ഓട്ടം വിളിച്ചാൽ വരാത്ത ഓട്ടോക്കാർക്കെതിരെ വാട്സ് ആപ്പിൽ പരാതി നൽകാം..

കേരളത്തിലെ സാധാരണക്കാരന്റെ വാഹനം എന്നാണു ഓട്ടോറിക്ഷകൾ അറിയപ്പെടുന്നത്. ഒരിക്കലെങ്കിലും ഓട്ടോറിക്ഷയിൽ കയറി യാത്ര ചെയ്യാത്ത മലയാളികൾ കേരളത്തിൽ ഉണ്ടാകാനിടയില്ല. രോഗം വന്നാൽ ആശുപത്രിയിൽ പോകാനും ചന്തയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് വരാനും രാത്രിയിൽ ബസ് സ്റ്റാൻഡിൽ ഇറങ്ങി വീട്ടിലേക്ക് പോകുവാനും ഒക്കെ നമ്മൾ ആശ്രയിക്കുന്നത് ഓട്ടോറിക്ഷകളെയാണ്. പലപ്പോഴും ശരിക്കുള്ളതിനേക്കാൾ കൂടുതൽ ചാർജ്ജ് ഇവർ വാങ്ങാറുമുണ്ട്. എന്നാൽ അത്യാവശ്യത്തിനു വല്ലയിടത്തും പോകുവാനായി ഓട്ടോറിക്ഷ കൈകാട്ടി നിർത്തിയാൽ ചില ഓട്ടോക്കാർ അവരുടേതായ ഇൻവെസ്റ്റിഗേഷൻ ഒക്കെ നടത്തിയിട്ടേ ഓട്ടം പോകാറുള്ളൂ. പോകേണ്ട സ്ഥലം പറഞ്ഞാൽ “അയ്യോ അവിടേക്ക് ഞാൻ ഇല്ല” എന്നു പറഞ്ഞു ഒഴിഞ്ഞുമാറും ചിലർ.

അത്യാവശ്യത്തിനായി ഓട്ടം വിളിക്കുന്ന സ്ഥലത്തേക്ക് പോകാതെ ഡ്രൈവര്‍മാര്‍ക്ക് താല്‍പര്യമുള്ള സ്ഥലത്തേക്ക് മാത്രം പോകാന്‍ തയ്യാറാകുന്നത് ചോദ്യം ചെയ്യുന്നത് പല സ്റ്റാന്‍ഡുകളിലും വാക്കേറ്റത്തിനും കയ്യാങ്കളിക്കും ഇടയാക്കുകയും ചെയ്യാറുണ്ട്. ഓട്ടോക്കാരുടെ ഈ പിടിവാശി മൂലം നിരവധിയാളുകൾക്കാണ് സമയത്തിനു സ്ഥലത്തെത്താൻ കഴിയാതെ വന്നിട്ടുള്ളത്. ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ ഇത്തരം പ്രവൃത്തികൾക്കെതിരെ ധാരാളം പരാതികളാണ് പോലീസ് സ്റ്റേഷനിലും മോട്ടോർ വാഹന വകുപ്പിനും ലഭിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിൽ തിരുവനന്തപുരത്താണ് ഓട്ടോക്കാർക്ക് അഹങ്കാരവും ഹുങ്കും കൂടുതലുള്ളതെന്ന് അനുഭവസ്ഥർ പറയുന്നു. അതുകൊണ്ട് യാത്രക്കാരും ഓട്ടോക്കാരും തമ്മിലുള്ള പ്രശ്നങ്ങൾക്ക് മിക്കപ്പോഴും തലസ്ഥാന നഗരി സാക്ഷ്യം വഹിക്കാറുമുണ്ട്.

ഓട്ടോക്കാരെപ്പറ്റിയുള്ള പരാതികൾ വ്യാപകമായതോടെ ഹ്രസ്വദൂരയാത്രയ്ക്കും മറ്റും വിളിച്ചാൽ ‘ഓടി മറയുന്ന’ ഓട്ടോറിക്ഷക്കാര്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. യാത്രക്കാരന്‍ പറയുന്ന സ്ഥലത്തേക്കു സവാരി പോകാന്‍ ഓട്ടോ ഡ്രൈവര്‍ വിസമ്മതിക്കുകയാണെങ്കില്‍ വാട്സാപ്പിലൂടെ പരാതി നല്‍കാം. ഓട്ടോറിക്ഷയുടെ നമ്പര്‍ 8547639101 എന്ന നമ്പരിലേക്ക് വാട്സ് ആപ്പ് ചെയ്യുകയോ kl10@gmail.com എന്ന ഐഡിയിലേക്ക് മെയില്‍ ചെയ്യുകയോ ചെയ്യാം. കേരളത്തിലെ ഏത് ജില്ലയിൽ നിന്നും ഇത്തരത്തിൽ പരാതികൾ അയയ്ക്കാവുന്നതാണ്. ഇങ്ങനെ ലഭിക്കുന്ന പരാതികൾക്ക് മാക്സിമം 24 മണിക്കൂറിനുള്ളിൽ നടപടിക്രമങ്ങൾ ഉണ്ടാകുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ പറയുന്നു. യാത്രക്കാര്‍ പറയുന്ന സ്ഥലങ്ങളിലേക്കു കൃത്യമായി സവാരി പോകാത്തവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടി സ്വീകരിക്കാനാണ് മോട്ടോര്‍ വാഹനവകുപ്പ് തയാറെടുക്കുന്നത്. ഇതു മാത്രമല്ല മീറ്റർ ഇടാതെ യാത്ര ചെയ്യുന്ന ഓട്ടോറിക്ഷകൾക്കെതിരെയും കർശനമായി നടപടികൾ എടുക്കുവാനാണ് വാഹന വകുപ്പിന്‍റെ തീരുമാനം.

ഇത്തരത്തിൽ പരാതിപ്പെടാനുള്ള സംവിധാനം വരുന്നതോടെ ഓട്ടോറിക്ഷക്കാരുടെ അഹങ്കാരത്തിനു ഒന്നുകൂടി ശമനം ഉണ്ടാകുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്നാൽ രാത്രികാലങ്ങളിൽ ഓട്ടം കഴിഞ്ഞു വീട്ടിലേക്ക് പോകുന്ന വഴി ആരെങ്കിലും ഓട്ടം വിളിച്ചാൽ എന്തു ചെയ്യാൻ എന്ന മറു ചോദ്യവും ഓട്ടോറിക്ഷാ തൊഴിലാളികൾ മുന്നോട്ടു വെക്കുന്നുണ്ട്. പകൽ മുഴുവൻ ഓട്ടം ഓടി തളർന്നു ഒരുകണക്കിന് വീട്ടിലെത്താൻ നോക്കുമ്പോൾ ആരെങ്കിലും കൈ കാണിച്ചാൽ ആ സമയത്ത് ഓട്ടം പോകില്ലെന്നേ പറയാനാകൂ. അങ്ങനെ പറഞ്ഞാൽ കൈകാണിച്ച യാതക്കാരൻ ഈ പറഞ്ഞ മാർഗ്ഗത്തിൽ പരാതി നൽകികുകയാണെങ്കിൽ നിരപരാധിയായ ഓട്ടോക്കാരൻ കുടുങ്ങില്ലേ എന്ന ചോദ്യവും ഓട്ടോക്കാർ ചോദിക്കുന്നു. അതുപോലെ തന്നെ മോശം റോഡുകളുള്ള ഏരിയയിലേക്ക് ഓട്ടം പോയാൽ വണ്ടികൾക്ക് കേടുപാടുകൾ സംഭവിക്കുമെന്നും അതിനാൽ ആദ്യം കേരളത്തിലെ മോശപ്പെട്ട റോഡുകൾ നന്നാക്കുവാൻ മുൻകൈ എടുക്കണമെന്നും ഓട്ടോ തൊഴിലാളികൾ ഒന്നടങ്കം ആവശ്യപ്പെടുന്നു.

Photo – Anandhu Hari.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply