‘സ്തംഭിച്ചു പോയ ഉദ്യാനനഗരി ‘ :108 ദിവസത്തെ ‘കിഡ്നാപ്പിംഗ് നാടകം’

ലേഖനം എഴുതിയത് – റോണി തോമസ്.

‘സ്തംഭിച്ചു പോയ ഉദ്യാനനഗരി ‘ :108 ദിവസത്തെ ‘കിഡ്നാപ്പിംഗ് നാടകം’ ഒരിക്കൽ കൂടി ഓർമ്മിക്കപ്പെടുമ്പോൾ ……..

2000 ജൂലൈ 30 ഞായർ , തമിഴ്നാട് മൈസൂർ ബോര്ഡറില് സ്ഥിതി ചെയ്യുന്ന ഗജാനൂര് ഗ്രാമം…. അവിടെയാണ് സിംഗനെല്ലൂര് പുട്ടസ്വാമയ്യ മുത്തുരാജുവിന്റെ അൻപത് ഏക്കറോളം വരുന്ന ഫാം ഹൌസ് സ്ഥിതി ചെയ്യുന്നത്. പുതുതായി പണികഴിപ്പിച്ച മറ്റൊരു വീടിന്റെ ഗ്രഹപ്രേവേശവുമായി ബന്ധപെട്ടു അദ്ദേഹവും കുടുംബവും അന്ന് നഗരത്തിലെ താമസ്ഥലത്തു നിന്ന് തലേന്ന് തന്നെ അവിടെ എത്തിച്ചേർന്നിരുന്നു.. പകൽ സമയത്തെ പരിപാടികൾ എല്ലാം വളരെ ഭംഗിയായി അവസാനിച്ചു …അത്താഴവും കഴിഞ്ഞു ടിവിയിൽ പരിപാടികൾ ആസ്വദിച്ച് ഇരിക്കുകയാണ് കുടുംബാംഗങ്ങളടക്കം കുറച്ചു പേർ.

സമയം രാത്രി 9.30.  മുകളിലെ കാൽപ്പെരുമാറ്റം ശ്രദ്ധിച്ചത് ഭാര്യ പാർവതമ്മയാണ്. പുറത്തു പെയ്യുന്ന മഴയും ടി വിയുടെ ശബ്ദവും മൂലമായിരിക്കും. അവരൊരുപാട് വൈകി പോയിരുന്നു …ടെറസ്സിൽ നിന്നും അകത്തേയ്ക്കുള്ള സ്റ്റെയർ കേസ് വഴി ആയുധ ധാരികളായ മുഖം മൂടി ധരിച്ച ഒരു കൂട്ടം ആളുകൾ ഹാളിലേക്ക് ഇരച്ചു കയറി. ഗൃഹനാഥന്റെ നെറ്റിയിൽ തോക്കു ചേർത്ത് വെച്ച ശേഷം കന്നടയിൽ ഇങ്ങനെ പറഞ്ഞു …”നമഗേ നീവു ബേക്കു സാർ ”(ഞങ്ങൾക്ക് നിങ്ങളെ വേണം സാർ )..  തോക്കിൻമുനയിൽ പുറത്തേയ്ക്ക് നയിച്ച അദ്ദേഹത്തെ നേതാവെന്ന് തോന്നിക്കുന്ന ആറടി പൊക്കക്കാരൻ ഒരു ‘കൊമ്പൻ മീശ ‘ പുഞ്ചിരിച്ചുകൊണ്ട് സ്വാഗതം ചെയ്തു …ശേഷം ചോദ്യം “അകത്തു വേറെ ആരൊക്കെയുണ്ട് ”…?

സമയം രാത്രി 1.30 , ബാംഗ്ലൂരിലെ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ വസതിയിലേക്ക് മൂന്ന് നാലു കാറുകൾ കുതിച്ചെത്തി ….കൂടെ പോലീസുമുണ്ട് …ആഭ്യന്തരമന്ത്രി മല്ലികാർജ്ജുനയും പിന്നെ എന്തോ അപകടം മണത്തത് പോലെ ചില മാധ്യമ പ്രവർത്തകരുമുണ്ട് ……കനത്ത കാവലിൽ അവർക്ക് ഉള്ളിലേക്ക് കടക്കാൻ കഴിയുന്നില്ല …..കരഞ്ഞു തളർന്ന ആ സ്ത്രീയും കുറച്ചു കുടുംബാംഗങ്ങളും മന്ത്രിമാരും അകത്തു തിരക്കിട്ട ചർച്ചയിലാണ് …അൽപ്പ സമയത്തിനുള്ളിൽ ആഭ്യന്തര മന്ത്രി പുറത്തേക് വന്നു വളഞ്ഞു കൂടിയ മധ്യപ്രവർത്തകരോട് അദ്ദേഹം വിശദീകരിച്ചത് ഇങ്ങനെ ”നിങ്ങൾ കേട്ടത് ശെരിയാണ് ….അദ്ദേഹത്തെ കിഡ്നാപ്പ് ചെയ്തിരിക്കുന്നു. കൂടുതൽ ഒന്നും വെളിപ്പെടുത്താൻ കഴിയില്ല ..മോചന ശ്രെമങ്ങൾ നടക്കുകയാണ്…..

അൽപ്പം സമയത്തിനുള്ളിൽ പത്രമാപ്പീസിലേക്കും മറ്റും സന്ദേശങ്ങൾ പ്രവഹിച്ചു ….കന്നടമക്കൾ ഞെട്ടുന്ന ഒരു വാർത്തയുമായാണ് പ്രഭാതത്തിൽ പത്രങ്ങൾ അവരെ സ്വാഗതം ചെയ്തത്. ഇരുന്നൂറിലേറെ ചിത്രങ്ങളിൽ വേഷമിട്ട കന്നഡിഗർ അവരുടെ സാസ്കാരിക പ്രതീകമായി പോലും കരുതുന്ന പ്രിയപ്പെട്ട’ അണ്ണാവരുവെന്ന സൂപ്പർ സ്റ്റാർ രാജ്‌കുമാറിനെ ‘കാട്ടുകള്ളൻ തട്ടികൊണ്ട് കാടുകയറി ….കൂടെ മരുമകൻ ഗോവിന്ദ രാജു , പുതിയ ചിത്രത്തിന്റെ കഥപറയാൻ കൂടെ വന്ന സഹ സംവിധായകൻ നാഗേഷും..

നേരം പുലർന്നപ്പോൾ വാർത്ത സംസ്ഥാനവും കടന്നു രാജ്യവ്യാപകമായി മറ്റു മാധ്യമങ്ങളിൽ കൂടി പ്രവഹിച്ചു ….ഒൻപത് മണിയോടെ സംസ്ഥാനത്തു ചിലയിടങ്ങളിൽ ‘ക്ഷമ’ നശിച്ചു തുടങ്ങി. ബാഗൽകോട്ട്‌ .ബെല്ലാരി .ഹസ്സൻ തുടങ്ങിയ സ്ഥലങ്ങളിൽ ചില വാഹനങ്ങൾ കത്തി തുടങ്ങി. നഗരാതിർത്തിയിൽ ചില പ്രകടനങ്ങൾ അക്രമത്തിലേക്ക് നീങ്ങിയതോടെ പോലീസ് രംഗത്തിറങ്ങി. നഗരവും ചലച്ചിത്ര വ്യവസായവയും ആകെ സ്‌തംഭിച്ച അവസ്ഥ. അല്ലെങ്കിലും രാജ്‌കുമാർ എന്നാൽ കന്നടക്കാരന് ‘തലയ്ക്ക് പിടിച്ച ലഹരി’ ആണ്. തമിഴന് രജനി ആണെങ്കിൽ ഇവിടെ വികാരം ഒരുപടി കൂടുതൽ ആണ്.

പിറ്റേന്ന് ഉച്ചയോടെ മുഖ്യമന്ത്രിയും രാജ്‌കുമാറിന്റെ കുടുംബങ്ങളും വിമാനത്തിൽ ചെന്നൈയിലേക്ക് തിരിച്ചു. തമിഴ്നാട് മുഖ്യൻ കരുണാനിധിയെ കാണാൻ …..!! തട്ടികൊണ്ട് പോകുന്ന സമയം ഭാര്യ പാർവ്വതമ്മയ്ക് വീരപ്പൻ തനിക്കു പറയാനുള്ള കാര്യങ്ങൾ ഒരു ഓഡിയോ കാസറ്റിന്റെ രൂപത്തിൽ നൽകിയിരുന്നു. അതിൽ റെക്കോർഡ് ചെയ്ത പ്രകാരം വലിയൊരു തുക കൂടാതെ കർണ്ണാടക ജയിലിൽ കഴിയുന്ന തന്റെ അൻപതോളം വരുന്ന സംഘാംഗളുടെ മോചനവും ആവശ്യപ്പെട്ടിരുന്നു. മൂന്ന് ദിവസത്തെ കുലംഗഷമായ ചർച്ചകൾക്കൊടുവിൽ രണ്ടു സർക്കാരും കൂടി ഒരു തീരുമാനം കൈക്കൊണ്ടു.

വീരപ്പനെ പ്രകോപിച്ചാൽ രാജ്‌കുമാർ എന്ന നടന്റെ ജീവൻ അപകടത്തിലാവും. അതിൽ രണ്ടാമതൊരു ചിന്തയുടെ ആവശ്യമേ വേണ്ട. നൂറ്റി മുപ്പതോളം വരുന്ന പ്രമുഖരായ ഫോറസ്ററ് ഉദ്യോഗസ്ഥരടക്കം ചുമരിൽ തൂങ്ങിയത് അതിന് ഒന്നാന്തരം ഉദാഹരണമാണ്. ആയതിനാൽ മധ്യസ്ഥതയ്ക്കും തങ്ങളുടെ നിലപാടും അയാളെ അറിയിക്കാൻ പറ്റിയ ഒരു ദൂതനെ അങ്ങോട്ട് അയയ്ക്കുക. നിരന്തരമായ അന്വേഷണങ്ങൾക്കൊടുവിൽ ഒരുവനെ കണ്ടെത്തി. തമിഴ് നാട് ബൈ വീക്കിലി നക്കീരൻ മാഗസിൻ എഡിറ്റർ ആർ. ആർ ഗോപാൽ എന്ന ‘ നക്കീരൻ ഗോപാലൻ.’ ഇതിനിടയിൽ പോണ്ടിചേരിയിലെ മറ്റൊരു ഫ്രീലാൻസ് ജേര്ണലിസ്റ് മുഖേന വീരപ്പന്‍റെ സംഭാഷണം അടങ്ങിയ അടുത്ത കാസറ്റും എത്തിയിരുന്നു.

അടിക്കടി തന്റെ തീരുമാനങ്ങൾ മാറ്റികൊണ്ടിരുന്ന വീരപ്പൻ മോചനദ്രവ്യം ഇതിനിടയിൽ അഞ്ചു കോടിയിലേക്ക് ഉയർത്തി. തുടർന്ന് സന്ധിയുമായി നക്കീരൻ സത്യംമഗലം കാട് കേറിയിരുന്നു . ഒന്ന് രണ്ടു ദിവസങ്ങൾ കൂടി കഴിഞ്ഞു അദ്ദേഹം തിരിച്ചെത്തി കൈയ്യിൽ ഒരു വീഡിയോ കാസറ്റ്. രാജ്‌കുമാർ അതിൽ അൽപ്പം സമ്മർദ്ധം കുറഞ്ഞതായി കാണപ്പെട്ടു. തന്റെ ആരാധകരോട് ദയവായി സംയമനം പാലിക്കണമെന്ന് അദ്ദേഹം അതിൽ ആവർത്തിച്ചാവർത്തിച്ചു ആവശ്യപ്പെടുന്നുണ്ട്. കർണ്ണാടകയിൽ ഇതിനിടെ ഒരാഴ്‌ചയോളം നീണ്ട ബന്ദ് ആഹ്വാനം ചെയ്തിരുന്നു. സ്‌കൂളുകളും കോളേജുകളും പൂട്ടി. ചലച്ചിത്ര മേഖല നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചു.

വീരപ്പൻ ആവശ്യപ്പെട്ട അമ്പത്തൊന്നു കിങ്കരന്മാർക്കും കരുതൽ തടങ്കൽ എന്ന ‘ടാഡ’ നിയം കർണ്ണാടക ചുമത്തിയിരുന്നു (പൊതു സുരക്ഷിതത്വത്തെ ബാധിക്കുന്ന ദേശദ്രോഹ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികൾക്ക് മേൽ ചുമത്തുന്ന നിയമം ). ഏന്നാൽ അതിലുമുണ്ട് നിയമത്തിന്റെ നൂലാമാലകൾ. ചുമത്തിയിരിക്കുന്ന നിയമം സർക്കാരിന് വെറുതെ അങ്ങ് എടുത്തുകളയാനും കഴിയുമായിരുന്നില്ല. സംസ്ഥാനം കലുഷിതാവസ്ഥയിലേക്ക് നീങ്ങി കൊണ്ടിരിക്കുന്ന അവസ്ഥയിൽ ഇതല്ലാതെ മറ്റൊരു മാർഗ്ഗവുമില്ലതാനും. ഒടുവിൽ ഓഗസ്റ് 21 , തട്ടിക്കൊണ്ടു പോകലിന്റെ മൂന്നാമത്തെ ആഴ്ചയിൽ ഈ നിയമം drop ചെയ്തു ആളുകളെ സ്വതതന്ത്രരാക്കാൻ തീരുമാനിച്ചു. സർക്കാരിന്റെ ഈ നീക്കം പക്ഷെ സുപ്രീം കോടതിയിൽ ചിലർ അപ്പീല് നൽകിയാണ് എതിർത്തത്.

ഇതിനിടയിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ രഹസ്യമായി നക്കീരന്റെ കൈവശം രണ്ടു കോടിയും , കന്നട ചലച്ചിത്ര മേഖല സംഭരിച്ച മൂന്ന് കോടിയും കൊടുത്തു മറ്റൊരു നീക്കം നടത്തിയിരുന്നു. എന്നാൽ നാലാമത്തെ കാസറ്റിൽ വീരപ്പന്റെ സ്വരം കടുത്തതായിരുന്നു ..പണം രണ്ടാമത് മാത്രം. ആദ്യം എന്റെ കിങ്കൻമാരെ വിട്ടയ്ക്കുക. ദിവസങ്ങൾ കഴിയും തോറും തമിഴ്നാട് സർക്കാരിന് പരോക്ഷമായി അൽപ്പം അയഞ്ഞ നയം തുടങ്ങി. ഇതോടെ ‘ടിയാൻ’ ട്രാക്ക് മാറ്റി. മോചനദ്രവ്യം അഞ്ചിൽ നിന്ന് പത്തു കോടിയിലേക്ക്.

ഇതിനിടയിൽ ചില ഗോസിപ്പുകൾ കർണ്ണാടകയിൽ പരക്കാൻ തുടങ്ങി രാജ്‌കുമാറിന്റെ മകൻ പുനീതിന്റെ അൽപ്പം തരികിട കളികളാണ് വീരപ്പനെ ഈ സാഹസത്തിനു പ്രേരിപ്പിച്ചതെന്ന്.. കാരണം അയാളുടെ ഗ്രാനൈറ്റ് ബിസിനസ്സിൽ വീരപ്പന്റെ ചില ലോബികളുമായി അൽപ്പം വിദ്വെഷം നിലനിന്നിരുന്നു പോലും. ശേഷം തമിഴ്വാദി സംഘനപോലുള്ള ചിലതിൽ നിന്നും നക്കീരനൊപ്പം രണ്ടു പേരും കൂടി മധ്യസ്ഥ ചർച്ചയ്ക്ക് കാട് കയറി. നാലും ,അഞ്ചും ശ്രമങ്ങൾ തകൃതിയായി നടന്നു.  രണ്ടു മാസത്തോളം കഴിഞ്ഞിരിക്കുന്നു.. വലിയ പ്രതീക്ഷകൾ ഒന്നും തന്നെ കാണുന്നില്ല.. ഇതിനിടയിൽ തമിഴ് നാട്ടിലും ചില ‘ബോംബ്’ പൊട്ടാൻ തുടങ്ങി ചില വിപ്ലവ സംഘടനകൾ പോലീസ് സ്റ്റേഷൻ ആക്രമിച്ചു . ടാഡ പോലുള്ള കരി നിയമം തമിഴന് മേൽ ചുമത്തിയതിന്റെ ഭവിഷത്തിൽ രോഷം പൂണ്ടായിരുന്നു. ആകെ കലങ്ങി മറിഞ്ഞ സ്ഥിതി.

ഒക്ടോബര്‍ 16, ഒരു ശുഭ സൂചനയെന്നോണം രാജ്‌കുമാറിനൊപ്പം തട്ടികൊണ്ട് പോയ അദ്ദേഹത്തിന്റെ മരുമകൻ ഗോവിന്ദ രാജുവിനെ ഇതിനിടയിൽ വീരപ്പൻ അതിർത്തി കടത്തി വിട്ടു. ആരോഗ്യ സ്ഥിതി വഷളായ കാരണമാണ് സന്ദേശത്തിൽ പറഞ്ഞത്. എങ്കിലും തന്റെ ആവശ്യങ്ങൾ അംഗീകരിക്കാതെ യാതൊരു വിധേനയും രാജ്‌കുമാറിനെ ജീവനോടെ വിടില്ലെന്നു തീർത്തു പറഞ്ഞു. ദിവസങ്ങൾ തെന്നി നീങ്ങി. നവംബര്‍ മാസം ഏഴിന് തങ്ങളുടെ ആറാമത്തെ മോചന ശ്രമവുമായി സന്ധി സംഭാഷണക്കാർ വീരപ്പനെ സമീപിച്ചു. ദിവസങ്ങൾ കൂടും തോറും പണം കൂട്ടി കൊണ്ടിരുന്ന അയാൾ ഒടുവിൽ സർക്കാരിന് നേരെ മുൻപോട്ടു വെച്ചത് 25 കോടി രൂപയാണ്. ഇന്റലിജൻസ് വിഭാഗം ചില സൂചനകൾ നല്കിക്കൊണ്ടിരുന്നതൊഴിച്ചാൽ ഒരു കമാൻഡോ ഓപ്പറേഷന് ചിന്തിക്കാൻ കൂടി കഴിയാത്ത അവസ്ഥയും സാമൂഹിക അന്തരീക്ഷവുമായിരുന്നു അന്ന്. രാജ്‌കുമാർ എന്ന മൂല്യത്തെ വീരപ്പൻ എന്ന കാട്ടുകള്ളൻ ബുദ്ധിപരമായി ഉപയോഗിച്ചത് ഇന്ന് ആലോചിക്കുമ്പോൾ അത്ഭുതമാണ്…

നവംബർ പതിനൊന്നു ടാഡ നിയമം റദ്ദു ചെയ്തു വീരപ്പന്‍റെ കൂട്ടാളികളെ മുഴുവൻ മോചിപ്പിക്കാൻ തീരുമാനമായി. നക്കീരന്റെയും നെടുമാരന്റെയും നേതൃത്വത്തിൽ കുറച്ചു ആളുകൾ പണവുമായി അയാളുടെ അടുത്തേയ്ക്കും നീങ്ങി. തന്റെ വ്യവസ്ഥകളെല്ലാം അംഗീകരിച്ച സന്തോഷത്തിൽ കൈയും കൊടുത്തു രാജ്‌കുമാറും സഹസംവിധായകൻ നാഗേഷും നീണ്ട 108 ദിവസത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തി. രാജ് കുമാറിനെ പൊന്നാട അണിയിച്ചാണ് വീരപ്പന്‍ നാട്ടിലേക്ക് പറഞ്ഞയച്ചത് എന്നത് മറ്റൊരു കാര്യം.

ഈ കിഡ്നാപ്പിംഗോടെ വീരപ്പനെ തീർക്കാൻ കൊണ്ട് പിടിച്ച ആലോചനകൾ ഇരു സർക്കാരിലും ഊര്ജിതമായെന്നു വേണം പറയാൻ. പക്ഷെ രണ്ടു വർഷത്തിനുള്ളിൽ എച് നാഗപ്പ എന്ന മുൻ കർണ്ണാടക മന്ത്രിയെ വീരപ്പന്‍ തട്ടിക്കൊണ്ട് പോകുകയും പിന്നീട് അദ്ദേഹത്തിന്‍റെ ജഡം സത്യമംഗലം കാട്ടിൽ ജീർണ്ണിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. ഇത് വീരപ്പന്‍റെ ഒരു പഴയ പകയുടെ കണക്കിൽ ആയിരുന്നുവെന്നാണ് പറയപ്പെടുന്നത്. മാറി വന്ന ജയലളിത സർക്കാരും കർണ്ണാടക ഗവണ്മെന്റും വീരപ്പനെ പിടികൂടുവാന്‍ തുടർന്ന് നടത്തിയ ശ്രമങ്ങൾ ഓപ്പറേഷൻ കൊക്കൂണിൽ പരിസമാപ്‌തി അണഞ്ഞപ്പോൾ ഒരു നാട്ടുവിറപ്പിച്ച കാട്ടുകളളൻ അങ്ങനെ ചരിത്രമായി.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply