നരകസങ്കല്പം : 28 നരകവും അവിടത്തെ ക്രൂരമായ ശിക്ഷാരീതികളും…

നരകം എന്ന് കേൾക്കാത്തവർ ആരുംതന്നെ ഉണ്ടായിരിക്കില്ല. ജീവിച്ചിരിക്കുമ്പോൾ കുറ്റങ്ങൾ ചെയ്യുന്നവർ മരിച്ചു കഴിഞ്ഞാൽ നരകത്തിൽ പോയി ശിക്ഷ അനുഭവിക്കും എന്നാണു ഐതിഹ്യം. ഓരോ പാപങ്ങൾക്കും ഓരോരോ ശിക്ഷകളാണ് അനുഭവിക്കേണ്ടത്. ഓരോരോ പാപകർമ്മങ്ങൾ ചെയ്തവർക്ക് ഈ വിധം നരകങ്ങളെന്ന് മുൻ‌വിധിയുണ്ട്. .പിതൃലോകത്തിന്റെ നാഥനായ കാലൻ അവിടെയിരുന്നു കൊണ്ടു തന്റെ കിങ്കരന്മാർ കൊണ്ടുവരുന്ന മനുഷ്യർക്കും ജന്തുക്കൾക്കും അവരവർ ചെയ്ത പാപപുണ്യങ്ങൾക്കനുസരിച്ച് ശരിയായ ശിക്ഷ കൽപ്പിക്കുന്നു. തെറ്റ് ചെയ്തവരെ തെറ്റിന്റെ സ്വഭാവം അനുസരിച്ച് അദ്ദേഹം വിവിധതരത്തിലുള്ള നരകങ്ങളിലേക്ക് അയയ്ക്കുന്നു.

നരകങ്ങൾ എണ്ണത്തിൽ ഇരുപത്തിയെട്ടാണു. എന്നാൽ ചിലർക്കിടയിൽ ഇവ ഇരുപത്തിയൊന്നണെന്നും തർക്കമുണ്ട്. ഓരോന്നിനെക്കുറിച്ചുമുള്ള വിവരണങ്ങൾ വിശദമായി ഗരുഡപുരാണത്തിലും ഭാഗവതത്തിലുമുണ്ട്. ഇതൊന്നും മനസിലാകാത്തവർക്ക് വ്യക്തമാകുന്ന രീതിയിൽ പറയാം. ‘അന്യൻ’ സിനിമയിൽ വിക്രം അന്യനായി വന്നു ആളുകളെ ശിക്ഷിക്കുന്നത് ഓർമ്മയില്ലേ? ഗരുഡപുരാണത്തിലെ ശിക്ഷാരീതികൾ അനുസരിച്ചാണ് അതിൽ വിക്രം ആളുകളെ കൊല്ലുന്നത്. ആ ഇരുപത്തെട്ട് നരകങ്ങൾ ഏതൊക്കെയെന്നും അവിടത്തെ ശിക്ഷാരീതികളെക്കുറിച്ചും അറിഞ്ഞിരിക്കാം.

താമിസ്രം : പരദ്രവ്യം, പരസ്ത്രീ എന്നിവയെ അപഹരിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്നവർക്കാണ് താമിസ്രനരകം. താമിസ്രവാസം വിധിച്ചവരെ മൃത്യുദൂതന്മാർ (കാലകിങ്കരന്മാർ) അവിടേക്ക് കെട്ടിവരിഞ്ഞെത്തിക്കും. ദാഹവും വിശപ്പും സഹിച്ച് പാപകർമ്മദോഷം തീരുന്നതുവരെയുള്ള താഡനമാണ് താമിസ്രത്തിലെ ശിക്ഷ.

അന്ധതാമിസ്രം : താമിസ്രത്തിലേതിലും കഠിനമാണ് അന്ധതാമിസ്രത്തിലെ ശിക്ഷ. ജീവജന്തുജാലങ്ങളെ ഹിംസിക്കുന്നവരെയാണ് അന്ധതാമിസ്രത്തിലേക്ക് അയക്കുന്നത്.

രൗരവം : ജീവദ്രോഹം ചെയ്ത് ദാനകർമ്മാദികളിലേർപ്പെടാതെ ലുബ്ധനായി കഴിയുന്നവർക്കുള്ളതാണ് രൗരവനരകം. പുരുഷന്മാരാൽ കൊല്ലപ്പെട്ടവരെല്ലാം ഭൂതങ്ങളായി നരകത്തിലെത്തിചേരുന്നു. അവർ തങ്ങളെ പീഡിപ്പിച്ചതുപോലെ വിധേയനേയും യുഗങ്ങളോളം ഹിംസിക്കുന്നു. രുരുക്കൾ (ക്രൂരസർപ്പങ്ങൾ) കൊത്തിവലിക്കുന്നതിനാലാണ് ഇവയ്ക്ക് ആ നാമം ലഭിച്ചത്.

മഹാരൗരവം : രൗരവവാസികളെക്കാളും ക്രൂരമായപ്രവർത്തികൾ ചെയ്തവർക്കാണ് മഹാരൗരവം വിധിക്കപ്പെട്ടിരിക്കുന്നത്.

കുംഭീപാകം : പശുക്കൾ (നാൽ‌ക്കാലികൾ), പക്ഷികൾ, പ്രാണികൾ മുതലായവയെ ഹിംസിക്കുന്നവർക്കുള്ളതാണ് കുംഭീപാകം. ഇതിലെ വാസത്തിനു യോഗ്യമായവരെ മൃത്യുദൂതന്മാർ എണ്ണ നിറഞ്ഞ ചെമ്പിലിട്ട് തിളപ്പിക്കുന്നു. ശരീരം മുഴുവൻ പൊള്ളി വികൃതമാകുമ്പോൾ കൊടിലിൽ കൊരുത്ത് പുറത്തെടുത്ത് ഉടൽ ജലം തളിച്ച് പോഷിപ്പിക്കുന്നു. ശേഷം വീണ്ടും വറുക്കാനായി ചെമ്പിലേക്കിടുന്നു. ദുഷ്കർമ്മത്തിന്റെ പാപഫലത്തിനറുതി വരെ ഈ ശിക്ഷാരീതി തുടരുന്നു.

കാലസൂത്രം : പിതൃക്കൾ, ബ്രാഹ്മണർ (ബ്രഹ്മജ്ഞാനമുള്ളവർ) എന്നിവരോട് ദ്രോഹം ചെയ്യുന്നവർക്കുള്ളതാണ് കാലസൂത്രനരകം. ഇതിൽ ദണ്ഡനവിധേയനാകുന്നവനെ മൃത്യുദൂതന്മാർ പതിനായിരം കാതം വിസ്താരമുള്ള കിഴുക്കാം തൂക്കായി കെട്ടിതൂക്കുന്നു. പിന്നെ അതിന്നടിയിൽ അഗ്നി ജ്വലിപ്പിക്കുന്നു. വിശപ്പും ദാഹവും സഹിച്ച് ദുഷ്കർമ്മത്തിനറുതിയുണ്ടാകും വരെ ഈ നിലയിൽ തുടരേണ്ടി വരും.

അസിഃപത്രം : സ്വധർമ്മത്തെ ഉപേക്ഷിച്ച് പരധർമ്മത്തെ സ്വീകരിക്കുന്ന പാപികളായ മനുഷ്യർക്കുള്ളതാണ് ഈ നരകം. ഈ നരകത്തിൽ തള്ളുന്ന പാപികളെ യമകിങ്കരന്മാർ അസിപത്ര ചമ്മട്ടികൊണ്ട് ഓടിച്ചിട്ടടിക്കുന്നു. അടികൊണ്ടോടുന്ന സമയം അവർ കല്ലുകളിലും മുള്ളുകളിലും തട്ടി കമിഴ്ന്നു വീഴും. അപ്പോൾ ഭടന്മാർ അസിപത്രക്കത്തികൊണ്ട് അവരെ കുത്തി മുറിവേല്പിക്കും. അവർ മോഹാലസ്യപ്പെട്ടു വീഴും. പിന്നെ ബോധം വീണാൽ ഇതു തന്നെ ആവർത്തിക്കും.

സൂകരമുഖം : തങ്ങളുടെ കടമ മറന്നു പ്രവർത്തിക്കുകയും പ്രജകളെ ദുർഭരണത്തിലൂടെ അടിച്ചമർത്തുകയും ചെയ്യുന്ന ഭരണകർത്താക്കൾക്കുള്ള നരകം. അവരെ ഇടിച്ചു പിഴിഞ്ഞ് കുഴമ്പു രൂപത്തിലാക്കുന്നതാണ് ഇവിടത്തെ പീഡന മുറ.

അന്ധകൂപം : കുംഭീപാകനരകത്തിൽ പറയാതെയുള്ള ജീവജന്തുക്കളെ ദ്രോഹിക്കുന്നവർക്കുള്ളതാണ് അന്ധകൂപം. അന്ധകൂപവാസത്തിനു വിധേയരായവരെ കാലകിങ്കരന്മാർ ആയിരകണക്കിനു യോജന വിസ്താരമുള്ള ഒരു കിണറ്റിൽ (കൂപം – കിണർ) പിടിച്ചിടുന്നു. ശ്വാസം പോലും ലഭിക്കാതെ പാപഫലം തീരുന്നതു വരെ അവിടെ കഴിയേണ്ടി വരും.

കൃമിഭോജം : വിശന്നിരിക്കുന്ന ജീവനു ഭക്ഷണം നൽകാതെ അതു കണ്ട് ആനന്ദിക്കുന്നവനും സ്വയം ഭക്ഷിക്കുന്നവനുമാണ് കൃമിഭോജനരകം വിധിക്കപ്പെട്ടിരിക്കുന്നത്. ശരീരം ബന്ധിക്കപ്പെട്ടിരിക്കെ, സ്വജീവൻ കൃമികൾ ഭക്ഷിക്കും. പാപഫലം തീരുന്നതുവരെ പ്രാണവേദന അനുഭവിച്ച് ബന്ധനത്തിൽ കഴിയേണ്ടി വരും.

സന്ദംശം : സജ്ജനങ്ങളുടെ ധനം അപഹരിക്കുകയും അവരെ ദ്രോഹിക്കുകയും ചെയ്യുന്നവർക്കാണ് സന്ദംശനരകം വിധിക്കപ്പെട്ടിരിക്കുന്നത്. സന്ദംശത്തിലെത്തിച്ചേരുന്നവരുടെ ത്വക്കിൽ മൃത്യുദൂതന്മാർ ചുട്ടു പഴുത്ത കൊടിൽ കുത്തിയിറക്കിയ ശേഷം പിടിച്ചു വലിക്കുന്നു. പുലയാടീടുന്നവരെ ഇരുമ്പുപാവ ഉലയിൽ വച്ച് പഴുപ്പിച്ച ശേഷം ആലിംഗനം ചെയ്യിപ്പിക്കുന്നു.

ശാല്‌മിനി : കാമഭോഗത്തിൽ മാത്രം മനസ്സൂന്നി നടക്കുന്നവൻ വജ്രകണ്ഡകമായ ശാല്‌മിനി നരകത്തിലെത്തിച്ചേരുന്നു. ഇവിടെ കാലകിങ്കരന്മാരാൽ വിധേയനെ കൊമ്പുകളിൽ കോർത്ത് മേൽ‌പ്പോട്ടെറിയുകയും ഘോര വൈതരണികളിലാക്കി ക്രൂരജന്തുക്കളുടെ ദംശനം നൽകുകയും ചെയ്യുന്നു. ഇതിനുശേഷവും പാപഫലങ്ങൾ തീരാത്തവരെ വിശപ്പും ദാഹവും സഹിച്ച് ചോരയും ചലവും മലമൂത്രാദികളും നിറഞ്ഞ കുഴിയിൽ കഴിയാൻ വിടുന്നു.

വജ്രകണ്ടകശാലി : മൃഗങ്ങളുമായി പ്രകൃതി വിരുദ്ധ സംഭോഗത്തിൽ ഏർപ്പെടുന്നവർക്കായുള്ള നരകമാണിത്. കൂർത്ത വജ്രായുധങ്ങൾ തറച്ച മൃഗങ്ങളുടെ ലോഹ രൂപങ്ങളെ ആശ്ലെഷിപ്പിക്കുന്നതാണ് ഇവിടുത്തെ രീതി.

വൈതരണി : അധികാരം ദുരുപയോഗം ചെയ്യുന്ന ഭരണാധികാരികളെയും ദുർമ്മാർഗ്ഗികളെയും ഇവിടേക്ക് തള്ളുന്നു. ഇതൊരു നദിയാണ്. മനുഷ്യ മലമൂത്രാദികൾ, രക്തം, മുടി, എല്ലുകൾ, മാംസം എന്നിങ്ങനെ എല്ലാവിധ മാലിന്യങ്ങളും നിറഞ്ഞ നദി. ഘോര മൃഗങ്ങളുടെ വാസസ്ഥലം കൂടിയാണത്. ഇവിടേക്ക് വന്നു വീഴുന്നതും മൃഗങ്ങൾ നാലു ഭാഗത്തുന്നും വന്നു ആക്രമിക്കും. നദിയിലെ മാലിന്യങ്ങൾ തിന്നും മൃഗദികളുടെ ആക്രമങ്ങൾ സഹിച്ചും കഴിയേണ്ടി വരുന്നു.

പൂയോദകം : ബ്രഹ്മജ്ഞാനമുള്ളവൻ (ബ്രാഹ്മണൻ) ശൂദ്രസ്ത്രീയെ പ്രാപിച്ചാൽ അയാൾക്കുള്ളതാണ് പൂയോദകനരകം. യുഗങ്ങളോളം ദുർഗ്ഗന്ധം വമിക്കുന്ന ചലം നിറഞ്ഞ നദിയിലിടുന്നു. വിധേയൻ മുങ്ങിയും പൊങ്ങിയും ചലം ഭക്ഷിച്ചും പാപഫലം തീരുന്നതുവരെ അതിൽ കഴിയേണ്ടിവരും.

പ്രാണനിരോധകം : ബ്രഹ്മജ്ഞാനമുള്ളവൻ (ബ്രാഹ്മണൻ) നായാട്ട് നടത്തിയാൽ അയാൾക്കുള്ളതാണ് പ്രാണനിരോധകം. ഇതിന്നു പാത്രനാകുന്നവനെ ആയിരം കാതം വലിപ്പമുള്ള ഗർത്തത്തിലേക്കിടുന്നു. ശേഷം ഉറവിടമറിയാത്ത തരത്തിലുള്ള ശരവർഷത്തിന്നു (അമ്പ്) പാത്രനാകേണ്ടി വരും.

വിശസനം : പാവങ്ങളെ കൊതിപ്പിച്ചു കൊണ്ട് അമിത വ്യയം ചെയ്തു സുഖിക്കുന്ന ധനികർക്കുള്ള നരകം. കിങ്കരന്മാരുടെ വലിയ ഗദ കൊണ്ടുള്ള താഡനം ആണിവിടത്തെ ശിക്ഷ.

ലാലഭക്ഷം : ധർമ്മപത്നിയെക്കൊണ്ട് വദനസുരതം ചെയ്യിപ്പിക്കുന്ന പതിക്കുള്ളതാണ് ലാലഭക്ഷനരകം. യുഗങ്ങളോളം ദുർഗ്ഗന്ധം വമിക്കുന്ന ശുക്ലം നിറഞ്ഞ നദിയിലിടുന്നു. വിധേയൻ മുങ്ങിയും പൊങ്ങിയും ശുക്ലം ഭക്ഷിച്ചും പാപഫലം തീരുന്നതുവരെ അതിൽ കഴിയേണ്ടിവരും.

സാരമേയാശനം : ഭക്ഷ്യ പാനീയങ്ങളിൽ വിഷം ചേർക്കൽ നടത്തി ജീവജാലങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കുക, രാജ്യം നശിപ്പിക്കുക തുടങ്ങിയ വൈകൃതങ്ങളിൽ ഏർപ്പെടുന്നവർക്കയുള്ള നരകം. ശ്വാന മാംസം മാത്രമാണ് അവിടെ ഭക്ഷണം. ആയിരത്തിലധികം വരുന്ന ശ്വാനന്മാർ ഒന്നിച്ചു ആക്രമിച്ചു കൂർത്ത പല്ലുകളാൽ ശരീരത്തിലെ മാംസം പുറത്തെടുക്കും.

അവീചി : കള്ളസാക്ഷി പറയുന്നുള്ളവർക്കാണ് അവീചി നരകം. ഈ നരകവാസം വിധിക്കുന്ന വ്യക്തിയെ കാലകിങ്കരന്മാർ നൂറ് യോജന ഉയരമുള്ള കുന്നിനു മുകളിൽ നിന്നും താഴേയ്ക്ക് ഉരുട്ടുന്നു. പാപഫലം തീരുന്നത് വരെയാണ് ഈ ശിക്ഷാരീതി തുടരുക.

അയഃപാനം : ബ്രഹ്മജ്ഞാനമുള്ളവൻ (ബ്രാഹ്മണൻ) മദ്യസേവ ചെയ്താൽ അയാൾക്കുള്ളതാണ് അയഃപാനനരകം. പാപഫലം തീരുന്നതു വരെ മൃത്യുദൂതന്മാർ വിധേയനെ ബലമായി ഉരുകിയ കാരിരുമ്പ് കോരി കുടിപ്പിക്കുന്നു. ക്ഷാരകർദ്ദമം : സജ്ജനനിന്ദയും ദ്രോഹവും ചെയ്യുന്നവർക്കുള്ളതാണ് ക്ഷാരകർദ്ദമനരകം. ഇതിൽ വിധേയനെ മൃത്യുദൂതന്മാർ ക്ഷാരമയമുള്ള (ഉപ്പുരസം) ചെളിയിൽ തലകീഴായി കാലുകൾ മാത്രം വെളിയിൽ വരുന്ന രീതിയിൽ കെട്ടിതൂക്കുന്നു. പാപഫലം തീരുന്നതുവരെയാണ് ഈ ശിക്ഷാരീതി.

ശൂലപ്രോതം : വഞ്ചനകാട്ടുന്നവർക്കുള്ളതാണ് ശൂലപ്രോതനരകം. കാലകിങ്കരന്മാർ വിധേയനെ ശൂലാഗ്രത്തിൽ കൊരുത്തിടുന്നു. കാകനും കഴുകനുമെത്തി പാപിയുടെ ശരീരഭാഗങ്ങൾ കൊത്തിപറിച്ചുകൊണ്ട് പോകുന്നു. പച്ചജീവനിൽ നിന്നും പ്രാണൻ കൊത്തിപ്പറിക്കുന്ന വേദനയനുഭവിച്ച് കൊണ്ട് പാപം തീരുന്നതു വരെ വിധേയൻ കഴിയേണ്ടി വരും.

തപ്തമൂർത്തി, രക്ഷോഭക്ഷം, ദന്ദശൂകം, വടാരോധം, പര്യാവർത്തനം, സൂചിമുഖം എന്നിവയാണ് ബാക്കി നരകങ്ങൾ. ഭാരതീയ ധർമ്മശാസ്ത്രങ്ങൾ, ഇതിഹാസങ്ങൾ, പുരാണങ്ങൾ, ആരണ്യകങ്ങൾ, ഉപനിഷത്തുകൾ, ഭഗവദ്ഗീത എന്നിവയിൽ നരകത്തെക്കുറിച്ചുള്ള പ്രതിപാദ്യങ്ങളുണ്ട്. വേദാന്തസൂത്രത്തെപ്പറ്റിയുള്ള പഠനത്തിൽ ശങ്കരാചാര്യർ നരകത്തെക്കുറിച്ച് പ്രസ്താവിക്കുന്നുണ്ട്. വിഷ്ണുപുരാണത്തിലും നരകവർണ്ണനയുടെ അംശങ്ങൾ കാണാം. മഹാഭാരതത്തിൽ പാണ്ഡവർക്കു പോലും കുറച്ച് സമയത്തേക്ക് നരകപ്രവേശം ലഭിച്ചതായി പറയുന്നുണ്ട്.

കടപ്പാട് – വിക്കിപീഡിയ.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply