സർജിക്കൽ സ്ട്രൈക്ക് – പാക്കിസ്ഥാൻ്റെ അഹങ്കാരത്തിന് ഇന്ത്യ കൊടുത്ത പ്രഹരം…

ലേഖകൻ – Tyson Mathew Kizhakkekara.

ഇന്ത്യൻ കമാൻഡോയുടെയുടെ കരുത്ത് പാക്കിസ്ഥാൻ ഭീകരരുടെ നെഞ്ചിൽ മിന്നലായ സർജിക്കൽ സ്ട്രൈക്ക്. ഇന്ത്യൻ സേനാ കരുത്തിന് മൂന്നര വയസ്സ്.. 2016 സെപ്റ്റംബർ 28 ഭാരതത്തിന്റെ കരുത്ത് അതിർത്തിക്കപ്പുറം പാക്കിസ്ഥാൻ തിരിച്ചറിഞ്ഞ ദിവസം. ജമ്മു കാശ്മീരിലെ ഉറിയിൽ സൈനിക ക്യാമ്പിന് നേരെ നടന്ന ഭീകരാക്രമണത്തിന് മറുപടി ആയിട്ടായിരുന്നു അർദ്ധരാത്രിയിൽ പാക് അതിർത്തി കടന്നുള്ള ഇന്ത്യൻ സൈന്യത്തിന്റെ മിന്നലാക്രമണം.

‘സർജിക്കൽ സ്ട്രൈക്ക്’ എന്ന് നാം അഭിമാനത്തോടെ വിശേഷിപ്പിച്ച ആ മിന്നലാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് ഇന്ത്യൻ പാരാ കമാണ്ടോസ് ആയിരുന്നു. 1971ന് ശേഷം ഇതാദ്യം ആയിരുന്നു നിയന്ത്രണ രേഖ കടന്നു പാകിസ്ഥാന് നേരെയുള്ള ഇന്ത്യൻ ആക്രമണം. പാക് അധീന കാശ്മീരിൽ മൂന്ന് കിലോമീറ്റർ വരെ ഉള്ളിലെത്തി ഭീകരരുടെ ഇടത്താവളങ്ങൾ ആക്രമിച്ചു തകർക്കുകയായിരുന്നു നമ്മുടെ കമാൻഡോകൾ…

സെപ്തംബർ 18നായിരുന്നു ഇന്ത്യയെ പ്രകോപിപ്പിച്ച ഉറി ആക്രമണം. അന്ന് സൈനിക ക്യാമ്പിൽ വീരമൃത്യു വരിച്ചത് 17 ഇന്ത്യൻ ജവാൻമാർ ആയിരുന്നു. അതിനും ഏഴുമാസം മുമ്പാണ് പഠാൻകോട്ട് ഇന്ത്യൻ വ്യോമസേനയുടെ ആസ്ഥാനത്ത് പാക്ക്‌ ഭീകരർ ആക്രമണം അഴിച്ചുവിട്ടത്. അന്ന് വീരമൃത്യു വരിച്ചത് ആവട്ടെ ഏഴ് സൈനികരും. മലയാളി lieutenant colonel നിരഞ്ജൻ ഉൾപ്പെടെയായിരുന്നു നമ്മുടെ നഷ്ടം. എന്നാൽ മിന്നൽ ആക്രമണത്തിലൂടെയുള്ള ഇന്ത്യൻ പ്രതികാരത്തിൽ കൊല്ലപ്പെട്ടത് 45 ഭീകരരായിരുന്നു. മിന്നലാക്രമണ സംഘത്തിലെ എല്ലാ സൈനികരും സുരക്ഷിതരായി ഇന്ത്യയിൽ തിരികെ എത്തുകയും ചെയ്തു.

ശത്രുരാജ്യത്തു യുദ്ധം അല്ലാതെ സൈനിക പ്രഹരം നടത്താൻ കഴിവുള്ളതും തയ്യാർ ഉള്ളതുമായ രാജ്യമായി അതോടെ ഇന്ത്യ മാറി. ഇസ്രായേൽ പോലെയുള്ള ചുരുക്കം ചില രാജ്യങ്ങൾക്ക് മാത്രം ഇതുവരെ സാധിച്ചിരുന്ന കാര്യമാണിത്. ആ മുന്നേറ്റത്തിന് രണ്ടു വയസു തികയുകയാണ്. അതിർത്തിക്കപ്പുറം ഭീകരർ കെട്ടിയ കോട്ട ഇന്ത്യൻ കമാൻഡോകൾ ആക്രമിച്ചു തകർത്തത് എങ്ങനെയാണ്? ആ വഴികളിലൂടെ ഒരു യാത്ര..

2016 സെപ്റ്റംബർ 18 ഉറി ആക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി അന്വേഷണം പ്രഖ്യാപിക്കുന്നു. ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ തിരിച്ചറിയാനും ആവശ്യമെങ്കിൽ അവർക്കുനേരെ സൈനിക നടപടി ഉൾപ്പെടെയുള്ള തിരിച്ചടിയെ കുറിച്ച് ആലോചിക്കാനും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെ ചുമതലപ്പെടുത്തി.

സെപ്റ്റംബർ 19 : ഇന്ത്യൻ സേനയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഭീകരരിൽ നിന്ന് പിടിച്ചെടുത്ത ജിപിഎസ് ഉപകരണങ്ങളിൽ നിന്ന് എല്ലാവരും വന്നത് പാക്കിസ്ഥാനിൽ നിന്നാണെന്ന് മനസ്സിലായി. ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയ വഴി സേന ‘മാപ്പ്’ ചെയ്തെടുത്തു. ജമ്മു കാശ്മീർ സംസ്ഥാനങ്ങളിലും സേനയുടെ കനത്ത തിരച്ചിൽ..

സെപ്റ്റംബർ 21 : ഉറി ആക്രമണത്തിന് എത്തിയ ഭീകരരെ സഹായിച്ച രണ്ടുപേർ പിടിയിൽ. ആക്രമണത്തിലെ പങ്ക് സംബന്ധിച്ച് പാക് നയതന്ത്ര പ്രതിനിധി അബ്ദുൽ ബാസിത്തിന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ജയശങ്കർ തെളിവുകൾ കൈമാറി. എന്നാലിതെല്ലാം പാക്കിസ്ഥാൻ തള്ളിക്കളഞ്ഞു. അതിനിടെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് കാശ്മീർ വിഷയം ഐക്യരാഷ്ട്രസഭയിൽ ഉന്നയിച്ചു…

സെപ്റ്റംബർ 22 : പാക്കിസ്ഥാനിലെ പങ്ക് തെളിഞ്ഞതോടെ കൂടി തിരിച്ചടിക്ക് തീരുമാനമായി. അതിർത്തികടന്നുള്ള ആക്രമണത്തിൻ്റെ സാധ്യതകളെപ്പറ്റി പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും ദേശീയ സുരക്ഷാ ഏജൻസിക്കും കരസേനാ തലവനും മിലിറ്ററി ഓപ്പറേഷൻ ഡയറക്ടർ ജനറലിന്റെ വിശദീകരണം. മിന്നൽ ആക്രമണത്തിന് തയ്യാറെടുക്കാൻ തീരുമാനം. ഇതിനായി കമാൻഡോ സംഘത്തെ ഒരുക്കി…

സെപ്റ്റംബർ 23 : പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച്ച. മിന്നൽ ആക്രമണത്തിന് എൻഎസ്എയുടെ അനുമതി. കമാൻഡോ സംഘം പരിശീലനം ആരംഭിച്ചു. അതിർത്തിക്കപ്പുറം ഭീകരരുടെ താവളങ്ങൾ തിരിച്ചറിഞ്ഞു. പാക് അധീന കാശ്മീരിലെ രണ്ട് ഗ്രാമീണരും ജൈഷേ മുഹമ്മദ് ഭീകര സംഘടനയിലുള്ള രണ്ട് ഇന്ത്യൻ ചാരന്മാരും ഈ കേന്ദ്രങ്ങളുടെ കൂടുതൽ വിവരങ്ങൾ നൽകി..

സെപറ്റംബർ 24 : “ഉറി ആക്രമണം നാം മറക്കില്ല മറുപടി കൊടുക്കുക തന്നെ ചെയ്യും” – കോഴിക്കോട് പൊതു റാലിയെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രിയുടെ പ്രസ്താവന. സെപ്റ്റംബർ 26 : ആക്രമണ തന്ത്രം സംബന്ധിച്ച ചർച്ചകൾക്കായി NSA പ്രതിനിധികൾ, സേനാവിഭാഗം തലവന്മാർ, ഇൻറലിജൻസ് തലവന്മാർ തുടങ്ങിയവരുടെ നിർണായക യോഗം വിവരശേഖരണം. മിന്നലാക്രമണം അപ്രതീക്ഷിത പ്രശ്നങ്ങളെ എങ്ങനെ നേരിടാം ആക്രമണത്തിൽ ഒടുവിൽ എങ്ങനെ സുരക്ഷിതമായി തിരികെ എത്താം തുടങ്ങിയ കാര്യങ്ങളിൽ ചർച്ച.

സെപ്റ്റംബർ 28 : രാത്രി പത്തോടെ ജമ്മു-കാശ്മീർ അതിർത്തി ഗ്രാമങ്ങളിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ തുടങ്ങി. പരിശീലനം ലഭിച്ച ഭീകരതയെ ഇന്ത്യയിലേക്ക് അയയ്ക്കുവാനുള്ള ലോഞ്ച് പാഡുകൾ ആയിരുന്നു കമാൻഡോ സംഘത്തിന് ലക്ഷ്യം. ഭീകരരുടെ പരിശീലന കേന്ദ്രങ്ങൾ നിയന്ത്രണരേഖക്ക് അടുത്ത് ആയിരിക്കില്ല. പല ക്യാമ്പുകളും 40ഒാ അതിലധികമോ കിലോമീറ്റർ അകലെ ആണെന്നാണ് പറയപ്പെടുന്നത്.

അവിടെ പരിശീലനം നൽകിയ ശേഷം ചെറിയ സംഘങ്ങളായി നിയന്ത്രണരേഖയ്ക്ക് അടുത്തുള്ള താവളങ്ങളിലേക്ക് അയച്ച് സമയവും സൗകര്യവും അനുകൂലമാകുമ്പോൾ ഇന്ത്യയിലേക്ക് വിടുകയാണ് പതിവ്. നിയന്ത്രണരേഖയോട് ചേർന്നുള്ള പാക് സൈനിക പോസ്റ്റുകളിൽ നിന്ന് അൽപ്പം പിന്നിലാണ് ഈ താവളങ്ങൾ. പൊതുവേ നിയന്ത്രണരേഖയിൽ മോട്ടോർ മെഷീൻ ഗൺ ആക്രമണം നടത്തി ഇന്ത്യൻ സൈനികരുടെ ശ്രദ്ധ തിരിച്ചു വിടുമ്പോൾ താവളങ്ങളിൽ നിന്നും ഭീകരരെ തള്ളിവിടുകയാണ് പാക്കിസ്ഥാൻ ചെയ്യുക പതിവ്.

നിയന്ത്രണരേഖയിൽ നിന്ന് മൂന്ന് കിലോമീറ്റർ മാറിയായിരുന്നു മിന്നൽ ആക്രമണത്തിലൂടെ തകർക്കാൻ ലക്ഷ്യമിട്ട പാക് ഭീകരരുടെ ഇടത്താവളങ്ങൾ. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ നിയന്ത്രണത്തിലും പാക് സേനയുടെ പിന്തുണയിലും പ്രവർത്തിക്കുന്ന ഭീകരരുടെ താവളങ്ങളിൽ നിന്നും സുരക്ഷിത അകലത്തിൽ ഇന്ത്യൻ സേന ഹെലികോപ്റ്ററിൽ വന്നിറങ്ങി. വ്യോമമേഖല ലംഘിക്കാതെ എന്നാൽ നിയന്ത്രണരേഖ കടന്നുള്ള ആക്രമണമായിരുന്നു ലക്ഷ്യം…

ലക്ഷ്യസ്ഥാനത്തെത്തി സ്ഥിതിഗതികൾ മനസ്സിലാക്കിയശേഷം കണ്ണിൽ കാണുന്ന മുഴുവൻ പേരെയും കൊലപ്പെടുത്താനായിരുന്നു സൈന്യത്തിന് നൽകിയ നിർദ്ദേശം. അർധരാത്രിയോടെ ഭീകരരുടെ നാലു കേന്ദ്രങ്ങളിലും ഒരേസമയം അക്രമണം. താവളത്തിന് സമീപത്തെ കാവൽക്കാരെ വെടിവെച്ചിട്ടു. ഭീകരതയ്ക്കു നേരെ കമാൻഡോ സംഘത്തിൻറെ കടുത്ത ആക്രമണം. വാഹനങ്ങളും ആയുധങ്ങളും തകർത്തു. കമാൻഡോ ഓപ്പറേഷൻ ലൈവ് ദൃശ്യങ്ങൾ ന്യൂഡൽഹിയിൽ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും വിവിധ സേന തലവന്മാരും കണ്ടു. ഇന്ത്യൻ സേനയുടെ റിപ്പോർട്ട് പ്രകാരം ഏഴു താവളങ്ങൾ തകർത്തു 45 ഭീകരരെ കൊലപ്പെടുത്തി.

മിന്നലാക്രമണം കഴിഞ്ഞുള്ള മടക്കം ആയിരുന്നു ആക്രമണത്തെക്കാൾ വെല്ലുവിളിയെന്ന് പിന്നീട് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. പരുക്കേറ്റ ഒരാളെപ്പോലും വിട്ടുകൊടുക്കില്ലെന്ന പ്രതിജ്ഞയും ആയിട്ടായിരുന്നു ഇന്ത്യൻ സൈന്യത്തിലെ തയ്യാറെടുപ്പുകൾ. ഭീകര കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം ആദ്യം അറിയാതിരുന്ന പാക്സേന അപകടം തിരിച്ചറിഞ്ഞതോടെ ഇന്ത്യൻ സംഘത്തിന് നേരെ നിരന്തരം വെടിയുതിർത്തു. മടക്ക വഴിയിൽ തുറസ്സായ 60 മീറ്റർ ഭാഗത്ത് നമ്മുടെ കമാണ്ടോകൾക്ക് ഇഴഞ്ഞ് നീങ്ങേണ്ടി വന്നു.

സെപ്റ്റംബർ 28ന് അർധരാത്രി ആരംഭിച്ച ദൗത്യം പൂർത്തിയാക്കി 29ന് രാവിലെ ഒമ്പതോടെ ബേസ് ക്യാമ്പിലേക്ക് കമാൻഡോസ് എത്തിയതോടെ ദൗത്യം സമ്പൂർണ്ണവിജയമായി. കമാൻഡോ സംഘത്തിൻറെ തലവനും അജിത് ഡോവലും പ്രധാനമന്ത്രിയെ കണ്ടു. പാക് സൈനിക മേധാവിയെ വിളിച്ച് ഡെമോ അക്രമണ വിവരങ്ങൾ അറിയിച്ചു. മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്ങുമായി ഈ വിഷയം പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു. വിവിധ സംസ്ഥാന സർക്കാരുകൾക്കും വിവിധ പാർട്ടി നേതാക്കൾക്കും ആക്രമണം സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം വിവരങ്ങൾ കൈമാറി.

രാജ്യ സുരക്ഷയ്ക്ക് വേണ്ടി നടത്തിയ ഈ ആക്രമണത്തിൽ കേന്ദ്ര സർക്കാറിനൊപ്പം ആണെന്ന് അന്നത്തെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. മിന്നൽ ആക്രമണത്തിന് പിന്നാലെ അതിർത്തിയിലും ഇന്ത്യ കാവൽ ശക്തമാക്കി. ജമ്മുകാശ്മീരിലെയും പഞ്ചാബിലെയും രാജസ്ഥാനിലേയും ഗുജറാത്തിലെയും രാജ്യാന്തര അതിർത്തികൾ ജാഗ്രത പാലിക്കാൻ സൈന്യത്തിന് നിർദ്ദേശം നൽകി. പക്ഷേ പാക്കിസ്ഥാൻ അനങ്ങിയില്ല.

ഇതിനെപ്പറ്റി ലഫ്റ്റനൻറ് ജനറൽ ഡി എസ് ഹൂഡ പറഞ്ഞതിങ്ങനെ.. “ശക്തമായ ഒരു സന്ദേശം പാക്കിസ്ഥാനു നൽകാനാണ് നിയന്ത്രണ രേഖ കടന്ന് അക്രമിച്ചത്. മറ്റു വഴികളിലൂടെ ഒന്നും ഇതുപോലൊരു സന്ദേശം നൽകാനാവില്ല.” പോരാളികൾക്കെതിരെ 2015 ജൂണിൽ മ്യാൻമർ അതിർത്തി കടന്ന് ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയിരുന്നു. അതിനെതുടർന്ന് പാക് ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും ഇങ്ങനെ ഒരു പ്രസ്താവന വന്നിരുന്നു – “മ്യാൻമർ അല്ല പാക്കിസ്ഥാൻ. ഞങ്ങൾക്ക് നേരെ എന്തെങ്കിലും സാഹസത്തിന് ഇന്ത്യ മുതിർന്നാൽ ഉചിതമായ മറുപടിയായിരിക്കും” എന്ന വിധത്തിലായിരുന്നു പ്രസ്താവനകൾ.

പക്ഷേ മിന്നൽ ആക്രമണത്തിന് പിന്നാലെ പാക്കിസ്ഥാൻ ഒരു വിരൽ പോലും അനക്കിയില്ല. അവർക്കു മേലുള്ള ഇന്ത്യയുടെ ധാർമിക വിജയം കൂടിയായിരുന്നു അത്. കിടന്നുള്ള ആക്രമണമാണ് പാക്കിസ്ഥാനെ നിശബ്ദമാക്കിയത്. ദൂരെ നിന്ന് മിസൈൽ കൊണ്ടോ മറ്റോ മറുപടി കൊടുത്താൽ ഇത്തരത്തിൽ ഒരു സന്ദേശം അവരിലേക്ക് എത്തില്ലായിരുന്നു. മിന്നലാക്രമണം നടന്നിട്ടില്ലെന്ന് ഭരണകൂടം പറഞ്ഞപ്പോൾ തന്നെ വ്യക്തമായിരുന്നു തിരിച്ചടികൾ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല എന്ന്.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply