക്ഷേത്രം. ദണ്ഡും പിടിച്ചു കൊണ്ട് നിൽക്കുന്ന ശ്രീ മുരുകന്റെ പ്രതിഷ്ഠയായതിനാൽ “ദണ്ഡായുധപാണീ ക്ഷേത്രം” എന്ന് അറിയപ്പെടുന്നു. അറിവിന്റെ പഴമെന്ന അർഥമുള്ള “ജ്ഞാനപ്പഴമെന്ന” വാക്കിൽ നിന്നാണ് “പഴനി” എന്ന സ്ഥലനാമം രൂപപ്പെട്ടതെന്ന് പറയപ്പെടുന്നു. തൈമാസത്തിൽ (Jan15- Feb 15) ധാരാളം ഭക്തർ ഇവിടെ ദർശനത്തിനെത്തുന്നു. തൈ മാസത്തിലെ പൗർണമി ദിവസമായ “തൈപ്പൂയമാണ്” പ്രധാന ഉത്സവം. അന്നേ ദിവസം ഭക്തരുടെ കാവടിയാട്ടവും ഭഗവാന്റെ തങ്കരഥത്തിലുള്ള എഴുന്നള്ളത്തും നടക്കുന്നു. നവപാഷാണരൂപിയായ പഴനി മുരുകനെ ദർശിക്കുന്നത് സകല ദുരിതങ്ങളും ശമിപ്പിക്കും എന്നാണ് വിശ്വാസം.

ധാരാളം മലയാളികള്‍ വന്നുപോകുന്ന സ്ഥലമായതിനാല്‍ ഇവിടത്തുകാര്‍ക്ക് നല്ലപോലെ മലയാളം അറിയാം. കേരളത്തില്‍ നിന്നും പഴനിയിലേക്ക് പല വഴികളിലൂടെ എത്തിച്ചേരാം. വടക്ക് – മധ്യ കേരളത്തില്‍ ഉള്ളവര്‍ക്ക് പാലക്കാട് – പൊള്ളാച്ചി – ഉദുമല്‍പേട്ട് വഴിയും തെക്കന്‍ കേരളത്തിലുള്ളവര്‍ക്ക് മൂന്നാര്‍ – ചിന്നാര്‍ – ഉദുമല്‍പേട്ട് വഴിയും പഴനിയില്‍ എത്തിച്ചേരാം. ഒറ്റയ്ക്കോ ഒന്നോ രണ്ടോ പേരായിട്ടോ പോകുകയാണെങ്കില്‍ കെഎസ്ആര്‍ടിസിയുടെ ബസ് സര്‍വ്വീസുകളെ ആശ്രയിക്കുന്നതാകും ഉത്തമം.

തിരുവനന്തപുരം, കൊട്ടാരക്കര, ചേര്‍ത്തല, ചങ്ങനാശ്ശേരി, എറണാകുളം, തൃശ്ശൂര്‍, ഗുരുവായൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നും പഴനിയിലേക്ക് ബസ് സര്‍വ്വീസുകള്‍ ലഭ്യമാണ്. ഇതില്‍ കൊട്ടാരക്കരയില്‍ നിന്നുള്ള സര്‍വ്വീസ് മൂന്നാര്‍ വഴിയും മറ്റുള്ളവ പാലക്കാട്‌ വഴിയുമാണ്‌. സമയവിവരങ്ങള്‍ കൃത്യമായി അറിയുവാന്‍ www.aanavandi.com സന്ദര്‍ശിക്കുക. സീറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുവാനായി www.ksrtconline.com ല്‍ കയറിയാല്‍ മതി. പ്രത്യേകം ശ്രദ്ധിക്കുക – ചില ബസ്സുകള്‍ക്ക് ഓണ്‍ലൈന്‍ റിസര്‍വ്വേഷന്‍ സൗകര്യം ഉണ്ടാകണമെന്നില്ല.

മധ്യകേരളത്തില്‍ നിന്നും പോകുന്നവര്‍ രാവിലെ 7 മണിക്ക് എറണാകുളത്തു വരുന്ന ചേര്‍ത്തല – പഴനി സൂപ്പര്‍ഫാസ്റ്റ് ബസ്സില്‍ കയറിപ്പോകുന്നതായിരിക്കും നല്ലത്. ഈ ബസ് ഉച്ചയോടെ പഴനിയില്‍ എത്തിച്ചേരും. ഉച്ചഭക്ഷണം കഴിക്കുന്നതിനുവേണ്ടി പോകുന്ന വഴിക്ക് നല്ല ഹോട്ടലില്‍ ബസ് നിര്‍ത്തും. പഴനി ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങിക്കഴിഞ്ഞാല്‍ നിങ്ങള്‍ ആദ്യം പേഴ്സ്, മൊബൈല്‍ തുടങ്ങിയവ സുരക്ഷിതമായി സൂക്ഷിക്കുക. നമ്പര്‍ വണ്‍ തട്ടിപ്പുകാര്‍ ഉള്ള സ്ഥലമാണ് ഇതെന്ന് മറക്കരുതേ. ബസ് സ്റ്റാന്‍ഡില്‍ ധാരാളം ഭിക്ഷക്കാര്‍ ഉണ്ടായിരിക്കും. അവരില്‍ കുട്ടികളും ഉണ്ടാകും. പണമൊന്നും കൊടുക്കാതെ അവരെ ശ്രദ്ധിക്കാതെ അവിടുന്ന് നീങ്ങുക. ബസ് സ്റ്റാന്‍ഡില്‍ നിന്നും നടക്കാവുന്ന ദൂരമേയുള്ളൂ പഴനി മല അടിവാരത്തേക്ക്. ആദ്യമായി വരുന്നവര്‍ യാതൊരു കാരണവശാലും സംശയിച്ചു നില്‍ക്കുകയോ പരമാവധി ആരോടെങ്കിലും വഴി ചോദിക്കുകയോ ചെയ്യരുത്. കാരണം അവിടെ നിങ്ങളെ പറ്റിച്ച് കമ്മീഷന്‍ വാങ്ങുവാന്‍ ധാരാളം ഏജന്റുമാര്‍ തക്കം പാര്‍ത്തു നടക്കുന്നുണ്ട്. ബസ് സ്റ്റാന്‍ഡിനു പുറത്ത് കുതിരവണ്ടിയും ഓട്ടോറിക്ഷകളും സവാരിക്കായി കാത്തു നില്‍ക്കുന്നുണ്ടാകും. ആവശ്യമെങ്കില്‍ മാത്രം അവ ഉപയോഗിക്കുക. ഓട്ടം തുടങ്ങുന്നതിനു മുന്‍പ് ചാര്‍ജ്ജ് കൃത്യമായി ചോദിച്ച് മനസ്സിലാക്കുക. അല്ലെങ്കില്‍ പതിയെ നടക്കുക.

അടിവാരത്തിനോട് അടുക്കുന്തോറും “റൂം വേണോ സാര്‍” എന്നൊക്കെ പല വശങ്ങളില്‍ നിന്നും ചോദ്യങ്ങള്‍ വരും. ആരെയും തിരിഞ്ഞു നോക്കാതിരിക്കുക. എല്ലാം പക്കാ ബിസ്സിനസ്സ് തന്നെ. റൂം എടുക്കുകയാണെങ്കില്‍ ഒന്നുകില്‍ ഓണ്‍ലൈനായി മുന്‍കൂട്ടി ബുക്ക് ചെയ്ത് പോകുക. അല്ലെങ്കില്‍ അടിവാരത്തോട് ചേര്‍ന്നുള്ള ലോഡ്ജുകളില്‍ റൂം എടുക്കുക. അടിവരത്തിനോട് ചേര്‍ന്ന് ‘പട്ടയ്യ നായിഡു പാലസ്’ എന്നൊരു സത്രം ഉണ്ട്. അതിന്‍റെ ഒരു ഭാഗം ലക്ഷ്വറി റൂമുകളും മറ്റു ഭാഗം സാധാരണ റൂമുകളും ആണ്. ഏകദേശം 300 -400 രൂപയ്ക്ക് ഒക്കെ സാധാരണ റൂം ലഭിക്കും. മലയാളികള്‍ ധാരാളമായി താമസിക്കുന്ന സ്ഥലമായതിനാല്‍ കുറച്ചുകൂടി സുരക്ഷിതത്വം തോന്നിക്കും എന്നതിനാലാണ് ഈ ലോഡ്ജ് എടുത്തു പറഞ്ഞത്.

മുറി എടുക്കുവാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ നിസ്സാര ചാര്‍ജ്ജ് കൊടുത്ത് കുളിക്കുവാനും ടോയ്ലറ്റില്‍ പോകുവാനുമുള്ള സൌകര്യങ്ങള്‍ അവിടെ ലഭ്യമാണ്. പക്ഷേ റൂം എടുത്തു ഒരു ദിവസം തങ്ങുന്നതായിരിക്കും എന്തുകൊണ്ടും നല്ലത്. വൈകുന്നേരത്തോടെ വെയില്‍ മാറിയാല്‍ മല കയറിത്തുടങ്ങാം. താഴെയുള്ള ഗണപതി കോവിലിന്‍റെ പരിസരത്ത് കച്ചവടക്കാരുടെ പൂരമാണ്‌. മിക്കവരും ജീവിക്കാനുള്ള വഴി തേടുന്നവര്‍. എന്തെങ്കിലും വഴിപാട് ഉണ്ടെങ്കില്‍ അതു മാത്രം ചെയ്യുക. അതിനോടൊപ്പം ഇതു കൂടി ചെയ്യണം എന്നൊക്കെ ചിലപ്പോള്‍ അവര്‍ പറയും. വേണ്ടെങ്കില്‍ വേണ്ടായെന്നു തറപ്പിച്ചു പറയുക. ക്ഷേത്രത്തിലെ മുഖ്യമായ ആചാരമാണ് ഭക്തരുടെ തലയിലെ മുടി നീക്കം ചെയ്ത, ചന്ദനം തേക്കൽ. ബാലമുരുകന്റെ ശിരസ്സിനോട് സാമ്യം തോന്നിക്കാനാണ് ഈ തലമുടി നീക്കം ചെയ്യൽ ചടങ്ങ്. വൈകീട്ടു തലമുണ്ഡനം ചെയ്ത ചന്ദനം തേച്ച് അത് രാത്രിമുഴുവൻ സൂക്ഷിക്കുന്നത് ഭക്തരുടെ ഒരു രീതിയാണ്. മല കയറി മുകളില്‍ എത്തുവാന്‍ ഏകദേശം അരമണിക്കൂര്‍ സമയമെടുക്കും. പിന്നെ അത് നമ്മള്‍ കയറുന്നതിന്റെ വേഗതയെ അനുസരിച്ചിരിക്കും.

ദർശനത്തിനായി ഭക്തർക്ക് ശ്രീകോവിൽ തുറക്കുന്നത് സാധാരണ രാവിലെ 6.00 മണി മുതൽ വൈകീട്ട് 8.00 മണി വരെയാണ്. ഉത്സവദിനങ്ങളിൽ രാവിലെ 4:30 ന് നടതുറക്കും. വിഴ പൂജ (രാവിലെ 6:30), സിരു കാലം പൂജ (രാവിലെ 8:30), കാല ശാന്തി (രാവിലെ 9:00), ഉച്ചികാല പൂജ (ഉച്ചക്ക് 12:00), രാജ അലങ്കാരം (വൈകീട്ട് 5:30), രാക്കാല പൂജ (രാത്രി 8:00), തങ്ക രഥം (വൈകീട്ട് 6:30). ഈ പൂജകൾ നടക്കുമ്പോൾ ഭക്തരെ അറിയിക്കാനായി ക്ഷേത്രത്തിലുള്ള വലിയ മണി മുഴക്കുന്നത് പതിവാണ്. ശാന്തമായ അന്തരീക്ഷത്തിൽ പഴനി നഗരം മുഴുവൻ ഈ മണിയൊച്ച കേൾക്കാൻ കഴിയും. ഇതു കൂടാതെ, ഭഗവാനെ ഉത്സവമൂർത്തിയായി അലങ്കരിച്ച്, സ്വർണ്ണരഥത്തിനുള്ളിൽ (തങ്കത്തേര്) ഇരുത്തി ശ്രീകോവിലിനു ചുറ്റും പ്രദക്ഷിണം നടത്താറുണ്ട്. ഭക്തരായിരിക്കും ഈ രഥം വലിച്ചുകൊണ്ടു പോകുന്നത്. ഇത് കാണുന്നത് പുണ്യമായി കരുതുന്നു.

മുകളില്‍ എത്തിയാല്‍ പണം കൊടുത്തുള്ള ദര്‍ശനവും ഫ്രീ ദര്‍ശനവും ലഭ്യമാണ്. ഫ്രീ ദര്‍ശനം എടുക്കുന്നതായിരിക്കും നല്ലത്. മുകളില്‍ ചെല്ലുമ്പോള്‍ നേരം ഇരുട്ടി തുടങ്ങിയാല്‍ രാത്രിയില്‍ മാത്രം പുറത്തേക്ക് പ്രദക്ഷിണത്തിനായി ഇറക്കാറുള്ള തങ്കത്തേര് കാത്ത് ധാരാളം ആളുകള്‍ നില്‍ക്കുന്നുണ്ടാകും. ദര്‍ശനത്തിനായുള്ള ക്യൂ അധികമൊന്നും ഇല്ലെങ്കില്‍ അവിടെ നില്‍ക്കാതെ വേഗം ദര്‍ശനം നടത്തുവാന്‍ ശ്രമിക്കുക. കാരണം തങ്കത്തേര് പ്രദക്ഷിണം കഴിഞ്ഞാല്‍ പിന്നെ തിരക്ക് കൂടുന്ന സമയമായിരിക്കും. മിക്കവാറും നിങ്ങള്‍ ദര്‍ശനം കഴിഞ്ഞു പുറത്ത് ഇറങ്ങിയാലും തങ്കത്തേര് പ്രദക്ഷിണം കഴിഞ്ഞിട്ടുണ്ടാകില്ല. ഇനി നിങ്ങള്‍ ചെയ്യേണ്ടത് അന്നദാനത്തിനായുള്ള ക്യൂവില്‍ ഇടംപിടിക്കുക എന്നതാണ്. ഈ ക്യൂവില്‍ നില്‍ക്കുന്നതിനിടെ തങ്കത്തേര് അവിടെയെത്തിയിട്ടുണ്ടാകും. അങ്ങനെ അത് ദര്‍ശിക്കുവാനും സാധിക്കും. പിന്നൊരു കാര്യം ഇതെല്ലാം നിങ്ങള്‍ കയറുന്ന സമയവും അവിടത്തെ തിരക്കും അനുസരിച്ചിരിക്കും. അത് നോക്കിക്കണ്ട് വേണ്ടപോലെ ചെയ്യുക.

മദ്ധ്യാഹ്നത്തിൽ കുറച്ചു നേരവും, രാത്രിയിൽ വളരെ നേരത്തെയും ക്ഷേത്രം നട അടക്കും. പ്രതിഷ്ഠ ബാലമുരുകനായതിനാൽ, ബാലകന് ആവശ്യമായ ഉറക്കം കിട്ടുവാനാണെന്നാണ് വിശ്വാസം. കാരണം, ഭഗവാൻ പകലുമുഴുവനും ഭക്തരോട് സംവദിച്ച് ക്ഷീണിതനായിരിക്കുമത്രെ. മറ്റൊരു ഐതിഹ്യം നിലനിൽക്കുന്നത്, എല്ലാ ദിവസവും വൈകീട്ട് ഭഗവാന്റെ പള്ളിയറയിൽ ആ ദിവസത്തെ ക്ഷേത്ര സംബന്ധമായ കണക്കുകൾ ഭഗവാൻ പ്രധാന പുരോഹിതനിൽ നിന്നും കേൾക്കുമത്രെ. അതിനുശേഷം മാത്രമേ ഭഗവാൻ പള്ളിയുറക്കത്തിനു പോകാറുള്ളു.

പഴനിയിലെ ഒരു എടുത്തുപറയേണ്ട കാര്യം എന്തെന്നാല്‍ ഇവിടെ രാവിലെ 8 മണി മുതല്‍ രാത്രി ഏകദേശം 10 മണിവരെ അന്നദാനം ഉണ്ടെന്നതാണ്. ഇലയിട്ടുള്ള നല്ല ഒന്നാന്തരം സദ്യ. പപ്പടവും പായസവും ഒക്കെയുണ്ട്. അന്നദാനത്തിന് ഭക്ഷണം വാങ്ങിയിട്ട് അത് മുഴുവന്‍ കഴിക്കാതെയിരിക്കരുത്. അങ്ങനെവന്നാല്‍ അവരുടെ ശകാരം കേള്‍ക്കേണ്ടി വരും. ഭക്ഷണമൊക്കെ കഴിഞ്ഞു പുറത്തിറങ്ങി മലയുടെ മുകളില്‍ നിന്നുള്ള രാത്രികാഴ്ചകള്‍ ആസ്വദിക്കാം. ഇനി താഴേക്ക് ഇറങ്ങുന്നതിനു മുന്‍പായി പഞ്ചാമൃതവും പ്രസാദവും ഒക്കെ വാങ്ങാവുന്നതാണ്. നിരവധി കൌണ്ടറുകള്‍ മലയുടെ മുകളില്‍ത്തന്നെയുണ്ട്. ഒരു കാര്യം ശ്രദ്ധിക്കുക. പ്രസാദം ഒക്കെ വാങ്ങിക്കഴിഞ്ഞു പണം എത്രയാണെന്ന് കൃത്യമായി കൂട്ടി നോക്കിയിട്ട് കൊടുക്കുക. തിരക്കിനിടയില്‍ അവര്‍ വായില്‍ തോന്നിയ ചാര്‍ജ്ജ് ഒക്കെ പറയുവാന്‍ സാധ്യതയുണ്ട്. അത്തരത്തില്‍ അമളി പറ്റിയവര്‍ ധാരാളമാണ്.

എല്ലാം കഴിഞ്ഞു സാവധാനം മലയിറങ്ങുക. താഴെ ചെറിയ രീതിയില്‍ ഷോപ്പിംഗ് ഒക്കെ നടത്തുവാനുള്ള സൗകര്യങ്ങളുണ്ട്. വിലപേശി വാങ്ങുക. ഇത്രയുമാകുമ്പോഴേക്കും നിങ്ങള്‍ ക്ഷീണിതരായിട്ടുണ്ടാകും. നേരെ റൂമില്‍ച്ചെന്ന് കിടന്നുറങ്ങുക. തിരികെ രാവിലെ സമയത്ത് കെഎസ്ആര്‍ടിസി ബസ്സുകള്‍ പഴനിയില്‍ നിന്നും ഉണ്ടായിരിക്കില്ല. അതിനാല്‍ അതിരാവിലെ ബസ് സ്റ്റാന്‍ഡില്‍ നിന്നും തമിഴ്നാടിന്‍റെ പൊള്ളാച്ചി ബസ് പിടിച്ച് പൊള്ളാച്ചിയിലേക്കും തുടര്‍ന്നു അവിടുന്ന് KSRTC ബസ്സില്‍ പാലക്കാട്‌, തൃശ്ശൂര്‍ ഭാഗത്തേക്കും പോകാവുന്നതാണ്.

Photos : Prasanth SK, Seetharam (drawing).

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply