പാളിപ്പോയ ജപ്പാൻ യാത്രയും കിട്ടിയ സ്വിസ്സ് ലോട്ടറിയും…

യാത്രാവിവരണം – പ്രതീഷ് ജെയ്‌സൺ.

ജപ്പാനിൽ പോകണം എന്ന അതിയായ ആഗ്രഹത്തോടുകൂടെ, ഒരുപാടുകാര്യങ്ങൾ പ്ലാൻ ചെയ്ത് ഫ്ലൈറ്റ് ടിക്കറ്റും എടുത്തു വിസക്ക് ചെന്നപ്പോളാണ് ഉഗ്രൻ പണി കിട്ടിയത്. എന്തിരോക്കെ ആണേലും നിനക്ക് വിസ തരാൻ പറ്റൂല്ല എന്ന് അവിടെ എംബസ്സിയിൽ ഇരിക്കുന്ന ജപ്പാൻ ചേച്ചി…. എന്നാപ്പിന്നെ, എന്തിരാണ് തരാതിരിക്കാൻ കാരണം എന്ന് എങ്കിലും പറ ചേച്ചി എന്ന് ചോദിച്ചപ്പോൾ, ജപ്പാൻ ചേച്ചിക്ക് പറയാൻ സൗകര്യമില്ല. പാസ്സ്പോർട്ടിൽ ഒരു റീജെക്ഷൻ സ്റ്റാമ്പും അടിച്ച് നമ്മോടു, ” പോടോ, പോയി പണിനോക്കു എന്ന്.”

ആഹാ അത്രയ്ക്ക് മൊട പാടില്ലല്ല്, എന്ന പിന്നെ ആയിലും കിടിലൻ സ്ഥലങ്ങൾ പോയിട്ടെന്നെ കാര്യം എന്ന് ഞാനും തീരുമാനിച്ച്. 4-5 ഷർഗൻ വിസ പാസ്സ്പോർട്ടിൽ ഉണ്ടായിരുന്ന ധൈര്യത്തിൽ അടുത്ത ദിവസങ്ങളിൽ തന്നെ സ്വിസ്സ് എമ്പസിയിൽ പോയി അപേക്ഷിച്ച്. നാലാം ദിവസം ദാണ്ടെ വിസ കയ്യിൽ. പ്ലാൻ ഒക്കെ പണ്ടേ ഉണ്ടാക്കി വെച്ചിട്ടുണ്ടായിരുന്നു. അതെല്ലാം പെട്ടന്ന് തന്നെ പൊടി തട്ടി എടുത്തു റെഡിയാക്കി. മുൻപ് പറഞ്ഞിരുന്നപോലെ, കാര്യങ്ങൾ, കാണ്ഡം കാണ്ഡം ആയി പറഞ്ഞു, നിങ്ങളെ വെറുപ്പിക്കും കേട്ട…. അത് നിങ്ങ സഹിച്ചോ….

10 ദിവസം…. ജനീവ മുതൽ zurich വരെ ഇടക്കുള്ള എല്ലാ പ്രധാന സ്ഥലങ്ങളിലൂടെയും പൊരിഞ്ഞ ഒരു യാത്ര ആയിരുന്നു. മുന്നത്തെ ഒരു യാത്രയിൽ കളസം പകുതി കീറി ഇരിക്കുന്നത്കൊണ്ട്, മുഴുവൻ കളസം കീറാതിരിക്കാൻ, പരമാവധി ചെലവ് ചുരുക്കി, ഇവിടന്നു തിന്നാനൊക്കെ കൊറച്ചു സാധനങ്ങൾ വരികെട്ടിക്കൊണ്ടു അങ്ങ് തുടങ്ങി…നേരെ ചെന്ന് ജനീവയിൽ ഇറങ്ങികൊടുത്തു… അവിടെ എയർപോർട്ടിൽ ഇരിക്കുന്ന ചില സാറുമാരെ കാണുമ്പോളാണ് നമ്മടെ അവിടെ ഒള്ള ചെല ലവന്മാരെയൊക്കെ പിടിച്ച് കെണറ്റിലിടാൻ തോന്നണേ… ഹാ… പോട്ട്…. ക:മ: എന്നൊരു അക്ഷരം മിണ്ടാതെ, സാർ എന്റെ പാസ്സ്പോർട്ടിൽ സ്റ്റാമ്പാദിച്ചങ്ങു വിട്ടു.

പൊറത്തു ട്രെയിന്റെ ടിക്കറ്റു എടുക്കുന്ന സുനയിൽ നിന്നും ടിക്കറ്റും എടുത്ത്, ജനീവ സിറ്റിയിലേക്കുള്ള 2 നിലയുള്ള ട്രെയിൻ പിടിച്ച്. ജനീവ സ്റ്റേഷനിൽ ചെന്ന് ഇറങ്ങുമ്പ മാണി കൃത്യം 9. സിറ്റി മുഴുവൻ ചവിട്ടിക്കറങ്ങാൻ തൊട്ടു അപ്പറത്തു ഒരു സൈക്കിൾ കടയിൽ വാടകക്ക് ഒരെണ്ണം പറഞ്ഞു വച്ചിരുന്നു. 9 മാണി കഴ്ഞ്ഞു 5 മിനിട്ടെ ആയുള്ളൂ. പക്ഷെ, 9 മണിവരയെ കട ഉള്ളു, അതുകൊണ്ടു ഇനി തരാൻ പറ്റില്ല എന്ന് അവിടെ ഇരിക്കുന്നവൻ. ഇത്രയും ദൂരേന്നു വന്ന, അതും കൃത്യനിഷ്ഠ നിഘണ്ടുവിൽ ഇല്ലാത്ത ഒരു മലയാളി ആണെന്ന പരിഗണന പോലും ഇല്ലാ.. അവനു കട്ട മൊട …. നമ്മളോടാ കളി .. എന്നാപ്പിന്നെ നിന്റെ സൈക്കിളും വേണ്ട, കോപ്പും വേണ്ട എന്നുപറഞ്ഞു, മൊബൈലിൽ മാപ്പും ഇട്ട്, ബുക്ക് ചെയ്തിരുന്ന ഹോസ്റ്റലിലോട്ടു ഒറ്റ നടത്തം. ജനീവ സിറ്റി അത്ര വലിയ ഗുമൊന്നും പറയാൻ ഇല്ല. സാധരണ വികസിത യൂറോപ് നഗരം അത്രയേ ഉള്ളു…

അങ്ങനെ നടന്നു ഹോസ്റ്റലിൽ എത്തി… ഹോസ്റ്റലോക്കെ വലിയ സെറ്റപ്പാണ്… എന്റെ റൂമിൽ സ്പെയിനിൽ നിന്നും, മൊറോക്കയിൽ നിന്നും ഉള്ള രണ്ടു ചെക്കമാരുണ്ട്. അവരെയൊക്കെ പരിചയപ്പെട്ട്, ഞാൻ വലിയ സംഭവം ആണെന്നൊക്കെ അങ്ങ് തള്ളി ഇറക്കി, കമ്പനിയടിച്ചു അവൻ മാർ വാങ്ങിവച്ചിരുന്ന ഒരു ബിയറൊക്കെ സോപ്പിട്ടു കുടിച്ച്, കൊണ്ടുവന്ന കുറച്ചു ഈന്തപ്പഴവും ഒക്കെ തിന്നു രാത്രി കഴിച്ചു..

രാവിലെ എഴുനേറ്റപ്പോ നല്ല വിശപ്പ്. ആകെ ഒരു വിമ്മിഷ്ടം… പെട്ടന്ന് റെഡിയായി, ഫ്രീ ബ്രേക്‌ഫാസ്റ് അടിക്കാൻ കിച്ചണിലേക്കു ഓടി…അപ്പൊ അവിടെ ദാണ്ടെ അടുത്ത പണി… നാട്ടിലെ ബിവറേജിനെക്കാളും നീളമുള്ള ക്യു… സ്റ്റുഡന്റസ് ഹോസ്റ്റലായുണ്ട്, മിക്ക എണ്ണവും എന്നെപോലെ കഞ്ഞികളാണ്… പിന്നെ ഇതിലും വലിയ ക്യു ക്ഷമയോടെ നിന്ന് പരിചയമുള്ള നമ്മ മലയാളികൾക്കാണാ ക്യു നിക്കാൻ പാട്. അങ്ങനെ ക്യു നിന്ന് കിട്ടിയ ഉണക്ക ബ്രെഡും ചപ്പും, ചവറും, വയറു നിറയെ കുത്തിക്കയറ്റി. നല്ല വിശപ്പു കാരണമാണോ, അതോ, ഓസിനു കിട്ടാനൊണ്ടാണോ എന്ന് അറിയില്ല… നല്ല ടേസ്റ്റായിരുന്നു…

ജനീവ സിറ്റിയിൽ അധികം ഒന്നും കാണാൻ പരിപാടി ഇല്ല . വൈകുന്നേരത്തോടെ അടുത്ത വണ്ടി പിടിക്കാൻ ഉള്ളതാണ്. ഹോസ്റ്റലിൽ ചെക്കിന് ചെയ്തപ്പോൾ ഒരു ജനീവ ട്രാവൽ കാർഡ് കിട്ടി. അത് വച്ച് അവിടത്തെ ട്രാമിലും ബസ്സിലും ഒക്കെ കയറാം. അതുകൊണ്ട് ആദ്യം തന്നെ ട്രാമിൽ കയറി UN ആസ്ഥാനം കാണാൻ വിട്ടു..അതിന്റെ നടക്കു ചെന്ന് ആ പൊളിഞ്ഞ കസേരയുടെ (Broken Chair) അവിടൊക്കെ നിന്ന് കുറച്ചു പടം എടുത്തു. നോക്കുമ്പോളുണ്ട്, അപ്പറത്ത് ഗേറ്റിൽ നിക്കണ സെക്യൂരിറ്റി മാമൻ ചെറയണ്. ഞാൻ നമ്മടെ മുരളി തുമ്മാരുകുടി സാറിന്റെ നാട്ടിന്നാണ് എന്നൊക്കെ പറഞ്ഞു, അകത്തോട്ടു കയറണം എന്നുണ്ടായിരുന്നു. പക്ഷെ, നെഞ്ചിൽ ഓട്ട വീഴാൻ വയ്യ… അങ്ങേരുടെ കയ്യിലാണേൽ ഒരു മുട്ടൻ തോക്കൊക്കെ തൂക്കി ഇട്ടിട്ടുണ്ട്. അതുകോട് അധികം അവടെ നിന്ന് കറങ്ങില്ല.. കുറച്ചു പടം ഒക്കെ എടുത്തു സ്റ്റാൻഡ് വിട്ടു.

അടുത്ത ലക്ഷ്യം, വെള്ളം വെറുതെ കിട്ടുന്നതാണ് എന്ന് കരുതി, പോളപ്പുകൾ കാണിക്കാൻ ഉണ്ടാക്കിയിട്ടുള്ള The Geneva Water Fountain കാണാൻ ആണ്. പക്ഷെ സംഗതി വിചാരിച്ചപോലെ അല്ല. അടിപൊളിയാണ്. 140 മീറ്റർ പൊക്കത്തിലാണ് വെള്ളം ചീറ്റുന്നത്. അതും പോകുന്ന വഴി എല്ലാം അടിപൊളി ഗാർഡനുകളും, നടപ്പാതകളും എല്ലാം. പിന്നെ, രാവിലെ ഒരു പണിയും ഇല്ലാതെ കുട്ടി നിക്കറും ഇട്ടു ഓടാൻ നടക്കുന്ന കുറെ എണ്ണവും ഉണ്ട്. പക്ഷെ എനിക്ക് ഏറ്റവും മനോഹരമായി തോന്നിയത്. വഴിയരികിൽ തടാകത്തിൽ കണ്ട അരയന്ന കൂട്ടങ്ങളെയാണ്. 4-5 അരയന്ന കുട്ടികളുമായി പോകുന്ന തള്ള അരയന്നം.. എന്തൊരു ഭംഗിയാണ് കാണാൻ… വേറെ വല്ലോടത്തും ആയിരുന്നേൽ ചെലപ്പോ ഏതെല്ലാം ഫ്രൈ ആയി പ്ലേറ്റിൽ എത്തിയേനെ… അങ്ങനെ ഇതൊക്കെ കണ്ടു നടന്നു Fountain ന്റെ അടുത്തെത്തി. നല്ല അടിപൊളി വ്യൂ. എന്നാപ്പിന്നെ ഒരു ടൈംലാപ്സ് എടുക്കാം എന്ന് വിചാരിച്ചു, ക്യാമറയൊക്കെ സെറ്റ് ചെയ്തു അവിടെ കുത്തിയിരുന്നു. അങ്ങനെ ഇരിക്കുന്നതിന്റെ ഇടയിലാണ്, മൂക്കിൽ കമ്മലിട്ട ഒരു ചേട്ടൻ പതുക്കെ സൈഡിൽ കൂടെ വന്നത്… എന്നിട്ടു എന്നോട് സ്റ്റഫ് വേണോ എന്ന്,….. ഞാൻ OMKV എന്ന് പറഞ്ഞു അവിടന്ന് സ്ഥലം കളിയാക്കി. തിരിച്ചു പോകുന്ന വഴിക്കു, MC യിൽ നിന്നും ഒരു ബർഗറും അടിച്ചു. ഹോസ്റ്റലിൽ പോയി ബാഗും എടുത്തു നേരെ സ്റ്റേഷനിലേക്ക്.നേരെ ട്രെയിനിൽ കയറി, ഫ്രാൻസ് ബോർഡർ കടന്ന് മൌണ്ട് ബ്‌ളാങ് എന്ന പ്രസിദ്ധമായ മലയിലോട്ടാണ്. അവിടെയും പണികൾക്ക് കുറവൊന്നും ഇല്ല.

രണ്ട് ട്രെയിൻ മാറി കയറി ഫ്രാൻസ് അതിർത്തി കഴിഞ്ഞുള്ള Vallorcine എന്ന സ്റ്റേഷനിൽ ചെന്ന് ഇറങ്ങി. ആകെ 7-8 ആളുകളെ ട്രെയിനിൽ അവിടെ ഇറങ്ങാറുള്ളു. ആളും അനക്കവും ഇല്ലാത്ത ഏതോ സിനിമകളിൽ കണ്ടിട്ടുള്ള പോലത്തെ പഴയ ഒരു സ്റ്റേഷൻ. അടുത്ത ട്രെയിൻ എപ്പോ വരുമെന്നോ, എവിടെ വരുമെന്നോ ഒരു പിടിയും ഇല്ല. ചോദിയ്ക്കാൻ പോലും ഒരുത്തനെ ആ പരിസരത്തു കാണാൻ ഇല്ല. ഗൂഗിൾ മാപ് ഒരു മണിക്കൂർ കഴിഞ്ഞാണ് അടുത്ത വണ്ടി എന്ന് പറയുന്നത് വിശ്വസിച്ച് അവിടെ ഇരിക്കെ നിവർത്തിയുള്ളു. പക്ഷെ അങ്ങനെയങ് അവിടെ ഇരിക്കാൻ പറ്റില്ല. കാരണം, ഒരു രക്ഷയും ഇല്ലാത്ത കിടു സ്ഥലമാണ് ചുറ്റിനും ഉള്ളത്. മലകളും, പച്ചപ്പും… കൂടുതലൊന്നും ഞാൻ തള്ളുന്നില്ല. പടം കാണുമ്പോൾ നിങ്ങള്ക്ക് മനസ്സിലാകും. അവിടേം ഇവിടേം ഒക്കെ നിന്ന് കുറച്ചു പടവും, സെൽഫീ ഒക്കെ എടുത്തു സമയം കളഞ്ഞു. അതിന്റെ ഇടയിൽ നല്ല തണുത്ത കാറ്റും, ഒടുക്കത്തെ വിശപ്പും. ബാഗിൽ ഉണ്ടായിരുന്ന കുറച്ചു ചോക്ലേറ്റ് ഒക്കെ തിന്നു തത്കാലം വിശപ്പടക്കി. അങ്ങനെ ഇരിക്കുമ്പോ അതാ ട്രെയിൻ വന്നു. ട്രയിൻ വന്നതും എവിടന്നൊക്കെയോ കുറച്ചു ആളുകളും വന്നു. ആകെ ഒരു 8-10 പേർ… ഇവിടന്ന് Chamonix വരെയുള്ള ട്രെയിൻ യാത്രയുണ്ടല്ലോ.. ഹോ… ഒന്നും പറയണ്ട… മലേം, പുഴേം, പച്ചപ്പും ഹോ ഒരു രക്ഷയും ഇല്ല. അവിടെ ചെന്നിറങ്ങി ബുക്ക് ചെയ്ത റൂമിലേക്ക് നടന്നു. വഴിയിലെല്ലാം, ബാറുകളിൽ ചെക്കന്മാർ, പാട്ടും കേട്ട് ബിയറും കുടിച്ചു ഇരിപ്പുണ്ട്… അങ്ങോട്ട് കയറാൻ ഒരു സൈഡ് വലിവുണ്ടെങ്കിലും, പേഴ്‌സിന് കനം ഇല്ലാത്തോണ്ട് നേരെ അങ്ങ് നടന്നു.

റൂം ഇരിക്കുന്ന സ്ഥലത്തു എത്തിയപ്പോളാണ് ദാ അടുത്ത പണി. ചെറിയ ഒരു സ്റ്റുഡിയോ അപാർട്മെന്റ് ആണ് ബുക്ക് ചെയ്തിരുന്നേ. ഒരു മൊബൈൽ നമ്പർ തന്നിരുന്നു. അവിടെ ചെന്നിട്ടു അതിൽ വിളിക്കാൻ പറഞ്ഞിരുന്നു. അവിടെ ചെന്ന് വിളിക്കുമ്പോളുണ്ട്, ആ ചേച്ചിക്ക്, ഇംഗ്ലീഷ് അത്ര പിടിയില്ല. കെട്ടിടത്തിന്റെ ഉള്ളിലോട്ടു കയറണം എങ്കിൽ നമ്പർലോക്ക് അടിക്കണം. ചേച്ചിടെ ഫ്രഞ്ച് സ്ലാങ്ങിൽ നമ്പർ പറഞ്ഞിട്ടുണ്ടാ എനിക്ക് മനസ്സിലാവുന്നു. ചേച്ചിക്ക് മെസ്സജ് അയക്കാൻ നെറ്റും ഇല്ല. അവസാനം ഞാൻ അതിലെ നടന്നു പോയ ഒരുത്തനു ഫോൺ കൊടുത്തു. അവനു കാര്യം മനസ്സിലായി. അങ്ങനെ ഒരു 100-200 രൂപയുടെ ഫോൺ വിളികൾക്കു അവസാനം അകത്തുകയറിപ്പറ്റി. ഗ്യാസ് ഉള്ളത്കൊണ്ട്, താഴത്തെ കടേന്നു കുറച്ചു മൊട്ടയും ബ്രെഡും വാങ്ങി ഇന്നത്തെ രാത്രിലെ ഫുഡ് അങ്ങ് തീർത്ത്.

രാവിലെ ഇന്നലെ ഉണ്ടാക്കിയത്തിന്റെ ബാക്കിയും തട്ടി, ബാഗും എടുത്തു ഇന്നത്തെ പരിപാടിക്ക് ഇറങ്ങി. റൂമിന്റെ തൊട്ടു പുറകിലുള്ള കേബിൾ കാറിൽ കയറി മൗണ്ട് ബ്ലാങ് മലയുടെ മുകളിലുള്ള Aiguille du Midi വരെ ഒന്ന് പോണം. എന്നിട്ടു തിരിച്ചു വരുന്ന വഴി, മലേടെ ഒരു സ്റ്റെപ് താഴെ ഉള്ള സ്റ്റോപ്പിൽ ഇറങ്ങി നടന്നു മല ഇറങ്ങി വരണം എന്നായിരുന്നു പ്ലാൻ. അത് കണക്കാക്കി, ടിക്കറ്റ് തരുന്ന ചേച്ചിയോട് ചോദിച്ചപ്പോൾ, ചേച്ചി കണ്ണാടി കൂടിന്റെ ഉള്ളിൽ നിന്നും എത്തി, എന്നെ അടി മുടി ഒന്ന് നോക്കി. ഹേ.. എന്താ ഇത്.. ഞാൻ അത്യാവശ്യം നല്ല ജാക്കറ്റും, പാന്റും ഷൂവും എല്ലാം ഇട്ടിട്ടുണ്ടല്ലോ…പിന്നെ എന്താണ് ഇവര് ഇങ്ങനെ നോക്കുന്നത്…!! ചേച്ചി പറഞ്ഞു, ഹൈക്കിങ് ഒന്നും നടക്കും എന്ന് തോന്നുന്നില്ല, വയങ്കര മഞ്ഞാണ്. അവിടെ കാണുമ്പോ നിങ്ങള്ക്ക് മനസ്സിലാവും എന്ന്. ഹമ്… ചേച്ചിക്ക് നമ്മളെ പറ്റി ശരിക്ക് അറിയില്ലെന്ന് തോന്നുന്നു… ഇതൊക്കെ ചീള് കേസ്.. എന്നും പറഞ്ഞു ടിക്കറ്റും വാങ്ങി, കേബിൾ കാറിലേക്ക് പോയി.

എന്റമ്മോ.. ഒന്നും പറയേണ്ട…. മനുഷ്യന്റെ കിളിപോകുന്ന പൊക്കത്തിലൂടെ പോകുന്ന കേബിൾ കാർ. മുകളിലോട്ടു പോകുംതോറും ഒരു രക്ഷയും ഇല്ലാത്ത മഞ്ഞും. 3842 മീറ്റർ പൊക്കത്തിലേക്കാണ് ഈ കേബിൾ കാർ പോകുന്നത്. അവിടെ ചെന്ന് ഇറങ്ങിയതും, തലയിൽ എന്തോ ഒരു പെരുപ്പ്. നോക്കുമ്പോ, ഉണ്ട്, ഓരോ സൈഡിൽ വാളും വച്ച്, കിളി പോയി ഇരിക്കുന്ന കുറെ ടീമുകൾ. AMS ആണ് വില്ലൻ. എന്തോ ഭാഗ്യത്തിന് എനിക്ക് വലിയ പണി കിട്ടിയില്ല. മഞ്ഞും മേഘവും ഒക്കെ കാരണം ശരിക്കു ഒന്നും കാണാൻ പറ്റണില്ല. ഇവിടുത്തെ ഏറ്റവും പ്രധാന കാര്യം, ഏറ്റവും മുകളിൽ ഗ്ലാസിൽ പുറത്തേക്കു തള്ളി നിക്കണ ഒരു ഫോട്ടോ പോയിന്റ് ആണ്. അവിടെ നിന്ന് പടം എടുക്കാൻ ആണേൽ പൂരത്തിന്റെ ജനവും. എന്നാലും, ഇവിടം വരെ മിനക്കെട്ട് വന്നതല്ലേ ഞാനും കയറി വരി നിന്ന് കുറച്ച് പടം എടുത്തു. ഉള്ളിൽ ഈ കെട്ടിടം ഉണ്ടാക്കാനും കേബിൾ കാർ ഉണ്ടാക്കാനും ഒക്കെ മല വലിഞ്ഞു കയറിയ ടീമുകളുടെ പടങ്ങളൊക്കെ വച്ചിട്ടുണ്ട്. പിന്നെ ആ വലിഞ്ഞു കയറ്റത്തിന്റെ കഷ്ടപ്പാട് കാണിക്കുന്ന വീഡിയോകളും കാണിക്കാനുണ്ട്. മുന്നേ ഒരു ഐസ് വാട്ടർഫാൾ കയറി പരിപ്പ് ഇളകിയ അനുഭവമുള്ളതോണ്ട് വീഡിയോ മുഴുവനും കാണാതെ തന്നെ, ഈ വീര സാഹസം ചെയ്തവന്മാരെ നമിച്ചു.

അവിടന്നു പുറത്തിറങ്ങി, കുറച്ചു പടി കയറി മുകളിൽ പോയാൽ, ഏറ്റവും മുകളിൽ നിന്നും അടിപൊളി വ്യൂ കാണാം. പക്ഷെ, എത്രയും പൊക്കത്തിൽ നിൽക്കുമ്പോൾ, പടി ഒക്കെ കയറുക എന്ന് പറഞ്ഞാ, കിളി പോകുന്ന പരിപാടിയാണ്. അതുകൊണ്ട്, നിന്ന് നിന്ന് ഒരു വിധത്തിൽ വലിഞ്ഞു മുകളിൽ കയറി. അവിടെ ആണേൽ ഒടുക്കത്തെ തണുത്ത കാറ്റും. എന്നാലും അവിടെ നിന്ന് കുറെ പടം ഒക്കെ എടുത്തു. അങ്ങനെ എടുക്കുന്നതിന്റെ ഇടയിൽ പെട്ടന്ന് ഇടി വെട്ടുന്നപോലെ ഒരു ശബ്ദം. നോക്കുമ്പോൾ ഉണ്ട്, കുറച്ചു അകലെ, മലയിലെ വലിയ ഇരു ഭാഗം ഐസ് ഇടിഞ്ഞു വീഴുന്നു. അങ്ങനെ ജീവിതത്തിൽ ആദ്യമായി അവലാഞ്ചെ നേരിട്ട് കണ്ടു. ഇനി മല ഇറങ്ങുന്നതിന്റെ എടേൽ ഇതുപോലെ വലതും എന്റെ തലേൽ പൊട്ടി വീഴോ എന്ന് പേടിയും അടിച്ചു.

ഇവിടന്നു താഴോട്ട് മല ഇറങ്ങി പോകാൻ ഒരു വഴി ഉണ്ട്. ഒന്ന് പരീക്ഷിക്കാം എന്ന് വിചാരിച്ചു ഞാൻ അങ്ങോട്ട് ഇറങ്ങി. കുറെ എണ്ണം ആ വഴി, സ്‌കി ചെയ്യാൻ ഉള്ള സുനകളുമൊക്കെ കൊണ്ട് പോകുന്നുണ്ട്. അതിന്റെ ഇടയിലാണ് ഞാൻ ബാഗും തൂക്കി, സ്റ്റിക്കും കുത്തി നടന്നു ഇറങ്ങുന്നത്. ഒടുക്കത്തെ മഞ്ഞും കാറ്റും കാരണം, ശരിക്കൊന്നും കാണാൻ പോലും പറ്റണില്ല. എന്നാലും ഒരു വിധം ഒരു 100 മീറ്ററോളം നടന്നുകാണും. അപ്പോളാണ്, ഒരു കൂട്ടം സ്‌കി ചെയ്യുന്ന ചെക്കന്മാർ എന്നെ തടഞ്ഞു നിർത്തിയത്. വടി ഒക്കെ കുത്തിപ്പിടിച്ച് ചേട്ടൻ എങ്ങോട്ടാണ് എന്നാണ് ചോദ്യം. ഞാൻ പറഞ്ഞു, ദോ, ലത് വഴി താഴോട്ട്…… അപ്പൊ, ആ ചെക്കന്മാർ പറഞ്ഞു, ഇങ്ങനെ നീ അതുവഴി താഴോട്ട് പോയാൽ, നേരെ മുകളിലോട്ടു എത്തും. അതുകൊണ്ടു മോൻ തിരിച്ചു പൊക്കോളാൻ. ഹേ…. അത് എന്താ സംഭവം… അപ്പോളാണ് അറിയുന്നത്. സ്നോ ഷൂവോ, സ്‌കി ചെയ്യാനുള്ള സാധനങ്ങളോ ഇല്ലാതെ അതിലെ പോവാൻ പറ്റില്ല.. വല്ല മഞ്ഞിന്റെ എങ്ങാനും ഇടയിൽ പൂണ്ട് പണി തീർന്നുകിട്ടും. ഇപ്പോളാണ്, ടിക്കറ്റ് എടുത്ത സ്ഥലത്തെ ചേച്ചിടെ നോട്ടത്തിന്റെ അർത്ഥം ശരിക്കു മനസ്സിലായത്. അതിലെ നടക്കുന്നതിന്റെ ചെറിയ ഒരു വീഡിയോ ഉണ്ട് കണ്ടുനോക്ക്. അങ്ങനെ ജീവൻ രക്ഷിച്ചതിൽ അവന്മാരോട് നന്ദിപറഞ്ഞു, കേബിൾ കാറിൽ തന്നെ താഴോട്ട് വിട്ടു.

തിരിച്ചു വരുന്ന വഴിക്കു Plan de l’Aiguille എന്ന സ്ഥലത്തു മലയുടെ മുകളിൽ ഒരു ബാറുണ്ട്. എപ്പോളും രണ്ടെണ്ണം അടിക്കാതെ, ഇവന്മാർക്ക് ഇരിക്കാൻ പറ്റില്ല എന്ന് തോന്നുന്നു. അല്ലെങ്കെൽ പിന്നെ ഈ മലമുകളിലെ ബാർ ഉണ്ടാക്കേണ്ട വല്ല ആവിശ്യം ഉണ്ടോ… അതിന്റെ പുറകിലൂടെയും മല ഇറങ്ങാനുള്ള വഴി ഉണ്ട്. പക്ഷെ അവിടെയും അത് തന്നെ അവസ്ഥ. ഇനിയും കുറച്ചു ആഗ്രഹങ്ങൾ ബാക്കിയുള്ളതോണ്ട് തത്കാലം അവിടെ നിന്ന് കുറച്ചു പടമൊക്കെ എടുത്തു കേബിൾ കാറിൽ കയറി തന്നെ താഴോട്ട് വിട്ടു. താഴെ എത്തി ഒരു സുവനീർ കടയിൽ കയറി. എല്ലാം ഒടുക്കത്തെ വില. കണ്ണ് തള്ളും. പക്ഷെ പട്ടിണി കിടന്നാണേലും നമ്മ സുവനീർ വാങ്ങും. അങ്ങനെ അതൊക്കെ വാങ്ങി, ടൗണിൽ മൊത്തം ഒന്ന് കറങ്ങി നടന്നു. വഴിയിൽ ഒക്കെ റെസ്റ്റോറെന്റുകളിലും ബാറുകളിലും ആളുകൾ ഇരുന്നു തട്ടി കയറ്റുന്നുണ്ട്. പക്ഷെ നമ്മക്ക് MC യെ പറഞ്ഞിട്ടുള്ളു. അവിടന്ന് ബർഗറും വാങ്ങിത്തിന്ന്, വായ് നോക്കിയും പടം എടുത്തും കുറച്ചു കറങ്ങി നടന്നു. ഇന്ന് രാത്രികൂടെ ഇവിടെ കഴിച്ചിട്ട് നാളെ വീണ്ടും സ്വിസ് അതിർത്തി കടക്കണം.

“ലാറ്റെർബർനൻ” എന്ന സ്വർഗ്ഗ ഭൂമി….. പടങ്ങൾ കണ്ടല്ലോ..? അപ്പൊ ഇത് സ്വർഗ്ഗ ഭൂമി ആണോ എന്ന് നിങ്ങള്ക്ക് വല്ല സംശയവും ഉണ്ടാ…?.. സംശയം വേണ്ട ശരിക്കും സ്വപ്നഭൂമി. അതാണ് “ലാറ്റെർബർനൻ” (Lauterbrunnen) എന്ന ഈ സ്വിസ്സ് ഗ്രാമം. അപ്പൊ ഇനി ഇവിടുത്തെ കുറച്ചു കഥകൾ തള്ളാം. മൗണ്ട് ബ്ലാങ്കിൽ നിന്നും 4 ട്രെയിൻ മാറികയറി, ഒന്നും കഴിക്കാതെ വിശന്നു വലഞ്ഞു ലാറ്റെർബർനൻ സ്റ്റേഷനിൽ വന്നിറങ്ങി. വന്ന് ഇറങ്ങിയ ഉടനെ സ്റ്റേഷനിലെ ഒരു കടയിൽ നിന്നും ഒരു ഒണക്ക സാൻവിച് 6CHF അതായത് നാട്ടിലെ ഏകദേശം 410 രൂപ കൊടുത്ത് വാങ്ങി തിന്നപ്പോളാണ് ഒരു “റിലാക്സേഷൻ” ആയത് . വരുന്ന വഴിക്ക് പ്രകൃതി ഭംഗി കണ്ട് കണ്ട് മടുത്തു.

ബാഗും തൂക്കി സ്റ്റേഷന്റെ പുറത്തോട്ട് ഇറങ്ങുമ്പൊത്തന്നെ, ദേണ്ടെ, ഒരു കിടിലൻ വെള്ളച്ചാട്ടം.താമസിക്കാൻ ബുക്കിയ മുറിലോട്ട് ഒരു 15 മിനിറ്റ് നടക്കണം. നടത്തം തുടങ്ങിയപ്പോളാണ് ശരിക്കും കണ്ണ് തള്ളിയത്. എവിടെ തിരിഞ്ഞു നോക്കിയാലും, പച്ചപ്പ്, വെള്ളച്ചാട്ടം….. വൃത്തികെട്ട കോൺക്രീറ്റ് കെട്ടിടങ്ങളൊന്നും അധികം ഉണ്ടാക്കി ചളം ആക്കിട്ടില്ല. നല്ല പരമ്പരാഗത രീതിയിൽ മുൻഭാഗങ്ങൾ ഉള്ള കെട്ടിടങ്ങളും അതിന്റെ ബാക്ക്ഗ്രൗണ്ടിൽ ഒരു അടിപൊളി വെള്ളച്ചാട്ടവും.

വൈദ്യൻ കല്പിച്ചതും, രോഗി ഇച്ഛിച്ചതും പാല്… എന്ന് പറഞ്ഞപോലെ, താമസിക്കാനുള്ള മുറി, വെള്ളച്ചാട്ടന്നിന് തൊട്ടു അടുത്ത്. അതും കെട്ടിടത്തിന്റെ താഴത്തെ നില ഒരു പബ്ബ് ആണ്… (Hornerpub) അടിപൊളിയായി കാര്യങ്ങൾ. പബ്ബിന്റെ ഉള്ളിൽ പോയി വേണം ചെക്കിങ് ചെയ്യാൻ. അവിടെ ചെന്നപ്പോളുണ്ട് നല്ല സുന്ദരിയായ ഒരു സ്വിസ്സി-ക്കുട്ടി. പാസ്പോർട്ട് ഒക്കെ കാണിച്ച് ചെക്കിൻ ചെയ്തു കഴിഞ്ഞപ്പോൾ മുറീടെ താക്കോലിന്റെ കൂടെ ഒരു കുപ്പി ലോക്കൽ ബിയർ ഫ്രീ… എങ്ങനെ പോക്കറ്റ് കീറാതെ ഓസിനു ഒരു ലോക്കൽ ബിയർ കുടിക്കാം എന്ന് മനസ്സിലാക്കിയ എന്റെ കണ്ണ് നിറഞ്ഞു പോയി….ആ പാവം സ്വിസ്സിക്കുട്ടിയോടു നന്ദിപറഞ്ഞുകൊണ്ട്, മുകളിലത്തെ നിലയിലെ മുറിയിലേക്ക്… രണ്ടാമത്തെ നിലയിലോട്ടു കയറാൻ ലിഫ്റ്റൊന്നും ഇല്ല. ബാഗൊക്കെ ചുമന്നോണ്ട് മണ്ടക്ക് എത്തി. ചെറിയ ഒരു കുടുസു മുറി, പക്ഷെ ഒരു ആൾക്ക് ഇതൊക്കെ ധാരാളം. ബാത്റൂമൊക്കെ കോമ്മൺ ആണ്. ജനലിന്റെ ഉള്ളികൂടെ നോക്കിയാ നല്ല വ്യൂ ഒക്കെ ഉണ്ട്. പക്ഷെ എനിക്ക് അപ്പറത്തെ സൈഡിൽ വെള്ളച്ചാട്ടവും മലകളും കാണാൻ പറ്റുന്ന ഒരു മുറി കിട്ടിയാൽ കൊള്ളാമെന്നു ഒരു അത്യാഗ്രഹം തോന്നി. ഒന്നുടെ താഴെപ്പോയി, സ്വിസ്സിക്കുട്ടിയോടു ആ സൈഡിലേക്ക് വല്ല മുറിയും കിട്ടോ എന്ന് ചോദിച്ചു. എന്റെ ഭാഗ്യത്തിന് ഉണ്ട്.. കിട്ടി… നല്ല അടിപൊളി വ്യൂ ഉള്ള റൂം.. വെള്ളച്ചാട്ടം, മല പച്ചപ്പ്… ഹോ.. ഒരു രക്ഷയും ഇല്ല.

ഇന്ന് ഇരുട്ടുന്നവരെ പ്രധാന പരിപാടി, തേരാ പാരാ അലഞ്ഞു നടക്കലാണ്. എങ്ങോട്ടു തിരിഞ്ഞാലും ബ്യൂട്ടി ഉള്ള സ്ഥലത് എവിടെ നടന്നാലും എന്തേലുമൊക്കെ കാണുമല്ലോ. അങ്ങനെ തെണ്ടിത്തിരിഞ്ഞു നടന്നു രാത്രി, താഴെയുള്ള പബ്ബിൽ നിന്നും, ബിയറും സാൻവിച്ചും അടിച്ചു രാത്രി തീർത്തു. കട്ടിലിൽ ഉറങ്ങാൻ കിടക്കുമ്പോൾ, ജനലിനുള്ളിലൂടെ നല്ല അടിപൊളി ലൈറ്റിംഗ് കൊണ്ട് സൂപ്പറാക്കിയ വെള്ളച്ചാട്ടം കണ്ട്, എന്തൊക്കെയോ ചിന്തിച്ചങ്ങു ഉറങ്ങി.

അടുത്ത ദിവസം രാവിലെ 7 മുതൽ അങ്ങോട്ട്, നിർത്താത്ത ഓട്ട പ്രദിക്ഷണം ആണ്. ബാഗും കെട്ടി, ചെറുതായി മഴയും കൊണ്ട് നേരെ Grütschalp കേബിൾ കാർ സ്റ്റേഷനിലേക്ക്. കേബിൾ കാറിൽ അവിടെപോയിറങ്ങി, ഗ്രാമീണ താഴ്‌വാരങ്ങൾ മുഴുവൻ നടന്നു കാണാൻ ആയിരുന്നു പ്ലാൻ. പക്ഷെ അവിടെ എത്തിയപ്പോ, കേബിൾ കാർ പണിമുടക്കിൽ, ഇങ്ങനെയുള്ള പണികൾ നമ്മക്ക് സാധാരണ ആയോണ്ട്, അപ്പൊത്തന്നെ, പ്ലാൻ മാറ്റി. അവിടന്ന് നേരെ ഒരു ബസ്സ് പിടിച്ചു, Stechelberg എന്ന കേബിൾ കാർ സ്റ്റേഷനിലേക്ക്. ബസ്സിൽ കയറി യാത്ര തുടങ്ങിയപ്പോളാണ് മനസ്സിലായത്, ഈ പ്ലാൻ മാറ്റം വലിയ ഒരു ഭാഗ്യമാണ് കൊണ്ട് തന്നത് എന്ന്. അത്രയ്ക്ക് മനോഹരമാണ്, അങ്ങോട്ട് പോകുന്ന വഴി… എന്റെ ജീവിതത്തിൽ ഇത്രയും മനോഹരമായ ലാൻഡ്‌സ്‌കേപ്പ് ഇതിനു മുന്നേ കണ്ടിട്ടില്ല. ഈ കേബിൾ കാർ കയറി പോകുന്നത് തന്നെ വലിയ ഒരു വെള്ളച്ചാട്ടത്തിന്റെ സൈഡിൽകൂടെയാണ്. കേബിൾ നിന്നുള്ള ലാറ്റെർബർനൻ വ്യൂ… ഹോ.. പറയണ്ട… കുത്തനെയുള്ള രണ്ടു മലകൾക്കിടയിൽ പച്ചപ്പും പൂക്കളും പുഴയുമായി നിറഞ്ഞു നിൽക്കുന്ന ഒരു താഴ്‌വാരം….ഇങ്ങനെയുള്ള കാഴ്ചകൾ കണ്ടു കണ്ണുതള്ളി 4 കേബിൾ കാറുകൾ മാറി കയറി ഞാൻ പോകുന്നത്. പഠനത്തെ ഒരു ജെയിംസ് ബോണ്ട് പടത്തിന്റെ പേരിൽ പ്രസിദ്ധമായ, അണ്ണന്റെ പേരിലുള്ള Piz Gloria എന്ന മലമുകളിലുള്ള വ്യൂ പോയിന്റിലേക്കാണ്.

പക്ഷെ അവിടെ എത്താറായപ്പോളേക്കും അടുത്ത പണി… ഒടുക്കത്തെ മൂടൽ മഞ്ഞ്, മഞ്ഞു വീഴ്ച്ച. ഒരു പുല്ലുപോലും കാണാൻ പറ്റണില്ല. അതിന്റെ ഉള്ളിൽ ബോണ്ട് അണ്ണന്റെ വെടിവയ്പ്പും, അക്രമവും ഒക്കെ കാണിക്കുന്ന ഒരു തിയേറ്ററും, പിന്നെ ഐറ്റംസും. അതൊക്കെ ഒരു 10-15 മിനിറ്റിൽ അതൊക്കെ കണ്ടു. അപ്പോളാണ് ഒരു മൂത്ര ശങ്ക…. വാഷ്‌റൂമിന്റെ വാതിൽക്കൽ ചെന്നപ്പോളുണ്ട്, ദാണ്ടെ അവിടെയും ബോണ്ട് അണ്ണൻ തോക്കും പിടിച്ചു നിക്കന്നു. ഉള്ളിൽ നല്ല അടിപൊളി ലൈറ്റിംഗും സെറ്റപ്പും. ഉള്ളിലോട്ടു കയറിയപ്പോ, ആരോ പിറുപിറുക്കന്ന ശബ്ദം. കൂട്ടത്തിൽ ഒരു സ്ത്രീ ശബ്ദവും. പണി പാളി എന്ന് വിചാരിച്ചു തിരിച്ചു ഇറങ്ങാൻ തുടങ്ങിയപ്പോളാണ് മനസ്സിലായത് വാഷ്‌റൂം ഡോൾബി സിസ്റ്റം ആയിരുന്നു. ഈ സൗണ്ടൊക്കെ കേട്ട് ചെറിയ ഒരു സംശയത്തിൽ കാര്യം കഴിഞ്ഞു കണ്ണാടിയിൽ നോക്കി ഒന്ന് മുഖം കഴുകുമ്പോളാണ് പെട്ടന്ന് ഒരു പെണ്ണ് കണ്ണാടിയിൽ വന്നു “I am watching U” എന്നൊരു ഡയലോഗ്. ഹോ.. പെട്ടന്ന് ഞെട്ടിപ്പോയി… അത് കണ്ണാടി+സ്ക്രീൻ ആയിരുന്നു. ശാസ്‌ത്രത്തിന്റെ ഒരു വളർച്ചയെ.. മുള്ളാൻ നിന്നപ്പോളാണ് ഇങ്ങനെ വന്നു പറഞ്ഞത് എങ്കിൽ പണി പാളിയേനെ.

പുറത്തു മുഴുവൻ മഞ്ഞാണ്..ശരിക്കു ഒന്നും കാണാനും പറ്റണില്ല. കുറച്ചു നേരം നിന്ന് കറങ്ങി നോക്കി, തെളിയുന്ന ലക്ഷണമില്ല. അതുകൊണ്ടു കുറച്ചു പടമൊക്കെ എടുത്തു നേരെ തിരിച്ചു വിട്ടു. വരുന്ന വഴിക്കു “Murren” സ്റ്റേഷനിൽ ഇറങ്ങി. എവിടന്നൊരു 10 കിലോമെറ്ററോളം നടന്നു സ്വിസ്സ് ഗ്രാമ ഭംഗി ആസ്വദിച്ച് പോകാം എന്ന് തീരുമാനിച്ചു നടത്തം തുടങ്ങി. ഇനി അങ്ങോട്ടുള്ള കാഴ്ചകൾ പറഞ്ഞു വിവരിക്കാനൊന്നും എനിക്ക് അറിയില്ല… ഫോട്ടോകൾ അത് നിങ്ങള്ക്ക് പറഞ്ഞുതരും… പൂക്കൾ നിറഞ്ഞ താഴ്‌വാരങ്ങൾ, അവിടെ മേയുന്ന പശുക്കൾ, കുതിരകൾ, തടിയിൽ ഉണ്ടാക്കിയ മനോഹര ഗ്രാമീണ വീടുകൾ. അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത പറഞ്ഞാൽ തീരാത്ത കാഴ്ചകൾ. രാവിലെ ഒരു കാലി ചായ പോലും കുടിക്കാതെ തുടങ്ങിയ നടത്തമാണ്, കുറച്ചു ചോക്ലേറ്റും ഈന്തപ്പഴവും കയ്യിൽ ഉണ്ടായിരുന്നത് തിന്നു തിന്നു അങ്ങനെ നടന്നു.

ഇതിന്റെ ഇടയിൽ താഴെ എത്തിയപ്പോൾ ശക്തമായ ഒരു മഴ…. അങ്ങനെ കുറെ നേരം ഒരു വീടിന്റെ സൈഡിൽ കയറി നിന്നു. ഈ നടത്തത്തിന്റെ കാഴ്ചകൾ ഓരോന്നും പറയാൻ പറ്റില്ല.. അത്രയ്ക്ക് അധികം ഉണ്ട്. എന്നാലും അതിൽ എടുത്തു ഒന്ന് “Trümmelbachfälle” എന്ന വെള്ളച്ചാട്ടത്തിന്റെ അടുത്തുള്ള ഒരു നട വഴി ആണ്. ഇടതു സൈഡിൽ പുഴ.. മുന്നിലും പിന്നിലും പൂക്കൾ നിറഞ്ഞു നിൽക്കുന്ന മനോഹരമായ പുൽമേട്, ഏറു വശങ്ങളിലും വെള്ളച്ചാട്ടം…. .ഹൂ.. ഒന്നും പറയേണ്ട.. ശരിക്കും സ്വർഗം തന്നെ…. വരുന്ന വഴി പല സ്ഥലത്തും വേറെ ഒരു കാര്യവും കാണാം, നടക്കുന്ന വഴിയുടെ സൈഡിൽ, ഒരു ഷെൽഫിൽ വച്ചിരിക്കുന്ന ചീസും, തേനും… സാധനങ്ങളുടെ വില എഴുതി വച്ചിട്ട് പൈസ ഇടാൻ ഒരു പാത്രവും വച്ചിട്ടുണ്ട്. ചോദിക്കാനും പറയാനും,നോക്കാനും ആരും ഇല്ല. സ്വിസ്സ് ആളുകളുടെ സംസ്കാരത്തിൽ കള്ളവും ഇല്ല, ചതിയും ഇല്ല… പസസ്പര വിശ്വാസത്തിന്റെ ഉത്തമ ഉദാഹരണങ്ങളാണ് അത്. (** വേറെ വല്ലോടത്തും ആയിരുന്നേൽ, ഷെൽഫ് എങ്കിലും അവിടെ ഉണ്ടായാൽ ഭാഗ്യം) ഈ കാഴച്ചകളൊക്കെ കണ്ടു നടന്നു തളർന്നു മുറിയിൽ എത്തിയപ്പോളേക്കും 6-7 മണി ആയി നടത്തിന്റെയും ഫുഡ് കഴിക്കാത്തതിന്റെയും ഷീണം കാരണം, നേരെ താഴെയുള്ള പബ്ബിൽ കയറി, ഫുഡും അടിച്ചു ഇന്നത്തെ പരിപാടി അവസാനിപ്പിച്ച്….

നാളെ ഇനി അടുത്തൊരു വമ്പൻ സംഭവം കാണാൻ ആണ് പോകുന്നെ… ആ കഥകൾ പിന്നീട്…

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply