മൂവാറ്റുപുഴ ഡിപ്പോ സർവീസ് വെട്ടിച്ചുരുക്കി; വിജിലൻസ് റിപ്പോർട്ടിനും അവഗണന..

കെഎസ്ആർടിസി മൂവാറ്റുപുഴ ഡിപ്പോയിലെ ഗ്രാമീണ സർവീസുകളും പട്ടിമറ്റം വഴി കാക്കനാട്ടേക്കും എറണാകുളത്തേക്കുമുള്ള സർവീസുകളും ഉദ്യോഗസ്ഥർ സ്വകാര്യ ബസുടമകളുടെ സ്വാധീനത്തിനു വഴങ്ങി റദ്ദു ചെയ്തുവെന്ന പരാതികളെ തുടർന്നു വിജിലൻസ് നൽകിയ റിപ്പോർട്ടിനും അവഗണന. ലാഭത്തിലുള്ള സർവീസുകൾ പുനരാരംഭിക്കണമെന്ന നിർദേശത്തോടെ നൽകിയ നാലു പുതിയ ബസുകൾ ഇനിയും സർവീസ് ആരംഭിച്ചില്ല.

പുനരാരംഭിക്കാൻ നിർദേശിച്ച സർവീസുകളിൽ പലതും പലവിധ ന്യായങ്ങൾ നിരത്തി സർവീസ് തുടങ്ങിയിട്ടുമില്ല. പതിനായിരത്തിൽ താഴെ വരുമാനമുള്ള സർവീസുകൾ പുനഃക്രമീകരിക്കണമെന്ന നിർദേശത്തിന്റെ മറവിൽ മൂവാറ്റുപുഴ ഡിപ്പോയിൽ 20 സർവീസുകളാണു വെട്ടിച്ചുരുക്കിയത്.

മൂവാറ്റുപുഴ – പട്ടിമറ്റം – കാക്കനാട് റൂട്ടിലും, തൊടുപുഴ – മൂവാറ്റുപുഴ റൂട്ടിലും സ്വകാര്യ ബസ് ഉടമകളുടെ സ്വാധീനത്താൽ സർവീസുകൾ റദ്ദാക്കിയതായി കാണിച്ചു മൂവാറ്റുപുഴ പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ കെഎസ്ആർടിസി എംഡിക്കു പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നു വിജിലൻസ് പരിശോധനകൾ നടക്കുകയും ചെയ്തു.

ആവശ്യത്തിനു ബസുകളില്ലെന്ന വിശദീകരണമാണ് ഉദ്യോഗസ്ഥർ നൽകിയത്. ഇതേ തുടർന്നു നാലു ബസുകൾ കെഎസ്ആർടിസി ഡിപ്പോയ്ക്കു പുതുതായി അനുവദിച്ചു. എന്നാൽ ഈ ബസുകൾ ഉപയോഗിച്ചിട്ടില്ലെന്നാണു കെഎസ്ആർടിസി ജീവനക്കാർ തന്നെ പറയുന്നത്.

 

ബസ് സർവീസ് ആരംഭിക്കാൻ ബസിൽ സ്ഥാപിക്കുന്ന ബോർഡ് എഴുതിയിട്ടില്ലെന്നാണു യാത്രക്കാരോടു വിശദീകരിച്ചത്. കെഎസ്ആർടിസി സർവീസുകൾ റദ്ദാക്കുന്നതുമൂലം രാത്രിയിലും രാവിലെയുമാണു യാത്രക്കാർ ഏറെ ബുദ്ധിമുട്ടുന്നത്.

രാത്രിയിൽ എറണാകുളം, കാക്കനാട് ഭാഗത്തേക്കുള്ള ബസുകൾ റദ്ദു ചെയ്യുന്നതുമൂലം യാത്രക്കാർ പെരുവഴിയിലാകുന്നതു പതിവാണ്. ഇതിനെതിരെയുള്ള പ്രതിഷേധം ഉദ്യോഗസ്ഥർ പതിവായി അവഗണിക്കുന്നുവെന്നാണു പരാതി. സ്വകാര്യ ബസ് ഉടമകളിൽ നിന്നു കൃത്യമായി മാസപ്പടി ലഭിക്കുന്നുണ്ടെന്നും യാത്രക്കാർ ആരോപിക്കുന്നു.

© manoramaonline

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply