മലേഷ്യയിലെ കൊച്ചു ഗോവ; പോർട്ട് ഡിക്‌സണിലെ കാഴ്ചകൾ…

മലേഷ്യയിലെ ഞങ്ങളുടെ അവസാന രാത്രിയാണ് ഇന്ന്. മലേഷ്യയിലെ കൊച്ചു ഗോവയായ പോര്‍ട്ട്‌ ഡിക്സണില്‍ കോറസ് പാരഡൈസ് എന്ന ബീച്ച് റിസോര്‍ട്ടിലായിരുന്നു ഞങ്ങളുടെ താമസം. റിസോര്‍ട്ടില്‍ എത്തിയപ്പോള്‍ രാത്രി വൈകിയിരുന്നതിനാല്‍ അന്ന് ഞങ്ങള്‍ക്ക് കാഴ്ചകള്‍ ഒന്നുംതന്നെ കാണുവാന്‍ കഴിഞ്ഞില്ല. അങ്ങനെ ഞങ്ങള്‍ ക്ഷീണം മാറ്റുവാനായി കിടക്കയിലേക്ക് ചാഞ്ഞു.

നല്ലൊരു ഉറക്കത്തിനുശേഷം രാവിലെ പത്തു മണിയോടെ ഞങ്ങള്‍ എഴുന്നേറ്റു. എഴുന്നേറ്റപാടെ ഓടിച്ചെന്ന് ചില്ലു ജനാലയിലൂടെ പുറത്തേക്ക് നോക്കി. വൌ….കിടിലന്‍ കാഴ്ച തന്നെയായിരുന്നു. നല്ലൊരു അടിപൊളി ബീച്ച്… ബീച്ചിലേക്ക് പോകുവാനുള്ള തിടുക്കം കാരണം പെട്ടെന്നുതന്നെ റെഡിയായി. താഴെ റെസ്റ്റോറന്റില്‍ ചെന്ന് ബ്രേക്ക് ഫാസ്റ്റ് കഴിച്ചു. കൂടുതലും ചൈനീസ് ഭക്ഷണങ്ങള്‍ ആയിരുന്നു കഴിക്കുവാന്‍. എന്തോ ഒന്നും അത്ര തൃപ്തികരമായില്ല.

ബ്രേക്ക് ഫാസ്റ്റിനു ശേഷം ഞങ്ങള്‍ താഴെ ബീച്ചിനോട് ചേര്‍ന്നുള്ള സ്വിമ്മിംഗ് പൂളിലേക്ക് നടന്നു. രാവിലെ സമയമായതിനാലായിരിക്കും പൂളില്‍ ആരുംതന്നെ ഉണ്ടായിരുന്നില്ല. ഞാന്‍ കുറച്ചുനേരം പൂളില്‍ കിടന്നു എന്‍ജോയ് ചെയ്തു. നല്ല ചൂട് കാലാവസ്ഥയായിരുന്നു. പൂളിലെ വെള്ളത്തില്‍ കിടക്കുമ്പോള്‍ എന്തൊരു സുഖം… ആഹാ… അല്‍പ്പസമയത്തിനു ശേഷം മറ്റൊരു ഫാമിലിയും കൂടി പൂളില്‍ ഇറങ്ങി. അച്ഛനും മക്കളും ഒക്കെ പൂളില്‍ കിടന്നു രസിക്കുവാന്‍ തുടങ്ങി. ആ സമയം ഞാന്‍ പൂളില്‍ നിന്നും കയറി. പൂളിലെ കുളിയൊക്കെ കഴിഞ്ഞപ്പോള്‍ വല്ലാത്ത ഒരുന്മേഷം…

പിന്നീട് ഞങ്ങള്‍ ബീച്ചിലേക്ക് നടന്നു. വെയിലും ചൂടുമൊക്കെ ഉണ്ടെങ്കിലും നല്ല കാറ്റുണ്ടായിരുന്നു അവിടെ. ബീച്ച് സൈഡില്‍ നിറയെ തെങ്ങുകളുണ്ടായിരുന്നു. ഹോട്ടല്‍ ജീവനക്കാര്‍ ആ സമയത്ത് തോട്ടി കൊണ്ട് തെങ്ങില്‍ നിന്നും തേങ്ങയിടുന്നുണ്ടായിരുന്നു. തെങ്ങുകള്‍ക്ക് പൊക്കം കുറവായിരുന്നു കെട്ടോ. തേങ്ങകളാണെങ്കില്‍ നല്ല മത്തങ്ങ വലിപ്പമുള്ളതും. ബീച്ചിലെ കാഴ്ചകള്‍ നന്നായി രസിക്കാന്‍ തക്കവണ്ണം ആയിരുന്നു. രവിലെയായതിനാല്‍ അവിടെയെങ്ങും ആരുമുണ്ടായിരുന്നുമില്ല. ബീച്ചില്‍ സാഹസികപ്രിയര്‍ക്കായി കുറച്ച് ആക്ടിവിറ്റികള്‍ ലഭ്യമാണ്. തായ്‌ലാന്‍ഡില്‍ ചെന്ന് എല്ലാം നടത്തി വന്നതുകാരണം ഞങ്ങള്‍ ഒന്നിനും പോയില്ല.

ഉച്ചവരെ ഞങ്ങള്‍ ബീച്ചിലെ കാഴ്ചകള്‍ ആസ്വദിച്ചുകൊണ്ട് നടന്നു. ഉച്ചഭക്ഷണത്തിനു ശേഷം ഞങ്ങള്‍ സാധനങ്ങള്‍ പാക്ക് ചെയ്ത് പോകുവാന്‍ റെഡിയായി. വൈകീട്ട് രാജു ഭായ് ഞങ്ങളെ കൊണ്ടുപോകാന്‍ കാറുമായി എത്തി. ഇനി ഇവിടെനിന്നും നേരെ എയര്‍പോര്‍ട്ടിലേക്ക്. അങ്ങനെ ഞങ്ങളുടെ മലേഷ്യന്‍ ട്രിപ്പിന്‍റെ അവസാന ഘട്ടമായി. ഹൈവേയിലൂടെ രാജു ഭായ് കാര്‍ പറപ്പിച്ചു വിട്ടു. സന്ധ്യയോടെ ഞങ്ങള്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്നു. ഇത്രയും ദിവസത്തെ പരിചയമേ ഉള്ളൂവെങ്കിലും രാജുഭായിയുമായി ഞങ്ങളെല്ലാം നല്ല കമ്പനിയായി മാറിയിരുന്നു. പിരിയാന്‍ നേരം രാജു ഭായിയുടെ മുഖത്ത് വല്ലാത്തൊരു സങ്കടം കണ്ടു.

ഞങ്ങളുടെ വിമാനം രാത്രിയിലായിരുന്നു. മടക്കയാത്രയില്‍ സഞ്ജീവ് ഭായിയും ഞങ്ങളോടൊപ്പം കൊച്ചിയിലേക്ക് ഉണ്ട്. എയര്‍പോര്‍ട്ടില്‍ അത്യാവശ്യം നല്ല തിരക്കുണ്ടായിരുന്നു. എയര്‍ ഏഷ്യയുടെ ബാഗേജ് (drop) ചെക്ക് ഇന്‍ കൌണ്ടറില്‍ വളരെയധികം സമയമെടുത്തു. ബാഗേജ് എല്ലാം ഡ്രോപ്പ് ചെയ്തിട്ട് സെക്യൂരിറ്റി ചെക്കിംഗും കഴിഞ്ഞു ഞങ്ങള്‍ അകത്തേക്ക് കയറി. എല്ലാവര്ക്കും നല്ല വിശപ്പുണ്ടായിരുന്നതിനാല്‍ എയര്‍പോര്‍ട്ടിനകത്തെ ഒരു KFC യില്‍ നിന്നും ഞങ്ങള്‍ തിരക്കിട്ട് ഭക്ഷണം കഴിച്ചു.

ഭക്ഷണം കഴിച്ചുകഴിഞ്ഞപ്പോഴേക്കും ഞങ്ങളുടെ വിമാനത്തിലേക്കുള്ള ഫൈനല്‍ ബോര്‍ഡിംഗ് ആരംഭിച്ചിരുന്നു. ഓടിക്കിതച്ചു വന്ന ഞങ്ങള്‍ ഏറ്റവും അവസാനമായിട്ടാണ് വിമാനത്തില്‍ കയറിയത്. ഞങ്ങള്‍ കയറിക്കഴിഞ്ഞ് കുറച്ചു സമയത്തിനുള്ളില്‍ വിമാനം കൊച്ചി ലക്ഷ്യമാക്കി പറന്നു. വിമാനത്തിലിരുന്നുകൊണ്ട് ഒന്നുകൂടി ഞാന്‍ മലേഷ്യയെ നോക്കിക്കണ്ടു. ഗുഡ് ബൈ മലേഷ്യ…

നാലു മണിക്കൂര്‍ യാത്രയ്ക്കുശേഷം ഞങ്ങള്‍ കൊച്ചിയില്‍ ലാന്‍ഡ് ചെയ്തു. ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നും ചെറിയ രീതിയില്‍ പര്‍ച്ചേസ് ഒക്കെ നടത്തിയശേഷം ഞങ്ങള്‍ പുറത്തേക്ക് ഇറങ്ങി. എയര്‍പോര്‍ട്ടിലെ അറൈവല്‍ ഗേറ്റില്‍ ഉറ്റവരെ പ്രതീക്ഷിച്ചു നില്‍ക്കുന്ന സന്തോഷം നിറഞ്ഞ കുറേ മുഖങ്ങളായിരുന്നു ഞങ്ങളെ എതിരേറ്റത്. അങ്ങനെ സംഭവ ബഹുലമായ ഞങ്ങളുടെ മലേഷ്യന്‍ യാത്രയ്ക്ക് ഇവിടെ സമാപ്തി കുറിക്കുകയാണ്. ഈ ദിവസങ്ങളിലെല്ലാം ഞങ്ങള്‍ നന്നായി എന്‍ജോയ് ചെയ്തിരുന്നു. ഇനി ആ ഓര്‍മ്മകളുമായി വീട്ടിലേക്ക് മടക്കം…

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply