LMS അഥവാ ലീന മോട്ടോർസ് : 45 വർഷത്തെ സർവ്വീസ് പാരമ്പര്യം

LMS ലീനാ മോട്ടോർ സർവ്വീസ്… ഇടുക്കി ജില്ലയിലെ പൂമാല എന്ന കൊച്ചു ഗ്രാമത്തിൽ നിന്ന് എറണാകുളം എന്ന കേരളത്തിന്റെ വാണിജ്യ തലസ്ഥാനത്തേക്ക് ദിനവും കുതിക്കുന്ന ബസ് സർവ്വീസ്. 1976 ൽ K.C ജോസഫ്, N.M ജോർജ് എന്നിവർ ചേർന്നാണ് ബസ് സർവ്വീസ് ആരംഭിക്കുന്നത്. പാലാ – തൊടുപുഴ റൂട്ടിൽ ആയിരുന്നു തുടക്കം. സീത എന്നായിരുന്നു ആദ്യ ബസ്സിന്റെ പേര്.

പിന്നീട് നടുവട്ടം – മുവാറ്റുപുഴ, തൊടുപുഴ – മട്ടാഞ്ചേരി, ഊന്നുകല്ല് – തൊടുപുഴ, മേലുകാവ്‌ – മുവാറ്റുപുഴ – എറണാകുളം, എരുമേലി – എറണാകുളം, ഈരാറ്റുപേട്ട – തൊടുപുഴ തുടങ്ങിയ പെർമിറ്റുകൾ സ്വന്തമാക്കി സർവ്വീസ് നടത്തിക്കൊണ്ടുപോന്നു. സീത, ലിന, ജീന, ലീന, വീണ, സുഭാഷ്, കൈരളി എന്നിങ്ങനെയായിരുന്നു ബസ്സുകൾക്ക് പേര് നൽകിയിരുന്നത്.

1980 ൽ ആണ് അവരുടെ ആദ്യ ഫാസ്റ്റ് പെർമിറ്റിന് അപേക്ഷ കൊടുക്കുന്നത് അതും ഇടുക്കി ജില്ലയിലെ പൂമാലയിൽ നിന്ന്. 1989 ൽ പെർമിറ്റിന് അനുമതി ലഭിച്ചു. എന്നാല്‍‌ 1991 ലാണ് സർവ്വീസ് ആരംഭിച്ചത്. പുതിയ ലെയ്ലാൻഡ് ചെയ്‌സ് വാങ്ങി സ്വന്തം വർക്ക്‌ ഷോപ്പിൽ ബോഡി കെട്ടി ഇറക്കി പൂമാല റൂട്ടിൽ സർവ്വീസ് ആരംഭിച്ചു. ആദ്യ കാലത്ത് എറണാകുളം സൗത്ത് വരെ ആയിരുന്നു സർവ്വീസ്. തങ്ങളുടെ ഗ്രാമത്തിലേക്ക് കടന്ന് വന്ന ആദ്യ ഫാസ്റ്റ് ബസ്സിനെ ആളുകൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു. പിന്നിടങ്ങോട് ലീനയുടെ സുവർണ്ണ കാലം ആയിരുന്നു. യാത്രക്കാരന്റെ സമയത്തിന്റെ വില കൃത്യമായി മനസിലാക്കി സർവ്വീസ് തുടങ്ങിയ ലീന യഥാർത്ഥത്തിൽ ഒരു ജനകീയ സർവ്വീസ് തന്നെ ആയിരുന്നു.

രാവിലെ ഏഴുമണിയോടടുത്ത് പൂമാലയിൽ നിന്ന് സർവ്വീസ് തുടങ്ങി തൊടുപുഴ എത്തുമ്പോഴേക്കും പല സ്ഥാപനങ്ങളിലേക്കുള്ള ആളുകളും ഉദ്യോഗസ്ഥരുമായി ബസ് നിറയും. എറണാകുളത്തിനും പ്രാന്തപ്രദേശത്തിനുമുള്ള എല്ലാം യാത്രക്കാരെയും കൃത്യസമയത്ത് എത്തിച്ചിരുന്ന ലീനയിൽ ആളുകൾ കാത്തുനിന്ന് കയറുമായിരുന്നു. ഈ കാലയളവിൽ തന്നെ ലീന ഗ്രൂപ്പ്‌ മറ്റ് റൂട്ടുകളിലും സാന്നിധ്യം അറിയിച്ചു. അങ്ങനെ നിരവധി മലയോര ഗ്രാമങ്ങളെ എറണാകുളവുമായി ബന്ധിപ്പിച്ച് ലീന സർവ്വീസ് തുടർന്നു.

1995 ൽ ജോസഫും ജോർജ്ജും ഷെയർ പിരിഞ്ഞ് ഇന്ന് കാണുന്ന ലിന, ലീന (LMS) എന്നീ വ്യത്യസ്ത ഓപ്പറേറ്റേഴ്‌സ് ആയി മാറി. ഏകദേശം 2000 കാലഘട്ടത്തിൽ ആണ് ലീന എന്ന പേരിന് പകരം ലീനാ മോട്ടോർ സർവ്വീസ് എന്നതിന്റെ ചുരുക്ക പേരായ L M S എന്ന പേര് വന്നത്. കൊമ്പന്റെ നെറ്റിപട്ടം പോലെ ശിരസ്സിന്റെ ഒത്ത നടുവിൽ LMS എന്ന മൂന്നക്ഷരങ്ങൾ. ഇതുമൂലം ഏതൊരാൾക്കും എളുപ്പത്തിൽ LMS ബസ്സുകൾ തിരിച്ചറിയാൻ സാധിച്ചിരുന്നു. സമയാ സമയങ്ങളിൽ ബസ്സുകൾ മാറ്റി പൂമാല റൂട്ടിൽ ലീന തന്റെ ജൈത്ര യാത്ര തുടർന്നു. ഈ കാലയളവിൽ പുതുപുത്തൻ ബസുകൾ മാറി വന്നു.

2015 ലെ സ്വകാര്യ ബസുകളുടെ സൂപ്പർ ക്ലാസ്സ്‌ പദവി റദ്ദാക്കിയ കൂട്ടത്തിൽ ലീനയുടെ പൂമാല ഫാസ്റ്റ് പാസഞ്ചർ സർവ്വീസിന്റെയും പെർമിറ്റ്‌ നഷ്ടപെട്ടു. എന്നാൽ ഇതിന് എതിരെ കോടതിയിൽ നിന്ന് അനുകൂല വിധിയുമായി FP പെർമിറ്റിൽ തന്നെ ബസ് വീണ്ടും സർവ്വീസ് തുടർന്നു. എന്നാൽ ഒരു വർഷത്തിന് ശേഷം LMS ന്റെ FP പദവി നഷ്ടമായി. സൂപ്പർക്ലാസ്സ്‌ പ്രശ്നം മൂലം മധ്യകേരളത്തിലെ പ്രമുഖരായ പല ഓപ്പറേറ്റർമാരും സർവ്വീസ് നിർത്തിയ കൂട്ടത്തിൽ LMS ന്റെ പല ബസുകളും സർവ്വീസ് നിർത്തുകയോ മറ്റ് ഓപ്പറേറ്റർമാർക്ക് നൽകുകയോ ചെയ്തു.
പകരം കെഎസ്ആർടിസി വന്നെങ്കിലും തങ്ങളുടെ ആദ്യ ഫാസ്റ്റ് പെർമിറ്റ് ആയ പൂമാല – എറണാകുളം റൂട്ടിൽ‌ ലിമിറ്റഡ് സ്റ്റോപ്പ് ആയി ലീന തുടർന്നു.

പൂമാല എന്ന കൊച്ചു ഗ്രാമത്തെ മധ്യകേരളത്തിലെ ബസ് പ്രേമികളുടെ ഇടയിൽ വരച്ചു ചേർത്ത L.M.S (ലീന) ഇന്നും ഓരോ യാത്രികന്റെയും മനസ്സിൽ മായാതെ നിൽക്കുന്നു. പൂമാല – തൊടുപുഴ റൂട്ടിലെ ഓരോ യാത്രക്കാരനെയും ആദ്യമായി നേരിട്ട് എറണാകുളത്ത്‌ എത്തിച്ച ലീനയെ അത്ര പെട്ടന്ന് മറക്കുവാൻ കഴിയില്ല. കൃത്യനിഷ്ഠത, സൗഹാർദ്ദപരമായ ഇടപെടലുകള്, പുത്തന് ബസുകള് ഇവയൊക്കെ ലീനാ മോട്ടോഴ്‌സ് മുഖമുദ്രകളാണ്. 45 വർഷത്തെ സർവ്വീസ് പാരമ്പര്യവുമായി ലീനയുടെ നിലവിലുള്ള ബസ്സുകൾ ഇന്നും സർവ്വീസ് നടത്തുന്നു.

Check Also

ലോകത്തിലെ Top 20 ബഡ്‌ജറ്റ്‌ എയർലൈനുകൾ ഇവയാണ്… Top 20 best low-cost airlines in the world

A low-cost carrier (also known as a no-frills, discount or budget airline) is an airline …

Leave a Reply