“ഇത് വെറുമൊരു സെൽഫി അല്ല, നന്മയിൽ പിറന്ന സെൽഫി. നന്ദി കേരള പോലീസ്, വലപ്പാട് പോലീസ്, ASI ജയരാജ് സർ, അഖിൽ സർ.” – പെരുമ്പാവൂർ സ്വദേശി ജബ്ബാർ എഴുതിയ വൈറലായ കുറിപ്പ് ഇനി വായിക്കാം.
കഴിഞ്ഞ ദിവസം (29-01-2021) പുലർച്ചെ മൂന്നുമണിയോടടുത്തു മൊബൈൽ ബെല്ലടിച്ചു. പെങ്ങളുടെ മകൻ ഇദ്രീസ് ആണ്. അളിയനെ നെടുമ്പാശ്ശേരി എയർപോർട്ടിൽ കൊണ്ടാക്കി തിരിച്ചുവരണ വഴിയിൽ എടമുട്ടത്തിനടുത്ത് വച്ചു വണ്ടി പഞ്ചർ ആയി. വണ്ടിയിൽ ടൂൾസ് ഒന്നും ഇല്ല വർക്ക് ഷോപ്പ് ഒന്നും തുറന്നിട്ടില്ല. പെങ്ങളും മൂന്ന് ചെറിയ മക്കളും വണ്ടിയിലുണ്ട് എന്ത് ചെയ്യും.
വീട്ടിൽ നിന്നും ഏകദേശം 25 കിലോമീറ്റർ ഉണ്ട് അങ്ങോട്ട്. അതുകൊണ്ട് തന്നെ അവിടെ തന്നെ ആരുടെയെങ്കിലും സഹായം കിട്ടുമോ എന്ന് നോക്ക്. വല്ല പോലീസ് വണ്ടിയോ മറ്റോ വന്നാൽ കൈകാണിച്ചോ. ആരെയും കിട്ടിയില്ലെങ്കിൽ ഞാൻ വരാം എന്നും പറഞ്ഞു.

പിന്നീട് അവിടെ നടന്നത് പെങ്ങൾക്കും അവരുടെ മക്കൾക്കും വലിയൊരു അനുഭവമായിരുന്നു. ജനങ്ങൾക് എന്തൊരു സഹായത്തിനും സമീപിക്കാവുന്ന ഒന്നാമത്തെ ഓപ്ഷൻ കേരള പോലീസ് ആണെന്ന് തെളിയിക്കുന്ന അനുഭവമായിരുന്നു.
കുറച്ചു സമയത്തിന് ശേഷം ഞാൻ വിളിച്ചപ്പോ ഇദ്രീസ് പറഞ്ഞത്. “എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുന്ന സമയത്ത് രാത്രി പെട്രോളിംഗിന് വന്ന പോലീസ്കാരെ സമീപിച്ചു. അവർ കാര്യമന്വേഷിച്ചതിന് ശേഷം പെങ്ങളും ചെറിയകുട്ടികളുമുള്ളതും മനസ്സിലാക്കി അവരോട് പേടിക്കേണ്ട എന്നും കുറച്ചു അപ്പുറത്ത് 24 മണിക്കൂർ പ്രവർത്തിക്കുന്ന പഞ്ചർ വർക് ഷോപ് ഉണ്ടെന്നും നോക്കീട്ടു വരാമെന്നും പറഞ്ഞ് പോയി.
കുറച്ചു സമയത്തിന് ശേഷം അവർ തിരിച്ചു വന്നു. പോലീസുകാർ തന്നെ ടൂൾസ് എടുത്ത് ഒരു സർ ലൈറ്റടിച്ച് കൊടുക്കുകയും മറ്റേ സർ വണ്ടിയുടെ അടിയിൽ കിടന്ന് സ്റ്റെപ്പിനി ടയർ മാറ്റി ഇടുകയും ചെയ്തു. ഇതിനിടയിൽ ഒന്ന് ഹെല്പ് ചെയ്യാൻ പോലും എന്നെ സമ്മതിച്ചില്ല. എല്ലാം കഴിഞ്ഞു കൈ കഴുകിയതിന് ശേഷം പോലീസുകാർ സന്തോഷത്തോടെ ഞങ്ങളെ യാത്രയാക്കി.”

നമ്മൾ എപ്പോളും മറ്റു രാജ്യങ്ങളിലെ പോലീസുകാരെ കുറിചുള്ള കാര്യങ്ങൾ കേൾക്കാറുണ്ട്. എന്നാൽ നമ്മുടെ പോലീസുകാരുടെ നന്മകൾ ചിലപ്പോൾ പുറത്തു വരാറില്ല. പ്രയാസഘട്ടത്തിലെ കേരള പോലീസിന്റെ സഹായത്തെ മറ്റുള്ളവരെ അറിയിക്കുക എന്നതോടൊപ്പം വലപ്പാട് പോലീസ് സ്റ്റേഷനിലെ ASI ജയരാജൻ സാറിനും, അഖിൽ സാറിനും നന്ദി അറിയിക്കുന്നതിനുമാണ് ഈ കുറിപ്പുകൊണ്ട് ഉദ്ദേശിക്കുന്നത്.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog