മലനിരകളുടെ രാജ്ഞിയായ ഷിംലയിലേക്ക് ഒരു കൊതിപ്പിക്കുന്ന യാത്ര…

യാത്രാവിവരണവും ചിത്രങ്ങളും – ദീപ്തി ഗോപകുമാർ.

മണാലിയിൽ നിന്നും ഒരു പിടി നല്ല ഓർമ്മകളുമായി ഞങ്ങൾ ഹിമാചൽ പ്രദേശിന്റെ തലസ്ഥാന നഗരിയായ ഷിംലയിലേക്ക് തിരിച്ചു. മണാലിയിലെ ടാക്സി യൂണിയൻ പ്രകാരമുള്ള ടാക്സി ചാർജ് കൂടുതൽ ആണ്, അത്കൊണ്ട് ഇന്റർനെറ്റിൽ പല സൈറ്റുകളിലെ ടാക്സി ചാർജുകൾ താരതമ്യം ചെയ്താണ് ഞങ്ങൾ ടാക്സി ബുക്ക് ചെയ്തത്. 1947 വരെ ഷിംല ( പണ്ട് സിംല എന്നും അറിയപ്പെട്ടിരുന്നു) പഞ്ചാബിന്റെ തലസ്ഥാനം ആയിരുന്നു. 250 കിലോമീറ്റർ ദൂരം ഉണ്ട്‌, ഏകദേശം എട്ട് മണിക്കൂർ യാത്ര ഉണ്ട്. കുള്ളുവിൽ ചിലയിടങ്ങളിൽ റോഡ് പണി നടക്കുന്നത് കൊണ്ട്, വിചാരിക്കുന്ന വേഗതയിൽ പോവാൻ ആയില്ല. യാത്രയിൽ ഞങ്ങൾ നിശബ്ദം ഹിമവാന്റെ ഭംഗി ആസ്വദിച്ചു. വലിയ മലകളെ കീറിമുറിച്ച് ഉണ്ടാക്കിയ, വളഞ്ഞു പുളഞ്ഞു പോവുന്ന റോഡ്, ഒരു വശം വെട്ടിമുറിക്കപെട്ട വൻമലകൾ മറുവശം വ്യാസ് നദി, അതിങ്ങനെ ശാന്തമായി ഒഴുകുന്നു. റോത്താങ് പാസ്സിലെ വ്യാസ് ടെംപിളിൽ നിന്നും ഉത്ഭവിക്കുന്നതാണീ നദി. അവിടെ ഒരു ഇഗ്ലൂ ഉണ്ട് അതിനുള്ളിൽ വ്യാസ മഹർഷി തപസ്സ് ചെയ്തിരുന്നുവത്രെ.

കുള്ളു കഴിഞ്ഞപ്പോൾ റോഡ് നന്നായി, 2011 നെ അപേക്ഷിച്ച് വളരെ നല്ല റോഡ് അന്നത്തേതിലും വീതിയും ഉണ്ട്. കുള്ളുവിൽ നിന്നും ഷിംലക്ക് പോവുന്ന വഴിയാണ് പാൻഡോഹ് ഡാം. വൈദ്യുതി ഉത്പാദിപ്പിക്കാൻ വേണ്ടിയാണ് 1977 ൽ ഈ ഡാം വ്യാസ് നദിയിൽ പണികഴിപ്പിച്ചത്. ഇവിടെ ഫോട്ടോ എടുക്കുന്നത് കണ്ടാൽ പോലീസ് മൊബൈൽ അല്ലെങ്കിൽ ക്യാമറ ഒക്കെ പിടിച്ചു വാങ്ങുമത്രേ അതിനാൽ ആ സാഹസത്തിന് മുതിർന്നില്ല. വണ്ടി ഒരു അഞ്ച് നിമിഷത്തേക്ക് ഒതുക്കി ഡാം ഒന്ന് കണ്ട് പിന്നെയും യാത്ര തുടർന്നു. യാത്രമദ്ധ്യേ ഉച്ചയൂണും കഴിച്ച് ഞങ്ങൾ ഷിംലയിൽ എത്തുമ്പോൾ സമയം നാല് – നാലരയായി. ഷിംലയിൽ നിന്നും 22 കിലോമീറ്റർ അകലെ ഉള്ള നൽദേരയിൽ എത്തണം അവിടെയാണ് റിസോർട്ട്. ഷിംലയിലെ പ്രധാന പ്രശ്നമായി എനിക്ക് തോന്നിയത് വീതി കുറഞ്ഞ റോഡുകളും റോഡിനിരുവശവും നിറുത്തിയിട്ടിരിക്കുന്ന വണ്ടികളുമാണ്. പ്രധാന വീഥികളും പിന്നിട്ട് ഞങ്ങൾ നൽദേരയിലേക്ക് യാത്ര തുടർന്നു, ഏകദേശം അഞ്ചര അഞ്ചേമുക്കാൽ ആയി ഞങ്ങൾ റിസോർട്ടിൽ എത്തിയപ്പോൾ. വരെ മനോഹരമായ റിസോർട്ട് ഒറ്റപ്പെട്ട ഒരു മലയുടെ മുകളിലാണ്, ഇവിടെ നിന്നുമുള്ള കാഴ്ച വർണ്ണിക്കാൻ വാക്കുകൾ മതിയാവില്ല. ഞങ്ങൾക്ക് തന്ന മുറിയുടെ ബാൽകണിയിൽ നിന്നും നോക്കിയാൽ അങ്ങകലെ മലനിരകൾ കാണാം, മഞ്ഞ് മലകൾ അതിരാവിലെ മാത്രമേ കാണാൻ സാധിക്കുകയുള്ളു.

പുലർച്ചക്ക് തന്നെ പ്രാതലും കഴിച്ച് നേരെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിസിലേക്ക് യാത്ര തിരിച്ചു. വല്ലാത്ത ചൂട്! ഇതേ ഷിംലയിലെ കാലാവസ്ഥയിൽ ആണ് പണ്ട് ബ്രിട്ടീഷുകാർ ആകർഷ്ടരായതും, വന്നതും, ഷിംലയെ അവരുടെ വേനൽക്കാല തലസ്ഥാനമായി മാറ്റുകയും ചെയ്തത്. കാലാവസ്ഥ വ്യതിയാനത്തിന്റെ മറ്റൊരു സാക്ഷ്യപ്പെടുത്തൽ! വളരെയധികം ചരിത്രപ്രാധാന്യമുള്ള ഒരു കെട്ടിടസമുച്ചയത്തിലാണ് IIAS സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷ് ഇന്ത്യൻ വൈസ്രോയിമാരുടെ ഔദ്യോഗിക വസതിക്കായിട്ടാണ് ഇത് 1888ൽ പണികഴിച്ചത്. ഇവിടുത്തെ ആദ്യ താമസക്കാരൻ ദുഫറിൻ പ്രഭു ആയിരുന്നു. ഇന്ത്യയ്ക്ക് സ്വതന്ത്ര്യം കിട്ടിയ ശേഷം ഇത് രാഷ്‌ട്രപതി ഭവൻ ആയി മാറി. ഇന്ത്യയുടെ സ്വതന്ത്ര്യ ചരിത്രത്തിലെ അതിസുപ്രധാനമായ പല തീരുമാനങ്ങളും എടുത്തത് ഇവിടെ വെച്ചാണ്.

1888ൽ വൈസ്രോയിമാരുടെ ഈ ഔദ്യോഗിക വസതിയിൽ വൈദ്യുതി ഉണ്ടായിരുന്നു എന്ന് പറയുമ്പോൾ അതിശയം തോന്നും അല്ലേ? എന്നാൽ ഇതു കൂടി കേട്ടോളു, അവിടെ മഴ പെയ്യുന്ന വെള്ളം, മഴവെള്ള സംഭരണിയിൽ ശേഖരിച്ച്, ആ വെള്ളം ഉപയോഗിച്ചാണ് തോട്ടം നനയ്ക്കുന്നത്. തീർന്നില്ല, അന്നേ അതിനുള്ളിൽ അഗ്നിശമനരക്ഷാ ഉപകരണങ്ങളും വെച്ചിരുന്നു. മേൽക്കൂരയിലാണ് ഇവ പിടിപ്പിച്ചിരിക്കുന്നത് എങ്കിലും നമ്മൾക്ക് കാണുവാൻ സാധിക്കുകയില്ല. ഇതൊക്കെ എത്ര വർഷം മുൻപാണ് ചെയ്തിരിക്കുന്നത്? ഇന്നും, ഇവയെല്ലാം ഒരു കേടും കൂടാതെ പ്രവർത്തിക്കും എന്നത് അതിശയത്തോടല്ലാതെ കേൾക്കാൻ സാധിക്കില്ല.

ടൂറിസ്റ്റുകൾക്ക് താഴത്തെ നിലയിൽ പ്രവേശനമുണ്ട് എങ്കിലും, ഫോട്ടോ എടുക്കാൻ അനുവാദമില്ല. ഒരേ സമയം 45 ടൂറിസ്റ്റുകൾക്ക് മാത്രമേ പ്രവേശനമുള്ളു. എൻട്രി ഫീ സ്വദേശികൾക്ക് 40 രൂപയും വിദേശികൾക്ക് 85 രൂപയുമാണ്. വണ്ടികൾ പാർക്ക് ചെയാൻ സ്ഥലമില്ല അതിനാൽ ഡ്രൈവറെ പിന്നീട് വിളിച്ച് വരുത്തി വേണം തിരിച്ച് പോവാൻ. അകത്ത് കയറുന്ന ടൂറിസ്റ്റുകൾക്ക് ഒരു ഗൈഡ് വന്ന് ആ മുറിയിൽ നടന്ന പ്രധാന കാര്യങ്ങളും മറ്റും വിവരിച്ച് തരും. ഒരു സെക്യൂരിറ്റിയും കൂടെ ഉണ്ടാവും. അവസാന ടൂറിസ്റ്റും ആ മുറി വിട്ടിറങ്ങിയ ശേഷം ആ മുറിയടച്ച് സെക്യൂരിറ്റിയും ഇറങ്ങും. ആ കെട്ടിടസമുച്ചയത്തെ കുറിച്ചും ചരിത്രത്തെ കുറിച്ചും നല്ല അറിവുള്ളവരാണ് ഗൈഡുകൾ ആയി വരുന്നത്. അവരോട് സംശയനിവാരണം നടത്താം, ഒരു മടിയുമില്ലാതെ പറഞ്ഞ് തരും. IIAS ലെ പ്രൊഫസർമാരാണ് ഇവിടെ ഗൈഡ് ആയി വരുന്നത് എന്ന് എടുത്ത് പറയട്ടെ.

ടൂറിസ്റ്റുകൾക്കായി തുറന്നിരിക്കുന്നിടത് സുപ്രധാനമായ ഫോട്ടോകൾ, അക്കാലത്ത് ഉപയോഗിച്ചിരുന്ന മേശ, കസേര, അലമാര അങ്ങിനെ പലതുമുണ്ട്. ഇവിടെ കാണിച്ച മൂന്നാമത്തെ മുറിക്കും അവിടെ കിടക്കുന്ന തടിയുടെ മേശക്കും ഒരു പ്രത്യേകത ഉണ്ട്. 1947ൽ ഇന്ത്യ പാകിസ്ഥാൻ വിഭജനത്തിന്റെ അവസാനഘട്ട ചർച്ചകൾ ഇവിടെ വെച്ചാണ് നടന്നത്. 1972ൽ ഇന്ത്യയും പാകിസ്ഥാനും ഒപ്പ് വെച്ച ഷിംല എഗ്രിമെന്റ് പക്ഷേ ഇവിടായിരുന്നില്ല. ചോട്ടാ ഷിംലയിൽ ഉള്ള ഇപ്പോളത്തെ ഗവർണർ ഓഫീസിൽ വെച്ചായിരുന്നു അത്. ഏറ്റവും അവസാനം കാണിക്കുക ബ്രിട്ടീഷുകാരുടെ ഡൈനിങ്ങ് കം റീക്രീഷൻ റൂം ആണ്, അത് ദർബാർ ഹാളിലെ ഗ്ലാസ്സിലൂടെ കാണാം കാരണം ഇന്ന് അത് IIAS വിദ്യാർത്ഥികൾക്കുള്ള പുസ്തകശാലയാണ്. ദർബാർ ഹാളിന്റെ മേൽക്കൂര മൊത്തം തടിയിൽ പണിതവയാണ്. എയർ കണ്ടിഷൻ ചെയ്തിട്ടില്ല എങ്കിലും വെളിയിലെ തീ ചൂട് അകത്തില്ല എന്നാൽ ഒരു കുളിർമ്മയുണ്ട്താനും. പൊതുഅവധി ദിവസങ്ങളിലും, തിങ്കളഴ്ചയും ടൂറിസ്റ്റുകൾക്ക് പ്രവേശനമില്ല. അകത്ത് ടൂറിസ്റ്റുകൾ ഉള്ളപ്പോൾ ബാക്കി ഉള്ള ടൂറിസ്റ്റുകൾക്ക് വെളിയിൽ ഉദ്യാനത്തിൽ നടക്കാം, ഫോട്ടോകൾ എടുക്കാം, അല്ലെങ്കിൽ അടുത്തുള്ള കാന്റീനിൽ നിന്നും ഭക്ഷണവും മറ്റും വാങ്ങിക്കാം, എന്തായാലും സമയം പോവുന്നതറിയില്ല.

എല്ലാം കണ്ട് അവിടന്ന് ഇറങ്ങുമ്പോൾ ഉച്ചകഴിഞ്ഞിരുന്നു. ഇനി നേരെ മാൾ റോഡിലേക്ക്. ചെന്നപ്പോൾ ആദ്യം കണ്ടകാഴ്ച ഒരു കടക്കാരൻ, കുരങ്ങിന്റെ പുറകെ ബഹളം വെച്ച് ഓടുന്നതാണ്. കുരങ്ങൻ ഓടി അടുത്ത കെട്ടിടത്തിന്റെ മേൽക്കൂരയിൽ കയറി കടക്കാരനെ നോക്കി ഇളിച്ചു കാണിച്ചു, അതിന്റെ കയ്യിൽ ഒരു ലെയ്സിന്റെ പാക്കറ്റും ഉണ്ട്. ഷിംലയിലെ കുരങ്ങുകൾ വലിയ ശല്യക്കാർ ആണ് എന്നത് ലോകപ്രസിദ്ധം. കയ്യിൽ നിന്നും ബാഗ്, ഭക്ഷണ സാധങ്ങൾ തട്ടി പറിക്കുക, മനുഷ്യരെ കടിക്കുക മാന്തുക എന്നിങ്ങനെ പോവുന്നു കലാപരിപാടി. എനിക്കിത് നേരിട്ട് അനുഭവവും ഉണ്ട്.

2011ൽ ആണ്‌ ഞാൻ ആദ്യമായി ഷിംലയിൽ വരുന്നത്. മാൾ റോഡിന്റെ ഭംഗിയും ബ്രിട്ടീഷുകാരുടെ പഴയ വാസ്തുവിദ്യ ഒക്കെ കണ്ട് ആസ്വദിച്ച് നടന്ന എന്റെ കാലിൽ ഒരു കുരങ്ങൻ കടിക്കാൻ ശ്രമിച്ചു, കട്ടിയുള്ള ജീൻസ്‌ ഇട്ടതിനാൽ എനിക്ക് കടി കിട്ടിയില്ല. കാലിൽ നിന്നും പിടിവിടാൻ കൂട്ടാക്കാത്ത കുരങ്ങനെ അത് വഴി വന്ന കുറെ പയ്യന്മാർ ഒച്ചവെച്ച് ഓടിക്കുകയായിരുന്നു. എന്റെ കയ്യിൽ ബാഗ്, പേഴ്സ്, ഭക്ഷണം അങ്ങനെ ഒന്നും തന്നെ ഉണ്ടായിരുന്നുമില്ല. അവരെ ഒന്ന് നോക്കുക കൂടി ചെയ്തിരുന്നില്ല (ഇനി അതുകൊണ്ടാവുമോ ആക്രമിച്ചത്? ). ഞാൻ ശരിക്കും ഭയന്ന് പോയി, പിന്നീട് കുരങ്ങുകൾ ഇല്ലാത്ത വഴി ആയിരുന്നു തിരിച്ച് ഹോട്ടലിൽ പോയത്. ഷിംലയിലെ കുരങ്ങുകളെ പറ്റി അന്നെനിക്ക് അറിയില്ലായിരുന്നു.

കുരങ്ങനും കടക്കാരും തമ്മിലുള്ള വഴക്കും കണ്ട് മുന്നോട്ട് നടന്നു. ബ്രിട്ടീഷ്കാർ ഉണ്ടാക്കിയതാണി മാൾ റോഡ്, ഷിംലയിലെ വളരെ പ്രധാനപ്പെട്ടതും മനോഹരവുമായ സ്ഥലം. ഇതുവഴി ആംബുലൻസ് പോലുള്ള വാഹനങ്ങൾക്കല്ലാതെ മറ്റ് വാഹനങ്ങൾക്ക് പ്രവേശനമില്ല, അതിനാൽ ടൂറിസ്റ്റുകൾ അലസമായി ഒഴുകി നീങ്ങുന്നു. അടുത്ത് കണ്ട കടയിൽ നിന്നും ഫലൂദ വാങ്ങി കഴിച്ച് ഞങ്ങളും ആ ഒഴുക്കിൽ ലയിച്ചു. മാൾ റോഡിനിരുവശത്തായ് പല പ്രായത്തിൽ ഉള്ള ചിത്രകാരന്മാരും ചിത്രകാരികളും അവരുടെ ഭാവനകൾ തങ്ങളുടെ ക്യാൻവാസിലേക്ക് പകർത്തുകയാണ്. ഞങ്ങൾ അതിനിടയിൽ കൂടി നടന്ന് പെയിന്റിങ്ങുകളും കണ്ടു. ഇവിടുത്തെ പ്രധാന ആകർഷണമാണ് 1857ൽ പണികഴിഞ്ഞ ക്രൈസ്റ്റ് ചർച്ച്. വടക്കേ ഇന്ത്യയിൽ പുരാതന പള്ളികളിൽ രണ്ടാം സ്ഥാനമാണ് ഈ പള്ളിക്കുള്ളത്, വളരെ മനോഹരമായി തന്നെ സൂക്ഷിച്ചിട്ടുമുണ്ട്. 1860ൽ ബ്രിട്ടീഷ്കാർ പണിത സ്റ്റേറ്റ് ലൈബ്രറി, ഷിംലയിലെ മൂന്ന് സ്റ്റേറ്റ് ലൈബ്രറികളിൽ ഒന്നാണിത്.

1887ൽ പണിത ഗെയ്റ്റി തിയേറ്റർ. പണിതപ്പോൾ ഇത് അഞ്ചുനില ആയിരുന്നു. 1912ൽ സുരക്ഷാകാരണങ്ങളാൽ മുകളിലത്തെ രണ്ട് നിലകൾ പൊളിച്ചു കളഞ്ഞു. 1910ൽ പണികഴിച്ച ഷിംല ടൗൺ ഹാൾ. 1851ൽ രൂപീകരിക്കപ്പെട്ട ഷിംല മുൻസിപ്പാലിറ്റി ബോർഡ് ആണ് ഈ ടൗൺ ഹാളിന് തുടക്കം കുറിച്ചത്. മാൾ റോഡ് കൂടി അങ്ങനെ നടക്കുമ്പോൾ വന്നു വിശപ്പിന്റെ വിളി. കാഴ്ചകൾ കണ്ട് നടന്നപ്പോൾ ഉച്ചഭക്ഷണം മറന്നു. അടുത്ത് കണ്ട ഹോട്ടലിൽ കയറി കുറച്ച് മോമോസും ചായയും ഒക്കെ കഴിച്ചശേഷം തിരിച്ച് റിസോർട്ടിലേക്ക്.

പിറ്റേ ദിവസം കുഫ്രിക്ക് പോവാതെ കുറച്ച് ഷോപ്പിംഗ് ചെയ്യാൻ തീരുമാനിച്ചു ഒപ്പം ജഖു ടെംപിളിലേക്ക് ഒരു യാത്രയും. മാൾ റോഡിലെ പുരാതനമായ ആ പള്ളിയുടെയും വായനശാലയുടെയും ഇടയിലൂടെ ഒരു വഴിയുണ്ട്. അത് വഴി കുത്തനെ ഒരു കയറ്റം കയറി ഏകദേശം ഒരു 30 മിനിറ്റു നടന്നാൽ ജഖു ക്ഷേത്രമായി, പക്ഷേ കയറ്റം അതികഠിനമാണ്. നടക്കാൻ പറ്റില്ല എങ്കിൽ വണ്ടിക്ക് പോവാം, ചർച്ചിന് പുറകിലൂടെ ഇത്തിരി നടന്നാൽ വണ്ടി കിട്ടും. മാൾ റോഡിൽ നിന്നും കാണാം 108 അടി ഉയരമുള്ള ഹനുമാൻ സ്വാമിയുടെ പ്രതിമ. മരുത്വ മലയിലേക്ക് മൃതസഞ്ജീവനി ശേഖരിക്കാൻ പോയ ഹനുമാൻ ഇവിടെ വിശ്രമിച്ചു എന്നാണ് വിശ്വസം. ഞങ്ങൾ വണ്ടിപിടിക്കാൻ നിന്നില്ല. പതിയെ നടക്കാൻ തീരുമാനിച്ചു.

നല്ല കുത്തനെ ഉള്ള കയറ്റം. റോഡിനു സൈഡിൽ നടകൾ കെട്ടിയിട്ടുണ്ട്, അത് വഴി നടന്നാൽ കയറ്റത്തിന്റെ ആയാസം കുറയ്ക്കാം. കഷ്ടി ഒരു അഞ്ചുമിനിറ്റ് ദൂരം കൂടി കാണും നായ്ക്കൾ ഉറക്കേ കുരച്ച് തുടങ്ങി, നോക്കിയപ്പോൾ ദാ വാനരപ്പട. ഞങ്ങളല്ലാതെ അവിടെ വേറാരുമില്ല, ഭയത്തോടെ ഞങ്ങൾ തിരിച്ച് നടന്നു. പിന്നെയും മൂന്ന് നാല് തവണ ശ്രമിച്ചു പക്ഷേ ഈ വാനരന്മാർ… ക്ഷേത്രത്തിൽ പോവാൻ പറ്റില്ല എന്നുറപ്പായി, അതോടെ ഞങ്ങൾ പതിയെ തിരിച്ച് നടന്നു. കുറച്ച് ഷോപ്പിങ് ഉണ്ടായിരുന്നു അതെല്ലാം കഴിഞ്ഞ് മാൾ റോഡിലെ കാറ്റും കൊണ്ട് വരുന്നവരെയും പോവുന്നവരെയും നോക്കിയിരുന്നു. പുലർച്ചെ യാത്രയുണ്ട്, എല്ലാം പായ്ക്ക് ചെയ്താണ് ഇരിക്കുന്നതെങ്കിലും ഒന്നും വിട്ട് പോയില്ലന്ന് ഉറപ്പിക്കണമെല്ലോ. അതുകൊണ്ട് അധികം വൈകാതെ തിരിച്ച് റിസോർട്ടിലേക്ക് പോയി. ഇനിയും കാണാൻ ഉള്ളത് കുഫ്രി ആണ്, പക്ഷേ ഇത്തവണ ഇല്ല.

അടുത്ത ദിവസം പുലർച്ചക്ക് പ്രാതലും കഴിഞ്ഞ് ഹിമവാന്റെ മടിത്തട്ടിൽ നിന്നും യാത്രയായി. ഇനി പഞ്ചാബിന്റെ അതിഥിയായി അമൃതസറിലേക്ക് .

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply