മണാലി എന്നു കേൾക്കാത്ത സഞ്ചാരികൾ ആരുംതന്നെ ഉണ്ടായിരിക്കില്ല നമ്മുടെയിടയിൽ. ബൈക്ക് ട്രിപ്പ്, ഹണിമൂൺ, ഫാമിലി ട്രിപ്പ്, ന്യൂ ജനറേഷൻ ട്രിപ്പ് എന്നുവേണ്ട എല്ലാത്തരം യാത്രികർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു സ്ഥലമാണ് മനാലി. മണാലിയെക്കുറിച്ച് ഒരു സഞ്ചാരി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ചുവടെ വിശദീകരിച്ചിരിക്കുന്നു.
ഇന്ത്യയുടെ വടക്കേ അറ്റത്ത് ഹിമാചൽ പ്രദേശ് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഒരു വിനോദസഞ്ചാരകേന്ദ്ര മലമ്പ്രദേശ പട്ടണമാണ് മനാലി. ബിയാസ് നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഈ നഗരം കുല്ലു താഴ്വരയുടെ വടക്കേ അറ്റത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്. ഈ ചെറിയ പട്ടണം പുരാതനകാലത്ത് ലഡാക്കിലേക്കുള്ള കച്ചവട സഞ്ചാരത്തിൽ ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. മനാലിയും സമീപ പ്രദേശങ്ങളും ഇന്ത്യയുടെ സംസ്കാരത്തിനും പൈതൃകത്തിനും ഒരു പാടു സംഭാവനകൾ നൽകുന്നു.
പുരാതന ഹിന്ദു ദൈവമായ മനുവിൽ നിന്നാണ് മനാലി എന്ന പേരുണ്ടായത് എന്നാണ് ഐതിഹ്യം. മനാലി ദൈവങ്ങളുടെ താഴ്വര എന്നാണ് അറിയപ്പെടുന്നത്. പുരാതന കാലത്ത് പ്രധാനമായും ഇവിടെ താമസിച്ചിരുന്നത് രാക്ഷസ എന്നറിയപ്പെട്ടിരുന്ന വേട്ടക്കാരായിരുന്നു. പിന്നീട് ഇവിടെ കാംഗ്ഡയിൽ നിന്നും വന്നെത്തിയ ആട്ടിടയന്മാർ ഇവിടെ താമസിച്ച് കൃഷി തുടങ്ങി. പിന്നീട് ബ്രിട്ടീഷ് ഭരണ കാലത്ത് ഇവിടെ ആപ്പിൾ കൃഷി വൻതോതിൽ തുടങ്ങി. അക്കാലത്തും പിന്നീടും ആപ്പിൾ കൃഷി ഇവിടുത്തെ കർഷകരുടെ ഒരു പ്രധാന കൃഷിയായി മാറി. പിന്നീട് 1980 ലെ കാശ്മീർ സൈനിക അധിനിവേശത്തിനു ശേഷം മനാലി ഒരു പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമായി മാറുകയായിരുന്നു. അതിനു ശേഷം മനാലി ഹോട്ടലുകളും റെസ്റ്റോറന്റുകളും കൊണ്ട് നിറഞ്ഞു.
മനാലി ഡെൽഹിയുമായി ദേശീയ പാത-21 വഴി ബന്ധിപ്പിച്ചിരിക്കുന്നു. ഇതു പിന്നീട് ലേയിൽ എത്തിച്ചേരുന്നു. ഇതു ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സഞ്ചാരപാതയാണ്. ഡൽഹിയിൽ നിന്നും മണാലിയിലേക്ക് പ്രൈവറ്റ് ബസ്സുകളും ഒപ്പം ഹിമാചൽ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ്സുകളും സർവ്വീസ് നടത്തുന്നുണ്ട്.
ഡല്‍ഹിയില്‍ നിന്ന് 15 മണിക്കൂര്‍ ബസില്‍ യാത്ര ചെയ്യണം മണാലിയില്‍ എത്തിച്ചേരാന്‍. ഡല്‍ഹിയില്‍ നിന്ന് മണാലിയിലേക്ക് രാത്രികാല യാത്രകളാണ് കൂടുതലായും ഉള്ളത്.
മനാലി റെയിൽപാതയുമായി ബന്ധിപ്പിച്ചിട്ടില്ല. ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷനുകൾ ചണ്ഡിഗഡ്-315 കി.മീ, പത്താൻകോട്ട്-315 കി.മീ, കാൽക്ക-310 കി.മീ. എന്നിവയാണ്. അതുകൊണ്ട് റോഡ് മാർഗ്ഗമേ ഇവിടേക്ക് എത്തിച്ചേരുവാൻ സാധിക്കുകയുള്ളൂ.
ഹിമാചൽ പ്രദേശിലെ നാലിലൊന്ന് സഞ്ചാരികൾ എത്തുന്നത് മനാലിയിലാണ്. ഇവിടുത്തെ തണുത്ത അന്തരീക്ഷം ഇവിടം സഞ്ചാരികൾക്ക് വളരെ പ്രിയപ്പെട്ടതാക്കുന്നു. ഏറ്റവും കൂടുതൽ സഞ്ചാരികൾ സന്ദർശിക്കുന്ന ഒരു സ്ഥലമാണ് ഇവിടുത്തെ ഡുംഗ്രി അഥവാ ഹിഡിമ്പി അമ്പലം. ഇതു 1533 ൽ സ്ഥാപിക്കപ്പെട്ടതാണ്.
ഹിമാലയന്‍ മലനിരകളുടെ പശ്ചാത്തലകാഴ്ചയ്ക്ക് പുറമേ മണാലിയെ സുന്ദരമാക്കുന്നത് ദേവദാരു മരങ്ങളും പതിഞ്ഞ് ഒഴുകുന്ന ബിയാസ് നദിയുമാണ്.
മനാലിയിൽ വരുന്നവർക്ക് സന്ദർശിക്കുവാൻ കഴിയുന്ന ചില സ്ഥലങ്ങളെ പരിചയപ്പെടാം. രോഹ്താൻ പാസ് : സമുദ്ര നിരപ്പിൽ നിന്ന് 13,050 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ഒരു സാഹസിക വിനോദ സഞ്ചാര കേന്ദ്രമാണ്. ഇവിടെ വേനൽ കാലത്തും മഞ്ഞു മൂടി കിടക്കുന്ന ഒരു അത്ഭുത പ്രദേശമാണ്. മനാലിയിലെ ഏറ്റവും ഉയർന്ന പ്രദേശമാണിത്.
രഹാല വെള്ളച്ചാട്ടം : മനാലിയിൽ നിന്ന് 16 കി.മീ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം രോഹ്താൻ പാസിലേക്ക് കയറുന്നതിന്റെ തുടക്കമാണ്. ഇവിടെ മനോഹരമായ രഹാല വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നു. റാണീ നാല : മനാലിയിൽ നിന്ന് 46 കി.മീ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന വർഷം മുഴുവനും മഞ്ഞു മൂടി കിടക്കുന്ന പ്രദേശം.
വശിഷ്ട് : മനാലിയിൽ നിന്ന് 3 കി.മീ ദൂരത്തിൽ ചൂടു വെള്ളം വരുന്ന ഒരു അമ്പലം. സോളാംഗ് വാലി : മഞ്ഞു പ്രദേശം എന്നറിയപ്പെടുന്ന ഈ പ്രദേശം മനാലിയിൽ നിന്ന് 113 കി.മീ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. വളരെ മനോഹരമായ മഞ്ഞു മലകളുടെ ദൃശ്യങ്ങൾ ഇവിടെ നിന്നാൽ കാണാവുന്നതാണ്.
മണികരൺ : മനാലിയിൽ നിന്ന് 85 കി.മീ ദൂരത്തിലും കുളുവിൽ നിന്ന് 42 കി.മീ ദൂരത്തിലും സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഹിന്ദു-സിഖ് മതസ്ഥരുടെ തീർത്ഥാടന കേന്ദ്രം കൂടിയാണ്. ഇവിടെ ക്ഷേത്രങ്ങളും ഗുരുദ്വാരകളുമുണ്ട്. ചൂട് നീരുറവകളാണ് ഈ സ്ഥലത്തിൻറെ പ്രധാന പ്രത്യേകത. മണ്ണിലെ ഗന്ധകത്തിൻറെ സാന്നിദ്ധ്യമാണ്. ഇവിടെയുള്ള ചട് നീരുറവകൾക്ക് 86 മുതൽ 95 വരെ ഡിഗ്രീ ചൂടുണ്ട്.
സാഹസികരായ സഞ്ചാരികള്‍ക്കും ആസ്വദിക്കാന്‍ ഏറെയുണ്ട് മനാലിയില്‍. മലകയറ്റവും, മൗണ്ടന്‍ ബൈക്കിംഗും, ട്രക്കിംഗും, സ്കീയിംഗും പാരാ്ഗലൈഡിംഗും ഒക്കെയാണ് ഇവിടെയെത്തുന്ന സഞ്ചാരികളുടെ ഇഷ്ടവിനോദങ്ങള്‍. ദിയോ തിബ്ബ ബേസ് ക്യാംപ്, പിന് പാര്‍വതി പാസ്, ബിയാസ് കുണ്ഡ്, എസ് എ ആര് പാസ്, ചന്ദ്രഖനി, ബാല്‍ താല് ലേക്ക് എന്നിങ്ങനെ പോകുന്നു മനാലിയിലെ പ്രമുഖ ട്രക്കിംഗ് കേന്ദ്രങ്ങള്‍. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളാണ് ട്രക്കിംഗിന് ഏറ്റവും അനുയോജ്യം.
മനാലിയോടൊപ്പം കൂട്ടിച്ചേർത്തു കണ്ടിട്ടുള്ള ഒരു പേരാണ് കുളു. ഹിമാലയത്തിന്റെ താഴ്വരയിൽ ബിയാസ്, നദിയുടെ തീരത്തായാണ് ഈ ചെറുപട്ടണം നിലകൊള്ളുന്നത്. ചണ്ഡീഗഢ് – മനാലി ദേശീയപാതയിൽ മനാലിയിൽ നിന്നും 41 കിലോമീറ്റർ പടിഞ്ഞാറായാണ് കുളു പട്ടണം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും 1,700 മീറ്റർ ഉയരമുണ്ട് ഈ പ്രദേശത്തിന്. 4 °C നും 20 °Cഉം മധ്യെയാണ് ഇവിടത്തെ ശരാശരി താപനില. ഇവിടെനിന്നും ഡൽഹിയിലേക്ക് 512ഉം ഷിംലയിലേക്ക് 235 കിലോമീറ്ററുമാണ് ദൂരം. മനാലി സന്ദർശിക്കുന്നവർ കുളുവും കൂടി സന്ദർശനത്തിൽ ഉൾപ്പെടുത്താറുണ്ട്.
കേരളത്തിൽ നിന്നും സ്വന്തമായി പ്ലാൻ ചെയ്തോ അതോ ട്രാവൽ ഏജൻസികളുടെ പാക്കേജ് എടുത്തോ നമുക്ക് മനാലിയിലേക്ക് പോകാവുന്നതാണ്. മാര്‍ച്ച് മുതല്‍ ഒക്ടോബർ വരെയുള്ള മാസങ്ങളാണ് മനാലി സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം.
ഡിസംബര്‍ മുതല്‍ ആരംഭിക്കുന്ന മഞ്ഞുവീഴ്ച യാത്ര ചിലർക്ക് ദുസ്സഹമാക്കും.
യാത്രികർ കയ്യിൽ കരുതേണ്ട സാധനങ്ങൾ : കൊടുംതണുപ്പിനെ അതിജീവിക്കുവാൻ തക്കവിധമുള്ള ജാക്കറ്റുകൾ, ഷൂസ്, സോക്സ്, കയ്യുറ എന്നിവ കൂടെ കരുതേണ്ടതാണ്. ശാരീരികമായ ബുദ്ധിമുട്ടുകൾ ഉള്ളവർ യാത്രയ്ക്ക് മുൻപ് ഡോക്ടറുടെ നിർദ്ദേശങ്ങൾ തേടിയിരിക്കണം.
വിവരങ്ങൾക്ക് കടപ്പാട് – വിക്കിപീഡിയ.