സ്പിറ്റിവാലിയിലെ കാലൻ: സഞ്ചാരികളുടെ ജിന്നായ ബാബുക്കയുടെ യാത്രാവിവരണം…

സഞ്ചാരികളുടെ സ്വന്തം ജിന്നായ ബാബുക്കയുടെ (Babz Sager) അതിസാഹസികമായ ഒരു യാത്രയുടെ വിവരണം. ഒരു ഹോളിവുഡ് മൂവി കാണുന്നതുപോലെ തോന്നും ഇതു വായിക്കുമ്പോൾ. ഇത് വായിച്ചില്ലെങ്കിൽ നഷ്ടം നിങ്ങൾക്ക് തന്നെയായിരിക്കും.

ഈ പോസ്റ്റ് ഞാൻ എഴുതി തുടങ്ങുന്നത്ത് സ്പിറ്റി വാലിയിലെ തബോ മോണാസ്റ്ററിയുടെ ഒരു വരാന്തയിൽ നിന്നാണ്.മനസ്സും ശരീരവും ആകെ മരവിച്ച് കിടക്കുകയാണ്. എന്ത് ചെയ്യണം എന്ന് തീരുമാനിക്കാൻ പറ്റാത്ത അവസ്ഥ.!!! പത്ത് വർഷം മുന്നെ ഇതേ പോലെ മലമുകളിൽ സന്യസിക്കണം എന്ന പൂതിയുമായി എത്തിപ്പെട്ടത് ഈ മോണാസ്റ്ററിയിൽ ആയിരുന്നു. തബോ മോണാസ്റ്ററി ടിബറ്റൻ വർഷം 996ൽ ഒരു ടിബറ്റൻ ബുദ്ധിസ്റ്റ് ഉണ്ടാക്കിയതാണ്, 1975ൽ ഭൂമികുലുക്കത്തിൽ പൂർണ്ണമായി നശിച്ച മൊണാസ്റ്ററി വീണ്ടും നിർമ്മിച്ചതാണ്.

നൂറ്റാണ്ടുകൾ പഴക്കമുള്ള സ്കറോൾ പെയ്ൻറിങ്ങുകൾ, മരകൊത്ത് പണികൾ, പൂർണ്ണമായി മണ്ണും മരവും കൊണ്ട് നിർമ്മിച്ച അതിപുരാതന മൊണാസ്റ്ററിയിലേക്ക് പത്ത് വർഷം മുന്നെ യൂറോപ്പിലെ കുറച്ച് സഞ്ചാരികളെ കൂടെ ഈ പെയ്ന്റിങ്ങുകളെ കുറിച്ച് പഠിക്കാനും ,മൊണാസ്റ്ററി പുതുക്കി പണിയാനും കൂടെ സന്യാസം ഒന്ന് പയറ്റി നോക്കി ജിവിതത്തിൽ നിന്ന് ഒളിച്ചോടാൻ ഒരു ശ്രമം നടത്തി. അന്നത്തെ ഇവിടത്തെ കെയർടേക്കർ ആയിരുന്ന ലാമാജി.
എന്റെ കാര്യങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞ അദ്ധേഹം, ചിന്താവിഷ്ടയായ ശ്യാമളയിൽ ശ്രീനിവാസനോട് സ്വാമി പറയുന്നത് പോല, “മോനെ നിനക്ക് ഇപ്പം സന്യസിക്കാൻ പറ്റിയ സമയം ആയിട്ടില്ല , പോയി ജോലി ചെയ്യൂ !!!”എന്നുള്ള ഉപദേശത്തോടെ പറഞ്ഞ് വിട്ടു ,ഇപ്പോൾ ഇതാ പടച്ചോൻ വീണ്ടും ഇവിടെ എത്തിച്ചിരിക്കാണ്
ഈ കഥ തുടങ്ങുന്നത് മണാലിയിലെ ഫാം ഹൗസിൽ പത്ത് ദിവസം മുന്നെ നമ്മുടെ യെസ്ടി മച്ചാൻ ജെൻസൺ ഭായിടെ വരവോടെ ആണ്.

പുള്ളിയാണ് സ്പിറ്റി വേലിയിലേക്ക് ഒരു റൈഡു് പ്ളാൻ ഇടുന്നത്ത്. അടുത്ത ദിവസം രാവിലെ തന്നെ പുറപ്പെടാൻ നിൽക്കുമ്പോളാണ് നമ്മുടെ കുറച്ച് ചെങ്ങായി മാർ നാട്ടിൽ നിന്നും വന്നത്. വടകരക്കാരൻ Ismayil Ali, Rakesh Ashok , Nisar Kadappally, Aneese Khader അങ്ങ് കൊച്ചീന്നും ,ബാബുക്ക ഞങ്ങളും വരുന്നുണ്ട് എന്ന് പറഞ്ഞ് രണ്ടും ബൈക്കും വാടകക്ക് എടുത്ത് അവരും ഞങ്ങളടെ കൂടെ കൂടി.

“സ്പിറ്റിയാണ് വിചാരിക്കുന്ന സുഖം ഒന്നും ഉണ്ടാവില്ല “എന്ന് പറഞ്ഞ് ഞാൻ ആദ്യമേ ജാമ്യം എടുത്തു, അതു മാത്രമല്ല സമ്മറിൽ സ്പിറ്റിയിലേക്ക് യാത്ര ചെയ്യുന്നതിന്റെ ഡബിൾ യാത്ര ചെയ്യണം. കാരണം റോഹ്താങ്ങ് പാസും കൂൻസും പാസും അടച്ചിരിക്കാണ്. ജലോറി പാസ് വഴി തിരിഞ്ഞ് പോകണം. അങ്ങനെ പിറ്റേ ദിവസം കെട്ടും ഭാണ്ഡവുമായി ഞങ്ങൾ ഇറങ്ങി. മണാലിയിൽ നിന്ന് ഇരുപത് കിലോമീറ്റർ യാത്ര ചെയ്ത് നഗറിൽ എത്തിയപ്പോളാണ് ജെൻസൺ ഭായ്ക്ക് ഡെൽഹിയിലെ എമ്പസിയിൽ നിന്ന് ഫോൺ വരുന്നത്. “ഉടനെ ഡെൽഹിയിലേക്ക് വരണം”
എന്ന് പറഞ്ഞ്.. രാവിലെ തന്നെ അപലക്ഷണം ആണല്ലോ കാവിലെ മുത്തപ്പാ !!! “വിസയുടെ കാര്യമല്ലേ നിങ്ങൾ പൊയ്ക്കോളൂ” എന്ന് പറഞ്ഞു കുറച്ച് വിഷമത്തോടെ ആണെങ്കിലും കുളുവിൽ നിന്ന് ജെൻസൺ ഭായിയെ യാത്ര അയച്ചു.

കുളു കഴിഞ്ഞ് ഹൈവേയിൽ നിന്ന് ഔട്ട് എന്ന സ്ഥലത്തിൽ നിന്ന് ഇടത്തോട്ട് തിരിയണം ജലോറി പാസിലേക്ക്. ജെൻസൺ ഭായ് പോയപ്പം എന്തോ ആത്മവിശ്വാസം ചോർന്നത് പോലെ. ഔട്ടിൽ നിന്ന് ജലോറി പാസിലേക്ക് എനി അമ്പത് കിലോമീറ്റർ ഉണ്ടാകും. ജലോറി പാസിന് മുൻപെ ബഞ്ചാർ എന്നൊരു ടൗൺ ഉണ്ട്,അവിടെയാണ് നമ്മുടെ കുപ്പിയിൽ നിന്നിറങ്ങിയ ദിവാൻ ഭൂതത്തിന്റെ വീട്. രണ്ട് മാസം മുൻപെ അമ്മക്ക് സുഖമില്ല എന്നും പറഞ്ഞ് തോട്ടത്തിൽ നിന്നും മുങ്ങിയതാണ് ദിവാൻ. പിന്നീടാണ് ഞാൻ അറിയുന്നത് അവൻ അടുത്ത ഗ്രാമത്തിലെ ഒരു ഉയർന്ന ജാതി പെണ്ണുമായി പ്രേമത്തിൽ ആണ്,😃ഗ്രാമവാസികൾ പഞ്ഞിക്കിടുമെന്ന് അറിഞ്ഞ് മുങ്ങിയതാണ് പുള്ളി😃എന്തായാലും ഒന്ന് പോയി അവന്റെ അമ്മയെ കാണാം വിശേഷങ്ങൾ അറിയാലോ എന്ന് കരുതി ഞങ്ങൾ അവന്റെ വീട്ടിൽ ഒന്നു കയറാമെന്ന് വച്ചു.

ബഞ്ചാറിൽ നിന്നും അഞ്ചു കിലോമീറ്റർ ഉള്ളിലോട്ട് ഒരു കുന്നിൻ മുകളിൽ ആണ് അവന്റെ വീട്. അവന്റെ വീടിന്റെ ബാൽക്കണിയിൽ നിന്ന് കിടിലം വ്യൂ ആണ് സഞ്ചാരികളെ ഫോൺ ചെയ്തപ്പോൾ ആശാൻ വീട്ടിലുണ്ട്.
അവന്റെ വീട്ടിലെത്തിയപ്പോൾ ഉണ്ട് ഒരു പാട് പേർ യുദ്ധകാല അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നു. വീടെല്ലാം പെയ്ൻറ് അടിക്കുന്നു, പുറത്ത് പുതിയ കിച്ചനും ബാത്റൂം എല്ലാം ഉണ്ടാക്കുന്നു.!! “ടാ..ദിവാനെ.. എന്താടാ ഇത് ??..
അച്ചന്റെ കാശ് കിട്ടിയോ ഫുൾ പൊളിക്കാണല്ലോ”!! അച്ചന്റെ കാശ് ..!! കുറച്ച് വിഷമം നിറഞ്ഞതാണ്, എന്നാലും പറയാം. വർഷങ്ങൾക്ക് മുൻപ് ഒരു കമ്പനിയിൽ കണക്കുകൾ നോക്കുകയും ശമ്പളം കൊടുത്തിരുന്നതും ദിവാന്റെ അച്ചൻ ആയിരുന്നു. ഒരു ദിവസം ശമ്പളം കൊടുക്കനുള്ള കാശുമായി ബാങ്കിൽ നിന്നും വരുമ്പോൾ ഉറ്റ സുഹുർത്തുക്കളായിരുന്ന മൂന്ന് പേർ മദ്യം കഴിക്കാൻ ക്ഷണിച്ച് മദ്യത്തിൽ വിഷം ചേർത്ത് കൊന്നു. ആ മദ്യം ഒഴിച്ച് തന്നെ ശരീരം കത്തി്ച്ചും കളഞ്ഞു. അതും ചില്ലറ കാശിന് വേണ്ടി!!! ചെറുപ്പത്തിൽ തന്നെ അച്ചൻ നഷ്ടപെട്ട ദിവാനെ അമ്മയും ഭാദിയുമാണ് വളർത്തി വലുതാക്കിയത്.

എന്നോട് എപ്പോളും പറയുമായിരുന്നു!! ” ബാബു ഭായ്.. അച്ചന്റെ നഷ്ടപരിഹാര തുക കിട്ടിയിട്ട് വേണം വീടൊക്കെ ഒന്ന് മോടി പിടിപ്പിക്കാൻ എന്ന് “!! അതാണ് ഞാൻ അച്ഛന്റെ കാശ് കിട്ടിയോ എന്ന് ചോദിച്ചത്. പിന്നീടല്ലെ സംഭംവം വ്യക്തമാകുന്നത്, പ്രേമിച്ച പെണ്ണിനെ ചാടിച്ച് വീട്ടിൽ കൊണ്ടു വന്നിരിക്കുന്നു ദിവാൻ!!!! സഭാഷ് !!!!😃 ഒരുപാട് പ്രശ്നങ്ങൾക്ക് ശേഷം എല്ലാം കോമ്പ്രമൈസ് ആയി അടുത്ത ഞായാറാഴ്ച്ച നിശ്ച്ചയവും, എപ്രിലിൽ കല്യാണവുമാണ്.
പക്ഷെ പുതുപെണ്ണ് ഓൾ റെഡി വീട്ടിൽ ഉണ്ട്.. !! ഫീകരൻ ആണ് അവൻ കൊടും ഭീകരൻ!!

“ബാബു ഭായ് ഈ പണി ഒക്കെ കഴിഞ്ഞ് എല്ലാം അറിയിക്കാൻ ഞാൻ അങ്ങട്ട് മണാലിയിലേക്ക് വരാൻ ഇരിക്കുകയായിരുന്നു.” രാവിലെ വണ്ടി എല്ലാം ശരിയാക്കി പുറപ്പെടാൻ നേരം വൈകി,ഏകദേശം നാല് മണി ആയി തുടങ്ങിയിരിക്കുന്നു ദിവാന്റെ അമ്മയുടെയും ദാദിയുടെയും നിർബന്ധ പ്രകാരം അന്നവിടെ തങ്ങി പിറ്റേ ദിവസം യാത്ര തുടരാമെന്ന് കരുതി. “ബാബു ഭായ് എന്നാ പിന്നെ ഇന്ന് രാത്രി കോയിക്കോടൻ ബിരിയാണി ഉണ്ടാക്കിയാലോ ” നാട്ടിൽ വന്നപ്പം ഉമ്മച്ചി അവന് ബിരിയാണി ഉണ്ടാക്കുന്നത് പഠിപ്പിച്ചു കൊടുത്തിരുന്നു.നേരെ ബഞ്ചാർ ടൗണിൽ പോയി കുറച്ച് മട്ടണെല്ലാം വാങ്ങി ബിരിയാണി ഒക്കെ കഴിച്ച് ഞങ്ങൾ അവിടെ കൂടി.

പിറ്റേ ദിവസം അതിരാവിലെ തന്നെ ഞങ്ങൾ ഇറങ്ങാൻ തീരുമാനിച്ചു. വണ്ടി സ്റ്റാർട്ടാക്കി ഇറങ്ങാൻ നേരത്ത് ദിവാനുണ്ട് ഒരു ബേഗുമായി ഓടി വരുന്നു “ബാബു ഭായ് മേസ്തിരി രണ്ട് ദിവസം ലീവാണ് ഞാനുണ്ട് ” എന്ന് പറഞ്ഞ് കൂടെ വരാൻ ഇറങ്ങി !!! വീണ്ടും സബാഷ് !!!! “ടാ…പൊട്ടാ… നിന്റെ നിശ്ച്ചയം അല്ലെ ? “അതൊന്നും പ്രശ്നമില്ല ഭായ്.
രണ്ട് ദിവസത്തെ പരിപാടി അല്ലെ ഒള്ളൂ ഞാനുണ്ട്,” അവന്റെ അമ്മയും അമ്മൂമയും പറഞ്ഞത് കേൾക്കാതെ വാശി പിടിച്ച് അവൻ ഞങ്ങളെ കൂടെ ഇറങ്ങി.

ഇരുപത് കിലോമീറ്റർ കഴിഞ്ഞാൽ പിന്നെ ജലോറി പാസാണ്. അധികം ഉയരത്തിൽ അല്ലാതെ ഒരു പാസ്.
അങ്ങിങ്ങായി കുന്ന് കൂടി കിടക്കുന്ന മഞ്ഞു കൂനകൾ കണ്ട് ജീവിതത്തിൽ മഞ്ഞ് കാണാത്ത സുഹുർത്തുകൾക്ക് കൗതുകമായി. അങ്ങനെ ഞങ്ങൾ ജലോറി പാസ് ഇറങ്ങി ആനി എന്ന ടൗണിൽ നിന്ന് ബ്രേക് ഫസ്റ്റ് ഒക്കെ അടിച്ച് അടുത്ത പട്ടണമായ റാംപൂരിലേക്ക് നീങ്ങി,. ഏകദേശം അറുപത് കിലോമീറ്റർ റാംപൂരിന് മുൻപേ ലോഹ്റി എന്ന ഒരു കൊച്ച് ഗ്രാമം ഉണ്ട്. മാവും നെൽവയലും വാഴയെല്ലാം നിറഞ്ഞത്‌ നമ്മുടെ നാട് പോലത്തെ സ്ഥലം. തെങ്ങിന്റെ ഒരു കുറവ് മാത്രം ഉണ്ട് ,!! ആ ഗ്രാമം കഴിഞ്ഞത് മുതൽ എന്റെ വണ്ടിക്ക് ചെറിയ മിസ്സിങ്ങ് തുടങ്ങി. ഒരു രണ്ട് കിലോമീറ്റർ പോയപ്പം പൂർണ്ണമായും ചത്തു.

എന്താ ചെയ്യാ ചെങ്ങായിമാരെ!!!!! സെൽഫും എടുക്കുന്നില്ല, കിക്കറടിച്ചിട്ടും കിട്ടുന്നില്ല. ഒരു രണ്ട് മണിക്കൂർ അവിടെ കട്ട പോസ്റ്റായി. ആ സമയം നമുക്ക് അറിയുന്ന സംഗതികൾ ഒക്കെ ചെയ്ത് നോക്കി.ദിവാന്റെ വക കമ്പി വളക്കലും ,പെട്രോൾ വായിലാക്കലും എല്ലാം നടക്കുന്നുണ്ട് എനി ഒരു മെക്കാനിക്കിനെ കിട്ടണമെങ്കിൽ ഒന്ന്ല്ലങ്കിൽ ഷിംല വരെ പോണം അല്ലങ്കിൽ റാംപൂര് എത്തണം. എന്താ ചെയ്യാ!! എന്നാലോചിച്ച് നിൽക്കുമ്പോളാണ് ഒരു ട്രക്ക് ഡ്രൈവർ വണ്ടി നിർത്തുന്നത്. !!! എന്താണ് ചോദിച്ചറിഞ്ഞതിന് ശേഷം പുള്ളി അടുത്ത ഗ്രാമത്തിലെ ഒരു മെക്കാനിക്കിനെ വിളിച്ചു.
മെക്കാനിക്ക് ഉടൻ വരുമെന്ന് പറഞ്ഞ് അയാൾ പോയി. വീണ്ടും ഒരു മണിക്കൂർ പോസ്റ്റ് !!

വെയിലിന് നല്ല ചൂട്.. ഒന്നര മണിക്കൂർ കഴിഞ്ഞ് മെക്കാനിക്ക് എത്തി.. ഒരു ബുള്ളറ്റിൽ രണ്ട് യുവാക്കൾ !! ഫുൾ ടൂൾസും കയ്യിൽ ഉണ്ട്. ആള് പുലിയാ.. വന്ന് അഞ്ചു മിനിറ്റിനകം അയാൾ കാരണം കണ്ട് പിടിച്ചു. ബേറ്ററി വീക്ക് ആണ്.. തൽക്കാലം അയാൾ കൊണ്ട് വന്ന ഒരു ബേറ്ററി ഇട്ട് അയാളുടെ കൂടെ പത്ത് കിലോമീറ്റർ അകലെയുള്ള അയാളുടെ വർക് ഷോപ്പിൽ ചെല്ലാൻ പറഞ്ഞു. അവിടെ ചെന്ന് ബേറ്ററി ചാർജിൽ ഇട്ട് നോക്കാമെന്ന് പറഞ്ഞു.
കുറച്ച് നേരം ചാർജിൽ ഇട്ട് നോക്കിയപ്പം തീരെ ചാർജ് കയറുന്നില്ല എന്ന് മെക്കാനിക്ക് പറഞ്ഞു. എന്തോ എനിക്ക് ഒരു പന്തികേട് തോന്നി. കാരണം അയാൾ ആദ്യം വണ്ടിയിൽ നിന്ന് ബേറ്ററി ഊരിയപ്പോൾ തന്നെ ഇത് മാറ്റണം എന്ന് പറഞ്ഞിരുന്നു. പുള്ളിയുടെ കൈയ്യിലുള്ള ബേറ്ററിയുടെ വില കേട്ടപ്പോൾ സംഭംവം തീരുമാനായി.!!!

രണ്ടായിരം രൂപയുടെ ബാറ്ററിക്ക് പുളളിക്ക് 4000 വേണം പിന്നെ വണ്ടി വന്ന് നോക്കിയതിന് 500 രൂപയും!!! എന്ത് ചെയ്യാനാ 60 km പോകാതെ വേറെ കടയില്ല. അവസരം മുതലെടുക്കാണ് ഹമുക്ക്,!!! മണ്ടിക്കാരനാ കണ്ടാൽ അറിയാം!!
ഹിമാചലിൽ ആകെ വിശ്വസിക്കാൻ കൊള്ളാത്ത ജില്ലക്കരാണ് മണ്ടിക്കാർ, മണാലിയിലെ മൊത്തം ഉടായിപ്പ് ഇവമ്മാരാണ്, ചിരിച്ചിട്ട് തേച്ച് തരും . വലിയ കൗശലക്കാർ എന്നാണ് വിചാരം !!! ഞമ്മള് കേരളക്കാരോടാ ഓന്റെ കളി !!! അവന്റെ ഫസ്റ്റ് ഡൈലോഗിൽ തന്നെ അവൻ കള്ളനാണെന്ന് എനിക്ക് മനസ്സിലായിക്ക്ണ്,😃

എന്റേത് പുതിയ ബേറ്ററി ആണെങ്കിലും ചാർജ് കയറുന്നില്ല എന്ന് പറഞ്ഞത് കാരണം പുതിയത് മേടിക്കാൻ നിർബദ്ധിതനായി. അവസാനം പോകാൻ നേരത്ത് ഞാൻ പഴയ ബേറ്ററി എടുത്ത് കവറിൽ ഇടുമ്പോൾ മെക്കാനിക്കിന്റെ ഡൈയലോഗ്.🤒 “അതെന്തിനാ എടുക്കുന്നത് , പാട്ട പെറുക്കുന്നവർ പോലും എടുക്കുലാന്ന്, ”
അപ്പം എനിക്ക് സംഭവം മൊത്തം മനസ്സിലായി !!! അവനെ വകവെക്കാതെ അത് കവറിലിട്ട് ഒരു കിലോമീറ്റർ പോയി ഒരു കാറ് മെക്കാനിക്കിന് വെറുതെ കൊടുത്തു.😎 കാരണം ലഗേജിൽ ഇട്ടാൽ എങ്ങനേലും ലീക്കായാൽ മൊത്തം ശരീരം പൊള്ളും. ആ ഹമുക്കിന് കൊടുക്കൂല 😄എന്ന വാശി ആയിരുന്നു. അങ്ങനെ ഞങ്ങൾ രാംപൂർ ലക്ഷ്യമാക്കി നീങ്ങി. അന്നത്തെ ദിവസം ഗോവിന്ധാ !!!!

അധികം റൈഡ് ചെയ്യാൻ കഴിയാതെ ഞങ്ങൾ രാപൂരിന് ശേഷം ജ്യോറി എന്ന സ്ഥലത്ത് കൂടണയാൻ തീരുമാനിച്ചു
പിറ്റേ ദിവസം ജ്യോറിയിൽ നിന്ന് ഞങ്ങൾ അതിരാവിലെ പുറപ്പെട്ടു. എങ്ങനേലും സ്പിറ്റിയുടെ തലസ്ഥാനമായ കാസയിൽ പിടിക്കണം. രാപൂരിൽ നിന്ന് ഏകദേശം 250 km ഉണ്ടാകും കാസയിലേക്ക് !! ഇപ്പോൾ പുതിയ ബൈപാസ് ഉണ്ട്. പണ്ടത്തെ പോലെ റികോങ്ങ് പിയോ വഴി തിരിഞ്ഞ് പോകണ്ട. അത്യാവശ്യം നല്ല റോഡാണ്. ഏകദേശം നൂറ് കിലോമീറ്റർ ഓടി ഞങ്ങൾ പൂഹ് എന്ന സ്ഥലത്ത് എത്തി ഭക്ഷണം ഒക്കെ കഴിച്ച് വീണ്ടും യാത്ര പുറപ്പെട്ടു. ഏകദേശം ഒരു അഞ്ച് കിലോമീറ്റർ പേയതേ ഉള്ളൂ. റോഡിൽ ആകെ പൊടി കാറ്റ് നിറഞ്ഞ് ഒന്നും കാണാൻ പറ്റുന്നില്ല. കുറച്ച് ദൂരം കൂടി പോയപ്പോൾ മിലിറ്ററിക്കാർ വണ്ടി തടഞ്ഞു.!

മണ്ണിടിച്ചിൽ കാരണം ഒരു അമ്പത് മീറ്റർ ആകെ തകർന്നിരിക്കുന്നൂ, നാക്കോ എന്ന സ്ഥലത്തെ മിലിറ്ററി കേമ്പിൽ നിന്നും ജെ സി ബി വരണം പോലും. പെട്ടെന്ന് കണ്ട് കണ് ഒരു നാലഞ്ച് മിലിറ്ററി ജിപ്സിയും അതിൽ നിന്ന് നാലഞ്ച് പട്ടാളക്കാർ ഇറങ്ങി സ്ഥലം പരിശോധിച്ചു. ഉടനെ അവർ സാറ്റലൈറ്റ് ഫോണോക്കെ സെറ്റാക്കി ആരൊക്കെയോ വിളിക്കുന്നത് കണ്ടു. അര മണിക്കൂറിനുള്ളിൽ റോഡ് നന്നാക്കാനുള്ള സകല സാമഗ്രികളുമായി ഒരു വൻ ബറ്റാലിയൻ എത്തി. പിന്നീടാണ് സംഭവം മനസ്സിലായത് അവരുടെ ഏതോ വലിയ ഓഫീസർ റോഡ് ബ്ളോക്കായത് കാരണം അപ്പുറത്ത് കുടുങ്ങിയിട്ടുണ്ട് എന്ന് 😃 രണ്ട് ദിവസം കൊണ്ട് BR0 ചെയ്യേണ്ട ജോലി അവർ നാല് മണിക്കൂർ കൊണ്ട് തീർത്തു.

അതിനിടയിൽ ഒരു ജെസിബിക്ക് മുകളിൽ വലിയ ഒരു കല്ല് വീണ് ഭാഗ്യം കൊണ്ട് ഡ്രൈവർ രക്ഷപെട്ടു. പൊരി വെയിൽ കാരണം ഞങ്ങൾ ആ കേടായ ജെ സി ബി യിൽ അഭയം പ്രാഭിച്ചു.😑 ഏകദേശം നാല് മണി ആയപ്പം റോഡ് ഏകദേശം ശരിയായി. ആദ്യം അവർ കാസയിൽ നിന്ന് വരുന്ന ലോക്കൽ ബസിനെയും,മിലിറ്ററി ഓഫീസറെയും കടത്തിവിട്ടു,. അടുത്തത് ഞങ്ങളുടെ ഊഴം! “പടച്ചോനേ !!! കാത്തോളി!!!! എന്ന് പറഞ്ഞ് ഞങ്ങളും അവിടുന്ന്! രക്ഷപ്പെട്ടു. അടുത്തത് നാക്കോ എന്ന വില്ലേജാണ്. പാസെല്ലങ്കിലും ഏകദേശം പാസ് പോലെ ഒരു ചുരത്തിന് മുകളിൽ ആണ് നാക്കോ വില്ലേജ്. വിശന്നിട്ട് വയ്യ. അവിടെ ആദ്യം കണ്ട ഒരു ദാബയിൽ ഓടി കയറി. ഈ റോഡിൽ ഒരു ദാബയിലും ഫുഡ് ഒന്നും ഓർഡർ ചെയ്യേണ്ട ആവശ്യം ഇല്ല. ദാൽ.. ചാവൽ… പിന്നെ.. ചാവൽ… ഡാൽ… 😄 അതേ കിട്ടുകയൊള്ളൂ. കൂടെ രണ്ട് റൊട്ടിയും കിട്ടും. ബില്ല് വന്നപ്പം മനസ്സും വയറും പൂർണ്ണമായി നിറഞ്ഞു. നൂറ്റമ്പത് രൂപ !!!
സാധാരണ അമ്പത് രൂപയാണ് റേറ്റ്. നമുക്ക് ഇട്ട് പണിതതാണ് എന്ന് നന്നായി അറിയാം. “റൊട്ടി വേണോ . ചോറ് വേണോ.. ഭക്ഷണം നല്ല അടിപൊളി അല്ലേ..” എന്ന ഹോട്ടൽ ഉടമയുടെ ചോദ്യത്തിൽ തന്നെ എന്തോ ഒരു അപലക്ഷണം തോന്നിയിരുന്നു. ബ്ലഡി നേപ്പാളീസ്.. എരപ്പാളീസ് 🙄 നമ്മുടെ നാട്ടിൽ വന്ന് നമുക്കിട്ട് വെക്കുന്നു എന്ന് പിറു പിറുത്ത് കൊണ്ട് ഞങ്ങൾ അവിടുന്ന് ഇറങ്ങി.

അടുത്ത് നാക്കോ ചുരം ഇറങ്ങിയാലാണ് സുമ്ദോ. അവിടെ ഒരു ചെക് പോസ്റ്റുണ്ട്. അവിടെ വണ്ടി നമ്പറും പേരും എല്ലാം റജിസ്റ്റർ ചെയ്യണം. എന്റെ വണ്ടി നമ്പർ By ആണോ BV മൂപ്പർക്ക് സംശയം !! ചൈന ബോടറിലേക്ക് അവിടുന്ന് ഒരു 25 കിലോമീറ്ററേ ഉള്ളൂ, സമയം ഏകദേശം ഇരുട്ടായിരിക്കുന്നു. കാസ വരെ എത്താൻ ഇനിയും 78 കിലോമീറ്റർ ഉണ്ട്. 28 കിലോമീറ്റർ ഓടിയാൽ തബോ വില്ലേജ് എത്തും. രാത്രിയാത്ര അത്ര നല്ലതല്ല എന്ന് പോലീസ്കാരന്റെ ഉപദേശം കൂടി ആയപ്പോൾ തബോയിൽ കൂടണയാൻ തീരുമാനിച്ചു. തണുപ്പ് ഒരു രക്ഷയും ഇല്ല, ഒരു വിധം തപ്പി തടഞ്ഞ് ഞങ്ങൾ തബോ എത്തി. ഓഫ് സീസൺ ആയതിനാൽ ഒരു ഗസ്റ്റ് ഹൌസ് പോലും തുറന്നിട്ടില്ല !!!! മൊണാസ്റ്ററിയിൽ പണ്ട് ഉണ്ടായിരുന്ന സത്രം ഇപ്പോൾ നിർത്തിയെന്നും പറഞ്ഞു.!!

അപ്പോളാണ് ഒരു പയ്യനെ റോഡിൽ വച്ച് കാണുന്നത്. ടെൻസിംഗ് ഭായ്. നല്ല ഫിറ്റിലാണ് പുള്ളി 😃 “താമസം ഒക്കെ ഞാൻ ശെരിയാക്കിത്തരാം പക്ഷെ ഭക്ഷണം ഒന്നും കിട്ടില്ല എന്ന് പറഞ്ഞു ” നൂറ്റമ്പത് രൂപയുടെ ദാൽ ചാവൽ ഇതുവരെ ദഹിച്ചിട്ടില്ല !! ഭക്ഷണം ഒന്നും വേണ്ട ചുരുണ്ട് കൂടാൻ ഒരു സ്ഥലം മതി എന്ന് പറഞ്ഞു, എങ്കിൽ വണ്ടി വിട്ടോളൂ !!! എന്ന് പറഞ്ഞ് എന്റെ പുറകിൽ ടെൻസിംഗ് ഭായും കയറി.

ഏകദേശം ഒരു കിലോമീറ്റർ ഗ്രാമത്തിന് ഉള്ളിലേക്ക് പോയി വലിയൊര് മൂന്ന് ബെഡ് റൂമുള്ള ഒരു ബംഗ്ലാവ് ഞങ്ങൾക്കു തുറന്ന് തന്നു ! അഞ്ഞൂറ് രൂപ തരാനും പറഞ്ഞു. പിന്നീടാണ് മനസ്സിലായത് ഇറിഗേഷൻ ഡിപ്പാർട്ട്മന്റിന്റെ റെസ്റ്റ് ഹൗസ് ആണ്. ടെൻസിങ്ങ് ഭായ് വാച്ച് മാൻ ആണ്!! മൂപ്പര് കളള് കുടിക്കാൻ വേണ്ടി പാവം ഗവൺമെന്റിനെ സഹായിക്കുകയാണ് !! ദാനം കിട്ടിയ പശുവിന്റെ പല്ല് പിടിച്ച് നോക്കണ്ട കാര്യമില്ലല്ലോ,😃 വെറും അഞ്ഞൂറ് രൂപക്ക് അതി വിശാലമായ മൂന്ന് ബെഡ് റൂം ഉള്ള ബഗ്ലാവ്, ഉള്ളിൽ ഹീറ്റർ,ചൂട് വെള്ളം, അഞ്ഞൂറ് രൂപക്ക് വേറെ എന്ത് വേണം ഞങ്ങൾക്കു ആറ് പേർക്കും !!! രാവിലെ എത്താൻ നേരം വൈകുമെന്നും ചാവി വേക്കേണ്ട സ്ഥലവും കാണിച്ച്, വീടിന് മുന്നിൽ ഒരു ചെറിയ കേമ്പ് ഫയറും ഇട്ടു തന്നു ടെൻസിംഗ് സേട്ട് പോയി.!!

പിറ്റേ ദിവസം അതിരാവിലെ തന്നെ ഞങ്ങൾ കാസയിലേക്ക് പുറപ്പെട്ടു. വഴിയരികിൽ ഹിമാലയൻ വരയാടുകളെ യഥേഷ്ട്ം കണ്ടു!! താഴ്വാരങ്ങളിലൂടെ ഉള്ള നല്ല നിവർന്ന റോഡും, മഞ്ഞ് തൊപ്പി അണിഞ്ഞ മലകളും ആക്സിലേറ്ററിൽ അറിയാതെ കൈ അമർന്നു !!! തബോയിലെ പോലെ കാസയിലും ഓഫ് സീസൺ കാരണം അധിക കടകളും തുറന്നിട്ടില്ല. അവസാനം ഒരു നേപ്പാളി അമ്മച്ചിയുടെ ചന്ദ്ര താൽ എന്ന ഹോട്ടലിൽ കയറി മോമോസും സൂപ്പും എല്ലാം കഴിച്ചു. ഈ പ്രാവശ്യം ഹിമാച്ചലിൽ എല്ലായിടത്തും പോലെ ഇവിടെയും മഞ്ഞ് കുറവാണെന്ന് അമ്മച്ചി പറഞ്ഞു. അവിടത്തെ കുക്ക് അമ്മച്ചിയുടെ ഭർത്താവ് ആണ് !! മനു ഭായ!!! ആള് ഭയങ്കര സ്നേഹമുള്ളവനും രസികനും ആണ്,. ഇദ്ധേഹത്തെ പറ്റി ഒരു പാട് പറയാനുണ്ട് അവസാനം പറയാം. !!

അങ്ങനെ മോമോസും സൂപ്പും അടിച്ച എനർജിയിൽ ഞങ്ങൾ അടുത്ത ഗ്രാമങ്ങളായ ഹിക്കിമിലേക്കും കോമിക്കിലേക്കും പോകാൻ തീരുമാനിച്ചു. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള മോട്ടറബൾ വില്ലേജ് ആണ് കോമിക്ക്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോസ്റ്റ് ഓഫീസ് നിൽക്കുന്ന സ്ഥലമാണ് ഹിക്കിം, സാധാരണ വിന്ററിൽ മഞ്ഞ് കാരണം ഈ ഗ്രാമങ്ങളിലേക്ക് പോകാൻ സാധിക്കാറില്ല. പക്ഷെ ഈ പ്രാവശ്യം മലമുകളിൽ അല്ലാതെ വേറെ എവിടെയും മഞ്ഞ് കാണുന്നില്ല. കാസയിലെ പെട്രോൾ ബങ്കിൽ നിന്നും ടേങ്ക് ഫുൾ ആക്കി ഞങ്ങൾ കോമിക്കിലേക്ക് പുറപ്പെട്ടു.

എല്ലാവരോടും നല്ലം വെള്ളം കുടിക്കാൻ പറഞ്ഞു. കാരണം ഓക്സിജൻ തീരെ ഇല്ലാത്ത സ്ഥലമാണ്, കുറച്ച് കടലക്ക മിഠായും ചോക്കളേറ്റും വാങ്ങി ബേഗിലിട്ടു. ഏകദേശം ഇരുപത്തി രണ്ട് കിലോമീറ്റർ ഉണ്ടാകും കോമിക്കിലേക്ക് ,
വഴിയിൽ വച്ച് ഒര് കോഴികോട്ടുകാരൻ പയ്യനെ കണ്ടു. ആള് കാസയിൽ നിന്ന് ബുള്ളറ്റ് വാടകക്ക് എടുത്തതാണ്, അവനും കൂടി ഞങ്ങളുടെ കൂടെ !! ഏകദേശം ഒരു പത്ത് കിലോമീറ്റർ പോയപ്പോൾ കാലാവസ്ഥ പെട്ടെന്ന് മാറി തുടങ്ങി. ശക്തിയായ കാറ്റ്,!! മഞ്ഞ് ചെറുതായി പൊടിയുന്നത് പോലെ തോന്നി!! “ബാബു ഭായ് ഇത് മഞ്ഞ് പെയ്യുന്നതല്ല
മല മുകളിലെ മഞ്ഞ് കാറ്റത്ത് പറന്നു വരുന്നതാണ് ” എന്ന് ദിവാന്റെ കണ്ടുപിടുത്തവും.

കോമിക്ക് എത്തിയപ്പോഴേക്കും അവസ്ഥ മാറി, മഞ്ഞ് ചെറുതായി പെയ്യാൻ തന്നെ തുടങ്ങി. ശക്തമായ കാറ്റും!!
തണുത്ത് മരവിച്ച ഞങ്ങൾ അവിടെ ആകെയുള്ള ഒരു മൊണാസ്റ്ററിലേക്ക് ഓടി കയറി, ഒരു ലാമാജി വന്ന് ഞങ്ങളെ നേരെ അവരുടെ കിച്ചനിലേക്ക് കൂട്ടി കൊണ്ട് പോയി തന്തൂർ കത്തിച്ച് ചൂട് കൊള്ളാൻ പറഞ്ഞു. എല്ലാർക്കും പുള്ളി തന്നെ ചായയും ഉണ്ടാക്കി തന്നു. ഈ കാലാവസ്ഥ അനുസരിച്ച് നിങ്ങൾ എത്രയും പെട്ടെന്ന് താഴേക്ക് ഇറങ്ങണമെന്ന് ഉപദേശവും നൽകി. അങ്ങനെ ചായ കുടിച്ച് ഞങ്ങൾ എത്രയും പെട്ടെന്ന് താഴേക്ക് ഇറങ്ങി, കോമിക്കിൽ നിന്നും മൂന്ന് കിലോമീറ്റർ താഴോട്ട് ഇറങ്ങുന്ന വഴിയിൽ ആണ് ഹിക്കിം.. എന്തായാലും വന്നതല്ലെ അവിടെക്കൂടി കയറാം, !! താഴോട്ട് ഇറങ്ങും തോറും മഞ്ഞ് വീഴ്ച്ചക്കും കുറവും കാണുന്നുണ്ട്,. അവിടെ ചെന്നപ്പോളാണ് പോസ്റ്റ് ഓഫീസ് അടച്ചിരിക്കുന്നത് കണ്ടു. കയ്യിലുള്ള പോസ്റ്റ് കാർഡ് അവിടെ അടുത്തുള്ള ഒരു വീട്ടിൽ ഏൽപ്പിച്ച് സ്റ്റീൽ പാത്രം നിലത്ത് വീണാൽ ഉള്ള ശബ്ദം പോലെ പേരുള്ള പോസ്റ്റ് മാസ്റ്ററെ ഏൽപ്പിക്കാൻ പറഞ്ഞ് ഞങ്ങൾ അവിടുന്ന് ഇറങ്ങി.

ഏകദേശം ഒരു രണ്ട് കിലോമീറ്റർ പോയിട്ടുണ്ടാവും, ഒന്നും പറയണ്ട സഞ്ചാരികളെ ,!!!!!! കനത്ത മഞ്ഞ് വീഴ്ച്ച ,
നിമിഷ നേരം കൊണ്ട് ആകെ വെള്ള പുതച്ചു. വണ്ടി എങ്ങനെക്കെയോ ഞങ്ങൾ ഒരു നാല് കിലോമീറ്റർ കൂടി ഓടിച്ചു.
എല്ലാവരും ഒരു നാലഞ്ച് പ്രാവശ്യമെങ്കിലും തെന്നി വീണിട്ടുണ്ടാവും. എനി ഏകദേശം ഒരു പതിനഞ്ച് കിലോമീറ്റർ ഉണ്ടാകും. താഴോട്ട് ഇറങ്ങും തോറും മഞ്ഞ് വീഴ്ച്ചക്ക് ശമനം കണ്ട് തുടങ്ങി.രക്ഷപ്പെട്ടു!! ഒരു രണ്ട് കിലോമീറ്റർ പോയപ്പോൾ മഞ്ഞില്ലാ എന്ന് തന്നെ പറയാം. ഇസ്മായിൽ കുറച്ച് നല്ല റോഡ് കിട്ടിയപ്പം ആദ്യം തന്നെ മുന്നിൽ പോയി,
റോഡിൽ കുറച്ച് മഞ്ഞ് പൊടി മാത്രമായതിനാൽ തെന്നൽ കൂടി !! പൊടുന്നനെ ഞാൻ ഒരു വലിയ ശബ്ദം കേട്ട് പുറകിൽ തിരിഞ്ഞ് നോക്കി. അയ്യോ.. !!! നമ്മുടെ കോഴിക്കോട്ടുകാരൻ പയ്യൻ മലർന്നടിച്ച് വീണിരിക്കുന്നു.. ബൈക്ക് സ്കിഡ് ആയി ദൂരെക്ക് തെറിച്ചു പോയി. ഭാഗ്യം കൊണ്ടാണ് കൊക്കയിലേക്ക് പോകാതിരുന്നത് !!! അതും ബാരിക്കേട് ഇല്ലാത്ത റോഡും, അവന്റെ ബൈക്കിന്റെ ഹെഡ് ലൈറ്റും ക്ളച്ച് ലിവറും എല്ലാം പൊട്ടിയിരിക്കുന്നു!! ഹാൻഡിൽ വയറിന് കുത്തി കയറി!! രണ്ട് ജാക്കറ്റ് ഇട്ടത് പയ്യന്റെ ഭാഗ്യം!! ചെറുതായി തോൽ പോയതല്ലാതെ വേറെ ഒന്നും പറ്റിയില്ല !!

അങ്ങനെ ഒരു അര മണിക്കൂർ അവിടെ പോയി. ഇസ്മായിൽ ആണെങ്കിൽ ഇതൊന്നും അറിയാതെ മുന്നിൽ പോവുകയും ചെയ്തു, എല്ലാ പെട്ടന്നായിരുന്നു സഞ്ചാരികളെ… ഭയങ്കര മഞ്ഞ് വീഴ്ച്ച വീണ്ടും തുടങ്ങി!!! ട്രിപ്പ് തുടങ്ങിയ ദിവസം മുതൽ ദിവസവും ഉച്ചക്ക് 12 മണിക്ക് ശേഷം മുട്ടൻ പണിയാ🙄. വലിയ കഷ്ണങ്ങളായി മഞ്ഞ് ഇങ്ങനെ തിമിർത്ത് പെയ്യാൻ തുടങ്ങി !! നിമിഷ നേരം കൊണ്ട് റോഡെല്ലാം മുങ്ങി കൊക്കെയേതാ… മലയേതാ..റോഡേതാ… അറിയാൻ പറ്റാത്ത അവസ്ഥ !! സംഭവം കൈവിട്ട് പോവാണെന്ന് എനിക്ക് മനസ്സിലായി തുടങ്ങി,!! റഷ്യയിലോ മണാലിയിലോ ഞാൻ ഇത്ര ശക്തമായ മഞ്ഞ് വീഴ്ച്ച കണ്ടിട്ടില്ല, ആകെ ഭീതിപെടുത്തുന്ന അന്തരീക്ഷം. ശക്തമായ കാറ്റും.

പടച്ചോനെ.. ഗ്ളേശിയർ അറ്റെ വന്നാൽ ഒരെണ്ണം ബാക്കിയുണ്ടാവില്ല !! ഞാൻ ആരോടും ഒന്നും പറയാൻ പോയില്ല!!”ഹാ ഈ മഞ്ഞ് വീഴ്ച്ച സാധാരണ ഉണ്ടാകുന്നതാ ” എന്ന് ഞാൻ തട്ടി വിട്ടു, കാരണം ഞാൻ പാനിക്കായാൽ ആദ്യമായി ഇത്ര ആൾട്ടിറ്റൂട്ടിൽ ആദ്യമായി റൈഡ് ചെയ്യുന്ന ഇവരുടെ സ്ഥിതി എന്താകും!! ഡിവാനും എന്നോട് മെല്ലെ പറഞ്ഞു, “ബാബു ഭായ് പണി പാളുമല്ലോ” എല്ലാരോടും വണ്ടിയിൽ നിന്ന് ഇറങ്ങി ഉന്താൻ പറഞ്ഞു,
ഒര് വശം മലയും.. ഒരു വശം കൊക്കയുമാണ്. ഏകദേശം ഒരു രൂപം വെച്ച് മലയുടെ ഓരം പിടിച്ച് എല്ലാരോടും വണ്ടി ഉന്താൻ പറഞു.. മഞ്ഞ് വീഴ്ച്ചക്ക് യാതൊരു കുറവുമില്ല റോഡിലേക്ക് മുകളിൽ നിന്ന് ചെറിയ കല്ലുകൾ വീഴാനും തുടങ്ങി,!! പടച്ചോനെ ഫോണിന് റേഞ്ചും ഇല്ല !! രണ്ട് കിലോമീറ്ററെ ഒള്ളൂ ഇനി എന്ന് പറഞ്ഞ് ഞാൻ ഒരു ആറ് കിലോമീറ്റർ എല്ലാരകൊണ്ടും ഉന്തിപ്പിച്ചു,!! കൈകൾ മരവിച്ചിട്ട് വണ്ടി പിടിക്കുന്നുണ്ടോ എന്ന് പോലും അറിയാൻ പറ്റുന്നില്ല !!

പെട്ടെന്നാണ് പുറകിൽ നിന്ന് അനീസ് വിളിക്കുന്നത്. “ബാബുക്ക വണ്ടി ഇവിടെ വലിച്ചെറിഞ്ഞാലും വേണ്ടിയില്ല എനിക്ക് ഇത് ഉരുട്ടാൻ പറ്റില്ല ” എന്ന് പറഞ്ഞു.!!, എല്ലാരക്കാളും ക്ഷീണിച്ചിട്ടുണ്ട് അനീസ് ഭായ്.. തണുപ്പും, കാറ്റും,മഞ്ഞുവീഴ്ച്ചയും ,, ഓക്സിജൻ കുറവും,.. കൂടാതെ അതിന്റെ കൂടെ ഈ ഇരുമ്പ് വണ്ടി ഉന്തുകയും വേണം.
വണ്ടി പോവാണേൽ പോട്ടെ ജീവൻ പോയാൽ കിട്ടൂല്ലോ!!! കോയികോട്ടുകാരനോടു ,അനീസ് ഭായോടും, നിസാർനോടും, രാകേശിനോടും വണ്ടി ഒരു സൈഡിൽ ഒതുക്കാൻ പറഞ്ഞു. ഇനി ആറ് കിലോമീറ്ററ് വീണ്ടും ഉണ്ട് മഞ്ഞ് വീഴ്ച്ചക്ക് ഒരു കുറവും ഇല്ല !! ഇത് നമ്മളെ കൈയ്യിൽ നിന്ന് പോയി എന്ന് തുടങ്ങിയപ്പോൾ ഞാൻ ദിവാനെ വിളിച്ച് മെല്ലെ പറഞ്ഞു.. “ടാ… നീ എന്റെ വണ്ടി എടുത്ത് ഏങ്ങനേലും താഴെ ഇറങ്ങണം,ആദ്യം കാണുന്ന മിലിറ്ററി കേമ്പിലോ പോലീസിലോ വിവരം അറിയിക്കണം.”

ഒട്ടകത്തെ പോലുള്ള കാലുള്ള ‘അവൻ വണ്ടി മെല്ലെ സ്റ്റാർട്ട് ചെയ്തു താഴോട്ട് ഇറങ്ങി!!! പടച്ചോനെ ഇസ്മായിൽ ഒരുപാട് മുന്നെ പോയതാണ്.. എവിടെ…എങ്ങനെ അറിയില്ല..!! വഴിയിൽ എവിടേലും കുടുങ്ങി കിടക്കുന്നുണ്ടോ എന്ന് നോക്കാൻ ദിവാനോട് പറഞ്ഞു, ഒര് കിലോമീറ്റർ കൂടി ഞങ്ങൾ നടന്ന് പേയിട്ടൊള്ളൂ… ബാബുക്കാ…. എന്ന് രാകേഷ് ഉറക്കെ നിലവിളിക്കുന്നത് കേട്ടാണ് ഞാൻ തിരിഞ്ഞ് നോക്കിയത്… അനീസ് ഭായടെ ബോധം പോയിരിക്കുന്നു !!!!ഉടനെ ഞങ്ങൾ അവനെ പൊക്കിയെടുത്ത് കൈയ്യിൽ ഫ്ളാസ്കിൽ കരുതിയിരുന്ന ചൂടുവെള്ളം മുഖത്ത് കുടഞ്ഞ്.
എണീപ്പിച്ച് വെള്ളവും ചോക്ളേറ്റും കൊടുത്തു!!!! പടച്ചോനെ !!!! എന്താ ഇപ്പം ചെയ്യുക.. പൾസ് റേറ്റ് കുറവാണ്..
തണുത്ത ശരീരവും, മനസ്സും, എല്ലാവരുടെയും മുഖത്ത് ഭീതി!! അനീസിനെ നടുവിൽ ആക്കി ഞങ്ങൾ ചുറ്റും കൂടി മഞ്ഞിൽ നിന്നും കാറ്റിൽ നിന്നും അൽപം ആശ്വാസം നൽകി !!

പടച്ചോനെ,… എന്ന് ഞാൻ മനസ്സറിഞ്ഞ് നീട്ടി വിളിച്ചു !!!! കൂടാതെ നമ്മുടെ ഉമ്മച്ചിയുടെ മുഖവും മിന്നി മറയുന്നുണ്ട്!!! ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്ഥലത്തിൽ നിന്ന് വിളിച്ചത് കൊണ്ടാണോ അറിയില്ല, പടച്ചോൻ വേഗം വിളി കേട്ടു!!!!!! അഞ്ച് മിനിറ്റിനകം അതാ താഴെ നിന്ന് ഒരു നിലവിളി ശബ്ദം ഇട്ട് ഒരു പച്ച നിറത്തിലുള്ള ഒരു ആമ്പുലൻസ് വരുന്നു. അതിൽ നിന്ന് ഇറങ്ങുന്ന ആളുകളെ കണ്ട് ഞങ്ങൾ ഞെട്ടി. ഇസ്മായീലും,ദിവാനും, പിന്നെ ഒരു മാലാഖയും……ശരിക്കുമുള്ള കാലനെ കാണാൻ ഇരിക്കുന്നതേ ഉള്ളൂ …………!!!!!

ഉടനെ തന്നെ അവർ അനീസിന് ഫസ്റ്റ് എയ്ഡ് കൊടുത്തു, എന്നിട്ട് അവനെ വണ്ടിയിൽ കിടത്തി. ബാക്കി ഉള്ള സ്ഥലങ്ങളിൽ ഞങ്ങൾ അളളിപിടിച്ച് അഡ്ജസ്റ്റ് ചെയ്തു കയറി. ബുള്ളറ്റ രണ്ടെണ്ണത്തിനേയും ആ മഞ്ഞിൽ അനാഥനാക്കി ഞങ്ങൾ മലയിറങ്ങി!! ഏകദേശം ചുരം ഇറങ്ങി മെയിൻ റോഡിലേക്ക് ഇറങ്ങി കൊണ്ടിരിക്കുമ്പം ആണ് ഒരു അഞ്ചാറ് പേർ ടോർച്ചും വടിയുമായി മുകളിലേക്ക് നടക്കുന്നു!! ഇത് നമ്മുടെ മനു ഭായ് ആണ് എന്ന് ദിവാൻ പറഞ്ഞത് അനുസരിച്ച് ഞങ്ങൾ വണ്ടി നിറുത്താൻ ഡ്രൈവറോട് പറഞ്ഞു. കാരണം ഇസ്മായിലിന് ആമ്പുലൻസ് കിട്ടുന്നതിന് മുൻപ് ദിവാൻ താഴെ മനുഭായടെ ഹോട്ടലിൽ ചെന്ന് പറഞ്ഞിരുന്നു.!! ആ സമയത്ത് പുള്ളി അവിടെ ഉണ്ടായിരുന്നില്ല. അതിന് ശേഷമാണ് മെയിൻ റോഡിൽ വച്ച് ഇസ്മായിൽ ആമ്പുലൻസുമായി ദിവാനെ കണ്ടുമുട്ടുന്നത്.
ഇസ്മായിൽ താഴെ ഒരു കടക്കാരൻ കൊടുത്ത ഒരു എമർജൻസി നമ്പറിൽ വിളിച്ചാണ് ആമ്പുലൻസ് സംഘടിപ്പിച്ചത്.!!

സംഭവം മനു ഭായ് ഞങ്ങളെയും തിരഞ്ഞ് ഇറങ്ങിയതാണ്. നിങ്ങൾ ഹോസ്പിറ്റലിലേക്ക് പോയ്ക്കോളൂ ഞങ്ങൾ അങ്ങോട്ട് വന്നോളാമെന്ന് മനു ഭായ് പറഞ്ഞത്. സത്യം പറഞ്ഞാൽ കണ്ണിൽ നിന്ന് വെള്ളം വന്നു സഞ്ചാരികള,… !!! ഒരു പരിചയവും ഇല്ലാത്ത ഒരു സ്ഥലത്ത് സഹായിക്കാൻ ഒരു പാട് ആളുകൾ!!! ഇവിടെ രണ്ട് മാസം കാലൊടിഞ്ഞ് കിടന്നപ്പോൾ സ്വന്തം മോളെ പോലും കാണിച്ച് തരാത്ത ആളുകളാ !!!!! കാസയിലെ സർക്കാർ ആശുപത്രി കോമ്പൗണ്ടിലേക്ക് ഞങ്ങൾ കയറിയത് മുതൽ എന്റെ മനസ്സിൽ പലതും മിന്നിമറഞ്ഞു….

റഷ്യയിലെ കട്ട നോസ്റ്റാള്ജിയ….. !! ഞാൻ പഠിച്ച റഷ്യയിലെ സെന്റ് പീറ്റർസ് ഫസ്റ്റ് മെഡിക്കൽ കോളേജിലെ അനാട്ടമി കെട്ടിടത്തിനോട് സാദൃശ്യം.. കരിങ്കല്ല് കൊണ്ട് ഉണ്ടാക്കിയ കെട്ടിടം… ചുറ്റും മഞ്ഞ് മൂടി കിടക്കുന്നു.. നല്ല വീതിയുള്ള ഗോവണി പടികൾ… ഹോസ്പിറ്റൽ വാർഡും… അതേ പോലെ, !!!! സുന്ദരി ആയ ഒരു ലേഡി ഡോക്ട്ടർ വന്ന് അനീസിന് ഓക്സിജൻ കൊടുത്ത ഫ്ളൂയിടും ഇട്ടു. ഫ്ളൂയിട് കയറി തുടങ്ങിയതോടെ അനീസ് കണ്ണ് തുറന്നു!!! ചുറ്റും ഒരുപാട് ആളുകൾ!!! മനു ഭായും കൂട്ടുകാരും ഞങ്ങളെല്ലാമായി ഒരു വൻ കൂട്ടം തന്നെ ഉണ്ട് കട്ടിലിന് ചുറ്റും!!!!

സ്വപ്നമല്ല എന്ന് മനസ്സിലായതോടെ പുളളി സംസാരിച്ചു തുടങ്ങി.. രണ്ട് സിസ്റ്റർമാർ വന്ന് ഞങ്ങൾക്ക് ചുറ്റും രണ്ട് ഹീറ്റർ വച്ച് തന്നു, ഫ്ളാസ്ക്കിൽ സൂക്ഷിച്ചിരുന്ന ചൂട് ചായയും ഒഴിച്ച് തന്നു… എന്ത് രസള്ള ആസ്പത്രി!!!!!!😄😄 ശരീരത്തിൽ രക്തോട്ടം തുടങ്ങിയത് കാരണം കൈകാൽ വിരലുകളിൽ മരണ വേദന. അനീസിന് കുറച്ച് ജീവൻ വച്ചപ്പോൾ ഡോക്ടറോട് ചോദിച്ച് നമ്മൾ അവിടെ നിന്ന് ഇറങ്ങി….!! “ഭായ് ലോക്.. ചലോ !!!!! മനു ഭായടെ കൂടെ വീണ്ടും മഞ്ഞിലൂടെ ഉള്ള യാത്ര.. കൈയ്യും കാലും ഉണ്ടോ എന്ന് അറിയാൻ പറ്റാത്ത അവസ്ഥ. വെറുതെ ഞാൻ ഒന്ന് മൊബൈൽ ടോർച്ച് അടിച്ച് നോക്കി, പടച്ചോനെ രക്തയോട്ടമില്ലാതെ ആകെ നീല നിറമായിരിക്കുന്നു കൈ വിരലുകൾ !!!!!!!

ഹോട്ടലിൽ എത്തിയ ഞങ്ങളുടെ കോലം കണ്ട മനു ഭായടെ ഭാര്യ ദോൽമ അമ്മച്ചി തന്തൂരിൽ വിറക് കൂടുതൽ ഇട്ട് കത്തിച്ച് ചൂടുകായാൻ പറഞ്ഞു..!! എന്റെ നീല നിറമുള്ള കൈവിരൽ കണ്ട് ദൈവമേ എന്ന് വിളിച്ച് അടുക്കളയിലേക്ക ഓടി.. ഒരു കുപ്പിയിൽ കുറച്ച് ഗുട്ടി കാ തേൽ (ആപ്രി കോട്ട് ഓയൽ) കൊണ്ട് വന്ന് കൈ വിരലുകൾ മസാജ് ചെയ്ത് തന്നു.. ചെറുപ്പം മുതലേ എന്തേങ്കിലും പ്രശ്നം വന്നാൽ എന്റെ മുന്നിൽ ഒരു ബാബുഷ്ക (അമ്മൂമ്മ) പ്രത്യക്ഷപ്പെടും!!!!😍😍 മുഖം ചുളിഞ്ഞ സുന്ദരികളുമായി പണ്ടേ എനിക്ക് ഒരു കണക്ഷൻ ഉളളതാണ് 😝

ഹോട്ടലിലെ കിച്ചൻ അടച്ചിരുന്നെങ്കിലും ഞങ്ങൾക്ക് അമ്മച്ചി ആ രാത്രി ഭക്ഷണം ഉണ്ടാക്കി തന്നു.. മുകളിലെ നിലയിൽ കിടക്കാൻ രണ്ട് മുറികൾ തുറന്ന് തന്നു, കറൻറ് ഇല്ല വെള്ളവുമില്ല പൈപ്പ് എല്ലാം ഫ്രീസ് ആയതിനാൽ വെള്ളം രാവിലെ കുറച്ച് ദൂരത്ത് നിന്ന് കൊണ്ട് വന്ന് തരാമെന്ന് പറഞ്ഞു,, കഠിന തണുപ്പായിരുന്നെങ്കിലും ബെഡ് കണ്ടതേ ഓർമയൊള്ളൂ !!!!! രാവിലെ ടെറസിൽ നിന്ന് വലിയ ബഹളം കേട്ടാണ് ഞാൻ എണീറ്റത്, ജാക്കറ്റും തൊപ്പിയുമട്ട് മുകളിൽ ചെന്ന് നോക്കിയപ്പോൾ ഉണ്ട് ഇന്നലെ “ചത്ത് കിടന്ന “😂 അനീസും,രാകേശും,നിസാറും,മനു ഭായും, എല്ലാരും കൂടെ ടെറസിലുള്ള മഞ്ഞ് നീക്കം ചെയ്യുന്നു.. !!! കുറച്ച് അകലെ താഴെ നോക്കിയപ്പോൾ ഉണ്ട് ദിവാനും ഇസ്മായിലും കുറച്ച് പെണ്ണുങ്ങൾക്ക് ഇടയിൽ രണ്ട് കന്നാസുമായി വെള്ളത്തിന് വരി നിൽക്കുന്നു !!!😲😲
ഒരൊറ്റ ദിവസം കൊണ്ട് സഞ്ചാരികളും പ്രായം തളർത്താത്ത ദമ്പതികളും ഹൃദയം കൈമാറി എന്ന് എനിക്ക് മനസ്സിലായി..!!

ദോൽമ ആന്റി രാവിലെ കൊണ്ട് വന്ന് തന്ന ഒരു ജഗ് ചൂട് വെള്ളത്തിൽ പല്ല് തേപ്പും, കുളിയും എല്ലാം നടത്തി താഴെ ഹോട്ടലിൽ പോയി ഒരു ചായ പറഞ്ഞു.!! ദോൽമ ആന്റിയുടെ മകൾ ഉണ്ട് മോമോസിനുള്ള റൊട്ടി മെഷീനിൽ തിരിച്ച് ഉണ്ടാക്കുന്നു. ദിവാനും ഇസ്മായിലും ദോൽമ ആന്റിയെ കിച്ചനിൽ സഹായിക്കുന്നു.😝 രാവിലെ തന്നെ കണ്ണിന് ഈറനണിയയ്ക്കുന്ന കാഴ്ച്ചകൾ!!😂 ചായ കുടിച്ച് ഇരിക്കുമ്പോളാണ് ഒരു ഹരിയാനക്കാരൻ ഇബിലീസ് ഞാൻ ഭയങ്കര സോളോ ട്രാവലറാ എന്ന് പറഞ്ഞ് പരിജയപ്പെടാൻ വരുന്നത് !! “ഇബ്ലീലീസ് “എന്നത് പറയാൻ കാരണം ഈ കഥ മുഴവൻ വായിച്ച് തീരുമ്പം മനസ്സിലാകും!!!

ചായ കുടിച്ച് ഞാനും ദിവാനും എന്റെ വണ്ടി ഹൈവേയിൽ നിർത്തിയിട്ട സ്ഥലം വരെ ഒന്ന് പോയി നോക്കി.
ഇടവഴികളിൽ മുകളിലോട്ട് നോക്കി നടന്നില്ലെങ്കിൽ പണി പാളും.!! എല്ലാ വീട്ടുകാരും മേൽക്കുരയിൽ നിന്ന് മഞ്ഞ് നീക്കം ചെയ്യുന്ന തിരക്കിലാണ്.. കടകൾ ഒന്നും തുറന്നിട്ടില്ല , മഞ്ഞ് കൂന മാന്തി ഞങ്ങൾ വണ്ടി പുറത്തെടുത്തു!!
പൊട്ടന്റെ ബാറ്ററി ചതിച്ചില്ല🤒🤒 വണ്ടി പെട്ടെന്ന് സ്റ്റാർട്ടായി!!! മഞ്ഞ് വീഴ്ച്ച നിന്നു സൂര്യൻ പുറത്ത് വന്നിരിക്കുന്നു… റോഡല്ലാം മിലിറ്ററി രാവിലെ തന്നെ മഞ്ഞെല്ലാം വ്യതിയാക്കി ഗതാഗത യോഗ്യമാക്കിയിരുന്നു!!!

“ടാ ദിവാനെ…. ഞമ്മക്ക് ഒന്ന് ഞമ്മളെ കോമിക്ക് റോഡിലെ ബൈക്ക് പോയി നോക്കിയാലോ”?? ഞാൻ എന്ത് പറഞ്ഞാലും ഭൂതം റെഡി , അവനു “പറ്റില്ല”എന്ന് പറയാൻ ഭയങ്കര മടിയുള്ള കൂട്ടത്തിലാ… !!!സ്നേഹമുള്ളവനാ !!! “ബാബു ഭായ് ചലോ ” എന്ന് പറഞ്ഞ് അവൻ വണ്ടിയെടുത്തു!!!. “ടാ പൊട്ടാ മെല്ലെ പോയാൽ മതി നിന്റെ കല്യാണം അല്ലെ എന്ന് ഞാൻ പറഞ്ഞു” ഒരു മാതിരി റഫ് റൈടർ ആണ് ദിവാൻ. ഇടക്ക് മഞ്ഞ പത്രത്തിലെ എഡിറ്റർ വരുന്ന പോലെയാണ് അവൻ വരാറ്😂😂ശരീരം മൊത്തം പ്ളാസ്റ്റർ ഇട്ട്…

മെയിൻ റോഡിൽ നിന്ന് കോമിക്കിലേക്ക് ഉള്ള രണ്ട് കിലോമീറ്റർ ഞങ്ങൾ വണ്ടി എങ്ങനേലും ഓടിച്ച് കയറ്റി !!!
ബാക്കി മുകളിലോട്ട് റോഡില്ല എന്ന് തന്നെ പറയാം. ഞങ്ങൾ ഓടിച്ച് വന്ന വണ്ടി റോഡിൽ വെച്ച് ഞങ്ങൾ മുകളിലേക്ക് നടക്കാൻ തുടങ്ങി. ഒരു പട്ടി പോലും നടന്ന് പോയ കാൽപ്പാട് റോഡിലെ മഞ്ഞിലില്ല !!!! സബാഷ് !!! തലേ ദിവസം പോലെ ഏകദേശം ഒരു ഊഹം വച്ച് മല കയറി. എകദേശം ഒരു മൂന്ന് കിലോമീറ്റർ ഞങ്ങൾ നടന്നിട്ടുണ്ടാവും..
മഞ്ഞിൽ പുതഞ്ഞ വണ്ടിയുടെ സൈട് മിറർ മാത്രം ദൂരെ നിന്ന് കാണാമായിരുന്നു.. ! ! ! മഞ്ഞിൽ തുരന്ന് ഞങ്ങൾ വണ്ടി പുറത്തെടുത്തു. കോഴിക്കോട്ട്കാരന്റെ വണ്ടി കാസയിലെ റെൻറ് ബൈക്ക് ആയതിനാൽ അവർ വന്ന് എടുത്തോളും അങ്ങനെ ഞാനും ദിവാനും ഒരു രണ്ട് മണിക്കൂർ കഷ്ടപെട്ട് വണ്ടി തള്ളി താഴെ എത്തിച്ചു !!

വണ്ടിയുമായി എത്തിയ ഞങ്ങളെ കണ്ട് എല്ലാരും ആർത്ത് വിളിച്ചു, എറ്റവും കൂടുതൽ സന്തോഷം ഇസ്മായിലിനും ദിവാനുമായിരുന്നു. മൂന്ന് ദിവസം കഴിഞ്ഞാൽ ദിവാന്റെ നിശ്ച്ചയവും ഇസ്മായീലിന്റെ വിസയും തീരുകയാണ് !!!! കാശ് സെറ്റൽ ചെയ്യാൻ ദോൽമ ആന്റിയുമായി സംസാരിച്ചപ്പോളാണ് അമ്മച്ചി പറയുന്നത് “എന്റെ പൊന്ന് മക്കളെ നിങ്ങൾ ഇന്ന് പോവരുത്. മഞ്ഞ് വീണ പിറ്റേ ദിവസം സൂര്യൻ ഉദിച്ചാൽ പിന്നെ സ്പിറ്റിയിൽ മൊത്തം ചാത്തനേറ് ആണ്” റോഡിലേക്ക് വലിയ വലിയ ഉരുളൻ കല്ലുകൾ ഊർന്ന് ഇറങ്ങും മലമുകളിൽ നിന്ന് !!!! ദിവാന്റെയും ഇസ്മായിലിന്റെയും പ്രശ്നങ്ങൾ ആലോചിച്ച് അമ്മച്ചിയുടെ വാക്കു കേൾക്കാതെ ഞങ്ങൾ അപ്പം തന്നെ തിരിച്ച് പോവാൻ തയ്യാറായി,!! മുന്നിൽ ഹരിയാനക്കാരൻ ഇബിലീസ് (സോളോ റൈഡർ )😂 പോയിട്ടുണ്ട്. പക്ഷെ അയാളുടേത് കാറാ… എന്തായാലും തലയിൽ കല്ല് വീഴില്ല,.. അങ്ങനെ നിറഞ്ഞ കണ്ണുമായി മനു ഭായെയും ദോൽമ ആന്റിയെയും കെട്ടിപിടിച്ച് ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി.!!!

കാസയിൽ നിന്ന് പത്ത് കിലോമീറ്റർ കഴിഞ്ഞത് മുതൽ കാലാവസ്ഥ മാറി തുടങ്ങി.. സൂര്യന് നല്ല ചൂട്… റോഡിൽ തീരെ മഞ്ഞില്ല എന്ന് തന്നെ പറയാം.. റോഡിൽ നിറയെ ചളിയാണ്…!!!! അനീസിന്റെ ബൈക്ക് ദിവാനാണ് ഓടിക്കുന്നത്. എന്റെ വണ്ടി ഇസ്മായീലും, പുറകിൽ നിന്ന് ഞങ്ങളെ ഓവർ ടേക്ക് ചീറിച്ച് ചെയ്ത ദിവാനോട് “പതിയെ പോടാ” എന്ന് ഞാൻ വിളിച്ച് പറയലും… ധാ… കിടക്കുന്നു… ദിവാൻ നൈസായി ചളിയിൽ വീണു!!രണ്ട് പേരും ചളിയിൽ കുളിച്ചു.. “ടാ അനീസെ നീ ഒരു മൊട്ട ഉഴിഞ്ഞ് ഇടുന്നത് നല്ലതാ ” എന്ന് ഞാൻ പറഞ്ഞു.😂 ഒരൊറ്റ ലോക്കൽ വണ്ടി പോലും റോഡിലില്ല ! ഏകദേശം ഒരു പത്ത് കിലോമീറ്റർ പോയിട്ടുണ്ടാവും. എന്റെ തമ്പുരാനെ …!!! ചെറിയ ചെറിയ കല്ലുകൾ റോഡിലേക്ക് വീഴാൻ തുടങ്ങി.. അതിലൊര് ഏറ് എനിക്കും കിട്ടി കാലിൽ!!! മരണവേദനയോടെ ഇസ്മായിലിനോട് വണ്ടി നിറുത്താൻ പറഞ്ഞു,!! എല്ലാവരെയും വിളിച്ച് കൂട്ടി… മുകളിലേക്ക് ഇടക്ക് നോക്കി ഗേപ്പിട്ട് വണ്ടി ഓടിക്കാൻ പറഞ്ഞു….

കുറച്ച് ദൂരം ചെന്നപ്പം ഒരു വളവിൽ ഉണ്ട് നമ്മുടെ ഹരിയാനക്കാരനും കൂടെ ഒരു അഞ്ച് റൈടർമാരും വണ്ടികൾ നിർത്തിയിട്ടിരിക്കുന്നു. ഉടനെ ഞാൻ വണ്ടി നിറുത്തി എന്താ കാര്യം അന്വേഷിച്ചു, അടുത്ത വളവിൽ ചെറിയ കല്ല് വീഴ്ച്ച ഉണ്ട് ഇപ്പം കുറഞ്ഞിട്ട്ണ്ട് നിങ്ങൾ പോയ്ക്കോളൂ ഞങ്ങള് വന്നോളാം എന്ന് അവരോട് യാത്ര പറഞ്ഞ് ഞങ്ങൾ അടുത്ത വളവ് എത്തിയതും, ഒരു വലിയ കൂട്ടം കല്ലുകൾ റോഡിലേക്ക് ഊർന്നിറങ്ങാൻ തുടങ്ങി !!! ഞാനും ഇസ്മായിലും വണ്ടി അവിടെ ഇട്ട് തിരിഞ്ഞോടി.. പുറകിൽ വന്ന ദിവാനോടും രാകേഷിനോടും വണ്ടി മലയോട് ചേർന്ന് ഒതുക്കാൻ പറഞ്ഞു,..

എന്റെ വണ്ടി നിറുത്തിയ സ്ഥലം കണ്ട ദിവാൻ.. ” എന്താണ് ബാബുഭായ്” എന്ന് പറഞ്ഞ് ഓടി വന്നു വണ്ടി പുറകോട്ട് വലിച്ചു..!! ഒര് രണ്ട് മിനിറ്റ് കഴിഞ്ഞ് എന്റെ വണ്ടി വച്ചിരുന്ന സ്ഥലം കല്ല് കൊണ്ട് നിറഞ്ഞു.., എല്ലാരും പേടിച്ച് വിറച്ച് റോഡിലെ മലയുള്ള സൈടിൽ അള്ളി പിടിച്ച് പല്ലിയെ പോലെ പറ്റി ഇരുന്നു!!!! റോഡിലേക്ക് ഭീമൻ കല്ലുകൾ വന്ന് വീഴുന്നുണ്ട് !!! ചെറിയ കുട പോലെയുള്ള ഒരു പാറക്കടിയിലാണ് ബൈക്ക്, അത് കൊണ്ട് നേരിട്ട് കല്ല് വീഴില്ല !!! പിന്നെ ഒരു മണിക്കൂർ ഒന്നു പറയണ്ട റബ്ബേ…. നല്ല ഉഗ്രൻ ചാത്തനേറ് !!!! ചറ പറ ഏറു !!! എന്തും സംഭവിക്കാം എന്ന് മനസ്സിൽ കരുതി ആ പാറയിൽ അള്ളി പിടിച്ചിരുന്ന സമയം ജീവിതത്തിൽ ഒരിക്കലും മറക്കൂല സഞ്ചാരികളെ !!!!!

കുറച്ച് കഴിഞപ്പം ദൂരെ നിന്ന് മൂന്ന് റൈഡർമാർ വരുന്നുണ്ട്. കല്ല് വീഴ്ച്ചക്കു കുറവുണ്ട്. എങ്കിലും വരരുത് എന്ന് ഞങ്ങൾ ആർത്ത് വിളിച്ച് പറയുന്നുണ്ടെങ്കിലും അവര് കേൾക്കുന്നില്ല !!! അവർ ഇപ്പുറം എങ്ങനോക്കയോ കടന്നു.
ഞങ്ങളെ അടുത്ത് എത്തിയപ്പളാ…. മൂന്നും മലയാളികളാണ്..😃 മലപ്പുറം വേങ്ങരയിൽ നിന്ന്.. അവരോട് രാകേഷ് പരിജയപെട്ട ഉടനെ അസ്ഥാനത്ത് ഒരു ചോദ്യം “നിങ്ങൾ കോമിക്കിൽ പോകുന്നുണ്ടോ എന്ന് “???🙄 എന്റെ പൊന്നാര ചെങ്ങായിമാരെ….. ജീവനോടെ നാട്ടിൽ എത്തിയാൽ മതി എന്ന് ഒരുത്തന്റെ ദയനീയമായ മറുപടി…😂

കാസ റോഡിൽ കല്ല് വീഴ്ച്ച കുറവുള്ളതിനാൽ അവരോട് പോകാൻ പറഞ്ഞു. കല്ല് വീഴ്ച്ച കുറഞ്ഞതിനാൽ ഞങ്ങൾ മാളത്തിൽ നിന്ന് ഇറങ്ങി. വണ്ടി എടുക്കാൻ തുടങ്ങുമ്പോളാണ് ദിവാൻ മുകളിൽ നോക്കി ആർത്ത് വിളിക്കുന്നത്…..
“ബാബു ഭായ് !!!!!! “കല്ല് മഴ വീണ്ടും വരുന്നുണ്ട് മാളത്തിലേക്ക് വീണ്ടും ഓടി കയറിക്കോളി “!!!എന്ന്,.. ഉടനെ എല്ലാരും അതേ സ്ഥലത്തേക്ക് തന്നെ എത്തി.. പിന്നെ ഒരു മൂന്ന് മിനിറ്റ് ഒന്നും പറയണ്ട. പഞ്ഞി പോലെ കല്ലുകൾ ഇങ്ങനെ പറന്ന് വീഴാൻ തുടങ്ങി !!!! അതിനിടക്കാണ് ഒരു വലിയ കറുത്ത കല്ല് മുകളിൽ നിന്ന് വരുന്നത് നിസാർ ഭായ് കാണിച്ച് തരുന്നത് !!! ഒരു വലിയ കല്ല് പഞ്ഞി പോലെ പറന്ന് വന്ന് ഞങ്ങൾ ബൈക്ക് നിറുത്തിയതിന് അരികിൽ വീണ് ചിന്നിച്ചിതറി… അതിൽ ഒരു വലിയ കഷ്ണം ചിതറി രാകേഷിന്റെ ബൈക്കിൽ കൊണ്ടു… ബൈക്ക് മറിഞ്ഞു,..

പടച്ചോനെ എന്താപ്പം കാണുന്നേ !!! രക്തം പോലെ എൻജിൻ ഓയിൽ പുറത്തേക്ക് ചീറ്റുന്നുണ്ട് !!! നോക്കി നിൽക്കാ അല്ലാതെ അടുക്കാൻ പറ്റാത്ത അവസ്ഥ !!! സമയം നമ്മുടേത് നല്ലതാണല്ലോ അടുത്ത പണി കൂടി അതാ വരുന്നു. ഒരു കല്ല് തെറിച്ച് അനീസ് ഭായടെ വണ്ടിയുടെ പെട്വോൾ ടാങ്ക് മൊത്തം ചതിങ്ങി !!!! പടച്ചോനെ…. റബ്ബേ….. വണ്ടിക്ക് എന്ത് പറ്റിയാലും വേണ്ടില്ല ജീവൻ തിരിച്ച് കിട്ടിയാൽ മതിയെന്നായിരുന്നു അപ്പം ചിന്തിച്ചത്.. മൂന്ന് ബൈക്കും മറിഞ്ഞ് കിടക്കാണ്. കുറച്ച് കൂടുതൽ കല്ല് വീണത് കൊണ്ടാകാം വീഴച്ചക്ക് ശമനം കണ്ട് തുടങ്ങി. അതൊന്നുമല്ല കാരണം…
സൂര്യന്റെ ചൂട് കുറഞ്ഞ് തുടങ്ങി !! സൂര്യൻ പോകാൻ വേണ്ടി കാത്തിരുന്നതാ.. ഹരിയാനാക്കാരൻ ഹമുക്കും, റൈടേഴ്സും, ഒരു വാർണിങ്ങ് ഞങ്ങൾക്ക് തന്നിരുന്നെങ്കിൽ !!!! (ഞങ്ങൾ ഒന്നുണർന്നേനെ ).

സൂര്യൻ മങ്ങി തുടങ്ങിയപ്പോൾ ഞങ്ങൾ പുറത്തിറങ്ങി,കല്ല് ചീളുകൾക്കിടയിൽ നിന്ന് ബൈക്ക് മാന്തിയെടുത്തു.
എന്റെ ബൈക്കിന് മാത്രം ഒന്നും പറ്റിയില്ല. രാകേഷിന്റെ വണ്ടിയുടെ എൻജിൻ കേസിന് പൊട്ട് വീണ് ഓയിൽ ലീക്കാവുന്നു.വണ്ടി സ്റ്റാർട്ടാക്കിയാൽ പണി കിട്ടും. അനീസിന്റ പെട്രോൾ ടേങ്ക് മൊത്തം ചതിങ്ങിയിട്ടുണ്ട്. അഞ്ച് മിനിറ്റ് കൊണ്ട് സുരേഷ് ഗോപി പറഞ്ഞ പോലെ “ജീവിതം” ” സോറി” യാത്ര ആകെ മാറി മറഞ്ഞു. വിഷമത്തോടെയും ദേഷ്യത്തോടെയും ഞങ്ങൾ മുഖാ മുഖം നോക്കി..

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply