ഏതോ തമിഴ് ലോറി ഡ്രൈവറാണ് എന്ന് തോന്നിക്കുന്ന കാക്കി കുപ്പായം ധരിച്ച ഒരു മധ്യവയ്കൻ ഒരു തണ്ണിമത്തനുമായി കടയുടെ വാതിലിനടുത്ത് വന്ന് നിൽക്കുന്നത് കണ്ടു. അകത്തേക്ക് വരാൻ പറഞ്ഞപ്പോൾ ചിരിച്ച് കൊണ്ട് അയാൾ തണ്ണിമത്തൻ എനിക്ക് നേരെ നീട്ടി. ഇത് എന്താണന്നോ എന്തിനാണന്നോ തിരിയാതെ എന്റെ ആശയ കുഴപ്പം കണ്ടിട്ടാവണം അയാൾ ചിരിച്ച് കൊണ്ട് എന്നോട് തമിഴ് കലർന്ന മലയാളത്തിൽ “എന്നെ മനസ്സിലായിട്ടില്ലേ” എന്ന് ചോദിച്ചു. ഇതെന്ത് തട്ടിപ്പാണ് പടച്ചോനെ എന്ന് ചിന്തിച്ച് ഇല്ലന്ന് ഞാൻ തലയാട്ടിയപ്പോൾ “അന്ന് ടയർ പൊട്ടിയ ലോറിയില്ലെ… അതിന്റെ ഡ്രൈവറാണ്” എന്ന് പറഞ്ഞ് അയാളെന്റെ ഓർമയെ തട്ടിയുണർത്തി.

നാലഞ്ച് മാസം മുമ്പാണെന്ന് തോന്നുന്നു രാത്രി ഏതാണ്ട് എട്ട് മണി സമയമായിക്കാണും കടയുടെ അമ്പത് മീറ്റർ അപ്പുറം ഒരു ലോറി നിർത്തി തമിഴനായ ഒരു ഡ്രൈവർ കടയിൽ വന്ന് ഒരു ടോർച്ച് കെടയുമോ എന്ന് ചോദിച്ചു. കാര്യം അന്വേഷിച്ചപ്പോൾ ടയർ പഞ്ചറായതാണ് മാറ്റിയിടാൻ വെളിച്ചം ഇല്ലന്ന് പറഞ്ഞു. നല്ല വെളിച്ചം ഉണ്ടല്ലോ കടയുടെ മുന്നിലേക്ക് ഇങ്ങോട്ട് നീക്കി ഇട്ട് ടയർ മാറ്റിക്കോളൂ എന്ന് ഞാൻ പറഞ്ഞപ്പോൾ കടയുടെ മുന്നിൽ നിർത്താൻ അയാൾ മടിച്ച പോലെ തോന്നി. ഞാൻ നിർബന്ധിച്ചപ്പോൾ അയാൾ വണ്ടി കടക്ക് മുന്നിലേക്ക് നീക്കി നിർത്തി.
ഫുൾ തേങ്ങലോഡുമായി പഞ്ചറായ ലോറി ജാക്കി വെച്ച് പൊക്കാൻ അറുപതിന് മുകളിൽ പ്രായമായ അയാൾ അരോഗ്യ കുറവ് മൂലം നന്നായി പ്രയാസപ്പെടുന്നതായി എനിക്ക് തോന്നി. അടുത്ത് ചെന്ന് ക്ലീനർ ഇല്ലെന്നന്യേഷിച്ചപ്പോൾ ഇല്ലന്ന് തലയാട്ടി. ഇക്കോലത്തിൽ അയാൾക്ക് ഒരു മണിക്കൂറ് കൊണ്ടും ടയർ മാറ്റാൻ കഴിയൂല എന്നെനിക്ക് തോന്നി.
20 കൊല്ലം മുമ്പ് ചെക്കറായും ഡ്രൈവറായും ബസ്സിൽ ജോലി ചെയ്തതിനാൽ ഒറ്റക്ക് ഒരു ലോഡുള്ള വണ്ടിയുടെ ടയർ മാറ്റാനുള്ള പ്രയാസം നന്നായി അറിയാവുന്നത് കൊണ്ട് ഞാൻ കഴിയുന്നത്ര അയാളെ സഹായിക്കാൻ തുടങ്ങി. ഞാൻ ജാക്ക് ലിവറുമായി വിയർക്കുന്നത് കണ്ടപ്പോൾ മൊറയൂരിലുള്ള മൂന്നാല് യുവാക്കൾ ഞങ്ങളെ സഹായിക്കാൻ മുന്നോട്ട് വന്നു കുടവയറനായ എന്നെയും ഡ്രൈവറെയും മാറ്റി നിർത്തി ആ പണി ഏറ്റെടുത്തു. ജാക്കി വെക്കലും ടയർ അഴിക്കലും സ്റ്റെപ്പിനി ഇറക്കലും മാറ്റിവെക്കലും എല്ലാം 10 മിനുറ്റ് കൊണ്ട് ജഗപൊഗയായി തീർത്ത് ഞങ്ങൾ അയാളെ യാത്രയാക്കി.

“നിങ്ങളെ നാട്ടിൽ കിട്ടുന്ന ഈ ഹെൽപ്പ് നമ്മഊരിൽ കെടയാത്….” എന്നും പറഞ്ഞ് നന്ദി പറഞ്ഞ് യാത്രയായ വെങ്കടേഷ് എന്ന ഡ്രൈവറാണ് കേവലം പത്ത് മിനുറ്റിനുള്ളിൽ കഴിഞ്ഞ തീർത്തും നിസ്സാരമായ ഒരു സഹായത്തിന് നന്ദി സൂചകമായി മാസങ്ങൾക്ക് ശേഷം തന്റെ ലോറി ഇത് വഴി പോയപ്പോൾ അതിൽ നിന്നൊരു തണ്ണിമത്തനുമായി ഞങ്ങളെ കാണാനെത്തിയത്. അതിന് ശേഷം പലവട്ടം ഇത് വഴി പോയപ്പോഴും രാത്രി കട അടച്ച സമയമായതിനാൽ കാണാൻ പറ്റിയില്ല എന്നും ഇന്നാണ് കാണാൻ കഴിഞ്ഞത് എന്നും പറഞ്ഞ് വെങ്കടേഷ് വന്നപ്പോൾ ഒന്ന് ചേർത്ത് പിടിച്ച് ഞാൻ സന്തോഷത്തോടെ ആ തണ്ണിമത്തൻ സ്വീകരിച്ചു.
നന്ദി എന്ന വാക്കിന്റെ അർത്ഥം ഡിഷ്നറിയിൽ പോലും കാണാത്ത ഇക്കാലത്ത് മനസ്സ് നിറഞ്ഞ സന്തോഷവുമായി വെങ്കടേഷിന്റെ ഈ തിരിച്ച് വരവിനെ ആശ്ചര്യത്തോടെ തന്നെ ഞാൻ ഇവിടെ എഴുതി ചേർക്കുക്കയാണ്. അയാൾ തന്ന സ്നേഹം നിറച്ച തണ്ണി മത്തൻ മധുരമേറിയതാണ്….
സ്നേഹത്തിന്റെ മധുരമൂറിയതാണ്.
വരികള് – C.T.Alavi kutty, index Agencies, Morayur.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog