ഗതിമാൻ എക്സ്പ്രസ്സ് : ഇന്ത്യയിലെ ആദ്യത്തെ സെമി ഹൈസ്പീഡ് ട്രെയിൻ

ഇന്ത്യയിലെ ഏറ്റവും വേഗം കൂടിയ തീവണ്ടി എന്ന വിശേഷണത്തോടെ 2016 ഏപ്രിൽ 5 മുതൽ ഡെൽഹിയിൽ നിന്നും ആഗ്രയിലേക്ക് ഓടിത്തുടങ്ങിയ തീവണ്ടിയാണ് ഗതിമാൻ എക്സ്പ്രസ് (Gatimaan Express). മണിക്കൂറിൽ 160 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ഈ തീവണ്ടി ഇന്ത്യയിലെ ആദ്യത്തെ സെമി ഹൈസ്പീഡ് ട്രെയിൻ കൂടിയാണ്. ഡെൽഹി മുതൽ ആഗ്ര വരെയുള്ള 200 കിലോമീറ്റർ ദൂരം പിന്നിടാൻ ഈ തീവണ്ടിക്ക് ഏകദേശം 100 മിനിറ്റ് സമയം മതിയാകും. രാജ്യത്ത് ഇതുവരെ ഏറ്റവും കൂടിയ വേഗതയിൽ ഓടിയിരുന്ന ഭോപ്പാൽ ശതാബ്ദി എക്സ്പ്രസിന് ഇത്രയും ദൂരം പിന്നിടാൻ 120 മിനിറ്റ് സമയം ആവശ്യമായിരുന്നു.

ഗതിമാൻ എക്സ്പ്രസിനു സുരക്ഷാനുമതി ലഭിക്കുന്നതിനായി റെയിൽവേ സേഫ്റ്റി കമ്മീഷൻ മുമ്പാകെ അപേക്ഷ സമർപ്പിച്ചത് 2014 ഒക്ടോബറിലാണ്.2015 ജൂണിൽ തീവണ്ടി സർവീസ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായി. തീവണ്ടിയ്ക്ക് അനുവദിച്ചത് 12049/50 എന്ന നമ്പറായിരുന്നു.2016 ഏപ്രിൽ 5-ന് ഡെൽഹിയിലെ ഹസ്രത് നിസാമുദ്ദീൻ സ്റ്റേഷനിൽ നിന്നും ആഗ്രയിലെ കന്റോൺമെന്റ് സ്റ്റേഷനിലേക്കാണ് ഉദ്ഘാടനയാത്ര നടന്നത്. കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭു ഉദ്ഘാടനയാത്രയ്ക്കു ഫ്ലാഗ് ഓഫ് നൽകി. ഇരു സ്റ്റേഷനുകളും തമ്മിലുള്ള 188 കിലോമീറ്റർ ദൂരം 100 മിനിറ്റ് കൊണ്ട് പൂർത്തിയാക്കിയതോടെ ഇന്ത്യയിലെ ഏറ്റവും വേഗം കൂടിയ തീവണ്ടി എന്ന പദവി ഗതിമാൻ സ്വന്തമാക്കി. 1988-ൽ ആരംഭിച്ച ഭോപ്പാൽ ശതാബ്ദി എക്സ്പ്രസിന്റെ വേഗതയാണ് ഗതിമാൻ മറികടന്നത്.

രാജകീയ നീലയും ചാരനിറവും ഇടയ്ക്കൊരു മഞ്ഞവരയുമാണ് തീവണ്ടിയുടെ നിറം. രണ്ട് എക്സിക്യൂട്ടീവ് ചെയർകാറും എട്ട് എ.സി. ചെയർക്കാറും ഉൾപ്പെടെ പന്ത്രണ്ട് കോച്ചുകളാണ് ഗതിമാനിലുള്ളത്. എ.സി. ചെയറിന് 750 രൂപയും എക്സിക്യൂട്ടീവ് എ.സി. ചെയറിന് 1500 രൂപയുമാണ് പ്രാരംഭനിരക്കുകൾ. ഒരു വിമാനയാത്രപോലെ തോന്നിപ്പിക്കുന്ന സൗകര്യങ്ങളാണ് ഗതിമാനിൽ ഒരുക്കിയിരിക്കുന്നത്. എയർ ഹോസ്റ്റസിനെപ്പോലെ യാത്രക്കാരെ സഹായിക്കുന്നതിനായി ട്രെയിൻ ഹോസ്റ്റസുമാരുള്ള ആദ്യ തീവണ്ടിയും ഇതാണ്. സൗജന്യ വൈ-ഫൈ, ജി.പി.എസ്. സംവിധാനം, ടെലിവിഷൻ, ഓട്ടോമാറ്റിക് ഡോറുകൾ, ശക്തിയേറിയ അടിയന്തര ബ്രേക്കിംഗ് സംവിധാനം, സ്വയം പ്രവർത്തിക്കുന്ന ഫയർ അലാം എന്നീ സാങ്കേതികവിദ്യകളുമുണ്ട്. ഇന്ത്യൻ കോണ്ടിനെന്റൽ രുചിക്കൂട്ടുകൾ ഉൾപ്പെടുത്തിയ ഭക്ഷണവും ലഭ്യമാണ്. താജ്മഹൽ സന്ദർശിക്കാനെത്തുന്ന വിദേശസഞ്ചാരികളെ ലക്ഷ്യമാക്കിയാണ് ഗതിമാൻ എക്സ്പ്രസിന്റെ സമയക്രമം തയ്യാറാക്കിയിരിക്കുന്നത്. വെള്ളിയാഴ്ചകളിൽ താജ്മഹലിൽ സന്ദർശനം അനുവദിക്കാത്തതിനാൽ അന്നേ ദിവസം ഒഴികെ മറ്റെല്ലാദിവസങ്ങളിലും ഗതിമാൻ സർവീസ് നടത്തുന്നു.

സൗകര്യങ്ങൾ : എക്സിക്യൂട്ടീവ് കോച്ചും ചെയർക്കാറും ഉൾപ്പെടെ 12 കോച്ചുകൾ (കപൂർത്തലയിലെ കോച്ച് ഫാക്ടറിയിൽ നിർമ്മിച്ച ഉന്നതനിലവാരമുള്ള ലിൻക്-ഹോഫ്മാൻ-ബുഷ് കോച്ചുകളാണിവ), ഓട്ടോമേറ്റിക് ഡോറുകൾ, 5500 കുതിരശക്തിയുള്ള WAP 5 ഇലക്ട്രിക്കൽ എൻജിൻ, ശക്തിയേറിയ അടിയന്തര ബ്രേക്കിംഗ് സംവിധാനം, സ്വയം പ്രവർത്തിക്കുന്ന ഫയർ അലാം, ജി.പി.എസ്. സംവിധാനം, ടെലിവിഷൻ, മൈഫ്രീടിവി.ഇൻ എന്ന സ്വകാര്യ കമ്പനിയുടെ വൈ-ഫൈ സംവിധാനം, മികച്ച ഭക്ഷണസൗകര്യങ്ങൾ (ഇന്ത്യൻ റെയിൽവേ ക്യാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനാണ് ഭക്ഷണം വിളമ്പുന്നത്), ഒരു വിമാനയാത്ര പോലെ തോന്നിപ്പിക്കുന്ന സൗകര്യങ്ങൾ, സഹായത്തിനായി ഹോസ്റ്റസുമാർ.

തുടക്കത്തിൽ ആഗ്രയിലേക്കായിരുന്നു സർവ്വീസ് എങ്കിലും പിന്നീട് അത് ഝാൻസി വരെയാക്കി. ഹസ്രത് നിസാമുദ്ദീൻ സ്റ്റേഷനിൽ നിന്ന് രാവിലെ 8:10-ന് പുറപ്പെടുന്ന തീവണ്ടി ഉച്ചയ്ക്ക് 12.15-ന് ഝാൻസിയിലെത്തിച്ചേരും. ഝാൻസിയിൽ നിന്ന് വൈകിട്ട് 03:05 -ന് പുറപ്പെടുകയും 7:30-ന് നിസാമുദ്ദീനിൽ എത്തിച്ചേരുകയും ചെയ്യുന്നു. വെള്ളിയാഴ്ച ഒഴികെ എല്ലാദിവസങ്ങളിലും സർവീസ് നടത്തുന്നുണ്ട്.

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply