തൃശ്ശൂർ ജില്ലയിൽ ആരോരുമറിയാതെ കിടന്ന ഒരു വെള്ളച്ചാട്ടം…

കടപ്പാട് – ബിബിൻ രാമചന്ദ്രൻ.

തൃശ്ശൂർ ജില്ലയിലെ ഒരു വെള്ളച്ചാട്ടമാണ് പട്ടത്തിപ്പാറ വെള്ളച്ചാട്ടം. തൃശൂര്‍ നഗരത്തില്‍ നിന്നും വെറും പന്ത്രണ്ട് കിലോമീറ്റര്‍ അകലത്തില്‍ ഈ സുന്ദരമായ വെള്ളച്ചാട്ടം ഇത്രയും നാള്‍ അധികം ആരും അറിയാതെ മറഞ്ഞു കിടക്കുകയായിരുന്നു . തൃശൂര്‍ ജില്ലക്കാര്‍ മുഴുവന്‍ കിലോമീറ്ററുകൾ താണ്ടി അതിരപ്പിള്ളി – വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങൾ കാണാന്‍ പോകുമ്പോള്‍ ആരോരും അറിയാതെ കിടന്ന ഈ പാവം പട്ടത്തിപ്പാറ പരിഭവങ്ങൾ ഉള്ളിലൊതുക്കി ഇരിക്കുകയായിരുന്നു.

തൃശൂർ നഗരത്തിൽ നിന്നും പാലക്കാട് ദേശീയപാതയിൽ മണ്ണുത്തി കഴിഞ്ഞ് ചെമ്പ്രൂത്ര അമ്പലത്തിലേക്കുള്ള വഴിയിലൂടെ സഞ്ചരിച്ചാൽ ഈ വെള്ളച്ചാട്ടത്തിലെത്തിച്ചേരാം. അമ്പലവും കഴിഞ്ഞു നേരെ പോയാൽ ഒരു കനാൽ കാണാം. കനാലിന്റെ അരുകില്‍ വണ്ടി പാര്‍ക്ക് ചെയ്തു കുറച്ചു നടന്നാല്‍ ഈ മനോഹര പ്രദേശത്തു എത്തിച്ചേരാം. ബൈക്കില്‍ വരുന്നവര്‍ അല്പം സാഹസികത നിറഞ്ഞ കാട്ടുവഴികളിലൂടെ വെള്ളച്ചാട്ടത്തിന്റെ ഏകദേശം അടുത്തു എത്താന്‍ കഴിയും.  വെള്ളായനി മലയിൽ നിന്ന് ഉത്ഭവിക്കുന്ന ജലം കാട്ടിലൂടെ ഒഴുകി 25 അടി താഴ്ചയിലേക്ക് പതിക്കുന്ന മനോഹരമായ ദൃശ്യമാണ് പട്ടത്തിപ്പാറയിൽ നിങ്ങളെ കാത്തിരിക്കുന്നത്. കാടിനോടും വള്ളിപ്പടർപ്പുകളോടും കിന്നാരംചൊല്ലി മറഞ്ഞു കിടന്ന് ഒഴുകുകയാണവൾ… തൃശ്ശൂർക്കാരുടെ സ്വന്തം പട്ടത്തിപ്പാറ വെള്ളച്ചാട്ടം..!!

പട്ടത്തിപ്പാറ എന്ന പേരിനുപിന്നിൽ ചെറിയൊരു കഥയുമുണ്ട്.. പണ്ട് പണ്ട് ഒരു പട്ടത്തി (തൃശ്ശൂരിലേ തമിഴ് ബ്രാഹ്മണന്‍മാരെ സാധാരണ പട്ടന്മാര്‍ എന്നാണു വിളിക്കാറ് ) തന്റെ വീട്ടിലേക്കു അത്യാവശ്യമായി കുറച്ചു വിറകിനു ആവശ്യം വന്നപ്പോൾ അടുത്തുള്ള വെള്ളാനി കാട്ടിലേക്കു പോയി വിറക് ശേഖരിച്ചു. അവർ മടങ്ങിവരവേ ഈ വെള്ളച്ചാട്ടത്തിൽ വീണു മരണമടഞ്ഞെന്നും അതിൽ നിന്നുമാണ് ഈ പേരു ലഭിച്ചതെന്നു പറയപ്പെടുന്നു.

പട്ടത്തിപ്പാറയിൽ എത്തിച്ചേരാൻ : തൃശൂർ പാലക്കാട് റൂട്ടിൽ, പട്ടിക്കാട് എത്തുന്നതിനു ഒരു കിലോമീറ്റർ മുന്നേ ചെമ്പൂത്ര എന്നൊരു സ്ഥലമുണ്ട്. ചെമ്പൂത്ര കൊടുങ്ങല്ലൂര്‍ക്കാവ്‌ ക്ഷേത്രത്തിലേക്കുള്ള വഴിയിലൂടെ മൂന്നു കിലോമീറ്റർ സഞ്ചരിച്ചാൽ ഈ സ്ഥലത്തെത്താം. വെള്ളച്ചാട്ടത്തിനു 200 മീറ്റർ അകലെവരെ കാർ പോകും. ചെമ്പൂത്ര അമ്പലത്തിനടുത്തു എത്തീട്ടു ഏതു കുട്ടിയോട് ചോദിച്ചാലും പറഞ്ഞുതരും പട്ടത്തിപ്പാറയിലേക്കുള്ള വഴി. ഫാമിലിക്കൊക്കെ ധൈര്യമായിട്ടു വരാം. പാറക്കെട്ടിനു മുകളില്‍ നിന്നും പതിക്കുന്ന ജലധാര, വെളളത്തില്‍ കളിക്കുന്നവര്‍ ധാരളമുണ്ടെങ്കിലും പൂര്‍ണമായും സുരക്ഷിതമെന്നു പറയാനാവില്ല. അതുകൊണ്ടുതന്നെ കാഴ്‌ചയ്‌ക്കപ്പുറം കുളിക്കാനിറങ്ങുന്നതും മുകലിലേക്കു നടക്കുന്നതും അപകടസാധ്യതയുളള സാഹസികത തന്നെയാണ്‌. 125 അടി ഉയരത്തില്‍ നിന്നും താഴേക്കു പതിക്കുന്ന വെളളച്ചാട്ടം മൂന്ന്‌ സ്റ്റെപ്പുകളായാണ്‌ പതിക്കുന്നത്‌. ജൂണ്‍ മുതല്‍ ആരംഭിക്കുന്ന ജലപാതം ജനുവരി ആദ്യവാരം വരെ സജീവമാകും. കാടിനുളളിലുടെ സാഹസികയാത്രയിഷ്‌ടപ്പെടുന്നവര്‍ക്കും പട്ടത്തിപ്പാറയിലേക്കു വരാം.

പട്ടത്തിപ്പാറ.. ഇത് തൃശൂർക്കാരുടെ ഒരു സ്വകാര്യ അഹങ്കാരട്ടാ ഗഡിയെ..ഇവിടെ വന്നിട്ട് ഫുഡ് വേസ്റ്റ് ഒക്കെ കാട്ടിലിട്ടുപോയാൽ നാട്ടാർഡെന്നു നല്ല ബസ്റ്റ് അടി കിട്ടുംട്ടാ..അതോണ്ട് ഭക്ഷണം കൊണ്ടു വരുന്നവർ ദയവായി പ്ലാസ്റ്റിക് കവറുകളും വെള്ളം കുപ്പികളും കാട്ടിൽ ഉപേക്ഷിക്കാതെ തിരികെ കൊണ്ടുപോവുക… വനംവകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്തു സഞ്ചാരികൾക്ക് ഉപകാരപ്രദമായ രീതിയിൽ സൗകര്യങ്ങളൊരുക്കിയാൽ പട്ടത്തിപ്പാറ വെള്ളച്ചാട്ടം കൂടുതൽ ജനപ്രിയമാകുമെന്നുറപ്പാണ്.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply