മഴക്കെടുതിയിൽപ്പെട്ടു വിഷമിക്കുന്ന നമ്മുടെ സഹോദരങ്ങൾക്കായി സഹായഹസ്തങ്ങൾ നിരവധിയാണ് ഒഴുകുന്നത്. ഇതിനിടയിലും ചിലരുടെ പ്രവർത്തികൾ എല്ലാവർക്കും മൊത്തത്തിൽ തലവേദന സൃഷ്ടിക്കുകയാണ്. ഒപ്പംതന്നെ അത് നമുക്ക് എല്ലാവര്ക്കും നാണക്കേട് ഉണ്ടാക്കി വെയ്ക്കുകയും ചെയ്യുന്നു. ഉപയോഗിച്ച് മടുത്ത് വീടിന്റെ ഒരു മൂലയിൽ തള്ളിയ വസ്ത്രങ്ങളും സാധനങ്ങളും വീട്ടിൽ നിന്നും ഒഴിവാക്കുവാനുള്ള ഒരു അവസരമായി ചിലർ ഇതിനെ കാണുന്നു എന്നതാണ് കാരണം. ഇതിനെക്കുറിച്ച് ജേർണലിസ്റ്റായ രവിശങ്കർ കെ.വി. (https://www.facebook.com/Ravitourismindia/) ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് വൈറലാകുകയാണ്. ‘ദുരന്തമുഖത്തും ദുരന്തമാകുന്ന മലയാളി’ എന്ന തലക്കെട്ടോടെയുള്ള അദ്ദേഹത്തിൻറെ പോസ്റ്റ് താഴെ കൊടുക്കുന്നു.
“ഇതോടൊപ്പമുള്ള ചിത്രം, മഴ ദുരിതത്തിൽ, കഷ്ടപ്പാടുകളുടെ പടുകുഴിയിൽ വീണ, വയനാട് ജില്ലയിലെ പാവപ്പെട്ടക്കാർക്കായി, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി തുറന്ന വയനാട് കളക്ടറെറ്റിലെ സെന്ററിൽ നിന്നും പ്രിയ സുഹൃത്ത് ഗോപിനാഥ് പാറയിൽ ഇന്ന് പകർത്തിയതാണ് . ഗോപിയുടെ പോസ്റ്റ് പ്രത്യേകം ഷെയർ ചെയ്തിട്ടുണ്ട് മനുഷ്യത്വം കുറച്ചെങ്കിലും ബാക്കിയുള്ളവർ ശ്രദ്ധിക്കുക, അതില്ലാത്തവർക്ക് പറഞ്ഞു കൊടുക്കുക. ഒരിക്കലും ഇത്തരമൊരു നീച പ്രവർത്തി ചെയ്യരുത്. മനസ്സിൽ പോലും ചിന്തിക്കരുത്.
ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് എത്തിക്കേണ്ട വസ്തുക്കളുടെ ലിസ്റ്റും, ആവശ്യങ്ങളും പറയുമ്പോൾ, അത് മായി ബന്ധപ്പെട്ട എല്ലാവരും നിരന്തരം, കൃത്യമായ നിർദേശങ്ങൾ പറഞ്ഞിട്ടും, ഇത്തരം “അധമ പ്രവർത്തി” ചെയ്യുന്നവരെ എന്ത് പേരിട്ടാണ് വിളിക്കുക. നിങ്ങൾ സഹായം ചെയ്തില്ലെങ്കിലും വേണ്ടില്ല, ഉപദ്രവകാരികൾ ആവരുത്. നിർഭാഗ്യവശാൽ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിപ്പെട്ടവരും ആത്മാഭിമാനമുള്ള, അന്തസ്സുള്ള മനുഷ്യരാണെന്നും, നമ്മുടെ സഹ ജീവികൾ ആണെന്നും ഓർക്കുക. അതിനനുസരിച്ചു പെരുമാറുക. നാളെ നമുക്കൊരുത്തർക്കും ഇത്തരം അനുഭവങ്ങൾ വരാം എന്ന് മറക്കണ്ട.
“മരത്തിൽ നിന്നും പഴുത്ത പ്ലാവില വീഴുമ്പോൾ, ഉണ്ടാവുന്ന പച്ച പ്ലാവില മനോഭാവം” മനസ്സിൽ നിന്നും ഇപ്പോഴേ നുള്ളി കളയുക. ദുരിതാശ്വാസ പ്രവർത്തങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ബഹുഭൂരിപക്ഷം പേരും സമൂഹത്തിൽ ഏറ്റവും തിരക്ക് പിടിച്ച ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരും, തങ്ങളുടെ സ്ഥാപനങ്ങളിൽ ഉന്നത ഉദ്യോഗവും, കനത്ത ഉത്തരവാദിത്വപ്പെട്ട ചുമതലകൾ ചെയ്യുന്നവരും ആണ്. അതിനിടയിൽ അവരുടെ നല്ല മനസ് കൊണ്ടാണ് അവർ സഹജീവികളുടെ കണ്ണീരൊപ്പാൻ സമയം കണ്ടെത്തുന്നത് എന്ന് മറക്കണ്ട.
നിങ്ങളുടെ ഉപയോഗം കഴിഞ്ഞു വലിച്ചെറിയാനുള്ള കുപ്പ തൊട്ടിയല്ല ഇത്തരം കളക്ഷൻ സെന്ററുകൾ. അവിടെ അത് വേര്തിരിക്കാനും, അലക്കാനും, ഇസ്തിരി ഇടാനും ആളുകൾ ഇല്ല എന്ന് തിരിച്ചറിയുക. നല്ല മനസ്സുള്ളവർ കൊണ്ട് വരുന്ന പുത്തൻ വസ്ത്രങ്ങൾ വെക്കാൻ പോലും പലപ്പോഴും സ്ഥലം തികയാതെ വരുന്ന അവസ്ഥയിൽ ഇത്തരം പാഴ് വസ്തുക്കൾ ഒരു വലിയ ഭാരം തന്നെയാണെന്നു മറക്കരുത്. പരിമിതമായ സ്റ്റോറേജ് സൗകര്യത്തിന് ഇതൊരു വിലങ്ങു തടിയാണ്.
സന്നദ്ധ പ്രവർത്തകർക്ക് വിലയേറിയ മറ്റു പ്രവർത്തനങ്ങൾ ചെയ്യാനുള്ള സമയവും, അധ്വാനവുമാണ് ചിലരുടെ അധമ പ്രവർത്തനങ്ങൾ മൂലം വെറുതെ പോവുന്നത്. ഇനിയുള്ള സമയെത്തെങ്കിലും അതോർക്കുക. പരിസര ശുചിത്വം പരമാവധി സൂക്ഷിക്കാനും, അതിനായി പ്രവർത്തിക്കുന്നവരുമാണ് സന്നദ്ധ പ്രവർത്തകരിൽ ബഹു ഭൂരിപക്ഷവും. ഇത്തരം പാഴ്വസ്തുക്കൾ, മറ്റുള്ളവർക്ക് ദ്രോഹമാകാതെ കളയുക എന്നത്, ഇവരെയെലാം സംബധിച്ചിടത്തോളം പരമ പ്രധാനമാണ്. അതിനുള്ള സ്ഥലമില്ല , സമയമില്ല. സൗകര്യമില്ല.
ഉപയോഗ ശൂന്യവുമായ ഇത്തരം വസ്ത്രങ്ങൾ കത്തിച്ചു കളയുകയോ, ഭദ്രമായി നശിപ്പിച്ചു കളയുകയോ ചെയ്യുന്നത് പോലും വളരെ പണ ചിലവുള്ള കാര്യമാണ്.അധ്വാനം വേണ്ട കാര്യമാണ് ആ പൈസ എത്ര ചെറുതായാലും അത് ദുരിതാശ്വാസത്തിനായി എത്തിച്ചാൽ അത് കിട്ടുന്നവർക്ക് ലഭിക്കുന്ന സമാശ്വാസം ചില്ലറയല്ല എന്നോർക്കുക. നല്ല വസ്ത്രങ്ങൾ ഒരെണ്ണമായാലും വേണ്ടില്ല. ആർക്കും വേണ്ടാത്ത വസ്ത്രങ്ങൾ ദയവ് ചെയ്തു ദുരിതാശ്വാസത്തിനെന്ന പേരിൽ എവിടെയും കൊണ്ട് കൊടുക്കരുത്. ഉപകാരം ചെയ്തില്ലെങ്കിലും വേണ്ടില്ല. ഉപദ്രവിക്കരുത്!! പ്ളീസ്…”
കടപ്പാട് : ഏഷ്യാനെറ്റ് ന്യൂസിലെ സിന്ധു സൂര്യകുമാറിനും, കവർ സ്റ്റോറിക്കും…