സൗദി അറേബ്യയിലെ ദമാമിൽ നിന്നും ജോർദ്ദാൻ രാജ്യത്തിലേക്ക് ഒരു റോഡ് ട്രിപ്പ്..

വിവരണം – Thàmàr Möhàméd.

പെട്ടെന്ന് ഉണ്ടായ ഒരു തീരുമാനം ആണ്. വലിയ പെരുന്നാളിന്റെ രണ്ട് ദിവസം മുന്നേ നമ്മുടെ ഷെരീഫ്ക്കാടെ ഒരു ചോദ്യം ‘ടാ നീ ജോർദാനിലേയ്ക്ക് വരുന്നോ’ പെട്ടെന്ന് ഒരു മറുപടി പറയാൻ കഴിഞ്ഞില്ലെങ്കിലും തീരുമാനം എടുക്കാൻ അധികം സമയം വേണ്ടി വന്നില്ല. പെരുനാളിന്റെ തലേ ദിവസം 2 മണിക്ക് ദമ്മാമിൽ നിന്ന് പുറപ്പെട്ടു. കൂടെ വേറെ രണ്ട് പേരും ഉണ്ടായിരുന്നു. ശെരീഫ്ക്കാടെ ചങ്ക് സിദുവും സിത്തുവും. ഞങ്ങൾ 4 പേരും കൂടി ജോർദാനിലേയ്ക്ക് യാത്ര തുടങ്ങി. അമ്മാൻ ആയിരുന്നു ഉദ്ദേശ സ്ഥലം. 1456 km ആയിരുന്നു ജോർദാൻ ബോർഡറിലേയ്ക്ക് ദമ്മാമിൽ നിന്ന് ഗൂഗിൾ നമുക്ക് പറഞ്ഞത് തന്നത്. അൽ ഒമാരി ബോർഡർ വഴി ആയിരുന്നു ഞങ്ങൾ അമ്മാനിലേയ്ക്ക് യാത്ര തിരിച്ചത്.(DAMMAM – NARIYA- HAFR AL BATIN-RAFHA-ARAR-TURAIF-AL HADITHAH – AL OMARI).

ജോർദാൻ എന്ന കേട്ടു പരിചയം മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളു. കിലോ മീറ്ററുകൾ താണ്ടി മനോഹരമായ സൂര്യാസ്തമനം കണ്ടു. എത്രയും പെട്ടെന്ന് ജോർദാനിൽ എത്തുക എന്നുള്ള ലക്ഷ്യം ഉള്ളത്കൊണ്ട് വിശ്രമം ഇല്ലാത്ത യാത്ര ആയിരുന്നു ഞങ്ങളുടേത്. പെട്രോൾ സ്റ്റേഷനിൽ മാത്രമേ ഞങ്ങൾ നിർത്തിയിരുന്നുള്ളു. രാത്രി ഭക്ഷണം കഴിക്കാൻ ഹഫർ അൽ ബാത്തിന് നിർത്തി.അതിനു ശേഷം ഞങ്ങൾ മനോഹരമായ ഒരു കാഴ്ചകണ്ടു. നീണ്ടു നിവർന്നു കിടക്കുന്ന റോഡിലൂടെ പോകുമ്പോൾ അതാ ആകാശം മുഴുവൻ നക്ഷത്രങ്ങൾ. അത് കണ്ടപ്പോൾ ശെരീഫ്ക്കാക്ക് ഒരാഗ്രഹം വണ്ടി ഒന്നു നിർത്താൻ. പറയേണ്ട താമസം സിദ്ധു ബ്രോ വണ്ടി സൈഡ് ആക്കി. അത് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു നിമിഷമായിരുന്നു. നേർത്ത തണുപ്പും ആകാശം മുഴുവൻ നക്ഷത്രങ്ങളാൽ നിറഞ്ഞ് ഒരു ചെറു ശബ്ദം പോലും ഇല്ലാതെ മനോഹരമായ നിമിഷം. ക്യാമറ കണ്ണുകൾക്ക് പോലും അത് അത്രയ്ക്കും മനോഹരമായി ഒപ്പിയെടുക്കാൻ കഴിഞ്ഞെന്നുവരില്ല. അത്രയ്ക്കും മനോഹരമായ കാഴ്ച..

കുറച്ചു നേരം അവിടെ ചിലവഴിച്ചതിനു ശേഷമാണ് ഞങ്ങൾ യാത്ര തുടർന്നത്. രാവിലെ 5:45 ഓടുകൂടി സൗദി ബോർഡറിൽ എത്തി. അധികം ആരെയും അവിടെ കാണാൻ കഴിഞ്ഞില്ല. ആദ്യത്തെ ഗെയ്റ്റിൽ ചെന്നപ്പോൾ അവിടെ ഉള്ള സൗദി പോലീസ് ഉദ്യോഗസ്ഥൻ വന്നു വണ്ടിയുടെ പെർമിറ്റും പാസ്സ്പോർട്ടും എല്ലാം പരിശോധിച്ചു. അധികം വൈകാതെ തന്നെ ഞങ്ങൾ ജോർദാൻ ബോർഡറിലേയ്ക്ക് കടന്നു. വണ്ടി പാർക്ക് ചെയ്‌ത്‌ അകത്തേയ്ക്ക് പോയി. അവിടെയും കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നില്ല. ഇന്ത്യൻസിന് വിസ ഫ്രീ ആണ്. കൂടാതെ ഞങ്ങളുടെ കയ്യിൽ ജോർദാൻ ടിക്കറ്റ് ഉണ്ടായിരുന്നു. സിദു ബ്രോ അതൊക്കെ നേരത്തെ എടുത്തുവെച്ചതുകൊണ്ട് കാര്യങ്ങൾ കുറച്ചുകൂടെ എളുപ്പമായി.

ആ ടിക്കറ്റിന്റെ ബാർകോഡ് ജോർദാൻ പോലീസ് ഉദ്യോഗസ്ഥൻ സ്കാൻ ചെയ്‌ത്‌ വിസ ഓരോരുത്തർക്കായി സീൽ ചെയ്‌ത്‌ തന്നു. അവർ നമ്മളെ ആത്മാർത്ഥമായി സ്വീകരിച്ചു. എല്ലാം ഒരു 5 മിനിറ്റ് കൊണ്ട് തീർന്നു വിസ അടിച്ചു പുറത്തിറങ്ങി. ശേഷം എല്ലാവരുടെയും ബഗേജുകൾ പരിശോധിച്ചു. നല്ലപോലെ തന്നെ പരിശോധിച്ചു ഉറപ്പ് വരുത്തിയതിന് ശേഷം അവർ ഒരു പേപ്പർ സൈൻ ചെയ്‌ത്‌ തന്നു. അടുത്ത പടി വണ്ടിയുടെ ഇൻഷുറൻസ് ആയിരുന്നു. ശേഷം വാഹനത്തിന്റെ പെർമിറ്റ് ഒരു നീല കാർഡ്, അത് കാണിച്ചാൽ മാത്രമേ ജോർദാനിലേയ്ക്ക് കടത്തിവിടൂ. ആ കാർഡിൽ വണ്ടിയുടെ എല്ലാ വിവരവും അടങ്ങിയിട്ടുണ്ട്.

ജോർദാനിലേയ്ക്ക് കടക്കുന്നതിനു മുൻപ് സിം അത്യാവശ്യം ആയത് കൊണ്ട് 2 സിം എടുത്തു. കുറച്ചു റിയാൽ JD (JORDAN DIRHUM) യിലേയ്ക്ക് മാറ്റി (1 JD = 5.5 SAUDI RIYAL, ഏകദേശം 95 RS). ശേഷം ബോർഡറിന്റെ അവസാന ഗേറ്റും താണ്ടി ഞങ്ങൾ ജോർദാൻ മണ്ണിലേയ്ക്ക് കടന്നു. ബോർഡറിൽ നിന്ന് ഏകദേശം 154 Km ഉണ്ട് അമ്മാൻ പട്ടണത്തിലേയ്ക്ക്. ഞങ്ങൾ അമ്മാൻ ഉദ്ദേശം വെച് യാത്ര തുടങ്ങി. 2 മണിക്കൂറിനു താഴെ യാത്ര ഉണ്ടായിരുന്നു. വഴി മദ്ധ്യേ ഞങ്ങൾ ഒരുപാട് ജോർദാൻ പൗരന്മാർ കൂട്ടം കൂടി നിൽക്കുന്നത് കണ്ടു. എന്താ സംഭവം എന്ന് തിരക്കിയപ്പോൾ ബലി പെരുന്നാൾ ആയത് കൊണ്ട് ആടിനെ അറക്കുന്നതായിരുന്നു. അധികനേരം അവിടെ നിന്നില്ല അമ്മാൻ പട്ടണം ലക്ഷ്യമാക്കി ഞങ്ങൾ മുന്നോട്ട് യാത്ര തുടർന്നു.

വഴിയരികിൽ അതേ കാഴ്ചതന്നെ പിന്നെയും പലവട്ടം കണ്ടു. ഇടക്ക് ചില ഫാൿടറികളും കണ്ടു. കാഴ്ചകൾ എല്ലാം കണ്ടു മുന്നോട്ട് പോകുന്നതിനിടയിൽ ആണ് ജോർദാൻ വണ്ടികൾ ഞങ്ങൾ ശ്രദ്ധിച്ചത്. എല്ലാം പഴയ വാഹനങ്ങൾ. മാത്രമല്ല എല്ലാം ചെറിയ പേരുപോലും പരിചിതമല്ലാത്ത വാഹനങ്ങൾ. ഒരുപാട് കുന്നുകൾക്കിടയിലൂടെ ആയിരുന്നു പട്ടണത്തിലേയ്ക്കുള്ള വഴികൾ. വലിയ കയറ്റങ്ങളും ഇറക്കങ്ങളും നിറഞ്ഞത്. ഏകദേശം 9 മണിയോട് കൂടി ഒട്ടും പരിചയമല്ലാത്ത അമ്മാൻ പട്ടണത്തിൽ എത്തിപ്പെട്ടു. പെരുന്നാൾ ദിവസം ആയത്കൊണ്ടാണെന്നു തോന്നുന്നു വളരെ കുറച്ചു കടകൾ മാത്രമേ അവിടെ തുറന്നിരുന്നുള്ളു.

ഒരുപാട് അന്വേഷണങ്ങൾക്ക് ഒടുവിൽ ഒരു റെസ്റ്റോറന്റ് കണ്ടെത്തി. രാവിലത്തെ പ്രാതൽ കഴിഞ്ഞതിനു ശേഷം താമസസ്ഥലം ബുക്ക് ചെയ്യാത്തതുകൊണ്ട് അന്വേഷിച്ചു തുടങ്ങി. ഒരുപാട് അന്വേഷിച്ചിട്ടും മനസ്സിനിണങ്ങിയ ഒരു സ്ഥലം കണ്ടെത്താനായില്ല. അതിനിടയിൽ ഒരു മലയാളി കുടുംബത്തെ കണ്ടു ചോദിച്ചപ്പോൾ ടൂറിസ്റ്റ് വിസയിൽ വന്നതാണെന്ന് പറഞ്ഞു. നാട്ടിൽ ഒറ്റപ്പാലം, കൂടുതൽ ഒന്നും ചോദിക്കാൻ കഴിഞ്ഞില്ല. അവസാനം booking.com നെ തന്നെ ആശ്രയിക്കേണ്ടിവന്നു. പട്ടണത്തിൽ നിന്നും അല്പം മാറി ഒരു അപ്പാർട്ട്മെന്റ് ബുക്ക് ചെയ്തു. ഏകദേശം 11:30 ആയപ്പോൾ അവിടെ റൂമിൽ എത്തി.

വിശ്രമത്തിനു ശേഷം ഞങ്ങൾ അഭാദി മാളിലേയ്ക്ക് പോയി. ബോലിവാൽ എന്നും ആ സ്ഥലത്തെ പറയുന്നുണ്ടായിരുന്നു. നല്ല ഒരു അനുഭവം ആയിരുന്നു അവിടുത്തെ ആ സായാഹ്‌നം. അന്ന് ഒരുപാട് വൈകിയാണ് റൂമിൽ തിരിച്ചെത്തിയത്. അന്ന് ജോർദാൻ SHAWERMA ZERB എന്നുപേരുള്ള ഷവർമക്കടയിൽ നിന്ന് സ്പെഷ്യൽ ഷവർമ കഴിച്ചാണ് റൂമിലേയ്ക്ക് പോയത്.

അടുത്ത ദിവസം പെട്ര ആയിരുന്നു ഞങ്ങളുടെ ലക്ഷ്യ സ്ഥലം. പോകുന്ന വഴിയിൽ DEADSEA കാണാൻ ഉണ്ടെന്നും പറഞ്ഞു. 3 മണിക്കൂറോളം യാത്ര ഉണ്ടായിരുന്നു പെട്രയിലേക്ക്. DEADSEA യുടെ സൈഡിലൂടെയുള്ള വഴികളായിരുന്നു യാത്രയിൽ ഉടനീളം. ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു യാത്ര ആയിരുന്നു അത്. പരമാവധി ഞങ്ങൾ എന്ജോയ് ചെയ്‌തുകൊണ്ട്‌ തന്നെ ആയിരുന്നു പെട്രയിലേയ്ക്ക് പോയത്.

റിസോർട്ടുകളും പല സാഹസിക കേന്ദ്രങ്ങളും വഴിയിൽ കാണാമായിരുന്നു. അന്ന് ഞങ്ങൾ കഴിഞ്ഞ ദിവസതിനേക്കാൾ മനോഹരമായ ഒരു സൂര്യാസ്തമനമായിരുന്നു കണ്ടത്. ഏകദേശം 9:30 ഓടു കൂടിയാണ് ഞങ്ങൾ പെട്രയിൽ എത്തിയത്. വാദി മൂസാ എന്നായിരുന്നു സ്ഥലത്തിന്റെ പേര്. ലോക അത്ഭുതങ്ങളിൽ ഒന്നായ THE TREASURY യുടെ ഗേറ്റിന്റെ അടുത്തേയ്ക്ക് 500 മീറ്റർ മാത്രമേ ഉണ്ടായിരുന്നുള്ളു. പക്ഷെ ഞങ്ങൾ ഒരൽപ്പം വൈകി. പെട്രയിലെ ഏറ്റവും മനോഹരമായ കാഴ്ച്ച കാണാൻ അന്ന് ഞങ്ങൾക്ക് കാണാൻ കഴിഞ്ഞില്ല. 8 മണി വരെ ആയിരുന്നു എൻട്രി. പക്ഷെ ഞങ്ങൾ കണ്ടിട്ടേ മടങ്ങൂ എന്ന വാശി ആയിരുന്നു. അടുത്ത ദിവസത്തേയ്ക്ക് വേണ്ടി കാത്തിരുന്നു.

ഉച്ചയോടുകൂടി ഞങ്ങൾ എല്ലാവരും റെഡിയായി. അപ്പോഴാണ് അറിഞ്ഞത് ജോർദാൻ സ്പെഷ്യൽ മന്തി ഉണ്ടെന്ന്. മൻസഫ് എന്നാണ് അതിന്റെ പേര്. മൻസഫ് കഴിച് പെട്രയിലേയ്ക്ക് യാത്ര ആയി. 3:30 ഓടു കൂടി പെട്ര എൻട്രൻസിനു മുൻപിൽ എത്തി. ജോർദാൻ ടിക്കറ്റ് ഉണ്ടായത് കൊണ്ട് വേറെ ടിക്കറ്റ് ഫീ ഒന്നും കൊടുക്കേണ്ടി വന്നില്ല. ലോക അത്ഭുതങ്ങളിൽ ഒന്നായ THE TREASURY യുടെ അടുത്തേക്ക് 10 km ഓളം നടന്നുതന്നെ പോകണം. ട്രഷറി കണ്ടതിനു ശേഷം പിന്നെയും ഒരുപാട് മുന്നോട്ട് നടന്നു. വഴിയിലുടനീളം കുതിര സഫാരിയുടെയും ഒട്ടക സഫാരിയുടെയും ഒരു കൂട്ടം തന്നെ ഉണ്ട്. 12ഉം 14 ഉം വയസ്സുള്ള കൊച്ചുപയ്യന്മാരാണ് കുതിരയെയും കൊണ്ട് നടക്കുന്നത്. മാത്രമല്ല ഒരുപാട് ചെറുകിട കച്ചവടക്കാരും പോകുന്നവഴിയിലും ട്രഷറി യുടെ അടുത്തുമായി കാണായിരുന്നു.

നടന്നു നടന്നു ക്ഷീണിച്ചപ്പോൾ കുറച് സമയം കുതിര സഫാരിയും നടത്തി. കുതിര സഫാരി അവസാനിച്ചത് ട്രഷറി യുടെ മുൻപിലായിരുന്നു. അപ്പോഴേക്കും ഇന്നലെ ഞങ്ങൾക്ക് കാണാൻ കഴിയാഞ്ഞ പെട്രയിലെ ഏറ്റവും മനോഹരമായ കാഴ്ച്ച കാണാൻ ഞങ്ങൾ തയ്യാറായിക്കഴിഞ്ഞു. അതിനു വേണ്ടി ഞങ്ങൾ ട്രഷറിയുടെ മുന്നിൽ തന്നെ ഇരുന്നു. പെട്ര നൈറ്റ് ഷോ എന്നാണ് ആ പ്രോഗ്രാമിന്റെ പേര്. ഒരു ആൾക്ക് 17 JD ആണ് ടിക്കറ്റ് വില. 1500 മെഴുകുതിരികൾ ഒരുമിച്ച് തെളിഞ്ഞുനിക്കുന്ന മനോഹരമായ കാഴ്ച്ച. 7:30 ഓടു കൂടി ഓരോ മെഴുകുതിരിയും അവർ കത്തിച്ചു തുടങ്ങി.

പെട്ര പോലീസിന്റെ വലിയൊരു സാന്നിധ്യം തന്നെ അവിടെ ഉണ്ടായിരുന്നു. 8:30 ഓടു കൂടി ഒരുകൂട്ടം ആളുകൾ ട്രഷറിയുടെ മുന്നിൽ എത്തി. മെഴുകുതിരികൾക്കിടയിൽ ഇരിക്കാൻ അവർ പ്രത്യേകം ഇരിപ്പിടം അവിടെ തയ്യാറാക്കിയിരുന്നു. ഓടക്കുഴലും വയലിനും മനോഹരമായി ജോർദാനികൾ ഞങ്ങൾക്ക് മുന്നിൽ വായിച്ചു. ശേഷം പെട്രയുടെ ചരിത്രം ചുരുക്കി വിവരിച്ചു തന്നു. ട്രഷറിയുടെ മനോഹാരിത വർണങ്ങൾ നിറഞ്ഞ ലൈറ്റിലൂടെ അവർ ഞങ്ങൾക്ക് കാണിച്ചുതന്നു. ഒരുപാട് സന്ദോഷത്തോടെയാണ് ഞങ്ങൾ അവിടെനിന്ന് താമസസ്ഥലത്തേക്ക് തിരിച്ചു പോയത്.

തിരിച്ചുപോയപ്പോഴാണ് വന്നവഴിയുടെ ദൂരവും കയറ്റവും മനസിലാവുന്നത്. ഇടക്ക് ഞങ്ങൾ റെസ്റ്റ്‌ എടുത്താണ് പോയത്. അതിനിടയിൽ ഒരു മലയാളിയെ കൂടി ഞങ്ങൾ കണ്ടു. അവരും സൗദിയിൽനിന്നുള്ള ടൂറിസ്റ്റുകൾ ആണ്. ആലപ്പുഴ സ്വദേശിയാണ്. ജോർദാനിൽ ആകെ രണ്ടിടത്തേ ഞങ്ങൾ മലയാളികളെ കണ്ടുള്ളു. പിറ്റേന്ന് ഉച്ചക്ക് വാദി റം ലേക്ക് യാത്രയായി. ക്യാമ്പിൽ താമസിക്കണം, മനോഹരമായ സൂര്യാസ്തമനം കാണണം എന്ന ലക്ഷ്യത്തോടെയാണ് പോയത്. ഒന്നര മണിക്കൂറോളം യാത്രാദൂരം ഉണ്ടായിരുന്നു വാദി റം ലേക്ക്. 3:30 ഓടു കൂടി ഞങ്ങൾ ക്യാമ്പിൽ എത്തി. പ്രതീക്ഷിച്ചതിനെക്കാളും അപ്പുറം ആയിരുന്നു അവിടത്തെ കാഴ്ച്ച. മനോഹരമായ മുറി എല്ലാ സൗകര്യങ്ങളും അടങ്ങിയത്. ക്യാമ്പിന് ഒരു ഭാഗത്ത് വലിയൊരു പർവതം മറ്റുള്ള ഭാഗം മുഴുവൻ മരുഭൂമി. കിലോ മീറ്ററുകൾക്ക് അപ്പുറം വേറെയും ക്യാമ്പുകൾ കാണാമായിരുന്നു.

5 മണിയോട് കൂടി ഒരു മരുഭൂമി യാത്ര കൂടി ഉണ്ടായിരുന്നു. ജോർദാൻ പൗരൻ ആണ് ഞങ്ങളെ കൊണ്ടുപോയത്. പല ചരിത്രപ്രധാനമായ സ്ഥലങ്ങളും സിനിമയിലെ പ്രധാന ലൊക്കേഷനുകളും ഞങ്ങൾക്ക് പറഞ്ഞുതന്നു. മനോഹരമായ ഒരുപാട് കാഴ്ചകളും അതിലും മനോഹരമായ സൂര്യാസ്തമനത്തിനും ഞങ്ങൾ സാക്ഷിയായി. ഒരിക്കലും മറക്കാൻ കഴിയാത്ത ജീവിതത്തിലെ ഏറ്റവും മനോഹരമായ യാത്ര. അന്ന് രാത്രി ക്യാമ്പിൽ തന്നെ പാചകം ചെയ്ത സ്പെഷ്യൽ മന്തിയും കഴിച്ച് ഞങ്ങൾ എല്ലാവരും കൂടി ഒരുപാട് നേരം മരുഭൂമിയിൽ ഫുൾ മൂണും നോക്കി ഇരുന്നു.

അടുത്ത ദിവസം ഉച്ചയോടു കൂടി ഞങ്ങൾ സൗദിയിലേയ്ക്ക് തിരിച്ചു. വാദി റം ന്റെ അടുത്തുള്ള അൽ മുദ്ദവറ ബോർഡർ വഴിയാണ് ഞങ്ങൾ സൗദിയിലേയ്ക്ക് പോയത്. സൗദിയിലെ തബൂക്കിന് അടുത്തുള്ള ബോർഡർ ആണ്. തിരിച്ചുപോകുമ്പോൾ രണ്ടുമണിക്കൂറോളം ജോർദാൻ ബോർഡറിലും സൗദി ബോർഡറിലും ആയി ചിലവഴിക്കേണ്ടിവന്നു. ജോർദാൻ ബോർഡറിൽ 10 JD വീതം ഓരോരുത്തർക്കും ടാക്സ് വിഭാഗത്തിൽ ഞങ്ങളുടെ കയ്യിൽ നിന്ന് വാങ്ങി. മാത്രമല്ല വാഹനത്തിന്റെ ടാക്സ് വിഭാഗത്തിൽ 25 JD യും വാങ്ങി. ഇന്ത്യൻസിന് മാത്രമേ വാഹനത്തിന് ടാക്സ് അടക്കേണ്ടതുള്ളു.

സൗദിയിലെ കസ്‌റ്റംസിൽ ഒരുപാട് സമയം നിൽകേണ്ടിവന്നു. എല്ലാ വാഹനങ്ങളും സ്കാനിംഗ് ചെയ്‌ത്‌ മാത്രമേ പുറത്തു വിടുന്നുള്ളു. ഹലത് അമ്മാർ എന്നായിരുന്നു സൗദി ബോർഡറിന്റെ പേര്. അടുത്ത ദിവസം ജോലി ഉള്ളത് കൊണ്ട് പെട്ടെന്ന് ദമ്മാമിൽ എത്തുക എന്നുള്ളത് മാത്രമായിരുന്നു ലക്ഷ്യം (HALAT AMMAR-TABUK-DUMAH AL JANDAL-SAKAKA-ARAR-RAFHA-HAFR AL BATIN-AL QAISUMAH-NARIYA-ABU HADRIYA-DAMMAM). അടുത്ത ദിവസം രാവിലെ 7 മണിയോട് കൂടി മറ്റു ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാതെ ദമാമിൽ എത്തി. മറ്റു ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാതെ ഞങ്ങളുടെ യാത്ര മനോഹരമാക്കിത്തന്ന ദൈവത്തിനു നന്ദി.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply