അപകടം തകർത്ത കാലുമായി MD യുടെ കനിവുതേടി ഒരു KSRTC ജീവനക്കാരൻ

ജോലിയിലിരിക്കുമ്പോൾ ജീവനക്കാർക്ക് അപകടങ്ങൾ സംഭവിച്ചാൽ കെഎസ്ആർടിസി അവരുടെ കൂടെ നിൽക്കുമോ? കൂടെ നിന്നില്ലെങ്കിലും അവർക്ക് പ്രത്യേക കരുതലുകളും മറ്റും ഉറപ്പുവരുത്തേണ്ടത് KSRTC യുടെ കടമയാണ്. ഇത്തരത്തിൽ ജീവിതം വഴിമുട്ടി നിൽക്കുന്ന ഒരു KSRTC ജീവനക്കാരന്റെ കരളലിയിക്കുന്ന കഥ അദ്ദേഹത്തിന്റെ സുഹൃത്തുക്കളിൽ ആരോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയുണ്ടായി. ആലുവയ്ക്കടുത്തുള്ള കടുങ്ങല്ലൂർ സ്വദേശിയായ സുരേഷ് കുമാർ എന്ന KSRTC ജീവനക്കാരനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

ഇപ്പോൾ 46 വയസ്സുള്ള സുരേഷ് കുമാർ 1999 ൽ എം പാനലായി അങ്കമാലി ഡിപ്പോയിൽ ദിവസവേതനത്തിന് ജോലിയാരംഭിച്ചതാണ്. വല്ല്യ പ്രശ്നങ്ങളില്ലാതെ ജോലിയുമായി മുന്നോട്ടു പോയ്കൊണ്ടിരുന്നു. 2011 ആയപ്പോൾ ദിവസവേതനം എന്നുള്ളത് മാസശമ്പളമായി അതായത് സ്ഥിരം ജോലിക്കാരനായി. ജീവിതം കുറച്ചു കൂടി സുന്ദരമായി എന്നു പറയാം. ഒരു ദിവസം ജോലിക്കായി (05.25 അമൃത സർവ്വീസ്സ്) ആലുവയ്ക്ക് അടുത്തുള്ള കടുങ്ങല്ലൂർ എന്ന സ്ഥലത്തു നിന്നും വെളുപ്പിന് ഉദ്ദേശം നാലരയോടെ ( 04.30) ബൈക്കിൽ ജോലിക്കായി എത്തുമ്പോൾ ആലുവ പോസ്റ്റോഫീസ് ജംഷനിൽ ഒരു മിനി പിക്കപ്പ് വാഹനം റോംഗ് സൈഡിലൂടെ എതിരെ കടന്നുവന്ന് ഇദ്ദേഹം സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. പിന്നെ അവിടെ കണ്ട കാഴ്ച ആരെയും ഞെട്ടിക്കുന്നതായിരുന്നു. റോഡിൽ ചിതറിയ മാംസ കഷ്ണങ്ങളും രക്തവും. ആരൊക്കെയോ ചേർന്ന് ആലൂവ ഗവൺമെന്റ് ഹോസ്പിറ്റലിലെത്തിച്ച സുരേഷ് കുമാറിനെ നില ഗുരുതരമെന്നു കണ്ട് എറണാകുളം മെഡിക്കൽ സെന്ററിലേക്ക് മാറ്റി. എല്ലുകൾ നുറുങ്ങിയും മറ്റും മജ്ജയും മാംസവും വേർപെട്ട നിലയിൽ എത്തിച്ച സുരേഷ് കുമാറിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാൻ ഒരു കൊല്ലത്തോളം ചികിത്സ വേണ്ടി വന്നു. ഇതിനിടയിൽ ഇടതുകാലിൽ നിന്നെടുത്ത കുറച്ചു മാംസ കഷ്ണങ്ങൾ വേണ്ടിവന്നു കാല് എന്നു തോന്നിക്കുന്ന രൂപത്തിലാക്കിയെടുക്കാൻ (പ്ലാസ്റ്റിക്ക് സർജ്ജറി ).

പലവട്ടം ശസ്ത്രക്രിയക്ക് വിധേയനായ സുരേഷ് ഭാര്യയും, ആറാം ക്ലാസ്സിലും നാലാം ക്ലാസ്സിലും പഠിക്കുന്ന കുട്ടികളടക്കം വാർദ്ധക്യ സഹചമായ രോഗങ്ങളാൽ കഷ്ടപ്പെടുന്ന മാതാവുമൊത്ത് മുൻ MD രാജമാണിക്യം സാറിനെ കാണുകയും വിവരങ്ങൾ ബോധിപ്പിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ പ്രത്യേക പരിഗണ കൊടുത്ത് രാജമാണിക്യം അദർ ഡ്യൂട്ടിയിലിരിക്കാൻ ഓർഡർ കൊടുക്കുകയും ചെയ്തു. അങ്ങനെ ജോലി ചെയ്തുവരുന്ന വേളയിൽ പഴയ എംഡിയായ രാജമാണിക്യത്തിനു സ്ഥാനചലനം ഉണ്ടാവുകയും പുതിയ MD യായി ടോമിൻ .J. തച്ചങ്കരി സ്ഥാനമേൽക്കുകയും ചെയ്തു. പക്ഷേ തന്റെ സ്വപ്നങ്ങൾക്ക് കരിനിഴൽ പൂശി കൊണ്ട് അദർ ഡ്യൂട്ടികളെല്ലാം നിർത്തലാക്കി പുതിയ MD യുടെ ഉത്തരവ് സുരേഷ് കുമാറിന്റെ കുടുബ ജീവിതവും മറ്റു ചിലവുകളും താറുമാറാക്കി.

സഹപ്രവർത്തകരുടെ സഹായത്താൽ ഡ്യൂട്ടി ഓഫുളള കണ്ടക്ടന്മാരെ തിരഞ്ഞുപിടിച്ച് ദയനീയ സ്ഥിതി പറയുകയും അവരുടെ കാരുണ്യത്തിൽ സിംഗിൾ ഡ്യൂട്ടികൾ ഒപ്പിച്ചെടുത്ത് ഭാര്യയെയും കുട്ടികളെയും വൃദ്ധയായ മാതാവിനും അവരുടെ മരുന്നിനും ജീവിത ചിലവുകൾക്കും വേണ്ടി “പകുതി മരിച്ച കാൽ ” എന്നു വിശേഷിപ്പിക്കാവുന്ന ആ കാലും വച്ച് ജീവിതത്തോട് പടപൊരുതുന്നത് അങ്കമാലിയിലെ ജീവനക്കാർക്കും യാത്രക്കാർക്കും സുപരിചിതമായ കാഴ്ചയാണ്. ആ രക്തയോട്ടം കുറഞ്ഞ കാൽ അൽപ്പമൊന്നുമുറിഞ്ഞാൽ…..!!!! ഈ സാഹചര്യത്തിൽ വിദൂരജില്ലയിലേക്ക് സ്ഥലംമാറ്റം കിട്ടിയാൽ….? പിന്നെ ജീവിതം ഹോമിക്കേണ്ടതായി വരും… ഇത് എതെങ്കിലും വിധത്തിൽ MD കാണാനിടയായാൽ അദ്ദേഹത്തിന് അനുകൂലമായ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയോടെയായിരുന്നു സുരേഷിന്റെ സുഹൃത്ത് ഈ സംഭവങ്ങൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്.

സുഹൃത്തിന്റെ നിഗമനം തെറ്റിയില്ല. ഈ പോസ്റ്റ് നിരവധിയാളുകൾ ഷെയർ ചെയ്തതു മൂലം സംഭവം KSRTC എംഡി അറിയുകയും ഇത്തരത്തിൽ ശാരീരിക അവശത അനുഭവിക്കുന്ന ജീവനക്കാരുടെ ലിസ്റ്റ് എല്ലാ ഡിപ്പോകളിൽ നിന്നും ശേഖരിക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ എംഡി ടോമിൻ തച്ചങ്കരിയ്ക്ക് ജീവനക്കാരുടെ നന്ദികളുടെയും അഭിനന്ദനങ്ങളുടെയും പ്രവാഹമാണ്. ഇത്തരത്തിൽ ഒരു എംഡിയെയാണ് കെഎസ്ആർടിസിയ്ക്ക് ആവശ്യമെന്നും ജീവനക്കാർ ഒന്നടങ്കം പറയുന്നു.

Check Also

ലോകത്തിലെ Top 20 ബഡ്‌ജറ്റ്‌ എയർലൈനുകൾ ഇവയാണ്… Top 20 best low-cost airlines in the world

A low-cost carrier (also known as a no-frills, discount or budget airline) is an airline …

Leave a Reply