ആകാശം മുട്ടെ ഉയരമുള്ള ഒരു ചില്ലു പാലം, അതിലൂടെ നടക്കുമ്പോള്‍ ചില്ലു പാലം പതിയെ പൊട്ടുന്നു. ഇങ്ങനെയൊരു കാഴ്ച്ച കാണേണ്ടി വന്നാല്‍ ഹൃദയാഘാതം വരുമെന്ന ഉറപ്പാണ്.
വിസ്മയങ്ങള്‍ ഒരുക്കുന്നതില്‍ ചൈനക്കാര്‍ എന്നും മുന്നില്‍ തന്നെയാണ്. അത്തരത്തിലൊരു വിസ്മയമാണ് മധ്യ ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ സാങ്ജിയാജി നാഷണല്‍ പാര്‍ക്കിലുള്ള ഈ പാലവും. രണ്ടു വന്മലകളെ ബന്ധിച്ച് ഉണ്ടാക്കിയതാണ് ഈ പാലം. അതും ഗ്ലാസ് ഉപയോഗിച്ച്. പാലം സുതാര്യമായതിനാല്‍ നടക്കുന്നവര്‍ക്ക് 984 അടി താഴെയുള്ള മനോഹര ദൃശ്യങ്ങള്‍ കാണാനാകും. 2012ല്‍ നിര്‍മാണം തുടങ്ങിയ ഈ ഗ്ലാസ് പാലം ഈ വര്‍ഷം മേയിലാണ് വിനോദസഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തത്.
പാലം തുറന്നുകൊടുത്തപ്പോള്‍ പലരും ഇതിന്റെ സുരക്ഷയില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ആയിരക്കണക്കിന് കിലോ ഭാരം ഈ ഗ്ലാസിന്റെ മുകളിലൂടെ കൊണ്ടുപോയാണ് ഏവരുടെയും ഭയം മാറ്റിയത്. വലിയ മലയുടെ വശങ്ങളിലെ പാറ തുരന്നാണ് പാലം നിര്‍മിച്ചിരിക്കുന്നത്. എളുപ്പമൊന്നും പൊട്ടാത്ത തരത്തിലുള്ള ഗ്ലാസ് സ്ലാമ്പുകളാണ് ഉപയോഗിച്ചിട്ടുള്ളതെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഇസ്രായേലുകാരനായ ഹയിം ദോതാന്‍ എന്ന വാസ്തുശില്പിയാണ് ഡിസൈനര്‍.
മൂന്ന് ഗ്ലാസുകളാണ് പാലത്തില്‍ ഒന്നിന് മുകളില്‍ ഒന്നായി സ്ഥാപിച്ചിട്ടുള്ളത്. പരീക്ഷണത്തിനിടെ കാര്‍ കയറ്റിയപ്പോള്‍ മുകളിലെ ഗ്ലാസ് ചെറുതായി പൊട്ടിയെങ്കിലും അടിയിലെ രണ്ട് നിരയിലുള്ള ഗ്ലാസുകള്‍ക്ക് ഒന്നും സംഭവിച്ചില്ല. ഇപ്പോള്‍ നിരവധി പേരാണ് ഇവിടേക്ക് ദിനംപ്രതി ഒഴുകിയെത്തുന്നത്. നിരവധി ഹോളിവുഡ് സിനിമകളും അടുത്തിടെ ഈ ഗ്ലാസ് പാലത്തില്‍ ചിത്രീകരിച്ചിരുന്നു.
നടക്കുമ്പോള്‍ പൊട്ടുന്നപോലെ ഈ പാലത്തില്‍ അധികൃതര്‍ സഞ്ചാരികളെ കബളിപ്പിക്കാന്‍ ഒരുക്കിയ സംവിധാനമാണ് അക്ഷരാര്‍ത്ഥത്തില്‍ സഞ്ചാരികള്‍ക്ക് ദുസ്വപ്നമായത്. ചില്ല് പാളി തകരുന്നതുപോലുള്ള ശബ്ദം കാലിനടിയിലെ ചില്ല് വിള്ളുന്ന കാഴ്ചയുമാണ് ഇതിന്റെ നിര്‍മ്മാതാക്കള്‍ പുതുതായി കൂട്ടിച്ചേര്‍ത്തത്. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത് നടപ്പിലാക്കിയത് . ഇത്തരത്തില്‍ കുടുങ്ങിയ ഒരു ഗൈഡിന്റെ ദൃശ്യങ്ങളും നവമാധ്യമങ്ങളില്‍ വൈറല്‍ ആകുന്നുണ്ട്.
സാഹസികതയുടെ പ്രത്യേക അനുഭവം
ചില്ലുപാലം തകരുന്നത് കണ്ട് പേടിച്ചരണ്ട ഗൈഡ് നിലത്തിരിക്കുന്നത് കാണാം. പിന്നീട് എതിര്‍വശത്തുനിന്നുള്ളവര്‍ ഒരു കൂസലുമില്ലാതെ പോകുന്നത് കണ്ടപ്പോഴാണ് യഥാര്‍ത്ഥസംഭവം വ്യക്തമായത്. വിനോദ സഞ്ചാരത്തിലെ സാഹസീകതയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമമാണ് ഇതിലൂടെ നിര്‍മ്മാതാക്കള്‍ ഉദ്ദേശിക്കുന്നത്.
ആളെ കളിപ്പിക്കുന്ന പരിപാടിയാണെങ്കിലും ഇതിന യഥാര്‍ത്ഥത്തില്‍ വിള്ളല്‍ സംഭവിച്ചാലും അറിയില്ലെന്നാണ് വിമര്‍ശനമുയരുന്നത്. നെരത്തെ ചൈനയിലെ തന്നെ മറ്റൊരു ചില്ലുപാലത്തില്‍ സഞ്ചാരികളില്‍ ഒരാളുടെ കയ്യിലെ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കപ്പ് വീണ് പൊട്ടിയത് ചൂണ്ടിക്കാണിച്ചാണ് വിമര്‍ശകര്‍ രംഗത്തുവന്നിരിക്കുന്നത്.
കടപ്പാട് – കൈരളി, രാഷ്ട്രദീപിക.