കൊടുങ്കാറ്റുകളോടൊപ്പം ഇളകിമറിഞ്ഞുകൊണ്ട് ഒരു കടല്‍ യാത്ര……..

വിവരണം – ബക്കർ അബു (നാവികൻ).

കപ്പല്‍ കനഡയില്‍ നിന്നും വടക്കന്‍ ജപ്പാനിലേക്കുള്ള യാത്രയിലായിരുന്നു. ശാന്തസമുദ്രത്തിന്‍റെ കിഴക്ക് നിന്നും പടിഞ്ഞാറിലേക്കുള്ള യാത്ര. കൊടുങ്കാറ്റിന്‍റെ സീസണുകളില്‍ ശാന്തസമുദ്രത്തിലെ കാലാവസ്ഥയ്ക്ക് സമുദ്രത്തിന്‍റെ ആ പേരിനോട് മതിയായ വിയോജിപ്പുണ്ട്. കാറ്റിന്‍റെ കൊടുംവിക്ഷോഭ കാലം ജൂണ്‍ മുതല്‍ നവംബര്‍ വരെയാകുന്നു.. ആഗസ്റ്റ്‌, സെപ്റ്റംബര്‍ മാസമാവുമ്പോള്‍ കൊടും ചുഴലികള്‍ ഏതു സമയവും രൂപപ്പെട്ടു വന്നെന്നിരിക്കും.. നോര്‍ത്ത് പസഫിക്കില്‍ അലാസ്കയിലെയും സൈബീരിയയിലെയും കാലാവസ്ഥാ വ്യതിയാനം സൃഷ്ടിച്ചു വിടുന്ന കൊടുങ്കാറ്റുകള്‍ അലൂഷ്യന്‍ ദ്വീപ്‌ മുതല്‍ ജപ്പാന്‍റെ വടക്ക് വരെ കടല്‍ക്ഷോഭം ഉണ്ടാക്കുന്നതാണ് ഇതിന്‍റെ ഫലം.. ശൈത്യകാലത്ത് അസഹനീയമായ അസ്ഥിതുളച്ചേറുന്ന തണുപ്പ് സഹിക്കാന്‍ കഴിവുള്ളവര്‍ക്കേ ഈ വഴിയിലൂടെ യാത്ര ചെയ്യാന്‍ കഴിയുകയുള്ളൂ.

ഓഷ്യന്‍ ചലഞ്ചര്‍ എന്ന ഞങ്ങളുടെ കപ്പല്‍ അത്തരം ഒരു യാത്രയില്‍ മൃതിയെ മുഖാമുഖം കണ്ട് ആടിയുലയുകയായിരുന്നു.. ആര്‍ത്തിരമ്പുന്ന കടലില്‍ ഹാന്‍ഡ് സ്റ്റീയറിംഗില്‍ പോലും കപ്പല്‍ നിയന്ത്രണത്തില്‍ നില്‍ക്കുന്നില്ല. ഉയര്‍ന്ന തിരമാലകളും കനത്ത കാറ്റും കടലില്‍ ചക്രം തിരിയുന്നതിനിടയില്‍ കപ്പല്‍ മുന്നോട്ടു നീങ്ങാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു… കാറ്റും കടലും രൌദ്രമാവുമ്പോള്‍ മദംപൊട്ടിയ തിരമാലകള്‍ ഇരുമ്പ് നൌകയെ അടിച്ചു പതം വരുത്തുന്നുണ്ട്. .ആ പതംവരുത്തലില്‍ അമ്മയുടെ മുലപ്പാല്‍ കണ്ണില്‍ നിന്നും തുള്ളി തുള്ളിയായി കനിഞ്ഞിറങ്ങി വരും . അപ്പോള്‍ കടല്‍ കാഴ്ചയില്‍ നിന്ന് മാഞ്ഞുപോവുകയും ജീവിതം കടലിനേക്കാള്‍ വലുതായി കണ്ണിലേക്ക് തിരിച്ച് കയറിവരുന്നതും കാണാം. അവിടെയാണ് യഥാര്‍ത്ഥത്തില്‍ ഒരു സീമാന്‍ ജനിക്കുന്നത്.

സമുദ്രത്തിന് അതിന്‍റെതായ ചില നിയമങ്ങളുണ്ട്. കാറ്റിന്‍റെ ശക്തിക്കനുസരിച്ച് ആയിരം മൈലുകളോളം തിരമാലകള്‍ ദീര്‍ഘ സഞ്ചാരം നടത്തും. അതൊരു സുനാമിയുടെ ശക്തിയിലായാലും അങ്ങിനെതന്നെ, ഓര്‍ക്കുന്നില്ലേ, ആയിരത്തി തൊള്ളായിരത്തി അറുപതില്‍ സമുദ്രങ്ങളായ സമുദ്രങ്ങളെയും മനുഷ്യരാശിയെ മൊത്തമായും പ്രകമ്പനം കൊള്ളിച്ച സുനാമി, അന്ന് ചിലിയില്‍ നിന്നുയര്‍ന്ന തിരമാലകള്‍ പതിനേഴായിരം കിലോമീറ്റര്‍ വെറും ഇരുപത്തിരണ്ടു മണിക്കൂര്‍ സമയം എടുത്തു കൊണ്ട് ശാന്തസമുദ്രത്തിന്‍റെ ഇങ്ങേയറ്റമുള്ള ജപ്പാനില്‍ പോലും കൊടുംഭീതി വിതച്ചു. ഹവായി കടന്നു വന്ന വന്‍തിരമാലകള്‍ക്ക് മുപ്പത്തിയഞ്ച് അടിയോളം ഉയരമുണ്ടായിരുന്നു. ഒരു സമുദ്രവും ശാന്തമല്ല, സ്ത്രീയുടെ മനസ്സാണ് എല്ലാ സമുദ്രത്തിനും!!!!

ശാന്തസമുദ്രത്തെ ചെകുത്താന്‍ നിറഞ്ഞാടുന്ന കടല്‍ എന്ന് ചൈനക്കാര്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ വിശേഷിപ്പിച്ചിട്ടുണ്ട്. ലോകത്തുള്ള എല്ലാ സമുദ്രങ്ങളിലുമുള്ള ജലത്തിന്‍റെ അളവ് നോക്കിയാല്‍ അമ്പതു ശതമാനത്തോളം അത് ശാന്തസമുദ്രത്തിന്‍റെ വകയാണ്. പതിനൊന്ന് കിലോമീറ്റര്‍ ആഴമുള്ള മരിയാന ട്രെഞ്ചില്‍ ഹിമാലയ പര്‍വ്വതം മുങ്ങിയാലും പിന്നെയും സ്ഥലം ബാക്കിയാവുന്ന ഗര്‍ത്തങ്ങള്‍ ശാന്തസമുദ്രത്തിന്‍റെ ആഴ വിശേഷങ്ങളായി നമ്മെ ഇന്നും പേടിപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.

കാനഡയില്‍ നിന്നും ജപ്പാനിലെ ഖവാസാക്കിയിലെക്ക് ഒന്നരലക്ഷം ടണ്‍ ഇരുമ്പയിരും വഹിച്ച് യാത്ര തിരിച്ച ബ്രിട്ടന്‍റെ അതിഭീമാകാരനായ ഒരു ചരക്ക് കപ്പല്‍ ‘’ഡബിഷെയര്‍’’ 1980 സെപ്റ്റംബര്‍ ഒന്‍പതിന് ചെകുത്താന്‍ കടലില്‍ കാണാതായി. ഒക്കിനാവയില്‍ നിന്നും ഇരുനൂറ്റിമുപ്പത് മൈല്‍ ദൂരത്തായിരുന്നു കപ്പലിന്‍റെ അവസാനം അറിയപ്പെട്ടിരുന്ന പൊസിഷന്‍. ആറു ദിവസത്തെ അന്വേഷണത്തിന് ശേഷം ഒരു വിവരവും കിട്ടാതായപ്പോള്‍ നാല്പത്തിനാല് പേരുടെ ജീവനും കപ്പലും എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന് കമ്പനി പ്രഖ്യാപിച്ചു. ഇതിന് മുന്‍പും നൂറുക്കണക്കിന് കപ്പലുകളെയും അതിലുണ്ടായിരുന്ന മനുഷ്യരെയും ശാന്തസമുദ്രം അതിന്‍റെ ഗര്‍ത്തങ്ങളിലേക്ക് വലിച്ചെടുത്തിട്ടുണ്ട്. കടല്‍ ഒരേസമയം അഭയവും കണ്ണീരുമാണ്.

ജപ്പാനില്‍ എത്തുന്നതിന് മുന്‍പ് ഈ യാത്രയുടെ മധ്യവേളയില്‍ ബെറിംഗ് സീയുടെ അടിയേറ്റു വാങ്ങാനുണ്ടായിരുന്നു. കപ്പല്‍ ബെറിംഗ് സീയിലെക്കുള്ള പ്രയാണത്തിലാണ്. കാലാവസ്ഥ മഞ്ഞുടുപ്പ് എടുത്ത് അണിയുകയാണിപ്പോള്‍. കപ്പല്‍ യുനിമാക് പാസ്സേജിലൂടെ ശാന്തസമുദ്രത്തില്‍ നിന്നും ബെറിംഗ് സീയിലേക്ക് കടന്നു. ബെറിംഗ് സീയില്‍ കാലന്‍കാറ്റ് വീശുകയാണ് . മഞ്ഞുകണങ്ങള്‍ മയ്യത്ത് പുതപ്പിക്കുന്ന വെള്ളവസ്ത്രം ചീന്തിയെറിഞ്ഞത്പോലെ കപ്പലിലേക്ക് പാറിയടുക്കുന്നുണ്ട്. മഞ്ഞും കാറ്റും പെരുവിരലുകളിലൂടെയും കാതുകളിലൂടെയും കനപ്പെട്ട് വരുമ്പോള്‍ ചോര കട്ടപിടിക്കുമോയെന്നൊരു മനോഭയം. പ്രക്ഷുബ്ധമായ കടലും കാലാവസ്ഥയും മനസ്സിനെ ആകമാനം പിടിച്ചുലച്ചിരിക്കുന്നു. ചിരിമാഞ്ഞ വരണ്ടുകീറിയ ചുണ്ടുകള്‍ ശൈത്യത്തിന്‍റെ രണ്ടു ധൃവങ്ങളെ ഒന്നിച്ചു ചേര്‍ത്ത് വെച്ചത്പോലെയുണ്ട്. ശരീരം മുഴുവന്‍ തണുത്ത രക്തം അടിഞ്ഞു കൂടിയത്പോലെ.. നാവിന് മുലകുടിക്കുന്ന കുഞ്ഞിന്‍റെ മുഖമനക്കംപോലുമില്ല, ആകെ ഒരു മരവിപ്പാണ്. കടല്‍ ആര്‍ത്തും ശരീരം തണുത്തുമാണ് ഈ യാത്ര.

മരണഭീതിയാല്‍ പ്രാര്‍ഥിക്കുന്നവന്‍റെ കണ്ഡനാളത്തില്‍ ശബ്ദമില്ലാതെ അടഞ്ഞുകിടക്കയാണ് ദൈവം. കാറ്റ് കുറുകിപ്പെരുകി ഇടഞ്ഞാടി കപ്പലിന്‍റെ ചില്ലില്‍ മുഖമുരുമ്മി ഭീതിയുടെ താക്കീതുമായി അമര്‍ന്നടിച്ച് പുറത്തേക്ക് വീണു കൊണ്ടേയിരുന്നു. ബെറിംഗ് സീയില്‍ കാലന്‍കാറ്റ് വീശിക്കെണ്ടേയിരിക്കുന്നു.”നിങ്ങള്‍ എപ്പോഴെങ്കിലും ഇത്ര കടുത്ത തണുപ്പ് അറിഞ്ഞിട്ടുണ്ടോ”? ക്യാപ്റ്റന്‍ സുധീര്‍ മാധവിന്‍റെ ചോദ്യം.. പുതുപ്പണത്ത് താമസിക്കുന്ന കാലത്ത്, പണ്ടൊക്കെ നവംബറിന്‍റെ നേരിയ വിറയലില്‍ വരണ്ട കൈകളിലെ രോമക്കുഴികളിലൂടെ തണുപ്പ് പുറത്തോട്ട് ഉരുണ്ടു നിന്ന് ചിന്തിക്കുന്നത് കണ്ടതാണെന്‍റെ തണുപ്പ്. ആ തണുപ്പ് മാറ്റാന്‍, പറമ്പിന്‍റെ ഓരത്ത് എടുത്തൊരു കുഴിയില്‍ ചപ്പും ചകിരിയും ചുള്ളിക്കമ്പും നിറച്ച് കാലത്തൊരു തീകായല്‍.. ഇന്ന് ആ തണുപ്പില്ല, തീ മാത്രമേയുള്ളൂ എങ്ങോട്ട് തിരിഞ്ഞാലും മനസ്സിന്‍റെ വേവലാ ‘തീ.

ഖുശീറോ എത്താന്‍ ഇനിയും ദിവസങ്ങള്‍ ബാക്കിയുണ്ട് . ബെറിംഗ് സീയില്‍ നിന്ന് വീണ്ടും ശാന്തസമുദ്രത്തിലിറങ്ങി കുറില്‍ ദ്വീപുകളുടെ തെക്ക് ഭാഗത്തൂടെയാണ് തുടര്‍ന്നുള്ള യാത്ര. കാറ്റിന് കനം കൂടി വരുന്ന ദിവസങ്ങളാണ് ഇനിയങ്ങോട്ടുള്ളത്. അലാസ്കയില്‍ നിന്നും ഉത്ഭവിച്ച് മണിക്കൂറില്‍ ഇരുനൂറ്റി അന്‍പത്താറു കിലോമീറ്റര്‍ വേഗതയില്‍ പടിഞ്ഞാറന്‍ അലുഷ്യന്‍ ദ്വീപ്‌ കടപുഴക്കിയെറിഞ്ഞ്, ശാന്തസമുദ്രം കീഴ്മേല്‍ മറിച്ച കാറ്റിന്‍റെ ചരിത്രം പറയുകയായിരുന്നു ചീഫ് എഞ്ചിനീയര്‍ ആന്ദ്രെ.. “നമ്മള്‍ ഖുശീരോക്ക് പകരം ജപ്പാനിലേ വക്കാ നെയില്‍ പോയിരുന്നേല്‍ ചില അത്ഭുതങ്ങള്‍ കാണാമായിരുന്നു” ചീഫ് എഞ്ചിനീയര്‍ ആന്ദ്രെ ക്യാപ്റ്റനോട് പറഞ്ഞു. “താര്‍ത്താരി സീയിലൂടെ നിങ്ങള്‍ക്ക് വ്ലാടിവസ്റ്റൊക്ല്‍ (റഷ്യ) എളുപ്പത്തില്‍ പോകാനാണോ ഉദ്ദേശം” ക്യാപ്റ്റന്‍ തിരിച്ചു ചോദിച്ചു.

“തര്‍ത്താരി കടല്‍ ശൈത്യകാലത്ത് മരവിച്ചു കിടക്കും. അപ്പോള്‍ അതിലൂടെയുള്ള യാത്ര അത്ര എളുപ്പമല്ല. ഞാന്‍ മറ്റൊരു ലോകത്തെ കുറിച്ചാണ് സംസാരിക്കുന്നതെന്ന്”” ചീഫിന്‍റെ മറുപടി. ആ മനക്കരുത്ത് കണ്ടാല്‍ അറിയാം സൈബീരിയന്‍ മഞ്ഞിന്‍റെ മൂശയില്‍ നിന്നാണ് അയാള്‍ ബെറിംഗ് സീയിലെ തണുപ്പിനോട് മല്ലിടാന്‍ വന്നതെന്ന്.

കപ്പല്‍ കുറില്‍ ദ്വീപുകള്‍ക്കടുത്തുകൂടെ ജപ്പാനെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു. ദ്വീപിന്‍റെ വടക്ക് പടിഞ്ഞാറ് ഭാഗത്താണ് സൌത്ത് ഈസ്റ്റ്‌ ഏഷ്യയിലെ ഏറ്റവും തണുപ്പ് അനുഭവപ്പെടുന്ന ഒഹോസ്ക് കടല്‍. ഫെബ്രുവരിയില്‍ മൈനസ് ഇരുപത് വരെ താപനില താഴ്ന്നുപോയ ചരിത്രമുണ്ട് ഈ ഒഹോസ്കിന്. പിന്നിട്ട ദിവസങ്ങളേക്കാള്‍ കൂടുതല്‍ ഭീകരമായിരുന്നു ഓഹോസ്ക് ഞങ്ങള്‍ക്കായി കരുതി വെച്ചിരുന്നത്. ബാരോമീറ്റരില്‍ അന്തരീക്ഷ മര്‍ദ്ദം ഓരോ ദിവസവും താണുകൊണ്ടേയിരുന്നു. പസഫിക്കും ഓഹോസ്കും കപ്പലിലേ സ്വൈര്യജീവിതത്തിന്‍റെ താളം തകിടം മറിക്കുകയാണ്. സൂര്യനെ പൂര്‍ണ്ണ വലുപ്പത്തില്‍ കണ്ടിട്ട് ഏകദേശം ഒരാഴ്ചയില്‍ കൂടുതലായി. കടലിന് ഇരുട്ടിന്‍റെ പാതി നിറമാണിപ്പോള്‍. ഡെക്കില്‍ ഭീമന്‍ തിരമാലകള്‍ അടിച്ചു കയറി ഇരുമ്പ്ചട്ടങ്ങളില്‍ അടിച്ചുടഞ്ഞ് പൊട്ടിപ്പിളരുന്ന നീര്‍ത്തെറിപ്പിലാണ് ഞങ്ങള്‍ വെളിച്ചം കാണുന്നത്. മരണത്തിന്‍റെ കറുപ്പും ജീവന്‍റെ വെളുപ്പുമായി ജലം കപ്പലിന് ചുറ്റും വലം വെയ്ക്കുകയാണ്.

കാര്‍ഗോ ഹാച്ചിന്‍റെ വെന്റിലെട്ടറില്‍ നിന്നൊക്കെ അസുഖകരമായ ശബ്ദം ഉയരുന്നുണ്ട്. ഇരു സൈഡിലുമുള്ള നങ്കൂരങ്ങള്‍ കപ്പലിന്‍റെ മുഖപള്ളക്ക് അടിക്കുന്ന അസഹനീയവും പേടിപ്പെടുത്തുന്ന ശബ്ദം വേറെയും. ഒന്നിന് പിറകെ ഒന്നായി വരുന്ന കൂറ്റന്‍ തിരമാലകളെ ഭീതിയോടെ നോക്കികാണുകയായിരുന്നു ഞങ്ങള്‍. പഴക്കം ചെന്ന ബള്‍ക്ക് കാരിയര്‍ കപ്പലുകളെ രണ്ടായി മുറിക്കാന്‍ കഴിവുള്ള പടുകൂറ്റന്‍ തിരമാലകള്‍ ഏറ്റവും അപകടകാരികളാണ്. ഇത്തരം കാലാവസ്ഥയില്‍ ഡെക്കില്‍ ഇറങ്ങി ചെന്നവരെ കടലിലേക്ക് തൂക്കിയെറിയുന്ന ശക്തിയും ഉയരവും ഈ മദം പൊട്ടിയ തിരമാലകള്‍ക്കുണ്ട്, എത്രയോ കുടുംബങ്ങളെ ഈ ആളെവിഴുങ്ങി തിരമാലകള്‍ അനാഥമാക്കിയിരിക്കുന്നു.

ഹോട്ട് പ്ലേറ്റില്‍ വെച്ച് ഭക്ഷണം പാകം ചെയ്യാനുള്ള സ്റ്റെബിലിറ്റി കപ്പലിന് ഇല്ലാത്തത് കൊണ്ട് കഴിഞ്ഞ പന്ത്രണ്ട് ദിവസമായി നേരാംവണ്ണം ഒരാളും തന്നെ ഈ കപ്പലില്‍ ഭക്ഷണം കഴിച്ചിട്ടില്ല. തലപെരുപ്പിക്കുന്ന കപ്പലിന്‍റെ നില്‍ക്കാതെയുള്ള ആട്ടം കാരണം ഉറക്കവും ലഭിക്കാറില്ല. കാറ്റടങ്ങുന്നില്ല, കാതടപ്പിക്കുന്ന ഹുങ്കാരം കൂടികൂടി വന്നപ്പോള്‍ അടുത്ത ഓരോ നിമിഷത്തിലും എന്തും സംഭവിക്കാം എന്ന് ക്യാപ്റ്റന്‍റെ മുഖത്തു നിന്ന് വായിച്ചെടുക്കാം. അധികം താമസിച്ചില്ല, പിന്‍ഡെക്കില്‍ സ്റ്റോര്‍ ചെയ്തിരുന്ന ഇരുനൂര്‍ ലിറ്ററിന്‍റെ മുപ്പത്തി രണ്ടോളം ഹൈഡ്രോളിക് ഓയില്‍ ഡ്രമ്മുകളുടെ ലാഷിംഗ് പൊട്ടി ഡ്രമ്മുകള്‍ തമ്മിലിടിച്ചും കപ്പലിനിടിച്ചും ലീക്കാവാന്‍ തുടങ്ങി, സംഭവിച്ചതെന്തെന്നറിയാതെ ശബ്ദം കേട്ട് അങ്ങോട്ട്‌ ചെന്ന സീമാന്‍ സത്യനാരായണ കാല്‍ വഴുതി ഡ്രമ്മില്‍ തലയടിച്ചു വീണു പോയി. സത്യയെ രക്ഷിക്കാന്‍ പോയ മറ്റു മൂന്നു പേരുടെ കാലും കപ്പലിന്‍റെ കനത്ത ആട്ടത്തില്‍ ഉരുണ്ടു തെറിക്കുന്ന ഡ്രമ്മുകള്‍ വന്നിടിച്ചു ഫ്രാക്ച്ചര്‍ ആയി.

താഴെ കിച്ചണില്‍ ഒരു വിധം എല്ലാ പ്ലെറ്റുകളും ഗ്ലാസുകളും തകര്‍ന്നു തരിപ്പണമായിട്ടുണ്ട്. ബ്രിഡ്‌ജിലെ മിനി ഫ്രിഡ്ജ്‌ ഫയര്‍ എക്സ്റ്റിന്‍ഗിഷറില്‍ ചെന്നിടിച്ച് അത് പൊട്ടിത്തെറിച്ചത് കണ്ട് കപ്പല്‍ സ്റ്റീയര്‍ ചെയ്യുന്ന സീമാന്‍ ഇറങ്ങി ഓടി. സ്റ്റീയറിംഗ് നഷ്ടപ്പെട്ട കപ്പല്‍ കൊടുങ്കാറ്റിന്‍റെ മരണക്കോണിലേക്ക് സ്വയം അടുക്കുന്നു. കാലന്‍കാറ്റ് തെളിക്കുന്ന സംഭ്രാന്തിയുടെ തേരില്‍ കപ്പലിന്‍റെ നട്ടെല്ല് ഒടിയുകയാണ്. മദം പൊട്ടിയ തിരമാലകളുടെ മരണനൃത്തത്തിന്‍റെ നടുവിലാണ് ഞങ്ങളിപ്പോള്‍.

ദിവസങ്ങള്‍ പിന്നെയും പിന്നിടുന്നു. വന്നതെല്ലാം നേരിടാന്‍ പരിശീലിച്ച, മനസ്സില്‍ മസിലുറച്ച സീമാന്മാര്‍ ജീവിതംഇങ്ങനെയാണ് മുന്നോട്ട് കൊണ്ടുപോവുന്നത്. നേരിയ വെളിച്ചത്തില്‍ തണുത്തുറഞ്ഞു കിടക്കുന്ന ചക്രവാളത്തില്‍ അവര്‍ ഗതിമാറിയ കാറ്റിനോട് മനസ്സാല്‍ നന്ദിപറഞ്ഞു. പതിനെട്ടാം നാള്‍ ഖുശീറോയുടെ സിഗ്നല്‍ വെളിച്ചം ഞങ്ങളെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നു. കഥ തീരുന്നില്ല. ഇതല്ലെങ്കില്‍ അല്പം കൂടി തെക്ക് മാറി ഇതേ റൂട്ടില്‍ സ്റ്റീല്‍ കാര്‍ഗോയും കയറ്റി കനഡ പ്രിന്‍സ് രൂപേര്‍ത്തിലേക്ക് ഞങ്ങള്‍ക്ക് തിരികെ പോകണം. തിരികെ പോവാന്‍ മനസ്സൊരുക്കുമ്പോള്‍ കടലിന്‍റെ മര്‍മ്മം നോക്കിയ എന്‍റെ കണ്ണുകള്‍ മനസ്സോട് പറഞ്ഞു. “ഭൂമിയുടെ ഉപരിതലത്തില്‍ എഴുപത് ശതമാനത്തോളം ജലമാണ്. പക്ഷെ,അതിനേക്കാള്‍ കൂടുതല്‍ അമ്മമാരുടെ കണ്ണീരും മണ്ണില്‍ പുരണ്ട ചോരയും താണ്ടിയാണ് നീ കടലില്‍ നിന്നും വീട്ടിലേക്ക് തിരിച്ചെത്തുന്നത്”

നിങ്ങള്‍ക്കറിയോ? സമുദ്രങ്ങളൊന്നും തന്നെ ശാന്തമായി ഒഴുകുന്നില്ല. പെറ്റമ്മയുടെ മനസ്സുമായി കടല്‍ തീയില്ലാതെ വേവുകയാണ്.,,,, കൊടുങ്കാറ്റുകള്‍ക്ക് ജന്മം കൊടുക്കാന്‍.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply