കണ്ടത്ത് ട്രാൻസ്‌പോർട്ട് : പാലക്കാട് ചരിത്രം കുറിച്ച ഒരു ബസ് ഓപ്പറേറ്റർ

പാലക്കാട് ജില്ലയിലെ സ്വകാര്യ ബസ്സുകളുടെ ചരിത്രം എഴുതിയാൽ ഒരിക്കലും ഒഴിവാക്കാനാവാത്ത പേരാണ് കണ്ടത്ത്. പാലക്കാട് ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ മയിൽ വാഹനം എങ്ങനെയാണോ അത് പോലെയായിരുന്നു കിഴക്കൻ പാലക്കാട് ഭാഗത്ത് കണ്ടത്തിന്റെ സ്ഥാനം. മയിൽവാഹനം ഗുരുവായൂർ – പാലക്കാട്, കോഴിക്കോട് – പാലക്കാട് റൂട്ടിൽ കൂടുതൽ വണ്ടികൾ ഇറക്കിയപ്പോൾ Interstate Permit ൽ ആയിരുന്നു കണ്ടാത്ത് കൂടുതൽ വണ്ടികൾ ഓടിച്ചത്.

കണ്ടത്ത് എത്താത്ത പാലക്കാടൻ ഗ്രാമങ്ങൾ നന്നേ കുറവായിരുന്നു. വാഹനസൗകര്യം കുറവായിരുന്ന പല ഉൾപ്രദേശങ്ങളിലേക്കും കണ്ടത്ത് ഓടിയിരുന്നു. അതേപോലെ തന്നെ പാലക്കാട് – ഗുരുവായൂർ റൂട്ടിലെ ഏക എക്സ്പ്രസ്സ് സർവീസ് തുടങ്ങി കണ്ടത്ത് ചരിത്രത്തിൽ ഇടംപിടിക്കുകയും ചെയ്തു. ടൗൺ സർവ്വീസുകൾ കൂടാതെ തമിഴ്‌നാട്ടിലെ പൊള്ളാച്ചി റൂട്ടിലേക്കും കണ്ടത്ത് ബസ്സുകൾ സർവ്വീസ് നടത്തിയിരുന്നു.

എഴുപതുകളിൽ തൃശ്ശൂർ, വടക്കഞ്ചേരി ഭാഗത്തു നിന്ന് പാലക്കാട്ടേക്കുള്ള ബഹുഭൂരിപക്ഷം ബസ്സുകളും കൊടുവായൂർ വഴി പോയിരുന്നപ്പോൾ കുഴൽമന്ദം വഴി പെർമിറ്റുണ്ടായിരുന്ന ഒരു പ്രസ്റ്റ്യേജ് വണ്ടി ആയിരുന്നു കണ്ടത്ത്. അന്ന് 50 ബസ്സുകൾ വരെ കണ്ടത്തിനുണ്ടായിരുന്നു. 2000 കാലഘട്ടത്തിൽ ഇത് നൂറിലധികമായി മാറുകയും ചെയ്തു. ഒരു കാലത്ത് പാലക്കാട് ഏത് ബസ് സ്റ്റാൻഡിൽ പോയാലും ഏത് സമയത്തും മിനിമം മൂന്നോ നാലോ കണ്ടത്ത് ബസ്സുകൾ കാണുമായിരുന്നു. ചില പഴയ മലയാള സിനിമകളിലും കണ്ടത്ത് ബസ്സുകൾ മുഖം കാണിച്ചിട്ടുണ്ട്.

പൊതുവെ സ്വകാര്യ ബസ് സർവീസുകളുടെ അന്ത്യത്തിനു കളമൊരുങ്ങുന്നത് കെഎസ്ആർടിസിയുടെ കടന്നുവരവോടെയായിരിക്കും. എന്നാൽ കണ്ടത്തിൻ്റെ കാര്യത്തിൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. വളർച്ച ബന്ധങ്ങളെ അകറ്റും എന്ന സ്ഥിതി കണ്ടത്തിലും ഉടലെടുത്തു. സഹോദരങ്ങൾ തമ്മിൽ തർക്കം ആയി, കേസ് ആയി. അവസാനം കണ്ടത്ത് വിഭജിക്കപ്പെട്ടു.

പൊള്ളാച്ചി തിരുവില്വാമല വണ്ടികൾ, GB റോഡിൽ ഉള്ള വർക്ക്ഷോപ്പ് എന്നിവ ഒരു സഹോദരനും, ടൌൺ സെർവിസും G B റോഡ് ൽ ഉള്ള ഓഫീസും മറ്റൊരു സഹോദരനുമായി ഭാഗിക്കപ്പെട്ടു.  കാലങ്ങളുടെ കുത്തൊഴുക്കിൽ ടൌൺ സർവീസുകളുടെ നടത്തിപ്പ് പ്രാരാബ്ദങ്ങൾക്കു വഴിവെക്കുകയും, അതോടൊപ്പം ഉണ്ടായ  തൊഴിലാളി പ്രശനങ്ങളും കൂടിയായതോടെ അവർ വണ്ടികൾ ഒന്ന് ഒന്നായി വിറ്റു. മറുപക്ഷത്തും സംഭവിച്ചത് ഇതൊക്കെത്തന്നെ ആയിരുന്നു. ഇന്റർസ്റ്റേറ്റ് പെർമിറ്റുകൾ അടക്കമുള്ളവ പിന്നീട് അവരും വിറ്റു ഒഴിവാക്കുകയായിരുന്നു.

പ്രൈവറ്റ് ബസ് മേഖലയിൽ വലിയ തരംഗം സൃഷ്ടിച്ച കണ്ടത്ത് ഗ്രൂപ്പ് പുതിയ കാലത്തിൻറെ നിയമങ്ങളിൽ പിടിച്ചു നിൽക്കാൻ കഴിയാതെ 2001 – 2002 കാലഘട്ടത്തിൽ അവരുടെ അന്തർസംസ്ഥാന സർവീസുകൾ അടക്കം ഏതാണ്ട് എല്ലാ സർവീസുകളും നിർത്തി. മിച്ചം വന്ന ബസ്സുകളിൽ ചിലത് പാലക്കാട് ടൗണിലുള്ള അവരുടെ ഷെഡിൽ നാഥനില്ലാത്ത പോലെ ഇന്നും തുരുമ്പെടുത്തു കിടക്കുന്നുണ്ട്. ആ കാഴ്ച ഏതൊരു ബസ് പ്രേമിയുടെയുള്ളിലും വിങ്ങലുളവാക്കുന്നതാണ്.

കേരളത്തിലെ സ്വകാര്യ ബസ്സ്‌ സര്‍വീസുകളുടെ കൂട്ടത്തില്‍ തിളക്കമാര്‍ന്ന നാമമായിരുന്നു കണ്ടത്ത്. ഒരു തലമുറയുടെ ഇടയിൽ ഒന്നാകെ ഹീറോ പരിവേഷമുണ്ടായിരുന്ന കണ്ടത്ത് ഇന്ന് ആരാലും അറിയപ്പെടാതെ ചരിത്രം ഉറങ്ങുന്ന പാലക്കാട് മണ്ണിൽ, ശോകമൂകമായ അന്തരീക്ഷത്തിൽ ശിഷ്ടകാലം കഴിച്ചു കൂട്ടുന്നു.

കടപ്പാട് – Members of Bus Kerala, KBR.

Check Also

ലോകത്തിലെ Top 20 ബഡ്‌ജറ്റ്‌ എയർലൈനുകൾ ഇവയാണ്… Top 20 best low-cost airlines in the world

A low-cost carrier (also known as a no-frills, discount or budget airline) is an airline …

Leave a Reply