മഞ്ഞും തണുപ്പും ആസ്വദിച്ച് താമസിക്കുവാൻ നന്ദി ഹിൽസിലേക്ക്

ബെംഗളൂരു നഗരത്തിലൊക്കെ മൊത്തം ചുറ്റിയടിച്ചു കഴിഞ്ഞപ്പോൾ അൽപ്പം സ്വസ്ഥമായി ചിലവഴിക്കുവാനുള്ള ഒരു സ്ഥലത്തെക്കുറിച്ചായി പിന്നെ ചിന്ത. ഒട്ടും ആലോചിക്കേണ്ടി വന്നില്ല, എല്ലാ ബെംഗളൂരിയൻസും പ്ലാൻ ചെയ്യുന്നതു പോലെ അടുത്ത ട്രിപ്പ് നന്ദി ഹിൽസിലേക്ക് തന്നെ. നന്ദി ഹിൽസ് എന്നു നിങ്ങൾ കേട്ടിട്ടുണ്ടാകും. കേട്ടിട്ടില്ലാത്തവർക്കായി പറഞ്ഞു തരാം.

ബാംഗ്ലൂരിനടുത്തായി സ്ഥിതിചെയ്യുന്ന ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്‌ നന്ദിഹിൽസ്. അതിരാവിലെ എത്തുന്ന സഞ്ചാരികളെ കോടമഞ്ഞിൽ കുളിച്ചുനിൽക്കുന്ന നന്ദി ഹിൽസ് ഏറെ ആകർഷിക്കുന്നു. ബാംഗ്ലൂരിലെ ഹെബ്ബാളിൽ നിന്നും 52 കിലോമീറ്റർ അകലെ NH7 ൽ (ബെല്ലാരി റോഡ്) നിന്നും അല്പം മാറി സമുദ്രനിരപ്പിൽനിന്ന് 1479 മീറ്റർ ഉയരത്തിലാണ് ഈ ടൂറിസ്റ്റ് കേന്ദ്രം സ്ഥിതിചെയ്യുന്നത്. മലയടിവാരത്തിൽ നിന്നും മൂന്നുകിലോമീറ്ററോളം മുകളിലേക്ക് യാത്ര ചെയ്തിട്ടാണ് നന്ദി ഹിൽസിൽ എത്തിച്ചേരുന്നത്.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഞങ്ങൾ ബെംഗളൂരുവിൽ നിന്നും നട്ടുച്ചയ്ക്കായിരുന്നു നന്ദി ഹിൽസിലേക്ക് യാത്രയാരംഭിച്ചത്. അവിടെയുള്ള KSTDC യുടെ മയൂര എന്നു പേരുള്ള ഹോട്ടലിൽ താമസിച്ചുകൊണ്ട് നന്ദി ഹിൽസിലെ കാഴ്ചകൾ ആസ്വദിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം. അവിടെ 2000 രൂപ മുതൽ മുറികൾ ലഭിക്കും. സീസൺ അനുസരിച്ച് റൂം ചാർജ്ജിൽ മാറ്റങ്ങൾ ഉണ്ടാകും. പോയി കണ്ട് വരുന്നതിലും മികച്ച രീതിയിൽ ആസ്വദിക്കുവാൻ ഇവിടെ ഒരു ദിവസം പോയി താമസിച്ചാൽ മാത്രം മതി.

സ്വന്തം വാഹനങ്ങളിൽ നന്ദി ഹിൽസിലേക്ക് പോകുന്നവർക്ക് അവിടെ വാഹനം പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ലഭ്യമാണ്. കൂടാതെ ബാംഗ്ലൂരിലെ പ്രധാന ബസ്‌സ്റ്റേഷനായ മജസ്റ്റിക് കെമ്പഗൗഡ സ്റ്റാൻഡിൽ നിന്നും നന്ദി ഹിൽസിലേക്ക് ബസ്‌ സർവ്വീസും ഉണ്ട്. എന്നാൽ ബസ്സുകൾ വളരെ കുറവാണെന്നാണ് അറിയുവാൻ കഴിഞ്ഞത്. ഇവിടെ എത്തിച്ചേരാൻ മറ്റൊരു മാർഗ്ഗം കൂടിയുണ്ട്. ബാംഗ്ലൂർ സിറ്റിക്കു പുറത്തു സ്ഥിതിചെയ്യുന്ന ദൊഡ്ഡബെല്ലാപ്പൂർ എന്ന സിറ്റിയിൽ ചെന്നും നന്ദി ഹിൽസിലേക്ക് എത്താവുന്നതാണ്.

അങ്ങനെ ഞങ്ങൾ നന്ദി ഹിൽസിലേക്ക് യാത്രയാരംഭിച്ചു. ബെംഗളൂരു നഗരത്തിലെ തിക്കും തിരക്കുമെല്ലാം ഒഴിഞ്ഞു ഞങ്ങൾ കർണാടകയുടെ ഗ്രാമക്കാഴ്ചകളിലൂടെ സഞ്ചരിക്കുവാൻ തുടങ്ങി. പോകുന്ന വഴിയ്ക്ക് ഞങ്ങൾ വിശപ്പ് അടക്കുന്നതിനായി ലഘുഭക്ഷണങ്ങളും പഴവർഗ്ഗങ്ങളും വാങ്ങിച്ചു. അങ്ങനെ ഞങ്ങൾ നന്ദി ഹിൽസിലേക്കുള്ള ചെക്ക് പോസ്റ്റിൽ എത്തിച്ചേർന്നു.

മലയടിവാരത്തിലാണ് ചെക്ക്പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. രാവിലെ ആറു മണി മുതൽ വൈകീട്ട് ആറുമണി വരെയാണ് ഈ ചെക്ക്പോസ്റ്റ് തുറന്നിട്ടിരിക്കുന്നത്. വൈകീട്ട് ആറുമണിയ്ക്ക് ശേഷം ചെക്ക്പോസ്റ്റ് അടയ്ക്കുകയും അതുവഴി വാഹനങ്ങളെ കടത്തിവിടാതിരിക്കുകയും ചെയ്യും.

ഞങ്ങൾ ഉച്ചസമയത്താണ് മല കയറിത്തുടങ്ങിയത്. പക്ഷേ ഉച്ചയുടെ യാതൊരുവിധ ലക്ഷണവും അവിടെ കാണുവാൻ കഴിഞ്ഞിരുന്നില്ല. ഇടദിവസം ആയിരുന്നതിനാൽ ഒട്ടും തിരക്കും ഉണ്ടായിരുന്നില്ല. വളരെ ശാന്തമായ അന്തരീക്ഷത്തിലൂടെ ഞങ്ങൾ പതിയെ മല കയറുവാൻ തുടങ്ങി. റോഡ് ഒക്കെ നല്ല കണ്ടീഷൻ ആയിരുന്നു. കുറച്ചു സമയത്തെ യാത്രയ്ക്കു ശേഷം ഞങ്ങൾ നന്ദി ഹിൽസിനു മുകളിലെത്തി.

അവിടെ ഒരു KSRTC ബസ് പാർക്ക് ചെയ്തിരുന്നതായി കണ്ടു. ഞങ്ങൾ അതിനും അൽപ്പം മുകളിലായി കാർ പാർക്ക് ചെയ്തു. രാത്രി മുഴുവനും പാർക്ക് ചെയ്യേണ്ടതിനാൽ 125 രൂപ പാർക്കിംഗിനായി കൊടുക്കുകയുണ്ടായി. ഞങ്ങൾ താമസിക്കുന്ന ഹോട്ടലിനു തൊട്ടടുത്തായാണ് പാർക്ക് ചെയ്തത്. ഹോട്ടലിലേക്ക് വാഹനങ്ങൾ കയറ്റുവാൻ സാധ്യമല്ലാത്തതിനാലാണ് പുറത്ത് പാർക്ക് ചെയ്യേണ്ടി വന്നത്.

അങ്ങനെ ഞങ്ങൾ നടന്നു ഹോട്ടലിലെത്തി. റൂം ഓൺലൈനായി ബുക്ക് ചെയ്തിരുന്നതിനാൽ അധികം ചടങ്ങുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഐഡി കാർഡ് പരിശോധിച്ച ശേഷം അവർ ഞങ്ങളെ റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഗാന്ധി നിലയ എന്ന പുതിയ ഒരു ബ്ലോക്കിൽ ആയിരുന്നു ഞങ്ങൾ തിരഞ്ഞെടുത്ത റൂം. റൂം തുറന്നു കണ്ട ഞങ്ങൾ സത്യത്തിൽ അന്തിച്ചുപോയി. വെറും 2000 രൂപയ്ക്ക് ഒരു ഗവണ്മെന്റ് ഗസ്റ്റ് ഹൗസ് ഇത്രയും മനോഹരമായി ലഭിക്കുക എന്നത് വലിയൊരു കാര്യമല്ലേ?

റൂമിൽ നിന്നുള്ള വ്യൂ പറയുകയേ വേണ്ട. അടിപൊളി തന്നെ.ഈ ഹോട്ടലിൽ താമസിക്കുന്നവർക്ക് ഭക്ഷണം കഴിക്കുവാനായി മുകളിലായി ഒരു റെസ്റ്റോറന്റ് ഉണ്ട്. കൂടാതെ നാലു പേർക്ക് ഒന്നിച്ചു താമസിക്കുവാൻ കഴിയുന്ന സ്യൂട്ട് റൂമുകളും ഇവിടെ ലഭ്യമാണ്. ഹോട്ടലുകാരോട് സ്യൂട്ട് റൂം ഒന്നു കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഒരു മടിയും കൂടാതെ അവർ ഞങ്ങളെ ഒരു സ്യൂട്ട് റൂം കാണിച്ചു തരികയുണ്ടായി.

ഒന്നും പറയാനില്ല, അതുപോലുള്ള സൗകര്യങ്ങളും വലിപ്പവുമാണ് സ്യൂട്ട് റൂമിനെ ആകർഷണീയമാക്കുന്നത്. സീസൺ അനുസരിച്ച് ഈ റൂമുകളുടെ ചാർജ്ജിൽ മാറ്റങ്ങൾ ഉണ്ടാകും.ഇവയെക്കൂടാതെ 4500 രൂപ നിരക്കിൽ രണ്ടുപേർക്ക് താമസിക്കാവുന്ന ഡീലക്സ് റൂമുകളും അവിടെയുണ്ട്. പക്ഷേ ഡീലക്സ് റൂമുകൾക്ക് നല്ല ആഷ്-പോഷ് സൗകര്യങ്ങൾ മാത്രമേ ഉണ്ടാകൂ. വ്യൂ പോയിന്റ് ഒന്നുംതന്നെ ഇതിലില്ല. കൂടാതെ റിസപ്‌ഷനു തൊട്ടടുത്തായതിനാൽ മറ്റു റൂമുകളെപ്പോലെ അധികം പ്രൈവസി ലഭിക്കുകയില്ല.

എന്തായാലും ഇവിടത്തെ കിടിലൻ റൂം ഞങ്ങൾ ബുക്ക് ചെയ്ത ഗാന്ധി നിലയ തന്നെയാണ്.രാത്രിയായപ്പോഴാണ് അവിടത്തെ കാലാവസ്ഥ പെട്ടെന്നു മാറിയത്. മൂന്നാറിൽപ്പോലും കണ്ടിട്ടില്ലാത്ത തരത്തിലുള്ള കോടമഞ്ഞായിരുന്നു അവിടെ മുഴുവൻ. സത്യത്തിൽ ഞങ്ങൾ സ്വർഗ്ഗത്തിൽ എത്തിയപോലെയായിരുന്നു. ഒരു ഹണിമൂണിനു കൂടിയുള്ള സ്കോപ്പ് ഞങ്ങൾക്ക് ഇവിടെ വന്നപ്പോൾ ലഭിച്ചു എന്നു വേണമെങ്കിൽ പറയാം.

തണുപ്പ് ആസ്വദിച്ചതിനു ശേഷം ഞങ്ങൾ മുകളിലേക്ക് ഭക്ഷണം കഴിക്കുവാനായി പോയി. ഭക്ഷണത്തിനു അത്യാവശ്യം കത്തി നിരക്ക് ആയിരുന്നു. പക്ഷേ വേറെ വഴിയില്ലല്ലോ. അങ്ങനെ ഞങ്ങൾ കത്തി ചാർജ്ജും കൊടുത്ത് ഡിന്നർ കഴിച്ചു. ഡിന്നറിനുശേഷം തിരികെ വന്നത് ഒരുകണക്കിനായിരുന്നു. വേറൊന്നുമല്ല, കോടമഞ്ഞു ശക്തമായിരുന്നതിനാൽ തൊട്ടു മുന്നിൽ നിൽക്കുന്നവരെ വരെ കാണുവാൻ സാധ്യമല്ലായിരുന്നു.

അങ്ങനെ മഞ്ഞും തണുപ്പുമൊക്കെ ആസ്വദിച്ചു ഞങ്ങൾ തിരികെ റൂമിൽ എത്തുകയും ക്ഷീണമുണ്ടായിരുന്നതിനാൽ വൈകാതെ തന്നെ കിടക്കുകയും ചെയ്തു. ഇനി അടുത്ത ദിവസം സൺറൈസ് കാണുവാൻ പോകേണ്ടതാണ്. അതുകൊണ്ട് അധികം സമയം കളയാൻ നിൽക്കാതെ ഞങ്ങൾ ഉറക്കത്തിലേക്ക് നീങ്ങി.

പിറ്റേന്ന് അതിരാവിലെ തന്നെ ഞങ്ങൾ അലാറം വെച്ച് എഴുന്നേറ്റു റൂമിന്റെ ബാൽക്കണിയിലേക്ക് ചെന്നു. കിടിലൻ കാഴ്ചയായിരുന്നു ഞങ്ങളെ അവിടെ കാത്തിരുന്നത്. കുറച്ചു സമയം അവിടെ നിന്നതിനു ശേഷം ഞങ്ങൾ വ്യൂ പോയിന്റ് ലക്ഷമാക്കി നടന്നു. അത്യാവശ്യം ആൾക്കാരൊക്കെ അവിടെ സൺ റൈസ് കാണുവാനായി എത്തിയിരുന്നു. കഷ്ടമെന്നു പറയട്ടെ, രാവിലെ ഏഴര വരെ കാത്തിരുന്നെങ്കിലും സൂര്യനെ കാണുവാൻ ഞങ്ങൾക്കായില്ല. അതുപോലെ മൂടൽമഞ്ഞായിരുന്നു അവിടമാകെ. കുറെ നാളുകൾക്കു ശേഷമായിരുന്നു ഞാൻ ഇതുപോലെ കോടമഞ്ഞു കാണുന്നത്.

അതിനിടെ കോട്ടയത്തു നിന്നും വന്ന കുറച്ചു മച്ചാന്മാരെ പരിചയപ്പെടുകയുണ്ടായി. സൂര്യനെ കണ്ടില്ലെങ്കിലും തണുപ്പും മഞ്ഞുമൊക്കെ നന്നായി ആസ്വദിക്കാൻ പറ്റിയതിൽ എല്ലാവരും ഹാപ്പിയായിരുന്നു.അങ്ങനെ ഞങ്ങൾ സൺ റൈസ് കാണാതെ തിരികെ റെസ്റ്റോറന്റിൽ വന്നിട്ട് ഇഡ്ഡലിയും സാമ്പാറുമൊക്കെ കഴിച്ചശേഷം നന്ദി ഹിൽസിനോട് വിടപറയുവാനാരംഭിച്ചു. ഈ വിട പറച്ചിൽ മറ്റൊരു യാത്രയുടെ തുടക്കമായിരുന്നു.

Check Also

രാമക്കല്‍മേട് – ഇടുക്കിയിൽ ശ്രീരാമന്‍ കാല് കുത്തിയ ഇടം

വിവരണം – Muhammed Unais P. ഇടുക്കി റൈഡിന്റെ നാലാമത്തെ ദിവസം വൈകുന്നേരമാണ് രാമക്കല്‍മേടിലെത്തുന്നത്. രാമക്കല്‍മേടിലെ സൂയിസൈഡ് പോയിന്റും തൊട്ടടുത്തുള്ള …

Leave a Reply