നാട്ടിൻപുറത്തു ജനിച്ചു വളർന്നവരുടെ ഒരു പെൺയാത്ര

വിവരണം – തുഷാര പ്രമോദ്.

അവിചാരിതമായ യാത്രകളാണ് എപ്പോഴും കൂടുതൽ മനോഹരമാകാറ്. ലക്ഷ്യത്തെ മറന്ന് കൊണ്ട് യാത്രയിൽ മാത്രം അലിഞ്ഞു ചേരണം, അപ്പോൾ അനുഭവങ്ങൾ അത്ഭുതപെടുത്തുന്നതായി തോന്നും. കുറച്ചു നാൾ മുൻപുള്ള ഒരു ദിവസം, പ്രീയപെട്ടവർ.. റിനിയേച്ചിയും മോണിയേച്ചിയുമായും സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് നാളെ എങ്ങോട്ടെങ്കിലും പോയാലോ എന്ന ഒരു ചോദ്യം ഇടയിൽ വന്നത്.

ഇങ്ങനെ ഒരു ചോദ്യം ചോദിക്കാൻ ആരെങ്കിലുമൊക്കെ ഉള്ളതുതന്നെ ഒരു ഭാഗ്യമാണ്. സാധാരണ രീതിയിൽ നാട്ടുമ്പുറത്തുകാരുടെ വളരെ സാധാരണമായ ചിന്തയിൽ സ്ത്രീകൾക്ക് യാത്ര പോകണമെങ്കിൽ പുരുഷ അകമ്പടി ഉണ്ടാകണമെന്ന് നിർബന്ധമാണല്ലോ.. പക്ഷെ ഞങ്ങൾക്കിടയിൽ അങ്ങനെ ഒരു ചർച്ചയ്ക്ക് ഇടയുണ്ടായില്ല.

പോകാമെന്ന ചോദ്യത്തിനപ്പുറം തന്നെ പോയിരിക്കുമെന്ന ഉത്തരം ചേർത്ത് വച്ചപോലെ.. പക്ഷെ എങ്ങോട്ട് പോകുമെന്ന ചോദ്യത്തിന് മാത്രം ഉത്തരമില്ലായിരുന്നു. നാളെ വരെ സമയമുണ്ടല്ലോ.. അപ്പോൾ ആലോചിക്കാമെന്നായി. അങ്ങനെ പോകണമെന്ന തീരുമാനവും സമയവും ഒക്കെ ആയി പക്ഷെ സ്ഥലം മാത്രം ആയില്ല. ഇങ്ങനെ ഒരു യാത്ര ആദ്യമായിട്ടായിരുന്നു.

അങ്ങനെ പിറ്റേദിവസം പതിവിലേറെ സന്തോഷത്തോടെ തുടങ്ങി. അതുപിന്നെ അങ്ങനെ ആണല്ലോ യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ മനസ്സ് കുട്ടിയാകും. അങ്ങനെ ഞങ്ങളുടെ യാത്ര ആരംഭിച്ചു, പോകുന്ന വഴിയിൽ ആദ്യം തന്നെ മോണിയേച്ചിയെയും ദേവയെയും കൂട്ടി.. കുറച്ചു ദൂരം പിന്നിട്ടപ്പോൾ റിനിയേച്ചിയെയും മക്കളെയെയും.

അതേ.. ഇത് ഒരു പെൺ യാത്രയാണ്.. സത്യം പറഞ്ഞാൽ സഹയാത്രികർ യാത്രയുടെ സ്വഭാവം നിശ്ചയിക്കുന്ന ഒരു പ്രധാന ഘടകമാണ്. ഒട്ടും ജഡ്ജ്മെന്റൽ അല്ലാത്ത തുറന്ന മനസ്സോടെ സന്തോഷത്തെ, സ്നേഹത്തെ സ്വീകരിക്കുന്ന നാലുപേർ തന്നെ ആയിരുന്നു ഈ യാത്രയെ ഏറ്റവും മനോഹരമാക്കിയത്. യാത്ര തുടങ്ങുമ്പോഴും അറിയില്ല എങ്ങോട്ടാണെന്നു. കുറച്ചു ദൂരം പോയപ്പോൾ വയനാട് റൂട്ടിലേക്കുള്ള റോഡ് കണ്ടത്. എന്നാ പിന്നെ അങ്ങോട്ട് തന്നെ എന്ന് തീരുമാനിച്ചു.

വൺ ഡേ ട്രിപ്പിന് മലബാറുകാരുടെ സ്ഥിരം ഓപ്ഷൻ ആണല്ലോ വയനാട്. എന്നാൽ എപ്പോഴും പോയികൊണ്ടിരിക്കുന്ന ഇടങ്ങളിലേക്ക് പോകാൻ ഞങ്ങൾക്ക് പ്ലാൻ ഇല്ലായിരുന്നു. വയനാട്ടിൽ എവിടെ എന്നുള്ള ലക്ഷ്യമില്ലാതെ വീണ്ടും ഏറെ ദൂരം മുന്നോട്ട്. ഇനിയിപ്പോ ഏത് വഴിക്ക് പോകണം എന്ന് തീരുമാനിക്കാതെ പറ്റില്ല എന്നായപ്പോൾ കുറച്ച് നേരത്തെ സെർച്ചിനോടുവിൽ സൂചിപ്പാറ വെള്ളച്ചാട്ടം തിരഞ്ഞെടുത്തു മാപ്പ് ഇട്ടു.

ഗൂഗിൾ ചേച്ചി പറഞ്ഞു തരുന്ന വഴികളിലൂടെ പോയികൊണ്ടിരിക്കുമ്പോഴാണ് മനസിലായത് ഇത് കോറോമിൽ അജ്മലിക്കയുടെ റെസ്റ്റോറന്റിലേക്ക് പോകാറുള്ള വഴി ആണ്. പോയി.. പോയി.. അവസാനം കോറോം ഹിൽസ് റിസോർട്ടിലേക്കുള്ള വഴിയിലാണ് എത്തിയത്. അത് ഒരു കുത്തനെയുള്ള കയറ്റമാണ്.

ഇനീപ്പോ സെലക്ട്‌ ചെയ്ത ലൊക്കേഷൻ കോറോം ഹിൽസ് ആണോന്നു നോക്കിയപ്പോൾ തെറ്റിയിട്ടില്ല ഇനിയും കുറച്ചൂടെ മുന്നോട്ട് പോകാൻ ഉണ്ട്. പക്ഷെ ഞങ്ങൾ ഉദ്ദേശിച്ച സൂചിപ്പാറ വെള്ളച്ചാട്ടം ഇത് ആയിരുന്നില്ല എന്ന് മാത്രം. എന്തായാലും സാരമില്ല വെള്ളച്ചാട്ടമല്ലേ എന്ന് കരുതി ഞങ്ങൾ മുന്നോട്ടേക്ക് തന്നെ വച്ചു പിടിച്ചു. പക്ഷെ സ്ഥലം എത്താറായതിന് തൊട്ടടുത്തുള്ള ഒരു കടയിലെ ചേട്ടൻ പറഞ്ഞു, മുന്നോട്ട് പോകേണ്ട അവിടെ എന്തൊക്കെയോ പണി നടക്കുന്നതിനാൽ വാട്ടർഫാൾസ് അടച്ചിരിക്കുകയാണെന്നു. നേരിയ ഇടുങ്ങിയ വഴികൾ ഉള്ള കയറ്റമാണ് കയറി വന്നത്..വേറെ വഴിയില്ല.. തിരിച്ചിറങ്ങി.

അപ്പോഴാണ് അജ്മലിക്കയെ വിളിച്ചു നോക്കിയത്, ഭാഗ്യം ഇക്ക അവിടെ ഉണ്ട്. എന്നാൽ പിന്നെ അവിടെ നിന്നും ഫുഡ്‌ കഴിച്ചിട്ട് പോകാമെന്നു വച്ചു.. എല്ലാവർക്കും നന്നായി വിശന്നിട്ടുണ്ട്. അജ്മലിക്കയുടെ ഉപ്പും മുളകും റെസ്റ്റോറന്റിലെ കിടിലൻ റാഗി നൂൽപുട്ടും, ബിരിയാണി പുട്ടും, പൊറോട്ടയും ചിക്കൻ ഫ്രയുമൊക്കെ കഴിച്ചു വയറു നിറച്ചു. റാഗി പുട്ടും ചിക്കൻ ഫ്രയും ഒക്കെ ഒടുക്കത്തെ ടേസ്റ്റ് ആയിരുന്നു.

ഒന്ന് ഫ്രഷ് ആയ ശേഷം അജ്മലിക്കയോട് യാത്ര പറഞ്ഞു ഞങ്ങൾ അടുത്ത ലക്ഷ്യസ്ഥാനം തേടി ഇറങ്ങി. അവിടെ നിന്ന് കർലാട് ലയ്ക്ക് അടുത്താണെന്ന് കണ്ടു. Adventure activities ഒക്കെ ഉണ്ടെന്നു കണ്ടപ്പോൾ ആവേശമായി. നേരെ അവിടേക്ക്..

ടിക്കറ്റ് ഒക്കെ എടുത്ത് ഞങ്ങൾ അകത്തു കയറി. നിറയെ നീല ആമ്പൽ വിരിഞ്ഞ ഒരു തടാകം. താടക കരയിൽ നിറഞ്ഞു ചിരിക്കുന്ന പൂക്കൾ ഉള്ള ഒരു പൂന്തോട്ടം. അതിനിടയിൽ ടെന്റ് സ്റ്റേ ഒക്കെ ഉണ്ട്. താടാകത്തിൽ boating, പിന്നെ അതിന് കുറുകെ ആയി zip line ഒക്കെ ഉണ്ട്. മൊത്തത്തിൽ ശാന്ത സുന്ദരമായ അന്തരീക്ഷം. വെയിലെന്റെ ചൂടറിയിക്കാതെ തണുത്ത കാറ്റ് കടന്നു പോകുന്നു. എത്രനേരം വേണമെങ്കിലും അവിടെ ഇരിക്കാൻ തോന്നും.

നല്ല ചൂട് സമയത്തായിരുന്നു യാത്ര. കണ്ണൂരിലെ ചൂടിൽ നിന്നും വയനാട്ടിലെ തണുപ്പിൽ.. വിട്ട് പോരാൻ തോന്നില്ല അവിടെ നിന്നും. അവിടെ മരത്തണലിൽ ഇരുന്ന് ഡാൻസും പാട്ടും കഥ പറച്ചിലുമായി സമയം പോയതറിഞ്ഞില്ല. ഇടയ്ക്ക് നീല ആമ്പലുകളെ തലോടികൊണ്ട് തണുത്ത കാറ്റിന്റെ അകമ്പടിയോടെ ഒരു boat യാത്ര. എപ്പോഴാണോ മടങ്ങാൻ തോന്നിയത് അപ്പോൾ മാത്രമാണ് ഞങ്ങൾ അവിടെ നിന്നും ഇറങ്ങിയത്. സമയത്തെ മറന്നുകളഞ്ഞൊരു യാത്ര ആയിരുന്നു അത്.

തിരിച്ചു പോരും വഴി ഒരു നഴ്സറി കണ്ടു. ചെടി ഭ്രാന്ത് കാരണം ഞാനും റിനിയേച്ചിയും ആക്രാന്തത്തോടെ കയറി ചെന്നു.. അതെടുക്കണോ.. ഇതെടുക്കണോ ആകെ കൺഫ്യൂഷൻ.. വയനാടൻ കലവസ്ഥയിൽ ചെടികളെല്ലാം പുഞ്ചിരി വിടർത്തി നിൽക്കുന്നു. വിലയും കുറവ്. കാറിൽ വയ്ക്കാൻ പറ്റാവുന്ന അത്രയും ചെടി ഞങ്ങൾ വാങ്ങി. ഇനി ചെടി വയ്ക്കാൻ സ്ഥലമില്ലാത്തത് കൊണ്ട് മാത്രമാണ് റിനിയേച്ചി നഴ്സറിയിൽ നിന്നും ഇറങ്ങി വന്നത്.

ഉച്ചക്ക് ഭക്ഷണം കഴിക്കാത്തതിനാൽ വിശപ്പിന്റെ വിളി അതികലശലായിരുന്നു. പോകുന്ന വഴിയിൽ കണ്ട റെസ്റ്റോറന്റിൽ നിന്നും ഫുഡും കഴിച്ചു. ഈ നാട്ടിൽ എല്ലാത്തിനും വില കുറവാണോ എന്തോ.. വയറു നിറയെ കഴിച്ചിട്ടും വലിയ കാശൊന്നും ആയില്ല. ആ റെസ്റ്റോറന്റിന് സൈഡിൽ അവരുടെ തന്നെ ഒരു പാർക്ക്‌ ഉണ്ട്. ഐസ് ക്രീം ഒക്കെ കഴിച്ചു, ഊഞ്ഞാലാടികൊണ്ട് തണുത്ത കാറ്റും കൊണ്ട് അവിടെ അങ്ങനെ ഇരുന്നു കുറച്ച് നേരം.

നേരം സന്ധ്യ ആയി.. ഇരുൾ വീണു തുടങ്ങി.. ചേക്കേറുവാൻ മടിക്കുന്ന പക്ഷികളെ പോലെ വയനാടിന്റെ തണുപ്പിൽ ഞങ്ങൾ.. പിന്നെ പ്രീയപ്പെട്ട ഒരു ദിവസത്തിന്റെ ഓർമ്മയോടെ മടക്കയാത്ര.. ഈ ഇരുൾ വീണ രാത്രി ഞങ്ങളെ ഭയപ്പെടുത്തിയില്ല. സൗഹൃദത്തിന്റെ സ്നേഹചൂടിൽ വല്ലാത്തൊരു ധൈര്യമായിരുന്നു.

നാട്ടിൻപുറത്ത് ജനിച്ചു വളർന്നു നാട്ടിൻ പുറത്ത് ജീവിക്കുന്ന ഞങ്ങളെ പോലെയുള്ള പെണ്ണുങ്ങൾക്ക് ഈ യാത്ര അദൃശ്യമായൊരു കരുത്താണ് പകർന്നു നൽകിയത്. ലക്ഷ്യമില്ലാതെ മുന്നിൽ തെളിഞ്ഞ വഴിയിലൂടെ എങ്ങോ പോയൊരു യാത്ര.. സന്തോഷത്തിന്റെ മിന്നാമിനുങ്ങുകൾ വഴിതെളിക്കുന്ന ഇരുളിലൂടെ ഞങ്ങൾ മടങ്ങുകയായിരുന്നു. യാത്രകൾ അങ്ങനെയാണ് എപ്പോഴും മായാജാലത്തോടെ എന്തെങ്കിലും സമ്മാനിച്ചുകൊണ്ടിരിക്കും.

Check Also

രാമക്കല്‍മേട് – ഇടുക്കിയിൽ ശ്രീരാമന്‍ കാല് കുത്തിയ ഇടം

വിവരണം – Muhammed Unais P. ഇടുക്കി റൈഡിന്റെ നാലാമത്തെ ദിവസം വൈകുന്നേരമാണ് രാമക്കല്‍മേടിലെത്തുന്നത്. രാമക്കല്‍മേടിലെ സൂയിസൈഡ് പോയിന്റും തൊട്ടടുത്തുള്ള …

Leave a Reply