സ്വപ്നങ്ങള്‍ ഓളം തല്ലുന്ന വെനീസിലേക്ക് ഒരു യാത്ര..

ചുറ്റും നിശബ്ദമായി ഒഴുകുന്ന കനാലുകൾ. എങ്ങും ഓളങ്ങളിൽ അലയടിച്ചു ശാന്തമായി കിടക്കുന്ന ചെറു തോണികൾ. അവിടവിടായി സഞ്ചാരികളെയും കാത്തിരിക്കുന്ന വഴിയോര കച്ചവടക്കാർ. അർദ്ധരാത്രിയിലും ചെറു ഗ്ലാസുകളിൽ വൈൻ നുണഞ്ഞുകൊണ്ട് വെനീസിന്റെ നിശാസൗന്ദര്യം ആസ്വദിക്കുന്ന സഞ്ചാരികൾ. ഇതാണ് 430 പാലങ്ങളാൽ കോർത്തിണക്കിയ വെനീസ് എന്ന ദ്വീപ്.

സത്യമായും ഇറ്റലിയുടെ വടക്കു കിഴക്കേ അറ്റത്തു സ്ഥിതി ചെയ്യുന്ന, 100 ല്‍ അധികം ചെറു ദ്വീപുകൾ ചേർന്നതാണ് വെനീസ്. മീൻപിടുത്തവും, വ്യവസായവും ആണ് അവിടത്തെ പ്രധാന തൊഴിൽ. ടൂറിസം തന്നെയാണ് മറ്റൊരു പ്രധാന വരുമാനമാർഗം.

   

നല്ല വിദ്യാഭ്യാസത്തിനും ആശുപത്രിക്കും വേണ്ടി പട്ടണം വിട്ട് യാത്ര ചെയ്യുന്നവർ. സഞ്ചരിക്കാൻ ചെറു ബോട്ടുകൾ സ്വന്തമായുള്ളവർ. സഞ്ചാരികൾക്കായി സ്വന്തം വീടുപോലും ഹോട്ടലുകളാക്കി മാറ്റിയവർ. അങ്ങനെ പോകുന്നു പ്രേത്യേകതകൾ. അവിടത്തെ പ്രധാന യാത്രാ മാധ്യമങ്ങൾ ബോട്ടുകളും കാല്നടയാത്രയുമാണ്.

Venezia Santa Lucia റെയിൽവേ സ്റ്റേഷൻ വഴി വെനീസിൽ എത്താൻ സാദിക്കും. കൂടാതെ അല്പം അകലെയായി Marco Polo എയർപോർട്ടും ഉണ്ട്. ഈ എയർപോർട്ടിൽ നിന്നും ബോട്ട് സർവീസും ബസുകളും വെനീസിലേക്കുണ്ട്.

ഒരു മൂന്നു ദിവസത്തെ യാത്രയായിരുന്നു വെനീസിലേക്ക്. റെയിൽവേ സ്റ്റേഷനിൽ നിന്നും നടക്കാനുള്ള ദൂരമേ റൂമിലേക്കുണ്ടായിരുന്നുള്ളു. എങ്ങും വഴിയോര കച്ചവടക്കാർ. വഴി നിറയെ റെസ്റ്റോറെന്റ്സ്. എങ്കിലും വളരെ നിശബ്ദമായി സഞ്ചാരികൾ എങ്ങന്നില്ലാതെ നടന്നു നീങ്ങുന്നു .

ഒരു ഹോട്ടലിൽ കയറി ഉച്ചഭക്ഷണവും കഴിച്ചു കനാലുകളിലെ ബോട്ടുകളും കണ്ട് കുറച് നേരം ഇരുന്നു. എല്ലായിടത്തും ട്രഡീഷണൽ ഇറ്റാലിയൻ വിഭവങ്ങൾ ഹോട്ടലുകളുടെ പുറത്തു തന്നെ എഴുതിയിരിക്കുന്നു. വിലയും വിവരങ്ങളും വായിച്ചു തൃപ്തിപ്പെട്ടാൽ മാത്രം കയറിയാൽ മതി. നേരം മെല്ലെ ഇരുട്ടാൻ തുടങ്ങിയിരിക്കുന്നു. അവിടവിടെയായി കറങ്ങി പിന്നീട് വീട്ടിലേക്ക്. ചെറുതായി മഴയും തുടങ്ങി. google map പറഞ്ഞ ലൊക്കേഷൻ നോക്കി നടന്നു. വീടിനു പകരം അതാ ഒരു കനാലിന്റെ ഏതോ ആളൊഴിഞ്ഞ കോണിൽ.

ചുറ്റും നോക്കി പറഞ്ഞ അഡ്രസ് ഒന്നും കാണുന്നില്ല. ഫോൺ വിളിച്ചു ചോദിച്ചപ്പോൾ കനാലിന്റെ മറുവശത്താണുപോലും. ഇവിടെ ഒട്ടുമിക്ക വീടുകളും ഒരു വശം കനാലും മറുവശം റോഡും, അങ്ങനെയാണ്. പുറകുവശം കനാലിലേക്ക് തുറക്കാവുന്ന ഡോറുകൾ ഉള്ള വീടുകൾ. അങ്ങനെയാണ് അവർ വീട്ടിൽനിന്നു തന്നെ ചെറു വള്ളങ്ങൾ തുഴഞ്ഞു യാത്രചെയ്യുന്നത്. അങ്ങനെ രാത്രിയിൽ പിൻ വാതിൽ തുറന്ന് ഗൊണ്ടോല എന്നുപറയുന്ന ചെറു തോണികൾ പോകുന്നതും നോക്കി കിടന്നു. രാത്രിയിലും നിറയെ സഞ്ചാരികളുമായി ഗൊണ്ടോലകൾ തുഴഞ്ഞുകൊണ്ടേ പോയിരുന്നു.

രാവിലെ തന്നെ എഴുന്നേറ്റ് പ്രധാന സ്ഥലങ്ങൾ ലക്ഷ്യമായി നടന്നു Grand Canal, The central square, Piazza San Marco, St. Mark’s Basilica, അങ്ങനെ എല്ലാം കറങ്ങി നടന്നു കണ്ടു. എവിടെയും സഞ്ചാരികളുടെ നല്ല തിരക്ക് . 1000 വർഷം മുൻപേ കച്ചവടക്കാർ വന്ന് ഉണ്ടാക്കിയ ഈ ചെറു ദ്വീപുകൾ അത്രയ്ക്ക് ആശ്ചര്യം ഉണ്ടാക്കുന്നതാണ്. ഒരു ദിവസത്തേക്കുള്ള ബോട്ട്ടിക്കറ്റും എടുത്ത് പബ്ലിക് ബോട്ടിൽ അടുത്ത ദ്വീപുകളായ Burano Murano ദ്വീപുകളിലേക്ക്‌ യാത്രതിരിച്ചു. പലവിധ കായൽവീടുകളും വിഭവങ്ങളും, പഞ്ചവർണ്ണ നിറങ്ങളുള്ള വീടുകളും.അതിമനോഹരം.

അവസാനം ഞങ്ങളും പയ്യെ സന്ധ്യ ആയപ്പോൾ ഒരു ഗൊണ്ടോലയിൽ, ചെറു കനാലുകൾ കാണാനിറങ്ങി. എല്ലാ ലൈസൻസ് ഉള്ള ഗൊണ്ടോലയിലും യൂണിഫോം ധരിച്ച വഞ്ചിക്കാരൻ ഉണ്ടാവും. അര മണിക്കൂർ യാത്രയ്ക്ക് €80. ഗ്രാൻഡ് കനാലിൽ കൂടി അരമണിക്കൂർ വെനീസ് കാഴ്ചകൾ കണ്ട് ഓളങ്ങൾക്കൊപ്പം നീങ്ങി. സിറ്റി മുഴുവൻ ലൈറ്റുകൾ തെളിഞ്ഞു തുടങ്ങിയിരിക്കുന്നു.

കച്ചവടക്കാരും സഞ്ചാരികളും കൊണ്ട് വീണ്ടും വെനീസ് പട്ടണം ഉഷാറായിരിക്കുന്നു. രാത്രി ആകും വരെ ചെറിയ ഇടവഴികളിൽ കൂടി കാഴ്ചകളും കണ്ട് നടന്നു. ഗൂഗിൾ അമ്മാവന് പോലും അറിയില്ലാത്ത ചെറിയ ചെറിയ വഴികൾ. വഴിതെറ്റിയാൽ പിന്നെ പുറത്തെത്തണമെങ്കിൽ ചോദിച്ചു ചോദിച്ചു പോകേണ്ടി വരും. ചിലയിടങ്ങളിൽ ചെറിയ ബോർഡുകൾ ഉണ്ടാവും st Marks square എന്ന്. അത്‌ നോക്കി നടന്നാൽ പുറത്തു കടക്കാം. നടന്ന് നടന്ന് കാലുകൾ വേദനിച്ചു തുടങ്ങി. എന്നാലും കുറെ നാളായുള്ള മോഹമല്ലേ, എല്ലാം കണ്ടുകളയാം.

കനാൽ വ്യൂ ഉള്ള ഒരു ഹോട്ടൽ കണ്ടുപിടിച്ചു. നല്ല തിരക്ക് പുറത്തു വെയിറ്റ് ചെയ്യണം. എന്നാലും കുഴപ്പമില്ല, ഗൊണ്ടോലകളും കനാലും കണ്ട് ഫുഡ് കഴിക്കണം എന്ന് മുൻപേ തീരുമാനിച്ചതാണ്. അങ്ങനെ കനാലിനോട് ചേർന്ന് ഒരു സീറ്റും ശരിപ്പെടുത്തി കാഴ്ചയും കണ്ട് കുറേ നേരം ഇരുന്നു. എല്ലാ ഹോട്ടലുകളും നിറയെ പൂക്കൾ കൊണ്ട് അലങ്കരിച്ചവയാണ്. അതിമനോഹരമായ കാഴ്ച്ച സഞ്ചാരികൾക്ക് നല്കുന്നവർ.

പിറ്റേന്ന് ഒരു തിങ്കളാഴ്ച, വീട്ടുടമ പറഞ്ഞു രാവിലെ 7 മണിയാകുംമുൻപേ കടൽ കയറും. സിറ്റി മുഴുവൻ വെള്ളത്തിലാകും എന്ന്. എന്റെ ഈശ്വരാ, ചതിച്ചോ. നാളെ എങ്ങനെ തിരിച്ചു പോകും ? എന്തായാലും വരുന്ന വഴിക്ക് കാണാം.

രാവിലെ തന്നെ വാതിൽ തുറന്നതും, മുട്ടൊപ്പം വെള്ളം. എല്ലാ വീടുകൾക്കും വെള്ളം ഉള്ളിൽ കയറാതിരിക്കാൻ ചെറിയ ഇരുമ്പു ഡോറുകൾ. അത് കവച്ചു കടന്ന് പുറത്തിറങ്ങി. മെയിൻ റോഡ് എത്തിയപ്പോൾ ആളുകൾക്ക് നടക്കാൻ താത്കാലികമായി ഉണ്ടാക്കിയ ഉയരംകൂടിയ തടിപ്പാലം. അതിന്റെ മുകളിൽ കൂടി പ്രധാന സിറ്റി എത്താം. കൂടെ നല്ല കാറ്റും മഴയും. ഒരു കുടയും മഴക്കോട്ടും അത്യാവശ്യം കരുതിയത് കൊണ്ട് രക്ഷപെട്ടു. വേലികയറ്റമായതിനാൽ ബോട്ടുകൾ ഇല്ല. പതിവുപോലെ ഒരു കീചെയിനും കാർണിവൽ മാസ്കും വാങ്ങി. ഓർമകളുടെ പെട്ടിയിലടയ്ക്കാൻ. പിന്നെ ബസ് കയറി എയർപോർട്ടിലേക്ക് യാത്രതുടർന്നു. അകലെ ഓളങ്ങളിൽ അങ്ങുമിങ്ങും പരിഭവങ്ങൾ പറഞ്ഞു രണ്ടു തോണികൾ അപ്പോഴും ആരെയോ കാത്തുകിടപ്പുണ്ടായിരുന്നു.

വിവരണം – എലിസബത്ത്‌ മാര്‍ഷല്‍.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply