തിളങ്ങുന്ന കണ്ണുകളുള്ള അഫ്‌ഗാൻ പെൺകുട്ടി; ലോകത്തെ ആകർഷിച്ച ചിത്രത്തിനു പിന്നിൽ…

അമേരിക്കൻ പത്രപ്രവർത്തകൻ സ്റ്റീവ് മക്കറിയുടെ പ്രശസ്ത നിശ്ചലചിത്രത്തിനു പാത്രമായ ഒരു അഫ്ഗാൻ വനിതയാണ് അഫ്ഗാൻ പെൺകുട്ടി എന്നപേരിൽ പ്രസിദ്ധമായ ഷർബത് ഗുല. സോവിയറ്റ് യൂണിയന്റെ അഫ്ഗാൻ അധിനിവേശകാലത്ത് പാകിസ്താനിൽ ഒരു അഫ്ഗാൻ അഭയാർഥിയായി കഴിയവേയാണ് ഷർബത്ത് ഗുല കാമറയിൽ പകർത്തപ്പെടുന്നത്. ഷർബത് ഗുലയുടെ കണ്ണുകളിലെ തീക്ഷ്ണതയായിരുന്നു ആ ചിത്രത്തിന്റെ പ്രത്യേകത. 1985 ജൂൺ മാസത്തിലെ നാഷണൽ ജിയോഗ്രാഫിക് മാഗസിന്റെ പുറം ചട്ടയിൽ ഈ പടം ഇടംപിടിച്ചതോടെയാണ് അന്ന് 12 വയസ്സ് മാത്രമുള്ള ഷർബത്ത് ഗുല ശ്രദ്ധിക്കപ്പെടുന്നത്. 2002 ആദ്യത്തിൽ ഔദ്യോഗികമായി തിരിച്ചറിയപ്പെടുന്നതുവരെ കേവലം “അഫ്ഗാൻ പെൺകുട്ടി” എന്ന പേരിൽ ലോകത്തുടനീളം ഗുല അറിയപ്പെട്ടു. അഫ്ഗാൻ മൊണാലിസ എന്നായിരുന്നു ഈ ചിത്രത്തെ പലപ്പോഴും പരാമർശിക്കപ്പെട്ടിരുന്നത്.

അഫ്ഗാൻ വംശജയായ ഗുല സോവിയറ്റ് അധിനിവേശകാലത്ത് അനാഥയാക്കപ്പെടുകയും പാകിസ്താനിലെ നാസിർബേഗ് അഭയാർഥി കേന്ദ്രത്തിലെത്തിപ്പെടുകയുമാണ്. സോവിയറ്റ് ഹെലിക്കോപ്റ്ററുകളുടെ ആക്രമണം അവളുടെ മതാപിതാക്കളെ കൊലപ്പെടുത്തുകയും ഗുലയും അവളുടെ സഹോദരികളും അമ്മൂമയും അഫ്ഗാൻ അതിർത്തിമലകൾ കയറി പാകിസ്താനിലെ നാസിർബേഗ് അഭയാർഥി കേന്ദ്രത്തിലേക്ക് പോകാൻ നിർബന്ധിക്കപ്പെടുകയുമായിരുന്നു. 1980 കളുടെ ഒടുവിൽ റഹ്മത്ത് ഗുല്ലിനെ വിവാഹം ചെയ്ത ഷർബത്ത്, 1992 അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങി. മൂന്ന് പെൺകുട്ടികളുണ്ട് ഇവർക്ക്. നാലമത്തെ പെൺകുട്ടി ചെറുപ്പത്തിലേ മരണമടഞ്ഞു. തനിക്ക് ലഭിക്കാതിരുന്ന വിദ്യാഭ്യാസം തന്റെ മക്കൾക്ക് നൽകാനാവും എന്ന പ്രതീക്ഷവെച്ചു പുലർത്തി ഗുല.

1984 ൽ നാസിർബേഗ് അഭയാർഥികേന്ദ്രത്തിൽ വെച്ച് നാഷണൽ ജിയോഗ്രാഫികിന്റെ പത്രഛായഗ്രാഹകനായ സ്റ്റീവ് മക്കറി തന്റെ നിക്കൊൺ കാമറ ഉപയോഗിച്ചാണ് ഷർബത്ത് ഗുലയുടെ ചിത്രം പകർത്തുന്നത്… ഈ ചിത്രത്തിന്റെ പ്രിന്റ് എടുക്കുന്നതിനു മുമ്പുള്ള മിനുക്കുപണികൾ പൂർത്തിയാക്കിയത് ജോർജിയയിലെ ഗ്രാഫിക് ആർട്ട് സർവീസിൽ നിന്നായിരുന്നു. അഭയാർഥികേന്ദ്രത്തിലെ അനൗപചാരിക പാഠശാലയിലെ പഠിതാവായിരുന്ന ഗുലയുടെ ചിത്രമെടുക്കാനുള്ള അപൂർവാവസരം മക്കറി ഉപയോഗപ്പെടുത്തുകയായിരുന്നു.

പേര് അറിയാതിരുന്ന ആ കുട്ടിയുടെ ചിത്രം അഫ്ഗാൻ പെൺകുട്ടി (“Afghan Girl”) എന്ന തലക്കെട്ടിൽ 1985 ലെ നാഷണൽ ജിയോഗ്രാഫികിന്റെ പുറംചട്ടയായി പ്രസിദ്ധീകരിച്ചു. ചുവപ്പ് തട്ടം കൊണ്ട് അയഞ്ഞമട്ടിൽ തലമറച്ച ആ പെൺ കുട്ടിയുടെ കാമറയിലേക്ക് തിരിച്ചുവെച്ച തീക്ഷ്ണമായ കണ്ണുകൾ 1980 കളിലെ സോവിയറ്റു യൂണിയന്റെ അഫ്ഗാൻ ഏറ്റുമുട്ടലും ലോകത്താകമാനമുള്ള അഭയാർഥികളുടെ അവസ്ഥയും സൂചിപ്പിക്കുന്നതായിരുന്നു. നാഷണൽ ജിയോഗ്രാഫിക്ക് മാഗസിന്റെ ചരിത്രത്തിൽ ഏറ്റവും അംഗീകാരം നേടിയെടുത്ത ചിത്രമായി ഇതുവിശേഷിപ്പിക്കപ്പെട്ടു.

17 വർഷം അഫ്ഗാൻ പെൺകുട്ടി ആരാണെന്നറിയാതെ നിലനിന്നു. 1990 കളിൽ സ്റ്റീവ് മക്കറി നിരവധിതവണ ഈ പെൺകുട്ടി ആരാണെന്നറിയാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. 2002 ജനുവരിയിൽ നാഷണൽ ജിയോഗ്രാഫികിന്റെ ഒരു സംഘം ഈ ചിത്രത്തിലെ കഥാപാത്രത്തെ തിരഞ്ഞ് അഫ്ഗാനിസ്താനിലെക്ക് ഒരു യാത്ര നടത്തി. നാസിർബേഗ് അഭയാർഥികേന്ദ്രത്തിൽ അവശേഷിക്കുന്നവരിൽ അന്വേഷിച്ചപ്പോൾ അവരിൽ ഒരാൾ ഗുലയുടെ സഹോദരനെ പരിചയമുള്ളയാളാണെന്ന് മനസ്സിലാക്കുകയും അവളുടെ ഗ്രാമത്തിലേക്ക് ഈ യാത്രസംഘത്തിന്റെ സന്ദേശമെത്തിക്കുകയും ചെയ്തു. തങ്ങളാണ് അഫ്ഗാൻ പെൺകുട്ടി എന്നുപറഞ്ഞ് നിരവധി വനിതകൾ മുന്നോട്ടുവരികയുണ്ടായി. 1985 ലെ ചിത്രം കാണിച്ചുകൊടുത്തപ്പോൾ ഗുല തങ്ങളുടെ ഭാര്യയാണെന്ന് തെറ്റായ അവകാശവാദമുന്നയിച്ചുകൊണ്ട് കുറേ പുരുഷന്മാരും മുന്നോട്ടുവരികയുണ്ടായി.

ഒടുവിൽ അഫ്ഗാനിസ്താന്റെ ഒരു വിദൂരഗ്രാമത്തിൽ സംഘം ഗുലയെ കണ്ടെത്തി. അന്നു അവൾക്ക് 30 വയസ്സുകാണും. അഭയാർഥികേന്ദ്രത്തിൽ നിന്ന് 1992 ൽ ഗുല അവളുടെ സ്വന്തം ദേശത്തേക്ക് മടങ്ങിയിരുന്നു. ബയോമെട്രിക്ക് സാങ്കേതികത ഉപയോഗിച്ച് അവളുടെ ഐറിസ് ഘടന ചിത്രത്തിലെ പെൺകുട്ടിയുടെ ഐറിസിനോട് യോജിപ്പുള്ളതാണെന്ന് തീർച്ചപ്പെടുത്തിയാണ് ആ അഫ്ഗാൻ പെൺകുട്ടി ഈ ഗുലതെന്നെയെന്ന് ഉറപ്പാക്കിയത്. 2003 ജനുവരിക്കുമുമ്പ് ആ പെൺകുട്ടി തന്റെ പ്രശസ്തമായ ആ ചിത്രം കാണുകപോലുമുണ്ടായിട്ടില്ല. 2002 ലും ഇതേ ചിത്രം മാസികയുടെ കവറില്‍ ഇടം പറ്റിയിരുന്നു. പിന്നീട് ചിത്രത്തിന്‍റെ സ്വീകാര്യതയോടെ ബീബീയുടെ ജീവിതം പ്രമേയമാക്കി ‘മൊണലീസ ഇന്‍ അഫ്ഗാന്‍ വാര്‍’ എന്ന ഡോക്യുമെന്ററിയും നാഷണല്‍ ജോഗ്രഫിക് ചാനല്‍ ചെയ്തിരുന്നു.

2016 ൽ ഷർബത് ഗുല പാകിസ്താനിൽ വെച്ച് അറസ്റ്റിലായിരുന്നു. വ്യാജരേഖകൾ ചമച്ചതായി കണ്ടെത്തിയാണ് ഷർബത് ഗുലയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലാകുമ്പോള്‍ ഷർബത്തിന്‍റെ വീട്ടില്‍ നിന്നും അഫ്ഗാന്‍ ഐ.ഡി കാര്‍ഡും പാക് ഐ.ഡി കാര്‍ഡും പൊലിസ് പിടിച്ചെടുത്തിരുന്നു. ഇവര്‍ ഇത് കൃത്രിമമായി ഉണ്ടാക്കിയിരുന്നതായി ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് ഉണ്ടായത്. കമ്പ്യൂട്ടർവത്കൃത സംവിധാനം ഉപയോഗിച്ച് പാക് ഐഡന്റിറ്റി കാർഡിന് ശ്രമിച്ച് പിടിയിലാകുന്ന ആയിരക്കണക്കിന് അഫ്ഗാൻ അഭയാർത്ഥികളിൽ ഒരാളാണ് ഗുല. പിന്നീട് കോടതി ജാമ്യം നല്‍കിയ ഇവരെ അഫ്ഗാനിസ്ഥാനിലേക്കു തിരികെ നാടുകടത്തുകയായിരുന്നു.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply