കരവിരുതുകൾ ഉറങ്ങുന്ന ഔറംഗബാദ് !!

വിവരണം – കീർത്തി മേനോൻ.

ഔറംഗബാദ് റെയിൽവേ സ്റ്റേഷനിൽ, ട്രെയിൻ ഒരുമണിക്കൂർ വൈകി ഓടിയെത്തുമ്പോൾ സമയം രാവിലെ എട്ടുമണി.അവിടെനിന്നും ടാക്സി എടുത്തു ഹോട്ടലിലേക്ക്, ചെക്ക് ഇൻ കഴിഞ്ഞു പ്രഭാതകൃത്യങ്ങളും നിറവേറ്റി വളരെ പെട്ടെന്ന് ഹോട്ടലിൽ നിന്നും പുറത്തിറങ്ങി.സമയം വൈകിയത് കൊണ്ടു അന്ന് അടുത്തുള്ള എല്ലോറ പോകാനായിരുന്നു തീരുമാനിച്ചത്. അത്രമേൽ തിരക്കൊ വിജനമോ അല്ലാത്ത ഔറംഗാബാദിലെ പാതയിലൂടെ ബന്ധു ആയ ബാബുഏട്ടന്റെ കാറിൽ, ഏർപ്പാടാക്കിയ സാരഥിയോടൊപ്പം യാത്ര തിരിച്ചു.

മഹാരാഷ്ട്രയിലെ പല ഭാഗങ്ങളും കാണേണ്ടത് മഴക്കാലത്താണ് എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്.പിന്നെ ബാബുഏട്ടനും കുടുംബവും എപ്പോഴും ഹാർദ്ദവമായി ക്ഷണിക്കുന്നതും, ജനുവരിയിലെ നാസിക് -ഷിർദി യാത്രയിൽ സമയക്കുറവുമൂലം മാറ്റിവച്ചതും കൂടിയായ യാത്രയാണിത്.

സഞ്ജു സിനിമ കാണാൻ കാത്തിരുന്ന പ്രശാന്ത് അതു മാറ്റിവച്ചാണ് രണ്ടു ദിവസത്തേക്ക് ഞങ്ങളുടെ സാരഥിയായി കൂടേ കൂടിയത്. കാറിന്റെ വളയം ഞങ്ങൾ പിടിച്ചില്ലെങ്കിലും അക്ഷരം പ്രതികേൾക്കുന്ന പ്രശാന്ത് ഈ യാത്രയിലെ സാരഥിയെക്കാളും കൂട്ടുകാരനേക്കാളും ഉപരി ഒരു സഹോദരനായി മാറുകയായിയിരുന്നു. പോകുന്ന വഴിയിൽ കാണാൻ ഉള്ളിടത്തു വണ്ടിനിർത്തണം എന്ന് പറഞ്ഞിരുന്നതുകൊണ്ട് പഞ്ചാക്കിയിൽ എത്തിയപ്പോൾ പ്രശാന്ത് വണ്ടി നിർത്തി, അവിടെ എന്താണെന്നു തിരക്കിയപ്പോൾ അറിയാൻ കഴിഞ്ഞത് ദൂരെനിന്നും ഭൂമിക്കടിയിലൂടെ വെള്ളം ഇങ്ങോട്ട് ഒഴുകി എത്തുന്നു,ഇവിടെ ഒരു വാട്ടർമിൽ സംവിധാനവും സ്ഥിതി ചെയ്യുന്നുണ്ടെന്നാണ്. വർഷങ്ങളുടെ പഴക്കം ഉള്ളതാണ് ഇതെല്ലാം. എല്ലോറയിൽ സമയം ഒരുപാട് വേണ്ടിവരും എന്നതുകൊണ്ട് പഞ്ചാക്കി ഇറങ്ങി നടന്നു കാണാതെ ബിബി കാ മഖ്ബാരയിലേക്ക് നീങ്ങി.

“ഡക്കാനിലെ താജ്” എന്നറിയപ്പെടുന്ന ബിബി കാ മഖ്ബാരയിൽ എത്തി ടിക്കറ്റ് എടുത്തു,ബാഗ് പരിശോധനയും കഴിഞ്ഞു പഠിപ്പുര പോലെയുള്ള കവാടം താണ്ടി, നേരെ നോക്കിയാൽ കാണാം ഒരു കുഞ്ഞൻ താജ്മഹൽ -ബിബി കാ മഖ്ബാര.നടുവിലായി വാട്ടർഫൗണ്ടെനോട് കൂടിയ ഒരു നടപ്പാത കവാടത്തിൽ നിന്നും മഖ് ബാരയിലേക്കു നീണ്ടു നിവർന്നു കിടക്കുന്നു.വളരെ ഉയർന്ന ഒരു തറയിലാണ് കെട്ടിടം നിലകൊള്ളുന്നത്.നടന്നു കെട്ടിടത്തിന് അടുത്തെത്തിയാൽ മുകളിലോട്ടു കയറാൻ പടവുകൾ കാണാം.അകലെനിന്നും പ്രക്ത്യക്ഷത്തിൽ കാണാൻ സാധിക്കാത്ത മഖ്ബാരയുടെ ഭംഗി ഒട്ടും ചോരാതെ തറയിൽ നിന്നും നേരെ താഴേക്കു പണിതിരിക്കുന്നു ഈ പടവുകൾ,ദൂരെനിന്ന് കണ്ടാൽ പടവുകളുടെ കവാടം ഒരു വാതിൽ ആയെ പെട്ടെന്ന് തോന്നുകയുള്ളൂ.ഒരു വശത്തു തന്നെ ഇതുപോലുള്ള രണ്ടു പടിക്കെട്ടുകൾകാണാം. മറ്റുവശങ്ങളിലും ഇതുണ്ടെങ്കിലും അടച്ചിട്ടതായാണ് കണ്ണിൽ പെട്ടത്.

പടവുകൾ കയറി മുകളിൽ എത്തി, ചുണ്ണാമ്പ് കല്ലിൽ തീർത്ത നല്ലൊരു നിർമ്മിതി, നാല് കോണുകളിലും സ്ഥിതിചെയ്യുന്ന മിനാരങ്ങൾ, കൂടാതെ കുംഭഗോപുരങ്ങൾ താഴികക്കുടങ്ങൾ ഇവയെല്ലാം മഖ്ബാരയുടെ മോടി കൂട്ടുന്നു.ചെരുപ്പ് അഴിച്ചു വച്ചു അകത്തേക്ക് കയറുമ്പോൾ കണ്ടത് ഇരുമ്പ് വലകൊണ്ടു മൂടിയ താഴേക്കു ഇറങ്ങാൻ ഉള്ള കുറെ പടവുകൾ പൈസകൊണ്ട് നിറഞ്ഞു കിടക്കുന്നതാണ്.മുകളിലോട്ട് ഒന്ന് കണ്ണോടിച്ചാൽ, പേർഷ്യൻ പണിത്തരങ്ങൾ കെട്ടിടത്തിന്റെ രൂപഭംഗി പതിൻ മടങ്ങു വർധിപ്പിക്കുന്നു.

അകത്തേക്ക് എത്തി ഒത്തനടുവിലായി അഷ്ടഭുജ മാതൃകയിൽ തുറന്ന രീതിയിൽ പണിതിരിക്കുന്ന ഭാഗത്തുകൂടി നോക്കിയാൽ താഴെ കാണാൻ സാധിക്കും ശവകുടീരം. മനോഹരമായ പട്ടുതുണിയിൽ മൂടിക്കിടക്കുന്ന അവിടവും പൈസ നിറഞ്ഞിരിക്കുന്നു. ഔരംഗസീബിന്റെ പ്രിയ പത്നി ബീഗം റാബിയ ദുറാണിയുടെ ശവകുടീരമാണിത്, അമ്മയുടെ ഓർമ്മയ്ക്ക് വേണ്ടി മകനായ ആസംഷാ ആണ് ഇതു പണികഴിപ്പിച്ചിരിക്കുന്നത്.

ഈ സൗധം മുഗൾ തനതു ശൈലിയിൽ തന്നെ പണി കഴിപ്പിച്ചതാണ്. “സ്ത്രീയുടെ ശവകുടീരം” എന്നറിയപ്പെടുന്ന ബിബി കാ മഖ്ബാര മുഗൾ സാമ്രാജ്യ ശവകുടീര വാസ്തുവിദ്യയുടെ എല്ലാ മാനങ്ങളും പാലിച്ചു പണിതതാണെങ്കിൽ കൂടിയും താരതമ്യേന വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയതിനു കാരണം വാസ്തുവിദ്യയിലെ പുതുമ ഇല്ലായ്മ തന്നെയാണ്.അക്ബറിന്റെയും ഷാജഹാൻടെയും കാലഘട്ടം വച്ചു താരതമ്യം ചെയ്യുകയാണെങ്കിൽ മുഗൾ രാജ്യവംശത്തിന്ടെ വാസ്തുവിദ്യയുടെ ശുഷ്കിച്ചകാലം അഥവാ വളരെവലിയ സംഭാവനകൾ ഒന്നും തന്നെ നടത്താതെ പോയ കാലഘട്ടം ഔരംഗസീബിൻന്റെതും അതിനു ശേഷവും ആണെന്ന് പറയേണ്ടിവരും.ഡെൽഹിയോളം വരില്ലെങ്കിലും ഔറംഗാബാദും ഹൈദരാബാദും മുഗൾ ശക്തി കേന്ദ്രങ്ങൾ തന്നെ ആയിരുന്നു.

പുറത്തിറങ്ങി ചുറ്റും നടന്നു കണ്ണോടിച്ചു,മഴക്കാലം ഒരു കുളിർമ്മയാണ് കണ്ണിനു സമ്മാനിച്ചത്.എല്ലോറ എന്ന ലക്ഷ്യം മനസ്സിൽ കിടക്കുന്നതുകൊണ്ടു ഫോട്ടോസ് പകർത്തി തിരക്കിട്ടു വണ്ടിക്കരികിലേക്ക് നടന്നു.ഒരു ചരിത്ര സ്മാരകം കണ്ട നിർവൃതിയിൽ….. “വലിയ ഒറ്റക്കൽ ക്ഷേത്രം” – എല്ലോറ കൈലാസ ക്ഷേത്രം.അവിടെ എത്തി ടിക്കറ്റ് എടുത്തു,ഗുഹ ലക്ഷ്യമാക്കി കെട്ടിതിരിച്ച വഴിയിൽ കൂടി നടന്നടുത്ത് പതിനാറാം നമ്പർ ഗുഹയിലേക്കായിരുന്നു നിഗൂഢതകൾ ഒളിപ്പിച്ച നിർമ്മിതിയിലെ സാക്ഷാൽ മഹാദേവ സന്നിധിയിലേക്ക്…..

ചരണാദ്രിമലനിരകളിൽ നൂറ്റാണ്ടുകൾക്കു മുൻപേ നിർമ്മിക്കപ്പെട്ട ശിലാശിൽപ്പങ്ങൾ ഒരു അത്ഭുതം പോലെ ഇന്നും നിലകൊള്ളുന്നു.പാറക്കൂട്ടങ്ങളാൽ പരന്നു കിടക്കുന്ന ഒരു വലിയ പ്രദേശം.എല്ലാപുരം എന്ന സ്ഥലനാമത്തിൽ നിന്നുമാണ് എല്ലോറ എന്ന പേര് ഉരുത്തിരിഞ്ഞത്. യുനെസ്‌കോയുടെ ലോകപുരാതന പൈതൃക പട്ടികയിൽ ഇടം നേടിയതാണ് എല്ലോറ.എല്ലോറയിൽ ധാരാളം ഗുഹകൾ ഉണ്ടെങ്കിലും 34എണ്ണം മാത്രമാണ് പ്രവേശനയോഗ്യം. ഒന്ന് മുതൽ പന്ത്രണ്ടു വരെയുള്ളവ ബുദ്ധക്ഷേത്രങ്ങളും,പതിമൂന്നു മുതൽ ഇരുപത്തിഒൻപതു വരെയുള്ളവ ഹിന്ദുക്ഷേത്രങ്ങളും, മുപ്പതു മുതൽ മുപ്പത്തിനാല് വരെയുള്ളവ ജൈനക്ഷേത്രങ്ങളും ആയിട്ടാണ് അറിയപ്പെടുന്നത്. ഏറ്റവും പ്രധാനപ്പെട്ട കൈലാസനാഥക്ഷേത്രം നിലകൊള്ളുന്ന ഗുഹതന്നെ ആദ്യം കാണാം എന്ന് കരുതി അവിടേക്കു പ്രവേശിച്ചു. ഉള്ളിൽ കാലെടുത്തു കുത്തിയപ്പോൾ തന്നെ മനസിലായി ഗൈഡിന്റെ സഹായമില്ലാതെ കണ്ടിട്ട് കാര്യം ഇല്ലെന്നു. പ്രവേശന കവാടത്തിൽ ഇരിക്കുന്നവരിൽ നിന്നും കാര്യങ്ങൾ ചോദിച്ചറിഞ്ഞു ഗൈഡിനെ തരപ്പെടുത്തി.ഗൈഡും ഞങ്ങളും തമ്മിലുള്ള കുശലാന്വേഷണങ്ങൾക്കു ശേഷം എല്ലോറ ചരിത്രത്തിലേക്ക് ഊളയിട്ടു.

വർഷങ്ങൾക്കുമുൻപേ അഗ്നിപർവത സ്ഫോടനത്തിലൂടെ ഒഴുകിയ ലാവ ഉറച്ചു പാറക്കൂട്ടങ്ങൾ ആയ പ്രദേശം. പാറക്കൂട്ടങ്ങൾ മാത്രമല്ല ഇവിടുത്തെ മണ്ണ് വളരെ ഫലഭൂവിഷ്ടമാണ്. ഡെക്കാൻ പീഠഭൂമി എന്ന് വിളിക്കുന്ന പ്രദേശങ്ങൾ ആണ് ഈ ഭാഗങ്ങൾ മുഴുവൻ, തെക്കു തമിഴ്‌നാട്ടിൽ നിന്നും തുടങ്ങി മഹാരാഷ്ട്ര വരെ കിടക്കുന്ന ഇതിൽ ആന്ധ്രയും കർണാടകവും കൂടേ പെടും.

ഗുഹ എന്നാൽ പൂർണമായും പ്രകൃതിദത്തമായ ഒന്നാണ്, അതിൽ മനുഷ്യ ഇടപെടലുകൾ ഉണ്ടാകരുത് എന്ന് ഗൈഡ് വിവരിക്കുമ്പോൾ മനുഷ്യ നിർമ്മിതിയായ ഇവയെല്ലാം മറ്റൊരു പേരിലാണ് അറിയപ്പെടേണ്ടിയിരുന്നത് എന്നുകൂടി അദ്ദേഹം അടിവരയിടുന്നു. എല്ലോറ മഹാത്ഭുതം എന്നല്ല അത്യപൂർവ നിഗൂഢ ചരിത്രസ്മാരകങ്ങൾ ആണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

എട്ടാം നൂറ്റാണ്ടിൽ രാഷ്ട്രകൂടരാണ് ഇതു പണികഴിപ്പിച്ചതെന്നു കണക്കാക്കുന്നു. ഉളിയും ചുറ്റികയും മാത്രം ഉപയോഗിച്ചാണ് ഇത്രയും മനോഹരമായ ശിൽപ്പങ്ങൾ ഒരുപ്രദേശമാകെ നിറഞ്ഞുനിൽക്കുന്ന പാറകൾക്കിടയിൽ പണിതത്. ഒറ്റക്കല്ലിൽ തീർത്ത ഒരു ക്ഷേത്രം സമുച്ചയം.മറ്റൊരു ആകർഷണം പാറ മുകളിൽ നിന്നും താഴേക്ക്‌ തുരന്നായിരുന്നു ഇതിന്ടെ പണി നടന്നത് എന്നുള്ള വസ്തുത നമ്മെ അക്ഷരാർത്ഥത്തിൽ ചോദ്യങ്ങളുടെ മുൾമുനയിൽ നിർത്തും.മുകളിൽ നിന്നും പാറ തുരന്നു ഒരു “രഥം” ത്തിന്റെ ആകൃതി രൂപപ്പെടുത്തുക ആയിരുന്നു.തുരന്ന പാറ ചീളുകൾ എല്ലാപുരം നിറഞ്ഞിരുന്നതിനു തെളിവുകൾ അവശേഷിക്കുന്നില്ലെന്നും അതു എന്ത് ചെയ്തു എന്നതിന് വ്യക്തത ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.എന്നാൽ മറ്റൊരു രസകരമായ കാര്യം ഇത്രയും പാറ അവശിഷ്ടങ്ങൾ എങ്ങിനെ പുറത്തെത്തിച്ചു എന്നതാണ്. ഇനി ഇതെല്ലാം പണിതത് മനുഷ്യരല്ലേ? എന്ന ചോദ്യമാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും മനസിൽ കയറിയത്.

പ്രധാന കവാടത്തോട് ഒരു പാലം എന്നപോലെ ബന്ധപെട്ടു കിടക്കുന്നു അമ്പലത്തിന്റെ മുകൾ മുൻവശം കവാടം കടന്നു ഉള്ളിലേക്ക് എത്തിയാൽ ആദ്യം കാണാൻ കഴിയുന്നത് ലക്ഷ്മി ദേവിയുടെ ശിലാശില്പമാണ്.പാറതുരന്നു രഥം പോലെ നിലനിർത്തിയ ഉൾവശം ക്ഷേത്രമായി പണിതു മിനുക്കിയും ചുറ്റും ഉള്ള ഭാഗത്തെ അതേപടി നിലനിർത്തി ഒരു സംരക്ഷണം നൽകുന്ന മതിൽക്കെട്ട്പോലെയുമാണ് നിർമ്മിച്ചിരിക്കുന്നത്.

മഴക്കാലത്ത് പുറകുവശത്തെ പാറകളിൽ നിന്നും വെള്ളം കുത്തി ഒലിക്കും അതു ഉള്ളിൽ കെട്ടി നിൽക്കാതെ പുറത്തേക്കോ താഴേക്കോ ഒഴുകിപ്പോകും വിധത്തിലാണ് വീഥിയിലെ പണിത്തരം.വരൾച്ച വരുമ്പോൾ ഈ വെള്ളം കൃഷി ആവശ്യത്തിന് ഉപയോഗിക്കാൻ ഇതു സംഭരണികളിൽ സൂക്ഷിച്ചിരുന്നു.മഴക്കുഴികളൊക്കെ അന്നേ ഉണ്ടായിരുന്നു എന്ന് സാരം.ഒരു വ്യാഴവട്ടത്തിനിടക്ക് ഒരുവരൾച്ചയെങ്കിലും മഹാരാഷ്ട്ര കാണേണ്ടിവരുമത്രെ.

നടുക്കായി സ്ഥിതിചെയ്യുന്ന ക്ഷേത്രം മാറ്റി നിർത്തിയാലും, ചുറ്റിലും ഒരു സംരക്ഷണ മതിൽ പോലെ അനുവർത്തിക്കുന്ന പാറകൾ മുഴുവനും കൊത്തുപണികളാൽ നിറഞ്ഞവയാണ്. ഒരു വശം മുഴുവനും ശിവപാർവതി കുടുംബം സമേതം നിലകൊള്ളുന്നതാണെങ്കിൽ പുറകുവശം ശിവ താണ്ഡവത്താലും, അർദ്ധനാരീശ്വര ശില്പങ്ങളാലും, മറ്റു വശമാകട്ടെ വിഷ്ണുവും അവതാരങ്ങളാലും നിറഞ്ഞു നിൽക്കുന്നു. അനന്തശയനവും കാണാവുന്നതാണ്.

ശിവക്ഷേത്രമായാണ് പണിത്തിരിക്കുന്നതെങ്കിലും വൈഷ്ണവരെ കൂടി തൃപ്തി പെടുത്തുന്നു ഇവിടെയുള്ള ചുവർ ശില്പങ്ങൾ. അമ്പലത്തിനു ചുറ്റും നടന്ന് ഈ ശിലാ ശിൽപ്പങ്ങൾ കാണാൻ, ഉയർന്നു നിൽക്കുന്ന ഒരു തറയില്ലേക്ക് പടവുകൾ കയറേണ്ടതുണ്ട്.അവിടെയുള്ള ഓരോ തൂണുകളും കൃത്യമായി അളവും അകൽച്ചയും പാലിച്ചാണ് പണിതിരിക്കുന്നത്.നിലത്തുനിന്നുംതറയിലേക്കുള്ള ഉയരത്തിനിടയിലും നിരവധി ശിൽപ്പങ്ങൾ കാണാൻ സാധിക്കും.അതിൽ രസകരമായി തോന്നിയ ഒരു കാഴ്ച മടക്കി വെക്കാവുന്ന കസേരകൾ കൊത്തിയ ഒരു ശില്പമായിരുന്നു.

ക്ഷേത്രം രണ്ടു നിലകളിൽ ആയി സ്ഥിതി ചെയ്യുന്നു, മുകളിലേക്കു കയറാൻ പടവുകൾ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.ഇതൊരു ദ്രാവിഡിയൻ നിർമ്മിതി ആയതുകൊണ്ട് ശില്പ്പ ചാതുര്യം വച്ചു നോക്കുകയാണെങ്കിൽ തെക്കേഇന്ത്യൻ രാജവംശങ്ങൾ ആയ ചോള,ചാലൂക്യ,പല്ലവരുടെ ഒരു സമന്വയം ആണെന്ന് വ്യക്തമാണ്. ക്ഷേത്രത്തിനു അഞ്ചു ഗോപുരങ്ങൾ കാണാം ഇവ പഞ്ചഭൂതങ്ങൾ (ഭൂമി, ജലം, വായു, അഗ്നി, ആകാശം) ആയും കൂടാതെ സ്വാധീനം ചെലുത്തിയ അഞ്ചു(ചേരൻ,ചോളൻ,ചാലൂക്യൻ,പാണ്ട്യൻ,പല്ലവൻ) തെക്കേ ഇന്ത്യൻ രാജവംശങ്ങൾ ആയും വിശ്വസിച്ചു പോരുന്നു.

പ്രദക്ഷിണ വഴിയിലൂടെ നടക്കുന്നതിനിടയിൽ ഒരു വശത്തു കൊത്തിയിരിക്കുന്നത്,പാർവ്വതീസമേതനായ പരമശിവൻ കുടികൊള്ളുന്ന കൈലാസപർവതം രാവണൻ ഇളക്കാൻ ശ്രമിക്കുന്നതും ഭയചകിതയായ പാർവതിയെയുമാണ് ഇതിനു മുകളിൽ, ക്ഷേത്രവും ചുറ്റുമുള്ള പാറക്കെട്ടുമായി ബന്ധിപ്പിച്ചിരുന്ന ഒരു പാലത്തിന്റെ തകർന്ന ബാക്കി ഭാഗങ്ങൾ കാണാം.അതിലൂടെ ആയിരുന്നു മുൻപ് പൂജാരി ശ്രീ കോവിലിൽ പ്രവേശിച്ചിരുന്നതു. അമ്പലത്തിന്റെ തറക്കു ചുറ്റുമായും ഒരേ വലിപ്പത്തിലും രൂപത്തിലുമുള്ള ആനകളെ കൊത്തിയിരിക്കുന്നത് രാജവംശത്തിന്റെ ശക്തി വിളിച്ചോതുന്നു.കൂടാതെ രാമായണ,മഹാഭാരത കഥകൾ ശില്പരൂപേണ ആലേഖനം ചെയ്തിരിക്കുന്നു.കൊടികൂറ ഉയർത്താനെന്നോണം ഉള്ളിലായി ഇരുവശത്തും ഒറ്റക്കലിൽ തീർത്ത സ്തംഭങ്ങൾ ഉണ്ട്‌.അതിലൊന്ന് വിജയചിഹ്നമായി കണക്കാക്കുന്നുവെങ്കിൽ മറ്റേതു പ്രശസ്തിയുടെ ചിന്നമാണത്രെ. കൊത്തുപണികളാൽ വിസ്മയം തീർക്കുന്നു ഇവയും.

ഇപ്പോൾ കാണുന്ന കരിപുരണ്ട ശിലകൾക്കിടയിൽ അങ്ങിങ്ങായി നിറഭേദങ്ങൾ ഒരു മിന്നായം പോലെ കാണാം ഇതിൽ നിന്നും വ്യക്തമാണ് മുൻപ് ഇതു വർണ്ണങ്ങളിൽ തിളങ്ങി നിന്ന ഒരു അമ്പലമായിരുന്നെന്നു.അമ്പരപ്പിക്കുന്ന മറ്റൊരു കാര്യം ചെറുഗോപുരങ്ങൾക്കിടയിലൂടെ പ്രധാന ഗോപുരത്തിൽ കണ്ട മറ്റൊന്നാണ് സ്ത്രീയുടെ മുഖവും,ശീർഷവും മത്സ്യ ഉടലോടു ചേർന്ന ഒരു രൂപം.അതു നിലകൊള്ളുന്ന പ്രധാന ഗോപുരത്തിൽ കൊതിയതല്ല മറിച്ചു മറ്റൊരു ശിലയിൽ കൊത്തിയത് ഇവിടെ കൊണ്ടുവന്നു ഉറപ്പിക്കുകയായിരുന്നു.എങ്ങിനെ ഉറപ്പിച്ചു എന്നതിനെ കുറിച്ച് തെളിവുകളൊന്നും അവശേഷിക്കുന്നില്ല.നൂറ്റാണ്ടുകൾക്കിപ്പുറവും മഴയും വെയിലും കൊണ്ടിട്ടും അടർന്നു വീഴാതെ നിലനിക്കുന്നുവെങ്കിൽ ചുവരിൽ ഒട്ടിച്ചു ചേർത്ത ആ ശിലാഫലകം അത്യഅപൂർവ്വ സൃഷ്ടി തന്നെയാണ്.ഒന്നല്ല ഇതുപോലേയുള്ളവ ഒരുപാട് ഉണ്ട്‌ അവിടെ.

പടിക്കെട്ടുകളിലൂടെ മുകളിലേക്ക് കയറിയാൽ തളത്തിനു ഉള്ളിലായി ശിവലിംഗം കാണാം.കവാടത്തിലാകട്ടെ രണ്ടു ക്ഷേത്രപാലകർ നിലകൊള്ളുന്നു.ഒരാൾ അകത്തെ കാര്യങ്ങൾ നോക്കാൻ എന്നോണം അകത്തേക്കും രണ്ടാമത്തേത് പുറത്തെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനായി പുറത്തേക്കു നോക്കി നിൽക്കുന്നതായാണ് നിർമ്മിതി.

അകത്തേക്ക് കയറിയാൽ വിശാലമായ ഒരു തളം.പ്രാർഥനക്കും,ധ്യാനത്തിനും, വേദപഠനത്തിനും കൂടി ഉപയോഗിച്ചിരുന്നു ഇവിടം. പതിനാറു തൂണുകൾ, അവയിൽ കാണുന്ന ശിൽപ്പങ്ങൾ മിക്കവയും ചൈനീസ് ചിത്രപ്പണിയോട് ചേർന്ന് നിൽക്കുന്നവയാണ്. ഈ തൂണുകളൊന്നും വേറെ പണിതു ഇവിടെകൊണ്ടുവന്നു മേൽക്കൂര താങ്ങാൻ എന്നോണം ഉറപ്പിച്ചവയല്ല, മറിച്ചു അമ്പലം രൂപകൽപന ചെയ്യുന്നതിനിടയിൽ മോടി കൂട്ടാനെന്നോണം തൂണുകൾ നിലനിർത്തിയതാണ്.

മുകളിലും മറ്റുമായി ചുവർ ചിത്രങ്ങൾ കാണാം.പക്ഷെ ഒന്നും പൂർണ രൂപത്തിൽ കാണാൻ സാധിക്കുന്നവയല്ല എല്ലാം നശിച്ചു പോയിരിക്കുന്നു. കാലപ്പഴക്കം, മനുഷ്യ ഇടപെടലുകൾ,വവ്വാലുകളുടെ വാസം ഇവയെല്ലാം കേടുപാടുകൾ സംഭവിച്ചതിനു കാരണങ്ങൾ ആണ്.തളത്തിലൂടെ നടന്നു മറ്റേ അറ്റത്തേക്ക് എത്തുമ്പോളാണ് ശിവലിംഗം ഉൾപ്പെട്ട ശ്രീകോവിൽ.വർഷങ്ങൾക്കുമുമ്പേ നിത്യ പൂജ ഉണ്ടായിരുന്നിടം ഇന്നിപ്പോൾ ചരിത്ര സ്മാരകമായി നിലകൊള്ളുന്നു. പൂജയൊന്നും നടക്കാത്തതുകൊണ്ട് അവിടേക്കു കയറാനും ശിവലിംഗത്തിൽ സ്പർശിക്കാനും സാധിക്കും. അത്യാവശ്യം വലിപ്പമുള്ള ശിവലിംഗം ഓവോട് ചേർന്ന് നിലകൊള്ളുന്നു. പൂജ നടക്കുന്നില്ലെങ്കിലും നഗ്നപാദരായെ തളത്തിലേക്ക് പ്രവേശനമുള്ളൂ.

ഇന്ന് കാണുമ്പോൾ തളത്തിന്റെ മേൽക്കൂര മുഴുവനായും കരിപിടിച്ചിരിക്കുന്നു.ഗുഹ കണ്ടുപിടിക്കപ്പെട്ട സമയത്തു കാണുവാൻ വേണ്ടി തീപന്തവും വിളക്കുമായി ജനങ്ങൾ ഇതിൽ കയറിയതും, പ്രകൃതി ദുരന്തങ്ങൾ സംഭവിച്ചപ്പോളൊക്കെയും ദിവസങ്ങളോളം പ്രദേശവാസികളുടെ സുരക്ഷിത സ്വസ്ഥാനമായതും കേടുപാടുകൾക്കു കാരണങ്ങൾ ആണ്. ഭക്ഷണം പാകം ചെയ്തു കഴിച്ചും ഇരുട്ടുമൂടിയ ഭാഗങ്ങൾ ആയതുകൊണ്ടുതന്നെ കെടാവിളക്കുകളുടെ പ്രകാശത്താലും നിറഞ്ഞിരുന്നു ഈ തളം.ഇങ്ങിനെ വന്നു താമസിച്ചിരുന്നവരുടെ വീട്ടു മൃഗങ്ങളെ കെട്ടിയിരുന്നത് താഴെ ചുറ്റും കാണുന്ന തൂണുകളിൽ ആയിരുന്നു.

ഇവിടെ നിന്നും നേരെ നടന്നു ചെറിയ പടിക്കെട്ടുകൾ ഇറങ്ങികയറിയത് ചതുരത്തിലുള്ള മറ്റൊരു ഭാഗത്തേക്കാണ്, സോപാന മണ്ഡപം പോലെ തോന്നിയേക്കാവുന്ന ഇവിടെയാണ് നന്ദികേശന്റെ ഇരിപ്പിടം. വീണ്ടും പടവുകൾ ഇറങ്ങി നേരെ നടന്നാൽ നാം ഗുഹാ കവാടത്തിന്റെ മട്ടുപ്പാവിൽ എത്തും. ഇവിടെനിന്നും പുറത്തേക്കു നല്ലൊരു കാഴ്ച കാണാവുന്നതാണ്.തളിർത്തും കുളിർത്തും നിൽക്കുന്ന ഒരുദ്യാനം, കൈലാസനാഥ ക്ഷേത്രത്തിന്റെ സുവർണ്ണ കാലങ്ങളിൽ ഇതിലും ഭംഗിയായിരുന്നു എന്ന് പറയപ്പെടുന്നു.

ഇവിടെനിന്നും ഒരുവശത്തേക്കു ഇറങ്ങാൻ വഴി രൂപപ്പെടുത്തിയിട്ടുണ്ട് അവിടേക്കു ഇറങ്ങി നിന്ന് ക്ഷേത്രത്തിന്റെ മുഴുവനുമായുള്ളതും മുകളിൽ നിന്നുമുള്ളതുമായ രൂപം കണ്ടാസ്വദിച്ചു. ഗൈഡ് മുൻപേ സൂചിപ്പിച്ച രഥത്തിന്റെ ആകൃതി ഇവിടെ നിന്നുള്ള ദർശനത്തിൽ വ്യക്തമാണ്. തിരിച്ചു അതേവഴി പോരുമ്പോൾ നന്ദികേശനെ വണങ്ങി, ശ്രീകോവിൽ സ്ഥിതി ചെയ്യുന്ന പ്രധാന ഗോപുരത്തിന്റെ മറുഭാഗത്തു കൂടി താഴേക്കു ഇറങ്ങി പ്രധാന കവാടം കടന്നു പുറത്തേക്കു എത്തുമ്പോൾ മനസ്സിൽ ഒരു പിടി ചോദ്യങ്ങൾ ആയിരുന്നു…

ഔരംഗസിബ് ഇതു തച്ചുടച്ചുകളയാൻ ഉത്തരവിട്ടിട്ടും അൽപ്പം ശില്പങ്ങൾക്കു കേടുപാടുകൾ വരുത്താൻ സാധിച്ചു എന്നല്ലാതെ ഈ ശിലാ നിർമ്മിതിയെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.ഇതു പണിത കാലത്തിലും എത്രയോ മുൻപോട്ടു വന്നിരുന്നു ഔരംഗസിബിന്റെ ഭരണകാലം. അദ്ദേഹത്തിന്റെ ഭൃത്യന്മാർക്കു ആയുധങ്ങൾ ഉപയോഗിച്ച് ഉടച്ചു കളയാൻ സാധിക്കാത്തതു, വർഷങ്ങൾക്കു മുൻപേ ഉളിയും ചുറ്റികയും മാത്രം ഉപയോഗിച്ച് ഒരു മല മുകളിൽ നിന്നും താഴേക്കു തുരന്നു ഇത്ര മനോഹരമായി നിർമ്മിച്ചു എന്നതിന് പിന്നിലെ ആശ്ചര്യം തന്നെയാണ്. ഇനി ഇതുപണിതതു ശിവന്റെ ഭൂതഗണങ്ങളോ സാക്ഷാൽ ബ്രഹ്മാവോ എന്നൊക്കെ ചിന്തിച്ചു കാടുകയറുന്ന നിമിഷം.

ശൂന്യമായ ഒരു സ്ഥലത്തു കെട്ടിടം പണിതുയർത്താൻ എളുപ്പമാണ് എന്നാൽ ചെങ്കുത്തായ ഒരു മല തുരന്നു ഇതുപോലെ ഒന്ന് സൃഷ്ടിക്കുകയെന്നാൽ അത്യന്തം അത്ഭുതാവഹം. വർഷങ്ങളോളം എത്രയോ വിദഗ്ധ കലാകാരന്മാരുടെ വിയർപ്പിന്റെ ഫലമായിരിക്കും ഇതെല്ലാം.മുകളിൽ നിന്നും താഴേക്കു പണിയുമ്പോൾ ഉണ്ടാകുന്ന എല്ലാ വെല്ലുവിളികളും തരണം ചെയ്തെന്നു മാത്രമല്ല നിർമ്മിതിയുടെ അളവുകോലുകൾ തുല്യ അകലം പാലിക്കുന്നതും കിറുകൃത്യവുമാണ്.എന്തുകൊണ്ട് മുകളിൽ നിന്നും താഴേക്കു പണിതു എന്നതിന് വായ്‌മൊഴി കഥകൾ വേറെയുമുണ്ട്.നൂറ്റാണ്ടുകളോളം മഴയും വെയിലും കൊണ്ട് നിന്നിട്ടും ഇത്രയെങ്കിലും ബാക്കി ഉണ്ടല്ലോ ഈ തലമുറയിൽ പെട്ടവർക്ക് കാണാൻ എന്നുള്ളത് നമ്മുടെ ഓരോരുത്തരുടെയും ഭാഗ്യം.

ഇനി മറ്റൊന്ന്, ഇക്കണ്ടതൊന്നുമല്ലാതെ മറ്റൊരുത്ഭുതം കൂടി ഒളിപ്പിച്ചു വച്ചിരിക്കുന്നു എല്ലോറയിൽ. സഞ്ചാരികൾക്കു പ്രവേശന യോഗ്യമല്ലാത്ത തുരങ്കം ഇവിടെ ഉണ്ടെന്നു പറയപ്പെടുന്നു.എല്ലോറയുടെ ഏതോക്കെയോ ഭാഗങ്ങളിൽ (കൈലാസക്ഷേത്രം മാത്രമല്ല എല്ലോറ ഗുഹകളിൽ പല ഭാഗങ്ങളിലും) അടച്ചിട്ട പ്രവേശന കവാടങ്ങൾ ഉണ്ടത്രേ അവിടെ നിന്നും താഴേക്കു ഇറങ്ങിയാൽ ഒരു ലോകം തന്നെയാണെന്നാണ് കേട്ടുകേൾവി, എത്രത്തോളം സത്യം ഉണ്ടെന്നു അറിയില്ല.മറ്റൊരു കാര്യം പ്രവേശന കവാടത്തേക്കാൾ ഇടുങ്ങി പോകുന്നതാണ് മുന്പോട്ടുള്ള ഭൂഗർഭ ഭാഗങ്ങൾ സാധാരണ മനുഷ്യന് കടന്നു പോകാൻ സാധിക്കാത്ത വളരെ ഇടുങ്ങിയ അറകളാണ് ഉള്ളിലോട്ടു എത്തുമ്പോഴേക്കും. എന്തിനു വേണ്ടി ഭൂഗർഭ നിർമ്മിതി ചെയ്തു എന്നതിന് കൃത്യമായി രേഖകൾ ഒന്നും തന്നെയില്ല, മുൻപ് എല്ലോറ നടന്നുകാണുമ്പോൾ മറുവശം കാണാൻ സാധിക്കാത്ത രീതിയിൽ പല ഭാഗങ്ങളിലും ദ്വാരങ്ങൾ ഉണ്ടായിരുന്നെന്നും താഴേക്കു ഏറെ ദൂരം ഉണ്ടെന്നു കണക്കുകൂട്ടി മുകൾവശം അടച്ചു കളയുകയായിരുന്നെന്നും കേട്ടിട്ടുണ്ട്.

ഈ ഭൂഗർഭ നിർമ്മിതി ഭൂമികുലുക്കത്തിൽ നിന്ന് എല്ലോറ സംരക്ഷണം നേടാനോ, രാജാവിനും മറ്റു വേണ്ടപെട്ടവർക്കും അപകട ഘട്ടങ്ങളിൽ സംരക്ഷണമായിരുന്നോ എങ്കിൽ മറ്റൊരു ചോദ്യം കൂടേ അന്നുള്ളവർ ഈ ഇടുങ്ങിയ ഭാഗത്തു ജീവിക്കാൻ മാത്രം കുറുകിയ മനുഷ്യരോ, മുൻപ് ഞാൻ സൂചിപ്പിച്ച മഴക്കുഴികളെ സഹായിക്കാൻ എന്നോണമോ,അതും അല്ലെങ്കിൽ വിലപ്പെട്ട പലതും പുറം ലോകമറിയാതെ ഒളിപ്പിച്ചു വച്ചിരുന്നിടമോ അങ്ങിനെ ഉത്തരം കിട്ടാത്ത ഒരു പിടി ചോദ്യങ്ങൾ ഈ ഭൂഗർഭ ഭാഗങ്ങളെ കുറിച്ച് ഓർക്കുമ്പോൾ… കുറേപ്പേരെങ്കിലും പറയുന്ന മറ്റൊരു കാര്യം ഉരഗ ജീവികളുടെ ആവാസ വ്യവസ്ഥ ആയിരുന്നു ഈ ഭൂഗർഭ അറകളെന്ന്. പിടികിട്ടാത്ത അത്ഭുതങ്ങളുടെയും ആശ്ച്ചര്യപെടലുകളുടെയും ഈ പറുദീസാ രഹസ്യങ്ങൾ സ്വപ്നത്തിൽ വന്നു പരമശിവൻ പറഞ്ഞു തന്നിരുന്നെങ്കിലെന്നു വെറുതെ മോഹിച്ചുപോകുന്നു……

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply