‘ട്രാൻക്യുബർ’ – അധികമാരും അറിയാത്ത ഒരു തമിഴ്‌നാടൻ പ്രദേശം

വിവരണം – അരുൺ നെന്മാറ.

ട്രാൻക്യുബർ (Tranquebar) കേൾക്കുമ്പോൾ തന്നെ ഒരു വ്യത്യസ്തത ആ പേരിൽ ഒരു വൈദേശീയത. എന്താണിത്? ഇന്ത്യയിലാണോ ? വല്ല കമ്പനിയുടെ പേരാണോ? ചോദ്യങ്ങൾ ഒരുപാട് ആണ്. തമിഴ്നാട്ടിൽ നാഗപട്ടണത്തിനടുത്ത് തരംഗംപാടി ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഡച്ച് പ്രദേശം അതാണ്‌ ട്രാൻക്യുബർ. “തിരകൾ പാടുന്ന തീരം” അതാണ്‌ തരംഗംപാടി.

ചരിത്രപുസ്തകത്തിന്റെ ഏടുകൾ മറിച്ചുനോക്കിയാൽ ഈ പേര് ഉണ്ടാവില്ല പകരം ഈസ്റ്റ്‌വെൽ ട്രാങ്ക്വെബാർ എന്നായിരിക്കും.150 വർഷത്തോളം ഡച്ച് അധീനതയിലായിരുന്നു ഈ പ്രദേശം. 16 മം നൂറ്റാണ്ടിൽ ഡച്ചുകാർ അവരുടെ വ്യാപാരം ഏകീകരിക്കുന്നതിനായി കടലോരത്ത്‌ കുടിയേറ്റഗ്രാമം ഡാനിഷ് ജനറൽ ഓവ് ജെഡെ തഞ്ചാവൂർ രാജവംശത്തിന്റെ അനുവാദത്തോടെ നിർമിച്ച ഡാനിഷ് പട്ടണമാണ് ട്രാൻക്യുബർ പട്ടണം.

അതിന്റെ മുഴുവൻ വിവരങ്ങളും മനോജേട്ടൻ വാട്സാപ്പിൽ ഇട്ടു… ഒന്നും നോക്കിയില്ല അപ്പോൾ തന്നെ 4 സീറ്റ്‌ ബുക്ക്‌ ചെയ്തു ഇട്ടു. നവംബർ 17 വരെ കട്ട വെയ്റ്റിംഗ്. അതിനിടയിൽ ഗജ കൊടുംകാറ്റ് ബംഗാൾ ഉൾക്കടലിൽ നിന്നും തമിഴ്നാടിന്റെ തീരത്തേക്ക് 150 കി മി വേഗതയിൽ വരുന്നു എന്നറിഞ്ഞതോടെ എല്ലാവരും ഒന്നു പേടിച്ചുപോയി. പക്ഷെ നമ്മുടെ ടീം അംഗങ്ങൾ എല്ലാ വിവരങ്ങളും അപ്ഡേറ്റ് ചെയ്ത് വാട്സാപ്പിൽ ഇട്ടിരുന്നു. 16 നു തന്നെ ഗജയുടെ ശക്തി കുറഞ്ഞു. അങ്ങനെ 17 നു വൈകുന്നേരം 8.30 നു 98 പേരും ഇരട്ടകളായ കിഷോറും (ബസ്) പാലക്കാട്‌ കോട്ടയുടെ മുൻപിൽ എത്തി. എല്ലാവർക്കും അവരവരുടെ സീറ്റ്‌ നമ്പറും യാത്രയുടെ നിർദ്ദേശങ്ങളും കൊടുത്തതിനു ശേഷം കൃത്യം 9.30 തന്നെ പാലക്കാട് നിന്നും പൊള്ളാച്ചി, ദിണ്ടുക്കൽ, തൃച്ചി, മയിലാടുദുരൈ വഴി ട്രാൻക്യുബറിലേക്ക്…

നല്ല തള്ളിസ്റ്റുകളുടെ ഒന്നാന്തരം തള്ളലുകളും ട്രോളുകളും ബസിലെ പാട്ടും കൂടി ആയപ്പോൾ യാത്ര ഒരു മടിപ്പ് തോന്നിയില്ല. രാവിലെ 7.30 യോടുകൂടി കിഷോർ മൂകാംബിക റെസിഡെൻസിയുടെ അകത്തുകയറി ഒരു കിതപ്പോടുകൂടി നിന്നു. 15 പേർ അടങ്ങിയ ഗാങ്ങിന് ഒരു റൂം എന്നായിരുന്നു. അവിടെന്നു പെട്ടെന്ന് എല്ലാവരും ഫ്രഷ് ആയി നേരെ അവിടെ തന്നെ ഉള്ള അഭിരാമി റെസ്റ്റോറന്റ് ലേക്ക് നേരത്തെ പറഞ്ഞതനുസരിച് ഇഡലിയും പൊങ്കലും വടയും കഴിച് എല്ലാവരുടെയും പരിചയപ്പെടൽ കഴിഞ്ഞതിനുശേഷം കിഷോറിൽ കയറി നേരെ തരംഗംപാടിയിലേക്ക്.

ട്രാൻക്യുബർ_പട്ടണം : ഒരു 100 വർഷം പിന്നിലേക്ക് തിരിഞ്ഞുനോക്കിയാൽ എങ്ങനെ ഉണ്ടാവും? അതാണ്‌ ട്രാൻക്യുബർ പട്ടണം. സ്ഥിതിചെയ്യുന്നത് രാജപാതയിലാണ്. വല്യ ശബ്ദങ്ങളൊന്നുമില്ലാത്ത ഒരു ഗ്രാമം. അതിനു മുന്പിൽ പ്രവേശനകവാടം 1792 ഇൽ ഡാനിഷ് വാസ്തുവിദ്യയിൽ നിര്മിച്ചിട്ടുള്ളതിനാൽ അന്നോ 1792 എന്നു നാമകരണം ചെയ്തിരിക്കുന്നു. പടിവാതിലിനകത്തു കയറിയാൽ റോഡിന്റെ 2 ഭാഗത്തും ഡച്ചുകാരുടെ ചർച്ചും പുരാവസ്തു മ്യുസിയവും അങ്ങനെ നിശബ്ദതയാർന്ന ഒരു പ്രദേശം.

ഡാനിഷ്_മ്യൂസിയം : ഡച്ചുകാർ ഉപയോഗിച്ചിരുന്ന പഴയ ബോട്ട്, ട്രാൻക്യുബർ പട്ടണത്തിന്റെ മാപ്പ്, ഡച്ച് കാലഘട്ടത്തിലെ ചിത്രങ്ങൾ, പഴയ ഡച്ച് സാമഗ്രികൾ എന്നിവയും സുനാമി എങ്ങനെ ട്രാൻക്യുബർ പട്ടണത്തെ ബാധിച്ചു എന്നതിന്റെ ചുമര്ചിത്രങ്ങളും ചെറിയ വീഡിയോ ഡോക്യുമെന്റ്റിയും മ്യുസിയത്തിനകത്തുണ്ട്.

മ്യൂസിയത്തിനകത്തെ സഞ്ചാരികളുടെ ഫോട്ടോഗ്രഫിക്കുശേഷം മനോജേട്ടന്റെ വിളി എത്തി. സമയം 1 മണി ആയി. തിരിച്ചു റൂമിലേക്ക്‌ ബസ് കയറി. എല്ലാവർക്കും വിശപ്പ് തുടങ്ങി. നേരെ അഭിരാമി റെസ്റ്റോറന്റിലേക് വച്ചുപിടിച്ചു. പൊന്നി അരി ചോറും 3 കൂട്ടം അച്ചാറും പപ്പടവും പായസവും എല്ലാം കൂടി കിടിലൻ തമിഴ്നാടൻ ശാപ്പാട്. എരിയും ഉപ്പും കുറച്ചുപയോഗിക്കുന്നത് കൊണ്ട് കുറച്ചുപേർക്ക് ചെറിയ പ്രശ്നം ഉണ്ടായിരുന്നു. ഊണിനു ശേഷം റൂമിൽ എത്തിയ ഉടൻ തന്നെ അവരുടെ ഫോട്ടോസ് നോക്കൽ ആയി പണി.

2.45 നു ശേഷം വീണ്ടും ഗ്രുപ്പിൽ മനോജേട്ടന്റെ മെസ്സേജ് “നമ്മൾ 3 നു ഇറങ്ങണം എല്ലാവരും പെട്ടെന്ന് റെഡി ആവാൻ..” കേട്ടപാതി കേൾക്കാത്തപാതി ക്യാമറയും എടുത്ത് ഇറങ്ങി. ഇനി പോവുന്നത് കോട്ടയും കടലും ആയതിനാൽ മിക്കവരും ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്താ വന്നത്. പ്രിൻസ് അച്ചായനാണേൽ പട്ടായയിൽ പോയതിന്റെ ഹാങ്ങോവറിൽ ടി ഷർട്ടും ഷോട്ട്സും ഇട്ടോണ്ട് വന്നു. വീണ്ടും ട്രാൻക്യുബറിലേക്ക്. 12 മണിക്ക് ചെറിയ മഴ ചാറ്റൽ ഉണ്ടായിരുന്നത് കൊണ്ട് കാലാവസ്ഥ ഞങ്ങൾക്ക് അനുകൂലമായിരുന്നു.

ഗവർണർ ബംഗ്ലാവിലെക്ക് : ഡാനിഷ് വാസ്തുവിദ്യയിൽ തീർത്ത മനോഹരമായ ഒന്നായിരുന്നു ഗവർണർ ബംഗ്ലാവ്. പഴയ കാലത്ത് ഉപയോഗിചിരുന്ന അളവുതൂക്ക ഉപകരണങ്ങലും ചരിത്രപുസ്തകങ്ങളും അടങ്ങിയതായിരുന്നു. ബംഗ്ലാവിന്റെ മുകളിൽ നിന്നുള്ള കാഴ്ചകൾ വളരെ രസമുള്ളതായിരുന്നു. പരന്നു കിടക്കുന്ന ബംഗാൾ ഉൽക്കടൽ അതിനടുത്ത് ഡാൻസ്ബർഗ് കോട്ട, മറ്റൊരു ഭാഗത്ത് തരംഗംപാടി ഗ്രാമം. മിക്കവരുടെ കയ്യിലും ക്യാമറ ഉള്ളതിനാൽ അതിനു മുകളിൽ നിന്നും ഒരുപാട് നേരം ഫോട്ടോഷൂട്ട് ഉണ്ടായിരുന്നു.

മാസിലാമണി നാഥർ ക്ഷേത്രം : സുനാമി ഉണ്ടായിട്ടും കടൽ എടുക്കാത്ത ക്ഷേത്രം. ചെറിയ കേടുപാടുകൾ അല്ലാതെ വേറെ ഒന്നും തന്നെ സംഭവിച്ചിട്ടില്ല. കടലിൽ നിന്നും വരുന്ന അലകൾ പാറകളിൽ തട്ടി ഉയർന്നു ക്ഷേത്രത്തിലേക്ക് തട്ടുമ്പോൾ കാണാൻ ഒരു പ്രത്യക ഭംഗി തന്നെയാണ്.

ഡാൻസ്ബർഗ് കോട്ട : ട്രാൻക്യുബറിലെ പ്രധാന ആകർഷണം ഡാൻസ്ബർഗ് കോട്ട ആണ്. 1620 ഇൽ നിർമിച്ച കോട്ട രണ്ട് നിലകളിലായിട്ടാണ് സ്ഥിതി ചെയ്യുന്നത്. കോട്ടയ്ക്കു മുകളിൽ ചുറ്റും പീരങ്കി ഉപയോഗിച്ചതായി കാണാം. ഉച്ചവെയിൽ കോട്ടയിലേക്ക് തട്ടുമ്പോൾ അലയടിക്കുന്ന കടലിന്റെ അരികത്തു ചുവന്നു ജ്വലിച്ചു നിൽക്കുന്ന കോട്ട. വൈകുന്നേരങ്ങളിൽ സമയം ചിലവഴിക്കാൻ കോട്ടയുടെ മുകളിൽ ഇരുന്നാൽ ബംഗാൾ ഉൾക്കടലിൽ നിന്നും അലകളെ തഴുകി വരുന്ന ഇളം കാറ്റ്, മുഴുവൻ സമയവും കാറ്റിന്റെ തഴുകലേറ്റ് നിൽക്കാൻ തോന്നും.

കോട്ടയിൽ നിന്നും ഇറങ്ങിയിട്ട് കുറച്ച്നേരം കടലിൽ ഇറങ്ങി. അധികം ആഴം ഇല്ലാത്തതുകൊണ്ട് എല്ലാവർക്കും ഇറങ്ങാൻ കഴിയും. പിന്നെ ഞങ്ങൾ എല്ലാ സഞ്ചാരികളുടെയും ഒത്തുകൂടലിനുശേഷം തിരിച്ചു റൂമിലേക്ക്‌ പോവുമ്പോൾ ട്രാൻക്യുബർ പട്ടണത്തിനോടും കോട്ടയോടും എല്ലാത്തിനെയും യാത്ര പറയുമ്പോൾ എല്ലാവർക്കും ഒരു നിശബ്ദത. വീണ്ടും വരുമെന്ന പ്രതീക്ഷയിൽ നേരെ മൂകാംബിക റെസിഡൻസിയിലേക്ക്. അവിടന്നു ഒന്നു ഫ്രഷ് ആയി അഭിരാമിയിൽ നിന്നും നല്ല പൊറോട്ടയും ചപ്പാത്തിയും കഴിച്ച് 8.30 നു തന്നെ തരംഗംപാടിയോട് വിടപറഞ്ഞു.

ബസിൽ കയറി എല്ലാവരും അവരുടേതായ സീറ്റിൽ ഇടം പിടിച്ചു. പാട്ടു വച്ച ഡ്രൈവറോട് ഞാൻ എനിക്ക് പാടണം” എന്നായി സുബൈർ ഇക്ക. അങ്ങനെ മൈക്ക് ഇക്ക തന്നെ സെറ്റ് ചെയ്ത് പാട്ടും തുടങ്ങി. പിന്നാലെ അഫ്സലും ഷബീറിക്കയും ആദർശും പിന്നെ ചെറുതായി വെറുപ്പിക്കാൻ ഞാനും പാടി. മിത്രന്റെ മിമിക്രിയും ഉണ്ടായിരുന്നു ട്ടോ.

കാലത്ത് 7.30 ക്കു തന്നെ കോട്ടയുടെ മുൻപിൽ കിഷോർ നിന്നു. 2 രാത്രികളും 1 പകലും കൂടെ ഒട്ടും പരിചയമില്ലാതെ തുടങ്ങിയ യാത്ര അവസാനിക്കുമ്പോൾ ഒരുപാട് കാലം മുൻപ് സുഹൃത്തുക്കൾ ആയ ഫീലിംഗ് തന്നെ ഉണ്ടായിരുന്നു. അടുത്ത യാത്രയിൽ വീണ്ടും കാണാം എന്ന പ്രതീക്ഷയിൽ എല്ലാവരോടും തല്ക്കാലം വിട പറഞ്ഞു…

Check Also

രാമക്കല്‍മേട് – ഇടുക്കിയിൽ ശ്രീരാമന്‍ കാല് കുത്തിയ ഇടം

വിവരണം – Muhammed Unais P. ഇടുക്കി റൈഡിന്റെ നാലാമത്തെ ദിവസം വൈകുന്നേരമാണ് രാമക്കല്‍മേടിലെത്തുന്നത്. രാമക്കല്‍മേടിലെ സൂയിസൈഡ് പോയിന്റും തൊട്ടടുത്തുള്ള …

Leave a Reply