ടിപ്പു സുല്‍ത്താന്‍; ‘മൈസൂർ കടുവ’ എന്നറിയപ്പെടുന്ന വീരനായ പോരാളി

പതിനെട്ടാം ശതകത്തിൽ മൈസൂർ ഭരിച്ചിരുന്ന ഒരു ഭരണാധികാരിയാണ് ടിപ്പു സുൽത്താൻ എന്നറിയപ്പെടുന്ന ഫത്തേ അലിഖാൻ ടിപ്പു (ജനനം: 1750 നവംബർ 20- മരണം:1799 മേയ് 4). മൈസൂർ കടുവ എന്നും ടൈപ്പ് സുൽത്താൻ അറിയപ്പെട്ടു. ഹൈദരലിയുടെയും ഫക്രുന്നീസയുടേയും ആദ്യത്തെ പുത്രൻ. ഹൈദരലിയുടെ മരണശേഷം (1782) മുതൽ മരണം(1799) വരെ മൈസൂരിനെ ഭരിച്ചു. ടിപ്പു ഒരു സമർത്ഥനായ ഭരണാധികാരിയും പണ്ഡിതനുമായിരുന്നു. ഒട്ടനവധി ഭരണപരിഷ്കാരങ്ങൾക്ക് ടിപ്പു തുടക്കം കുറിച്ചു, പുതിയ ഒരു നാണയസംവിധാനം, ഭൂനികുതി വ്യവസ്ഥ എന്നിവ നടപ്പിലാക്കി. മൈസൂർ പട്ടുതുണി വ്യവസായം പുനരുജ്ജീവിപ്പിക്കാനായി ധാരാളം ശ്രമങ്ങൾ നടത്തുകയുണ്ടായി. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേയുള്ള യുദ്ധങ്ങളിൽ പല നൂതന യുദ്ധോപകരണങ്ങളും ടിപ്പു പ്രയോഗിക്കുകയുണ്ടായി.

1782 ൽ പിതാവിന്റെ മരണശേഷം കൃഷ്ണാനദിയും, പശ്ചിമഘട്ടവും, അറബിക്കടലും അതിർത്തിയായുള്ള ഒരു വലിയ സാമ്രാജ്യത്തിന്റെ അധിപനായി ടിപ്പു മാറി. കന്നട, ഹിന്ദുസ്ഥാനി, പേർഷ്യൻ, അറബിക്, ഫ്രഞ്ച് എന്നിങ്ങനെ വ്യത്യസ്തമായ അഞ്ച് ഭാഷകളിൽ പ്രാവീണ്യമുള്ള ഒരു ഭരണാധികാരിയായിരുന്നു ടിപ്പു. ബ്രിട്ടീഷുകാർക്കെതിരേ ഫ്രഞ്ച് സൈന്യവുമായി ചേർന്ന് യുദ്ധം നയിച്ചു, രണ്ടാം മൈസൂർ യുദ്ധത്തിലുൾപ്പടെ പ്രധാനപ്പെട്ട വിജയങ്ങൾ നേടുകയുണ്ടായി. അയൽരാജ്യങ്ങളെ ആക്രമിച്ചു കീഴ്പ്പെടുത്തിയും, ബ്രിട്ടീഷുകാർക്കെതിരേ സന്ധിയില്ലാ സമരം ചെയ്തും ടിപ്പു തന്റെ സാമ്രാജ്യം വികസിപ്പിച്ചുകൊണ്ടിരുന്നു. തടവിലാക്കപ്പെട്ടവരോടു ടിപ്പുവിന്റെ ശിക്ഷാരീതികൾ വളരെയധികം വ്യത്യസ്തത നിറഞ്ഞതായിരുന്നു. ബ്രിട്ടീഷുകാരോടെതിരിടാൻ അയൽരാജ്യങ്ങളുമായി ടിപ്പു സഖ്യത്തിനു ശ്രമിച്ചു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രധാന ശത്രുവായിരുന്നു ടിപ്പു സുൽത്താൻ. രണ്ടാം മൈസൂർ യുദ്ധത്തിനു ശേഷം ബ്രിട്ടീഷുകാരുമായി ഉണ്ടാക്കിയ പല കരാറുകളും ടിപ്പു ലംഘിച്ചു. നാലാം മൈസൂർ യുദ്ധത്തിൽ ബ്രിട്ടീഷുകാരുടേയും, ഹൈദരാബാദ് നൈസാമിന്റേയും സംയുക്ത ആക്രമണത്തിനിടയിൽ ടിപ്പു ചതിയിലൂടെ കൊല ചെയ്യപ്പെട്ടു. ഭൂപരിഷ്കരണം ഫലപ്രദമായി നടപ്പിലാക്കിയ ഒരു ഭരണാധികാരി കൂടി ആയിരുന്നു ടിപ്പു.

ബാല്യം വിദ്യാഭ്യാസം : ഇന്നത്തെ കോലാർ ജില്ലയിലുള്ള ദേവനഹള്ളിയിലാണ് ടിപ്പു സുൽത്താൻ ജനിച്ചത്. 1750 നവംബർ 20 നാണ് ടിപ്പു ജനിച്ചത്. വിശുദ്ധനായ ടിപ്പു മസ്താൻ ഔലിയയുടെ പേരിനോടു സാമ്യമുള്ള ടിപ്പു സുൽത്താൻ എന്ന പേരാണ് മാതാപിതാക്കൾ ഈ കുട്ടിക്കു നൽകിയത്. പിതാവായ ഹൈദരലി അന്ന് മൈസൂരിന്റെ ഭരണം നടത്തുകയായിരുന്നു. ടിപ്പുവിന് പത്തു വയസ്സുള്ളപ്പോൾ ഹൈദരലി ശ്രീരംഗപട്ടണം വിട്ട് പലായനം ചെയ്യുകയുണ്ടായി. തനിക്കു നേരെ വരുന്ന ആക്രമണത്തെ ഭയന്നാണ് അന്ന് ടിപ്പുവിനെ തന്റെ കുടുംബത്തോടൊപ്പം വിട്ട് അദ്ദേഹം മറ്റൊരു സ്ഥലത്തേക്ക് രക്ഷപ്പെട്ടത്. പിന്നീട് ഹൈദർ ശ്രീരംഗപട്ടണം തിരിച്ചു പിടിച്ചപ്പോൾ തന്റെ കുടുംബത്തെ സുരക്ഷിതമായ ബാംഗ്ലൂരിലേക്കു മാറ്റി.

കാര്യമായ വിദ്യാഭ്യാസം ലഭിക്കാതിരുന്ന ഹൈദർ, പക്ഷേ തന്റെ മകന് നല്ല വിദ്യാഭ്യാസം നൽകുന്നതിൽ ശ്രദ്ധിച്ചു. മിടുക്കരായ അദ്ധ്യാപകരെക്കൊണ്ട് അദ്ദേഹം ടിപ്പുവിനെ പരിശീലിപ്പിച്ചു. കുതിരസവാരിയും, വാൾപ്പയറ്റും മറ്റു ആയോധനകലകളിലും ടിപ്പുവിന് പരിശീലനം നൽകപ്പെട്ടു. ഹൈദർ, മലബാറിനെ ആക്രമിച്ചപ്പോൾ ബാലനായിരുന്ന ടിപ്പുവും ആ സൈന്യത്തിൽ പിതാവിനെ സഹായിക്കാനുണ്ടായിരുന്നു. ബാലനായിരിക്കുമ്പോൾ തന്നെ യുദ്ധതന്ത്രങ്ങളിലും, ഭരണകാര്യങ്ങളിലും ടിപ്പു താൽപര്യം പ്രകടിപ്പിച്ചിരുന്നു.

ഒന്നാം ആംഗ്ലോ-മൈസൂർ യുദ്ധം : 1758 ൽ ഫ്രഞ്ച് അധീനതയിലായിരുന്ന സ്ഥലങ്ങളിൽ കൂടി വാണിജ്യം തുടങ്ങാൻ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി തീരുമാനിക്കുകയും അതിനായി അനുവാദത്തിനു വേണ്ടി ആർക്കോട്ടിലെ നവാബിനെ സമീപിക്കുകുയും ചെയ്തു. എന്നാൽ നവാബ് ബ്രിട്ടീഷുകാരുടെ ഈ ആവശ്യം തള്ളിക്കളഞ്ഞു. തുടർന്ന് റോബർട്ട് ക്ലൈവിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷുകാർ, ഷാ ആലം രണ്ടാമനെ ഇതേ ആവശ്യവുമായി സമീപിച്ചു, അവരുടെ ആവശ്യം ഷാ ഉടനടി അംഗീകരിക്കുകയും ചെയ്തു.

ഹൈദരലി തന്റെ മകനെ യുദ്ധതന്ത്രങ്ങളെല്ലാം പഠിപ്പിച്ചിരുന്നു. ഇതിനു ഹൈദരുടെ സുഹൃത്തുക്കളായ ഫ്രഞ്ച് ഓഫീസർമാരുടെ സഹായം ഉണ്ടായിരുന്നു. യുവാവായപ്പോൾ തന്നെ ടിപ്പു യുദ്ധങ്ങളിൽ പിതാവിനെ സഹായിച്ചു തുടങ്ങി. ടിപ്പുവിന്‌ 15 വയസ്സുള്ളപ്പോൾ ആദ്യത്തെ ആംഗ്ലോ-മൈസൂർ യുദ്ധം പൊട്ടിപ്പുറപ്പെട്ടു (1766). ഇതിൽ ടിപ്പു തന്റെ പിതാവിനൊപ്പം ഇംഗ്ലീഷുകാർക്കെതിരായി യുദ്ധം ചെയ്യുകയുണ്ടായി. 1767-ൽ കർണ്ണാടകത്തിലേക്ക് പടയോട്ടം നയിച്ചതിൽ കാലാൾപ്പടയുടെ ഒരു വൻ വിഭാഗത്തിന്റെ നേതൃത്വം ടിപ്പുവിനായിരുന്നു. ഹൈദരലി, ബ്രിട്ടീഷുകാരെ ഒറ്റപ്പെടുത്തി നൈസാമുമായി സഖ്യമുണ്ടാക്കി. നൈസാമിനുള്ള സമ്മാനങ്ങളുമായി ഹൈദർ അയച്ചത് ടിപ്പു സുൽത്താനെ ആയിരുന്നു. ഒരു രാജകുമാരനെപ്പോലെ തന്നെയാണ് നൈസാം ടിപ്പുവിനെ തന്റെ കൊട്ടാരത്തിൽ സ്വീകരിച്ചത്. ശ്രീരംഗപട്ടണത്തിലേക്കുള്ള മടക്കയാത്രയിൽ തന്റെ സൈന്യത്തോട് മദിരാശിയിലേക്കു തിരിക്കാൻ ടിപ്പു ആവശ്യപ്പെട്ടെങ്കിലും, ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തിൽ തോൽവി മുന്നിൽ കണ്ട പിതാവിനെ സഹായിക്കാൻ ടിപ്പുവിന് ഉടൻ മടങ്ങേണ്ടി വന്നു. 1767 ൽ മംഗലാപുരത്ത് ബ്രിട്ടീഷുകാർക്ക് സഹായങ്ങൾ ചെയ്തുകൊടുത്തിരുന്ന ലുതിഫ് അലി ബെഗ് ആയിരുന്നു ടിപ്പുവിന്റെ അടുത്ത ലക്ഷ്യം. മൂവായിരം കാലാൾപ്പടയും, ആയിരം അശ്വാരൂഢരുമായി ടിപ്പു മംഗലാപുരത്തേക്കു തിരിച്ചു. ടിപ്പുവിന് മംഗലാപുരം ബസാർ പിടിച്ചെടുക്കാൻ കഴിഞ്ഞുവെങ്കിലും, കോട്ട കീഴടക്കാൻ സാധിച്ചില്ല. ഏറെ വൈകാതെ തന്നെ ഹൈദരും ഈ സൈന്യത്തോടു കൂടി ചേരുമെന്ന വാർത്ത ബ്രിട്ടീഷുകാരെ ഭയത്തിലാഴ്ത്തി. അവർ മംഗലാപുരം കോട്ട വിട്ട് രക്ഷപ്പെടാനായി തയ്യാറെടുത്തു. ബ്രിട്ടീഷ് സൈന്യത്തിന്റെ ആയുധസാമഗ്രികൾ വരെ അവർക്ക് കൈയ്യൊഴിയേണ്ടി വന്നു. ടിപ്പുവിന്റെ കൂടെ ഹൈദർ കൂടെ ചേർന്നതോടെ ബ്രിട്ടീഷുകാർക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. 1769 മാർച്ചുവരെ നീണ്ടു നിന്ന യുദ്ധത്തിൽ ഹൈദർ വിജയിക്കുകയും, ബ്രിട്ടീഷുകാരുമായി ഉടമ്പടി ഉണ്ടാക്കുകയും ചെയ്തു.

മറാഠ-മൈസൂർ യുദ്ധം : 1769 മറാഠ സൈന്യം മൈസൂരിനെ ആക്രമിച്ചു. മറാഠ സൈന്യത്തെ മൈസൂരിന്റെ മണ്ണിൽ നിന്നും തുരത്താൻ ഹൈദർ ടിപ്പുവിനോട് നിർദ്ദേശിച്ചു. പിതാവ് തന്നിലേൽപ്പിച്ച് വിശ്വാസം ടിപ്പു കാത്തു സൂക്ഷിച്ചു. എന്നാൽ യുദ്ധത്തിനിടെയുണ്ടായ ചില ആശയക്കുഴപ്പം കാരണം ഹൈദർ യുദ്ധഭൂമിയിൽ വെച്ചു തന്നെ ടിപ്പുവിനെ മർദ്ദിക്കുകയുണ്ടായി. കുപിതനായ ടിപ്പു തന്റെ വാളും, തലപ്പാവും ഊരിയെറിയുകയും താൻ ഇനി ഇത് ധരിക്കില്ലെന്ന് ശപഥം ചെയ്യുകയും ഉണ്ടായി. ആ യുദ്ധത്തിൽ മറാഠ ഹൈദർഅലിയെ പരാജയപ്പെടുത്തി. ശ്രീരംഗപട്ടണം മറാഠാ സൈന്യത്തിൽ നിന്നും രക്ഷിക്കുക എന്നതായി മാറി ഹൈദരുടെ അടുത്ത ദൗത്യം. തന്റെ രാജ്യത്തെ മറാഠ ആക്രമിക്കുന്നത് കയ്യുംകെട്ടി നോക്കിനിൽക്കാൻ ടിപ്പുവിനായില്ല. ടിപ്പുവും യുദ്ധരംഗത്തേക്കിറങ്ങി. എന്നാൽ കടലുപോലുള്ള മറാഠസേനയോടെതിരിടാൻ ടിപ്പുവിന്റെ 6000 ത്തോളം വരുന്ന കുതിരപ്പടയാളികൾക്കായില്ല. ടിപ്പു ശ്രീരംഗപട്ടണത്തേക്ക് തിരിച്ചുപോന്നുവെങ്കിലും, ശത്രുസൈന്യത്തിൽ സാരമായ നാശം വരുത്താൻ അദ്ദേഹത്തിനു കഴിഞ്ഞു.

മറാഠസൈന്യത്തിന് ആയുധ,ഭക്ഷണസാമഗ്രികൾ വന്നുകൊണ്ടിരുന്നത് പൂനെയിൽ നിന്നുമായിരുന്നു. ആ പാതയിൽ കാര്യമായ എതിർപ്പ് അവർക്കുണ്ടായിരുന്നില്ല. ഹൈദരുടെ നിർദ്ദേശപ്രകാരം ടിപ്പു, 4000 ത്തോളം വരുന്ന സൈനികരുടെ സഹായത്തോടെ, മറാഠസേനക്കുവേണ്ടി എത്തിയിരുന്ന സാധനസാമഗ്രികൾ പിടിച്ചെടുത്തു. ഇത് മറാഠ സൈന്യത്തിന് ഒരു പ്രഹരമായിരുന്നു. 1772 ൽ ഹൈദർ മറാഠസേനയുമായി ഒത്തു തീർപ്പിനു തയ്യാറായി. 1772 ൽ മറാഠാ രാജാവായിരുന്നു പേഷ്വ മാധവറാവു അന്തരിച്ചതോടെ നാഥനില്ലാതായ മറാഠയുടെ കയ്യിൽ നിന്നും അവർ നേരത്തേ കയ്യടക്കിയ മൈസൂരിന്റെ ഭാഗങ്ങൾ തിരിച്ചു പിടിക്കാൻ ഹൈദർ തീരുമാനിക്കുകയും , ടിപ്പുവിനെ അതിന്റെ ചുമതല ഏൽപ്പിക്കുകയും ചെയ്തു. മറാഠയുടെ കൈയ്യിലായിരുന്ന മദ്ദഗിരി പോലുള്ള തന്ത്രപ്രധാനമായ സ്ഥലങ്ങൾ ടിപ്പുവന്റെ ഊർജ്ജ്വസ്വലതയ്ക്കു മുന്നിൽ നിസ്സാര ദിവസങ്ങൾകൊണ്ടു മൈസൂരിന്റെ അധികാരത്തിൽ തിരികെ വന്നു. കൂടാതെ, ബെല്ലാരി പോലുള്ള സമ്പന്ന പ്രദേശങ്ങൾ കീഴടക്കുന്നതിലും, ടിപ്പു തന്റെ പിതാവിനെ സഹായിച്ചു.

രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധം : 1780 ജൂലൈ 20 ന് ഹൈദർ അലി, കരീം എന്ന മകനെ പോർട്ടോ നോവോ കീഴടക്കാനായി നിയോഗിച്ചു. അതോടൊപ്പം തന്നെ ടിപ്പുവുമൊത്ത് ആർക്കോട്ടിനെ ആക്രമിക്കാനും പദ്ധതിയിട്ടു. ഹൈദരുടെ നീക്കം അറിഞ്ഞ മദ്രാസ് ഗവർണർ ജനറൽ ബെയ്ലിയേയും, മൺറോയേയും ഹൈദരുടെ നീക്കം പ്രതിരോധിക്കാനായി അയച്ചു. ഈ നീക്കത്തെക്കുറിച്ച് മുൻകൂട്ടി അറിഞ്ഞ ഹൈദർ ജനറൽ ബെയ്ലി മൺറോയുമായി ചേരുന്നതിനു മുമ്പ് ആ സൈന്യത്തെ കീഴടക്കാനായി ടിപ്പുവിനോട് ആവശ്യപ്പെട്ടു. 10000 ത്തോളം വരുന്ന സൈന്യവുമായി ടിപ്പു ഗുണ്ടൂരിലേക്കു പുറപ്പെട്ടു. കൊർത്താലിയാർ നദിയുടെ തീരത്തുവെച്ചു നടന്ന യുദ്ധത്തിൽ ടിപ്പു ബെയ്ലിയുടെ സൈന്യത്തെ പരാജയപ്പെടുത്തി.

ഹൈദരുടെ മരണം, അധികാരം : 1782-ഡിസംബർ-7 ന് ഹൈദരലി മരണമടഞ്ഞു. ഹൈദരുടെ മരണ സമയത്ത് ടിപ്പു മലബാറിൽ ബ്രിട്ടീഷുകാർക്കെതിരേ സൈന്യത്തെ നയിക്കുകയായിരുന്നു. ഹൈദരുടെ മരണത്തിനു മുമ്പ് ടിപ്പുവിനെഴുതിയതെന്നു കരുതപ്പെടുന്ന ഒരു കത്തിൽ അദ്ദേഹം ബ്രിട്ടീഷുകാരോട് ഒത്തുതീർപ്പിനു തയ്യാറാവണെമെന്ന് മകനോട് ആവശ്യപ്പെടുന്നുണ്ട്. മാത്രവുമല്ല, ഫ്രഞ്ചുകാരെ വിശ്വസിക്കരുതെന്നും ആ കത്തിൽ രേഖപ്പെടുത്തിയിരുന്നു എന്ന് ചരിത്ര രേഖകൾ പറയുന്നു. തന്റെ മരണശേഷം, ടിപ്പുവിനെ നിങ്ങൾ എന്നെ പിന്തുണച്ചതുപോലെ സേവിക്കണം എന്ന് ഹൈദർ മരണത്തിനു തൊട്ടുമുമ്പായി വിശ്വസ്ത സേവകരോട് ആവശ്യപ്പെട്ടു. ടിപ്പു മലബാറിൽ നിന്നും മടങ്ങിവരുന്നതുവരെ ഹൈദരുടെ മരണം പുറത്തറിയിക്കാതിരിക്കാൻ ഇവർ തീരുമാനിച്ചു. വലിയൊരു സാമ്രാജ്യത്തിന്റെ ചുമതലയാണ് ടിപ്പുവിന്റെ കഴിവിനെ ആശ്രയിച്ചിരുന്നത്. ഹൈദർ മരിക്കുമ്പോൾ ശ്രീരംഗപട്ടണത്തിലുള്ള ഖജനാവിൽ ഏതാണ്ട് മൂന്നുകോടിയോളം രൂപയും, സ്വർണ്ണവും, രത്നങ്ങളും എല്ലാം ഉണ്ടായിരുന്നു. ഇതുപോലൊന്ന് ബെദിനൂറിലെ ഖജനാവിലും ഉണ്ടായിരുന്നുവെങ്കിലും ഹൈദരുടെ മരണത്തോടെ ബ്രിട്ടൻ ആ ഖജനാവ് കൈക്കലാക്കി. അതുപോലെ തന്നെ രാജ്യത്ത് അന്ന് നിലവിലുണ്ടായിരുന്നതിൽ ഏറ്റവും മികച്ച സേനയാണ് ഹൈദരുടെ കീഴിലുണ്ടായിരുന്നത്. വലിയൊരു ഉത്തരവാദിത്തമായിരുന്നു ടിപ്പുവിനെ കാത്തിരുന്നത്.

ഹൈദരലിയുടെ കാലത്ത് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിൽ സാമ്രാജ്യത്ത്വ വികസനത്തിൻറെ ആദ്യപടിയിലെത്തിയതേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ടിപ്പു സുൽത്താന്റെ കാലമായപ്പോഴേക്കും യൂറോപ്പിലെ നെപ്പോളിയൻ യുദ്ധങ്ങളാലും വ്യവസായിക വിപ്ലവം സൃഷ്ടിച്ച കമ്പോള താല്പര്യങ്ങളാലും സാമ്രാജ്യത്തെ വികസനം അവർ ത്വരിതപ്പെടുത്തി. ഈസ്റ്റ് ഇന്ത്യാകമ്പനിക്ക് ദക്ഷിണേന്ത്യയിൽ പിടിമുറുക്കാനായി ടിപ്പുവിനെ പതനം അനിവാര്യമായിത്തീരുകയും അതിന്‌ അവർ അദ്ദേഹത്തിന്റെ ഫ്രഞ്ചുകാരോടുള്ള സൗഹൃദത്തേയും പഴിചാരുകയും ചെയ്തു.

മലബാറിലേക്ക് : 1782 ഫെബ്രുവരി 8ന് ബ്രിട്ടീഷുകാർ മാഹിയിലെ ഫ്രഞ്ച് കോട്ടയും, അതിനെതുടർന്ന് കോഴിക്കോടും കീഴടക്കി. തല്ലശ്ശേരിയിലെ നാട്ടുരാജാവായിരുന്ന സർദാർ ഖാൻ തന്റെ പരാജയത്തിൽ വിഷമിച്ചു ആത്മഹത്യ ചെയ്തു. ഈ സംഭവം അറിഞ്ഞ ഹൈദർ മുഖ്ദും അലിയെ മലബാർ തീരത്തേക്ക് അയച്ചു. എന്നാൽ കേണൽ ഹംബർസ്റ്റോണിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സേന മുഖ്ദും അലിയെ കീഴടക്കുകയും വധിക്കുയും ചെയ്തു. ഈ പരാജയത്തിൽ നിരാശനായ ഹൈദർ മലബാറിലെ സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കാൻ ടിപ്പുവിനോട് ആവശ്യപ്പെട്ടു. ഹംബർസ്റ്റോണിനെ പിന്തുടർന്ന് ടിപ്പു പാലക്കാട്ടേക്ക് തിരിച്ചുവെങ്കിലും, ഹംബർസ്റ്റോൺ അവിടം വിട്ടിരുന്നു. നിരാശനാകാതെ ടിപ്പു അവരെ പിന്തുടർന്ന് പൊന്നാനി പുഴയുടെ തീരത്തെത്തി. ആ പുഴ കടക്കാൻ ബ്രിട്ടീഷ് സേനക്കാകില്ല അതുകൊണ്ടു തന്നെ അവരെ എളുപ്പം കീഴടക്കാം എന്നും ടിപ്പു അമിതാത്മവിശ്വാസം കൈക്കൊണ്ടു. പക്ഷേ നദിയുടെ ആഴംകുറഞ്ഞ ഒരു ഭാഗത്തുകൂടെ ബ്രിട്ടീഷ് സേന പൊന്നാനിക്കു കടന്നു, ഇതു ടിപ്പു പ്രതീക്ഷിച്ചതല്ലായിരുന്നു. പൊന്നാനിയിലെത്തിയ ടിപ്പു ബ്രിട്ടീഷുകാർക്കെതിരേ കനത്ത ആക്രമണം അഴിച്ചുവിട്ടുവെങ്കിലും, ഫലവത്തായിരുന്നില്ല. ഹംബർസ്റ്റോണിനെ സഹായിക്കാൻ, കേണൽ മക്ലോദ് കൂടി സൈന്യത്തോടൊപ്പം ചേർന്നിട്ടുണ്ടായിരുന്നു. അതോടൊപ്പം തന്നെ വന്നു ചേർന്ന പിതാവിന്റെ മരണവാർത്ത ടിപ്പുവിനെ തൽക്കാലം ഈ ആക്രമണത്തിൽ നിന്നും പിന്തിരിപ്പിച്ചു.

1746-ൽ കോഴിക്കോട് രാജാവ് സാമൂതിരി പാലക്കാട് നാട്ടുരാജ്യത്തെ ആക്രമിച്ചപ്പോൾ പാലക്കാട് മൈസൂർ രാജാവിനോട് സഹായം തേടിയതോടെയാണ് മലബാറിലെ മൈസൂർ ഭരണത്തിന് അടിത്തറയായത്. മൈസൂർ സൈന്യത്തോട് പരാജയപ്പെട്ട സാമൂതിരി 12,00000 രൂപ യുദ്ധച്ചെലവ് നൽകാൻ നിർബന്ധിതനായി.കേരളത്തിലെ നാട്ടുരാജാക്കന്മാരും നാടുവാഴികളും തമ്മിലുണ്ടായിരുന്ന അഭ്യന്തര കലഹങ്ങൾ ഹൈദരലിയേയും തുടർന്ന് ടിപ്പു സുൽത്താനെയും ഇങ്ങോട്ട് ആകർഷിക്കുകയുണ്ടായി. പ്രധാനമായും ടിപ്പു കേരളത്തിൽ പോരാടിയത് ബ്രിട്ടീഷുകാരോടും പഴശ്ശിരാജായോടുമാണ്.ടിപ്പു സുൽത്താൻ സാമൂതിരിക്കു നേരെ പാലക്കാടു നിന്നു പടനനയിച്ച് പോയ ഒരു ഇടവഴിയായിരുന്നു പാലക്കാടു കോങ്ങാട് നിന്നും മണ്ണാർക്കാട് വരെ യുള്ള ടിപ്പുസുൽത്താൻ റോഡ് എന്ന് നാമകരണം ചെയ്ത വഴി. ഈ അടുത്തകാലത്തായി റോഡ് നിർമ്മാണവുമായി ബന്ധപെട്ടു പള്ളിക്കുറുപ്പ് എന്ന സ്ഥലത്തു വച്ച് നിർ മുനിയറ യടക്കം പല ചരിത്ര ശേഷിപ്പുകളൂം കണ്ടെടുത്തിട്ടുണ്ട് ഫ്രഞ്ച് സാങ്കേതികവിദ്യയുമായി യുദ്ധം ചെയ്യാനെത്തുന്ന ടിപ്പുവിനോട് എതിർത്ത് നിൽക്കാൻ പരമ്പരാഗത യുദ്ധമുറകൾ അനുവർത്തിച്ചുവന്ന കേരളത്തിലെ നാട്ടുരാജാക്കന്മാർക്ക് ശേഷിയില്ലായിരുന്നു. എന്നാൽ പഴശ്ശിരാജയുടെ 1795-ലെ ബ്രിട്ടീഷ് വിരുദ്ധയുദ്ധത്തിൽ 6000 സൈനികരെ നൽകി ടിപ്പുസുൽത്താൻ സഹായിക്കുകയുണ്ടായി. എന്നാൽ കേരളത്തിലേക്കുള്ള ടിപ്പുവിന്റെ അധിനിവേശ സമയത്ത് മലബാറിലെ മിക്ക രാജാക്കന്മാരും തിരുവിതാംകൂറിലേക്ക് രക്ഷപെട്ടപ്പോൾ, പഴശ്ശിരാജാ, ബ്രിട്ടീഷുകാർക്കൊപ്പം ടിപ്പുവിനെതിരെ യുദ്ധം ചെയ്തിട്ടുണ്ടെന്ന് എം.ജി.എസ്. നാരായണൻ അടക്കമുള്ള ചരിത്രകാരന്മാർ നിരീക്ഷിക്കുന്നുണ്ട്.

കേരളത്തിൽ ആദ്യമായി ഭൂനികുതി ഏർപ്പെടുത്തിയത് ടിപ്പുസുൽത്താനാണ്. സാമൂതിരിയോടു ടിപ്പു നികുതി ആവശ്യപ്പെട്ടുവെന്നും അതു കൊടുക്കാനോ ടിപ്പുവുമായി യുദ്ധം ചെയ്യാനോ നിവൃത്തിയില്ലായിരുന്ന സാമൂതിരി ടിപ്പുവിനു മുന്നിൽ കീഴടങ്ങാതെ ആത്മഹത്യ ചെയ്യുകയാണുണ്ടായതെന്നും കരുതപ്പെടുന്നു.സാമൂതിരിവാഴ്ച ടിപ്പുവിന്റെ പടയോട്ടത്തോടെയാണ് അവസാനിച്ചത്. എന്നാൽ അതിനു മുമ്പ് ഹൈദരാലിയുടെ കാലത്തു തന്നെ സാമൂതിരിയുടെ ഭരണം അവസാനിച്ചിരുന്നിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. കേരളത്തിന്റെ പെരിയാറിനു വടക്കോട്ടുള്ള ഭാഗം ഏതാണ്ട് മുഴുവനായും ടിപ്പുവിന്റെ കൈവശമായ അവസരം ഉണ്ടായിട്ടുണ്ട്. ടിപ്പു ആക്രമിക്കും എന്ന വിശ്വാസത്തിൽ ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വിഗ്രഹം അ‌‌മ്പലപ്പുഴ പാർത്ഥസാരഥി ക്ഷേത്രത്തിൽ കൊണ്ടുവന്നു വെച്ചു പൂജനടത്തി എന്നു പരാമർശിക്കപ്പെടാറുണ്ട്. എന്നാൽ പ്രധാന വിഗ്രഹം നിലവറയിൽ ഒളിച്ച് വെച്ച്, ഉത്സവ വിഗ്രഹമാണ് അമ്പലപ്പുഴയിലേയ്ക്ക് കൊണ്ടുപോയതെന്നും പറയപ്പെടുന്നു.

മലബാറിലെങ്ങും സ്ഥലങ്ങളുടെ പേരുകൾ ടിപ്പു പേർഷ്യൻ ഭാഷയിലേക്ക് മാറ്റി. മംഗലപുരം ജലാലാബാദ് ആക്കി മാറ്റി. കൂടാതെ കണ്ണൂർ(കണ്വപുരം) കുസനബാദ് എന്നും, ബേപ്പൂർ(വായ്പ്പുര) സുൽത്താൻപട്ടണം അല്ലെങ്കിൽ ഫാറൂക്കി എന്നും കോഴിക്കോടിനെ ഇസ്ലാമാബാദ് എന്നും പുനർനാമകരണം ചെയ്തു. ടിപ്പുവിന്റെ മരണശേഷമേ നാട്ടുകാർ ഈ സ്ഥലങ്ങൾക്ക് പഴയ പേരിലേക്ക് മടക്കിക്കൊണ്ടുവരാൻ കഴിഞ്ഞുള്ളൂ. ഫറോക്ക് എന്ന പേരുമാത്രമേ ഇന്നും തിരിച്ചുപോവാതെ നിൽക്കുന്നുള്ളൂ. മുമ്പ് പിതാവ് ഹൈദർ അലിയുടെ മുന്നിൽ തന്നെ കീഴടങ്ങിയിരുന്ന കൊച്ചി രാജാവിനെ ടിപ്പു കാര്യമായി ആക്രമിച്ചില്ല എന്നും പറയപ്പെടുന്നു. എന്നാൽ ഏതാനും ചില വടക്കൻ പട്ടണങ്ങളിലൊഴികെ തിരുവിതാംകൂറിൽ പ്രവേശിക്കാൻ ടിപ്പുവിനു കഴിഞ്ഞിരുന്നില്ല. തിരുവിതാംകൂർ ആക്രമിക്കാനുള്ള പദ്ധതിയോടെ പെരിയാറിന്റെ തീരത്തു വന്നു തമ്പടിച്ച സൈന്യത്തിനു അന്നു രാത്രി ഉണ്ടായ വെള്ളപ്പൊക്കത്തിൽ വൻനാശനഷ്ടമുണ്ടാവുകയും തുടർന്ന് ടിപ്പു മടങ്ങിപ്പോവുകയുമാണ് ചെയ്തത് . അക്കാലത്ത് തിരുവിതാംകൂറിലെ രാജാവായിരുന്ന രാമ വർമ്മ രാജയുടെ മന്ത്രിമുഖ്യൻ പെരിയാറ്റിൽ ഉണ്ടായിരുന്ന തടയണ പൊട്ടിച്ചു വിട്ടുണ്ടാക്കിയ കൃത്രിമ വെള്ളപ്പൊക്കമായിരുന്നു അതെന്നും വിശ്വാസമുണ്ട്.

ടിപ്പു സുൽത്താന്റെ ആക്രമണം, കേരളത്തിലേക്കുള്ള പാതകളുടെ വികാസത്തിൽ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട് എന്നു കരുതുന്നു. ഇപ്പോൾ ദേശീയപാത 212 ആക്കി മാറ്റിയ സുൽത്താൻ ബത്തേരി -മൈസൂർ റോഡ് വാഹന ഗതാഗതത്തിനു പറ്റിയ രീതിയിൽ പുനർ നിർമ്മിച്ചത് ടിപ്പു സുൽത്താനാണ്. ഇത്രയും തന്ത്രപ്രധാനമായ ഒരു പാത അന്ന് വരെ നിർമ്മിക്കപ്പെട്ടിട്ടില്ല എന്ന അഭിപ്രായമുണ്ട്.

1790- ന്റെ ഒടുവിൽ ബ്രിട്ടീഷുകാർ മലബാർ തീരത്തിന്റെ നിയന്ത്രണം കൈക്കലാക്കി. കേണൽ ഹാർട്‌ലിയുടെ നേതൃത്വത്തിലുള്ള ഒരു സേന ഡിസംബറിൽ നടന്ന കോഴിക്കോടു യുദ്ധത്തിലും റോബർട്ട് അബർകോമ്പിയുടെ സേന ഏതാനും ദിവസത്തിനു ശേഷം കണ്ണുരിൽ നടന്ന യുദ്ധത്തിലും മൈസൂർ സൈന്യത്തെ തുരത്തി. 1790 ഡിസംബർ 7 നും 12 നും ഇടയിൽ തിരൂരങ്ങാടിയിൽ വച്ചാണ് കോഴിക്കോടു യുദ്ധം നടന്നത്. ലെഫ്റ്റ് കേണൽ ജയിംസ് ഹാർട്‌ലിയുടെ നേതൃത്വത്തിൽ 1500 പേർ അടങ്ങിയ മൂന്നു റജിമെന്റ് കമ്പനി സൈന്യം 9000 പേർ അടങ്ങിയ മൈസൂർ സൈന്യത്തെ വ്യക്തമായി തോൽപ്പിക്കുകയും ആയിരക്കണക്കിന് ആൾക്കാരെ കൊല്ലുകയും കമാണ്ടർ ഹുസൈൻ അലി ഉൾപ്പെടെ വളരെയധികം ആൾക്കാരെ തടവുകാരായി പിടിക്കുകയും ചെയ്തു. മൈസൂരിന്റെയും ആലി രാജയുടെയും കൈയ്യിലായിരുന്ന കണ്ണൂർ ജനറൽ റോബർട്ട് അബെർ ക്രോംബിയുടെ നേതൃത്വത്തിൽ കമ്പനിയുടെ സൈന്യം 1790 ഡിസംബർ 14 -ന് ആക്രമിച്ചു. കണ്ണൂർ കോട്ട പിടിച്ചതോടെ മൈസൂർ കീഴടങ്ങി. ഏതാനും ദിവസങ്ങൾക്കു മുൻപ് മറ്റൊരു സേന കോഴിക്കോടും പിടിച്ചതോടെ മലബാർ തീരത്തിന്റെ മുഴുവൻ നിയന്ത്രണവും കമ്പനിയുടെ കയ്യിലായി. 1792 -ൽ ഒപ്പുവച്ച ശ്രീരംഗപട്ടണം ഉടമ്പടിയോടെ മലബാർ മുഴവൻ തന്നെ കമ്പനിയുടെ കയ്യിലായി. ഈ ഉടമ്പടി പ്രകാരം മൈസൂരിന് വളരെയധികം പ്രദേശങ്ങൾ നഷ്ടമായി. അവയിൽ മിക്കവയും മറാട്ടയുടെയും ഹൈദരാബാദ് നിസാമിന്റെയും മദ്രാസ് സംസ്ഥാനത്തിന്റെയും കൈയ്യിലായി. മലബാർ ജില്ല, സേലം ജില്ല, ബെല്ലാരി ജില്ല, അനന്തപൂർ ജില്ല എന്നിവ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായി .

1899 ൽ 4 ആം മൈസൂർ യുദ്ധത്തിൽ വൈധേഷികാധിപത്ത്യത്തിനെതിരെയുള്ള യുദ്ധത്തിൽ ബ്രിട്ടീഷ്‌ സേന ഈ മഹാനെ വധിച്ചു. രാജ്യത്തിന് വേണ്ടി വീരമൃത്യുവരിച്ച ടിപ്പു സുൽത്താനെ മാത്രമല്ല അദ്ധേഹത്തിന്റെ പടവാൾ പോലും പേടിച്ചിരുന്ന ഈസ്റ്റ്‌ ഇന്ത്യ കമ്പനി ടിപ്പുവിനെ വധിച്ചതിനു പ്രതികാരം ചെയ്യാൻ ഹൈദർ അലിയുലെ വംശത്തിൽ നിന്ന് മറ്റൊരു ടിപ്പു ഉയരത്തെഴുന്നെക്കുമോ എന്ന് ഭയന്നിരുന്നു. കോട്ടകളും കൊട്ടാരങ്ങളും കൊള്ളയടിച്ചു നാദിയില്ല കളരിപോലെ പേക്കൂത്ത് ആടുകയും ചെയ്ത കമ്പനി പട്ടാളങ്ങൾക്ക് ഉള്ളിലെ ഭയം മറച്ചു വെക്കാൻ കഴിഞ്ഞില്ല . അതുകൊണ്ട് തന്നെ സുൽത്താന്റെ 12 മക്കളെ വെല്ലൂരിലെ ജയിലിൽ അടച്ചു. തുടർന്ന് കമ്പനി പട്ടാളങ്ങൾ ഇവരെ മോചിപിച്ചു . പശ്ചിമബംഗാളിലെ കൽക്കട്ടയിൽ രാജകീയ സൗകര്യം ഒരുക്കിയ ഈസ്റ്റ്‌ ഇന്ത്യ കമ്പനി സുൽത്താന്റെ 12 മക്കളടക്കം 300 ഓളം വരുന്ന കുടുംബാംഗങ്ങളെ അങ്ങോട്ടേക്ക് പറിച്ചു നട്ടു. നാടുകടത്തിയ സുൽത്താന്റെ കുടുംബങ്ങൾക്ക് ഈസ്റ്റ്‌ ഇന്ത്യ കമ്പനി എല്ലാ രാജകീയ സൗകര്യങ്ങളും ഒരുക്കിനല്കി കൊട്ടാരങ്ങളും പരിചാകരും ഉൾപ്പെടെ അത് ഒരുപക്ഷെ മരണം വരെ നട്ടെല്ല് ഉയർത്തി പോരാടിയ ആ പോരാളിക്ക് വേണ്ടി ചെയ്യാൻ കഴിയുന്നതിൽ നൂറിൽ ഒരുഭാഗം മാത്രമായിരുന്നു.

ഇന്ന് ഈ കുടുംബം എവിടെ എത്തിനിൽക്കുന്നു എന്നറിയണമെങ്കിൽ പശ്ചിമബംഗാളിലെ കൽക്കട്ട , ടോളിരൊഞ്ച് എന്ന ഭാഗത്ത് എത്തണം ടിപ്പുവിന്റെ മകൻ ഫതഹ് ഹൈദർന്റെ ആറാം തലമുറയിലെ സുൽത്താൻ അക്ത്തർ ഷായുടെ വിധവ അമ്മന്ന ഭേവയും മക്കളും അവിടെയുണ്ട് . സിഗരറ്റും പാൻമസാലയും വിറ്റ് ഉപജീവനത്തിന് പൊറുതിമുട്ടുന്ന ഭേവ മക്കളും ചെറുമക്കളും അടങ്ങുന്ന കൊച്ചു വാടകവീട്ടിൽ ഉണ്ട് . ഭേവയുടെ മൂത്തമകൻ അൻവർ ഷ റിക്ഷ ഡ്രൈവറാണ് ദിവസം നൂറു രൂപ എത്തിക്കാൻ പെടാപാട് പെടുന്ന അൻവർഷാ യ്ക്ക് സ്വന്തമായി ഒരു റിക്ഷപോലുമില്ല ആരോടും കൈന്നെറ്റാതെ സ്വന്തം കുടുംബത്തിനു വേണ്ടി അധ്വാനിക്കുന്ന അൻവർനു താഴെ ദിലാവർഷാ ഒരു സ്വകാര്യ കമ്പനിയിൽ സെക്യുരിറ്റി ജീവനകാരനായി ജോലി ചെയുന്നു. പട്ടിണിക്ക് പകരം വെക്കാൻ ഒന്നുമില്ല എന്ന തിരിച്ചറിവാണ് ഈ സുൽത്താൻ കുടുംബത്തെ ഇന്ന് സ്വന്തം നയിച്ച്‌ ജീവിക്കാൻ പഠിപ്പിക്കുന്നത്.

റാം എന്ന് മുദ്രയുള്ള മോതിരം : ടിപ്പുവിന്റെ കൈവിരലിൽ അദ്ദേഹത്തിന്റെ മരണസമയത്തുണ്ടായിരുന്നതും ഇംഗ്ലീഷ് പട്ടാളത്തലവനായിരുന്ന വെല്ലെസ്ലി പ്രഭു പിന്നീട് കൈക്കലാക്കിയതുമായ മോതിരമാണ് പിൽക്കാലത്ത് ടിപ്പുസുൽത്താന്റെ മോതിരം എന്ന പേരിൽ പ്രസിദ്ധമായത്. ദീർഘവൃത്താകൃതിയിലുള്ള മകൂടത്തോടുകൂടിയ ഇതിന്ന് 41.2 ഗ്രാം തൂക്കമുണ്ട്. ഇതിന്റെ മകുടത്തിൽ “റാം” എന്ന വാക്ക് ദേവനാഗരി ലിപിയിൽ ഉന്തിനിൽക്കുന്ന മട്ടിൽ കാണാം. ഇസ്ലാംമത വിശ്വാസിയായിരിക്കെതന്നെ മറ്റു മതങ്ങളോട് ടിപ്പുവിനുണ്ടായിരുന്ന ആദരവിന്ന് തെളിവായി ഈ മോതിരം നിലനിൽക്കുന്നു. മൈസൂർ യുദ്ധത്തിൽ നിന്ന് ആർതർ വെല്ലെസ്ലി പ്രഭുവിന്ന് കിട്ടിയ സ്വകാര്യസമ്പാദ്യമായിരുന്നു ഈ മോതിരം. അദ്ദേഹം ഇത് തന്റെ സഹോദരപുത്രിയായ എമിലി വെല്ലെസ്ലിക്ക് സമ്മാനിച്ചു. അവർ വിവാഹം കഴിച്ചത് വെല്ലെസ്ലി പ്രഭുവിന്റെ ഉറ്റമിത്രവും വലംകയ്യുമായി യുദ്ധദൗത്യങ്ങളിൽ കൂടെ ഉണ്ടായിരുന്ന ഫിറ്റ്സ്റോയ് സോമെർസെറ്റിനെ ആയിരുന്നു. അങ്ങനെ ആ മോതിരം സോമർസെറ്റിന്റെ റഗ്ലാൻ പ്രഭുകുടുംബത്തിൽ എത്തി.

2014 മേയ് മാസത്തിൽ ഈ മോതിരം അതിന്റെ അവകാശികൾ ലണ്ടനിലെ പ്രസിദ്ധമായ ക്രിസ്റ്റീസ് എന്ന ലേലസ്ഥാപനം വഴി ലേലത്തിന്ന് വെക്കുകയുണ്ടായി. അവരുടെ ശേഖരത്തിൽ നിന്നാണ് അതിപ്പോൾ ലേലത്തിന്ന് വരുന്നത്. പതിനായിരം മുതൽ പതിനയ്യായിരം വരെ പൗണ്ട് മതിപ്പുവിലയിട്ടിരുന്ന ഇത് മേയ് 22-ന്ന് നടന്ന ലേലത്തിൽ,ഒരു ലക്ഷത്തിനാല്പത്തയ്യായിരം പൗണ്ടിനാണ് പേർ പുറത്തുപറയാനിഷ്ടപ്പെടാത്ത ഒരു യൂറോപ്പ്യൻ വാങ്ങിയത്. ഇതിനി അടുത്തകാലത്തൊന്നും പുറംലോകം കാണാൻ സാദ്ധ്യതയുമില്ല.

ഇരുമ്പുകവചമുള്ള റോക്കറ്റുകൾ ആദ്യമായി യുദ്ധത്തിനുപയോഗിച്ചത് ടിപ്പു സുൽത്താനാണ്. ബ്രിട്ടീഷുകാരുമായുള്ള ഗുണ്ടൂർ(1780)പൊളില്ലൂർ (1780) സെപ്റ്റംബർ യുദ്ധത്തിലും, (1792)ലെയും (1797) ലെയും ശ്രീരംഗപട്ടണം യുദ്ധത്തിലുമെല്ലാം ടിപ്പുവിന് മേൽക്കൈ നേടാനായത് അദ്ദേഹത്തിന്റെ റോക്കറ്റ് റെജിമെന്റിന്റെ സഹായം കൊണ്ടാണ്. മുൻ ഇന്ത്യൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം ബ്രിട്ടനിലെ വൂൾവിച്ച് റോടുണ്ട മ്യൂസിയത്തിൽ ടിപ്പുവിന്റെ റോക്കറ്റ് കണ്ടതായി രേഖപ്പെടുത്തിയിരിക്കുന്നു. പാകിസ്താൻ അവരുടെ 4000 കി മീ റെയ്ഞ്ച് ഉള്ള ബാലിസ്റ്റിക് മിസൈലിന് ടിപ്പു എന്നാണ് പേരിട്ടത്.

ദ സ്വോർഡ് ഓഫ് ടിപ്പുസുൽത്താൻ എന്ന പേരിൽ സഞ്ജയ് ഖാൻ സംവിധാനം ചെയ്ത ടെലിവിഷൻ പരമ്പര ആദ്യമായി 1989 ൽ ദുരദർശനിൽ പ്രക്ഷേപണം ചെയ്തു. ഭഗവാൻ ഗിദ്വാനിയുടെ നോവലിനെ ആസ്പദമാക്കിയായിരുന്നു ഈ ചലച്ചിത്രം തയ്യാറാക്കിയത്. പിന്നീട് വിവിധ ഭാഷകളിൽ ഈ പരമ്പര പ്രക്ഷേപണം ചെയ്തിരുന്നു. മീഡിയാവൺ ചാനൽ മലയാളത്തിൽ പ്രക്ഷേപണം ചെയ്തിരുന്നു. മലയാളത്തിലെ ആദ്യ ചരിത്രാഖ്യായികകളിലൊന്ന് എന്നു വിശേഷിപ്പിക്കപ്പെടുന്ന സി.വി. രാമൻപിള്ളയുടെ രാമരാജബഹദൂർ എന്ന പുസ്തകത്തിൽ ടിപ്പുവിന്റെ ആക്രമണത്തെക്കുറിച്ചുള്ള ആകുലത എമ്പാടും കാണാവുന്നതാണ്. 2013-ൽ ഇറങ്ങിയ ആമേൻ എന്ന ചലച്ചിത്രത്തിൽ ടിപ്പുസുൽത്താൻ കുമരംകരിയിലെ സുറിയാനി പള്ളിയെ ആക്രമിക്കാൻ എത്തിയപ്പോൾ വിശുദ്ധ ഗീവർഗീസ് നേരിട്ട് ടിപ്പു സുൽത്താനെ തുരത്തി എന്ന് ചിത്രീകരിച്ചിട്ടുണ്ട്. എന്നാൽ വാസ്തവത്തിൽ ടിപ്പു സുൽത്താൻ പെരിയാറിനു തെക്കോട്ട് വന്നുവെന്നതിനു തെളിവില്ല. കർണാടകയിലെ പലക്ഷേത്രങ്ങളിലും ഇന്നും ടിപ്പുവിന്റെ പേരുണ്ട് അവ പുനഃസൃഷ്ടിച്ച വകയിൽ. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ എല്ലാ ദിവസവും ടിപ്പുസുൽത്താൻ പൂജകൂടിയുണ്ടെന്നറിയുമ്പോൾ മാത്രമാണ് ആ മഹാന് ഹിന്ദുമതത്തിൽ എത്രമാത്രം സ്വാധീനം ഉണ്ടെന്ന് നാമറിയുന്നത്. എന്തൊക്കെയായാലും മൈസൂർ കടുവ എന്ന പേരിൽ ടൈപ്പ് സുൽത്താൻ ഇന്നും ജനങ്ങളുടെ ഹൃദയത്തിൽ ജീവിക്കുന്നു.

കടപ്പാട് – വിക്കിപീഡിയ, വിവിധ ഓൺലൈൻ മാധ്യമങ്ങൾ.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply