വീൽചെയറിൽ ആയാലെന്താ, മറ്റുള്ളവരെപ്പോലെ നിങ്ങൾക്കും നാടു നീളെ സഞ്ചരിക്കാം…

എന്ത് കൊണ്ടാണ് വീൽ ചെയറിലുള്ളവർ പൊതു ഇടങ്ങളിലേക്ക് ഇറങ്ങാൻ മടിക്കുന്നത്? തളർന്നു പോയാൽ പിന്നെ വീടിനകത്തിരുന്നു ജീവിതം കഴിച്ചു കൂട്ടുന്നവർക്ക് പ്രചോദനമാകുന്ന ഒരു പോസ്റ്റ് കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിൽ കാണുകയുണ്ടായി. ജീവിതം വീടിനുള്ളിൽ ഒതുക്കാതെ വീൽ ചെയറിൽ നാടുനീളെ സഞ്ചരിക്കുന്ന Muhammad Fasil Vp എന്ന കോഴിക്കോട് സ്വദേശിയുടേതാണ് പോസ്റ്റ്. എന്നാൽപ്പിന്നെ തീർച്ചയായും അതൊന്നു പ്രസിദ്ധീകരിക്കണം എന്ന് തോന്നി. ആ തോന്നലാണ് ഈ പോസ്റ്റ് ആയി ഇവിടെ രൂപംകൊണ്ടിരിക്കുന്നത്.

കെ.എസ്.ആർ.ടി.സി യുടെ എ സി ലോ ഫ്ലോർ ബസിൽ ഒരു റാമ്പ് നമ്മെ കാത്തിരിപ്പുണ്ടെന്ന കാര്യം എത്രപേർക്കറിയാം, അറിഞ്ഞിട്ടും ഉപയോഗിക്കാത്തതാണോ. 2015 ലോ മറ്റോ ആണ് കേരളത്തിൽ ലോ ഫ്ലോർ ബസ് കണ്ടുവരാൻ തുടങ്ങിയത്.അവിടുന്ന് കുറച്ച് കഴിഞ്ഞ് Green Palliative ന്റെ wheelchair friendly state campaign ന്റെ ഭാഗമായാണ് ഈ ബസിൽ റാമ്പ് സൗകര്യം ഉണ്ടെന്നും വീൽചെയറുകാർക്ക് യാത്രചെയ്യാം എന്നൊക്കെ അറിയുന്നത്.അതിനു ശേഷം ഞാൻ ഇടക്ക് അതിൽ യാത്ര ചെയ്യാറുണ്ട്.ഒറ്റക്ക് യത്ര ചെയ്യാനും പ്രത്യേകിച്ച് തടസ്സങ്ങളൊന്നും ഇല്ല,യാത്ര ചെയ്തതധികവും ഒറ്റക്കുതന്നെയായിരുന്നു.

ബസ്സിന്റെ ഒരു വശം ചരിച്ച്(നീലിങ്) നടുവിലെ ഡോർ തുറന്ന് റാംമ്പ് പുറത്തെടുത്താൽ സുഖമായി വണ്ടി ഉള്ളിൽ കയറ്റാം. വീൽചയറിനായി ഒരുക്കിയ പ്രത്യേകസ്ഥലത്ത് ലോക്കും ഉണ്ട്. ഇത്തരം സൗകര്യങ്ങൾ എല്ലാം ഉണ്ടായിട്ടും ഉപയോഗിക്കാത്തവരുണ്ട്, ഇപ്പഴും പുറത്തിറങ്ങാത്തവരുണ്ട് നമുക്ക് ചുറ്റും.
ആവശ്യത്തിന് മൊബിലിറ്റി ഉണ്ടായിട്ടും സ്വന്തം കാര്യത്തിന് പോലും പുറത്തിറങ്ങാത്ത കുറെ മനുഷ്യ ജന്മങ്ങൾ… അവരുടെ ചുറ്റുപാടുകൾ അവരെ പുറത്തിറങ്ങാൻ അനുവദിക്കാഞ്ഞിട്ടാകാം.’നാലു ചുവരുകളുള്ള മുറിക്ക് ജനലും വാതിലുമുള്ളത്’ കാട്ടിക്കൊടുക്കാൻ പോന്ന കൂട്ടില്ലാത്തത് കൊണ്ടാകാം ആ പാവം മനുഷ്യർ അങ്ങനെയാകുന്നത്.വിരമിച്ച പൗരന്റെ പരിഗണനയിൽ രാഷ്ട്രം അവർക്ക് നൽകുന്ന ചെറിയ സംഖ്യ യഥാർത്ഥത്തിൽ പണിയെടുക്കാൻ കഴിയുന്നവനെയും ഇരുത്തുകയാണ്,അതും പല വീൽചെയർകാരെയും പുറത്തിറക്കുന്നില്ല. നാട് മുഴുവനായും വീൽചെയർ ആക്‌സിസിബ്‌ള് ആകട്ടെ എന്നിട്ടിറങ്ങാം എന്ന് കരുതി ഉൾവലിയുന്നവർ സ്വന്തം ജീവിതത്തിൽ നിന്ന് തന്നെയാണ് ഒളിച്ചോടുന്നത് എന്നോർക്കണം.

പുറം ലോകം നിങ്ങളെ കാത്തിരിക്കുന്നുണ്ട്,നിങ്ങൾക്ക് നല്ല നല്ല കൂട്ടുകൾ നല്കാൻ,നല്ല അനുഭവങ്ങൾ നല്കാൻ,പുതിയ പ്രഭാതങ്ങൾ നൽകാൻ. അതിനു വേണ്ടി ഇത്തരം സാഹചര്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുക.കാറുകൾ ഉള്ളവരാണെങ്കിലും ഇടക്ക് ഇത്തരം പബ്ലിക് ട്രാൻസ്പോർട്ടുകളിൽ കയറി ഒന്ന് എക്സ്പീരിയൻസ് ചെയ്ത് നോക്കൂ.അടിപൊളിയാകും… മുൻപ് ബസുകളുടെ എണ്ണം കുറവായിരുന്നു.ഇപ്പൊ Chill Bus വന്നതോടെ ബസിന്റെയും റൂട്ടിന്റെയും എണ്ണവും വർധിച്ചിട്ടുണ്ട്.നമ്മൾ ഉപയോഗിക്കുമ്പോൾ മാത്രമാണ് അധികാരികൾ അതിന്റെ കാര്യക്ഷമത വർധിപ്പിക്കുകയുള്ളൂ.ലോ ഫ്ലോറിൽ യാത്ര ചെയ്യുമ്പോ അനുഭവിക്കുന്ന ഒരു പ്രശനം എന്താന്ന് വെച്ചാൽ ഉപോയോഗിക്കാതെയായി റാംമ്പ് കേടായിപ്പോവാണ്.അതുകൊണ്ട് പലപ്പോഴും വീൽചെയർ പൊക്കി വയ്‌ക്കേണ്ട ഒരവസ്ഥ! ഉപയോഗിച്ച് നാശമാകുന്നതല്ല,ഉപയോഗിക്കാതെ. എന്തിനു നാം അതിന് ഇടവരുത്തുന്നു.

ഇന്നലത്തെ യാത്രയിൽ കണ്ടക്ടർക്കുണ്ടായ അറിവില്ലായ്മയാണ് എന്നെ ഈ പോസ്റ്റ് എഴുതാൻ പ്രേരിപ്പിച്ചത്.അയാളെ പറഞ്ഞിട്ടും കാര്യമില്ല, മൂപ്പർ കണ്ടക്ടർ ആയിപ്പോകുന്ന ബസിൽ ആദ്യമായിട്ടാകും ഒരു യാത്രക്കാരൻ വീൽചെയറിൽ വന്നു ബസിന് കൈ കാട്ടുന്നെ. ടിക്കറ്റ് ചാർജ് കുറച്ച് അധികമാണെങ്കിലും താങ്ങാവുന്നതെയുള്ളൂ. ചുമ്മാ ഇടക്കൊന്ന് കോയിക്കോടൊക്കെ പോയി കടലും കണ്ട് കപ്പലണ്ടിയും കൊറിച്ച് പോരി. നൈസ് ആകും. കോഴിക്കോട് ഒരു പ്രശ്നവും ഇല്ലാതെ വീൽചെയറും കൊണ്ട് കയറിവരാൻ പാകമായ ഇടങ്ങളാണ് ബീച്ചും മാനാഞ്ചിറയും.ബീച്ചിൽ വികസനങ്ങൾ നടന്നു കൊണ്ടിരിക്കാണ്. ചില ഭാഗങ്ങളിൽ ചെല്ലുമ്പോ നിരാശ തോന്നും.പടിക്കെട്ടുകൾ പലതും തടസ്സപ്പെടുത്തുന്നുണ്ട് എന്നാലും കുറെയൊക്കെ നമുക്ക് എക്സ്പീരിയൻസ് ചെയ്യാൻ പറ്റും.സൗത്ത് ബീച്ചിന്റെ തുടക്കത്തിൽ ഒരു റാമ്പ് ഉണ്ട് എന്നാലും ഇനിയും വികസിക്കേണ്ടതുണ്ട്. പിന്നെ മാനാഞ്ചിറക്ക് പോകുന്ന വഴിക്ക് കുറച്ച് ശ്രദ്ധിക്കണം.അല്ലാതെ കുഴപ്പങ്ങളൊന്നും ഇല്ല.

സിനിമയ്ക്കാണെങ്കിൽ കൈരളിയുണ്ട്.കൈരളിയുടെ മുകൾ ഭാഗത്തേക്ക് റാമ്പ് ഉണ്ടെങ്കിലും കുറച്ച് സ്റ്റെപ്പുകൾ ഉണ്ട്.പക്ഷെ ‘സുഡാനി ഫ്രം നൈജീരിയ’ കാണാൻ പോയപ്പോ അതൊന്നും ഒരു പ്രശനം ആയിരുന്നില്ല.താങ്ങിയെടുക്കാൻ ആളുണ്ടായിരുന്നു. പിന്നെ ആർ.പിയും ഫോക്കസും പാർക്കിങ്ങിലൂടെ കയറിച്ചെല്ലാൻ പറ്റും.പക്ഷെ കോഴിക്കോടിനെ അറിയണമെങ്കിൽ അതിന്റെ തെരുവോരങ്ങളിലൂടെ അലഞ്ഞു നടക്കണം.മാളുകൾ തരുന്ന സേഫ് സോൺ ചിലപ്പോ വിങ്ങലുണ്ടാക്കാറുണ്ട്‌. കോഴിക്കോടിന്റെ ഉള്ളിൽ ഒരു പഴയ കോഴിക്കോട് ണ്ട്.പഴയ,അടഞ്ഞു കിടക്കുന്നതും തുറന്നിരിക്കുന്നതുമായ ഓർമകളുറങ്ങുന്ന ഒത്തിരി കെട്ടിടങ്ങൾ.. വീടുകൾ.. വലിയങ്ങാടിയിലെ ചുമട്ടു തൊഴിലാളികൾ അവിടത്തെ ഉന്തു വണ്ടികൾ പിന്നെ നമ്മുടെ എസ്.എം സ്ട്രീറ്റ്…
അങ്ങനെ ഒരു കോഴിക്കോട് ണ്ട്. വൈകുന്നേരങ്ങളിൽ വിസ്തരിച്ചു നടക്കാൻ പറ്റിയ ഇടങ്ങൾ…! ഇനി പുസ്തകത്തിനാണെങ്കിൽ മാതൃഭൂമി ഉണ്ട്‌.പിന്നെ ഫോക്കസിലെ ഡി.സി ബുക്ക്സ് ഉണ്ട്.ഇവിടങ്ങളിലൊന്നും തടസ്സങ്ങൾ തീരെ ഇല്ല.

കോഴിക്കോട് വച്ച് ഒരു സുഹൃത്തിനെ കണ്ടപ്പോ അദ്ദേഹം പറഞ്ഞു കേരളത്തിൽ ഇങ്ങനെ ബസിൽ വീൽചെയർ കയറ്റി വരുന്ന ഒരാളെ ആദ്യമായാണ് കാണുന്നതെന്ന്. എനിക്കും അങ്ങനെ ഇടക്ക് തോന്നാറുണ്ട്‌. ഞാൻ മാത്രമാണോ എന്ന്. ഞാനും എവിടെയും അങ്ങനെ ഒരാളെ കണ്ടിട്ടും കേട്ടിട്ടും ഇല്ല.എന്ത് തന്നെ ആയാലും ഇലക്ട്രിക്ക് വീൽചെയറും മറ്റു സൗകര്യങ്ങളും ഉണ്ടായിട്ടും ബസ് ഉപയോഗപ്പെടുത്താത്ത ചെറുതല്ലാത്ത ഒരു വിഭാഗം നമുക്ക് ചുറ്റും ഉണ്ട്.അറിയാത്തതു കൊണ്ടാകാം.അറിയാൻ ഈ പോസ്റ്റ് ഉപകരിക്കും എന്ന് വിശ്വസിക്കുന്നു. സുഹൃത്ത് മുബാറക് വാഴക്കടിന്റെ കൂടെയാണ് ഞാൻ ആദ്യം കോഴിക്കോട്ടേക്ക് ബസ് കയറുന്നത്.അതിന് ശേഷം മിക്കപ്പോഴും ഒറ്റക്ക് തന്നെയാണ് യാത്ര ചെയ്യാർ.പലപ്പോഴും അവിടെ സുഹൃത്തുക്കൾ ആരെങ്കിലുമൊക്കെ ഉണ്ടാകും.സൗഹൃദങ്ങളുടെ കെട്ടുറപ്പ് കരുത്തുറ്റതാക്കുന്നത് അധികവും അവരോടൊത്തുള്ള കൊച്ചു കൊച്ചു നടത്തങ്ങളും യാത്രകളും വർത്തമാനങ്ങളുമൊക്കെയാണ്.

ഒരിക്കൽ ഞാനും വീൽചെയറിൽ തന്നെയുള്ള വേറെ ഒരു സുഹൃത്തും ബസിൽ ഒറ്റക്ക് വയനാട് പോയതും വല്ലാത്ത ഒരു അനുഭവമായിരുന്നു.വഴിയിലുള്ള തടസ്സങ്ങളൊന്നും നോക്കാതെ,വയനാടിന്റെ മല മടക്കുകളിലേക്ക്.ചുരത്തിന്റെ മുകളിൽ ഇറങ്ങി അടുത്ത ബസ് വരുന്നത് വരെ അവിടെ ചെലവഴിക്കാം എന്നാണ് ആദ്യം കരുതിയത്.അവിടെ ഇറങ്ങാൻ നിന്നപ്പോ കണ്ടക്ടർ ആണ് പൂക്കോട് ലയ്ക്കിനെക്കുറിച്ച് പറഞ്ഞത്.ലേക്കിന് ചുറ്റും വീൽചെയർ ഉരുളാണ് പറ്റിയ മനോഹരമായ ഇടമാണ്.അവിടെ നിന്ന് രണ്ട് വീൽചെയറുകൾ ഹൈവേയുടെ ഓരം പിടിച്ച് നീങ്ങിക്കൊണ്ടിരുന്നു.അടുത്ത ബസിന് ചുരമിറങ്ങി നേരെ നാട്ടിലേക്ക്. സംഭവം കിടിലനായിരുന്നു. അതിന്റെ രണ്ട് ദിവസം മുൻപ് എന്റെ വേറെ രണ്ട് സുഹൃത്തുക്കൾ(വീൽചെയർ) ഇത് പോലെത്തന്നെ വയനാട്ടിലേക്ക് ഇറങ്ങിയിരുന്നു.അവരുടെ കൂടെ പക്ഷെ രണ്ട്പേര് വേറെ ഉണ്ടായിരുന്നു.ഞങ്ങൾ ഒറ്റക്കായിരുന്നു.

എറണാകുളം… അവിടെ ലോ ഫ്ലോറിന്റെ സാധ്യത കുറച്ച്കൂടെ വിശാലമാണ്.എനിക്ക് നേരിട്ട് അനുഭവമില്ല.കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് ലോ ഫ്ലോർ പകൽ ഓരോ മണിക്കൂറും രാത്രി രണ്ട് മണിക്കൂറും ഇടവിട്ട് ഓടുന്നുണ്ട്.എറണാകുളത്തിന്റെ പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്കും ലോ ഫ്ലോർ ഉണ്ട്.പിന്നെ മെട്രോ,ലുലു എല്ലാം വീൽചെയർ ഫ്രണ്ട്ലി ആണ്. അവിടെ സ്റ്റേ ചെയ്യാൻ പറ്റിയ ഇടങ്ങൾ ഉണ്ടെങ്കിൽ കുറഞ്ഞ ചെലവിൽ മറ്റുള്ളവരെപ്പോലെ നമുക്കും യാത്ര ചെയ്യാം. അങ്ങനെ ചുറ്റുമുള്ള സാധ്യതകൾ ഉപയോഗപ്പെടുത്തുക എന്നതാണ് പ്രധാനം…

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply