250 രൂപയ്ക്ക് ഗുരുവായൂരിലെ കാഴ്ചകള്‍ കാണുവാന്‍ ഒരു പാക്കേജ്…

ഗുരുവായൂര്‍ ക്ഷേത്രത്തെക്കുറിച്ച് അറിയാത്തവര്‍ ആരുംതന്നെ കേരളത്തില്‍ ഉണ്ടാകില്ല. അത്രയും പ്രസിദ്ധമാണ് ഈ ക്ഷേത്രവും ഗുരുവായൂര്‍ എന്ന സ്ഥലപ്പേരും. ശബരിമല പോലെ തന്നെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭക്തര്‍ ദര്‍ശനത്തിനെത്തുന്ന ഒരു ക്ഷേത്രമാണ് ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം. പുലർച്ചെ മൂന്ന് മണിക്കാണ് ക്ഷേത്രത്തിന്റെ ശ്രീകോവിൽനട തുറക്കുന്നത്. ഗുരുവായൂരില്‍ ക്ഷേത്രം മാത്രമല്ല ഒത്തിരി കാഴ്ചകള്‍ വേറെയും ബാക്കിയുണ്ട്. എന്നാല്‍ ഇവിടെ വരുന്നവര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് തിരികെ പോകാറാണ് പതിവ്.

വെറും 250 രൂപ മുടക്കിയാല്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തോടൊപ്പം പരിസരപ്രദേശങ്ങളിലെ കാഴ്ചകളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു പാക്കേജ് ലഭ്യമാക്കിയിരിക്കുകയാണ് പ്രശസ്ത ട്രാവല്‍ ഗ്രൂപ്പായ ഈസി ട്രാവല്‍സ്. പാക്കേജ് എടുത്ത പ്രകാരം അതിരാവിലെതന്നെ ഞാന്‍ ഗുരുവായൂരില്‍ എത്തി. ആദ്യം ക്ഷേത്ര ദര്‍ശനം. എന്നിട്ടാകാം ബാക്കി. ക്ഷേത്ര ദര്‍ശനത്തിനായി അത്യാവശ്യം നല്ല ക്യൂ ഉണ്ടായിരുന്നു. മൂന്നു- നാലു മണിക്കൂര്‍ ക്യൂ നിന്നതിനു ശേഷമാണ് എനിക്ക് ദര്‍ശനം ലഭിച്ചത്. അപ്പോഴാണ്‌ ഒരു കാര്യം അറിയുവാന്‍ സാധിച്ചത്. 4500 രൂപ മുടക്കി ഇവിടെ നെയ്‌വിളക്ക് വഴിപാട് നടത്തിയാല്‍ 5 പേര്‍ക്ക് ഒട്ടും ക്യൂ നില്‍ക്കാതെ അകത്ത് കയറി ദര്‍ശനം നടത്തുവാന്‍ സാധിക്കും. ഇത് പുതിയൊരു അറിവായിരുന്നു. ഗുരുവായൂരപ്പന്‍റെ അനുഗ്രഹവും വാങ്ങിയശേഷം ഞങ്ങള്‍ പുറത്തിറങ്ങി. അപ്പോഴേക്കും സമയം രാവിലെ 11 നോട്‌ അടുത്തിരുന്നു. ക്ഷേത്രത്തോടൊപ്പം തന്നെ പ്രശസ്തമാണ് ഗുരുവായൂര്‍ പപ്പടവും. ഗുരുവായൂര്‍ ക്ഷേത്രത്തെ ചുറ്റിപ്പറ്റി നല്ല പപ്പടക്കടകള്‍ ധാരാളമുണ്ട്. വീട്ടുകാര്‍ക്ക് പപ്പടം വളരെ ഇഷ്ടപ്പെട്ട ഒന്നാണ്. അതുകൊണ്ട് ഞാനും വാങ്ങി പപ്പടം.

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനു ശേഷം പാക്കേജ് പ്രകാരം ഞങ്ങള്‍ പോയത് തൊട്ടടുത്തുള്ള മമ്മിയൂര്‍ ക്ഷേത്രത്തിലേക്ക് ആയിരുന്നു.ഒരു പുരാതന ശിവക്ഷേത്രമാണ് മമ്മിയൂർ മഹാദേവക്ഷേത്രം. പഴയ കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പറയപ്പെടുന്ന ശിവക്ഷേത്രമാണ് ഇത്. ഗുരുവായൂർ ക്ഷേത്രത്തിനു അടുത്തായി ഗുരുവായൂർ-കുന്നംകുളം/കോഴിക്കോട് റൂട്ടിൽ വടക്കുപടിഞ്ഞാറ്‌ ഭാഗത്തു സ്ഥിതി ചെയ്യുന്നു. ഗുരുവായൂരിൽ പോകുന്ന എല്ലാ ഭക്തജനങ്ങളും ഇവിടെയും പോകണം എന്നാണ് ആചാരം. മമ്മിയൂര്‍ ക്ഷേത്രത്തില്‍ തിരക്ക് ഒട്ടും ഉണ്ടായിരുന്നില്ല.

മമ്മിയൂര്‍ ദര്‍ശനം നടത്തിയശേഷം ഞങ്ങള്‍ പോയത് കേരളത്തിലെ തന്നെ ഏറ്റവും വലിയതെന്ന് പ്രശസ്തിയാർജ്ജിച്ച ആനവളർത്തൽ കേന്ദ്രമായ പുന്നത്തൂർ കോട്ടയിലേക്കായിരുന്നു. ഇത് ഗുരുവായൂർ ദ്വേവസത്തിന്റെ ഉടമസ്ഥതയിലാണ്. പുന്നത്തൂർ കോട്ടയില്‍ ഫോട്ടോഗ്രാഫി നിരോധിച്ചിരിക്കുന്നതിനാല്‍ അതിനകത്തെ കാഴ്ചകള്‍ പകര്‍ത്തുവാന്‍ സാധിച്ചില്ല. പത്തുരൂപയുടെ ടിക്കറ്റ് എടുത്താല്‍ ആര്‍ക്കും ഇവിടെ സന്ദര്‍ശിക്കാവുന്നതാണ്. ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി ലഭിക്കുന്ന ആനകളെയാണ് ഇവിടെ വളർത്താറ്. ഏകദേശം 66 ആ‍നകൾ പുന്നത്തൂർ കോട്ടയിൽ ഉണ്ട്. ആസ്സാം, ബീഹാര്‍ തുടങ്ങി പലതരം ആനകളെ അവിടെ കാണാവുന്നതാണ്. ചില ആനകള്‍ക്ക് മദപ്പാട് ഉണ്ടായിരുന്നതിനാല്‍ അവയെ പ്രത്യേകം മാറ്റിക്കെട്ടിയിരിക്കുന്നതായി കണ്ടു. അവയുടെ അടുത്ത് മദപ്പാട് ഉണ്ടെന്ന ഒരു Warning ബോര്‍ഡ് വെച്ചിട്ടുണ്ടായിരുന്നു. ആനപ്രേമികള്‍ക്ക് നല്ലൊരു അനുഭവം നല്‍കുന്ന ഒരു സ്ഥലായിരുന്നു ഇവിടം.

ആനക്കോട്ടയിലെ കാഴ്ചകളെല്ലാം കണ്ടതിനു ശേഷം ഞങ്ങള്‍ പോയത് ഗുരുവായൂരിലെത്തന്നെ പ്രശസ്തമായ പാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്കായിരുന്നു. പേര് സൂചിപ്പിയ്ക്കുന്നതുപോലെ പാർത്ഥസാരഥിയായ ഭഗവാൻ ശ്രീകൃഷ്ണനാണ് ഇവിടെ പ്രതിഷ്ഠ. ആയിരത്തിലധികം വർഷം പഴക്കം വരുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് അദ്വൈതവേദാന്തിയായ ആദിശങ്കരാചാര്യരാണെന്ന് വിശ്വസിച്ചുവരുന്നു. ഗുരുവായൂര്‍ റെയിൽവേ സ്റ്റേഷന് സമീപമാണ് പാർത്ഥസാരഥിക്ഷേത്രം.

പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും ഞങ്ങള്‍ ഒരു ഹോട്ടലില്‍ ഊണ് കഴിക്കുന്നതിനായി കയറുകയുണ്ടായി. നല്ല ഒന്നാന്തരം വെജിറ്റെറിയന്‍ ഊണ്… ഊണിനുശേഷം പാക്കേജിലെ അവസാനത്തെ സ്ഥലമായ ചാവക്കാട് ബീച്ചിലേക്ക് ഞങ്ങള്‍ യാത്രയായി. ഗുരുവായൂർ നിന്നും 4 കിലോമീറ്റർ അകലെയാണ് ചാവക്കാട് ബീച്ച്. ഗുരുവായൂരിനു സമീപമായി ഇങ്ങനെയൊരു ബീച്ച് ഉണ്ടെന്നു പലര്‍ക്കും അറിയില്ല. ഞാനും ഇപ്പോഴാണ് ഈ ബീച്ചിനെക്കുറിച്ച് കേള്‍ക്കുന്നത്. ബീച്ചില്‍ എത്തിയപ്പോള്‍ ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടുപോയി. നമ്മുടെ ചെറായി ബീച്ചൊക്കെ പോലെതന്നെ അടിപൊളി. വെയില്‍ താഴാത്ത ആ സമയത്തുപോലും ബീച്ചില്‍ ധാരാളം ആളുകള്‍ ഉണ്ടായിരുന്നു. കുറെയാളുകള്‍ കടലില്‍ കുളിക്കുന്നു. ബാക്കി ചിലര്‍ ബീച്ചിലെ മണല്‍പ്പരപ്പില്‍ ആസ്വദിക്കുന്നു. മറ്റുള്ള ബീച്ചുകളെപ്പോലെ അധികം മാലിന്യങ്ങള്‍ ഇവിടെയില്ല എന്നതും ശ്രദ്ധേയമാണ്.

എന്തായാലും നല്ലൊരു വണ്‍ഡേ ട്രിപ്പ് ആയിരുന്നു ഈസി ട്രാവല്‍സ് എനിക്ക് സമ്മാനിച്ചത്. അതും വെറും 250 രൂപയ്ക്ക് ആണെന്നതാണ് മറ്റൊരു ആകര്‍ഷണീയത. ഇങ്ങനെയൊരു പാക്കേജ് എടുത്ത് ഇവിടെയൊക്കെ ആസ്വദിക്കുവാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ അതിന് ഈസി ട്രാവൽസ് സൗകര്യമൊരുക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം: 8593936600.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply